ഗബ്രിയേൽ ഗാർസിയ മാർകേസ് (AP), പാബ്ലോ എസ്‌കോബാർ (Photo: Colombian National Police - Colombia National Registry)
അങ്ങനെ അഞ്ചു ദിവസത്തെ യാത്രകള്‍ക്കുശേഷം കാര്‍ഥഹീനയില്‍നിന്നും മെഡജിന്‍ എന്ന സിറ്റിയിലേക്ക് തിരിക്കുമ്പോള്‍, മനസ്സില്‍ മാര്‍ക്കേസും അദ്ദേഹം സൃഷ്ടിച്ചെടുത്ത കഥാപാത്രങ്ങളും നിറഞ്ഞുനില്ക്കുകയായിരുന്നു. നിത്യജീവിതത്തിലെ സംഭവങ്ങളെ ഇന്ദ്രജാലംപോലെ കാണുന്ന മാര്‍ക്കേസിന്റെ കഥാപാത്രങ്ങളിലൊന്നായി ഞാനും മാറിയോ? ആ മാന്ത്രികലോകത്തുനിന്നും പുറത്തുകടക്കുമ്പോള്‍ മനസ്സില്‍ നേരിയ ദുഃഖം നിഴല്‍പോലെ പടര്‍ന്നുവോ? അതോ അപൂര്‍വമായ ആ നിമിഷങ്ങളിലേക്ക് ഊളിയിട്ടു പോകാന്‍ കഴിഞ്ഞതിലുള്ള സന്തോഷത്തിന്റെ ഉന്മാദമാണോ? എയര്‍പോര്‍ട്ടിലെ ജനലിലൂടെ ഒരിക്കല്‍ക്കൂടി ആ മാന്ത്രികലോകത്തിലെ തെരുവീഥികളില്‍ പറന്നുനടക്കുന്ന പ്രണയലേഖനങ്ങള്‍ പെറുക്കിയെടുക്കാന്‍ കാലുകള്‍ വെമ്പിയോ? വിട ചൊല്ലുമ്പോഴുള്ള വികാരങ്ങള്‍ക്കു പേരിടാന്‍ കഴിയാതെ പുറത്തേക്കു നോക്കി നില്ക്കുമ്പോള്‍, ബോര്‍ഡിങ്ങിനുള്ള സമയമായി എന്നുള്ള അനൗണ്‍സ്‌മെന്റ് കേട്ട് ഒരിക്കല്‍ക്കൂടി ഞാന്‍ കാര്‍ഥഹീനയിലെ തെരുവുകളിലേക്ക് എത്തിനോക്കി.

മെഡജിന്‍
അടുത്ത യാത്ര ഡിസംബര്‍ 29ന് മെഡജിന്‍ എന്ന പ്രധാനപ്പെട്ട സ്ഥലത്തേക്കായിരുന്നു. ഏകദേശം ഒരുമണിക്കൂര്‍ ഫ്‌ളൈറ്റ് സമയമുണ്ട് മെഡജിനിലേക്ക്. കാര്‍ഥഹീന, ബോഗട്ട എന്നീ നഗരങ്ങളുമായി യാതൊരു സാമ്യതയുമില്ലാത്ത ഒരു സിറ്റിയാണ് മെഡജിന്‍. എയര്‍പോര്‍ട്ടില്‍നിന്നും ഹോട്ടല്‍ വരെയുള്ള ആ യാത്ര എന്റെ മനസ്സില്‍ എന്നും പതിഞ്ഞുനില്ക്കുന്ന കാഴ്ചയാണ്. പലതരത്തിലും നിറത്തിലുമുള്ള പൂക്കളും, കാപ്പിത്തോട്ടങ്ങള്‍ നിറഞ്ഞുനില്ക്കുന്ന കുന്നുകളും മലകളും കൃഷ്ണമണികള്‍ക്കുപോലും പച്ചനിറം പകരുന്ന മലയോരങ്ങളും നിര്‍വചനാതീതമാണ്‍ മെഡജിന്‍ സിറ്റിയെ 'നിത്യവസന്തത്തിന്റെ നഗരം' (Ctiy of Eternal Spring) എന്നു വിളിക്കുന്നതില്‍ അതിശയമില്ല എന്ന് എനിക്കപ്പോള്‍ തോന്നി. ഡ്രഗ് ലോര്‍ഡ് പാബ്ലോ എസ്‌കെബാറിനും സംഘത്തിനും ഒളിച്ചിരിക്കാനും അവരുടെ പ്രവര്‍ത്തനങ്ങള്‍ക്കു താവളമാകാനും ഈ പ്രകൃതിവിന്യാസം തന്നെയായിരിക്കും കാരണം.
പാബ്ലോ എസ്‌കെബാര്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സിന്റെ തെരുവുകള്‍ കൊക്കെയ്ന്‍ (Cocaine) കൊണ്ട് നിറച്ച ഭീകരന്‍! സ്ഥലത്തെ പല പ്രമുഖരെയും തട്ടിക്കൊണ്ടുപോയ, നിരവധി കൊലപാതകങ്ങള്‍ നടത്തിയ, കൊളംബിയന്‍ ഗവണ്‍മെന്റിന്റെ പേടിസ്വപ്‌നം! 1993ല്‍ കൊളംബിയന്‍ ഗവണ്‍മെന്റും യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഗവണ്‍മെന്റും ചേര്‍ന്ന് പാബ്ലോവിനെ പിടികൂടുമെന്നായപ്പോള്‍ സ്വയം വെടിവെച്ചു മരിച്ചതോടെ കൊളംബിയന്‍ മയക്കുമരുന്നുകടത്തല്‍ ഒരുവിധം അവസാനിക്കുകയും ചെയ്തു.
മെഡജിന്‍ സന്ദര്‍ശിക്കുന്ന ഏവരുടെയും മനസ്സില്‍ പാബ്ലോ എസ്‌കെബാറിന്റെ പ്രവര്‍ത്തനകേന്ദ്രങ്ങളും അയാള്‍ മരിച്ച സ്ഥലവും അയാളുടെ ശവശരീരം അടക്കംചെയ്ത ശ്മശാനവും കാണാനുള്ള ആകാംക്ഷ കുറച്ചൊന്നുമല്ല, പ്രത്യേകിച്ച് അമേരിക്കയില്‍നിന്നും പോകുന്നവര്‍ക്ക്. ഞാനും ഇതില്‍നിന്ന് ഒട്ടും വ്യത്യസ്തയായിരുന്നില്ല. അതിനു പല കാരണങ്ങളുമുണ്ട്. പാബ്ലോ എസ്‌കെബാറിന്റെ കഥകള്‍ മിക്ക അമേരിക്കക്കാരും കേള്‍ക്കാതിരിക്കില്ല. മാത്രമല്ല, ഈയിടെ നെറ്റ്ഫഌക്‌സില്‍ (Netflix) പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്ന നാര്‍ക്കോസ് (Narcos) എന്ന പരമ്പരയായി കാണിക്കുന്ന സിനിമ പാബ്ലോവിന്റെ ജീവിതത്തെക്കുറിച്ചാണ്. എത്ര വലിയ കൊലയാളിയായാലും അയാളെ വളരെ ഗ്ലാമറോടെ അവതരിപ്പിക്കാന്‍ ഹോളിവുഡിന് കഴിവുണ്ടല്ലോ. എന്നാല്‍ മെഡജിന്‍ നാട്ടുകാര്‍ക്ക് (ഇവരെ പയിസ (Paisa) വംശജര്‍ എന്ന് പറയും) പാബ്ലോവിന്റെ കഥകള്‍ അയവിറക്കാന്‍ തീരേ താത്പര്യമില്ല. അവരുടെ ചരിത്രത്തിലെ കറുത്ത താളുകളായാണ് ആ കാലഘട്ടത്തെ അവര്‍ കാണുന്നത്. പാബ്ലോ എസ്‌കോബാര്‍ ടൂറിനെക്കുറിച്ചു ചോദിക്കുമ്പോള്‍ അവരുടെ മുഖം കറക്കും. ഞങ്ങള്‍ക്ക് ഈ കാര്യത്തില്‍ വളരെ ജിജ്ഞാസയുണ്ടായിരുന്നുവെങ്കിലും ഒരുതരത്തിലും അവരെ വേദനിപ്പിക്കാന്‍ താത്പര്യമില്ലാതിരുന്നതുകൊണ്ട് അവിടുത്തെ മറ്റൊരു പ്രധാനപ്പെട്ട സന്ദര്‍ശനകേന്ദ്രമായ ഗൗടാപ്പേ (Guatape) എന്ന വലിയൊരു പാറയും, പ്രകൃതിരമണീയമായ മറ്റു സ്ഥലങ്ങളും കാണാന്‍ ഞങ്ങള്‍ തീരുമാനിച്ചു. എല്ലാം കഴിഞ്ഞു സമയമുണ്ടെങ്കില്‍ പാബ്ലോ ടൂറിനു കൊണ്ടുപോകാമെന്ന് ഡ്രൈവര്‍ എഡ്ഗര്‍ സമ്മതിക്കുകയും ചെയ്തു.
.jpg?$p=54e3782&w=610&q=0.8)
ഞങ്ങള്‍ താമസിച്ചിരുന്ന ഹോട്ടലില്‍നിന്നും ഏകദേശം ഒരു മണിക്കൂര്‍ ദൂരേയാണ് ഗൗടാപ്പേ എന്ന പാറ. ഗൗടാപ്പേയില്‍ എഴുനൂറു പടി കയറിപ്പോയാല്‍ മുകളിലെത്താം. കയറ്റം കഠിനം തന്നെയായിരുന്നു എങ്കിലും, മുകളില്‍നിന്നും താഴേക്കുള്ള കാഴ്ച ആരുടെയും മനംകവരും. ചെറിയ തടാകങ്ങളും, പച്ചപിടിച്ച മൊട്ടക്കുന്നുകളും, ഇടയ്ക്കുള്ള വീടുകളുമെല്ലാം ഒരു സ്വപ്‌നഭൂമിപോലെ മനസ്സില്‍ ഇപ്പോഴും തിളങ്ങിനില്ക്കുന്നുണ്ട്. അവിടുത്തെ അതിമനോഹരമായ ചര്‍ച്ചും, ക്രിസ്തുമസ് സംബന്ധിച്ച ലൈറ്റ് ഷോയും എടുത്തുപറയേണ്ട കാഴ്ചകളായിരുന്നു. എവിടെയും അലയടിക്കുന്ന ലാറ്റിനമേരിക്കന്‍ സംഗീതവും നൃത്തവും 'ജീവിതം ആസ്വദിക്കാനാണ് കൂട്ടരേ' എന്ന് വിളിച്ചുപറയുന്നതുപോലെ തോന്നി.
പിറ്റേദിവസം കാലത്തു ഞങ്ങള്‍ ഒരു ടാക്‌സിയെടുത്തു സെന്ററോ എന്ന പേരില്‍ അറിയപ്പെടുന്ന മെഡജിന്‍ സിറ്റി കാണുവാന്‍ പോയി. ടാക്‌സിഡ്രൈവര്‍ ഞങ്ങളെ ഇറക്കിയത് സിറ്റിയുടെ ഹൃദയമായ ബൊട്ടേറോ പ്ലാസയിലായിരുന്നു (Plaza Botero). കൊളംബിയയിലെ ഏറ്റവും പേരുകേട്ട കലാകാരനായ ഫെര്‍ണാണ്ടോ ബൊട്ടേറോ (Fernando Botero) ഓടുകൊണ്ടു നിര്‍മിച്ച ഇരുപത്തിയൊന്നു പ്രതിമകള്‍ ഇവിടെ കാണാം. അസാമാന്യവലിപ്പത്തിലുള്ള സ്ത്രീപുരുഷന്മാരുടെ പ്രതിമകള്‍ ബൊട്ടേറോയുടെ മാസ്റ്റര്‍പീസുകളാണ്. അവിടുത്തെ പ്രധാനപ്പെട്ട ഒരു മ്യൂസിയമായിരുന്നു അടുത്ത ലക്ഷ്യം. ആന്റിയോക്വ്യ എന്ന പേരില്‍ അറിയപ്പെടുന്ന ഈ മ്യൂസിയത്തില്‍ ബൊട്ടേറോവിന്റെ ചിത്രപ്പണികള്‍ക്കും ശില്പങ്ങള്‍ക്കും പുറമേ, അനേകം സമകാലീന കലാകാരന്മാരുടെ പെയിന്റിങ്ങുകളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
മെഡജിനിന്റെ പ്രതീകവും, അവിടുത്തെ ഏറ്റവും ഉയരം കൂടിയ ബില്‍ഡിങ്ങുമായ കോള്‍ട്ടജര്‍ ടവര്‍ ഏകദേശം 574 അടി ഉയരത്തില്‍ ഒരു സൂചിയുടെ മാതൃകയില്‍, അവിടുത്തെ ടെക്‌സ്‌റ്റൈല്‍ വ്യവസായത്തിന്റെ ഓര്‍മയ്ക്കുവേണ്ടി നിര്‍മിച്ചതാണ്. തൊട്ടടുത്തുള്ള ല കാന്‍ഡിലേറിയ ചര്‍ച്ച് മെഡജിനിലെ ഏറ്റവും പഴക്കംചെന്ന പള്ളിയാണ്. സ്പാനിഷ് കൊളോണിയലിസത്തിന്റെ അവശിഷ്ടമായ ഈ പള്ളി, കാന്‍ഡിലെറിയ ദേവതയ്ക്കുവേണ്ടി പണി തീര്‍ത്തതാണത്രേ. അകത്തു കയറുമ്പോള്‍, അവിടുത്തെ അള്‍ത്താരയില്‍ സ്വര്‍ണം പൂശിയ മരത്തൂണുകളും കന്യകയായ കാന്‍ഡിലെറിയയുടെ പെയിന്റിങ്ങും കാണാം. മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് മെഡജിന്‍ സിറ്റിക്ക് എന്തെന്നില്ലാത്ത ഊര്‍ജവും കലര്‍പ്പില്ലാത്ത സംസ്‌കാരവും താളലയങ്ങളുമുണ്ടെന്നു പറഞ്ഞാല്‍ അതിശോക്തിയല്ല. കൊളംബിയന്‍ സംഗീതം, നൃത്തം, പല വിധത്തിലുള്ള ഭക്ഷ്യപദാര്‍ഥങ്ങളും പഴങ്ങളും വില്ക്കുന്ന തെരുവുകച്ചവടക്കാര്‍ എന്നിവയെക്കൊണ്ട് നിറഞ്ഞതാണ് മെഡജിന്‍ സെന്ററോ. കച്ചവടക്കാരും ടൂറിസ്റ്റുകളും നിറഞ്ഞ തെരുവുകളിലൂടെ നടക്കുമ്പോള്‍ ഞങ്ങള്‍ക്ക് ഉള്ളില്‍ സ്വല്പം ഭീതി തോന്നാതിരുന്നില്ല. പോക്കറ്റടി മുതല്‍ പല കുറ്റകൃത്യങ്ങളും അവിടെ സംഭവിക്കാറുണ്ടെന്നു ഹോട്ടലധികൃതര്‍ ഞങ്ങള്‍ക്ക് താക്കീതു നല്കിയിരുന്നു. എന്നിരുന്നാലും നേന്ത്രപ്പഴം ഗ്രില്ലില്‍ ചുട്ടെടുക്കുന്നതു കണ്ടപ്പോള്‍ നാവില്‍ വെള്ളമൂറി. നേന്ത്രപ്പഴം ചുട്ടെടുത്ത്, അതിനു മീതേ ചോക്കലേറ്റ് സോസും, വേണമെങ്കില്‍ ചീസും പരത്തിയിട്ടാണ് അവര്‍ കഴിക്കുക. അത്തരത്തില്‍ പാകം ചെയ്ത നേന്ത്രപ്പഴവും, കൂട്ടത്തില്‍ ചോളം വറുത്തതും വാങ്ങി കഴിച്ചുകൊണ്ട് ഞങ്ങള്‍ സെന്ററോ തെരുവിലൂടെയ നടന്നു.
അന്ന് ഉച്ചതിരിഞ്ഞു ഞങ്ങള്‍ തിരിച്ചു ബോഗട്ടയിലേക്കു പറന്നു. 2018 യാത്രപറയുന്ന ദിവസമായ, ഡിസംബര്‍ 31 ആയിരുന്നു അന്ന്. രാത്രി ട്രോമന്റി എന്ന റെസ്റ്റോറന്റില്‍ പുതുവത്സരം ആഘോഷിക്കാന്‍ ഞങ്ങള്‍ ഏര്‍പ്പാട് ചെയ്തിരുന്നു. കൊളംബിയന്‍ നൃത്തങ്ങളില്‍ പേരുകേട്ട സാല്‍സ, എല്‍ബേയെ ഡെല്‍ ചോക്കെ, ബുയ്യരെങ്കെ എന്നീ നൃത്തങ്ങള്‍ വളരെ ചടുലതയോടെ രാജ്യത്തെ പല ഭാഗങ്ങളില്‍നിന്നുമുള്ള സംഗീതത്തിനൊപ്പം അവിടത്തുകാര്‍ പ്രദര്‍ശിച്ചപ്പോള്‍ കാലുകളും ഇടയ്‌ക്കെല്ലാം ചുവടുവെക്കാതിരുന്നില്ല. അര്‍ധരാത്രിയില്‍ ഷാംപെയിന്‍ ടോസ്റ്റ് ചെയ്തു ഞങ്ങള്‍ മടങ്ങുമ്പോള്‍, ഈ നാട്ടുകാര്‍ക്ക് നന്മ വരുത്തട്ടേ എന്ന് മനംകൊണ്ട് ഞാന്‍ പ്രാര്‍ഥിച്ചു. സാമ്പത്തികമായി ആറുതരം കൊളംബിയക്കാരുണ്ടെന്ന് അവിടത്തുകാര്‍ പറഞ്ഞറിഞ്ഞു. ഒന്നാം തരക്കാര്‍ (ലെവല്‍ 1) ഏറ്റവും പാവപ്പെട്ടവരും, ആറാം തരക്കാര്‍ (ലെവല്‍ 6) ഏറ്റവും ധനികരുമാണെങ്കിലും എവിടെപ്പോയാലും എല്ലാവരും ഒത്തുചേര്‍ന്ന് ജീവിതം ആഘോഷിക്കുന്ന ഒരു ജനസമൂഹത്തെയാണ് അവിടെ കണ്ടത്. പിറ്റേദിവസം തിരിച്ചുപോകാനുള്ള ദിവസമായല്ലോ എന്നോര്‍ത്തപ്പോള്‍ മനസ്സില്‍ ചെറിയൊരു ദുഃഖം തോന്നാതിരുന്നില്ല. ഈ ദിവസങ്ങള്‍ എത്ര മനോഹരമായിരുന്നു! എത്രയോ കാര്യങ്ങള്‍ മനസ്സിലാക്കാനും ഒരുപാടു നല്ല മനുഷ്യരെ കാണാനും സാധിച്ച അസുലഭമായ യാത്ര മെഡജിനിലെ വര്‍ണശോഭയാര്‍ന്ന ശലഭങ്ങളെപ്പോലെ മനസ്സില്‍ പാറിനടന്നു. ജനുവരി ഒന്നാം തീയതി വൈകുന്നേരം ബോഗട്ടയോട് യാത്ര പറഞ്ഞു മടങ്ങുമ്പോള്‍ മെഡജിനിലെ ഡ്രൈവര്‍ എഡ്ഗര്‍ പറഞ്ഞ ചില കാര്യങ്ങള്‍ മനസ്സില്‍ മായാതെ നിന്നു.
'പാബ്ലോ എസ്‌കെബാര്‍ നിങ്ങള്‍ക്ക് ഭീകരനായിരിക്കാം. പക്ഷേ, ഇവിടുത്തെ പാവങ്ങള്‍ക്ക് അയാള്‍ ദൈവമാണ്. ഒരു ഗ്രാമം മുഴുവന്‍ പണി തീര്‍ത്ത ദൈവം. ഈ വീടുകള്‍ നോക്കൂ,' ചില വീടുകള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് എഡ്ഗര്‍ തുടര്‍ന്നു, 'ഇവയെല്ലാം പാവപ്പെട്ട ഗ്രാമീണര്‍ക്കുവേണ്ടി പാബ്ലോ പണി തീര്‍ത്തതാണ്. അങ്ങനെ എത്രയോ വീടുകള്‍! എന്നാല്‍, നിങ്ങളുടെ ആരാധ്യനായ ഗാബോ കൊളംബിയയ്ക്കുവേണ്ടി എന്ത് ചെയ്തു? മെക്‌സിക്കോയില്‍ ജീവിച്ച്, ഇവിടുത്തെ ഗറില്ലകളെ പ്രോത്സാഹിപ്പിച്ച്, കൊളംബിയന്‍ ഗവണ്‍മെന്റിനെതിരേ കലാപമുണ്ടാക്കാന്‍ ശ്രമിച്ചതോ? അദ്ദേഹം ജനിച്ച അരക്കട്ടാക്കയൊന്നു നോക്കൂ... എത്ര ദയനീയം..!'
പിന്നീട് എല്‍ ഡോറാഡോ എയര്‍പോര്‍ട്ടില്‍നിന്നും ഷിക്കാഗോയിലേക്കു പറന്നുയര്‍ന്നപ്പോള്‍, എഡ്ഗറിന്റെ വാക്കുകളുടെ അര്‍ഥം ഞാന്‍ തിരയുകയായിരുന്നു. നന്മയുടെയും തിന്മയുടെയും നിര്‍വചനങ്ങള്‍ തിരിച്ചറിയാന്‍ എനിക്കു പ്രയാസപ്പെടേണ്ടിവന്നു. കൊളംബിയയെക്കുറിച്ച് ഉണ്ടായിരുന്ന ധാരണകള്‍ തെറ്റായിരുന്നു എന്ന് ഈ യാത്ര തെളിയിച്ചപ്പോള്‍, ആല്‍ഡസ് ഹക്‌സിലിയുടെ വാക്കുകള്‍ എത്ര ശരിയാണെന്നും എനിക്കു ബോധ്യമായി. ഉറക്കത്തിനും ഉണര്‍ച്ചയ്ക്കുമിടയിലുള്ള സ്വപ്‌നങ്ങളില്‍ അരക്കട്ടാക്കയിലെ ആറുവയസ്സുകാരന്‍ ബാലന്‍ എന്റെ കൈകളെ സ്പര്‍ശിച്ചുവോ? ഷിക്കാഗോ ഓഹെയര്‍ എയര്‍പോര്‍ട്ടില്‍ പ്ലെയിനിറങ്ങിയപ്പോള്‍ യാഥാര്‍ഥ്യത്തിന്റെ മഞ്ഞുവീഥികള്‍ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോകാന്‍ കാത്തുനില്ക്കുന്നുണ്ടായിരുന്നു.
'വിവ കൊളംബിയ...' ആരും കേള്‍ക്കാതെ പറഞ്ഞുകൊണ്ട് ഞാന്‍ കാറില്‍ കയറി.
ആമി ലക്ഷ്മി രചിച്ച് മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ലാറ്റിനമേരിക്കന്‍ യാത്രകള്‍ എന്ന പുസ്തകത്തില്‍ നിന്നും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..