എട്ടാംക്ലാസ് ബിയിലെ പിവി അമ്മിണിക്കുട്ടിക്ക് എഴുതിയ ലൗലെറ്ററുകളാണ് എന്നെ സാഹിത്യകാരനാക്കിയത്


'കൊച്ചപ്പന്‍ ലൗലെറ്റര്‍ എഴുതിയിട്ടുണ്ടോ?' (കൊച്ചപ്പന്‍ എന്റെ ഓമനപ്പേരാണ്. വീട്ടുകാരും അടുത്തറിയുന്നവരും അങ്ങനെയാണ് വിളിക്കുക.) ചോദ്യം കേട്ട് ഞാനൊന്നമ്പരന്നു.

ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി

കഴിഞ്ഞ ദിവസം അന്തരിച്ച പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടിയുടെ ഓര്‍മക്കുറിപ്പുകളുടെ സമാഹാരമാണ് ഓര്‍മകളുടെ ഉതിര്‍മണികള്‍. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ഈ പുസ്തകത്തില്‍ നിന്നും ഒരു ഭാഗം വായിക്കാം

ചൊവ്വല്ലൂര്‍ ശിവക്ഷേത്രത്തിലെ പാരമ്പര്യകഴകക്കാരാണു ഞങ്ങള്‍. ചൊവ്വല്ലൂര്‍ വാരിയം. പ്രതാപശാലികളായിരുന്ന കാരണവന്മാരുടെ കാലംമുതല്ക്ക് ഇന്നുവരെയും ഞങ്ങള്‍ നേടിയതെല്ലാം ഈ തിരുമുറ്റത്തുനിന്നാണ്, ഉമാമഹേശ്വരന്മാരുടെ അപാരമായ കാരുണ്യംകൊണ്ടാണ്...
ചൊവ്വല്ലൂരമ്പലമുറ്റത്ത് കഴിച്ചുകൂട്ടിയ ബാല്യകൗമാരങ്ങള്‍. ക്ഷേത്രത്തിലെ അടിയന്തിരക്കാരനായി ഉണ്ടായിരുന്ന മധ്യവയസ്സു കഴിഞ്ഞ രാമമാരാരെ
ഓര്‍മ വരുന്നു. വഴങ്ങാത്ത വിദ്യകളൊന്നുമില്ല. ഒടിയന്മാരെ പിടിച്ചപിടിയില്‍ അടിയറവു പറയിപ്പിച്ച മഹാമന്ത്രവാദി. നാട്ടുവൈദ്യത്തിലും വിരുതന്‍. ഒറ്റമൂലിപ്രയോഗം കേമം. ആനമയക്കി എന്നൊരു മഹാസിദ്ധി കൈവശമുണ്ടത്രേ. ഒരിക്കല്‍ ഗുരുവായൂര്‍ കേശവനെ ചൊവ്വല്ലൂര്‍ തിരുവമ്പാടിക്ഷേത്രത്തില്‍ തളച്ചു. താമസമുണ്ടായില്ല. ആനയ്ക്കു മദം പൊട്ടി. ആന തീത്തുമ്പിയെപ്പോലെ മദിച്ചുനിന്നു. പാപ്പാന്മാര്‍ ആരും അടുത്തു പോയില്ല. എന്നാല്‍, രാമമാരാര്‍ ആനയുടെ അടുത്തു പോവുക മാത്രമല്ല, പഴവും പട്ടയും കൊടുത്തിരുന്നുപോല്‍! മദമിളകിനില്ക്കുന്ന കേശവന് രാമമാരാരെ പേടിയായിരുന്നുവത്രേ.

മാരാരുടെ കൈത്തണ്ട മുറിച്ച് അതിനകത്തു നരസിംഹയന്ത്രം ജപിച്ചു കെട്ടിവെച്ചിരുന്നുവെന്നാണ് കേട്ടിട്ടുള്ളത്. രാമമാരാര്‍ക്കു ശേഷം വാദ്യ അടിയന്തിരത്തിനു വന്നത് അരിയന്നൂര്‍ ബാലന്‍ മാരാര്‍. ചൊറുചൊറുക്കുള്ള ചെറുപ്പക്കാരന്‍. വാദ്യവിദഗ്ധന്‍. സരസന്‍, സംഭാഷണപ്രിയന്‍. എന്നാല്‍ എന്നെ വിസ്മയിപ്പിച്ചതും അടുപ്പിച്ചതും ബാലന്‍ മാരാരുടെ അളവറ്റ സാഹിത്യകൗതുകമാണ്. നന്നായി കവിതകള്‍ എഴുതും. ധാരാളം വായിക്കും. ചങ്ങമ്പുഴയുടെ ആരാധകന്‍ എന്നു പറഞ്ഞാല്‍ പോരാ. മനസ്സു നിറയെ ചങ്ങമ്പുഴയാണ്. ഇരുനൂറു പേജിന്റെ നോട്ടുബുക്കില്‍ ഭംഗിയുള്ള അക്ഷരങ്ങളില്‍ കവിതകള്‍ എഴുതിനിറയ്ക്കും. എഴുതിയ കവിതകള്‍ ഈണത്തില്‍ ചൊല്ലിക്കേള്‍പ്പിക്കും. ഓരോ വരിയും ചങ്ങമ്പുഴയുടെ രമണനിലെ വരികള്‍പോലെത്തന്നെ. രമണന്‍ മാത്രമല്ല, ചങ്ങമ്പുഴക്കവിതകളെല്ലാം ബാലന്‍ മാരാര്‍ക്കു ബൈഹാര്‍ട്ടാണ്. മാരാരുടെ ചില വരികള്‍ ഓര്‍മയിലുണ്ടിപ്പോഴും.
ശാരദേ, നീയെന്‍ മനസ്സരസ്സില്‍
നീരവം പൂത്തു വിടരുകില്ലേ?
ഇന്നല്ലയെന്നുമീ സന്ധ്യകളില്‍
നിന്നെക്കുറിച്ചു ഞാന്‍ പാട്ടുപാടും.
ഇതാണ് രീതി. മാരാരുടെ സ്‌റ്റൈല്‍. ഓരോ ഈരടിയും അടിമുടി പ്രണയമയം. മാരാര്‍ക്കുമുണ്ടായിരുന്നു ഒരു പ്രേമഭാജനം. നിത്യവും കുളിച്ചുതൊഴാന്‍ വരുന്ന ഒരു സുന്ദരിക്കുട്ടി. അവളെപ്പറ്റിയാണ് കവിതകളെല്ലാം. ഇപ്പോള്‍, തിരിഞ്ഞുനോക്കുമ്പോള്‍, നിറഞ്ഞ മനസ്സോടെ ഞാന്‍ ഓര്‍ക്കുന്നു. എന്നെ പ്രണയിക്കാന്‍ പഠിപ്പിച്ചതും ലൗലെറ്റര്‍ എഴുതാന്‍ പരിശീലിപ്പിച്ചതും കവിതപോലെ ചില ഈരടികള്‍ കുറിക്കാന്‍ പ്രേരണ നല്കിയതും ബാലന്‍ മാരാര്‍ എന്ന ഈ സ്‌നേഹസമ്പന്നനായ രസികന്‍തന്നെയല്ലേ?

മറ്റം സെന്റ് ഫ്രാന്‍സിസ് ഹൈസ്‌കൂളില്‍ ഏഴിലോ എട്ടിലോ പഠിക്കുന്ന കാലം. രാവിലെ അമ്പലത്തിലെ കഴകപ്രവൃത്തി കഴിഞ്ഞിട്ടുവേണം സ്‌കൂളില്‍ പോകാന്‍. വൈകുന്നേരം ക്ലാസു വിട്ടാല്‍ ഒരു ഓട്ടമാണ്, വാരിയത്തേക്ക്. വന്നിട്ടുവേണം കുളിച്ച്, എന്തെങ്കിലും കഴിച്ചുവെന്ന് വരുത്തി വൈകുന്നേരത്തെ കഴകപ്രവൃത്തിക്കു പോകാന്‍. പച്ചത്തഴപ്പാര്‍ന്ന, വിശാലമായ കണ്ടിക്കുളം പാടവും കുത്തനെയുള്ള കയറ്റങ്ങളും ഇറക്കങ്ങളുമുള്ള മുനിമടയും കുടക്കല്ലുകളുമുള്ള കാറളിക്കുന്നും കയറിയിറങ്ങി വേണം സ്‌കൂളിലെത്താന്‍. ആറേഴു നാഴിക ദൂരം താണ്ടണം അങ്ങോട്ടും ഇങ്ങോട്ടും. അന്നൊന്നും അമ്പലത്തിനകത്തേക്ക് കമ്പിറാന്തല്‍പോലും കൊണ്ടുപോകാന്‍ പാടില്ല. കുത്തുവിളക്ക്, നിലവിളക്ക്, ചെരാത്, പാനീസുവിളക്ക് എന്നിവ മാത്രം. സന്ധ്യയ്ക്കു ദീപാരാധന കഴിഞ്ഞാല്‍, അമ്പലത്തിലെ തെക്കേ വാതില്‍മാടത്തിന്റെ വിശാലമായ കരിങ്കല്‍പ്പടിമേല്‍ ഇരുന്ന് മുനിഞ്ഞുകത്തുന്ന പാനീസുവിളക്കിന്റെ ഇത്തിരിവെളിച്ചത്തിലാണ് എന്റെ എഴുത്തും വായനയും ഹോംവര്‍ക്കും മറ്റും. അതിനിടയിലാണ് ബാലന്‍ മാരാരുടെ കവിതാക്ലാസുകള്‍. ഒരു ദിവസം ബാലന്‍ മാരാര്‍ അപ്രതീക്ഷിതമായി ചോദിച്ചു:

'കൊച്ചപ്പന്‍ ലൗലെറ്റര്‍ എഴുതിയിട്ടുണ്ടോ?' (കൊച്ചപ്പന്‍ എന്റെ ഓമനപ്പേരാണ്. വീട്ടുകാരും അടുത്തറിയുന്നവരും അങ്ങനെയാണ് വിളിക്കുക.)
ചോദ്യം കേട്ട് ഞാനൊന്നമ്പരന്നു.
'ലൗലെറ്ററോ?'
'ആങ്ാ, പ്രണയലേഖനം... അല്ലെങ്കില്‍ പ്രേമലേഖനം...'
'അയ്യോ, ഞാന്‍ എഴുതിയിട്ടില്ല...'
'ഇല്ലെങ്കില്‍ എഴുതണം. ഞാന്‍ പഠിപ്പിച്ചുതരാം.'
ബാലന്‍ മാരാര്‍ ഒരു നോട്ടുബുക്കെടുത്ത് നിവര്‍ത്തിക്കാട്ടി. നിറയെ മാരാര്‍ തന്റെ കാമുകിക്ക് എഴുതിയ ലൗലെറ്ററാണ്. ഓരോ വരിയും ഓരോ വാക്കും സാഹിത്യമയം. അഭിസംബോധനമുതല്‍ക്കേ തുടങ്ങും സാഹിത്യം.
എന്റെ ജീവന്റെ ജീവനായ ഓമല്‍പ്പാരിജാതമലരേ...
എന്റെ മനസ്സില്‍ കൂടുകൂട്ടി ചിറകടിക്കുന്ന നീലക്കുയിലേ...
തുടര്‍ന്നുള്ള വരികളിലൊക്കെ നിറയെ നിറയെ ചങ്ങമ്പുഴക്കവിതകളില്‍നിന്നടര്‍ത്തിയെടുത്ത പ്രണയമൊഴികള്‍...

പറഞ്ഞുപറഞ്ഞ്, കേട്ടുകേട്ട് ഒരു ലൗലെറ്റര്‍ എഴുതിയാലെന്താ എന്നൊരു മൃദുലവിചാരം എന്റെ മനസ്സിലും മുളപൊട്ടി. എഴുതാം, പക്ഷേ, എഴുതിയാല്‍ ആര്‍ക്കു കൊടുക്കും. അഥവാ കൊടുത്താല്‍ ഗുലുമാലാകുമോ? അപ്പോഴാണ് ദൈവം ഒരു വഴി കാണിച്ചുതന്നത്. ഹൈസ്‌കൂളില്‍ എല്ലാ വെള്ളിയാഴ്ചയും വൈകുന്നേരം സാഹിത്യസമാജം മീറ്റിങ്ങുണ്ട്. ഒടുക്കത്തെ പീരിയേഡ്. എട്ടാം ക്ലാസ് എയില്‍ ഞാനാണ് സാഹിത്യസമാജം സെക്രട്ടറി. തൊട്ടടുത്തുള്ള എട്ടാംക്ലാസ് ബിയില്‍ സെക്രട്ടറി പി.വി. അമ്മിണിക്കുട്ടി. കാണാന്‍ അതിസുന്ദരി. ആരും മയങ്ങിപ്പോവുന്ന മന്ദഹാസം. വിടര്‍ന്ന മിഴികള്‍. മുട്ടോളം നീണ്ടുകിടക്കുന്ന ചുരുള്‍മുടി. സമാജം മീറ്റിങ്ങില്‍ സെക്രട്ടറി റിപ്പോര്‍ട്ട് എഴുതിവായിക്കണം. ബാലന്‍ മാരാരുടെ മേല്‍നോട്ടത്തില്‍ ഞാന്‍ അറിയാവുന്ന സാഹിത്യമൊക്കെ കുത്തിനിറച്ചാണ് റിപ്പോര്‍ട്ട് എഴുതാറുള്ളത്. വാക്കുകളുടെ അര്‍ഥവും ഔചിത്യവുമൊന്നും ഒരു പ്രശ്‌നമേയല്ല. നീണ്ടുനീണ്ടു പോകുന്ന ഓരോ വരിയും വായിച്ചുതീരുമ്പോള്‍ കുട്ടികള്‍ കൈയടിക്കും. കൈയടിക്കണം. സാഹിത്യം എന്തായാലും ക്ലിക്കായി. കുട്ടികള്‍ക്കൊക്കെ റിപ്പോര്‍ട്ടിനെപ്പറ്റി നല്ല മതിപ്പ്. നീ ആള് മോശമല്ലല്ലോ എന്നൊരു ആരാധനയോടെയുള്ള നോട്ടം... വിവരം എങ്ങനെയോ പി.വി. അമ്മിണിക്കുട്ടിയും അറിഞ്ഞു. ഒരു ദിവസം ഉച്ചയ്ക്ക് അരികേ വന്ന് മറ്റാരും അറിയാതെ, കേള്‍ക്കാതെ എന്നോടു സ്വകാര്യമായി ചോദിച്ചു.

'എനിക്കും അതുപോലൊരു റിപ്പോര്‍ട്ട് എഴുതിത്തര്വോ? ഞാന്‍ എത്ര എഴുതിയിട്ടും നന്നാവ്ണില്ല.'
സത്യം പറയട്ടെ, ഞാന്‍ ശരിക്കും വികാരാധീനനായി! എന്നോട് ആദ്യമായി ഒരു പെണ്‍കുട്ടി അഭ്യര്‍ഥിക്കുകയാണ്. അതും ഏതോ പെണ്‍കുട്ടിയല്ല. സാക്ഷാല്‍ പി.വി. അമ്മിണിക്കുട്ടി. ആ പുഞ്ചിരി മാത്രം പോരേ. എഴുതിത്തരാമെന്ന് ഞാന്‍ ഏറ്റു. രണ്ടുമൂന്നു തവണ എഴുതിക്കൊടുക്കുകയും ചെയ്തു. പിന്നെ അതൊരു പതിവായി. റിപ്പോര്‍ട്ടു കൊടുക്കുമ്പോള്‍ അമ്മിണിക്കുട്ടി അതിമനോഹരമായി പുഞ്ചിരിക്കും. ഒന്നും പറയില്ല. വേണ്ട, ഒന്നും പറയേണ്ട. എനിക്ക് ആ പുഞ്ചിരി മതി. പിന്നെ എവിടെവെച്ചു കണ്ടാലും പുഞ്ചിരിക്കാന്‍ തുടങ്ങി. സ്വകാര്യം പറയാനും. സംഭവം ചൂടായി. ക്ലാസില്‍ ചില മുക്കലും മൂളലും അടക്കിപ്പിടിച്ച വര്‍ത്തമാനവും. ഒരു ദിവസം, എന്റെ ബെഞ്ചില്‍ത്തന്നെ ഇരിക്കുന്ന സഹപാഠി എടക്കളത്തൂര്‍ക്കാരന്‍ കെ.പി. രാമന്‍നമ്പീശന്‍, പറഞ്ഞറിയിക്കാനാവാത്ത അദ്ഭുതത്തോടെ, അതിലേറെ ആരാധനയോടെ എന്നോടു സ്വകാര്യമായി ചോദിച്ചു:
'എടാ മിടുക്കാ, നീയും അമ്മിണിക്കുട്ടിയും തമ്മില്‍ ലൗ ആണ് അല്ലേ?' ഞാനൊന്നു ഞെട്ടി. ആണോ? ലൗ ആണോ? രാമന്‍ പറയുന്നത് ശരിയാണോ ഭഗവാനേ! ഈ പ്രണയരഹസ്യം എല്ലാ അര്‍ഥത്തിലും ഗുരുവായ ബാലന്‍ മാരാരോടു പറയാന്‍ എനിക്കു തിടുക്കമായി.
സന്ധ്യയ്ക്ക് ദീപാരാധനയ്ക്കു മുന്‍പ് അമ്പലത്തില്‍വെച്ചു കണ്ടപ്പോള്‍ പതിവില്ലാതെ നാണിച്ചും നിറുത്താതെ കിതച്ചും ഞാന്‍ കാര്യം പറഞ്ഞു. കൂട്ടത്തില്‍ നിഷ്‌കളങ്കമായ ഒരു ചോദ്യം ചോദിക്കുകയും ചെയ്തു. 'സംഗതി നേരായിരിക്കുമോ? ശരിക്കും ലൗതന്നെയാകുമോ?'
'എന്താ സംശയം,' ബാലന്‍ മാരാര്‍ ഉറക്കെ ചിരിച്ചു. എന്നിട്ടിങ്ങനെ പാടി:
ഇന്നവള്‍ നിന്നെ കിനാവു കാണും
ഇന്നവള്‍ നിന്നെക്കുറിച്ചു പാടും.

ലൗലെറ്റര്‍ എഴുതാനും അതു കൈമാറാനും ഇതൊരു അപൂര്‍വ ചാന്‍സാണെന്ന് ബാലന്‍ മാരാര്‍ ഉപദേശിച്ചു. സാഹിത്യസമാജം റിപ്പോര്‍ട്ട് എഴുതിയ നോട്ടുബുക്ക് പി.വി. അമ്മിണിക്കുട്ടിക്കു കൈമാറുമ്പോള്‍ മറുപടി തരുമല്ലോ എന്ന അഭ്യര്‍ഥനയോടെ എഴുതിയ ലൗലെറ്റര്‍ പുസ്തകത്തില്‍ വെക്കുക. ആരും അറിയില്ല. ബാലന്‍ മാരാര്‍ ധൈര്യം പകര്‍ന്നു. പക്ഷേ, വെളുക്കാന്‍ തേച്ചതു പാണ്ടായാല്‍... രഹസ്യം എങ്ങനെയെങ്കിലും പരസ്യമായാല്‍. പോരെങ്കില്‍ മലയാളം പണ്ഡിറ്റ് രാമവാര്യര്‍മാഷ് എന്റെ നേരേ അമ്മാവനാണ്. അദ്ദേഹമെങ്ങാനും അറിഞ്ഞുവശായാല്‍...
ഏതായാലും ലൗലെറ്റര്‍ എഴുതാന്‍തന്നെ തീരുമാനിച്ചു. വരുന്നതു വരട്ടെ. ഈ ചാന്‍സ് പാഴാക്കാന്‍ പറ്റില്ല. മാത്രമല്ല, ഇതിനിടയ്ക്കു കൊള്ളാവുന്ന വേറേ ഏതെങ്കിലും ആണ്‍കുട്ടിയുമായി അമ്മിണിക്കുട്ടി അടുപ്പത്തിലായാല്‍... ഈശ്വരാ! എല്ലാം തീര്‍ന്നു. അങ്ങനെയൊന്നും സംഭവിക്കില്ലെന്നു വിശ്വസിക്കാന്‍ പറ്റില്ല. ഒരേ ക്ലാസില്‍ പഠിക്കുന്ന കാരക്കാട്ടെ ശ്രീധരന്‍, കൊടയ്ക്കാട്ട് ബാലന്‍, ഓടാട്ട് ഗംഗാധരന്‍ തുടങ്ങിയവരൊക്കെ എന്താ മുതല് എന്നറിയോ? കണ്ണൊന്നു തെറ്റിയാല്‍ മതി... പിന്നെ അതായി ആലോചന. ലൗ ലെറ്റര്‍ എങ്ങനെ എഴുതണം. സാഹിത്യം വേണം. തീര്‍ച്ച. പക്ഷേ, സാഹിത്യം ഏറിപ്പോയി പി.വി. അമ്മിണിക്കുട്ടിക്ക് അര്‍ഥം മനസ്സിലാവാതെ പോയാല്‍, എല്ലാം തുലഞ്ഞു. സാഹിത്യം കുറഞ്ഞുപോയാല്‍ അതും ശരിയാവില്ല.

ഒടുവില്‍ രണ്ടുംകല്പിച്ച് ഒരു ലൗലെറ്റര്‍ എഴുതി. പല തവണ വായിച്ചുനോക്കി. മാറ്റി, വെട്ടി. തിരുത്തി. ഫെയര്‍കോപ്പി ഗുരുനാഥനെ കാണിച്ചു. 'ബലേ, ജോറായിട്ടുണ്ട്,' ബാലന്‍ മാരാര്‍ സര്‍ട്ടിഫിക്കറ്റു തന്നപ്പോള്‍ ധൈര്യമായി. മനസ്സില്‍ ഓര്‍ക്കുകയും ചെയ്തു. പോയാല്‍ ഒരു കത്ത്. നേടിയാലോ ഒരു... ഒരു... പ്രേമസാമ്രാജ്യം. വൈകിയില്ല. ആ ആഴ്ചതന്നെ അമ്മിണിക്കുട്ടിക്ക് റിപ്പോര്‍ട്ട് എഴുതിയ നോട്ടുബുക്കില്‍ ഒളിപ്പിച്ചുവെച്ച് എന്റെ ആദ്യത്തെ ലൗലെറ്റര്‍ കൈമാറി. മറുപടി തരണേ എന്ന് പ്രത്യേകം എഴുതിയിരുന്നു. പിന്നെ, കാത്തിരിപ്പായി. കാണുമ്പോള്‍, കാണുമ്പോള്‍ മറുപടിക്കുവേണ്ടി മനസ്സ് കൈനീട്ടും. ഇല്ല. മറുപടിയില്ല. ഇന്ന് തരും നാളെ തരും എന്ന് ഓരോ തവണയും ആശിച്ചു. ഇല്ല, മറുപടിയില്ല. ഈശ്വരാ, അമ്മിണിക്കുട്ടിക്ക് അലോഗ്യമായി എന്നുണ്ടോ? വെറുപ്പു തോന്നിയിട്ടുണ്ടാവുമോ? അതില്ല, തീര്‍ച്ച. പതിവുപുഞ്ചിരിക്കും വര്‍ത്തമാനത്തിനും ഒരു മാറ്റവുമില്ല. ദൈവാധീനം! മറുപടി കിട്ടിയില്ലെങ്കിലും ലൗലെറ്റര്‍ എഴുതി നോട്ടുബുക്കില്‍ വെച്ചുകൊടുക്കുന്ന ഏര്‍പ്പാട് കിറുകൃത്യമായി തുടര്‍ന്നു. അല്പസ്വല്പം നിരാശ തോന്നാതിരുന്നില്ല. എന്നാലും...
അങ്ങനെയിരിക്കെ ഒരു വ്യാഴാഴ്ച ഉച്ചയ്ക്ക്, ഒഴിവുസമയത്ത്, ആളൊഴിഞ്ഞ ക്ലാസ്മുറിയില്‍വെച്ച് നോട്ടുബുക്ക് വാങ്ങുമ്പോള്‍ പതിവിലേറെ ഭംഗിയായി മന്ദഹസിച്ച് പതിഞ്ഞ ശബ്ദത്തില്‍ അമ്മിണിക്കുട്ടി പറഞ്ഞു: 'എല്ലാ കത്തും ഞാന്‍ വായിക്കാറുണ്ട് ട്ട്വാ... എനിക്കിഷ്ടമായി... എന്തു രസാ വായിക്കാന്‍... പക്ഷേ, ഞാനെന്താ ചെയ്ക? അതുപോലെ ഒരു വരിപോലും എഴുതാന്‍ എന്നെക്കൊണ്ടാവില്ല... അദോണ്ടാ... എന്നോട് ദേഷ്യം തോന്നരുത്ട്ട്വാ...'
അന്ന് ആ നിമിഷം ഞാന്‍ പറന്നുയര്‍ന്നു. ആകാശത്തോ? ഭൂമിയിലോ? അറിഞ്ഞുകൂടാ.

പുസ്തകം വാങ്ങാം

എന്നാല്‍ ഒരു പരമാര്‍ഥം പറയട്ടെ, അന്നത്തെ ആ ബാല്യകൗമാര പ്രണയചാപല്യത്തിന്റെ നനുനനുത്ത കൈവിരല്‍ത്തുമ്പുകളാണ് എന്റെ മനസ്സില്‍
ഉറങ്ങിക്കിടന്നിരുന്ന സാഹിത്യവിദ്യാര്‍ഥിയെ തൊട്ടുവിളിച്ചുണര്‍ത്തിയത്.
തുടര്‍ന്നുള്ള ജീവിതയാത്രയില്‍ പത്രപ്രവര്‍ത്തകനായി, കവിതയെഴുതി, കഥകളെഴുതി, നാടകങ്ങളെഴുതി, ഗാനങ്ങളെഴുതി, നോവലെഴുതി, നര്‍മലേഖനങ്ങളെഴുതി, അങ്ങനെ ഓര്‍മകള്‍ക്ക് ഓമനിക്കാന്‍ പലതും നേടി. അന്നത്തെ ആ കൗമാരകൗതുകമുണര്‍ത്തിയ ആ അമ്മിണിക്കുട്ടി ഇന്നിപ്പോള്‍ വീട്ടമ്മയും മുത്തശ്ശിയുമായിട്ടുണ്ടാവും. എവിടെയാണെന്നറിഞ്ഞുകൂടാ... എവിടെയായാലും എന്റെ നമോവാകം. അതുപോലെ ഏറെ അറിയപ്പെടേണ്ടിയിരുന്ന ബാലന്‍ മാരാര്‍ക്ക് എന്റെ വിനീത നമസ്‌കാരം...
ഇത്രയുമെഴുതിയപ്പോള്‍ വെറുതേ ഒരു മനോരാജ്യം. ഈ പഴയ കഥ വായിക്കുമ്പോള്‍ എന്റെ ശ്രീമതി സരസ്വതിയുടെ നെറ്റിചുളിയുന്നുണ്ടോ? മകള്‍
ഉഷയും മകന്‍ ഉണ്ണിയും പരസ്പരം നോക്കി ഊറിച്ചിരിക്കുന്നുണ്ടോ?

Content Highlights: chowalloor krishnankutty book mathrubhumi books memories

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Debina Bonnerjee

2 min

മൂത്ത മകള്‍ക്ക് നാല് മാസം പ്രായം; രണ്ടാമത്തെ കുഞ്ഞിനെ വരവേല്‍ക്കാനൊരുങ്ങി താരദമ്പതികള്‍

Aug 17, 2022


Civic Chandran

1 min

ലൈംഗിക പ്രകോപനമുണ്ടാക്കുന്ന വസ്ത്രംധരിച്ചു; സിവിക് ചന്ദ്രന്‍ കേസില്‍ പരാതിനിലനില്‍ക്കില്ലെന്ന് കോടതി

Aug 17, 2022


shane warne

1 min

'വോണുമായി ഞാന്‍ ഡേറ്റിങ്ങിലായിരുന്നു, ബന്ധം രഹസ്യമാക്കി സൂക്ഷിക്കാന്‍ അദ്ദേഹം പറഞ്ഞു'

Aug 17, 2022

Most Commented