അധോലോക മാഫിയാ തലവന്‍ ദാവൂദ് ഇബ്രാഹിമിനെക്കുറിച്ച്, തീവ്രവാദസംഘങ്ങളെക്കുറിച്ച് മുന്‍ ഡല്‍ഹി പോലീസ് കമ്മിഷണര്‍ നീരജ് കുമാര്‍ എഴുതിയ 'ദാവൂദ് ഇബ്രാഹിം മുതല്‍ ഐ.എസ്.ഐ.വരെ' എന്ന പുസ്തകത്തില്‍നിന്ന്. ക്രൈംത്രില്ലര്‍ ബോളിവുഡ് സിനിമയെ അനുസ്മരിപ്പിക്കുംവിധമാണ് നീരജ്കുമാറിന്റെ വിവരണം. 
 

ന്യൂഡല്‍ഹി. 1993 ജൂലായ് 23-ലെ സായാഹ്നം. സര്‍ദാര്‍ പട്ടേല്‍ മാര്‍ഗിലെ തിക്കും തിരക്കും നിറഞ്ഞ റോഡിലൂടെ, ഡല്‍ഹി ക്രൈംബ്രാഞ്ചിന്റെ ഒരു കാര്‍ സാഹസികമായി മുന്നോട്ടുപോവുകയാണ്. ഒറ്റനോട്ടത്തില്‍ അതൊരു സ്വകാര്യകാറാണെന്നേ ആരും കരുതൂ. സര്‍ക്കാരിന്റെയോ പോലീസിന്റെയോ മുദ്രയോ അടയാളങ്ങളോ ഒന്നുമില്ല. ആ കാറിലിരിക്കുന്ന ഇന്‍സ്‌പെക്ടറുടെ കണ്ണുകള്‍ തൊട്ടുമുന്‍പില്‍ പൊയ്ക്കൊണ്ടിരിക്കുന്ന ഒരു മാരുതി കാറില്‍ തറച്ചുനില്‍ക്കുകയാണ്. മുന്‍പിലെ കാര്‍ ദൗലാക്വാന്‍ റൗണ്ട് വലംവെച്ചു തിരിയുംവരെ അദ്ദേഹം ക്ഷമാപൂര്‍വം കാത്തിരുന്നു. രണ്ടു കാറുകളും റൗണ്ട് പിന്നിട്ടുകഴിഞ്ഞു. ഇപ്പോള്‍ നാഷണല്‍ ഹൈവേ 'എട്ടി'ലൂടെയാണവരുടെ യാത്ര. പെട്ടെന്ന് മുന്നില്‍ പോകുന്ന കാറിനെ മറികടന്ന് അതു തടഞ്ഞുനിര്‍ത്താന്‍ ഇന്‍സ്‌പെക്ടര്‍ ഡ്രൈവറോട് നിര്‍ദേശിക്കുന്നു.

തുടര്‍ന്ന് അതിവേഗം കാറില്‍നിന്നു ചാടിയിറങ്ങിയ മഫ്തിയിലുള്ള പോലീസുകാര്‍ പിസ്റ്റളുകള്‍, മാരുതിയിലെ യാത്രക്കാര്‍ക്കു നേരേ ചൂണ്ടി കീഴടങ്ങാന്‍ ആവശ്യപ്പെടുന്നു. പടിഞ്ഞാറന്‍ യു.പി.യിലെ കുപ്രസിദ്ധ ഗുണ്ടാത്തലവനും ഒരുപാട് കൊലപാതക - കൊള്ളക്കേസുകളിലെ പ്രതിയുമായ അമിത് ത്യാഗി, പ്രതിരോധം അസാധ്യമാണെന്നു മനസ്സിലാക്കി കൈകള്‍ ഉയര്‍ത്തി കീഴടങ്ങാന്‍ തയ്യാറായി പുറത്തുവരുന്നു. അയാളുടെ ചെറുപ്പക്കാരനായ പങ്കാളി അനില്‍ ത്യാഗിയും ശ്യാംകിഷോര്‍ എന്നൊരു മൂന്നാമനും കീഴടങ്ങി. പോലീസുകാര്‍ അവരെയും സഞ്ചരിച്ച വാഹനവും പരിശോധിച്ചു. ആയുധങ്ങളോ സ്‌ഫോടകവസ്തുക്കളോ നിയമവിരുദ്ധമായുള്ള ഒന്നും കണ്ടെത്താനായില്ല.

അമിത് ത്യാഗിയുടെ കാര്യത്തില്‍ ക്രൈംബ്രാഞ്ചിനു രഹസ്യവിവരം കൈമാറിയ ആള്‍ നല്‍കിയ അടയാളങ്ങളെല്ലാം ശരിയാണെന്നു സംഘം കണ്ടെത്തി. മുംബൈക്കു പോകുന്ന ശ്യാം കിഷോറിനെ യാത്രയയക്കാന്‍ എയര്‍പോര്‍ട്ടിലേക്കു പോവുകയായിരുന്നു ത്യാഗിമാര്‍ രണ്ടും. പക്ഷേ, ഈ ശ്യാം കിഷോര്‍ ആരാണെന്ന് എത്ര ആലോചിച്ചിട്ടും ഇന്‍സ്‌പെക്ടര്‍ക്കു പിടികിട്ടിയില്ല. ഡല്‍ഹി പോലീസിന്റെ ക്രൈം റെക്കോഡ് ബ്യൂറോയില്‍ തിരഞ്ഞെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ ത്യാഗിമാരെ ചോദ്യംചെയ്തപ്പോഴാണ് അയാള്‍ ആരാണെന്ന കാര്യത്തില്‍ ഒരു വ്യക്തതയുണ്ടായത്.

ശ്യാം കിഷോറിന് ഡി കമ്പനിയുമായി ഉണ്ടായിരുന്ന സംശയാസ്പദമായ രഹസ്യബന്ധം അവര്‍ വെളിപ്പെടുത്തി (ദാവൂദ് ഇബ്രാഹിം നയിച്ചിരുന്ന മുംബൈ അധോലോകസംഘത്തിനെയാണ് 'ഡി' കമ്പനി എന്നു വിളിച്ചിരുന്നത്. ദാവൂദിന്റെ ആളുകള്‍ ഡല്‍ഹിയില്‍ അയാള്‍ക്ക് ഒരു അടിത്തറയൊരുക്കാനുള്ള ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ ലഭിച്ചിരുന്നു. പിന്നീട് ഞങ്ങള്‍ നടത്തിയ അതി ക്ലേശകരമായ അന്വേഷണത്തിനൊടുവില്‍ കിഴക്കന്‍ ഡല്‍ഹിയിലെ ഗഗന്‍വിഹാര്‍ എന്ന ഫ്‌ളാറ്റില്‍ അങ്ങനെയൊരു സങ്കേതം കണ്ടെത്തി. അവിടെനിന്ന് ഡി കമ്പനിയിലെ നാലംഗങ്ങളെക്കൂടി അറസ്റ്റുചെയ്തു. സുഭാഷ് സിങ് ഠാക്കൂര്‍, ബായി ഠാക്കൂര്‍, ചന്ദ്രകാന്ത് പാട്ടീല്‍, പരേഷ് ദേശായി എന്നിവരായിരുന്നു അവര്‍. അവരുടെ താമസസ്ഥലത്തുനിന്ന് വലിയതോതില്‍ ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തു. ഈ അറസ്റ്റുകള്‍ തുടര്‍ന്ന് പല സംഭവങ്ങള്‍ക്കും വഴിവെച്ചു. അതെല്ലാംതന്നെ അതിസങ്കീര്‍ണമായ വഴികളിലൂടെയാണ് രൂപപ്പെട്ടത്. ഈ സംഭവപരമ്പരകളാണ് മുംബൈ അധോലോകത്തിന്റെ വമ്പന്‍ തലവനുമായുള്ള എന്റെ സംഭാഷണങ്ങള്‍ക്ക് വഴിതുറന്നത്.

ഡെപ്യൂട്ടേഷനില്‍ സി.ബി.ഐ.യിലേക്കു പോകുംമുന്‍പ് ഡല്‍ഹി പോലീസിലെ എന്റെ ചുമതല ക്രൈംബ്രാഞ്ച് ഡി.സി.പി.യുടേതായിരുന്നു. ഞാന്‍ സി.ബി.ഐയില്‍ എത്തുംമുന്‍പാണ് ഡി കമ്പനിയില്‍പ്പെട്ട പ്രമുഖ കുറ്റവാളികള്‍ അറസ്റ്റു ചെയ്യപ്പെട്ടത്. ദാവൂദിനെയും സംഘത്തെയും എനിക്ക് അഭിമുഖീകരിക്കേണ്ടിവരുമെന്ന് അറിയാമായിരുന്ന ഇന്‍സ്‌പെക്ടര്‍ പ്രിഥ്വി സിങ്ങും അദ്ദേഹത്തിന്റെ മേലധികാരികളും ഡി കമ്പനിയിലെ ക്രിമിനലുകളെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ എനിക്കു കൈമാറി. മുംബൈയിലെ അധോലോക കുറ്റവാളികളെക്കുറിച്ച് അപ്പോള്‍ എന്റെ അറിവ് പരിമിതങ്ങളായിരുന്നു. അധോലോകസംഘനേതാക്കളുടെ പേരില്‍ ഡല്‍ഹി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ ടാഡ (TADA) പ്രകാരമായിരുന്നു. ആ ടാഡാ കേസുകളെല്ലാം സി.ബി.ഐ.യുടെ ഭാഗമായിത്തന്നെ രൂപവത്കരിക്കപ്പെട്ട എസ്.ടി.എഫിലേക്കു കൈമാറപ്പെട്ടു.

മുംബൈ അധോലോകത്തെ സംബന്ധിച്ച ഞങ്ങളുടെ അറിവുകള്‍ പരിമിതമായിരുന്നു. കസ്റ്റഡിയില്‍ കിട്ടിയ 'മാന്യന്മാരോ'ടുള്ള സംഭാഷണങ്ങളിലൂടെയാണ്, ദാവൂദ് ഇബ്രാഹിംസംഘത്തിന്റെ പ്രവര്‍ത്തനരീതികളെക്കുറിച്ച് വിലമതിക്കാനാവാത്ത വിവരങ്ങള്‍ ഞങ്ങള്‍ക്ക് പകര്‍ന്നുകിട്ടിയത്. അക്കൂട്ടത്തില്‍ സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വഴിവിളക്കുകളായി പ്രവര്‍ത്തിക്കുന്ന രണ്ടു പ്രമുഖരെക്കുറിച്ചുള്ള വിവരങ്ങളും ഉള്‍പ്പെടുന്നു. അഹമ്മദ് മന്‍സൂറും മനീഷ് ലാലയുമായിരുന്നു അവര്‍. ആദ്യത്തെയാള്‍ ഹവാലാ ബിസിനസിന്റെ ചുമതലക്കാരനും രണ്ടാമന്‍ ദാവൂദിന്റെ 'നിയമമന്ത്രി'യുമായിരുന്നു

ദാവൂദിനൊപ്പം വളര്‍ന്ന ഒരാളായിരുന്നു അഹമ്മദ് മന്‍സൂര്‍. ദാവൂദിന്റെ ആദ്യകാലജീവിതവും പില്‍ക്കാലജീവിതവും അയാള്‍ക്ക് നല്ലപോലെ അറിയാമായിരുന്നു. പിതാവ് ദാവൂദിനെ കര്‍ശനമായ അച്ചടക്കത്തിലാണ് വളര്‍ത്തിയത്. ഒരിക്കല്‍ ദാവൂദും അയാളുടെ സഹോദരനും ചെയ്ത ഏതോ കുറ്റത്തിന്, പിതാവ് അവരെ പൊതുജനങ്ങളുടെ മുന്നിലിട്ട് ചാട്ടവാര്‍കൊണ്ടടിക്കുകയുണ്ടായി. പിതാവ് ഒരു പോലീസ് കോണ്‍സ്റ്റബിളായിരുന്നു. ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന വൃത്തിഹീനമായ പരിസരങ്ങളുള്ള ഒരു ഇടുങ്ങിയ തെരുവിലെ ഒറ്റമുറിവീട്ടിലായിരുന്നു ദാവൂദിന്റെ കുടുംബം താമസിച്ചിരുന്നത്. അന്ന് അയാളുടെ ലോകത്തിന്റെ അതിരുകള്‍ ആ തെരുവിന്റെ അതിരുകളായിരുന്നു. ആ സാഹചര്യങ്ങളില്‍നിന്നും തനിക്ക് ശോഭനമായ ഭാവി ഉണ്ടാവുകയില്ലെന്നയാള്‍ മനസ്സിലാക്കി. ദാവൂദ് ഇബ്രാഹിമിന്റെ ദുബായിലെ ഇന്നത്തെ ജീവിതത്തിലെ രാജകീയാഡംബരങ്ങളെക്കുറിച്ചും അയാള്‍ വിശദീകരിച്ചു.

അയാള്‍ക്കേറ്റവും ഇഷ്ടപ്പെട്ട രണ്ടു കാര്യങ്ങള്‍ മുജ്റാസും* (mugra) സുന്ദരികളായ സ്ത്രീകളുമായിരുന്നു. അതുകൊണ്ടുതന്നെ ബോളിവുഡ്ഡില്‍ അയാള്‍ സജീവതാത്പര്യം നിലനിര്‍ത്തി. ക്രിക്കറ്റും അതിതാത്പര്യത്തോടെ പിന്തുടര്‍ന്നു. മുംബൈയില്‍ എല്ലാറ്റിനും അവസാനവാക്ക് ദാവൂദിന്റെതായിരുന്നു. റിയല്‍ എസ്റ്റേറ്റ് മേഖലയിലെ തര്‍ക്കങ്ങളില്‍ ശരിതെറ്റുകള്‍ നിശ്ചയിച്ചത് ദാവൂദായിരുന്നു. ബോളിവുഡ് സിനിമകളില്‍ ആരൊക്കെ അഭിനയിക്കണം, ഏതു പടം എന്ന് റിലീസു ചെയ്യണം തുടങ്ങി എല്ലാ കാര്യങ്ങളും നിശ്ചയിച്ചിരുന്നത് ദാവൂദിന്റെ കോടതിയായിരുന്നു. മിക്കവാറും എല്ലാ ബോളിവുഡ് വ്യക്തിത്വങ്ങളും അയാളെക്കണ്ട് തങ്ങളുടെ വിധേയത്വം അറിയിക്കാറുണ്ട്. സിനിമാനടികളോട് ഒരു പ്രത്യേക കമ്പംതന്നെ അയാള്‍ക്കുണ്ട്. ഒരു സിനിമാനടിയെ അയാള്‍ രഹസ്യമായി വിവാഹം ചെയ്തിട്ടുമുണ്ട്. അതില്‍ പിറന്ന മകനെ നടിയുടെ സഹോദരിയാണ് ബാംഗ്ലൂരില്‍ പാര്‍പ്പിച്ച് പഠിപ്പിക്കുന്നത്.

കഷ്ടപ്പെടുന്ന മനുഷ്യരെ സഹായിച്ച് ഒരു റോബിന്‍ഹുഡ് പ്രതിച്ഛായ എങ്ങനെയാണ് ദാവൂദ് സൃഷ്ടിക്കുന്നതെന്ന് ഉദാഹരിക്കുന്ന ഒട്ടേറെ കഥകള്‍ മന്‍സൂര്‍ പറഞ്ഞു. അതിലൊന്ന് ഒരു ഹിന്ദുവിധവയെ സംബന്ധിക്കുന്നതായിരുന്നു. നാപിയന്‍ സീ റോഡിലെ ഒരു പ്രധാനപ്പെട്ട സ്ഥലത്തായിരുന്നു അവരുടെ വീട്. ആ വീടിന്റെ ഉടമസ്ഥാവകാശത്തിന്റെ കാര്യം പറഞ്ഞ്, മരിച്ചുപോയ ഭര്‍ത്താവിന്റെ സഹോദരങ്ങള്‍ അവരെ ശല്യംചെയ്യാന്‍ തുടങ്ങി. അവര്‍ ആ വീട്ടില്‍ ബലംപ്രയോഗിച്ച് കടന്നുകൂടുകയും പ്രാദേശികഗുണ്ടകളെ അവിടെ താമസിപ്പിക്കുകയും ചെയ്തു. അധികാരികളില്‍നിന്ന് ആ വിധവയ്ക്ക് ഒരു സഹായവും ലഭിച്ചതുമില്ല. അവര്‍ എങ്ങനെയോ ദാവൂദിന്റെ നമ്പര്‍ തേടിപ്പിടിച്ച് ദുബായിലേക്കു വിളിച്ചു. അവരുടെ ഭാഗ്യത്തിന്, ദാവൂദ്തന്നെയായിരുന്നു റിസീവര്‍ എടുത്തത്. ആ സ്ത്രീയുടെ കഥ അയാള്‍ ക്ഷമയോടെ കേട്ടു. ആ സ്ത്രീയുടെ വിലാസം ചോദിച്ചു മനസ്സിലാക്കിയ ദാവൂദ്, അവിടേക്ക് തന്റെ ആളുകളെ നിയോഗിച്ചു. ദാവൂദ് നേരിട്ടു സംഭവത്തില്‍ ഇടപെട്ടിരിക്കുന്നു എന്നറിഞ്ഞ ഗുണ്ടകള്‍ ജീവനുംകൊണ്ടോടി. ദാവൂദ് വിധവയ്ക്കുവേണ്ടി നിലകൊള്ളുന്നെന്നു മനസ്സിലാക്കിയപ്പോള്‍ ഗുണ്ടകള്‍ മാത്രമല്ല വിധവയുടെ ഭര്‍ത്തൃസഹോദരന്മാരും വിഷയത്തില്‍നിന്നും തലയൂരി രക്ഷപ്പെട്ടു.

മന്‍സൂറിനെ ചോദ്യംചെയ്യുകയും തുടര്‍ന്ന് അന്വേഷണം നടക്കുകയും ചെയ്തപ്പോള്‍ ദാവൂദും ഈസ്റ്റ്വെസ്റ്റ് എയര്‍ലൈന്‍സും തമ്മിലുള്ള ചില ബന്ധങ്ങളും വെളിപ്പെട്ടു. ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ വിമാനക്കമ്പനിയായിരുന്നു അത്. പക്ഷേ, ഇപ്പോഴതു നിലവിലില്ല. ദാവൂദിന്റെ ആളുകളും ആ കമ്പനിയുടെ റീജണല്‍ മാനേജരും തമ്മില്‍ ചില അവിശുദ്ധ കൂട്ടുകെട്ടുകളുണ്ടായിരുന്നു.

dawood ibrahim muthal isi vareഅന്ന് അധികാരത്തിലുണ്ടായിരുന്ന വൈദ്യുതമന്ത്രിയും സിറ്റിങ് എം.പി.യും ദാവൂദിന്റെ സംഘത്തിന് അഭയസ്ഥാനങ്ങള്‍ ഒരുക്കിയതും ജനശ്രദ്ധയില്‍ കൊണ്ടുവരാന്‍ കഴിഞ്ഞു. കോടതിയുത്തരവ് പ്രകാരം മന്ത്രിയെയും എം.പി.യെയും റീജണല്‍ മാനേജരെയും അറസ്റ്റുചെയ്യുകയും തിഹാര്‍ ജയിലിലേക്കയക്കുകയും ചെയ്തു.

മനീഷ് ലാലയ്ക്ക് ദാവൂദ് ഇബ്രാഹിമുമായുള്ള അടുപ്പത്തെക്കുറിച്ചും അയാള്‍ക്ക് ഡി കമ്പനിയില്‍ ഉണ്ടായ അമ്പരപ്പിക്കുന്ന വളര്‍ച്ചയെക്കുറിച്ചും അഹമ്മദ് മന്‍സൂര്‍ വിശദമായ വിവരങ്ങള്‍ കൈമാറി. മുംബൈയിലുള്ള അയാളുടെ പല സ്ഥാപനങ്ങളും വസ്തുവകകളും ഞങ്ങള്‍ പിന്നീട് തിരിച്ചറിയുകയും അവിടങ്ങളിലെല്ലാം പരിശോധ നടത്തുകയും ചെയ്തു. മനീഷ് ലാലയുടെ കാര്യത്തില്‍ സി.ബി.ഐ. കൂടുതല്‍ താത്പര്യം കാണിക്കുന്നത് മുംബൈ പോലീസിനെ അദ്ഭുതപ്പെടുത്തി. ദാവൂദ് സംഘത്തിലെ മറ്റു പ്രതികള്‍ക്കുമേല്‍ മുംബൈ പോലീസ് ചെലുത്തിയ ജാഗ്രത എന്തുകൊണ്ടോ മനീഷ് ലാലയ്ക്കു നേരേ അവര്‍ പ്രദര്‍ശിപ്പിക്കുകയുണ്ടായില്ല.

1992 സെപ്റ്റംബര്‍ 12-ലെ ജെ.ജെ. ഹോസ്പിറ്റല്‍ വെടിവെപ്പുകേസിലെ ഒളിവില്‍ കഴിയുന്ന പ്രതിയായിരുന്നു അയാള്‍. ഇന്ത്യയുടെ വ്യവസായതലസ്ഥാനത്തെ ഞെട്ടിക്കുകയും രാജ്യവ്യാപകമായി അതിന്റെ അലകള്‍ ഇളക്കിവിടുകയും ചെയ്ത അധോലോക യുദ്ധതന്ത്രത്തിന്റെ വിളംബരമായിരുന്നു അത്. ജെ.ജെ. ഹോസ്പിറ്റല്‍ വെടിവെപ്പുകേസിലെ പ്രതികളായ സുഭാഷ് ഠാക്കൂര്‍, ശ്യാം കിഷോര്‍ ഗാരികാപതി എന്നിവര്‍ക്ക് അഭയം നല്‍കുകയും അവര്‍ക്കു പിന്തുണ നല്‍കുകയും ചെയ്തു എന്നതായിരുന്നു ലാലയുടെ പേരിലുള്ള കുറ്റം.

1980-കളിലും '90-കളിലും മുംബൈയില്‍ അരങ്ങേറിയ ഭയാനകവും ഭീകരവുമായ ഏറ്റുമുട്ടലുകളില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു അത്. ദാവൂദ് ഇബ്രാഹിമിന്റെ സംഘവും മറ്റൊരു അധോലോകനായകന്‍ അരുണ്‍ ഗാവ്ലിയുടെ സംഘവും തമ്മില്‍ പരസ്പരം മത്സരിച്ചു നടത്തിയ കൊലപാതകങ്ങള്‍ മുബൈയില്‍ ചോരപ്പുഴ ഒഴുക്കിയിരുന്ന കാലം. ആയിടയ്ക്ക് 1992 ജൂലായ് 26-ന് ദാവൂദിന്റെ അളിയന്‍ ഇസ്മയില്‍ പാര്‍ക്കര്‍ നാഗപഡയിലെ അയാളുടെ സ്വന്തം ഹോട്ടലിനുമുന്നില്‍ വെടിയേറ്റു മരിച്ചു. അരുണ്‍ ഗാവ്ലിയുടെ സംഘാംഗം ഷൈലേഷ് ഹാല്‍ഡന്‍കര്‍ ആയിരുന്നു കൊലയാളി. ഒരുമാസം കഴിഞ്ഞ് നാഗപഡയിലെ മറ്റൊരു ബിസിനസുകാരനെക്കൂടി അയാള്‍ വെടിവെച്ചു കൊന്നു, അവിടെ തടിച്ചുകൂടിയ ജനങ്ങള്‍ ഷൈലേഷിനെ മര്‍ദിച്ച് മൃതപ്രായനാക്കി. അപ്പോഴേക്കും പോലീസെത്തി അയാളെ അറസ്റ്റുചെയ്തു കൊണ്ടുപോയി. ഗുരുതരമായി പരിക്കേറ്റിരുന്നതിനാല്‍ അയാളെ സായുധപോലീസിന്റെ കാവലില്‍ ജെ.ജെ. ആശുപത്രിയിലെ 18-ാം വാര്‍ഡില്‍ പ്രവേശിപ്പിച്ചു.

1992 സെപ്റ്റംബര്‍ 12-ന് ദാവൂദ്, 24 കൊലയാളികളെ ജെ.ജെ. ആശുപത്രിയിലേക്കയച്ചു. അവര്‍ ആശുപത്രിയിലേക്ക് ഇരച്ചുകയറി 500 റൗണ്ട് വെടിവെച്ചു. മുംബൈയില്‍ ആദ്യമായി എ.കെ. 47 തോക്ക് കുറ്റവാളികള്‍ ഉപയോഗിക്കുന്നത് അന്നായിരുന്നു. ആ വെടിവെപ്പില്‍ ഷൈലേഷും രണ്ടു പോലീസുകാരും അപ്പോള്‍ത്തന്നെ മരിച്ചു. അവിടെയുണ്ടായിരുന്ന രോഗികള്‍, അവരെ ശുശ്രൂഷിക്കാന്‍ നിന്നവര്‍, പോലീസുകാര്‍ തുടങ്ങി ഒട്ടേറെ പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.

ദാവൂദ് ഇബ്രാഹിം മുതല്‍ ഐ.എസ്.ഐ വരെ: 11 സി.ബി.ഐ ഡയറിക്കുറിപ്പുകള്‍ ഓണ്‍ലൈനില്‍ വാങ്ങാം 

Content Highlights: Dawood Ibrahim Muthal ISI vare is the malayalam trasilation of  Neeraj Kumar's book  Dial D for Don: Inside Stories of CBI Case Missions