ദിപാങ്കർ ഭട്ടാചാര്യ| Photo: UNI
ഇടതുപക്ഷരാഷ്ട്രീയത്തില്‍ വ്യക്തികള്‍ക്കല്ല,ആശയത്തിനാണ് പ്രാധാന്യം. പക്ഷേ, സി.പി.ഐ.(എം.എല്‍.) ലിബറേഷന്‍ ദേശീയ ജനറല്‍ സെക്രട്ടറി ദിപാങ്കര്‍ ഭട്ടാചാര്യയെക്കുറിച്ച് പറയാനായി ആ പതിവ് രീതി മാറ്റിവയ്ക്കുകയാണ്. ദിപാങ്കര്‍ എന്ന വ്യക്തിയില്‍നിന്ന് ഒരു രാഷ്ട്രീയ ആശയത്തിലേക്ക് വികസിക്കുന്ന നടപ്പാതയിലാണ് ഈ നടത്തത്തിന്റെ തുടക്കം. പട്ന നഗരഹൃദയത്തിനുള്ളിലുള്ള കദംകുവയിലെ പാര്‍ട്ടി ഓഫീസില്‍വച്ചാണ് ബിഹാര്‍ മഹാസഖ്യത്തിലെ ഏറ്റവും വലിയ ഇടതുപാര്‍ട്ടിയായ സി.പി.ഐ.(എം.എല്‍.) ലിബറേഷന്റെ ദേശീയ ജനറല്‍ സെക്രട്ടറി ദിപാങ്കര്‍ ഭട്ടാചാര്യയെ കണ്ടത്. വിപ്ലവാശയങ്ങളില്‍ ആകൃഷ്ടനായി തീവ്രഇടത് രാഷ്ട്രീയത്തിലിറങ്ങിയ ദിപാങ്കറിന്റെ നിരീക്ഷണങ്ങള്‍ക്ക് പാവപ്പെട്ടവന്റെ ഹൃദയമിടിപ്പുണ്ട്. ഗുവാഹാട്ടിയില്‍ ജനിച്ച് കൊല്‍ക്കത്തയ്ക്കടുത്ത് നരേന്ദ്രപൂരിലെ രാമകൃഷ്ണമിഷന്‍ സ്കൂളിലായിരുന്നു ദിപാങ്കറിന്റെ സ്കൂള്‍ വിദ്യാഭ്യാസം.1979-ല്‍ പശ്ചിമബംഗാള്‍ ഹയര്‍സെക്കന്‍ഡറി ബോര്‍ഡ് നടത്തിയ പന്ത്രണ്ടാംക്ലാസ് പരീക്ഷയില്‍ ടോപ്പറായിരുന്നു. തുടര്‍ന്ന് ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് സ്റ്റാറ്റിസ്റ്റിക്സില്‍ ബിരുദാനന്തര ബിരുദം. പഠനകാലത്താണ് ഇടത് ധാരയിലെത്തിയത്. തൊണ്ണൂറുകള്‍വരെ ബിഹാറിലെ ഇടതുരാഷ്ട്രീയത്തിന്റെ മേല്‍വിലാസം സി.പി.ഐ.യും സി.പി.എമ്മും ആയിരുന്നെങ്കില്‍, 'മാലെ' എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന സി.പി.ഐ.എം.എല്ലാണ് ഇപ്പോള്‍ ഇടതുപാര്‍ട്ടികളെ നയിക്കുന്നത്. ഇക്കുറി ഇടതുപാര്‍ട്ടികള്‍ക്ക് ലഭിച്ച 29 സീറ്റുകളില്‍ പത്തൊമ്പതിലും മാലെയാണ് മത്സരിക്കുന്നത്.ദിപാങ്കര്‍ ഭട്ടാചാര്യ സംസാരിക്കുന്നു. ബിഹാറിന്റെ രാഷ്ട്രീയസമസ്യകളെക്കുറിച്ച്, മാറുന്ന രാഷ്ട്രീയനിര്വചനങ്ങളെക്കുറിച്ച്.
മനോജ് മേനോന്: രാജ്യത്തിന്റെ രാഷ്ട്രീയഭൂപടത്തില്‍ വിപുലമായി അടയാളപ്പെട്ട പ്രദേശമാണ് ബിഹാര്‍. അടിമുടി രാഷ്ട്രീയമുള്ള സംസ്ഥാനം. സോഷ്യലിസവും കമ്യൂണിസവും ജാതിരാഷ്ട്രീയവും പല മിശ്രിതങ്ങളായി ബിഹാറിന്റെ മണ്ണില്‍ ലയിച്ചുകിടക്കുന്നു. വൈരുധ്യങ്ങളും ഒട്ടേറെയാണ്. ഒരുകാലത്ത് ഇന്ത്യയുടെ അക്കാദമിക് ലോകമായിരുന്ന ബിഹാര്‍ പിന്നീട് അന്ധകാരത്തിലേക്ക് തിരിഞ്ഞുനടന്നു. ഈ സാഹചര്യത്തില്‍ ഇക്കുറി ബിഹാര്‍ തിരഞ്ഞെടുപ്പ് എത്രമാത്രം നിര്‍ണായകമാണ്? ഇടതുപാര്‍ട്ടികള്‍ക്ക് ബിഹാറില്‍ എന്തുചെയ്യാന്‍ കഴിയും?
ദിപാങ്കര്‍: മഹാസഖ്യത്തിന്റെ ഭാഗമായാണ് ഇത്തവണ ഇടതുപാര്‍ട്ടികള്‍ ബിഹാറില്‍ മത്സരിക്കുന്നത്. ഇത് എന്‍.ഡി.എ. വിരുദ്ധ സഖ്യമാണ്. ഇപ്പോള്‍ സൃഷ്ടിക്കാന്‍ കഴിയുന്ന ഏറ്റവും മികച്ച സാമൂഹികസഖ്യമാണ് ഇത്. 2019-ല്‍ മഹാസഖ്യത്തിലുണ്ടായിരുന്നവര് ഇപ്പോള്‍ ഈ സഖ്യത്തിലില്ല. എന്നാല്‍, ഇടതുപാര്‍ട്ടികള്‍ ഇപ്പോള്‍ മഹാസഖ്യത്തിന്റെ ഭാഗമാണ്. ആര്.ജെ.ഡി.യാണ് സഖ്യത്തെ നയിക്കുന്നത്. ജനാധിപത്യത്തെ സംബന്ധിച്ച് സ്ഥിരമായ ഒരു നിലപാടുള്ള പാര്‍ട്ടിയാണ് ആര്.ജെ.ഡി. ബി.ജെ.പി.യുമായി സഖ്യമുണ്ടാക്കാത്ത ചുരുക്കം ചില ബിഹാര്‍ പാര്‍ട്ടികളിലൊന്നാണിത്. മഹാസഖ്യത്തിലെ മറ്റൊരു പാര്‍ട്ടി കോണ്‍ഗ്രസാണ്. ബിഹാറില്‍ ഇപ്പോള്‍ അവര്‍ അത്ര ശക്തമല്ല. അതേസമയം, ഇടതുപാര്‍ട്ടികള്‍ക്ക് മഹാസഖ്യത്തില്‍ വളരെ പ്രകടമായ തരത്തിലുള്ള പ്രാതിനിധ്യമുണ്ട്. 29 സീറ്റുകളില്‍ ഇടതുപാര്‍ട്ടികള്‍ മത്സരിക്കുന്നു. സീറ്റുകളുടെ എണ്ണത്തിനുപരി ഇടതുപാര്‍ട്ടികളുടെ അജന്‍ഡകളുടെ സ്വാധീനം പ്രധാനമാണ്.
ബിഹാറില്‍ നടക്കുന്നത് യുവാക്കളുടെ തിരഞ്ഞെടുപ്പാണ്. തൊഴിലില്ലായ്മ വളരെ പ്രധാനപ്പെട്ട ചര്‍ച്ചാവിഷയമാണ്. വിദ്യാഭ്യാസസംവിധാനത്തിലെ പോരായ്മകള്‍ വലിയ ചര്‍ച്ചയാണ്. ബിഹാറിന് ഭരണകൂടങ്ങളില്‍നിന്ന് വിവേചനം മാത്രമല്ല ഒത്തിരി അപമാനവും അനുഭവിക്കേണ്ടി വരുന്നു. 2015-ല്‍ ജനങ്ങള്‍ നല്കിയ പിന്തുണയെ 2017-ല്‍ നിതീഷ് കുമാര്‍ വഞ്ചിച്ചു. ഏറ്റവും കൊടിയവഞ്ചന അനുഭവിച്ചത് ബിഹാറിലെ കുടിയേറ്റ തൊഴിലാളികളാണ്. ഇതൊക്കെ തിരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യപ്പെടുകയാണ്. മഹാസഖ്യത്തിന് വ്യക്തമായ ഭൂരിപക്ഷം കിട്ടുമെന്നാണ് ഞങ്ങള്‍ കരുതുന്നത്. ഈ സമയം ഞങ്ങള്‍ക്ക് അനുകൂലമാണ്. എല്ലാ തിരഞ്ഞെടുപ്പ് യോഗങ്ങളിലും ജനവികാരം കാണാന്‍ കഴിയുന്നുണ്ട്. ഇടതുപാര്‍ട്ടികളും മെച്ചപ്പെട്ട നിലയില്‍ എത്തും. ഈ അജന്‍ഡ വളരും.
മറ്റൊരു വിഷയം ബിഹാര്‍ ഒരു പരിണാമത്തിലാണ് എന്നതാണ്. തലമുറകളുടെ മാറ്റം സംഭവിക്കുകയാണ്. ഉദാഹരണത്തിന് ലാലു പ്രസാദ് യാദവ് ജയിലിലാണ്. ലാലുവിന്റെ മരണത്തോടെ ആര്.ജെ.ഡി. അവസാനിക്കുമെന്നാണ് ബി.ജെ.പി. കണക്ക് കൂട്ടിയത്. എന്നാല്‍, അത് സംഭവിച്ചില്ല. സംഭവിച്ചില്ലെന്ന് മാത്രമല്ല, പുതിയ നേതാക്കള്‍ ശക്തിയോടെ പാര്‍ട്ടിയെ മുന്നോട്ടുകൊണ്ടുപോകുന്നു. രാം വിലാസ് പാസ്വാന് നിര്‍ഭാഗ്യവശാല്‍ മരിച്ചു. അദ്ദേഹത്തിന്റെ മകന് ചിരാഗ് പാസ്വാന് പാര്‍ട്ടി നേതൃത്വം ഏറ്റെടുത്തു. ലോക് ജനശക്തി പാര്‍ട്ടിയില്‍ ഒരു അധികാരക്കൈമാറ്റം നടന്നിരിക്കുന്നു. എഴുപതുകളിലെ നാല് മുഖങ്ങള്‍ നിതീഷ്, ലാലു, പസ്വാന്, സുശീല്‍ കുമാര്‍ മോദി എന്നിവരായിരുന്നു. എന്നാല്‍ മറ്റെല്ലാ പാര്‍ട്ടികളിലും തലമുറക്കൈമാറ്റം നടന്നപ്പോള്‍ ജെ.ഡി.യുവില്‍ തലമുറമാറ്റം എവിടെ? ബി.ജെ.പി.യില്‍ തലമുറമാറ്റം എവിടെ? ഈ രണ്ട് പാര്‍ട്ടികളും വയസ്സായ നേതാക്കളുടെ ക്ഷീണിച്ച അജന്‍ഡകളാണ് നടപ്പാക്കുന്നത്. അവരുടെ അജന്‍ഡയില്‍ ഒരു പുതുമയുമില്ല.
എന്താണ് ചെയ്യേണ്ടതെന്ന് കണ്ടെത്തിയിട്ടാണ് മഹാസഖ്യവും ഇടതുപാര്‍ട്ടികളും അജന്‍ഡ ഉറപ്പിക്കുന്നത്. ബിഹാറില്‍ എന്താണ് ചെയ്യേണ്ടതെന്ന് നോക്കിയിട്ടാണ് ഞങ്ങള്‍ തീരുമാനമെടുക്കുന്നത്. എന്നാല്‍, എന്ത് ചെയ്യേണ്ടതില്ല എന്നാണ് നിതീഷ് കുമാര്‍ ആലോചിക്കുന്നത്. 15 വര്‍ഷം മുഖ്യമന്ത്രിപദം വഹിച്ചിട്ടും ഇപ്പോഴും തൊഴിലുണ്ടാക്കുന്നതിനെക്കുറിച്ച് നിതീഷിന് ചര്‍ച്ചചെയ്യേണ്ടി വരുന്നു. സംസ്ഥാനത്ത് പകുതിയും നിയമനം നടത്താതെ കിടക്കുന്ന വേക്കന്‍സികളാണ്. ഒന്നും ചെയ്യാന്‍ കഴിയില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഇതിനെതിരെ ജനങ്ങള്‍ പ്രതികരിക്കും. 15 വര്‍ഷത്തിനുശേഷം, ജനാധിപത്യത്തെക്കുറിച്ച് ചിന്തിക്കുന്ന എല്ലാവര്ക്കും ഇത് പ്രധാനപ്പെട്ട തിരഞ്ഞെടുപ്പാണ്. ബിഹാര്‍ വളരെ ശ്രദ്ധേയമായ, പ്രോത്സാഹനജനകമായ ഒരു തീരുമാനം കൈക്കൊള്ളുമെന്നാണ് ഞങ്ങള്‍ കരുതുന്നത്.
പുതിയലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തില്‍ നിന്നും
Content Highlights: CPIML leader Dipankar Bhattacharya Malayalam interview
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..