ഇന്ത്യക്കാര്‍ ഭരണഘടന ഉണ്ടാക്കി കാണിക്കട്ടെയെന്ന ബ്രിട്ടന്റെ വെല്ലുവിളിയാണ് അന്ന്‌ നാം ഏറ്റെടുത്തത്


ഇന്ത്യയിലെ ബ്രിട്ടീഷ് സെക്രട്ടറിയായിരുന്ന ലോഡ് ബെര്‍ക്കര്‍ ഹെഡ് പരിഹാസ്യം നിറഞ്ഞ പരാമര്‍ശം നടത്തുകയും ചെയ്തു: 'ഇന്ത്യയിലെ ജനങ്ങള്‍ പൊതുവേ അംഗീകരിക്കുന്ന ഭരണഘടനയ്ക്കു രൂപം നല്കാന്‍ ഇന്ത്യക്കാര്‍ക്കു കഴിയുമെന്ന് ആദ്യം തെളിയിക്കട്ടെ.'

പി. രാജീവ്

ഇന്ത്യന്‍ ഭരണഘടനയുടെ ചരിത്രത്തെയും സംസ്‌കാരത്തെയും സംബന്ധിച്ച പഠനമാണ് പി. രാജീവ് രചിച്ച ഭരണഘടന: ചരിത്രവും സംസ്‌കാരവും എന്ന പുസ്തകം. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ഈ പുസ്തകത്തില്‍ നിന്നും ഒരു ഭാഗം വായിക്കാം

രണഘടന അസംബ്ലിയുടെ തുടക്കത്തെ സംബന്ധിച്ചാണല്ലോ കഴിഞ്ഞ അധ്യായത്തില്‍ സൂചിപ്പിച്ചത്. ഭരണഘടന അസംബ്ലിക്കും ഭരണഘടനയ്ക്കും ദീര്‍ഘകാലചരിത്രമുണ്ടെന്നതാണ് യാഥാര്‍ഥ്യം. സൈമണ്‍ കമ്മീഷന്‍ ബഹിഷ്‌കരിച്ച സമരഘട്ടത്തിലാണ് ബ്രിട്ടീഷുകാര്‍ തലക്കെട്ടില്‍ സൂചിപ്പിച്ച ചോദ്യമുയര്‍ത്തുന്നത്. ബ്രിട്ടീഷ് ഇന്ത്യയുടെ ഭരണഘടനാപരിഷ്‌കരണത്തിനായി രൂപീകരിച്ച കമ്മീഷനാണല്ലോ സൈമണ്‍ കമ്മീഷന്‍ എന്ന് അറിയപ്പെട്ടിരുന്നത്. ഏഴംഗങ്ങളുള്ള കമ്മീഷനില്‍ ഒരാള്‍പോലും ഇന്ത്യക്കാരനായിരുന്നില്ല. ഇതു ശക്തമായ എതിര്‍പ്പു ക്ഷണിച്ചുവരുത്തി. ലാഹോറില്‍ പ്രതിഷേധത്തിനു നേതൃത്വം നല്കിയ ലാലാ ലജ്പത് റായ് ക്രൂരമായ ആക്രമണത്തിനു വിധേയനായി. തന്റെ ശരീരത്തില്‍ പതിച്ച ഓരോ അടിയും ബ്രിട്ടീഷ് ഭരണത്തിന്റെ ശവപ്പെട്ടിയിലെ അവസാന ആണികളാണെന്ന് അദ്ദേഹം അവിടെവെച്ചു പ്രഖ്യാപിച്ചു. മര്‍ദനത്തിന്റെ തുടര്‍ച്ചയില്‍ അദ്ദേഹം മരണപ്പെട്ടു. ഉയര്‍ന്നുവന്ന പ്രതിഷേധങ്ങളെ പരിഗണിക്കുന്നതിന് ബ്രിട്ടന്‍ തയ്യാറായിരുന്നില്ല. ഇന്ത്യയിലെ ബ്രിട്ടീഷ് സെക്രട്ടറിയായിരുന്ന ലോഡ് ബെര്‍ക്കര്‍ ഹെഡ് പരിഹാസ്യം നിറഞ്ഞ പരാമര്‍ശം നടത്തുകയും ചെയ്തു: 'ഇന്ത്യയിലെ ജനങ്ങള്‍ പൊതുവേ അംഗീകരിക്കുന്ന ഭരണഘടനയ്ക്കു രൂപം നല്കാന്‍ ഇന്ത്യക്കാര്‍ക്കു കഴിയുമെന്ന് ആദ്യം തെളിയിക്കട്ടെ.' ഈ വെല്ലുവിളി ഏറ്റെടുത്തതിന്റെ ഭാഗമായാണ് നെഹ്രു റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്. 1927-ലെ കോണ്‍ഗ്രസ് സമ്മേളനമാണ് ഈ തീരുമാനം എടുക്കുന്നത്. തുടര്‍ച്ചയില്‍ സര്‍വകക്ഷിയോഗം വിളിച്ചുചേര്‍ത്തു. ഈ യോഗം മോത്തിലാല്‍ നെഹ്രു ചെയര്‍മാനായി ഒരു കമ്മിറ്റിയെ തിരഞ്ഞെടുത്തു. സര്‍ അലി ഇമാം, തേജ് ബഹാദൂര്‍ സപ്രു, സുഭാഷ്ചന്ദ്ര ബോസ്, എം.ആര്‍. ജയ്കര്‍, ആനി ബെസന്റ് എന്നിവരായിരുന്നു അംഗങ്ങള്‍. മോത്തിലാലിന്റെ പുത്രനായ ജവാഹര്‍ലാല്‍ നെഹ്രുവായിരുന്നു ഈ കമ്മിറ്റിയുടെ സെക്രട്ടറി. സൈമണ്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനു മുന്‍പ് നെഹ്രു കമ്മിറ്റി അവരുടെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

ഇന്ത്യക്കാര്‍ മാത്രമാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയതെങ്കിലും പൂര്‍ണ സ്വാതന്ത്ര്യമോ റിപ്പബ്ലിക്കോ ഈ റിപ്പോര്‍ട്ടിന്റെ ഭാഗമായില്ലെന്നതും ശ്രദ്ധേയം. 1921ലെ അഹമ്മദാബാദ് സമ്മേളനത്തില്‍ കമ്യൂണിസ്റ്റുകാര്‍ പൂര്‍ണസ്വരാജ് ആവശ്യപ്പെടുന്ന പ്രമേയം അവതരിപ്പിച്ചിരുന്നു. എന്നാല്‍, കോണ്‍ഗ്രസ് അത് അംഗീകരിക്കുന്നതിന് പിന്നെയും ഒരു ദശകംകൂടി കാത്തിരിക്കേണ്ടിവന്നു. നെഹ്രു കമ്മിറ്റി തയ്യാറാക്കിയ ഭരണഘടനയുടെ ആദ്യ ആര്‍ട്ടിക്കിള്‍ ഇപ്രകാരമായിരുന്നു: 'ഇന്ത്യയെന്നത് ബ്രിട്ടീഷ് സാമ്രാജ്യത്തിലെ രാഷ്ട്രങ്ങളായ ഡൊമിനിയന്‍ ഓഫ് കാനഡ, കോമണ്‍വെല്‍ത്ത് ഓഫ് ഓസ്‌ട്രേലിയ, ഡൊമിനിയന്‍ ഓഫ് ന്യൂസിലന്‍ഡ്, യൂണിയന്‍ ഓഫ് സൗത്ത് ആഫ്രിക്ക, ഐറിഷ് സ്റ്റേറ്റ്‌സ് എന്നീ രാജ്യങ്ങള്‍ക്കുള്ള ഭരണഘടനാപദവിയും സമാധാനത്തിനും ഇന്ത്യയിലെ ഭരണത്തിനും ആവശ്യമായ നിയമം നിര്‍മിക്കാന്‍ അധികാരമുള്ള പാര്‍ലമെന്റും പാര്‍ലമെന്റിനോട് ഉത്തരവാദിത്വമുള്ള എക്‌സിക്യൂട്ടീവുമുള്ള കോമണ്‍വെല്‍ത്ത് ഓഫ് ഇന്ത്യ എന്നറിയപ്പെടും.' എന്നാല്‍, ഈ കോമണ്‍വെല്‍ത്ത് ഓഫ് ഇന്ത്യയിലും മൗലികാവകാശങ്ങള്‍ ഉറപ്പുവരുത്തുന്നതായിരുന്നു ഈ റിപ്പോര്‍ട്ട്. അതോടൊപ്പം രാജ്യത്തിന് ഔദ്യോഗികമായ മതം ഉണ്ടായിരിക്കില്ലെന്ന് പ്രഖ്യാപിച്ചു. സ്ത്രീക്കും പുരുഷനും തുല്യമായ അവകാശങ്ങള്‍ നല്കി. ഫെഡറല്‍ഘടനയെയും പ്രാദേശികഭാഷകളെയും പൊതുവേ അംഗീകരിക്കുന്ന ഒന്നായിരുന്നു നെഹ്രു റിപ്പോര്‍ട്ട്. ഇന്ത്യക്കാര്‍ക്ക് ഭരണഘടന തയ്യാറാക്കാന്‍ കഴിയുമെന്നു തെളിയിച്ചെങ്കിലും എല്ലാ ജനങ്ങളും അംഗീകരിക്കുന്ന ഒന്നായി അതു മാറിയില്ല എന്നതും ചരിത്രത്തിന്റെ ഭാഗമാണ്. മുസ്‌ലിം ലീഗ് നേതൃത്വം ഈ രേഖ തള്ളിക്കളഞ്ഞു. ജിന്നയുടെ പതിനാലു പോയിന്റുകളുള്ള വിയോജനം മുസ്‌ലിം ലീഗിന്റെ പ്രവര്‍ത്തനരേഖയായി മാറി.

ഇതിനു മുന്‍പും പിന്‍പുമായി ഇന്ത്യക്കാരും ബ്രിട്ടീഷുകാരും തയ്യാറാക്കിയ നിരവധി ഭരണഘടനാരേഖകളും റിപ്പോര്‍ട്ടുകളും ഇന്ത്യന്‍ ഭരണഘടനയുടെ നിര്‍മാണത്തെ സഹായിച്ചിട്ടുണ്ട്. അവയില്‍ പ്രധാനമായവ മാത്രമാണ് പരാമര്‍ശിക്കുന്നത്. ആദ്യമായി ഭരണഘടന അസംബ്ലി എന്ന ആശയം മുന്നോട്ടുവെച്ചത് എം.എന്‍. റോയിയാണെന്ന് നേരത്തേ സൂചിപ്പിച്ചിരുന്നല്ലോ. എന്നാല്‍, ഈ ആശയം ലോകത്തിനു പുതിയതായിരുന്നില്ല. ലോകത്തിലെ ജനാധിപത്യവിപ്ലവത്തിന്റെ അവിഭാജ്യഭാഗമായിരുന്നു ഭരണഘടന അസംബ്ലികള്‍. 1787-ലെ ഫിലാഡെല്‍ഫിയയിലെ ഭരണഘടന കണ്‍വെന്‍ഷന് അമേരിക്കന്‍ ഭരണഘടനാ രൂപീകരണചരിത്രത്തില്‍ സവിശേഷമായ സ്ഥാനമുണ്ട്. ഫ്രഞ്ച് വിപ്ലവത്തിനുശേഷം മിക്കവാറും യൂറോപ്യന്‍രാജ്യങ്ങളും ഭരണഘടന അസംബ്ലി രൂപീകരിച്ചാണ് ഭരണഘടനകള്‍ക്കു രൂപം നല്കിയത്. ഏതൊരു സ്വതന്ത്രരാജ്യത്തിന്റെയും ഭരണഘടനാരൂപീകരണത്തിന്റെ ജനാധിപത്യപരമായ ഏകമാര്‍ഗം ഭരണഘടന അസംബ്ലിയുടെതാണ്.

ഭരണഘടന അസംബ്ലി എന്ന ആശയം കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മനസ്സിലായിട്ടില്ലെന്ന് എം.എന്‍. റോയിയോട് നെഹ്രു പറഞ്ഞു: 'പല കോണ്‍ഗ്രസ് നേതാക്കളും ഭരണഘടന അസംബ്ലി എന്ന ആശയത്തെ അംഗീകരിച്ചെങ്കിലും പഴയ മാതൃകയിലുള്ള സര്‍വകക്ഷിസമ്മേളന രീതികളുടെതാണെന്ന് അവര്‍ കരുതി.' എം.എന്‍. റോയി മുന്നോട്ടുവെച്ച ആശയം 1936-ലെ കമ്മിറ്റിയിലാണ് കോണ്‍ഗ്രസ് പ്രമേയത്തിലൂടെ അംഗീകരിക്കുന്നത്. 'ഇന്ത്യക്കാര്‍തന്നെ രൂപം നല്കുന്നതും സ്വതന്ത്ര ഇന്ത്യയുടെതുമായ ഭരണഘടന മാത്രമേ അംഗീകരിക്കുകയുള്ളൂ. സാര്‍വത്രിക പ്രായപൂര്‍ത്തിവോട്ടവകാശത്തിന്റെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കപ്പെട്ട ഭരണഘടന അസംബ്ലി വേണം' എന്നു പ്രമേയം ആവശ്യപ്പെട്ടു. ഭരണഘടന അസംബ്ലിക്കു പരമാധികാരം വേണമോ എന്നതും ഗൗരവമായ പ്രശ്‌നമായി ഉയര്‍ന്നിരുന്നു. ഭരണഘടന അസംബ്ലിയെ നെഹ്രു നിര്‍വചിച്ചത് ഇപ്രകാരമാണ്: 'ഒരു രാജ്യത്തിന്റെ ഭരണഘടനയ്ക്കു രൂപം നല്കുന്ന ഒരു അസംബ്ലിയായിരിക്കും ഭരണഘടന അസംബ്ലി. പക്ഷേ, ഇത് ദുര്‍ബലമായ അപൂര്‍ണനിര്‍വചനമായിരിക്കും. ശരിയായ സങ്കല്പത്തില്‍ അത് ചലനാത്മകമായ ഒന്നായിരിക്കും. അതൊരു ആള്‍ക്കൂട്ടമായിരിക്കുകയില്ല. അല്ലെങ്കില്‍, ഭരണഘടന എഴുതുന്നതിനു കഴിവുള്ള ഒരു സംഘം അഭിഭാഷകരുടെ വേദിയുമായിരിക്കുകയില്ല. യഥാര്‍ഥത്തില്‍ ഒരു രാഷ്ട്രം അതിന്റെ പഴയ രാഷ്ട്രീയ സാമൂഹിക ഘടനയുടെ പുറംതോടു വലിച്ചെറിഞ്ഞ് അതുതന്നെ സ്വയം മെനഞ്ഞെടുത്ത പുതുവസ്ത്രം ധരിക്കുന്ന ചലനാത്മകമായ പ്രക്രിയയാണ്. അതായത്, തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാല്‍ ഒരു രാഷ്ട്രം നിര്‍വഹിക്കുന്ന പ്രക്രിയയാണ്.' ഭരണഘടന അസംബ്ലി എന്ന ആശയം മുന്നോട്ടുവെച്ച എം.എന്‍. റോയിതന്നെ ഭരണഘടനയുടെ കരടിനു രൂപം നല്കുകയുണ്ടായി. 'Cotsnitution of Free India, A Draft 1944' എന്ന പേരിലുള്ള ആ രേഖയ്ക്കു രൂപം നല്കുമ്പോള്‍ അദ്ദേഹം റാഡിക്കല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി രൂപീകരിച്ചിരുന്നു. പതിമൂന്ന് അധ്യായങ്ങളുള്ള ഈ കരട് ഭരണഘടന ഫെഡറല്‍ യൂണിയന്‍ എന്ന കാഴ്ചപ്പാട് അവതരിപ്പിച്ചു.

മൗലികാവകാശങ്ങള്‍ക്കൊപ്പം മൗലികാദര്‍ശങ്ങളും ഉള്‍പ്പെടുത്തി. വിപ്ലവകരമായ ജനാധിപത്യത്തിന്റെയും നേരിട്ടുള്ള ജനാധിപത്യത്തിന്റെയും വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി. ജനങ്ങള്‍ക്കായിരിക്കണം പരമാധികാരമെന്നു പ്രഖ്യാപിച്ചു. ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട ജില്ല നഗര സര്‍ക്കാരുകളുടെ ശൃംഖലാസംവിധാനത്തെ വിഭാവനം ചെയ്തു. സാമ്പത്തികവിഭവങ്ങള്‍, ഭൂമി ഉള്‍പ്പെടെ, കൂട്ടായ ഉടമസ്ഥതയിലായിരിക്കണമെന്ന് റോയി വ്യക്തമാക്കി. ഇന്നത്തെ ഇന്ത്യയില്‍ കൂടുതല്‍ പ്രസക്തമായ മറ്റു രണ്ടു നിര്‍ദേശങ്ങള്‍കൂടി ഈ കരട് ഭരണഘടനയിലുണ്ടായിരുന്നു. അതിലൊന്ന് ആനുപാതികജനാധിപത്യത്തെ സംബന്ധിച്ചായിരുന്നു. ലഭിക്കുന്ന വോട്ടിന് ആനുപാതികമായ പ്രാതിനിധ്യം ജനാധിപത്യസഭകളില്‍ ഉറപ്പുവരുത്തുന്നതായിരുന്നു ഈ നിര്‍ദേശം. പകുതിപോലും വോട്ട് കരസ്ഥമാക്കാന്‍ പറ്റാത്ത പാര്‍ട്ടികള്‍ക്ക്, മൂന്നില്‍ രണ്ടിലധികം സീറ്റുകള്‍ പാര്‍ലമെന്റില്‍ നേടാനും രാജ്യത്തിന്റെ ഘടനയെത്തന്നെ മാറ്റിമറിക്കാനും കഴിയുന്ന കാലത്ത്, ആനുപാതികപ്രാതിനിധ്യം വീണ്ടും ചര്‍ച്ചയിലേക്കു വരുന്നു.

സാര്‍വത്രികവും സൗജന്യവുമായ വിദ്യാഭ്യാസമെന്നത് പഴക്കമുള്ള ആവശ്യമാണ്. ഭരണഘടന അസംബ്ലിയിലെ ചര്‍ച്ചകളില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായ സോമനാഥ് ലാഹിരി മുന്നോട്ടുവെച്ച ആവശ്യങ്ങളില്‍ പ്രധാനപ്പെട്ട ഒന്ന് ഇതായിരുന്നു. എന്നാല്‍, എം.എന്‍. റോയി തയ്യാറാക്കിയ കരട് ഭരണഘടനയില്‍ പതിനാലു വയസ്സുവരെയുള്ള കുട്ടികള്‍ക്ക് സൗജന്യവും നിര്‍ബന്ധിതവുമായ മതനിരപേക്ഷവിദ്യാഭ്യാസം നല്കുന്ന ഉത്തരവാദിത്വം സര്‍ക്കാരില്‍ അര്‍പ്പിതമാക്കി. ഒരു ജനതയെ ശരിയായ സ്വാതന്ത്ര്യത്തിലേക്കു നയിക്കുന്നതില്‍ വിദ്യാഭ്യാസത്തിന് സവിശേഷമായ സ്ഥാനമുണ്ടെന്ന് എം.എന്‍. റോയി തിരിച്ചറിഞ്ഞിരുന്നു. അതിനെക്കാള്‍ പ്രധാനം അത് മതനിരപേക്ഷ വിദ്യാഭ്യാസമായിരിക്കണമെന്നതാണ്. വിദ്യാഭ്യാസസ്ഥാപനങ്ങളിലെ മതവിദ്യാഭ്യാസം നിരോധിച്ച കേരള ഹൈക്കോടതിവിധിയില്‍ മതനിരപേക്ഷ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം എടുത്തുപറയുന്നുണ്ട്. മതനിരപേക്ഷ വിദ്യാഭ്യാസം നിര്‍ബന്ധമായും എല്ലാ കുട്ടികള്‍ക്കും നല്കാന്‍ സ്വതന്ത്ര ഇന്ത്യയ്ക്കു കഴിഞ്ഞിരുന്നെങ്കില്‍ ആയുധങ്ങളുമായി ഇതരമതസ്ഥരെ തേടിനടക്കുന്ന കൗമാരത്തെ ഡല്‍ഹിയിലും മറ്റും ഒരുപക്ഷേ കാണേണ്ടിവരുമായിരുന്നില്ല.

ഭരണഘടന അസംബ്ലിയുടെ ചരിത്രത്തില്‍ മഹാത്മാഗാന്ധിയുടെ പേരിലുള്ള ഒരു ഭരണഘടനയും കാണാന്‍ കഴിയും. പക്ഷേ, ഗാന്ധിയന്‍ കോണ്‍സ്റ്റിറ്റിയൂഷന്‍ ഫോര്‍ ഫ്രീ ഇന്ത്യ എന്ന പേരിലുള്ള ഈ രേഖ എഴുതിയത് നാരായണ്‍ അഗര്‍വാളാണ്. 1946-ല്‍ പ്രസിദ്ധപ്പെടുത്തിയ ഈ രേഖയ്ക്ക് എഴുതിയ ആമുഖത്തില്‍, മഹാത്മാഗാന്ധി തനിക്കും ഈ ഭരണഘടനയ്ക്കും തമ്മിലുള്ള ബന്ധം വ്യക്തമാക്കുകയുണ്ടായി: 'ഒരുപക്ഷേ, ഗാന്ധിയന്‍ ഭരണഘടന എന്ന തലക്കെട്ട് അഗര്‍വാളിന്റെ ഈ പേജുകള്‍ക്കു ചേര്‍ന്നതായിരിക്കുകയില്ല. ഇതു യഥാര്‍ഥത്തില്‍ എന്റെ രചനകളെ അടിസ്ഥാനമാക്കി അഗര്‍വാള്‍ നടത്തിയ പഠനത്തിന്റെതാണ്. ഇതിലെ ഓരോ വാക്കിനോടും ഞാന്‍ പ്രതിബദ്ധത കാണിച്ചാല്‍ അതിന്റെ അര്‍ഥം ഇതു ഞാന്‍തന്നെ എഴുതിയതായിരിക്കുമെന്നാണ്. അതു തെറ്റാണ്.'14 സായുധവിപ്ലവത്തിലൂടെ മാത്രമേ സ്വാതന്ത്ര്യം നേടിയെടുക്കാന്‍ കഴിയൂ എന്നു കരുതിയിരുന്ന ഹിന്ദുസ്ഥാന്‍ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കന്‍ അസോസിയേഷന്‍ 1925-ല്‍ പ്രസിദ്ധപ്പെടുത്തിയ 'ദി റെവല്യൂഷണറി' എന്ന നയപ്രഖ്യാപനവും ഭരണഘടനാചരിത്രത്തിന്റെ ഭാഗമാണ്. നാലു പേജുള്ള ഈ രേഖ ഫെഡറല്‍ റിപ്പബ്ലിക് ഓഫ് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് ഇന്ത്യ എന്നാണ് സ്വാതന്ത്ര്യം ലഭിക്കുന്ന രാജ്യത്തിനു നല്കിയ പേര്. അതു പൂര്‍ണസ്വരാജിന്റെ പ്രഖ്യാപനമാണ് നടത്തുന്നത്.

ബ്രിട്ടീഷ് പാര്‍ലമെന്റിലും ഇന്ത്യന്‍ ഭരണഘടനയുടെ കരട് സ്വകാര്യബില്‍ രൂപത്തില്‍ ചര്‍ച്ചചെയ്യുകയുണ്ടായി. 1925-ല്‍ ലേബര്‍ പാര്‍ട്ടി അംഗം ജോര്‍ജ് ലാന്‍സ്ബറിയാണ് പാര്‍ലമെന്റില്‍ ദി കോമണ്‍വെല്‍ത്ത് ഓഫ് ഇന്ത്യ ബില്‍ അവതരിപ്പിച്ചത്. യഥാര്‍ഥത്തില്‍ ഈ ബില്‍ ഇന്ത്യക്കാര്‍തന്നെ രൂപം നല്കിയതാണ്. തേജ് ബഹാദൂര്‍ സുപ്ര ചെയര്‍മാനായ കമ്മിറ്റിയാണ് ഇതു തയ്യാറാക്കിയത്. 256 അംഗങ്ങളുള്ള അസംബ്ലിയാണ് ഇതു ചര്‍ച്ച ചെയ്ത് അംഗീകരിച്ചത്. ഹോംറൂള്‍ ലീഗ് അംഗങ്ങള്‍, ജനപ്രതിനിധികള്‍, മുന്‍ ജനപ്രതിനിധികള്‍, ഇന്ത്യന്‍ വുമന്‍ അസോസിയേഷന്‍ അംഗങ്ങള്‍ എന്നിവരായിരുന്നു അംഗങ്ങള്‍. ഇവര്‍ തയ്യാറാക്കിയ കരട് ഭരണഘടന സര്‍വകക്ഷിയോഗത്തില്‍ അവതരിപ്പിച്ചു. ആനി ബെസന്റ് അധ്യക്ഷയായ ഈ യോഗം അംഗീകാരം നല്കിയ ബില്ലാണ് ജോര്‍ജ് ലാന്‍സ്ബറി ബ്രിട്ടീഷ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. പ്രതീക്ഷിച്ചതുപോലെതന്നെ സംഭവിച്ചു. അതു പരാജയപ്പെട്ടു.

പുസ്തകം വാങ്ങാം

ഈ കാലഘട്ടത്തിലെ കോണ്‍ഗ്രസ്സിന്റെ ചില പ്രമേയങ്ങള്‍, അംബേദ്കര്‍ തയ്യാറാക്കിയ ഷെഡ്യൂള്‍ഡ് കാസ്റ്റിന്റെ രാഷ്ട്രീയാവശ്യങ്ങള്‍, ന്യൂനപക്ഷങ്ങളുടെ സ്ഥിതി തുടങ്ങിയവയെല്ലാം ഭരണഘടന ഉള്‍ക്കൊള്ളുന്ന ആശയങ്ങളിലേക്കുള്ള വഴികാട്ടികളായിരുന്നു. പ്രവിശ്യകളിലേക്കുള്ള തിരഞ്ഞെടുപ്പുകള്‍ക്കു മുന്നോടിയായി ബി.എന്‍. റാവു തയ്യാറാക്കിയ പുതിയ ഭരണഘടനയുടെ രൂപരേഖ ഏറെ ശ്രദ്ധേയമായിരുന്നു. ഇതില്‍ മൂന്നു യൂണിറ്റുകളുള്ള കോമണ്‍വെല്‍ത്തായാണ് ഇന്ത്യയെ വിഭാവനം ചെയ്തിരുന്നത്. ഹിന്ദുസ്ഥാന്‍ ഫെഡറേഷന്‍, പാകിസ്താന്‍ ഫെഡറേഷന്‍, ദി ഇന്ത്യന്‍ സ്റ്റേറ്റ്‌സ് ആന്‍ഡ് ട്രൈബല്‍ ഏരിയകള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന കോമണ്‍വെല്‍ത്താണ് അദ്ദേഹം വിഭാവനം ചെയ്തിരുന്നത്. ഓരോന്നും സ്വതന്ത്രരാജ്യങ്ങളായാണ് കണ്ടിരുന്നത്. എന്നാല്‍ പ്രതിരോധം, വാര്‍ത്താവിനിമയം, കസ്റ്റംസ് എന്നിവ കേന്ദ്രഭരണസംവിധാനത്തിനു കീഴിലായിരിക്കും. ബി.എന്‍. റാവുവാണ് പിന്നീട് ഭരണഘടന അസംബ്ലിയുടെ ഉപദേശകനായി പ്രവര്‍ത്തിച്ചിരുന്നത് എന്നതും ശ്രദ്ധേയം. സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനായിരുന്ന റാവു, ഇന്ത്യയ്‌ക്കൊപ്പം ബര്‍മയുടെ ഭരണഘടനാരൂപീകരണത്തിലും പ്രധാനപങ്കു വഹിച്ചിട്ടുണ്ട്. ഭരണഘടന അംഗീകരിക്കപ്പെട്ടതിനുശേഷം അദ്ദേഹം ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്തു. പിന്നീട് മരിക്കുന്നതുവരെ ഹേഗിലെ അന്താരാഷ്ട്ര കോടതിയില്‍ ജഡ്ജിയായി പ്രവര്‍ത്തിച്ചു. 1946ലെ കാബിനറ്റ് മിഷന്റെ ഭാഗമായാണ് ഭരണഘടനാനിര്‍മാണത്തിലേക്ക് രാജ്യം കടക്കുന്നത്. ബ്രിട്ടനില്‍ അധികാരത്തില്‍ വന്ന ലേബര്‍ പാര്‍ട്ടി ഭരണഘടന അസംബ്ലിക്ക് അംഗീകാരം നല്കുകയും ചെയ്തു.

Content Highlights: constitution p rajeev mathrubhumi books

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Dalit Boy

1 min

അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ക്രൂരമര്‍ദനം; 9 വയസ്സുള്ള ദളിത് ബാലന്‍ മരിച്ചു

Aug 14, 2022


Mamatha

വേദിയില്‍ നിന്നിറങ്ങി, പിന്നെ  നര്‍ത്തകിമാര്‍ക്കൊപ്പം നാടോടിനൃത്തം; വൈറലായി മമത

Aug 15, 2022


Jaleel-Surendran

1 min

ജലീലിന് ഇന്ത്യയില്‍ കഴിയാന്‍ അവകാശമില്ല, പാകിസ്താനിലേക്ക് പോകണം - കെ സുരേന്ദ്രന്‍

Aug 14, 2022

Most Commented