ഹിറ്റ്‌ലറുടെ അസൂയയ്ക്ക് വലിയ പ്രത്യേകതകളുണ്ട്; അമാനുഷികവുമാണ്!: കാമുകി ഇവ ബ്രൗണിന്റെ ഡയറിക്കുറിപ്പ്‌


By സുരേഷ് എം.ജി

8 min read
Read later
Print
Share

എന്റെ കൈകാലുകള്‍ വിറച്ചു.അഡോള്‍ഫ് വിരലുകള്‍ കൊണ്ട് മേശപ്പുറത്ത് താളം കൊട്ടാന്‍ തുടങ്ങിയപ്പോഴാണൊരു ആശ്വാസമായത്.അവസാനം ദീര്‍ഘനേരമായി കാത്തിരുന്ന ആ ചോദ്യം വന്നു.അപ്പോഴും അതിനെ നേരിടാന്‍ ഞാന്‍ തയ്യാറായിട്ടുണ്ടായിരുന്നില്ല.''ഈ വിയന്നക്കാരന്‍ ആരാണ്?''

ഹിറ്റ്‌ലർ, ഇവ ബ്രൗൺ

അഡോള്‍ഫ് ഹിറ്റ്‌ലറുടെ കാമുകിയും സ്വപ്‌നറാണിയുമായി അറിയപ്പെടുന്ന ഇവ ബ്രൗണിന്റെ ഡയറിക്കുറിപ്പുകള്‍ മാതൃഭൂമി ബുക്‌സ് ഉടന്‍ പ്രസിദ്ധീകരിക്കുന്നു. സുരേഷ് എം.ജിയുടെ പരിഭാഷയില്‍ പുറത്തിറങ്ങുന്ന പുസ്തകത്തില്‍ നിന്നും ഒരു ഭാഗം വായിക്കാം.

മ്യൂണിച്ച്, ആഗസ്ത്, 1940

എഴുന്നേല്‍ക്കണം.''അദ്ദേഹം'' ഇന്ന് സായാഹ്നത്തില്‍ വരുന്നുണ്ടെന്ന് സന്ദേശമുണ്ട്.എന്നെക്കണ്ടാലിപ്പോള്‍ ഒരു പേക്കോലമാണെന്ന് തോന്നും.കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ എന്നെയാകെ പിഴിഞ്ഞെടുത്തിരിക്കുന്നു.മുടിയൊതുക്കുന്ന ഒരാളുടെ അടുത്തൊന്ന് പോകണം.ആര്‍. ഒരു വിരുന്ന് തന്നആഴ്ച ഞാന്‍ മറക്കില്ല.നൂറുവയസ്സ് വരെ ജീവിച്ചാലും മറക്കില്ല.അഭിനിവേശത്തിന്റെ കൊടുങ്കാറ്റായിരുന്നു!അതിനുള്ള മൂല്യം എനിക്കുണ്ടോ എന്ന് ഞാന്‍ സ്വയം ചോദിച്ചു.ഞാന്‍ സത്യമായും ''രഹസ്യ റാണി'' തന്നെയാണോ?ഇപ്പോള്‍ ഈ ലോകത്തിലെ എല്ലാ പ്രലോഭനങ്ങളില്‍ നിന്നും ഞാന്‍ സുരക്ഷിതയാണെന്ന് എനിക്ക് തോന്നുന്നു.''ഡാന്റെയെപ്പോലെ നീയ്യും ഒരു നരകത്തിലൂടെ കടന്ന് പോയിരിക്കുന്നു,'' എന്നാണദ്ദേഹം പറഞ്ഞത്.ഒമ്പത് ദിവസം മുമ്പ് ഞാന്‍ ബര്‍ലിന്‍ വിട്ടപ്പോള്‍ എന്റെയുള്ള് ഇരുപത് വര്‍ഷം ചെറുപ്പമായിട്ടുണ്ടായിരുന്നു.ഒമ്പത് മണിയ്ക്ക് മുമ്പ് ബാവര്‍ ഹോട്ടലിലെത്തി. എന്നെ ടെമ്പെല്‍ഹോഫിന്റെയവിടേക്ക് കൊണ്ടുപോയി.കുറച്ച് കഴിഞ്ഞപ്പോള്‍ അദ്ദേഹം അവിടെയെത്തി.ഞങ്ങള്‍ അവിടെ നിന്ന് ബെര്‍ച്‌ടെസ് ഗാര്‍ഡനിലേക്ക് പറന്നു.യാത്രക്കിടെ അദ്ദേഹം മൗനിയായിരുന്നു. പതിവില്ലാത്തതാണത്.യാത്രക്കിടയില്‍ സംസാരിക്കുന്നത് അദ്ദേഹത്തിനിഷ്ടമാണ്. അതുകൊണ്ട് വിമാനത്തിന് പ്രത്യേക ഇന്‍സുലേഷന്‍ പിടിപ്പിച്ചിട്ടുണ്ട്.''ആകാശത്താകുമ്പോഴാണ് ഞാന്‍ ഏറ്റവും പ്രാധാന്യമുള്ള നയപരമായ പോംവഴികളെക്കുറിച്ച് ആലോചിക്കാറുള്ളത്,'' ഒരിക്കല്‍ അദ്ദേഹം എന്നോട് പറഞ്ഞിരുന്നു. ബ്രിട്ടനില്‍ വ്യോമാക്രമണത്തിനെക്കുറിച്ചാലോചിക്കുന്നു എന്നും അതുവഴി ദ്വീപിനെ പിടിച്ചടക്കുക എന്ന പ്രശ്‌നത്തിനൊരു പോംവഴിയുണ്ടാക്കാന്‍ ആലോചിക്കുന്നതായും പറഞ്ഞിരുന്നു.പക്ഷേ അത് ചെയ്യാനായില്ല.അദ്ദേഹത്തിന്റെ അപ്പോഴത്തെ മാനസിക നിലയില്‍ നിന്ന് ഒന്നുണര്‍ത്താന്‍ ഞാന്‍ പല ശ്രമങ്ങളും നടത്തി. ഒന്നും വിജയം കണ്ടില്ല.ഒരിക്കല്‍ അദ്ദേഹം എന്നെയാകെ ഒന്ന് ഉഴിഞ്ഞ് നോക്കി. എന്നിട്ട് ''നീ നല്ല സൗഹൃദങ്ങള്‍ എന്തെങ്കിലുമുണ്ടാക്കിയിട്ടുണ്ടോ'' എന്ന് ചോദിച്ചു.യാത്രയിലുടനീളം ഈ ഭീകര ചോദ്യം എന്നെ വേട്ടയാടി.ഒരു പക്ഷേ അദ്ദേഹം വെറുതെ നിഷ്‌കളങ്കമായി ചോദിച്ചതാകാം.

ദൈവമേ ഈ കുര്‍ട്ടുമായുള്ള കഥയില്‍ ഞാനെന്തിനു ചെന്ന് പെട്ടു?അതുകൊണ്ടെന്താ കുഴപ്പം, ഞാന്‍ എന്നെ സമാധാനിപ്പിച്ചു. അയാള്‍ എന്നെ പാതി നഗ്നയാക്കി നിറുത്തി വരച്ച ആ ചിത്രം എനിക്ക് തന്നാല്‍ എന്താണ് കുഴപ്പം?എന്ത് സംഭവിക്കും എന്ന് ഞാന്‍ മനസിലാക്കേണ്ടതായിരുന്നു.പാതി വസ്ത്രം മാത്രം ധരിച്ച, പട്ടിണി കിടക്കുന്ന ഒരു പെണ്ണും, സുന്ദരനായ ഒരു യുവാവും വെറുതെ അങ്ങിനെ നിഷ്‌കളങ്ക ശൃംഗാരചേഷ്ടകളില്‍ ഒതുങ്ങി നില്‍ക്കുകയില്ല എന്ന് ഞാന്‍ അറിയണം.കുര്‍ട്ട് ആ ചിത്രം വരച്ചില്ല എന്നത് ഭാഗ്യം.ഞങ്ങള്‍ തമ്മില്‍ പരിചയമില്ലെന്ന് പറയാന്‍ എനിക്കാകില്ല.എന്നാല്‍ ഞങ്ങള്‍ തമ്മിലുള്ള കൂടിക്കാഴ്ചകള്‍ പരിശുദ്ധമല്ലായിരുന്നു എന്ന് ആര്‍ക്കും തെളിയിക്കാനാകില്ല.വിമാനയാത്രയുടെ അവസാന പത്ത് നിമിഷങ്ങളില്‍ അഡോള്‍ഫ്വീണ്ടും പ്രസന്നനായി.ബെര്‍ഘോഫിലെത്തുമ്പോള്‍ എപ്പോഴും അങ്ങിനെയാണ്.അവിടെ മാത്രമേ അദ്ദേഹം ശരിക്കും സന്തോഷവാനാകുന്നുള്ളു.ഇത്തവണയും അതില്‍ മാറ്റമുണ്ടായില്ല.അദ്ദേഹത്തിനിഷ്ടപ്പെട്ട ചിലരെ മാത്രമേ ക്ഷണിച്ചിട്ടുണ്ടായിരുന്നുള്ളു.അതില്‍ ഫ്രൗ ട്രോസ്റ്റുമുണ്ടായിരുന്നു (മ്യൂണിച്ചിലെ വാസ്തുശില്പിയായ ഹൗസ് ഡെര്‍ ഡ്യൂട്‌സ്ചന്‍ കുന്‍സ്റ്റിന്റെ വിധവ). അവര്‍ക്ക് അദ്ദേഹത്തിന്റെ മേല്‍ പ്രഭാവം ചെലുത്താനാകും എന്നാണവര്‍ അവകാശപ്പെടുന്നത്.അവര്‍ക്കൊപ്പം വിയന്നക്കാരായ രണ്ട് അഭിനേത്രികളും, യുവാവായ ഒരു ഹംഗേറിയന്‍ കുലീനനുമുണ്ടായിരുന്നു.ഹെര്‍വന്‍ പ്ലോയ്‌റി എന്നാണയാളുടെ പേര്.ഇറക്കിവെട്ടിയ നിശാവസ്ത്രത്തിലായിരുന്നു ഞാന്‍. അതദ്ദേഹത്തിനിഷ്ടമാണെന്ന് എനിക്കറിയാം.അത്താഴം സാധാരണമായിരുന്നു. ആര്‍ഭാടങ്ങളില്ലാത്തതായിരുന്നു.വളരെ പെട്ടെന്ന് അവരത് വിളമ്പി. അധികമൊന്നും ഭക്ഷിക്കാനില്ലായിരുന്നു. ഇതെല്ലാം മുന്‍കൂട്ടി കണ്ട് ഫ്രൗ ഡോണയുടെ അടുക്കളയില്‍ കയറി ഞാന്‍ കുറച്ച് കഴിച്ചിരുന്നു. എനിക്ക് അപ്പോള്‍ നല്ല വിശപ്പുണ്ടായിരുന്നു.ഭക്ഷണശേഷം എല്ലാം നല്ലരീതിയിലായി. തണുപ്പ് തുടങ്ങിയതിനാല്‍ അവര്‍ തീ കത്തിക്കാന്‍ തുടങ്ങി.ഹെര്‍. വി. പ്ലോയ്‌റി ഹംഗറിയിലെ പുതിയ ആരൊക്രോസ് വിഭാഗത്തെക്കുറിച്ച് സംസാരിച്ചു. എന്നാല്‍ സ്വസ്തികയുടെ ഈ ശിഖരത്തില്‍ ഫ്യൂറര്‍ക്ക് വലിയ താത്പര്യമൊന്നുമില്ലെന്ന് അവര്‍ക്ക് പെട്ടെന്ന് തന്നെ മനസിലായി. അയാള്‍ ബുഡാപെസ്റ്റിലെ നിശാജീവിതത്തിലേക്ക് വിഷയം മാറ്റി. ഈ യുവാവ് സംസാരിച്ച അത്രയും ദീര്‍ഘനേരം അദ്ദേഹം സാധാരണ ആരേയും സംസാരിക്കാന്‍ അനുവദിക്കാറില്ല.''പ്രിയ ഫ്യൂറര്‍, ഈ യുദ്ധം വിജയകരമായി അവസാനിച്ചാല്‍ പിന്നെ താങ്കള്‍ എന്താണ് ചെയ്യാന്‍ ഉദ്ദേശിക്കുന്നത്?'' ഫ്രൗ ട്രോസ്റ്റ് ചോദിച്ചു.അദ്ദേഹം അവളെ നോക്കി. മറുപടിയൊന്നും പറഞ്ഞില്ല.ഇടയ്ക്കൊക്കെ അദ്ദേഹം അങ്ങിനെയാണ്.അങ്ങിനെയുള്ള അവസരങ്ങളില്‍ ചിലപ്പോള്‍ നമ്മുടെ ചോദ്യം അദ്ദേഹം കേട്ടുവോ എന്ന് നമ്മള്‍ സംശയിക്കും.ഫ്രൗ ട്രോസ്റ്റ് തുടര്‍ന്നു.''യുദ്ധാനന്തരം പലരും യുദ്ധത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ എഴുതും.വായിക്കാന്‍ ഒരു പാട് കിട്ടും.'' അത് കേട്ട് അഡോള്‍ഫ് ചിരിച്ചു.തന്റേതായ രീതിയിലുള്ള ആക്ഷേപഹാസ്യം നിറഞ്ഞ ചിരി.''ഞാനും അതൊക്കെയെഴുതി പ്രസിദ്ധീകരിക്കും'' എന്ന് പറഞ്ഞു.''പുസ്തകത്തിന്റെ പേരെന്തായിരിക്കും?''കുശാഗ്രബുദ്ധിയായ ആ സ്ത്രീ അവരുടെ ദൗര്‍ഭാഗ്യത്തിന് ചോദിച്ചുപോയി.''എന്റെ വാഗ്ദാനലംഘനങ്ങളുടെ ശേഖരം'' എന്നായിരുന്നു മറുപടി.

ഒരു നിമിഷത്തേക്ക് എല്ലാവരും നിശ്ശബ്ദരായി.അവര്‍ ആശ്ചര്യപ്പെട്ടു.ആര്‍ക്കും ചിരിക്കാനുള്ള ധൈര്യമുണ്ടായില്ല.അവസാനം ആ രണ്ട് നടിമാരും വിശാലമായി പുഞ്ചിരിച്ചു.അത് രംഗത്തിനൊരു അയവ് വരുത്തി.അദ്ദേഹം ഇതുകൊണ്ട് എന്താണുദ്ദേശിച്ചത് എന്ന് എനിക്കറിയില്ല.ഞങ്ങള്‍ അധികനേരം അവിടെ തുടര്‍ന്നില്ല.തലേന്ന് ഉറങ്ങാത്തതിന്റെ ക്ഷീണം എനിക്കുണ്ടായിരുന്നു.വിമാനയാത്രയുടെ ക്ഷീണമുണ്ടായിരുന്നു. ബെര്‍ഘോഫില്‍ ഒന്നും സംസാരിക്കാതിരുന്ന ഒരു ദിവസത്തിന്റെ ക്ഷീണമുണ്ടായിരുന്നു.അദ്ദേഹത്തിന്റെ ലാളനയില്ലാത്തതിന്റെ ക്ഷീണമുണ്ടായിരുന്നു.പതിനൊന്നരയാപ്പോള്‍ ഞങ്ങള്‍ പിരിഞ്ഞു.പതിവിനു വിപരീതമായി ഫ്യൂറര്‍ ഒറ്റയ്ക്കിരുന്നു.സ്ചി പോലും കൂടെയില്ലായിരുന്നു.അദ്ദേഹം എനിക്കരികിലേക്ക് വരുമെന്ന് ഞാന്‍ പ്രതീക്ഷിച്ചു.തുറന്നിട്ട ജാലകത്തിനരികിലുള്ള മെത്തയില്‍ അദ്ദേഹത്തെ കാത്ത് കിടന്നു.തണുപ്പുള്ള രാത്രിയായിരുന്നു.മലനിരകളിലെ രാത്രി.ഇത്തരം മലനിരകളില്‍ ഞാന്‍ പല ദിവസങ്ങള്‍ ചിലവിട്ടിട്ടുണ്ട്. ഞാനുറങ്ങി.അദ്ദേഹത്തിനരികില്‍ പോകാന്‍ എനിക്ക് വിലക്കുണ്ട്. അദ്ദേഹം എനിക്കരികില്‍ വരണം എന്നാണ് നിര്‍ദ്ദേശം.എഴുന്നേറ്റപ്പോഴും ചുറ്റിലും ഇരുട്ടായിരുന്നു.കണ്ണുതുറന്നപ്പോള്‍ മുന്നില്‍ അദ്ദേഹം നില്‍ക്കുന്നത് കണ്ട് ഞാന്‍ ഭയന്നു.ഒരു നിഴല്‍ മാത്രമേയുള്ളു എങ്കിലും അത് അദ്ദേഹമാണെന്നതില്‍ എനിക്ക് സംശയമില്ല.അദ്ദേഹത്തെ തിരിച്ചറിഞ്ഞപ്പോള്‍ എന്റെ ഹൃദയം മിടിക്കാന്‍ തുടങ്ങി.ഞാന്‍ എഴുന്നേല്‍ക്കാന്‍ തുടങ്ങി.''വേണ്ട'' എന്ന് അദ്ദേഹം പറാഞ്ഞു.ആ സ്വരം പരുഷമായിരുന്നു.ജാലകങ്ങള്‍ അടച്ചിട്ടിരുന്നു.പുറത്ത് കാറ്റിന്റെ ചൂളം കേള്‍ക്കുന്നുണ്ട്. ഞാന്‍ അമ്പരന്നു. എന്റെ കൈകാലുകള്‍ വിറച്ചു.അഡോള്‍ഫ് വിരലുകള്‍ കൊണ്ട് മേശപ്പുറത്ത് താളം കൊട്ടാന്‍ തുടങ്ങിയപ്പോഴാണൊരു ആശ്വാസമായത്.അവസാനം ദീര്‍ഘനേരമായി കാത്തിരുന്ന ആ ചോദ്യം വന്നു.അപ്പോഴും അതിനെ നേരിടാന്‍ ഞാന്‍ തയ്യാറായിട്ടുണ്ടായിരുന്നില്ല.''ഈ വിയന്നക്കാരന്‍ ആരാണ്?'' എന്ന് മാത്രമാണദ്ദേഹം ചോദിച്ചത്.അതിനോടൊപ്പം കാല് നിലത്ത് ആഞ്ഞ് ചവുട്ടി. പെട്ടെന്ന് തിരിഞ്ഞു. കസേര മറിഞ്ഞ് വീണു.ഒരൊറ്റ കുതിപ്പിനദ്ദേഹം മെത്തക്കരികിലെത്തി.അദ്ദേഹം എന്നെ മര്‍ദ്ദിക്കാന്‍ ഒരുങ്ങുകയാണെന്ന് എനിക്ക് തോന്നി.എന്നാല്‍ അതുണ്ടായില്ല. എന്നിട്ടും എന്റെ മനസും ശരീരവും ഒരുപോലെ വേദനിച്ചു.''പറയ്'' അദ്ദേഹം ആവശ്യപ്പെട്ടു.മനുഷ്യര്‍ക്ക് മേല്‍ അദ്ദേഹത്തിനുള്ള കരുത്ത് മനുഷ്യാതീതമാണ്.

കുര്‍ട്ടിനെക്കുറിച്ച് ഞാന്‍ എല്ലാം പറഞ്ഞു.ഏതാനും ദിവസം മുമ്പ് നടന്നതൊഴികെ എല്ലാം.അതും ഞാന്‍ പറയുമായിരുന്നു.എന്നാല്‍ അത് കേള്‍ക്കാനുള്ള താത്പര്യം അദ്ദേഹത്തിനില്ലെന്ന് എനിക്ക് തോന്നി. ഒരു പക്ഷേ അതിനെക്കുറിച്ച് അദ്ദേഹം കേട്ടിട്ടുണ്ടാകാം.അദ്ദേഹം അനങ്ങാതെ നിന്നു.വല്ലാത്ത പിരിമുറുക്കത്തിലായിരുന്നു അപ്പോള്‍ അദ്ദേഹം.എന്നെത്തന്നെ നോക്കി നിന്നു. എനിക്കെന്റെ കൈകാലുകള്‍ കുഴയുന്നോ എന്ന് തോന്നി.മറ്റെല്ലാം തീരുമാനങ്ങളേയും പോലെ ഇവിടേയും ഈ നിമിഷത്തിലെടുത്ത തീരുമാനമാണദ്ദേഹത്തിന്റേതെന്ന് എനിക്കറിയാം.അതിഭീകരമായ എന്തോ സംഭവിക്കാന്‍ പോകുകയാണെന്ന് എനിക്ക് മനസിലായി.അദ്ദേഹം എനിക്ക് മുന്നില്‍ നിന്നു.എന്നെയൊന്ന് സ്പര്‍ശിച്ചു.''നീ എന്നോടൊപ്പം വരണം'' എന്ന് പറഞ്ഞു.ഞാന്‍ എഴുന്നേറ്റു.ഞാനപ്പോഴും ക്ഷീണിതയായിരുന്നു.''എന്താണ് ധരിക്കേണ്ടത്'' എന്ന് ഞാന്‍ ചോദിച്ചു. അതിനു മറുപടിയൊന്നുമുണ്ടായില്ല. വാതില്‍ വലിച്ച് തുറന്ന് അദ്ദേഹം പെട്ടെന്ന് പുറത്തിറങ്ങി.ഞാന്‍ പുറകെ ചെന്നു. പുറകെ ഓടി എന്ന് പറയുകയാകും ശരി.പുറത്ത് കാറ്റ് അപ്പോള്‍ കൊടുങ്കാറ്റായി മാറിയിട്ടുണ്ടായിരുന്നു. അഞ്ച് നിമിഷത്തിനുള്ള കാര്‍ മ്യൂണിച്ചിനെ ലക്ഷ്യമിട്ടു.ഞാനപ്പോഴും ഇറക്കിവെട്ടിയ നിശാവസ്ത്രത്തിലായിരുന്നു.അദ്ദേഹം യൂണിഫോമിലായിരുന്നു, തൊപ്പി മാത്രം ധരിച്ചിരുന്നില്ല.എനിക്ക് വല്ലാതെ തണുത്തു. പല്ലുകള്‍ കൂട്ടിയിടിക്കാന്‍ തുടങ്ങി.മ്യൂണിച്ചിലെത്തിയപ്പോഴേക്കും പ്രഭാതമായി.നല്ല കാറ്റുള്ള ഒരു ദിവസമായിരുന്നു.ഞങ്ങള്‍ കുര്‍ട്ടിന്റെ ഫ്‌ളാറ്റിനു മുന്നില്‍ നിന്നു.

ഡെഫ്രെഗെര്‍സ്ട്രസെയിലായിരുന്നു അത്.അഡോള്‍ഫ് കാറില്‍ നിന്ന് ചാടിയിറങ്ങി.എന്നെ ശ്രദ്ധിച്ചതേയില്ല.വാതിലടച്ചില്ല.വാതിലിനു മുന്നില്‍ രണ്ട് എസ്.എസ് ജവാന്മാരുണ്ടായിരുന്നു.നീളന്‍ തുകല്‍ കുപ്പായം ധരിച്ചവര്‍. അവര്‍ ഫ്യൂററെ തിരിച്ചറിഞ്ഞു.സല്യൂട്ട് ചെയ്തു. മുന്‍ വാതില്‍ തുറന്നു. അദ്ദേഹം അകത്ത് കയറി.ഞാന്‍ പുറകിലുണ്ടായിരുന്നു. രണ്ട് നിലകള്‍ ചവുട്ടിക്കയറി.ഒരു വാതില്‍ക്കലെത്തി മണിയടിച്ചു. വീണ്ടും വീണ്ടുമടിച്ചു.അകത്തുനിന്ന് ചില കാലൊച്ചകള്‍ വരുന്നതുവരെ മണിയടിച്ചു.അകത്തുനിന്നാരോ ഭയന്ന സ്വരത്തില്‍ എന്താണ് വേണ്ടതെന്ന് ചോദിച്ചു.ഇപ്പുറത്തുനിന്ന് അദ്ദേഹം ഗര്‍ജ്ജിച്ചു.വാതില്‍ തുറന്നു. അതിനു ശേഷം സംഭവിച്ചത് ഭീകരമായിരുന്നു.അതിഭീകരം.കുര്‍ട്ടിന് ഒന്നെഴുന്നേറ്റിരിക്കാന്‍ സമയം ലഭിച്ചില്ല.അയാളുടെ തലമുടി ആകെ ഉലഞ്ഞു.അയാളുടെ കണ്ണുകള്‍ തിളങ്ങി.എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് മനസിലാകുന്നതിനു മുമ്പ് അത് സംഭവിച്ചു കഴിഞ്ഞു.രണ്ട് എസ്.എസ് ഓഫീസര്‍മാര്‍ താഴെ കാത്ത് നില്പുണ്ടായിരുന്നു.അഡോള്‍ഫ് താഴ്ന്ന സ്വരത്തില്‍ അവരോട് എന്തോ ഉത്തരവുകള്‍ നല്‍കി.അതെനിക്ക് മനസിലായില്ല. എന്റെ മനസ്സപ്പോള്‍ വല്ലാത്ത ആശയക്കുഴപ്പത്തിലായിരുന്നു.ഞങ്ങള്‍ തിരിച്ച് കാറില്‍ കയറി.കാര്‍ മണിക്കൂറില്‍ നൂറ്റി ഇരുപത് കിലോമീറ്റര്‍ വേഗത്തില്‍ ഓബെര്‍സല്‍സ്ബര്‍ഗിലേക്ക് കുതിച്ചു. മടക്കയാത്രക്കിടൈല്‍ സൂര്യനുദിച്ചു.രക്തച്ചുവപ്പുള്ള സൂര്യന്‍.അപ്പോഴേക്കും ഒന്നുകില്‍ എന്റെ ബോധം നഷ്ടപ്പെട്ടു, അല്ലെങ്കില്‍ ഞാന്‍ അഗാധമായ ഉറക്കത്തിലായി.

മ്യൂണിച്ച്, ബുധന്‍, ആഗസ്ത്, 1940

കാലത്തെഴുന്നേറ്റപ്പോഴും നല്ല ക്ഷീണമുണ്ടായിരുന്നു. ഞാന്‍ തലമുടിയൊതുക്കുന്നയാളുടെ അരികിലും മസാജ് ചെയ്യുന്നയാളുടെ അരികിലും പോയി.മുഖം വൃത്തിയാക്കി.അപ്പോള്‍ ഞാന്‍ വീണ്ടും പാതിമനുഷ്യരൂപത്തിലെത്തി.വായ്ക്ക് ചുറ്റിലുമുള്ള കുഴികള്‍ക്ക് വീണ്ടും ആഴം വച്ചിരിക്കുന്നു.അദ്ദേഹം അതിനെ നുണക്കുഴികള്‍ എന്ന് വിളിക്കുന്നിടത്തോളം കാലം കുഴപ്പമില്ല.കുര്‍ട്ടിന്റെ മരണം എനിക്ക് ആത്മീയമായി എന്തെങ്കിലും സംഭവിപ്പിച്ചു എന്ന് ഞാന്‍ കരുതുന്നില്ല. എനിക്ക് വേദനിച്ചില്ല. ശാരീരികമായി ബന്ധപ്പെട്ടുകൊണ്ടിരുന്ന ഒരാളുടെ ജീവന്‍ പൊടുന്നനെ ഇല്ലാതായപ്പോള്‍ എന്തോ ഒരു ഇരുട്ട് വ്യാപിച്ചതുപോലെ, ഭീകരമായ ഇരുട്ട് വ്യാപിച്ചതുപോലെ. അത്രമാത്രമേയുള്ളു.ഇനി എന്റെ ജീവിതത്തില്‍ മറ്റൊരു പുരുഷനുണ്ടാകില്ല എന്ന കാര്യത്തിനൊരു തീര്‍പ്പായിരിക്കുന്നു എന്നെനിക്ക് മനസിലായി.എന്റെയുള്ളിലോ പുറത്തോ അങ്ങിനെയൊന്നുണ്ടാകില്ല.ഇപ്പോഴെന്നല്ല ഒരിക്കലുമുണ്ടാകില്ല.മറ്റ് പുരുഷര്‍ക്ക് ഞാന്‍ ഒരു ശല്യമാകും.കുര്‍ട്ടിനും സംഭവിച്ചതതാണെന്ന് എനിക്ക് തോന്നി.ഇതിനി എനിക്ക് വേണ്ട.... എനിക്ക് മറ്റ് ചിലതാണ് പരിചയം.കുര്‍ട്ടുമായുണ്ടായത് ഒരു കരുത്തിലങ്ങിനെ സംഭവിച്ചതായിരുന്നു.മറ്റെല്ലാം അറിയുന്നതുപോലെ അദ്ദേഹത്തിനും അതറിയാമെന്ന് എനിക്ക് തോന്നുന്നു.അതുകൊണ്ടാണദ്ദേഹം എന്നെ കുറ്റപ്പെടുത്താത്തത്.''ഹേതു'' ഇല്ലാതാക്കണം എന്ന് മാത്രമേയുള്ളു.ബെര്‍ഘോഫില്‍ വച്ച് അദ്ദേഹം കോപിച്ചുകൊണ്ടേയിരുന്നു. എന്നാല്‍ ഇപ്പോള്‍ എനിക്ക് ഭയം തോന്നുന്നില്ല.കൊടുങ്കാറ്റ് അടങ്ങി എന്നെനിക്കറിയാം.കുര്‍ട്ടിനെക്കുറിച്ചുള്ള എല്ലാ തെളിവുകളും നശിപ്പിക്കാന്‍ അദ്ദേഹം ഉത്തരവിട്ടു.അയാളുടെ അറുപത്തിയേഴുകാരനായ അച്ഛനെ ദചൗവിലേക്ക് അയച്ചു.ഒരു മൂന്നാം തരം തടവറയിലേക്ക്.അദ്ദേഹത്തിന്റെ ബന്ധുക്കളെയെല്ലാം ജൂതനഗരമായ തെറെസീന്‍സ്റ്റാഡ്റ്റിലാക്കി. അവിടെ കുഴിച്ചുമൂടി.അയാളുടെ പേരുള്ള രേഖകള്‍ എന്തൊക്കെയാണോ ആ താളുകള്‍ തന്നെ നീക്കം ചെയ്യാന്‍ ഉത്തരവായി.അന്നവിടെയുണ്ടായിരുന്ന രണ്ട് എസ് എസ് ഓഫീസര്‍മാരെ മിന്നലാക്രമണത്തിനുള്ള വിഭാഗത്തിലേക്ക് മാറ്റി. അവരെ സ്ഥിരമായി ആ വിഭാഗത്തി തന്നെ വയ്ക്കണമെന്നും അവിടെ നിന്നൊരിക്കലും മാറ്റരുതെന്നും ഉത്തരവിട്ടു.ഡെഫ്രെഗെര്‍സ്ട്രാസെയിലെ ആ വീട്ടില്‍ താമസിച്ചിരുന്നവര്‍ക്ക് എന്ത് സംഭവിച്ചു എന്ന് അദ്ദേഹത്തിനു മാത്രമറിയാം.അദ്ദേഹം എനിക്ക് മാപ്പ് നല്‍കി എന്ന് ഞാന്‍ വിശ്വസിക്കുന്നു.എന്തായാലും അതിനെക്കുറിച്ച് അദ്ദേഹം സംസാരിക്കാറില്ല.കുര്‍ട്ടിനെ പൂര്‍ണ്ണമായും ''നീക്കം ചെയ്തതോടെ'' എല്ലാം അവസാനിച്ചു എന്ന് തോന്നുന്നു.അദ്ദേഹത്തിന്റെ അസൂയയ്ക്ക് വലിയ പ്രത്യേകതകളുണ്ട്. അത് അമാനുഷികവുമാണ്.അദ്ദേഹത്തെ സംബന്ധിക്കുന്ന മറ്റെല്ലാം അതുപോലെ തന്നെയാണല്ലോ.അളക്കാനാകാത്ത അസൂയ അദ്ദേഹത്തിലുണ്ടെന്ന് എനിക്ക് തോന്നുന്നു.എന്നാല്‍ അത് സമ്മതിക്കാന്‍ അദ്ദേഹം തയ്യാറല്ല.താന്‍ അതില്‍ നിന്നൊക്കെ വല്ലാതെ വളര്‍ന്നിരിക്കുന്നു എന്നാണദ്ദേഹം ഇപ്പോഴും ചിന്തിക്കുന്നത്.

ബുധന്‍ രാത്രി

അദ്ദേഹം ഇവിടെ വന്നിരുന്നു.എന്നെ ലാളിച്ചു, ഓമനിച്ചു.ചര്‍മ്മം കൊണ്ടുള്ള അടിയുടുപ്പുകള്‍ അദ്ദേഹത്തിനിഷ്ടമാണെന്ന് പിന്നേയും പറഞ്ഞു.''അതിന്റെ മൃദുത്വത്തിനോടൊപ്പം നിന്റെ ചര്‍മ്മത്തിന്റെ മൃദുത്വവും ഒന്നിച്ചാകുമ്പോള്‍ അതെത്ര ഗംഭീരമാകുന്നു എന്ന് പറയാനാകില്ല.''ഈ ലോകത്തിലെ മറ്റേതെങ്കിലും പുരുഷന് ഇത്രയും ചെറിയ കാര്യങ്ങള്‍ ഇങ്ങിനെ പറയാനാകുമോ?എല്ലാ പുരുഷന്മാരും ഒരുപോലെയാണ്. അശ്ലീലക്കാരാണ്.ഉച്ചയ്ക്ക് ഞാന്‍ അദ്ദേഹത്തിന്റെ അസൂയയെ കുറിച്ചെഴുതിയത് സത്യമാണെന്ന് തോന്നുന്നു.സായാഹ്നത്തില്‍ അദ്ദേഹം എന്നോട് ''നാളെ നീ ഒരു ഡോക്ടറെ കാണണം'' എന്നാവശ്യപ്പെട്ടു.കുര്‍ട്ടുമായി ഒന്നും സംഭവിച്ചിട്ടില്ല എന്ന് പൂര്‍ണ്ണബോധ്യമാകുന്നതുവരെ എനിക്കരികില്‍ വരാന്‍ അദ്ദേഹത്തിനു താത്പര്യമില്ല എന്നെനിക്ക് മനസിലായി.അതല്ലെങ്കില്‍ എനിക്ക് എന്തെങ്കിലും രോഗം ബാധിച്ചിട്ടുണ്ടാകും എന്നദ്ദേഹം ശങ്കിക്കുന്നുണ്ടാകാം- രോഗമോ അതോ ഗര്‍ഭമോ?ഗര്‍ഭമാണെങ്കില്‍ അത് കുറച്ചുകൂടി കഴിഞ്ഞേ അറിയുള്ളു.... അദ്ദേഹം ചിലപ്പോഴെല്ലാം ഈ വക കാര്യങ്ങളില്‍ വളരെ നിഷ്‌കളങ്കനാകും.''ഒരു നല്ലവനിതാ ഡോക്ടറെ കാണണം നീ,'' അദ്ദേഹം പിന്നീട് വീണ്ടും പറഞ്ഞു.''എന്തുകൊണ്ട് ഒരു പുരുഷ ഡോക്ടറല്ല'' എന്ന് ഞാന്‍ ചോദിച്ചു.എത്ര വലിയ വിഡ്ഢിയാണ് ഞാന്‍ അല്ലേ! അദ്ദേഹത്തിന്റെ നീലക്കണ്ണുകള്‍ അത് കേട്ടപ്പോള്‍ ഇരുണ്ടു.അത് അത്ര നല്ല ലക്ഷണമല്ല.ഒരു പുരുഷന്‍ എന്നെ പരിശോധിക്കുന്നത് അദ്ദേഹത്തിനിഷ്ടമല്ല എന്ന് എനിക്ക് മനസിലായി.എന്നാല്‍ കണ്ണിലെ ആ ഇരുണ്ട നിറം പെട്ടെന്ന് മാഞ്ഞു.പിന്നെ ശാന്തമായി ''ശരി പുരുഷ ഡോക്ടറുമാകാം.പെണ്‍ഡോക്ടര്‍മാരെ എനിക്ക് വിശ്വാസമില്ല. സ്ത്രീകള്‍ വൈദ്യം പഠിക്കുന്നത് ഒരു പക്ഷേ ഞാന്‍ നിരോധിച്ചേക്കാം'' എന്ന് പറഞ്ഞു.ബുദ്ധിയുള്ള പെണ്ണുങ്ങളെ അദ്ദേഹത്തിന് വിശ്വാസമില്ല എന്ന് എനിക്കറിയാം.എന്നാല്‍ ഇത്തവണ അതിലുമുപരി എന്തോ ഇതിനു പുറകിലുണ്ട്.അദ്ദേഹം തന്റെ അസൂയയെ മറികടന്നിരിക്കുന്നു.

1939 ആഗസ്തില്‍ ഒപ്പുവച്ച റൂസ്സോ-ജര്‍മ്മന്‍ അനാക്രമണ സന്ധിയില്‍ നിന്ന് ഹിറ്റ്‌ലര്‍ എപ്പോഴാണ് പിന്‍വാങ്ങിയത്?അദ്ദേഹത്തിന്റെ വൃന്ദം അദ്ദേഹത്തില്‍ ഇങ്ങിനെയൊരു മാറ്റം വരുന്നത് എപ്പോഴാണ് ശ്രദ്ധിച്ചത്? മോസ്‌കോയിലെ റൂമേനിയന്‍ അംബാസിഡറായിരുന്നഗഫേന്‍സു തന്റെ ലേഖനത്തില്‍ ബ്രിട്ടനുമായുള്ള വായുസേനാക്രമണത്തിലെ പരാജയത്തിനു ശേഷമാണ് കിഴക്കോട്ട് യുദ്ധം വ്യാപിപ്പിക്കാന്‍ തീരുമാനിച്ചത് എന്ന് പറഞ്ഞിരിക്കുന്നു.അതായത് ഫെബ്രുവരി-മാര്‍ച്ച് 1941 ന് ശേഷം.ആഗസ്ത് 1940 മുതലുള്ള ചില സാക്ഷ്യങ്ങളിതാ.

ആഗസ്ത്, വ്യാഴാഴ്ച ഉച്ചജീവിതത്തില്‍ ആദ്യമായി ഞാന്‍ ഒരു ഗൈനക്കോളജിസ്റ്റിനെ സന്ദര്‍ശിച്ചു.പ്രൊഫസര്‍ മനം കവരുന്ന പ്രകൃതമുള്ളവനായിരുന്നു. നയചാതുര്യമുള്ളവനുമായിരുന്നു. ഇവിടെ എല്ലാം വിചിത്രമാണല്ലോ എന്ന് ഞാന്‍ ചിന്തിച്ചു.സാധാരണത്തില്‍ നിന്ന് തീര്‍ത്തും വിപരീതമാണിവിടെ എല്ലാം.സാധാരണ നിലയില്‍ ഞാന്‍ ശരീരത്തിന്റെ ഏതൊക്കെ ഭാഗങ്ങള്‍ മറച്ച് വയ്ക്കുന്നുവോ അതിവിടെ തുറന്ന് വയ്ക്കുന്നു,തിരിച്ചും.ഒരിടത്തും ഒരു കുഴപ്പവുമില്ലെന്നത് സ്വാഭാവികം.ഏതെങ്കിലും പരിശോധന നടത്തി തെളിയിക്കുന്നതിനു മുമ്പ് ഒരൊറ്റ കുത്തിവയ്പുകൊണ്ട് ഒരു സ്ത്രീ ഗര്‍ഭിണിയാണോ അല്ലയോ എന്നറിയാനാകുമെന്ന് ഞാന്‍ പഠിച്ചു.അവിടെ നിന്ന് ഉടന്‍ തന്നെ ഞാന്‍ അദ്ദേഹത്തിനരികില്‍ പോയി.അദ്ദേഹം വല്ലാതെ ദുഃഖിതനായി.എന്തുകൊണ്ടെന്ന് എനിക്കറിയില്ല.ഞാന്‍ പ്രൊഫസര്‍ക്കരികില്‍ നിന്നാണ് വരുന്നതെന്ന് പറഞ്ഞുവെങ്കിലും അദ്ദേഹം എന്നോട് പ്രൊഫസറെക്കുറിച്ചൊന്നും ചോദിച്ചില്ല.അപ്പോള്‍ പിന്നെ എന്നെ അങ്ങോട്ടയച്ചതെന്തിനാണ്?പതിവില്‍ നിന്ന് വിപരീതമായി ഇന്ന് അദ്ദേഹം വളരെ കുറച്ചേ സംസാരിച്ചുള്ളു.അദ്ദേഹം എന്റെ കയ്യും മുടിയും തടവി.ഇരുപത് മിനിട്ടിനുള്ളില്‍ താന്‍ കിഴക്കോട്ട് പോകുകയാണെന്ന് അറിയിച്ചു.അവിടെ ദീര്‍ഘകാലം ചിലവിടേണ്ടി വരുമെന്നും പറഞ്ഞു.ഞാന്‍ അപ്പോഴും വല്ലാതെ ക്ഷീണിതയായിരുന്നു.''താങ്കള്‍ ഇവിടെയില്ലാത്തപ്പോള്‍ ഞാന്‍ എന്ത് ചെയ്യും? ഞാന്‍ ചോദിച്ചു.''നല്ലവളായിരിക്കുക'' എന്നായിരുന്നു മറുപടി.എന്നെ എങ്ങിനെയൊക്കെ വീക്ഷിക്കുന്നുണ്ടെന്ന് ഇപ്പോള്‍ എനിക്കറിയാം.എന്നെ വീക്ഷിക്കുന്നവര്‍ക്ക് പോലും അപകടകാരിയാണിപ്പോള്‍ ഞാന്‍.സന്തോഷകരമല്ലാത്ത എന്തെങ്കിലും വാര്‍ത്ത അവര്‍ അറിയിച്ചാല്‍ അവരെ ഒന്നുകില്‍ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പിലേക്കയക്കും അല്ലെങ്കില്‍ ആത്മഹത്യാ വിഭാഗത്തിലേക്ക്. ഞാന്‍ ബ്രൗനസ് ഹൗസിലേക്ക് പോയി.അവിടെയെത്തിയപ്പോള്‍ സ്ചി എന്നോട് ഫ്യൂറര്‍ക്ക് റഷ്യക്കാരോട് അതൃപ്തി തോന്നിയിരിക്കുന്നു എന്ന് പറഞ്ഞു.അതിനാലാണ് കിഴക്കോട്ട് പോയിരിക്കുന്നത് എന്ന് പറഞ്ഞു.അവിടെ യുദ്ധം തുടങ്ങാന്‍ സാധ്യതയുണ്ടെന്നും അയാള്‍ പറഞ്ഞു.സ്ചിയുടെ വാക്കുകളെ വിശ്വസിക്കാം. അതുകൊണ്ടായിരിക്കണം ആ വാക്കുകള്‍ എന്നെ വേവലാതിപ്പെടുത്തിയത്.റഷ്യക്കെതിരെ യുദ്ധമോ?അതാലോചിക്കാനേ വയ്യ.നാളെ ഞാന്‍ കിട്‌സ്ബൂഹലിലേക്ക് പോകുന്നു.

ഗ്രീഷ്മം, 1940, ഞായര്‍

ശസ്ത്രക്രിയയെക്കുറിച്ച് ഒരു തടിച്ച പുസ്തകം മാസങ്ങളോളം അദ്ദേഹത്തിന്റെ മേശപ്പുറത്ത് കിടപ്പുണ്ടായിരുന്നു.അതദ്ദേഹം പലവട്ടം വായിച്ചിട്ടുണ്ടെന്ന് ഞാന്‍ മനസിലാക്കി.അദ്ദേഹത്തിനെന്താണ് വേണ്ടതെന്ന് എനിക്ക് മനസിലായില്ല.ഞാനോ മറ്റാരെങ്കിലുമോ അവിടേക്കെത്തിയാല്‍ അദ്ദേഹമുടന്‍ ആ പുസ്തകം അടച്ച് വയ്ക്കും.എന്നാല്‍ ഇന്നലെ അത് തുറന്ന് വച്ചിട്ടുണ്ടായിരുന്നു.ഒരു പക്ഷേ അദ്ദേഹം മറന്ന് പോയതാകാം.എനിക്കിപ്പോള്‍ മനസിലാകുന്നു.വൈദ്യശാസ്ത്രത്തില്‍ ഫിമോസിസ് എന്ന് പറയുന്ന അവസ്ഥയെക്കുറിച്ചാണാ താളില്‍ പറയുന്നത്.ലിംഗാഗ്ര ചര്‍മ്മം പുറകിലേക്ക് വലിയാതിരിക്കുന്ന അവസ്ഥ.വളരെ രഹസ്യമായാണ് ഞാനത് വായിച്ചത്.ശസ്ത്രക്രിയാ വിദഗ്ദന്‍ പറയുന്നത് അത് ശസ്ത്രക്രിയ ചെയ്യണം എന്നാണ്.ഞാനും അത് തന്നെയാണ് പറയുന്നത്.ഇതൊരു സാധാരണ അവസ്ഥയല്ലല്ലോ.ഇതിനെക്കുറിച്ച് ഞാന്‍ ലൂയി പതിനാറാമന്റെ കേസില്‍ വായിച്ചിട്ടുണ്ട്.അയാള്‍ക്ക് ഒരു ചെറിയ ശസ്ത്രക്രിയ നടത്തിയപ്പോള്‍ പിന്നെ എല്ലാം എളുപ്പമായി.അദ്ദേഹത്തിലും അതുതന്നെയാകും ഫലം എന്ന് എനിക്കുറപ്പുണ്ട്.എന്നാല്‍ അദ്ദേഹം അതിനു തയ്യാറാകില്ല.അദ്ദേഹത്തിനതിക്കുറിച്ചാലോക്കുമ്പോള്‍ അമ്പരപ്പും ലജ്ജയും പിരിമുറുക്കവും വരും.നിര്‍ബന്ധിക്കാന്‍ ഒരു പാട് സമയമെടുക്കും. എന്തായാലും അദ്ദേഹത്തിന്റെ അവസ്ഥ മനസിലാക്കാന്‍ എനിക്കിത്രയും സമയം നല്‍കിയതില്‍ ഞാന്‍ സന്തുഷ്ടയാണ്.

1940 സപ്തംബറിലെ ചര്‍ച്ചകളില്‍ തന്നെ റൂസ്സോ-ജര്‍മ്മന്‍ കരാര്‍ റദ്ദാക്കാന്‍ ഹിറ്റ്‌ലര്‍ തീരുമാനിച്ചിരുന്നു.റുമേനിയയുടെ അതിര്‍ത്തിയില്‍ നല്‍കിയ ഉറപ്പ് മോസ്‌കോയെ അവഹേളിക്കാന്‍ തന്നെ ഉദ്ദേശിച്ചുള്ളതായിരുന്നു. റഷ്യക്കാരുടെ പട്ടാളം നടത്തുന്ന പ്രതിപ്രവര്‍ത്തനങ്ങളെ ഹിറ്റ്‌ലര്‍ എത്ര ഗൗനിച്ചിരുന്നു എന്ന് താഴെക്കൊടുത്തിരിക്കുന്ന കുറിപ്പുകളില്‍ നിന്ന് വായിക്കാനാകും.മൊളോടോവ്വ് ജര്‍മ്മന്‍ അംബാസിഡറായ വോണ്‍ ഡെര്‍ സ്ചൂലെന്‍ബര്‍ഗിനെ വിളിച്ച്, ഈ ഉറപ്പ് ആര്‍ക്കെതിരെയാണെന്ന് ചോദിച്ചപ്പോള്‍, സ്ചൂലന്‍ബര്‍ ഒന്ന് പുഞ്ചിരിച്ചു. എന്നിട്ട് ''എന്തായാലും സോവിയറ്റ് യൂണിയനെതിരായല്ല.യു എസ് എസ് ആറിന് എന്തായാലും റുമേനിയന്‍ മണ്ണില്‍ അവകാശവാദമുന്നയിക്കാന്‍ പദ്ധതിയില്ല എന്നാണ് ഞങ്ങള്‍ ഊഹിക്കുന്നത്'' എന്ന് മറുപടി പറഞ്ഞു.ജര്‍മ്മന്‍ അംബാസിഡറുടെ ഊഹം ശരിയാണെന്ന് സമ്മതിക്കുകയല്ലാതെ മൊളോടോവിന് മറ്റ് മാര്‍ഗ്ഗമില്ലായിരുന്നു.


Content Highlights: diary from iva brown lover of adolf hitler translated by suresh m g

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Sathyan anthikkad, Mohanlal

5 min

'നമ്മള്‍ പിരിഞ്ഞതുകൊണ്ട് സിനിമയ്ക്ക് യാതൊരു നഷ്ടവുമില്ല, അല്ലേ സത്യന്‍? നഷ്ടം നമുക്കുമാത്രമാണ്'

May 27, 2023


Nehru

6 min

'സ്വാതന്ത്ര്യത്തെ ആധിപത്യത്തോടും അടിമത്തത്തോടും ഇണക്കിക്കൊണ്ടുപോവുക ഏറെക്കാലം സാധ്യമല്ല'

May 27, 2023


Rajmohan Gandhi book

10 min

'ആധുനിക ദക്ഷിണേന്ത്യ'; നാലു നൂറ്റാണ്ടിന്റെ കഥ, നാനാരൂപമായ ഉപദ്വീപിന്റെ സങ്കീര്‍ണ്ണമായ കഥ!

May 27, 2023

Most Commented