'ഓ, ശ്യാമും മ്യൂസിക് ഡയറക്ടര്‍ ആണല്ലോ, അല്ലേ?' സലിൽദായുടെ പരിഹാസച്ചിരി പാട്ടുതുടങ്ങിയതോടെ മാഞ്ഞു!


9 min read
Read later
Print
Share

അന്തരിച്ച തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നിസ് ജോസഫിൻെറ നിറക്കൂട്ടുകളില്ലാതെ എന്ന പുസ്തകത്തിൽ നിന്നും..

സലിൽ ചൗധരി, ശ്യാം

ഞാന്‍ ആദ്യമായി ഒരു സിനിമയുടെ ഗാനലേഖനം (റെക്കോഡിങ്) കാണുന്നത് അന്തിവെയിലിലെ പൊന്നിന്റെയാണ്. ഈരാളി സാറിന്റെ പടമായതുകൊണ്ട് എന്നെയും അന്നത്തെ ഞങ്ങളുടെ ഫോട്ടോഗ്രാഫര്‍ ആയ അമ്പിളിയെയും വിളിച്ചു (അമ്പിളി പ്രവ്ദ ഇപ്പോള്‍ 'പ്രവ്ദ' എന്ന വലിയ സ്റ്റുഡിയോ എറണാകുളത്ത് നടത്തുന്നു). ഞാനും അമ്പിളിയും അന്ന് കട്ട്-കട്ടിലെ ജോലിക്കാരാണ്.

അമ്പിളിക്ക് മറ്റൊരു സിനിമാബന്ധമുണ്ട്. അമ്പിളിയുടെ സഹോദരിയുടെ ഭര്‍ത്താവാണ് സംവിധായകന്‍ പി.ജി. വിശ്വംഭരന്‍. അങ്ങനെ ഞങ്ങള്‍ മദിരാശിയില്‍ ചെല്ലുന്നു. ഒ.എന്‍.വിയാണ് ഗാനങ്ങള്‍ എഴുതിയത്. സംഗീതം സലില്‍ ചൗധരി. ഈരാളിയുടെ അതിനു മുന്‍പുള്ള സിനിമയ്ക്കും സംഗീതം ചെയ്തത് സലില്‍ ചൗധരിയാണ്. അവര്‍ക്ക് അത്യാവശ്യസഹായങ്ങള്‍ ചെയ്ത് ഞങ്ങള്‍ ചുറ്റിപ്പറ്റി നിന്നു. എന്നെയും അമ്പിളിയെയും സംബന്ധിച്ച് അതൊരു വലിയ സംഗതിയാണ്. ഒ.എന്‍.വിയും സലില്‍ ചൗധരിയുമൊക്കെ അക്കാലത്ത് ഞങ്ങളുടെ വലിയ ആരാധനാമൂര്‍ത്തികളാണ്. ഷര്‍ട്ടിടാതെ ഇരിക്കുന്ന സലില്‍ ചൗധരിയെ അടുത്തുകാണുന്നത് വലിയ അമ്പരപ്പായിരുന്നു.

എ.വി.എം-ജി തിയേറ്ററില്‍ വെച്ചായിരുന്നു റെക്കോഡിങ്. സലില്‍ ചൗധരിയെ കാണാന്‍ ദക്ഷിണേന്ത്യയിലെ മുടിചൂടാമന്നനായ എം.എസ്. വിശ്വനാഥന്‍ വന്നു. സലില്‍ ചൗധരിയുടെ സഹസംഗീതസംവിധായകന്‍ ശ്യാമാണ്. കെ.ജെ. ജോയ് ആ റെക്കോഡിങ്ങിന് അക്കോഡിയന്‍ വായിക്കാനുണ്ട്.
അങ്ങനെ ആദ്യമായി ഒരു പാട്ടിന്റെ റെക്കോഡിങ് കാണാനും യേശുദാസും ജാനകിയും പാടുന്നത് നേരില്‍ അനുഭവിക്കാനും ഭാഗ്യമുണ്ടായി. പിന്നീട് വര്‍ഷങ്ങളോളം അത് വലിയ ഓര്‍മയായി മനസ്സില്‍ നിന്നു. ഈ സംഗതികളൊക്കെ നടക്കുന്നത് 1980-81 കാലത്താണ്.

പിന്നീട് അഞ്ചാറു വര്‍ഷത്തിനുശേഷം ഈരാളിതന്നെ നിര്‍മിച്ച അഥര്‍വം എന്ന സിനിമ ഞാന്‍ സംവിധാനം ചെയ്യാന്‍ ഇടവന്നു. എന്റെ പ്രൊഫഷന്‍ സിനിമ ആയതിന് ബി.എം. ഗഫൂറിനോടും ഏലിയാസ് ഈരാളിയോടും ഞാന്‍ എന്നും കടപ്പെട്ടിരിക്കുന്നു. ഈ ഒരു തൊഴിലിലേക്ക് അവര്‍ എന്നെ ഇറക്കിയതല്ല. പക്ഷേ, നിമിത്തം അവരാണ്. അവരോ അവരുടെ സ്ഥാപനങ്ങളോ ഇല്ലായിരുന്നെങ്കില്‍, ഈരാളി എന്നെ തിരക്കഥാരചനയില്‍ പെങ്കടുപ്പിച്ചില്ലായിരുന്നെങ്കില്‍ ഒരിക്കലും ആ മേഖലയിലേക്ക് എത്തുമായിരുന്നില്ല.

സലില്‍ ചൗധരിയുടെ കമ്പോസിങ് നടക്കുകയാണ്. വുഡ്‌ലാന്‍ഡ്‌സ് ഹോട്ടലിന്റെ കോട്ടേജിലാണ് കമ്പോസിങ്. പെട്ടെന്ന് സലില്‍ ചൗധരിക്ക് തുമ്മലും പനിയും. ഈരാളി പറഞ്ഞു, 'ഡോക്ടറെ ഒന്നും കാണേണ്ട, നമ്മുടെ സബ് എഡിറ്റര്‍ ഒരു ഫാര്‍മസിസ്റ്റാണ്.' സലില്‍ ചൗധരി എന്റെ നേരേ നോക്കി പറഞ്ഞു, 'ഓ, ഫാര്‍മസിസ്റ്റാണോ, എന്തെങ്കിലും ഒരു ഗുളിക എനിക്കു വാങ്ങിച്ചുതരൂ.' ഞാന്‍ ഉടനെ പോയി ക്രോസിനും വിക്കോറിലും വാങ്ങി വന്നു. അങ്ങനെ നിയമവിരുദ്ധമാണെങ്കിലും സലില്‍ ചൗധരിയെ ചികിത്സിച്ച പാരമ്പര്യവുംകൂടി എനിക്കുണ്ട്!

സലില്‍ ചൗധരി എന്ന മനുഷ്യന്‍ മധുമതി പോലുള്ള സിനിമകളില്‍ 'ആജാരേ പരദേശി' പോലുള്ള ഗംഭീരപാട്ടുകള്‍ ചെയ്ത് ഇന്ത്യന്‍ സിനിമയിലെ ഒന്നാംനമ്പര്‍ സംഗീതസംവിധായകനായ സമയത്ത് അദ്ദേഹം ഒരു കൊലക്കേസില്‍ പെടുന്നുണ്ട്. അതിന്റെ വിചാരണയും ശിക്ഷയും ഒക്കെ കഴിഞ്ഞുവന്നതോടെ അദ്ദേഹം സിനിമയില്‍നിന്ന് ഔട്ടായി. ആ സമയത്താണ് അദ്ദേഹം രാമു കാര്യാട്ടിന്റെ ചെമ്മീന്‍ സിനിമയ്ക്ക് സംഗീതം ചെയ്യാന്‍ വരുന്നത്. സലില്‍ ചൗധരിയുടെ ജീവിതത്തില്‍ ദുരന്തം സംഭവിച്ചില്ലായിരുന്നെങ്കില്‍ സലില്‍ ചൗധരിയെ ചെമ്മീനിലൂടെ മലയാളസിനിമയ്ക്ക് കിട്ടുകയില്ലായിരുന്നു.

സലില്‍ ചൗധരി തമിഴ്‌നാട്ടില്‍ ഒരു മലയാളസിനിമയുടെ റെക്കോഡിങ്ങിന് വരുന്നു എന്നു പറയുമ്പോള്‍ സൗത്ത് ഇന്ത്യന്‍ സിനിമയിലെ സംഗീതജ്ഞരെല്ലാം ത്രില്ലടിച്ചുനില്പാണ്. അതിന്റെ ഫോട്ടോ എടുക്കുന്നത് അമ്പിളിയാണ്. അമ്പിളിയോട് കെ.കെ. ജോയ് വന്നു പറയും, 'സലില്‍ ചൗധരിയും ഞാനുംകൂടി എപ്പോള്‍ അടുത്തുവന്നാലും ചാടി ഫോട്ടോ എടുത്തോണം. അതിന് എത്ര പൈസ വേണമെങ്കിലും ഞാന്‍ തന്നോളാം. സലില്‍ ചൗധരിയോട് എന്തെങ്കിലും അഭിപ്രായം പറയുന്ന മാതിരി അഭിനയിക്കും. അപ്പോള്‍ അമ്പിളി ഫോട്ടോ എടുത്തോളണം.'

എനിക്ക് അന്ന് ആശ്ചര്യം തോന്നിയ ഒരു സംഗതിയുണ്ട്. ശ്യാം അന്ന് മലയാളസിനിമയിലെ അറിയപ്പെടുന്ന സംഗീതസംവിധായകനാണ്. പിന്നീട് ഞാന്‍ എഴുത്തുകാരനും ഡയറക്ടറും ഒക്കെ ആയപ്പോള്‍ ഞങ്ങളുടെ ഒരുപാട് സിനിമകള്‍ക്ക് സംഗീതം പകര്‍ന്നത് ശ്യാംജിയാണ്. ഞാന്‍ മലയാളസിനിമയില്‍ ഏറ്റവും കൂടുതല്‍ ബഹുമാനിക്കുന്ന വ്യക്തിയാണ് ശ്യാം. മലയാളസിനിമയിലെ ജെന്റില്‍മാന്മാര്‍ എന്നു വിളിക്കാവുന്നത് രണ്ടു മ്യൂസിക് ഡയറക്ടേഴ്‌സിനെയാണ്. ഒന്ന്, ജി. ദേവരാജന്‍ മാസ്റ്റര്‍, പിന്നെ ശ്യാം. ഇവര്‍ കഴിഞ്ഞേ എന്റെ പരിചയസീമയില്‍ കുലീനതയ്ക്ക് മറ്റൊരു പേരുള്ളൂ (അത് പിന്നീടു പറയാം).
റെക്കോഡിങ് കഴിഞ്ഞ് ഇറങ്ങാന്‍ നേരം സലില്‍ ചൗധരിയോട് ശ്യാം പറഞ്ഞു: 'സലില്‍ ദാ, എന്റെയൊരു പാട്ട് അപ്പുറത്തെ സ്റ്റുഡിയോയില്‍ ട്രാക്കെല്ലാം എടുത്തുവെച്ചിരിക്കുകയാണ്. എസ്. ജാനകി പാടും. സലില്‍ ദാ അതൊന്നു കേട്ടു നോക്കണം.'

ശ്യാം ഒരു മ്യൂസിക് ഡയറക്ടറാണ് എന്ന് കേള്‍ക്കുന്നതില്‍ സലില്‍ ചൗധരിക്ക് ശകലമൊരു പരിഹാസമുണ്ട്. 'ഓ, ശ്യാമും മ്യൂസിക് ഡയറക്ടര്‍ ആണല്ലോ, അല്ലേ, ഞാന്‍ വരാം' എന്നു പറഞ്ഞു കൂടെ പോയി. ഞങ്ങളും ചെന്നു. ശ്യാമിന്റെ ഒരു മോശം പാട്ട് ആയിരിക്കും കേള്‍ക്കാന്‍ പോകുന്നത് എന്ന് എല്ലാവരും ധരിച്ചു. സലില്‍ ചൗധരിയും അങ്ങനെ ധരിച്ചു എന്ന് അദ്ദേഹത്തിന്റെ ശരീരഭാഷയില്‍നിന്നു മനസ്സിലായി.

എസ്. ജാനകി പാടിയ പാട്ടിന്റെ ആദ്യത്തെ വരി കേട്ടശേഷം ഞാന്‍ സലില്‍ ചൗധരിയുടെ മുഖത്തേക്കാണു നോക്കിയത്. ആ മുഖം വിളറുന്നു. കാരണം, മൂന്നു ദിവസംകൊണ്ട് സലില്‍ ചൗധരി റെക്കോഡ് ചെയ്ത, അന്തിവെയിലെ പൊന്നിലെ ഏതു പാട്ടിനെക്കാളും മികച്ചതാണ് ശ്യാമിന്റെ പാട്ട്. സലില്‍ ചൗധരി സ്തംഭിച്ച് ഇരുന്നാണ് അതു കേട്ടത്. അത് ഇന്നും മലയാളസിനിമയിലെ സൂപ്പര്‍ ഹിറ്റാണ്. 'മൈനാകം കടലില്‍നിന്നുയരുന്നുവോ ചിറകുള്ള മേഘങ്ങളായ്...' മമ്മൂട്ടി ആദ്യമായി നായകനായി അഭിനയിച്ച തൃഷ്ണ എന്ന സിനിമയിലെ ഗാനം.

സലില്‍ ചൗധരി എന്ന വലിയ മനുഷ്യന്‍ അവിടെയിരുന്ന് ഗംഭീരമായി പാട്ടിനെ അഭിനന്ദിക്കുകയും ചില ചില്ലറ കറക്ഷന്‍സ് ശ്യാംജിക്ക് പറഞ്ഞുകൊടുക്കുകയും (എസ്. ജാനകി പാടിയതിനെക്കുറിച്ച് ആണെന്നു തോന്നുന്നു) ചെയ്തു. അരമിനിറ്റ് നേരത്തെ വിളറലിനുശേഷം സലില്‍ ചൗധരി ശരിക്കും ഒരു ശിഷ്യന്റെ വിജയത്തില്‍ സന്തോഷിക്കുന്നതും കണ്ടു.

കട്ട്-കട്ട് ഒരു തമാശപ്രസിദ്ധീകരണമാണ്. ഒരാളെ ഇന്റര്‍വ്യൂ ചെയ്താല്‍ പറയുന്നതും പറയാത്തതും എല്ലാം നമ്മള്‍ എഴുതും. അങ്ങനെ ഞാന്‍ അക്കാലത്ത് ഒരു സംഗീതസംവിധായകനെ ഇന്റര്‍വ്യൂ ചെയ്യാന്‍ പോയി. അദ്ദേഹം സത്യം പറഞ്ഞാല്‍ പൂര്‍വസൂരികളായ ദേവരാജന്‍മാഷ്, ദക്ഷിണാമൂര്‍ത്തിസ്വാമി, ബാബുരാജ് തുടങ്ങിയവരെപ്പറ്റി വളരെ ബഹുമാനത്തോടുകൂടിയാണ് സംസാരിച്ചത്. പക്ഷേ, അവിടെ ഞാന്‍ ചില പൊടിക്കൈകള്‍ വെറുതേ 'കൈയീന്ന് ഇട്ടു.' 'ദേവരാജന്‍ മാഷ് അധികം പാട്ടുകളും ഒരു പ്രത്യേക ഗായികയെക്കൊണ്ട് പാടിക്കുന്നത് ശരിയാണോ?' 'ഇതിലൊന്നും ഞാന്‍ അഭിപ്രായം പറയുന്നത് ശരിയല്ലല്ലോ.' അദ്ദേഹം അത്രയേ പറഞ്ഞുള്ളൂ. പക്ഷേ, 'ദേവരാജന്‍മാഷ് എന്തിനാണ് ഇങ്ങനെയുള്ള ഗായികമാരെക്കൊണ്ട് പാടിക്കുന്നത്' എന്നാണ് അദ്ദേഹം പറഞ്ഞതായി ഇന്റര്‍വ്യൂവില്‍ ഞാന്‍ എഴുതിയത്. മാഷ് ഈ സംഭവത്തിന്റെ പേരില്‍ ഈ സംഗീതസംവിധായകനെ തല്ലാന്‍വരെ പോയിട്ടുണ്ട്. പില്ക്കാലത്ത് ദേവരാജന്‍ മാഷിനോട് ഞാന്‍തന്നെ പറഞ്ഞു, ഞാനാണ് അങ്ങനെ എഴുതിയത് എന്ന്.

അന്നു കാണിച്ച പല കുരുത്തേക്കടുകളെക്കുറിച്ചും എനിക്ക് തമാശരൂപേണ പറയാന്‍ ബുദ്ധിമുട്ടുണ്ട്. എങ്കിലും, സിനിമാപത്രപ്രവര്‍ത്തനത്തിന്റെ ഒരു പ്രത്യേക രീതി ആയിരിക്കാം; പറഞ്ഞതും പറയാത്തതും എഴുതിവെക്കുന്നത്. നമ്മള്‍ ഒരു അഭിപ്രായം പറഞ്ഞ് അവരെക്കൊണ്ട് മുക്കിമുക്കി ഒന്നു മൂളിക്കും. എന്നിട്ട് ഇത് അവരുടെ അഭിപ്രായമായിട്ട് കൃത്യമായി എഴുതിവെക്കും.

എന്നാല്‍, രാഷ്ട്രീയക്കാരെ ഇന്റര്‍വ്യൂ ചെയ്യുമ്പോള്‍ അതിന് മുതിര്‍ന്നിട്ടില്ല. ധൈര്യം ഉണ്ടായിരുന്നില്ല. അവരെ വെച്ച് തമാശ കളിക്കുന്ന കാര്യം അന്ന് തുടങ്ങിയിട്ടില്ല. ഇന്ന് പത്രപ്രവര്‍ത്തനം ആ ഒരു ട്രാക്കിലേക്ക് പോയിരിക്കുകയാണ്. ഇപ്പോള്‍ ടിവി ചാനലുകളില്‍ കാണാം, രാഷ്ട്രീയക്കാര്‍ വേറെ സന്ദര്‍ഭത്തില്‍ പറയുന്നതിനെ മറ്റുള്ള ആള്‍ക്കാരുടെ ശബ്ദം ഡബ്ബ് ചെയ്ത് കാണിക്കുക, ഉമ്മന്‍ചാണ്ടിയുടെ വിഷ്വല്‍സ് കാണിച്ചുകൊണ്ട്, ഏതെങ്കിലും സിനിമയില്‍ ജഗദീഷ് പറയുന്ന ഡയലോഗ് അതിന്റെ മേലെ ഓവര്‍ലാപ് ചെയ്യുക. അന്ന് അങ്ങനെയുള്ള ട്രോളുകളൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ, ഒരു സിനിമാമാസികയുടെ ഭാഗമായിട്ട്, തമാശ എന്നുള്ള നിലയ്ക്ക് ഇത്തരം കാര്യങ്ങള്‍ അന്ന് ചെയ്തിരുന്നു.

ഈരാളി ഒരു ഫുള്‍ടൈം പ്രൊഡ്യൂസറായി സ്ഥിരം മദ്രാസില്‍ത്തന്നെ കഴിഞ്ഞു. കട്ട് -കട്ടിന്റെ ഉടമസ്ഥരായ കോളേജ് അധ്യാപകര്‍ക്ക് അതില്‍ ശ്രദ്ധിക്കാനുള്ള സമയമില്ല. പിന്നെ കാര്‍ട്ടൂണിസ്റ്റിന്റെ അഭാവവും വന്നു. യേശുദാസനാണ് മാസിക തുടങ്ങിയത്. യേശുദാസന്റെ ഗംഭീരമായ വരകളുടെയും അദ്ദേഹത്തിന്റെ അസാധ്യമായ രചനാപാടവത്തിന്റെയും പുറത്താണ് ശരിക്കും കട്ട്-കട്ടിന് അടിത്തറ ഉണ്ടായത്. പിന്നീട് ഗഫൂര്‍മാഷ് വന്നു. ഗഫൂര്‍മാഷുംകൂടി പോയതോടെ തമാശ എഴുതാനോ വരയ്ക്കാനോ ആളില്ലാത്ത അവസ്ഥയിലേക്ക് കട്ട് -കട്ട് വന്നു.

അക്കാലത്ത് വൈ.എ. റഹീം എന്ന കാര്‍ട്ടൂണിസ്റ്റ് ഉണ്ടായിരുന്നു. വൈ.എ. റഹീം ഇടയ്ക്ക് വന്ന് വല്ലതും വരയ്ക്കുമായിരുന്നു. എന്നിട്ടും മാസിക നന്നായി പോകാത്ത അവസ്ഥയെത്തി. എന്നാല്‍, കൂടെയുള്ള കുമ്മാട്ടി എന്ന കുട്ടികളുടെ മാസിക വളരെ നന്നായി മുന്നോട്ടു പോയി. ആ സമയത്ത് ബാലരമ, പൂമ്പാറ്റ കഴിഞ്ഞാല്‍ മൂന്നാംസ്ഥാനത്ത് കുമ്മാട്ടി എത്തി. ഞാന്‍ നരേന്ദ്രനാഥിനെക്കൊണ്ട് നിര്‍ബന്ധിച്ച് എഴുതിച്ചതാണ് നമ്പൂരി അച്ചനും മന്ത്രവും എന്ന ബാലനോവല്‍. കുമ്മാട്ടിയില്‍ വന്ന ആ കൃതിക്ക് നരേന്ദ്രനാഥിന് ബാലസാഹിത്യ അവാര്‍ഡ് കിട്ടി.

അഥര്‍വം എന്ന സിനിമ എടുക്കുന്ന സമയത്ത്, നമ്പൂരി അച്ചനും മന്ത്രവും കഥ എടുത്താലോ എന്ന് ഞാന്‍ ആലോചിച്ചതാണ്. പക്ഷേ, മനു അങ്കിള്‍ എന്ന സിനിമ ചെയ്തിട്ട് തൊട്ടുപിറകെ അങ്ങനെ ഒരു പടം വേണ്ട എന്നു തീരുമാനിക്കുകയായിരുന്നു. അങ്ങനെ കട്ട്-കട്ട് കാര്‍ട്ടൂണ്‍ മാസിക നഷ്ടത്തിലാവുകയും കുമ്മാട്ടി മാത്രം കഷ്ടിച്ച് ലാഭത്തില്‍ പോയിക്കൊണ്ടിരിക്കുകയും ചെയ്യുന്ന സമയത്ത് ഇവര്‍ ഈ പ്രസിദ്ധീകരണങ്ങള്‍ നിര്‍ത്താന്‍ തീരുമാനിച്ചു. ഒരു സുപ്രഭാതത്തില്‍ ഞങ്ങളെയെല്ലാം തൊഴില്‍രഹിതരാക്കി കട്ട്-കട്ട് എന്നന്നേക്കുമായി കട്ടായി.

വിക്ടര്‍ ജോര്‍ജ് അന്ന് ഇഷ്ടമില്ലാതെ ഓട്ടോമൊബൈല്‍ മെക്കാനിസം പഠിക്കാന്‍ കോട്ടയത്ത് ഏതോ ഒരു ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്നിരിക്കുകയാണ്. അവന് അന്നേ ഫോട്ടോഗ്രഫിയില്‍ താത്പര്യമുണ്ടായിരുന്നു. ഞാനും ഗായത്രി അശോകുംകൂടി നിര്‍ബന്ധിച്ചാണ് അവനെ എറണാകുളത്ത് കൊണ്ടുവരുന്നത്.
വിക്ടര്‍ മനോരമയില്‍ ഫോട്ടോഗ്രാഫര്‍ ആകുംമുന്‍പ് അമ്പിളിയുടെ അസിസ്റ്റന്റായി ജോലി ചെയ്യുമായിരുന്നു. പിന്നീട് പീറ്റര്‍സാര്‍ എന്നു പറയുന്ന ആളിന്റെ അസിസ്റ്റന്റായും വര്‍ക്ക് ചെയ്തിട്ടുണ്ട്. കട്ട് -കട്ടിലും ഒരുപാട് പടങ്ങള്‍ എടുത്തിട്ടുണ്ട്. ആ കാലത്താണ് വിക്ടര്‍ മനോരമയില്‍ ജോലി കിട്ടി പോകുന്നത്.
അങ്ങനെ ഫലത്തില്‍ ഞാനും അമ്പിളിയും തൊഴില്‍രഹിതരായി. അമ്പിളിക്ക് പ്രശ്‌നമില്ല. അമ്പിളിയുടെ വീട് എറണാകുളത്തുതന്നെയാണ്, കലൂര്‍. പോരാത്തതിന് അവന്‍ വളരെ പ്രശസ്തനായ ഫോട്ടോഗ്രാഫറാണ്. ഏറ്റുമാനൂരേക്ക് മടങ്ങിപ്പോകേണ്ട അവസ്ഥയിലാണ് ഞാന്‍.

അമ്പിളിയുടെ അളിയനായ വിശ്വംഭരന്‍ ചേട്ടന്റെ കൂടെ അസിസ്റ്റന്റ് ഡയറക്ടറായി പോകാന്‍ ആ സമയത്ത് ഞാന്‍ ആലോചിച്ചു. എങ്കിലും സ്ഥിരംവരുമാനത്തിന് ഒരു ജോലി എന്ന നിലയ്ക്ക് ഒരു പ്രിന്റിങ് പ്രസ് തുടങ്ങാന്‍ ഞാനും അമ്പിളിയും ഗായത്രി അശോകുംകൂടി തീരുമാനിച്ചു. ഞങ്ങളുടെ ആരുടെയും കൈയില്‍ പൈസയൊന്നുമില്ല. കൂട്ടുകാരുടെ കൈയില്‍നിന്ന് കടം മേടിച്ചും പിന്നെ ബാങ്കില്‍നിന്ന് ഒരു ചെറിയ വായ്പ എടുത്തും ഒക്കെ ഞങ്ങള്‍ ചെറിയ സെക്കന്‍ഡ് ഹാന്‍ഡ് പ്രസ് തുടങ്ങി-ഗായത്രി പ്രിന്റേഴ്‌സ്.

ഈ പ്രസ് തുടങ്ങാനും കട്ട്-കട്ടിലെ ഒരു ബന്ധം ഞങ്ങള്‍ക്ക് ഉപകരിച്ചു (കുറച്ചു പൈസ കിട്ടാന്‍). കാരണം, പ്രൊഫ. തോമസ് ജോണ്‍ എന്ന വ്യക്തി (അദ്ദേഹം ഇന്നില്ല) കോണ്‍ഗ്രസ്സിന്റെ ഇലക്ഷന്‍ പ്രചാരണത്തിന്റെ എന്തോ ചുമതല വഹിച്ചിരുന്നു. ഞങ്ങള്‍ പ്രസ് തുടങ്ങുന്നതിനു മുന്‍പുതന്നെ സംസ്ഥാനതലത്തില്‍ ഒരു നോട്ടീസിന്റെ ലക്ഷക്കണക്കിനു കോപ്പി വേണ്ടിയിരുന്നു. അത് ന്യൂസ്പ്രിന്ററില്‍ അടിച്ചാല്‍ മതി. ഞങ്ങള്‍ അന്ന് 'പ്രസ്' എന്ന ബോര്‍ഡ് മാത്രം വെച്ചിട്ടേയുള്ളൂ. പ്രസ് ആയിട്ടില്ല. ഞങ്ങളെ സഹായിക്കാന്‍ അദ്ദേഹം ഈ നോട്ടീസ് അടിക്കാനുള്ള വര്‍ക്ക് ഞങ്ങള്‍ക്ക് തന്നു. ഞങ്ങള്‍ നേരേ കേരള ടൈംസ് പത്രത്തില്‍ പോയി. അന്ന് അവിടെ വെബ് ഓഫ്‌സെറ്റ് തുടങ്ങിയ കാലമാണ് (റീല്‍ കേറ്റി അടിക്കുന്ന അച്ചടി). അങ്ങനെ വെബ് ഓഫ്‌സെറ്റില്‍ ഞങ്ങള്‍ ഈ നോട്ടീസ് അടിച്ച് കട്ട് ചെയ്‌തെടുത്തു. ലോറിക്കണക്കിനാണ് നോട്ടീസ്. സാധാരണ ഒരു ട്രെഡില്‍ പ്രസ്സില്‍ ആണെങ്കില്‍ ഒന്നരക്കൊല്ലം ഇരുന്ന് അടിച്ചാലും തീരാത്തത്ര എണ്ണമാണ് നോട്ടീസ്.

ഈ പണിയില്‍ ഞങ്ങള്‍ക്ക് ഒരു ചെറിയ ലാഭം കിട്ടി. ഈ ലാഭവും ഒരു ചെറിയ വായ്പയുംകൊണ്ടാണ് ഞങ്ങള്‍ എറണാകുളത്ത് 'ഗായത്രി പ്രിന്റേഴ്‌സ്' തുടങ്ങിയത്.
ഞാന്‍ അങ്ങനെ പ്രസ്സില്‍ ഇരുപ്പ് തുടങ്ങി. അന്ന് എസ്.ടി. റെഡ്യാര്‍പോലുള്ള വന്‍കിടക്കാര്‍ നിലനില്ക്കുന്നതിനിടയ്ക്കാണ് നമ്മള്‍ ഈ സെക്കന്‍ഡ് ഹാന്‍ഡ് സാധനവും വെച്ച് ക്വാളിറ്റിയില്‍ പ്രിന്റിങ് നടത്തിയത്. അമ്പിളി ആര്‍ട്ടിസ്റ്റാണ്, അശോകും നല്ല ആര്‍ട്ടിസ്റ്റാണ്. അശോക് അന്ന് എറണാകുളത്ത് പോസ്റ്റര്‍ ഡിസൈനിങ് തുടങ്ങാനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിവരുന്ന സമയമാണ്.

ആ സമയത്താണ് എന്റെ ഒരു കസിന്‍ (ജോസ് പ്രകാശിന്റെ മകന്‍) രാജന്‍ ജോസഫ് പാര്‍ട്ണര്‍ ആയിട്ടുള്ള 'കൂടെവിടെ' എന്ന പത്മരാജന്റെ സിനിമ വരുന്നത്. അശോക് ആദ്യമായി ഒരു സ്വതന്ത്ര പരസ്യഡിസൈനര്‍ ആകുന്നത് ഈ ചിത്രത്തിലൂടെയാണ്. മലയാളസിനിമയുടെ പോസ്റ്റര്‍ ഡിസൈനിങ് ചരിത്രത്തില്‍ നാഴികക്കല്ലായിരുന്നു 'കൂടെവിടെ'. ആ സിനിമയ്ക്കു ശേഷമാണ് സിനിമയുടെ പത്രപ്പരസ്യത്തിന്റെ രീതി മാറിയത്. ആ ഒറ്റസിനിമയിലൂടെ അശോക് ആ രംഗത്തെ അനിഷേധ്യപ്രതിഭയായിത്തീര്‍ന്നു.

അശോകിന് സിനിമാപരസ്യരംഗത്ത് തിരക്കായി. ഞാനാണ് പ്രിന്റിങ് പ്രസ്സില്‍ ഇരിക്കുന്നത്. പ്രസ്സില്‍ ഇരുന്നാല്‍ പണി കിട്ടില്ല. ഞാനും അമ്പിളിയും കാന്‍വാസ് ചെയ്യാന്‍ മുഴുവന്‍ സമയവും പുറത്തായിരിക്കും. അപ്പോള്‍ പ്രസ്സില്‍ ഇരിക്കാന്‍ അമ്പിളി ഒരാളെ കൊണ്ടുവന്നു. അമ്പിളിയുടെ കസിന്‍ ആണ്. അച്ഛന്റെ അനുജന്റെ മകന്‍. എം.എ. കഴിഞ്ഞ, കവിതയൊക്കെ എഴുതുന്ന, കാവിവസ്ത്രം ധരിച്ച ഒരാള്‍. അദ്ദേഹം പ്രസ്സില്‍ ഇരിക്കും. പിന്നീട് അദ്ദേഹം എന്റെ കൂടെ അസിസ്റ്റന്റായി വര്‍ക്ക് ചെയ്യാന്‍ തുടങ്ങി. എന്റെ സ്‌ക്രിപ്റ്റിന്റെയും അസിസ്റ്റന്റായി. അതിനുശേഷം അദ്ദേഹം ഗാനരചയിതാവായി. ഇപ്പോള്‍ ഒരു ചാനലിന്റെ ഹെഡായി ഇരിക്കുകയാണ്. മറ്റാരുമല്ല, സാക്ഷാല്‍ ഷിബു ചക്രവര്‍ത്തി.

അങ്ങനെ പ്രസ് നടന്നുപോകുന്നു. അത്യാവശ്യം പണികളൊക്കെ കിട്ടുന്നു. ജീവിതാവശ്യങ്ങള്‍ കഷ്ടിച്ച് നിറവേറുന്നു. ബാങ്കിലെ വായ്പ അടവുകളാകുന്നു. മുന്നോട്ടുപോകാവുന്ന അവസ്ഥയിലെത്തിയെങ്കിലും സിനിമയില്‍ ഒന്നുമാകാന്‍ പറ്റാത്തതില്‍ എനിക്ക് എന്തോ ഒരു വിഷമം. എന്തെങ്കിലും ചെയ്‌തേ പറ്റൂ എന്ന് ഒരു തോന്നല്‍. അങ്ങനെ പ്രസ്സില്‍ ഇരിക്കുന്ന ഒഴിവുവേളകളില്‍ ഞാന്‍ ഇരുന്ന് ഒരു തിരക്കഥ അങ്ങ് എഴുതി.

ഈരാളി സാറിന്റെ കൂടെ കട്ട്-കട്ടില്‍ ഇരുന്ന പരിചയം മാത്രമാണ് അതിന്റെ ഊര്‍ജം. എന്റെ കൈയക്ഷരം അതീവകുഴപ്പമാണ്. എഴുതി പത്തു മിനിട്ട് കഴിഞ്ഞാല്‍ എനിക്കുതന്നെ വായിക്കാന്‍ പറ്റാതാകും. അതുകൊണ്ട് എനിക്ക് ഇതിന്റെ കോപ്പി എടുത്തുതന്നത് അശോകിന്റെ ഭാര്യ ഗിരിജയാണ്. ഞങ്ങളെല്ലാവരും സഹപാഠികളാണ്. ക്ലാസ്‌മേറ്റിനെ പ്രേമിച്ചതുകൊണ്ട് അശോക് വളരെ നേരത്തേ കല്യാണം കഴിച്ചു.

അങ്ങനെ ചിലര്‍വഴി ഈ തിരക്കഥ പല സംവിധായകരെയും കാണിക്കാന്‍ തുടങ്ങി. അശോകാണ് കാണിക്കുന്നത്. ആ സമയത്ത് അശോക് സിനിമയുടെ വളരെ വലിയ പബ്ലിസിറ്റി ഡിസൈനറായിക്കഴിഞ്ഞിരുന്നു. അശോകിന് സ്വാധീനമുള്ള പല സ്ഥലത്തും തിരക്കഥയെത്തി. വായിക്കുന്നവര്‍ക്കെല്ലാം നന്നായി ഇഷ്ടപ്പെടുകയും ഓരോരോ കാരണംകൊണ്ട് ഒന്നും നടക്കാതെ തിരക്കഥ തിരികെ വരികയും ചെയ്തു.

കലൂര്‍ ഡെന്നീസും ജോണ്‍ പോളും ആണ് അന്ന് എറണാകുളത്ത് താമസിക്കുന്ന ഏറ്റവും തിരക്കുള്ള രണ്ടു തിരക്കഥാകൃത്തുക്കള്‍. ഇവരെയൊക്കെ ഞങ്ങള്‍ക്ക് നന്നായി അറിയാം. ഞങ്ങളുടെ പ്രസ്സിലും ഗായത്രി അശോകിന്റെ ഓഫിസിലും ഒത്തുകൂടുന്ന ഞങ്ങളുടെ വളരെ സീനിയേഴ്‌സായിട്ടുള്ള ആള്‍ക്കാരാണ്.
ഞാന്‍ എഴുതിവെച്ചിരിക്കുന്ന തിരക്കഥ കലൂര്‍ ഡെന്നീസിന് ഇഷ്ടപ്പെട്ടു. 'ഞാന്‍ ഇത് ഒരാളെ ഒന്നു കാണിക്കട്ടെ' എന്നും പറഞ്ഞ് ഡെന്നീസ് അത് വാങ്ങിക്കൊണ്ടുപോയി. ആരെയാണ് കാണിക്കുന്നത് എന്നൊന്നും എന്നോടു പറഞ്ഞില്ല.

അങ്ങനെ ഇരിക്കുമ്പോള്‍ ഒരു ദിവസം ഗായത്രി അശോകിന്റെ ഓഫിസിലേക്ക് ഡയറക്ടര്‍ പി. ചന്ദ്രകുമാറിന്റെ ഒരു ഫോണ്‍ വന്നു. ചന്ദ്രകുമാര്‍ അശോകിനോട് ചോദിച്ചു, 'ഡെന്നിസ് എന്നു പറയുന്ന ആള്‍ ആരാണ്?' അദ്ദേഹം എന്നെ എറണാകുളത്തുള്ള വുഡ്‌ലാന്‍ഡ്‌സ് ഹോട്ടലിലേക്ക് വിളിപ്പിച്ചു. ചന്ദ്രകുമാര്‍ ഒരുവര്‍ഷം പത്തും പതിനഞ്ചും സിനിമകള്‍ സംവിധാനം ചെയ്യുന്ന കാലമാണ്. ചന്ദ്രകുമാര്‍ തിരക്കഥ വായിച്ചിരുന്നു. വളരെ ഇഷ്ടപ്പെട്ടു എന്ന് എന്നോടു പറഞ്ഞു.
ചന്ദ്രകുമാര്‍ തുടര്‍ന്നു, 'ഞാന്‍ ഓവര്‍ കമ്മിറ്റഡാണ്. അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള പടങ്ങള്‍ സ്‌ക്രിപ്റ്റ് സഹിതം ഫിക്‌സ് ചെയ്തുവെച്ചിരിക്കുകയാണ്. എനിക്കിത് വളരെ ഇഷ്ടപ്പെട്ടു. പക്ഷേ, ഹോള്‍ഡ് ചെയ്തുവെക്കുന്നില്ല. വേറെ ആരെങ്കിലും ഇത് ചെയ്യുന്നെങ്കില്‍ ചെയ്‌തോട്ടെ.'

ഞാന്‍ എഴുതിയ ഒരു സ്‌ക്രിപ്റ്റ് വളരെ ആധികാരികമായി ഒരു ഡയറക്ടര്‍ 'കൊള്ളാം, വളരെ നന്നായിരിക്കുന്നു' എന്നു പറഞ്ഞത് ആദ്യം ചന്ദ്രകുമാര്‍ ആണ്. 'ഉടനെ അതു ചെയ്യാന്‍ പറ്റില്ല' എന്ന് അദ്ദേഹം പറഞ്ഞതുകൊണ്ട് എനിക്ക് തെല്ലു നിരാശ തോന്നി. ഞാന്‍ അവിടന്ന് ഇറങ്ങാന്‍ നേരം ചന്ദ്രകുമാര്‍ പറഞ്ഞു, 'ഡെന്നീസ് നിങ്ങള്‍ മലയാളത്തിലെ നല്ല റൈറ്റര്‍ ആയിത്തീരും. കമേഴ്‌സ്യലി ഏറ്റവും കൂടുതല്‍ വിജയം വരിക്കുന്ന റൈറ്റര്‍. എന്റെ ആശംസകള്‍.'

സത്യത്തില്‍ ചന്ദ്രകുമാര്‍ അതു പറഞ്ഞത്, എന്റെ സ്വപ്‌നത്തിന്റെ ഒരു കോണില്‍പ്പോലുമുള്ള കാര്യമായിരുന്നില്ല. ഈ ഒരു സ്‌ക്രിപ്റ്റ് സിനിമയായാല്‍ കൊള്ളാം എന്നല്ലാതെ, ഇതു കണ്ടിട്ട് അടുത്ത പ്രോജക്ട് എനിക്ക് ആരെങ്കിലും തരണം എന്ന ആഗ്രഹമേ ഇല്ലായിരുന്നു. സ്‌ക്രിപ്റ്റിന്റെ കെയറോഫില്‍ ഷൂട്ടിങ് സമയത്ത് കടന്നുകൂടി വലിയ ഹേമദണ്ഡം ഇല്ലാതെ ഒരു സഹസംവിധായകനായി സിനിമയില്‍ കൂടാം എന്നു മാത്രമേ ആഗ്രഹിച്ചിട്ടുള്ളൂ.

Content Highlights: Dennis Joseph, Music Director Shyam, Salil Chowdhury, Nirakkoottukalillathe, Mathrubhumi Book

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Strike

4 min

റെയില്‍വേ യൂണിയനുകളുടെ വളര്‍ച്ചക്ക് ഇന്ത്യന്‍ സ്വാതന്ത്ര്യപ്രസ്ഥാനവുമായി എന്ത് ബന്ധം?

Sep 28, 2023


Cyber sex addiction

4 min

സൈബര്‍ സെക്‌സ് ആസക്തി; കുടുംബം തകര്‍ക്കും സമാധാനം കെടുത്തും, വേണ്ടത് ബോധവല്‍ക്കരണം

Sep 29, 2023


symbolic image

22 min

ദേവദാസികള്‍ ആദ്യം ക്ഷേത്ര സ്വത്ത്, പിന്നെ പ്രമാണിമാര്‍ക്ക്, ഒടുക്കം എച്ച്‌ഐവിയോടെ തെരുവിലേക്ക്...

Sep 4, 2023

Most Commented