ഭരതനാട്യത്തിന്റെ സാംസ്‌കാരിക ചരിത്രവും കാറല്‍മാര്‍ക്‌സും തമ്മിലെന്ത്?


3 min read
Read later
Print
Share

ക്ലാസിക്കല്‍ നൃത്തത്തിലും നൃത്തപഠനങ്ങളിലും തത്പരരായവരെ ഇത് അലോസരപ്പെടുത്തുകയോ ചിലപ്പോള്‍ അരിശംകൊള്ളിക്കുക തന്നെയോ ചെയ്യാം.

-

രതനാട്യത്തിന്റെ സാംസ്‌കാരിക ചരിത്രം ചര്‍ച്ചചെയ്യുന്ന ഒരു പുസ്തകം മാര്‍ക്സിന്റെ ഉദ്ധരണിയോടെ ആരംഭിക്കുന്നത് എന്തിനാണ്? ക്ലാസിക്കല്‍ നൃത്തത്തിലും നൃത്തപഠനങ്ങളിലും തത്പരരായവരെ ഇത് അലോസരപ്പെടുത്തുകയോ ചിലപ്പോള്‍ അരിശംകൊള്ളിക്കുക തന്നെയോ ചെയ്യാം. എന്തിലും ഏതിലും പ്രത്യയശാസ്ത്രവും രാഷ്ട്രീയവും കുത്തിക്കടത്തുന്ന മുരടന്‍ മാര്‍ക്സിസത്തിന്റെ ആവിഷ്‌കാരമായോ മാര്‍ക്സ് അഭിപ്രായംപറയാത്ത യാതൊന്നുമില്ലെന്ന് സ്ഥാപിക്കാനുള്ള മതഭ്രാന്തമായ വ്യര്‍ഥ യത്നമായോ ഇതു വിമര്‍ശിക്കപ്പെടുകയും ചെയ്യാം. ഉത്തരാധുനിക ശബ്ദഘോഷങ്ങളുടെ പുതിയ ലോകത്തും അക്കാദമിക ബൗദ്ധികതയുടെ സെമിനാര്‍വേദികളിലും മാര്‍ക്സ് ഇപ്പോള്‍ അത്ര തിളക്കമുള്ള ഒരു പേരല്ലാത്തതിനാല്‍ ഇത്തരം വിപ്രതിപത്തികള്‍ക്ക് ഇക്കാലത്ത് ബലം കൂടുകയും ചെയ്യും.

ഭരതനാട്യത്തെക്കുറിച്ചെന്നല്ല, നൃത്തകലയെക്കുറിച്ചുതന്നെ മാര്‍ക്സ് സവിശേഷപ്രാധാന്യമുള്ള നിരീക്ഷണങ്ങളൊന്നും അവതരിപ്പിച്ചിട്ടില്ല എന്നാണെന്റെ ധാരണ. സാഹിത്യത്തെയും കലയെയും കുറിച്ചുള്ള അദ്ദേഹത്തിന്റെ ഗഹനമായ ആലോചനകളും നിഗമനങ്ങളും പ്രസിദ്ധമാണെങ്കിലും നൃത്തം അതിലൊരു പരിഗണനാവിഷയമായിട്ടില്ല. എങ്കിലും ഭരതനാട്യത്തിന്റെ ആധുനികജീവിതത്തെ സൂക്ഷ്മരൂപത്തില്‍ സംഗ്രഹിക്കാനുതകുന്ന ഒരു നിരീക്ഷണം ലൂയി ബോണപ്പാര്‍ട്ടിന്റെ 'ബ്രൂമെയര്‍ പതിനെട്ട്' എന്ന കൃതിയില്‍ മാര്‍ക്സ് അവതരിപ്പിച്ചിട്ടുണ്ട്. വിപ്ലവകരമായ പ്രതിസന്ധിയുടെ മുഹൂര്‍ത്തങ്ങളില്‍ ഭൂതകാലത്തിന്റെ ഉടയാടകള്‍ കടംവാങ്ങി, മനുഷ്യവംശം ചരിത്രത്തിലെ പുതിയ രംഗങ്ങള്‍ അഭിനയിക്കുന്നതിനെക്കുറിച്ച് അത്യന്തം കാവ്യാത്മകമായ ഭാഷയില്‍ മാര്‍ക്സ് ഇങ്ങനെ എഴുതി:

'മണ്‍മറഞ്ഞ എല്ലാ തലമുറകളുടെയും പാരമ്പര്യം ജീവിച്ചിരിക്കുന്നവരുടെ തലച്ചോറില്‍ കനംതൂങ്ങി നില്‍ക്കുന്നു. തങ്ങളെയും ചുറ്റുമുള്ള ലോകത്തെയും വിപ്ലവകരമായി പുതുക്കിപ്പണിയുന്നതില്‍ വ്യാപൃതരാണ് എന്ന് അവര്‍ക്കു തോന്നുമ്പോഴാണ്, ഇക്കാലംവരെയും നിലവില്‍ വന്നിട്ടില്ലാത്ത എന്തോ ഒന്ന് തങ്ങള്‍ സൃഷ്ടിക്കുകയാണെന്നു കരുതുമ്പോഴാണ്, വിപ്ലവകരമായ പ്രതിസന്ധിയുടെ അത്തരം സന്ദര്‍ഭങ്ങളിലാണ്, അവര്‍ ഉദ്വേഗപൂര്‍വം ഭൂതകാലാത്മാക്കളെ തങ്ങളുടെ സേവനത്തിനായി ആവാഹിച്ചുവരുത്തുകയും കാലപ്പഴക്കത്തിന്റെ മാന്യതയാര്‍ന്ന പ്രച്ഛന്നവേഷത്തിലും കടംവാങ്ങിയ ഭാഷയിലും ലോകചരിത്രത്തിലെ പുതിയൊരു രംഗം അഭിനയിക്കാനായി അവരില്‍നിന്ന് പേരുകളും പോര്‍വിളികളും വേഷഭൂഷകളും കടമെടുക്കുകയും ചെയ്യുന്നത്'.

ഭൂതകാലത്തില്‍നിന്ന് കടമെടുത്ത പേരുകളും വേഷഭൂഷകളും കൊണ്ട് ആധുനിക ഇന്ത്യാചരിത്രം അഭിനയിച്ചുതീര്‍ത്ത രംഗങ്ങളിലൊന്നായിരുന്നു ഭരതനാട്യത്തിന്റെ അരങ്ങുജീവിതം. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ അരങ്ങേറിയ ഭരതനാട്യത്തിന്റെ സംസ്ഥാപനചരിത്രത്തിലൂടെ കടന്നുപോവുമ്പോള്‍, മനുഷ്യവംശം തങ്ങളുടെ ആവശ്യങ്ങള്‍ക്കായി ഭൂതകാലത്തെ ആവാഹിച്ചുണര്‍ത്തുന്നതിനെക്കുറിച്ച് മാര്‍ക്സ് എഴുതിയത് എത്രയോ സംഗതവും സാധുവുമായ ഒരു സ്ഥാനമാണെന്ന് നാം തിരിച്ചറിയാതിരിക്കില്ല. കാലപ്പഴക്കംകൊണ്ട് മാന്യത കൈവന്ന വേഷപ്രച്ഛന്നതയില്‍, കടമെടുത്ത പേരുകളും പോര്‍വിളികളും കൊണ്ട് തങ്ങളെയും ചുറ്റുമുള്ള ലോകത്തെയും പുതുക്കിപ്പണിയുന്ന വിപ്ലവകരമായ പ്രതിസന്ധികളുടെ സന്ദര്‍ഭങ്ങളിലൊന്നില്‍ത്തന്നെയാണ് ഭരതനാട്യം എന്ന 'ക്ലാസിക്കല്‍' നൃത്തരൂപവും അരങ്ങിലെത്തിയത്.

നാം സാധാരണയായി കരുതിവരുന്നതുപോലെ അത് പഴയൊരു നൃത്തപാരമ്പര്യത്തിന്റെ നവീകരണമോ വീണ്ടെടുപ്പോ മാത്രമായിരുന്നില്ല. 'പില്‍ക്കാലം സ്വാംശീകരിക്കുന്ന ഏതു ഭൂതകാലമികവും ആ മികവിന്റെ തെറ്റിദ്ധാരണാപരമായ ഉള്‍ക്കൊള്ളലായിരിക്കുമെന്നും അത് പില്‍ക്കാലത്തെ സാമൂഹികാവശ്യങ്ങള്‍ക്ക് ഉപയുക്തമായ ഒരു പൊതുരൂപമായിരിക്കു'മെന്നും മാര്‍ക്സ് തന്നെ മറ്റൊരിടത്ത് എഴുതിയിട്ടുള്ളത് ഭരതനാട്യത്തിനും ബാധകമാണ് ('It might be said that every achievement of an old period, which is adopted in later times, is part of the old misunderstood... The misunderstood form is precisely, the general form, applicable for the general use at a definite stage of social development'). ആധുനിക ഇന്ത്യാചരിത്രത്തിലെ സവിശേഷ സന്ദര്‍ഭങ്ങളിലൊന്നില്‍, ആ സന്ദര്‍ഭത്തിന്റെ ആവശ്യങ്ങള്‍ക്കിണങ്ങുന്ന വിധത്തില്‍, ഭൂതകാലത്തില്‍നിന്ന് സ്വാംശീകരിച്ചെടുത്ത പൊതുരൂപമാണ് ഭരതനാട്യം എന്ന 'ക്ലാസിക്കല്‍' നൃത്തരൂപമായി അരങ്ങിലെത്തിയത്. കഴിഞ്ഞ ഏഴെട്ടു പതിറ്റാണ്ടുകളായി ദക്ഷിണേന്ത്യയിലെ വിദൂരഗ്രാമങ്ങള്‍ മുതല്‍ ലോകമഹാനഗരികളിലെ സാംസ്‌കാരികോത്സവങ്ങളില്‍വരെ ഭരതനാട്യം നിരന്തരമായി അരങ്ങേറിപ്പോരുന്നതും മറ്റൊന്നല്ല. ഭൂതകാലത്തിന്റെ ആടയാഭരണങ്ങളും പദാവലികളും കൊണ്ട് പുതിയ ഒരു കാലത്തെയും ലോകത്തെയും അഭിസംബോധന ചെയ്യാനുള്ള ആധുനിക ഇന്ത്യാചരിത്രത്തിലെ വലിയ ശ്രമങ്ങളിലൊന്നായിരുന്നു അത്.

sunil p
പുസ്തകം വാങ്ങാം

ഏതായിരുന്നു ഭരതനാട്യം എന്ന ക്ലാസിക്കല്‍ നൃത്തരൂപത്തിന് ജന്മംനല്‍കിയതും അത് അഭിസംബോധന ചെയ്യാന്‍ ശ്രമിച്ചതുമായ ചരിത്രസന്ദര്‍ഭം? ഒറ്റവാക്കില്‍ അതിനെ 'ദേശീയാധുനികത' എന്നു വിശേഷിപ്പിക്കാം. ദേശീയതയുടെ വ്യവഹാരങ്ങള്‍ ഇന്ത്യന്‍ജീവിതത്തിന്റെ സമസ്തവിതാനങ്ങളിലും വേരുപിടിച്ച ഒരു കാലയളവിലായിരുന്നു ഭരതനാട്യത്തിന്റെ രംഗപ്രവേശം. ദേശീയതാവ്യവഹാരത്തിന്റെ അഭിരുചികളെയും വീക്ഷണഗതികളെയും വൈരുധ്യങ്ങളെയുമെല്ലാം സംഗ്രഹിക്കുന്ന പുതിയ നാട്യശരീരത്തിനും രംഗഭാഷയ്ക്കും അത് ജന്മംനല്‍കി. ഭൂതകാല നാട്യപ്രയോഗത്തിന്റെ വൈഭവങ്ങളെയും മികവുകളെയും പില്‍ക്കാലത്തിന്റെ സാമൂഹികാവശ്യങ്ങള്‍ക്ക് ഉതകുന്ന മട്ടില്‍ സ്വാംശീകരിച്ച പുതിയ ഒരു പൊതുരൂപമായി ഭരതനാട്യം മാറി.

ദേശീയാധുനികതയുടെ സന്ദര്‍ഭം പണിതെടുത്ത ഭരതനാട്യത്തിന്റെ ചരിത്രജീവിതമാണ് ഈ പുസ്തകത്തിന്റെ ചര്‍ച്ചാവിഷയം. പ്രാഥമികമായ ഒരര്‍ഥത്തില്‍ നൃത്തകലയുടെ ചരിത്രമായിരിക്കെത്തന്നെ ഇന്ത്യന്‍ ദേശീയതാവ്യവഹാരത്തിന്റെ പൊരുളും പ്രകൃതവും ഭരതനാട്യത്തെ മുന്‍നിര്‍ത്തി വിശദീകരിക്കാനുള്ള ശ്രമവും ഈ പുസ്തകത്തിലുണ്ട്. ഭരതനാട്യചരിത്രം എന്നതിലുപരി ഭരതനാട്യത്തിന്റെ സാംസ്‌കാരികചരിത്രം എന്ന് ഇതിനെ വിശേഷിപ്പിക്കുന്നതും അതുകൊണ്ടാണ്.

ഔപചാരികമായ നൃത്തചരിത്രം അന്വേഷിക്കുന്നവരെ ഈ പുസ്തകം തൃപ്തിപ്പെടുത്തണമെന്നില്ല. എന്നുതന്നെയല്ല, അത്തരം വായനക്കാരെ ഈ പുസ്തകത്തിലെ വിശകലനരീതിയും ആശയങ്ങളും അലോസരപ്പെടുത്തുകയും ചെയ്തേക്കാം. അവരോടു ഞാന്‍ മുന്‍കൂറായി ക്ഷമ ചോദിക്കുന്നു.

മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച സുനില്‍ പി. ഇളയിടത്തിന്റെ 'ദേശഭാവനയുടെ ആട്ടപ്രകാരങ്ങള്‍'എന്ന പുസ്തകത്തിന്റെ ആമുഖത്തില്‍നിന്ന്...

ദേശഭാവനയുടെ ആട്ടപ്രകാരങ്ങള്‍ ഓണ്‍ലൈനില്‍ വാങ്ങാം

Content Highlights: Desabhavanayude attaprakarangal written by sunil p ilayidam

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Sulichana Nalappat and Kamala Das

8 min

അച്ഛനെപ്പോഴും അഭിമാനത്തോടെ പറഞ്ഞു; ആമിയെ കണ്ടുപഠിക്ക്- സുലോചന നാലാപ്പാട്ട്

May 31, 2023


REPRESENTATIVE IMAGE

5 min

'നമ്മള് ഇരുളരാ,ഒന്നിന് നാലുവട്ടം പോയാ നമ്മളെന്താ തേഞ്ഞുപോമോ'; പൊരുതിപ്പോരാടുന്ന 'തമിഴ് ദളിത് കഥകള്‍'

Jun 1, 2023


Success

9 min

ഒറ്റ രാത്രികൊണ്ട് ഒന്നും സംഭവിക്കുന്നില്ല; തോല്‍വിയോടുള്ള മനോഭാവം വിജയങ്ങള്‍ സമ്മാനിക്കുന്ന വിധം!

May 31, 2023

Most Commented