ചാവറയച്ചന്റെ ചിത്രം
ചാവറയച്ചന്റെ ആധ്യാത്മിക കൃതിയായ 'ധ്യാനസല്ലാപ'ത്തിലെ മിസ്റ്റിക്കല്‍ അന്തര്‍ധാര അന്വേഷിക്കുന്ന ഗ്രന്ഥമാണ് അജയ്.പി മങ്ങാട്ട് എഴുതിയ 'ഹൃദയസല്ലാപം'. പുസ്തകത്തിന് ആഷാമേനോന് ഴെുതിയ അവതാരിക വായിക്കാം.
ആധ്യാത്മികത നമ്മെ ഒന്നില്‍നിന്നും മനുഷ്യരില്‍നിന്നും ഇതര ചരാചരങ്ങളില്നിന്നും അകറ്റുകയല്ല (Alienate) ചെയ്യുക, മറിച്ച്, ഇവയോട് സംയോജിപ്പിക്കുകയാണ് (Affiliate). ഇത് ഉറക്കെ പറയേണ്ടിിവരുന്ന ദൂഷിതമായ ഒരു കാലാവസ്ഥയാണ് നമ്മെ ചൂഴ്ന്നുനില്ക്കുന്നത്. മതാതീതമായ ആധ്യാത്മികത എന്നൊക്കെ പറയുന്നുവെങ്കിലും അതിന്റെ അടിസ്ഥാനം മതാത്മകമായ പ്രതീകങ്ങളോ പ്രമാണങ്ങളോ ഒക്കെയാണ്. എല്ലാവര്ക്കും ഒരു മതം എന്നത് വാസ്തവത്തില്‍ പട്ടാളവഴക്കമാണ് (Regimentation).
ജീവന്റെ അനന്തമായ വൈവിധ്യം അതിന്റെ മഹിമയാര്‍ന്ന ആവിഷ്ക്കാരമായ മനുഷ്യനില്‍ അവന്റെ സംജ്ഞകളില്‍ സ്ഫുരിക്കേണ്ടതുണ്ട്. മതങ്ങളെ നിരസിക്കുന്നത് മാനവചരിത്രത്തിലെ ചില സാര്‍ഥക മുഹൂര്‍ത്തങ്ങളെ വിസ്മരിക്കയെന്നതാണ്. ഏതൊക്കെയോ അനുഗൃഹീത മനസ്സുകളുടെ ചക്രവാളസ്മൃതിയാണ് ഓരോ മതദര്‍ശനവും എന്നിരിക്കെ വിവേകിയായ മനുഷ്യനെ അവയെ ആ മിഴിവില്‍ ഉള്‍ക്കൊള്ളുകയാണ് വേണ്ടത്. മതാത്മകമായ പുനരുജ്ജീവനം (Religious Revival) എന്ന് തിയഡോര്‍ റോസാക് തന്റെ Where the Wasteland Ends എന്ന വിഖ്യാതമായ ഗ്രന്ഥത്തില്‍ പറയുന്നതിന്റെ ഗുരുത്വം നാം ഉള്‍ക്കൊള്ളുക.
നല്ലൊരു ക്രിസ്ത്യാനിയാവുക എന്നുവെച്ചാല്‍ കൂടുതല്‍ വിശാലതയിലേക്ക് ഉയരുക എന്നുതന്നെയാണ്; മറ്റ് മതബോധ്യങ്ങളെക്കുറിച്ചും ഇത് വാസ്തവമാണ്. ചാവറയച്ചന് സാക്ഷാത്കരിച്ചത് ഈ വിശാല വിഹായസ്സ് തന്നെയാണ്. ക്രിസ്ത്വാവബോധം സര്ഗ്ഗശേഷിയായി കലാശിക്കുമെന്നതില്‍ ചാവറയച്ചനെപ്പോലെ മികച്ച ഉദാഹരണങ്ങള്‍ നാം അനുധാവനം ചെയ്യേതുണ്ട്. കന്യാമറിയയെക്കുറിച്ചും ആവിലായിലെ ത്രേസ്യയെക്കുറിച്ചും ചാവറയച്ചന്റെ മൃദുലതകള്‍ നമ്മുടെ മനസ്സിനെ അലിവുറ്റ മാതൃസ്ഥായിയിലേക്കാണ് ഉയര്‍ത്തുക. പ്രാര്‍ഥനാഭരിതമായ എന്നുകൂടി ചേര്‍ക്കട്ടെ.
പ്രാര്‍ഥന എന്ന ഘടകമില്ലെങ്കില്‍ മനുഷ്യന്റെ ജീവിതം എത്ര ഊഷരമായി ഭവിക്കുമെന്ന്, ഇവിടെയാണ് നാം തിരിച്ചറിയുക. ഹോമോസേപിയന് മാത്രം പൂകാവുന്ന ഒരു വിതാനമാണത്. മൃഗങ്ങളോ ജലജീവികളോ വിഹംഗങ്ങളോ പ്രാര്ഥനോന്മുഖരാവില്ല, അവര്‍ക്കതിന് ഉപാധികളുമില്ല. അബുസിംബല്‍ ദ്വീപാന്തരങ്ങളില്‍ ഉഷസ്സിനെ നോക്കി ബബൂണുകള്‍ നിശ്ശബ്ദരാകാറുണ്ടെന്ന സാന്ദ്ര-ദൃശ്യം ഓര്‍മിക്കുമ്പോഴും- അല്ലെങ്കില്‍, അതും ഒരു പ്രാര്‍ഥനയാകുമോ? മനസ്സിനെ നിര്മലമാക്കിത്തീര്ക്കുന്ന അശ്രുക്കളാണ് ഓരോ മന്ത്രവും. ഹദീസുകളാവട്ടെ, ഉത്തമഗീതങ്ങളാവട്ടെ, ഉപനിഷദ് മന്ത്രങ്ങളാവട്ടെ, ഗ്രന്ഥസാഹേബ് ആമന്ത്രണങ്ങളാവട്ടെ- ഇവയെ നിരസിക്കുമ്പോള്‍, മനുഷ്യരാശിയുടെ ഉര്വരതയാര്ന്ന ഒരു പശിമയെയാണ് നാം കൈയ്യൊഴിയുന്നത്. ശിഖരാഗ്രങ്ങളില്‍ തത്തിനില്പ്പുണ്ടെന്ന് അജയ് എഴുതുന്ന പശിമയും പച്ചപ്പും ഇതല്ലാതെ വേറൊന്നുമല്ല. മനുഷ്യരാശിയുടെ അതിജീവനകരമായ പൈതൃകം തന്നെയാണത്, Sustainable legacy.
ഉത്തരാധുനിക സമൂഹം, മത ജാതി സ്വത്വബോധത്താല്‍ നിയന്ത്രിതമാണ്, സെക്യുലര്‍ അവബോധത്തേക്കാള്‍. ഇതിന്റെ പ്രസക്തിയെ ചോദ്യം ചെയ്യാവതല്ല. ഭൂരിഭാഗം ജനങ്ങളെ സംബന്ധിച്ച് സെക്യുലര്‍ അവബോധം, മതാതീത സ്വഭാവം, ഉല്പതിഷ്ണുത്വത്തിന്റെ മേലാട മാത്രമാണ്. ഒന്ന് ചുരിയെടുത്താല് അവരുടെ മതാഭിമുഖ്യം വെളിപ്പെടും. Religion എന്ന പദത്തിന്റെ ധാത്വര്ഥം, Religare എന്നതുവഴി, എല്ലാറ്റിനോടും ബന്ധിപ്പിക്കുക എന്നുതന്നെയാണ്. തികച്ചും ധനാത്മകമായ ആ രാശിയില്‍ മതത്തെ ഉള്‍ക്കൊള്ളാന്‍ കഴിമാല്, ലോകത്തില്‍ മതഭ്രാന്തുകള്‍ നിലച്ചുപോകും. കാരണം, അവിടുത്തെ അന്തര്‍ധാര, സഹവര് ത്തിത്വമാണ്; എല്ലാ ജീവികളുമായി, ഈ ഗ്രഹത്തിലെ അചേതനങ്ങളുമായി ഒത്തുപോവുക എന്നതാണ്. ഇവിടെ എങ്ങനെയാണ് സങ്കുചിതത്വം? നല്ല മനുഷ്യരാവാന്‍ മതവിശ്വാസിയാവേണ്ടതില്ല എന്ന് നിര്‍ദ്ദേശിക്കുന്ന കമ്യൂണിസ്റ്റ് തത്ത്വചിന്തകന് മതത്തിന്റെ കാവ്യാത്മകത ധരിക്കുന്നില്ല. ദൈവം മനുഷ്യമനസ്സില്‍ നിന്നൂറിവരുന്ന സര്‍വസ്പര്‍ശിയായ കവിതയാണ്. ചാവറയച്ചന്റെ ആത്മാനുതാപത്തിലെ ചില വരികള്‍ ഈ രീതിയില്‍ ഈശ്വരനിര്ഭരമാണ്. മെഴുകുതിരികളുടെ ശോഭയില്‍, അലൗകികച്ഛായയാര്ന്ന് പരിലസിക്കുന്ന ചാവറയച്ചന്റെ മുഖം അഗാധമായ ഒരു ശാന്തതയിലേക്ക് നയിക്കുന്നതില്‍ തെല്ലും അദ്ഭുതമില്ല.
പ്രാര്‍ഥനയുടെ സൗന്ദര്യത്തെ ലാസ്യാത്മകമായി മനസ്സിലാക്കുന്ന ഒരു സന്ദര്‍ഭം ഇവിടെയുണ്ട്. ലാസ്യാത്മകതയിലേക്ക് വരട്ടെ, മനുഷ്യന്റെ ഏറ്റവും സമ്പൂര്‍ണ്ണമായ കലാവിഷ്കാരം നൃത്തമാണ്. കസന്ത്ദ്സാക്കിസിന്റെ സോര്‍ബ പറയുന്നത് ആഹ്ലാദത്തോടെ ഓര്‍ക്കാം. ആവിഷ്ക്കാരത്തിന്റെ സാഫല്യമാണ്,നിങ്ങളെ സ്വയം മറന്ന് നൃത്തച്ചുവടുകളിലേക്ക് ലയിപ്പിക്കുക. എല്ലാ നൃത്തങ്ങളും ആരംഭിക്കുന്നതും അവസാനിക്കുന്നതും പ്രാര്ഥനാമുദ്രയിലാണെന്ന് ശ്രമിക്കുക. ഏറ്റവും ശാന്തിഭരമായ വടിവും അതുതന്നെയാണ്. അവനവന്റെ ഉള്ളിലേക്ക് നോക്കാന്‍ തുടങ്ങുന്നതിന്റെ പുണ്യമാണത്. ഞാന്‍ നിന്നെ എവിടെയൊക്കെ തിരഞ്ഞു. കാറ്റില്‍, കരയില്‍, കടലില്‍, ഗിരിശൃംഗങ്ങളില്‍ അവസാനം എന്നിലേക്ക് തിരഞ്ഞപ്പോഴാണല്ലോ അത് അനുഭവസ്ഥമായത്. സെയ്ന്റ് അഗസ്റ്റിന്റെ കണ്ഫഷ്യസില് ആദ്യം എവിടെയോ വായിച്ച ഓര്‍മയുണ്ട്. പ്രാര്‍ഥന ഒരര്‍ഥത്തില്‍ ഉള്ളോര്മ കൂടിയാണ്. ദൈവങ്ങളെല്ലാം മൃതമായിരിക്കുന്നു എന്നുറക്കെ പറഞ്ഞ നീഷെ അവിടെ നിര്‍ത്തുകയല്ല ഉണ്ടായത്. അദ്ദേഹം സരതുഷ്ട്രാ എന്ന അതിമാനുഷനെ ഉരുവാക്കുകയായിരുന്നു; നിരാകാരബ്രഹ്മത്തിനു മുന്നില്‍ ധ്യാനസ്ഥനാവണമെങ്കില് മനുഷ്യന് ഒരുപാടു ദൂരം പോവേതുണ്ട്്. ഇന്നുള്ളതൊന്നും അതിന് തികമെന്ന് വരില്ല. അതുകൊണ്ടാണ് ഈ സദ്ഗുണാരാധനയ്ക്കേ നമ്മെ തുണയ്ക്കാന്‍ കഴിയൂവെന്ന് പറയുന്നത്. മതപുസ്തകങ്ങളും മതസാരങ്ങളും മനുഷ്യന് ഹസ്താവലംബിയായി വരിക ഇവിടെയാണ്. അത് സാധ്യമാക്കുന്ന വിശാലതയാണ് ചാവറയച്ചന് തന്റെ പൂര്‍ണ്ണമായ, മതബന്ധമായ ജീവിതത്തിലൂടെ സാക്ഷാത്കരിച്ചത്.
Content Highlights: chavarayachan asha menon introductory note on ajay p mangatu book hridayasallapam
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..