ന്യൂഡല്‍ഹി. 1993 ജൂലായ് 23ലെ സായാഹ്നം. സര്‍ദാര്‍ പട്ടേല്‍ മാര്‍ഗിലെ തിക്കും തിരക്കും നിറഞ്ഞ റോഡിലൂടെ, ഡല്‍ഹി ക്രൈംബ്രാഞ്ചിന്റെ ഒരു കാര്‍ സാഹസികമായി മുന്നോട്ടു പോവുകയാണ്. ഒറ്റനോട്ടത്തില്‍ അതൊരു സ്വകാര്യകാറാണെന്നേ ആരും കരുതൂ. സര്‍ക്കാരിന്റെയോ പോലീസിന്റെയോ മുദ്രയോ അടയാളങ്ങളോ ഒന്നുമില്ല. ആ കാറിലിരിക്കുന്ന ഇന്‍സ്പെക്ടറുടെ കണ്ണുകള്‍ തൊട്ടുമുന്പില് പൊയ്ക്കൊണ്ടിരിക്കുന്ന ഒരു മാരുതി കാറില്‍ തറച്ചുനില്‍ക്കുകയാണ്. മുന്പിലെ കാര്‍ ദൗലാക്വാന് റൗണ്ട് വലംവെച്ചു തിരിയുംവരെ അദ്ദേഹം ക്ഷമാപൂര്‍വം കാത്തിരുന്നു. രണ്ടു കാറുകളും റൗണ്ട് പിന്നിട്ടുകഴിഞ്ഞു. ഇപ്പോള്‍ നാഷണല്‍ ഹൈവേ 8ലൂടെയാണവരുടെ യാത്ര. പെട്ടെന്ന് മുന്നില്‍ പോകുന്ന കാറിനെ മറികടന്ന് അതു തടഞ്ഞുനിര്‍ത്താന്‍ ഇന്‍സ്പെക്ടര്‍ ഡ്രൈവറോട് നിര്‍ദേശിക്കുന്നു. ഇങ്ങനെയുള്ള അവസരങ്ങളില്‍ എന്തു ചെയ്യണമെന്ന് നന്നായി അറിയാവുന്ന ഡ്രൈവര്‍, അതിവേഗം മാരുതി കാറ് മറികടന്ന്, പെട്ടെന്ന് ഇടത്തോട്ടു തിരിച്ച് മാരുതിക്കു വിലങ്ങനെ നിര്‍ത്തുന്നു. തുടര്‍ന്ന് അതിവേഗം കാറില്‍നിന്നു ചാടിയിറങ്ങിയ മഫ്ത്തിവേഷത്തിലുള്ള പോലീസുകാര്‍ തങ്ങളുടെ കൈയിലുള്ള പിസ്റ്റളുകള്‍, മാരുതിയിലെ യാത്രക്കാര്‍ക്കു നേരേ ചൂണ്ടി കീഴടങ്ങാന്‍ ആവശ്യപ്പെടുന്നു. പടിഞ്ഞാറന്‍ യു.പിയിലെ കുപ്രസിദ്ധ ഗുണ്ടാത്തലവനും ഒരുപാട് കൊലപാതക - കൊള്ളക്കേസുകളിലെ പ്രതിയുമായ അമിത് ത്യാഗി, പ്രതിരോധം അസാധ്യമാണെന്നു മനസ്സിലാക്കി കൈകള്‍ ഉയര്‍ത്തി കീഴടങ്ങാന്‍ തയ്യാറായി പുറത്തു വരുന്നു. അയാളുടെ ചെറുപ്പക്കാരനായ പങ്കാളി അനില്‍ ത്യാഗിയും ശ്യാംകിഷോര്‍ എന്നൊരു മൂന്നാമനും പുറത്തു വന്നു കീഴടങ്ങി. പോലീസുകാര്‍ അവരെയും അവര്‍ സഞ്ചരിച്ച വാഹനവും പരിശോധിച്ചു. ആയുധങ്ങളോ സ്ഫോടകവസ്തുക്കളോ നിയമവിരുദ്ധമായി കൈവശം വെക്കുന്ന മറ്റെന്തെങ്കിലുമോ അവരില്‍നിന്നും കണ്ടെത്താനായില്ല.
അമിത് ത്യാഗിയുടെ കാര്യത്തില്‍ ക്രൈംബ്രാഞ്ചിനു രഹസ്യവിവരം കൈമാറിയ ആള് നല്കിയ അടയാളങ്ങളെല്ലാം ശരിയാണെന്നു സംഘം കണ്ടെത്തി. മുംബൈക്കു പോകുന്ന ശ്യാം കിഷോറിനെ യാത്രയയയ്ക്കാന്‍ എയര്‍പോര്‍ട്ടിലേക്കു പോവുകയായിരുന്നു ത്യാഗിമാര്‍ രണ്ടും. പക്ഷേ, ഈ ശ്യാം കിഷോര്‍ ആരാണെന്ന് എത്ര ആലോചിച്ചിട്ടും ഇന്‍സ്പെക്ടര്‍ക്കു പിടികിട്ടിയില്ല. ഡല്‍ഹി പോലീസിന്റെ ക്രൈം റെക്കോഡ് ബ്യൂറോവില് തിരഞ്ഞെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ ത്യാഗിമാരെ ചോദ്യംചെയ്തപ്പോഴാണ് അയാള്‍ ആരാണെന്ന കാര്യത്തില്‍ ഒരു വ്യക്തതയുണ്ടായത്. ശ്യാം കിഷോറിന് ഡി കമ്പനിയുമായി ഉണ്ടായിരുന്ന സംശയാസ്പദമായ രഹസ്യബന്ധം അവര്‍ വെളിപ്പെടുത്തി (ദാവൂദ് ഇബ്രാഹിം നയിച്ചിരുന്ന മുംബൈ അധോലോകസംഘത്തിനെയാണ് 'ഡി' കമ്പനി എന്നു വിളിച്ചിരുന്നത്. ഭീകരനായ ഒരു മാഫിയാതലവനാണ് ദാവൂദ് ഇബ്രാഹിം. ഇപ്പോള്‍ അയാളെ ആഗോളഭീകരന്മാരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്).
പിന്നീട് ശ്യാം കിഷോറിനെ ഞങ്ങള്‍ ചോദ്യംചെയ്തപ്പോള്‍ അയാളുടെ കുടുംബപ്പേര് ഗാരികാപതി എന്നാണെന്നു മനസ്സിലായി. ദാവൂദിന്റെ ആളുകള്‍ക്കുവേണ്ടി ആയുധങ്ങള്‍ ശേഖരിക്കുക എന്ന ലക്ഷ്യവുമായാണ് അയാള്‍ അമിത് ത്യാഗിയുടെ അടുത്തെത്തിയത്. ദാവൂദിന്റെ ആളുകള്‍ ഡല്‍ഹിയില്‍ അയാള്‍ക്ക് ഒരു അടിത്തറയൊരുക്കാനുള്ള ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ ലഭിച്ചിരുന്നു. പിന്നീട് ഞങ്ങള്‍ നടത്തിയ അതീവ ക്ലേശകരമായ അന്വേഷണത്തിനൊടുവില്‍ കിഴക്കന്‍ ഡല്‍ഹിയിലെ ഗഗന്വിഹാര് എന്ന ഫ്ളാറ്റില്‍ അങ്ങനെയൊരു സങ്കേതം ഒരുങ്ങുന്നുണ്ടായിരുന്നുവെന്ന് കണ്ടെത്തി. അവിടെനിന്നും ഡി കമ്പനിയിലെ നാലംഗങ്ങളെക്കൂടി അറസ്റ്റ് ചെയ്തു. സുഭാഷ് സിങ് ഠാക്കൂര്‍, ബായി ഠാക്കൂര്‍, ചന്ദ്രകാന്ത് പാട്ടീല്‍, പരേഷ് ദേശായി എന്നിവരായിരുന്നു അവര്‍. അവരുടെ താമസസ്ഥലത്തുനിന്നും വലിയതോതില്‍ ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തു. ഈ അറസ്റ്റുകള്‍ തുടര്‍ന്ന് പല സംഭവങ്ങള്‍ക്കും വഴിവെച്ചു. അതെല്ലാംതന്നെ അതിസങ്കീര്‍ണമായ വഴികളിലൂടെയാണ് രൂപപ്പെട്ടത്. ഈ സംഭവപരമ്പരകളാണ് മുംബൈ അധോലോകത്തിന്റെ വമ്പന്‍ തലവനുമായുള്ള എന്റെ സംഭാഷണങ്ങള്‍ക്ക് വഴിതുറന്നത്.
ഡെപ്യൂട്ടേഷനില്‍ സി.ബി.ഐയിലേക്കു പോകുംമുന്‍പ് ഡല്‍ഹി പോലീസിലെ എന്റെ ചുമതല ക്രൈംബ്രാഞ്ച് ഡി.സി.പിയുടെതായിരുന്നു. ഞാന്‍ സി.ബി.ഐയില്‍ എത്തുംമുന്പാണ് ഡി കമ്പനിയില്‍പ്പെട്ട പ്രമുഖ കുറ്റവാളികള്‍ അറസ്റ്റു ചെയ്യപ്പെട്ടത്. ദാവൂദിനെയും സംഘത്തെയും എനിക്ക് അഭിമുഖീകരിക്കേണ്ടിവരുമെന്ന് അറിയാമായിരുന്ന ഇന്‍സ്പെക്ടര്‍ പ്രിഥ്വി സിങ്ങും അദ്ദേഹത്തിന്റെ മേലധികാരികളും ഡി കമ്പനിയിലെ ക്രിമിനലുകളെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ എനിക്കു കൈമാറി. മുംബൈയിലെ അധോലോക കുറ്റവാളികളെക്കുറിച്ച് അപ്പോള്‍ എന്റെ അറിവ് പരിമിതങ്ങളായിരുന്നു. അധോലോകസംഘനേതാക്കളുടെ പേരില്‍ ഡല്‍ഹി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ ടാഡ (TADA) പ്രകാരമായിരുന്നു. ആ ടാഡാ കേസുകളെല്ലാം സി.ബി.ഐയുടെ ഭാഗമായിത്തന്നെ രൂപീകരിക്കപ്പെട്ട എസ്.ടി.എഫിലേക്കു കൈമാറപ്പെട്ടു. 1993-ല്‍ മുംബൈയില്‍ ഉണ്ടായ തുടര്‍ ബോംബാക്രമണക്കേസുകള്‍ അന്വേഷിക്കാന്‍ ഇന്ത്യാ ഗവണ്മെന്റ് രൂപീകരിച്ചതായിരുന്നു സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ് (S.T.F.). ഡല്‍ഹിയില്‍ അറസ്റ്റ് ചെയ്യപ്പെട്ടവരെല്ലാം ഡികമ്പനിയില്പ്പെട്ടവരായതുകൊണ്ട്, ഇവരെ സംബന്ധിച്ച അതീവ സൂക്ഷ്മവിവരങ്ങള്‍പോലും ശേഖരിക്കുകയും അവയെല്ലാം സമഗ്രമായി വിലയിരുത്തപ്പെടുകയും ചെയ്യണമെന്ന് ഗവണ്മെന്റ് അഭിലഷിച്ചിരുന്നു.
മാതൃഭൂമി ബുക്സ് പുറത്തിറക്കിയ നീരജ് കുമാറിന്റെ ഓര്‍മക്കുറിപ്പുകളുടെ സമാഹാരമായ ദാവൂദ് ഇബ്രാഹിം മുതല്‍ ഐ.എസ്.ഐ വരെ എന്ന പുസ്തകത്തില്‍ നിന്നും. ഡല്‍ഹി പോലീസ് കമ്മീഷണറും സി.ബി.ഐ ഐജിയുമായിരുന്നു ലേഖകന്‍
Content Highlights: Dial D for Don: Inside Stories of CBI Malayalam Mathrubhumi Books