ചട്ടമ്പിസ്വാമി | ഫോട്ടോ: ആർക്കൈവ്‌സ്, എൻ.എ. നസീർ
കേരള നവോത്ഥാനത്തിന്റെ നായകന്മാരില്‍ ഒരാളായിരുന്ന ചട്ടമ്പിസ്വാമികള്‍ (18531924) ദര്‍ശനവിഷയത്തില്‍ തികഞ്ഞ ഒരു വേദാന്തിയായിരുന്നു. വേദാന്തത്തില്‍ത്തന്നെ അദ്വൈതവേദാന്തമായിരുന്നു അദ്ദേഹത്തിന്റെ ദര്‍ശനം. അദ്വൈതചിന്താപദ്ധതി തുടങ്ങിയ ചട്ടമ്പിസ്വാമികളുടെ കൃതികള്‍ അതിനു സാക്ഷ്യംവഹിക്കുന്നു. അദ്വൈതവേദാന്തം സത്യത്തിന്റെ മൂന്നു തലങ്ങള്‍ അംഗീകരിക്കുന്നു. പാരമാര്‍ഥികം, വ്യാവഹാരികം, പ്രാതിഭാസികം എന്നിവയാണ് ആ തലങ്ങള്‍.
ബ്രഹ്‌മം എന്ന സര്‍വാത്മകവും സര്‍വശക്തവും സര്‍വാന്തര്യാമിയും സര്‍വജ്ഞവും ഒക്കെയായ സത്യത്തിനു മാത്രമാണ് പാരമാര്‍ഥികത്വം. പ്രപഞ്ചത്തിനു മൊത്തത്തില്‍ കല്പിച്ചിരിക്കുന്ന സത്യത്വം വ്യാവഹാരികമാണ്. കയറിലെ പാമ്പ്, കാനല്‍ജലം തുടങ്ങിയ താത്കാലിക പ്രതിഭാസങ്ങളാണ് പ്രാതിഭാസികസത്യത്വം. സുപ്രധാനമായ ഒരു കാര്യം ബ്രഹ്‌മജ്ഞാനം ഉണ്ടാകുന്നതുവരെ വ്യാവഹാരികസത്യമായ പ്രപഞ്ചത്തിനു കല്പിച്ചിരിക്കുന്നത് പ്രാമാണ്യമാണ്.
വ്യാവഹാരികപ്രപഞ്ചത്തിനു ലൗകികപാരമാര്‍ഥികം എന്നൊരു വിശേഷണം പോലും അദ്വൈതവേദാന്തം കല്പിച്ചുകൊടുത്തിട്ടുണ്ട്. ഭൗതികപ്രപഞ്ചത്തെക്കുറിച്ചുള്ള അദ്വൈതവേദാന്തത്തിന്റെ നിലപാടില്‍ അന്തര്‍ലീനമാണ് അദ്വൈതവേദാന്തത്തിന്റെ പരിസ്ഥിതിദര്‍ശനം. അതു പറയാനാണ് ഇത്രയും വിശദീകരിച്ചത്. സ്വാഭാവികമായി അദ്വൈതവേദാന്തിയായിരുന്ന ചട്ടമ്പിസ്വാമികളുടെ പരിസ്ഥിതിദര്‍ശനവും വ്യത്യസ്തമല്ല എന്നു വരുന്നു. അദ്വൈതവേദാന്തത്തിന്റെ ബ്രഹ്‌മാണ്ഡസങ്കല്പം അക്കാര്യം തെളിയിക്കുകയും ചെയ്യുന്നു.
ബ്രഹ്‌മാണ്ഡത്തില്‍ ഉള്‍ച്ചേര്‍ന്നിട്ടുള്ളത് ഭാരതീയ പുരാണേതിഹാസാദികളില്‍ പ്രസിദ്ധമായിട്ടുള്ള ഈരേഴു പതിനാലു ലോകങ്ങളാണ്. നടുക്കു ഭൂമി, കീഴോട്ടു പാതാളങ്ങള്‍, മുകളിലേക്ക് സ്വര്‍ഗങ്ങള്‍ എന്ന സങ്കല്പം പതിനാലു ലോകങ്ങളുടെ ചുരുക്കമാണ്. അതലം, വിതലം, സുതലം, രസാതലം, തലാതലം, മഹാതലം, പാതാളം എന്നിവയാണു പാതാളങ്ങള്‍ എന്നു മൊത്തത്തില്‍ പറയപ്പെടുന്നവ. ഭൂമി, ഭുവര്‍ലോകം, സുവര്‍ലോകം, മഹര്‍ലോകം, ജനലോകം, തപോലോകം, സത്യലോകം എന്നിവയാണ് ഉപരിലോകങ്ങള്‍. ഈ ലോകസങ്കല്പത്തിന്റെ നിജഃസ്ഥിതി തീര്‍ച്ചയായിട്ടും തര്‍ക്കവിഷയമാവും. എന്നാല്‍ അതിന്റെ അടിയിലുള്ള ഭാവന തികച്ചും സ്വാഗതാര്‍ഹമാണ്.
അദ്വൈതവേദാന്തത്തിന്റെ പരിസ്ഥിതിപരിധിയില്‍ ഭൂമിക്കു കീഴെയും മേലെയുമുള്ള ലോകങ്ങള്‍ വരുന്നു എന്നതാണു പ്രധാനം. ഭൂമിയില്‍നിന്ന് സ്വര്‍ഗങ്ങളിലേക്കും പാതാളങ്ങളിലേക്കും തിരിച്ചും ഉള്ള പോക്കുവരവുകള്‍ പോലും പുരാണേതിഹാസാദികളില്‍ പ്രചുരമാണല്ലോ.

അദ്വൈതവേദാന്തത്തിന്റെ പരിസ്ഥിതിദര്‍ശനത്തിന്റെ ഭാഗമാണ് അതിന്റെ ജീവസങ്കല്പം. ജരായുജം, അണ്ഡജം, ജീവജം, ഉദ്ഭിജ്ജം എന്നിങ്ങനെ നാലു വിധമായിട്ടാണ് ജീവജാലത്തെ അദ്വൈതവേദാന്തം കണക്കാക്കുന്നത്. പ്രസവത്തിലൂടെയുണ്ടാവുന്നവയാണ് ജരായുജങ്ങള്‍. മുട്ട വിരിഞ്ഞുണ്ടാകുന്നവയാണ് അണ്ഡജങ്ങള്‍. കൃമികീടാദികളാണ് ജീവജങ്ങള്‍. ഭൂമി പിളര്‍ന്നുണ്ടായി വരുന്ന വൃക്ഷലതാദികളാണ് ഉദ്ഭിജ്ജങ്ങള്‍. പക്ഷിമൃഗാദികളുള്‍പ്പെടുന്ന ജന്തുജാലത്തെയും വൃക്ഷലതാദികളുള്‍പ്പെടുന്ന സസ്യജാലത്തെയും ഒരുപോലെ പരിഗണിക്കുന്ന ഈ സമീപനം എത്ര ഉദാരമാണെന്നു നോക്കുക.
ചട്ടമ്പിസ്വാമികള്‍ തികഞ്ഞ അദ്വൈതവേദാന്തിയായിരുന്നതുകൊണ്ട് അദ്ദേഹത്തിന്റെ പരിസ്ഥിതിദര്‍ശനത്തിന്റെ കാതല്‍ ഈ ഉദാരസമീപനം തന്നെയായിരുന്നു. അട്ടയായും പുഴുവായും പട്ടിയായും പൂച്ചയായും തൂണായും ഇരുമ്പായും ആനയായും പുലിയായും കാടായും കടുവയായും, എന്നുവേണ്ട സകലതുമായിരിക്കുന്ന സത്യം ഒന്നുതന്നെയാണെന്നു വിശ്വസിക്കുന്ന അദ്വൈതിയുടെ പരിസ്ഥിതി ദര്‍ശനത്തെപ്പോലെ സാര്‍വലൗകിമായ ഒരു പരിസ്ഥിതിദര്‍ശനം വേറെയില്ല. അതു തന്നെയായിരുന്നു ചട്ടമ്പിസ്വാമികളുടേത്.
അദ്വൈതവേദാന്തം പ്രപഞ്ചത്തിന്റെ മിഥ്യാത്വത്തില്‍ വിശ്വസിക്കുന്ന ഒരു തത്ത്വശാസ്ത്രമാണ്. അപ്പോള്‍ പിന്നെ അവിടെ പരിസ്ഥിതിക്ക് എന്തു പ്രാധാന്യം എന്നു ചോദിച്ചേക്കാം. പ്രപഞ്ചത്തിന്റെ വ്യാവഹാരികസത്യത്വം അദ്വൈതവേദാന്തം അംഗീകരിക്കുന്നു. പരിസ്ഥിതിപ്രശ്നങ്ങള്‍ വാസ്തവത്തില്‍ ആധുനികജീവിതത്തിന്റെ സൃഷ്ടികളാണ്. പ്രകൃതിയുടെ സന്തുലിതാവസ്ഥയെ തകിടംമറിക്കുന്ന തരത്തിലുള്ള ആധുനികമനുഷ്യരുടെ കടന്നുകയറ്റങ്ങളാണ് പ്രശ്നങ്ങള്‍ക്കു കാരണം.
അന്തരീക്ഷം, വായു, ജലം എന്നിവയുടെ മലിനീകരണംതന്നെ പരിശോധിക്കുക. ആരാണുത്തരവാദി? മനുഷ്യന്‍ തന്നെ. ശബ്ദത്തിന്റെ കാര്യം. കേരളം പോലെ ഇത്ര ശബ്ദായമാനമായ ഒരു നാട് ലോകത്തു മറ്റെവിടെയും ഉണ്ടാകാനിടയില്ല. ശബ്ദമലിനീകരണത്തിന്റെ പ്രശ്നങ്ങളും അത്രമാത്രം അധികമാണെന്നോര്‍മിക്കുക.
വര്‍ത്തമാനകാലത്തെ പാരിസ്ഥിതികപ്രശ്നങ്ങള്‍ക്കു പരിഹാരമാകുന്ന ഏതെങ്കിലും നിര്‍ദേശം മുന്നോട്ടു വെച്ചു എന്ന അര്‍ഥത്തിലല്ല ചട്ടമ്പിസ്വാമികളുടെ പരിസ്ഥിതിദര്‍ശനത്തെ പരിഗണിക്കേണ്ടത്. ചരാചരാത്മകമായ സമസ്തപ്രപഞ്ചവും ഒന്നിന്റെ നാനാരൂപത്തിലുള്ള പ്രതിഭാസങ്ങളാണെന്നു കാണുന്ന ആ വിശാല സമീപനമാണ് ആദരണീയമായിട്ടുള്ളത്. അതു സകല മനുഷ്യര്‍ക്കും അനുപേക്ഷണീയമാണ്. അതില്ലാത്തവരുടെ ചെയ്തികളുളവാക്കുന്ന ഒരു പരിതഃസ്ഥിതിയിലാണ് നാം ജീവിക്കുന്നത്.
അഴുകിയതും പുഴുത്തതും നാറുന്നതുമായ മാലിന്യങ്ങള്‍ സഞ്ചിയില്‍ നിറച്ച് അപരന്റെ വീടിന്റെ തൊട്ടുമുന്നിലുള്ള ഇടവഴിയില്‍ കൊണ്ടു തള്ളിയിട്ടു പോകുന്നു. പരിസരത്തുള്ള വീടുകളുടെയെല്ലാം മുറ്റവും പുരയിടവും, ഒരു തുള്ളി വെള്ളം മണ്ണില്‍ താഴാനവസരമില്ലാത്തവിധം തറയോടു പാകി വെള്ളം ഇടവഴിയിലേക്കു വിടുകയാണ്. മഴ പെയ്താല്‍ ഇടവഴി മഴക്കാലത്തു തോടാക്കുന്നവര്‍ തന്നെ വേനല്‍ക്കാലമാകുമ്പോള്‍ ഉഷ്ണം സഹിക്കാന്‍ വയ്യ എന്നു വിലപിക്കുകയും ചെയ്യുന്നു.
ഉന്നതവിദ്യാസമ്പന്നരായ ആളുകള്‍ക്കുപോലും പരിസ്ഥിതിസംബന്ധമായ യാതൊരവബോധവും ഇല്ല. ഇക്കഴിഞ്ഞ നാളുകളില്‍ നമ്മുടെ നാട്ടിലുണ്ടായ പ്രളയക്കെടുതികളുടെ നൊമ്പരം മാറാന്‍ ഇനി എത്ര നാള്‍ വേണമെന്ന് ഒരു തിട്ടവുമില്ല. എന്നാല്‍ ഒരു കാര്യം പ്രളയകാലത്തും പ്രളയാനന്തരമുള്ള ഇക്കാലത്തും നമുക്ക് അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. പരിസ്ഥിതിപ്രശ്നങ്ങളെക്കുറിച്ചു വിവരമുള്ളവര്‍ പറയുന്നതൊക്കെ നാം പുച്ഛിച്ചുതള്ളിയതിന്റെകൂടി തിക്തഫലമാണ് നാം അനുഭവിച്ചത്.
ഈ പശ്ചാത്തലത്തില്‍ നിന്നുകൊണ്ട് തിരിഞ്ഞുനോക്കുമ്പോഴാണ് സിദ്ധാന്തവും പ്രയോഗവും കൂട്ടിയിണക്കിയ മഹാനായ ചട്ടമ്പിസ്വാമികളെക്കുറിച്ച് നമുക്ക് മതിപ്പു കൂടുന്നത്. പ്രകൃതിയോടും മനുഷ്യരോടും മാത്രമല്ല, മറ്റെല്ലാ ജീവജാലത്തോടും ചട്ടമ്പിസ്വാമികള്‍ സ്വീകരിച്ച നിലപാട് അങ്ങേയറ്റം ഉദാരവും സൗഹാര്‍ദപരവുമായിരുന്നു.
പ്രകൃതിയോടും സഹജീവികളോടുമുള്ള സൗഹാര്‍ദപരമായ സമീപനമാണ് ശരിയായ ഒരു പരിസ്ഥിതിദര്‍ശനത്തിന്റെ കാതല്‍. അതു വേണ്ടുവോളം ഉണ്ടായിരുന്നു ചട്ടമ്പിസ്വാമികള്‍ക്ക്. പ്രകൃതിയോട് അങ്ങേയറ്റം ഇണങ്ങി ജീവിച്ച അദ്ദേഹം നല്ലൊരു നാട്ടുവൈദ്യന്‍ കൂടിയായിരുന്നു. പനിക്ക്, വലിവിന്, പാണ്ഡുരോഗത്തിന്, വായുകോപത്തിന്, വയറിളക്കത്തിന്, അതിസാരത്തിന്, വിഷചികിത്സയ്ക്ക്, നടുകഴപ്പിന്, കരപ്പന്, നാവുപൂപ്പലിന്, വിരശല്യത്തിന്, നീരിന് എന്നു വേണ്ട വസൂരിക്കുവരെ നാട്ടു ചികിത്സാവിധികള്‍ ചട്ടമ്പിസ്വാമികള്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ചാരായം, കറുപ്പ,് കഞ്ചാവ് തുടങ്ങിയവകൊണ്ടുണ്ടാക്കുന്ന ലഹരി മറുമരുന്നുകളും അദ്ദേഹം നിര്‍ദേശിച്ചിട്ടുണ്ട്. വിഷദംശത്തിനും ഭ്രാന്തിനും സ്ത്രീരോഗങ്ങള്‍ക്കും പോലും നാട്ടുചികിത്സകള്‍ ചട്ടമ്പിസ്വാമികള്‍ വിധിച്ചിട്ടുണ്ട്. പ്രകൃതിദത്തമായ കീടനാശിനികള്‍ കൂടി അദ്ദേഹം നിര്‍ദേശിച്ചിട്ടുണ്ടെന്നതു വിസ്മയകരമാണ്.
പ്രകൃതിയോടു മാത്രമല്ല ജന്തുക്കളോടും സൗഹാര്‍ദപൂര്‍ണമായ സമീപനമായിരുന്നു ചട്ടമ്പിസ്വാമികള്‍ക്കുണ്ടായിരുന്നത്. ജീവകാരുണ്യനിരൂപണം എന്നൊരു കൃതി അദ്ദേഹം രചിച്ചിട്ടുണ്ട്. അദ്ദേഹം ജന്തുക്കളോടു കാണിച്ചിരുന്ന കാരുണ്യം വിസ്മയങ്ങള്‍ക്കും കാരണമായിട്ടുണ്ട്. അണ്ണാന്‍, തവള, ചേര, ഉറുമ്പ് തുടങ്ങിയവ അദ്ദേഹത്തിന്റെ അടുത്ത കൂട്ടുകാരായിരുന്നു. അവ സ്വാമികളുടെ പുറത്തു കയറിയിറങ്ങി കളിച്ചിരുന്നു എന്നതു പരമാര്‍ഥമാണ്. പട്ടികള്‍ അദ്ദേഹത്തിന്റെ വരുതിക്കു നിന്നിരുന്നു. ഒരിക്കല്‍ അദ്ദേഹം നടത്തിയ പട്ടിസദ്യ പ്രസിദ്ധമാണ്. തിരുവനന്തപുരത്തായിരുന്നു സംഭവം.
കൈക്കൂലിക്കാരനായ ഒരുദ്യോഗസ്ഥന്‍ ചട്ടമ്പിസ്വാമികളെ വിരുന്നിനു ക്ഷണിച്ചു. അദ്ദേഹം ചെല്ലാമെന്ന് ഏറ്റു. തന്റെ കൂടെ കുറച്ചുപേര്‍കൂടി ഉണ്ടാകുമെന്ന് സ്വാമികള്‍ പറഞ്ഞു. പറഞ്ഞ ദിവസം ഉച്ചയൂണിനു സ്വാമികള്‍ എത്തി. കൂടെ ആരും ഉണ്ടായിരുന്നില്ല. ആതിഥേയന് സംശയമായി. സ്വാമികള്‍ പറഞ്ഞു ഇലവെച്ചോളാന്‍. ഇലയിട്ടു സദ്യ വിളമ്പി. സ്വാമികള്‍ പുറത്തിറങ്ങി ഒന്നു കൈയടിച്ചു. അതാ വരുന്നു നിരനിരയായി കുറെ പട്ടികള്‍, എല്ലാവരെയും നിരത്തിയിരുത്തി സ്വാമികളും ഇരുന്നു, സദ്യയുണ്ടു. സ്വാമികളുടെ ജന്തുസ്നേഹപരമായ പൊടിക്കൈകള്‍ വേറെയും പലതുണ്ട്.
സര്‍വകലാവല്ലഭനായിരുന്ന ചട്ടമ്പിസ്വാമികളുടെ പരിസ്ഥിതിദര്‍ശനം അദ്ദേഹം അടിയുറച്ചു വിശ്വസിച്ചിരുന്ന അദ്വൈതവേദാന്തത്തിനു പൂരകവും തികച്ചും ലളിതവുമായിരുന്നു. അതില്‍ ആനക്കാര്യങ്ങളൊന്നുമില്ല, എന്നാല്‍ ചേനക്കാര്യങ്ങളുണ്ട്. വലിയ വലിയ വാചകങ്ങള്‍ ഉരുവിടുകയും തികച്ചും വിപരീതമായി പെരുമാറുകയും ചെയ്യുന്ന ഇന്നത്തെ മിക്ക ജനനായകന്മാരുടെയും രീതിയില്‍നിന്നു വേറിട്ട് കൊച്ചു കൊച്ചു ചെയ്തികളിലൂടെ വലിയ വലിയ നേട്ടങ്ങള്‍ വ്യക്തിക്കും സമൂഹത്തിനും കൈവരിക്കാനുതകുന്ന പരിസ്ഥിതിദര്‍ശനമായിരുന്നു ചട്ടമ്പിസ്വാമികളുടേത്. ഒരുദാഹരണം മാത്രം ചൂണ്ടിക്കാണിച്ചുകൊണ്ട് ഈ ലേഖനം ഉപസംഹരിക്കാം.
ജാതീയമായ ഉച്ചനീചത്വങ്ങളും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കൊടികുത്തിവാണിരുന്ന കാലത്താണല്ലോ ചട്ടമ്പിസ്വാമികള്‍ ജീവിച്ചതും പ്രവര്‍ത്തിച്ചതും. ക്ഷേത്രപ്രവേശനം താഴ്ന്ന ജാതിക്കാര്‍ക്കു നിഷേധിക്കപ്പെട്ടിരുന്ന കാലം. ക്ഷേത്രം പ്രതിഷ്ഠിച്ച് എല്ലാ മനുഷ്യര്‍ക്കും പ്രവേശനമനുവദിക്കുകയാണ് ശ്രീനാരായണഗുരു ചെയ്തത്.
ക്ഷേത്രങ്ങളിലെ വിഗ്രഹാരാധനയെത്തന്നെ നിഷേധിക്കുകയാണു ബ്രഹ്‌മാനന്ദസ്വാമി ശിവയോഗി ചെയ്തത്. മധ്യമാര്‍ഗമാണു ചട്ടമ്പിസ്വാമികള്‍ സ്വീകരിച്ചത്. ഈശ്വരാരാധന വ്യക്തികാര്യമാണ് എന്നുകണ്ട് അതിനുതകുന്ന ശ്രീചക്രപൂജ എന്ന സമ്പ്രദായമാണ് അദ്ദേഹം മുന്നോട്ടുവെച്ചത്.
ഒരു ശ്രീചക്രം വരച്ച് സ്വന്തം വീടിന്റെ ഒരു കോണില്‍ സ്ഥാപിച്ച് അതില്‍ ഇഷ്ടദേവതയെ ആരാധിക്കുക എന്ന ലളിതമായ നിര്‍ദേശമാണ് ശ്രീചക്രപൂജയുടെ ഉള്ളടക്കം. പക്ഷേ, അത് ആരും ചെവിക്കൊണ്ടില്ല. ആരാധനയും ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന പരിസ്ഥിതിപ്രശ്നങ്ങള്‍ക്ക് അത് ശാശ്വതമായ പരിഹാരമാണ്. പുണ്യനദികളും തീര്‍ഥക്കുളങ്ങളും മലീമസമായി പാരിസ്ഥിതിക പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന അവസ്ഥ ഇല്ലാതാക്കാന്‍ പറ്റിയ ആശയമാണ് ചട്ടമ്പിസ്വാമികളുടേത് എന്നു കാണാന്‍ പ്രയാസമില്ലല്ലോ.
(ഡോ. മോത്തി വര്‍ക്കി എഡിറ്റ് ചെയ്ത 'പരിസ്ഥിതിദര്‍ശനം മതങ്ങളില്‍' എന്ന പുസ്തകത്തില്‍ ഡോ. കെ. മഹേശ്വരന്‍ നായര്‍ എഴുതിയ 'ചട്ടമ്പിസ്വാമികളുടെ പരിസ്ഥിതിദര്‍ശനം' എന്ന ലേഖനം)
Content Highlights: Chattambi Swami, Death anniversary, Paristhithidarsanam mathangali book excerpt, Mathrubhumi books
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..