കേരളത്തെ പ്രകാശിപ്പിക്കുന്ന എക്കാലത്തെയും വലിയ വെളിച്ചത്തെ നേരില്‍ കൊണ്ടയാളാണ് സി.വി കുഞ്ഞുരാമന്‍ (1871-1949). നാരായണ ഗുരുവിന്റെ ശിഷ്യനും കേരള കൗമുദിയുടെ സ്ഥാപകനും ചിന്തകനും എഴുത്തുകാരനുമെല്ലാമായി നവോത്ഥാന കേരളത്തില്‍ നിറഞ്ഞു നിന്ന മനീഷി. ഗുരുവും ശിഷ്യനും തമ്മിലെ ഈ സംവാദമാവണം മലയാളത്തില്‍ രേഖപ്പെടുത്തപ്പെട്ട ആദ്യ അഭിമുഖങ്ങളില്‍ ഒന്ന്. ഉത്തരങ്ങളില്‍ ചോദ്യങ്ങള്‍ നിറയുന്ന സംവാദം കൂടിയാണിത്. 

ഇനിയും ഒരു സംശയം കൂടിയുണ്ട്.

ഗുരു: അതെന്താണ്?

മതപരിവര്‍ത്തനോത്സാഹം സമുദായമധ്യത്തില്‍ ഇപ്പോള്‍ വര്‍ധിച്ചുവരുന്നുണ്ട്. ചിലര്‍ ബുദ്ധമതം നന്നെന്നും ചിലര്‍ ക്രിസ്തുമതം നന്നെന്നും ചിലര്‍ ആര്യസമാജം നന്നെന്നും ഇങ്ങനെ ഉത്സാഹം പല വഴിക്കായിട്ടാണ് കണ്ടുവരുന്നത്. മതപരിവര്‍ത്തനം ആവശ്യമില്ലെന്ന് പറയുന്നവരുമുണ്ട്.

ഗുരു: മതത്തിന് ആഭ്യന്തരവും ബാഹ്യവുമായ രണ്ട് വശങ്ങളുണ്ട്. ഇവയില്‍ ഏതിനാണ് പരിവര്‍ത്തനം വേണമെന്ന് പറയുന്നത്? ബാഹ്യമായ മാറ്റത്തിനാണുത്സാഹമെങ്കില്‍ അത് മതപരിവര്‍ത്തനമല്ല. സമുദായ പരിവര്‍ത്തനമാണ്. ആഭ്യന്തരമതത്തിന് പരിവര്‍ത്തനം ചിന്താശീലമുള്ള ഓരോ വ്യക്തി, ക്രമേണ സംഭവിച്ചുകൊണ്ടുതന്നെയിരിക്കുന്നു. അത് വിജ്ഞാനവര്‍ധനയോടുകൂടി സ്വാഭാവികമായി മാറുകയല്ലാതെ, ആര്‍ക്കും മാറ്റുവാന്‍ കഴിയുന്നതല്ല. ഹിന്ദുമതം, ക്രിസ്തുമതം എന്നിങ്ങനെ പ്രത്യേക നാമങ്ങളാല്‍ അറിയപ്പെടുന്ന മതങ്ങളില്‍ ചേര്‍ന്നിരിക്കുന്നവരില്‍ ഒരാള്‍ക്ക് ആ മതത്തില്‍ വിശ്വാസമില്ലെന്നുവന്നാല്‍ അയാള്‍ ആ മതം മാറുകതന്നെയാണ് വേണ്ടത്. വിശ്വാസമില്ലാത്ത മതത്തില്‍ ഇരിക്കുന്നത് ഭീരുതയും കപടവുമാണ്. അവന്‍ മതം മാറുന്നത് അവനും നന്നാണ്. അവന് വിശ്വാസമില്ലാതായ മതത്തിനും നന്നാണ്. ഒരു മതത്തിനും ആ മതത്തില്‍ അവിശ്വാസികളുടെ സംഖ്യ വര്‍ധിക്കുന്നത് ശ്രേയസ്‌കരമല്ലല്ലോ. 

ഹിന്ദുമതത്തില്‍ തന്നെ ഇരിക്കണമെന്ന് പറയുന്നവര്‍ ഇപ്പോഴത്തെ ഹിന്ദുമതം നന്നല്ലെന്നും പറയുന്നുണ്ട്.

ഗുരു: അപ്പോള്‍ അവര്‍ ഹിന്ദുക്കള്‍ക്ക് മാത്രമല്ല, ഹിന്ദുമതത്തിനുംകൂടി പരിവര്‍ത്തനം വേണമെന്ന് പറകയാണ്. ഹിന്ദുമതം എന്നൊരു മതമേ ഇല്ലല്ലൊ. ഹിന്ദുസ്ഥാനനിവാസികളെ ഹിന്ദുക്കള്‍ എന്ന് വിദേശീയര്‍ പറഞ്ഞുവന്നു. ഹിന്ദുസ്ഥാനനിവാസികളുടെ മതം ഹിന്ദുമതം എന്നാണെങ്കില്‍ ഹിന്ദുസ്ഥാനത്ത് ഇപ്പോള്‍ അധിവസിക്കുന്ന ക്രിസ്ത്യാനികളുടേയും മുഹമ്മദീയരുടേയും മതങ്ങളും ഹിന്ദുമതം തന്നെയാണ്. അങ്ങനെ ആരും പറയുന്നുമില്ല; സമ്മതിക്കുന്നുമില്ല. ഇപ്പോള്‍ ഹിന്ദുമതമെന്ന് പറയുന്നത് ക്രിസ്തുമതം മുഹമ്മദുമതം മുതലായി ഹിന്ദുസ്ഥാനത്തിന് വെളിയില്‍ നിന്നുവന്ന മതങ്ങള്‍ ഒഴിച്ച് ഹിന്ദുസ്ഥാനത്തില്‍തന്നെ ഉദ്ഭവിച്ചിട്ടുള്ള മതങ്ങള്‍ക്കുള്ള ഒരു പൊതുപ്പേരാകുന്നു. അതുകൊണ്ടാണ് ബുദ്ധമതം, ജൈനമതം മുതലായവയും ഹിന്ദുമതം തന്നെയെന്ന് ചിലര്‍ പറയുന്നത്.weekly

വൈദികമതം, പൗരാണികമതം, സാംഖ്യമതം, വൈശേഷികമതം, മീമാംസക മതം, ദ്വൈതമതം, അദ്വൈതമതം, വിശിഷ്ടാദ്വൈതമതം, ശൈവമതം, ശാക്തേയമതം, വൈഷ്ണവ മതം എന്നിങ്ങനെ പ്രത്യക്ഷത്തില്‍ വിഭിന്നങ്ങളായിരിക്കുന്ന അനേകമതങ്ങള്‍ക്ക് എല്ലാറ്റിനുംകൂടി ഹിന്ദുമതം എന്ന് ഒരു പൊതുപ്പേര് പറയുന്നത് യുക്തിഹീനമല്ലെങ്കില്‍ മനുഷ്യജാതിക്കെല്ലാറ്റിനും മോക്ഷപ്രാപ്തിക്ക് ഉപയുക്തങ്ങളായി ദേശകാലാവസ്ഥകള്‍ അനുസരിച്ച് ഓരോ ആചാര്യന്മാര്‍ ഈഷദീഷല്‍ ഭേദങ്ങളോടുകൂടി ഉപദേശിച്ചിട്ടുള്ള എല്ലാ മതങ്ങള്‍ക്കുംകൂടി ഏകമായ ലക്ഷ്യത്തോടുകൂടിയ 'ഏകമതം' എന്നുപറയുന്നതില്‍ എന്തിനാണ് യുക്തിഹീനതയെ സംശയിക്കുന്നത്?

പുതിയലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്‌

അഭിമുഖത്തിന്റെ പൂര്‍ണരൂപം വായിക്കാം

 

Content Highlights: Debate between Sri Narayana Guru and  C.V. Kunhiraman