ജയപ്രകാശ് നാരായണൻ, എ.കെ.ജി, ഇ.പി ജയരാജൻ
അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത് 1975 ജൂണ്‍ 25-ന് അര്‍ധരാത്രിയിലാണ്. കേന്ദ്ര മന്ത്രിസഭയിലെ ഭൂരിഭാഗം അംഗങ്ങള്‍ക്കും അത്തരമൊരു നീക്കത്തെപ്പറ്റി ചെറിയൊരു മണംപോലും അനുഭവപ്പെട്ടിരുന്നില്ല. അര്‍ധരാത്രിയോടടുപ്പിച്ച് മന്ത്രിസഭായോഗം വിളിച്ചുചേര്‍ക്കുകയായിരുന്നു. രാഷ്ട്രപതി ഫക്രുദ്ദീന്‍ അലി അഹമ്മദിനെ ഒരുക്കിനിര്‍ത്തുകയും ചെയ്തിരുന്നതായി പിന്നീട് വിവരം പുറത്തുവന്നു. അടിയന്തരാവസ്ഥ പ്രഖ്യാപനത്തില്‍ രാഷ്ട്രപതി ഒപ്പുവെക്കുന്നതിനു മുമ്പുതന്നെ പ്രമുഖ പ്രതിപക്ഷനേതാക്കളെ അറസ്റ്റ് ചെയ്ത് തടങ്കലിലാക്കി. പ്രസ് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തി. അതീവരഹസ്യമായി അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പൗരസ്വാതന്ത്ര്യം പൂര്‍ണമായി ഇല്ലാതാക്കുകയും ഏകാധിപത്യം അടിച്ചേല്‍പ്പിക്കുകയും ചെയ്തത് പൊടുന്നനേയുള്ള നടപടിയായിരുന്നില്ല. തന്റെ സര്‍ക്കാരിന്റെ തകര്‍ച്ച ആസന്നമായെന്ന ആശങ്കയാലാണ് ഇന്ദിരാഗാന്ധി ആ കടുംകൈ ചെയ്തത്. രാജ്യത്താകെ വളര്‍ന്നുവന്ന അഴിമതിക്കും ഏകാധിപത്യപ്രവണതകള്ക്കുമെതിരായി ജയപ്രകാശ് നാരായണന്റെ നേതൃത്വത്തില്‍ ഒരു മഹാപ്രസ്ഥാനം ആരംഭിച്ചത് രാജ്യത്തെയാകെ ഇളക്കിമറിച്ചുകൊണ്ടിരിക്കുകയായിരുന്നു. കേരളത്തില്‍ ഭൂമിക്കു വേണ്ടിയുള്ള മഹത്തായ പ്രസ്ഥാനം സി.പി.ഐ.എം. നേതൃത്വത്തില്‍ നടന്നുവരുന്ന ഘട്ടത്തില്‍ത്തന്നെയാണ് ഉത്തരേന്ത്യയിലും ഉണര്‍വു തുടങ്ങിയത്. എന്നാല്‍, അതിന് ഒരു വ്യത്യാസമുണ്ടായിരുന്നു. തീവ്ര ഹിന്ദുത്വ വര്‍ഗീയ കക്ഷിയായ ജനസംഘവും അവരുടെ സ്വയംസേവകരും തീവ്ര വലതുപക്ഷകക്ഷിയായ സ്വതന്ത്രപാര്‍ട്ടിയും സോഷ്യലിസ്റ്റ് പാര്‍ട്ടിയും ചേര്‍ന്ന സഖ്യമാണ് ഉത്തരേന്ത്യയില്‍ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. സോഷ്യലിസ്റ്റുകള്‍ക്ക് ഏറ്റവും ശക്തിയുള്ള ബിഹാറിലാണ് 1974 മാര്‍ച്ച് 18ന് പ്രസിദ്ധമായ വിദ്യാര്‍ഥി കലാപം പൊട്ടിപ്പുറപ്പെട്ടത്. ജയപ്രകാശ് നാരായണന്റെ ആഹ്വാനപ്രകാരം വിദ്യാര്‍ഥികള്‍ കലാലയങ്ങള്‍ ബഹിഷ്കരിച്ച് തെരുവിലിറങ്ങി. പരീക്ഷകള്‍ ബഹിഷ്കരിച്ചു. അതിശക്തമായി സമരം ആളിപ്പടരാന്‍ തുടങ്ങുകയായിരുന്നു. 'സമ്പൂര്‍ണ ക്രാന്തി' എന്ന പേരില്‍ സമഗ്രവിപ്ലവത്തിനാണ് ജയപ്രകാശ് ആഹ്വാനം ചെയ്തത്. 'ജെ.പി. പ്രസ്ഥാനം' എന്നറിയപ്പെട്ട അഭൂതപൂര്‍വമായ ഈ ജനമുന്നേറ്റത്തില്‍ ജനസംഘവും സോഷ്യലിസ്റ്റുകളും സ്വതന്ത്ര പാര്‍ട്ടിക്കാരും കോണ്‍ഗ്രസ്സില്‍നിന്നു പല കാരണങ്ങളാല്‍ പുറത്തായവരുമൊക്കെ അണിചേര്‍ന്നു. കോണ്‍ഗ്രസ് ഭരണത്തെ അട്ടിമറിക്കുന്നതിനുള്ള ആസൂത്രിത സമരത്തിന്റെ തുടക്കമാണിതെന്ന പ്രതീതി രാജ്യത്തിനകത്തും പുറത്തും ശക്തിപ്പെട്ടു.
1974 മേയ് എട്ടിനു തുടങ്ങിയ റെയില്വേസമരം ഇന്ത്യാചരിത്രത്തിലെതന്നെ ഏറ്റവും വലിയ ട്രേഡ് യൂണിയന് സമരമാണ്. ലക്ഷക്കണക്കിനു റെയില്‍വേ തൊഴിലാളികള്‍ അണിനിരന്ന സമരം കാരണം തീവണ്ടിഗതാഗതം സ്തംഭിച്ചു. പതിനേഴു ലക്ഷത്തോളം തൊഴിലാളികള്‍ സമരത്തില്‍ അണിനിരന്നു. സോഷ്യലിസ്റ്റ് നേതാവ് ജോര്‍ജ് ഫെര്‍ണാണ്ടസാണ് സമരത്തിന് ധീരമായി നേതൃത്വം നല്‍കിയത്. മിനിമം വേതനവും എട്ടുമണിക്കൂര്‍ ജോലിയും ബോണസ്സുമടക്കമുള്ള ആവശ്യങ്ങളുയര്‍ത്തി നടന്ന സമരത്തില്‍ ഭരണകക്ഷിയുടെ യൂണിയനായ ഐ.എന്‍.ടി.യു.സിയും എ.ഐ.ടി.യു.സിയും ഒഴിച്ച് മറ്റു മിക്ക യൂണിയനുകളും പങ്കെടുത്തു. ബറോഡയില്‍ റെയില്‍ തകര്‍ക്കാന്‍ ഡയനാമിറ്റ് വെക്കാന്‍ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് ഫെര്‍ണാണ്ടസ്സിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. സമരത്തിന് നേതൃത്വം നല്കിയ ആയിരക്കണക്കിന് നേതാക്കളും പ്രവര്‍ത്തകരും ജയിലിലായി. പതിനായിരക്കണക്കിന് സ്ഥിരം ജീവനക്കാരെയും താത്കാലിക തൊഴിലാളികളെയും പിരിച്ചുവിട്ടു. രാജ്യത്താകെ തൊഴിലാളിവര്‍ഗത്തെ ഉണര്‍ത്തി സമരശക്തിയാക്കുന്നതില് ഐതിഹാസികമായി മാറിയ സമരം പക്ഷേ, വലിയ ആനുകൂല്യങ്ങളൊന്നുമില്ലാതെ മേയ് 28ന് പിന്‍വലിക്കേണ്ടിവന്നു. പിരിച്ചുവിട്ടവരെ തിരിച്ചെടുത്തതും ബോണസ് അടക്കമുള്ള ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചതും അടിയന്തരാവസ്ഥയ്ക്കുശേഷം അധികാരത്തില്‍ വന്ന സര്‍ക്കാരാണ്. മൊറാര്‍ജി സര്‍ക്കാരും ചരണ്‍സിങ് സര്‍ക്കാരും.
ജെ.പി. പ്രസ്ഥാനം പട്ന ഗാന്ധിമൈതാനത്തു നടന്ന ജനലക്ഷങ്ങള്‍ പങ്കെടുത്ത ഐതിഹാസികമായ റാലിയോടെ ദേശീയതലത്തില്‍ വളര്‍ന്നു. ഈ പുതിയ പ്രസ്ഥാനത്തോട് എന്തു നിലപാടെടുക്കുമെന്നതില്‍ ഇടതുപക്ഷത്തെ നയിക്കുന്ന സി.പി.ഐ.എമ്മില്‍ ഏകാഭിപ്രായമായിരുന്നില്ല. ജയപ്രകാശ് പ്രസ്ഥാനത്തെ ഫാസിസ്റ്റ് പ്രസ്ഥാനമെന്നാണ് കോണ്‍ഗ്രസ്സും സര്‍ക്കാരും ആക്ഷേപിച്ചത്. വലതുപക്ഷ വര്‍ഗീയ ഫാസിസ്റ്റ് ശക്തികളാണ് ജെ.പി. പ്രസ്ഥാനമെന്നും അവരുടെ സമഗ്രവിപ്ലവം ഇന്ത്യയില്‍ തീവ്ര വലതുപക്ഷവത്കരണം നടപ്പാക്കാനാണെന്നും സി.പി.ഐയും പ്രമേയത്തില്‍ വ്യക്തമാക്കി. സോവിയറ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടിയടക്കമുള്ള വിദേശപാര്ട്ടികളുടെ പിന്തുണ ഇന്ദിരാഗാന്ധി ചോദിച്ചുവാങ്ങി. പട്നയില്‍ ജെ.പി. പ്രസ്ഥാനത്തെ ആക്ഷേപിച്ച് ഫാസിസ്റ്റ് വിരുദ്ധ റാലി കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു. സി.പി.ഐ.അതില്‍ പ്രധാന പങ്കുവഹിച്ചു. സി.പി.എസ്.യുവിന്റെ പ്രതിനിധികളും കണ്‍വന്‍ഷനില്‍ പങ്കെടുത്തത് വലിയ വിമര്‍ശനത്തിനിടയാക്കി. ജെ.പി. പ്രസ്ഥാനത്തിന് വലതുപക്ഷ തീവ്രസ്വഭാവമുണ്ടെങ്കിലും സോഷ്യലിസ്റ്റുകളും അതിന്റെ ഭാഗമാണ്, അത് കേന്ദ്ര സര്‍ക്കാരിന്റെ തികച്ചും ജനവിരുദ്ധവും അഴിമതി നിറഞ്ഞതുമായ ഭരണത്തെ തകര്‍ത്തെറിയാന്‍ ശക്തമായി പോരടിക്കുന്നു എന്നതിനാല്‍ വിശാലമായ അര്‍ഥത്തില്‍ അതിനെ പിന്താങ്ങാന് സി.പി.ഐ.എം. ഭൂരിപക്ഷാഭിപ്രായപ്രകാരം തീരുമാനിച്ചു. എന്നാല്‍, സി.പി.ഐ. അടക്കമുള്ള പാര്‍ട്ടികള്‍ സി.പി.ഐ.എമ്മിന്റെ ഈ നിലപാട് തീവ്ര വലതുപക്ഷവര്‍ഗീയ ശക്തികള്‍ക്ക് ശക്തിപകരുന്ന മാര്‍ക്സിസ്റ്റ് വിരുദ്ധ നിലപാടാണെന്ന് ആക്ഷേപിച്ചു. സൂക്ഷ്മാര്‍ഥത്തില്‍ അതില്‍ ശരിയുണ്ടെങ്കിലും മുഖ്യശത്രുവിനെതിരായ ജനവികാരത്തിനൊപ്പം നില്ക്കാതിരിക്കുന്നത് വലിയ തിരിച്ചടിയുണ്ടാക്കുമെന്ന നിഗമനത്തിലാണ് സി.പി.ഐ.എം എത്തിയത്. ഗാന്ധിജിയുടെ സഹപ്രവര്‍ത്തകനും കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപകനും ജവാഹര്‍ലാര്‍ നെഹ്രുവിനോടടുത്തോളം തലയെടുപ്പുള്ള ദേശീയ ജനനേതാവും ക്വിറ്റ് ഇന്ത്യാ സമരനായകനുമെല്ലാമായ ലോക്നായക് ജയപ്രകാശാണ് പ്രസ്ഥാനത്തെ നയിക്കുന്നതെന്നതിനാല്‍ ജനസംഘം, സ്വതന്ത്രപ്രഭൃതികളുടെ പങ്കാളിത്തം അവഗണിക്കാം എന്ന നിലപാടാണെടുത്തത്. മധുലിമായെയും ഫെര്‍ണാണ്ടസും നയിക്കുന്ന സോഷ്യലിസ്റ്റ് പാര്‍ട്ടിയാണ് ബിഹാറിലെ ജെ.പി. പ്രസ്ഥാനത്തിന്റെ മുന്നണിയില്‍ എന്ന അനുകൂലഘടകവുമുണ്ടായിരുന്നു.
ഇന്ദിരാഗാന്ധിക്കെതിരായ മഹാപ്രസ്ഥാനം രാജ്യവ്യാപകമാക്കുന്നതിന്റെ ഭാഗമായി ജെ.പി. എല്ലാ സംസ്ഥാനങ്ങളിലും പര്യടനമാരംഭിച്ചു. ജെ.പിയെ ഫാസിസ്റ്റ് നേതാവായി ചിത്രീകരിച്ച് അദ്ദേഹത്തിന്റെ സ്വീകരണപരിപാടികള്‍ കരിങ്കൊടിപ്രകടനം നടത്തി കലക്കാന്‍ കോണ്‍ഗ്രസ്സും സി.പി.ഐയും തീരുമാനിച്ചു. കൊല്‍ക്കത്തയിലും തിരുവനന്തപുരത്തും അവര്‍ കരിങ്കാലിസമരം നടത്താന്‍ ഭരണത്തിന്റെ അനുകൂലസാഹചര്യംകൂടി പ്രയോജനപ്പെടുത്തി ശ്രമം നടത്തി. എന്നാല്‍ സി.പി.ഐ.എം. ആയിരക്കണക്കിനു പ്രവര്‍ത്തകരെ അണിനിരത്തി ജെ.പിയെ വരവേറ്റു. ചെങ്കൊടികളുമായി ആയിരങ്ങള്‍ സ്വീകരണത്തിനെത്തിയതോടെ കരിങ്കൊടിപ്രകടനം നടത്താനാവാത്ത സാഹചര്യമുണ്ടായി. എന്നാല്‍, ജെ.പിയുടെ സ്വീകരണപരിപാടി അലങ്കോലപ്പെടുത്താനും സ്വീകരണത്തിലെത്തിയവരെ തിരിച്ചയയ്ക്കാനും കേരളത്തില്‍ പോലീസ് എല്ലാ അടവുകളും പ്രയോഗിച്ചു. കണ്ണൂരില്‍ അത് സംഘട്ടനത്തില്‍ കലാശിച്ചത് അന്ന് വലിയ വാര്‍ത്തയായിരുന്നു. അന്ന് കേരള സോഷ്യലിസ്റ്റ് യുവജന ഫെഡറേഷന്റെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായ ഇ.പി. ജയരാജന് സംഘടനയുടെ പ്രധാന പ്രവര്‍ത്തകരെ നയിച്ച് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ജെ.പിക്ക് അഭിവാദ്യമര്‍പ്പിക്കാനെത്തി. അന്ന് ഇടതുമുന്നണിയുടെ സംസ്ഥാന കണ്‍വീനറായ എം.പി. വീരേന്ദ്രകുമാര്‍ അറിയിച്ചതനുസരിച്ചാണ് റെയില്‍വേ സ്റ്റേഷനില്‍ സ്വീകരണജാഥ ഒരുക്കിയത്. എ.കെ.ജിയും സി.പി.ഐ.എം. ജില്ലാ സെക്രട്ടറി എം.വി. രാഘവനും സ്റ്റേഷനിലെത്തി ജെ.പി. ഇരുന്ന കംപാര്‍ട്ട്മെന്റില്‍ കയറി അദ്ദേഹവുമായി ചര്‍ച്ച നടത്തി. ഈ സമയത്താണ് ജെ.പിക്കെതിരായ മുദ്രാവാക്യം മുഴക്കി യൂത്ത് കോണ്‍ഗ്രസ്സുകാരും എത്തിയത്. സ്റ്റേഷനില്‍നിന്ന് സംഘട്ടനമുണ്ടാക്കാതെ പോയെങ്കിലും പുറത്തെത്തിയപ്പോള്‍ യൂത്ത് കോണ്ഗ്രസ്സുകാര് കെ.എസ്.വൈ.എഫ്. ജാഥയുടെ പിന്നില്‍ ഉണ്ടായിരുന്ന ഏതാനും പേരെ ആക്രമിച്ചു. അപ്പോഴേക്കും പോലീസ് എത്തി. കെ.എസ്.വൈ.എഫ്. പ്രവര്‍ത്തകരെ വിരട്ടിയോടിച്ചു. യൂത്ത് കോണ്‍ഗ്രസ്സിന്റെ കൂടെ ചേര്‍ന്ന് പോലീസ് നടത്തിയ അതിക്രമത്തില്‍ പ്രതിഷേധിച്ച് റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം മുഴക്കിയ ഇ.പി. ജയരാജനെ പോലീസ് തല്ലിച്ചതച്ചു റോഡില്‍ത്തന്നെ ഉപേക്ഷിച്ചുപോയി. അബോധാവസ്ഥയിലായ ജയരാജനെ ആശുപത്രിയിലെത്തിക്കാന്‍ പോലീസ് തയ്യാറായില്ല. ജില്ലാ പോലീസ് മേധാവിയുടെ വീടിനു മുന്നില്‍ സത്യഗ്രഹം നടത്തുമെന്ന് എ.കെ.ജി. മുന്നറിയിപ്പു നല്‍കിയതിനെ തുടര്‍ന്നാണ് ജയരാജനെ ആദ്യം ടൗണ്‍ പോലീസ് സ്റ്റേഷനിലേക്കും തുടര്‍ന്ന് ആശുപത്രിയിലേക്കും മാറ്റിയത്.
ജെ.പി. പ്രസ്ഥാനവുമായി സി.പി.ഐ.എം. യോജിച്ചു പ്രവര്‍ത്തിക്കാന്‍ തുടങ്ങുന്നതിന്റെ തുടക്കങ്ങളിലൊന്നായിരുന്നു ഇത്. ജെ.പി. പ്രസ്ഥാനം ശക്തിപ്പെട്ടതോടെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനെതിരായ ഐക്യമുന്നണി രൂപപ്പെടാനും തുടങ്ങി. ഗുജറാത്ത് നിയമസഭയിലേക്ക് 1975 ജൂണ്‍ 10-നു നടന്ന തിരഞ്ഞെടുപ്പില്‍ സംഘടനാ കോണ്‍ഗ്രസ്സും സോഷ്യലിസ്റ്റുകളുമെല്ലാം യോജിച്ചു. മൊറാര്‍ജി ദേശായിയുടെ നേതൃത്വത്തില്‍ നടന്ന കാമ്പയിന് വലിയ ആവേശം സൃഷ്ടിച്ചു. ജൂണ്‍ 12ന് വോട്ടെണ്ണിയപ്പോള്‍ വിജയം പ്രതിപക്ഷസഖ്യത്തിന്. 168ല്‍ 75 സീറ്റ് മാത്രമാണ് കോണ്‍ഗ്രസ്സിനു കിട്ടിയത്. പ്രതിപക്ഷസഖ്യത്തിന്റെ നേതാവായ ബാബുഭായി പട്ടേല്‍ മുഖ്യമന്ത്രിയായി. ഗുജറാത്ത് തിരഞ്ഞെടുപ്പുഫലം വന്ന അതേ ദിവസമാണ് റായ്ബറേലിയിലെ ഇന്ദിരാഗാന്ധിയുടെ വിജയം ചോദ്യം ചെയ്ത് എതിര്‍സ്ഥാനാര്‍ഥി രാജ്നാരായണന് നല്കിയ കേസില്‍ ഉത്തരപ്രദേശ് ഹൈക്കോടതിയുടെ വിധിയുണ്ടായത്. ഇന്ദിരാഗാന്ധിയുടെ തിരഞ്ഞെടുപ്പ് അസാധുവാക്കുകയും തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് അവര്‍ക്ക് ആറുവര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തുകൊണ്ടുള്ള വിധി. ആ വിധി അടുത്ത ദിവസംതന്നെ സുപ്രീംകോടതി സ്റ്റേ ചെയ്തതിനാല്‍ ഇന്ദിരയ്ക്ക് അധികാരത്തില്‍ തുടരാന്‍ തടസ്സമില്ലെന്നുവന്നു. എന്നാല്‍ രാജ്യത്തുടനീളം ഇന്ദിരാഭരണത്തിനെതിരായ ജനവികാരം അലയടിച്ചുയരുകയായിരുന്നു. ഈ സാഹചര്യത്തിലാണ് 1975 ജൂണ്‍ 25-ന് രാത്രി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
കെ. ബാലകൃഷ്ണന് രചിച്ച് മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച കമ്മ്യൂണിസ്റ്റ് കേരളം എന്ന പുസ്തകത്തില്‍ നിന്നും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..