'നീയും നിന്റെ അച്ഛനെപ്പോലെ ഓടയില്‍ത്തന്നെ അവസാനിക്കുമെന്ന് അമ്മ പറയുമായിരുന്നു'


എല്ലാ തിയേറ്ററുകളിലും മദ്യം വിറ്റിരുന്നതിനാല്‍ കുടിക്കാതിരിക്കുക എന്നത് അച്ഛനെപ്പോലെയുള്ള ഹാസ്യനടന്മാരെ സംബന്ധിച്ചിടത്തോളം വിഷമകരമായിരുന്നു.

-

പിന്നീട് പലതും സംഭവിച്ചു! കുറച്ചു ദിവസങ്ങളോ ഒരു മാസമോ തന്നെ കഴിഞ്ഞാകണം അത് അമ്മയെയും പുറംലോകത്തെയും സംബന്ധിച്ച എന്തൊക്കെയോ ശരിയായിട്ടല്ല സംഭവിക്കുന്നതെന്ന പെട്ടെന്നുള്ള ഒരു തിരിച്ചറിയല്‍. പകല്‍സമയം മുഴുവന്‍ അമ്മ ഒരു സ്ത്രീസുഹൃത്തിന്റെ കൂടെ എവിടെയോ ആയിരുന്നു, വല്ലാതെ ക്ഷോഭിച്ചാണമ്മ അന്നു മടങ്ങിവന്നത്. തറയിലിരുന്നു കളിക്കുകയായിരുന്ന ഞാന്‍ എനിക്കു മുകളിലായി നടക്കുന്ന തീവ്രമായ കോളിളക്കത്തെക്കുറിച്ചു മനസ്സിലാക്കിയത് ഒരു കിണറിന്റെയടിത്തട്ടിലിരുന്നു മുകളില്‍ നടക്കുന്ന കാര്യങ്ങളറിയുന്നതുപോലെയായിരുന്നു. വൈകാരികമായ ജല്പനങ്ങളും കരച്ചിലും അമ്മയില്‍നിന്നുണ്ടായി. ആംസ്‌ട്രോങ് എന്ന പേര് അമ്മ തുടര്‍ച്ചയായി പറഞ്ഞുകൊണ്ടിരുന്നു, ആംസ്‌ട്രോങ് അങ്ങനെ പറഞ്ഞു, ആംസ്‌ട്രോങ് ഇങ്ങനെ പറഞ്ഞു, ആംസ്‌ട്രോങ് ഒരു നീചനാണ് എന്നൊക്കെ. അമ്മയുടെ ക്ഷോഭം അത്രയ്ക്കപരിചിതവും തീവ്രവുമായിരുന്നതിനാല്‍ ഞാന്‍ കരയാന്‍ തുടങ്ങി. കരച്ചില്‍ നീണ്ടതിനാല്‍ അമ്മയ്‌ക്കെന്നെയെടുത്ത് മടിയിലിരുത്തുകയും ആശ്വസിപ്പിക്കുകയും ചെയ്യേണ്ടിവന്നു. ആ വൈകുന്നേരത്തിന്റെ പ്രാധാന്യമെനിക്കു മനസ്സിലായത് വര്‍ഷങ്ങള്‍ കഴിഞ്ഞാണ്. മക്കളെ പരിപാലിക്കാത്തതിന്റെ പേരില്‍ അമ്മ അച്ഛനെതിരായി കേസു കൊടുത്തിരുന്ന കോടതിയില്‍നിന്നായിരുന്നു അമ്മയന്നു മടങ്ങിവന്നത്. കേസ് അമ്മയ്ക്കനുകൂലമായിരുന്നില്ല. ആ കേസില്‍, അച്ഛന്റെ അഭിഭാഷകനായിരുന്നു ആംസ്‌ട്രോങ്.

അച്ഛനെക്കുറിച്ച് എനിക്കു തീരേ അറിവുണ്ടായിരുന്നില്ല. അദ്ദേഹം ഞങ്ങളുടെ കൂടെ ജീവിച്ചതായി ഓര്‍മിക്കുന്നുമില്ല. അദ്ദേഹവും ഒരു വോഡ്‌വില്‍* നടനായിരുന്നു. കറുത്ത കണ്ണുകളുള്ള അദ്ദേഹം ശാന്തനും ആലോചനാമഗ്നനുമായിരുന്നു. അച്ഛന്‍ കാഴ്ചയില്‍ നെപ്പോളിയനെപ്പോലെയായിരുന്നുവെന്ന് അമ്മ പറഞ്ഞിട്ടുണ്ട്. തെളിഞ്ഞതും ഗാംഭീര്യമുള്ളതുമായ പുരുഷസ്വരമുണ്ടായിരുന്ന അദ്ദേഹം വളരെ നല്ലൊരു കലാകാരനായിരുന്നു. അക്കാലത്തുപോലും ആഴ്ചയില്‍ നാല്പതു പൗണ്ട് എന്ന ഗണ്യമായ പ്രതിഫലം അച്ഛന്‍ നേടിയിരുന്നു. അമിതമായി മദ്യപിച്ചിരുന്നു എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രശ്‌നം. അതാണ് അവര്‍ തമ്മില്‍ വേര്‍പിരിയാനുള്ള കാരണമെന്ന് അമ്മ പറഞ്ഞു.

എല്ലാ തിയേറ്ററുകളിലും മദ്യം വിറ്റിരുന്നതിനാല്‍ കുടിക്കാതിരിക്കുക എന്നത് അച്ഛനെപ്പോലെയുള്ള ഹാസ്യനടന്മാരെ സംബന്ധിച്ചിടത്തോളം വിഷമകരമായിരുന്നു. ഒരു പ്രദര്‍ശനത്തിനു ശേഷം അവര്‍ തിയേറ്ററിലെ മദ്യശാലയിലേക്കു പോയി കാഴ്ചക്കാരോടൊപ്പം മദ്യപിക്കണമെന്നതായിരുന്നു അപ്രഖ്യാപിതനിയമം. ചില തിയേറ്ററുകള്‍ ടിക്കറ്റുവില്പനയില്‍നിന്നു ലഭിക്കുന്നതിലധികം വരുമാനമുണ്ടാക്കിയിരുന്നത് മദ്യവില്പനയില്‍നിന്നായിരുന്നു. അതുപോലെ, പല താരങ്ങള്‍ക്കും ഉയര്‍ന്ന ശമ്പളം നല്കിയിരുന്നത് അവരുടെ കഴിവിന്റെ അംഗീകാരമായി മാത്രമായിരുന്നില്ല, കിട്ടുന്ന പണത്തിന്റെ ഭൂരിഭാഗവും അവര്‍ ബാറില്‍ ചെലവഴിച്ചിരുന്നതുകൊണ്ടുകൂടിയായിരുന്നു. അങ്ങനെ പല കലാകാരന്മാരും മദ്യപാനംമൂലം നശിച്ചു. എന്റെ പിതാവും അവരിലൊരാളായിരുന്നു. അമിതമദ്യപാനം കാരണം, അദ്ദേഹം മുപ്പത്തിയേഴാം വയസ്സില്‍ മരിച്ചു.

അമ്മ, മാതാപിതാക്കളുടെ രണ്ടു പെണ്മക്കളില്‍ മൂത്തവളായിരുന്നു. ഒരു ഐറിഷ് ചെരിപ്പുകുത്തിയായിരുന്ന അമ്മയുടെ അച്ഛന്‍ ചാള്‍സ് ഹില്‍ അയര്‍ലണ്ടിലെ കൗണ്ടി കോര്‍ക്കില്‍നിന്നുള്ളയാളായിരുന്നു. ചുവന്നുതുടുത്ത കവിളുകളും വിസ്റ്റ്‌ലറുടെ ചിത്രങ്ങളിലെ കാര്‍ലൈലിനെപ്പോലെയുള്ള വെളുത്ത മുടിയും താടിയുമുണ്ടായിരുന്നു. ശരീരം അല്പം കുനിഞ്ഞ് മുന്‍പോട്ടു വളഞ്ഞിരുന്നു. ദേശീയമുന്നേറ്റങ്ങളില്‍ പങ്കെടുത്ത കാലത്ത് പോലീസില്‍നിന്നും ഒളിച്ച് തണുത്ത വെളിമ്പ്രദേശങ്ങളില്‍ ഉറങ്ങിയതുമൂലം പിടിപെട്ട വാതസംബന്ധമായ രോഗമാണിതിനു കാരണമെന്ന് അദ്ദേഹം വിശദീകരിച്ചിരുന്നു. ഒടുവില്‍, ലണ്ടനില്‍ വോള്‍വെര്‍ത്ത് ഈസ്റ്റ് ലെയിനില്‍ ബൂട്ട് നന്നാക്കുന്ന ജോലി ആരംഭിച്ച് അദ്ദേഹമവിടെ ജീവിതമുറപ്പിക്കുകയാണു ചെയ്തത്. മുത്തശ്ശി പാതി ജിപ്‌സിയായിരുന്നു. ഈ വാസ്തവം ഞങ്ങളുടെ കുടുംബം രഹസ്യമായി സൂക്ഷിക്കുന്ന ഒന്നാണ്. എന്നിരുന്നാലും, തങ്ങളെക്കാലവും തറവാടക കൊടുത്താണു ജീവിച്ചിരുന്നതെന്ന് മുത്തശ്ശി വീമ്പുപറഞ്ഞിരുന്നു. അവരുടെ ആദ്യകാലനാമം സ്മിത്ത് എന്നായിരുന്നു. എല്ലായ്‌പോഴും ആഹ്ലാദകരമായി കൊഞ്ചിക്കൊണ്ടെതിരേല്ക്കുന്ന പ്രസരിപ്പുള്ള ചെറിയ വൃദ്ധയായി ഞാനവരെ ഓര്‍മിക്കുന്നു. എനിക്കാറു വയസ്സാകും മുന്‍പ് മുത്തശ്ശി മരിച്ചു. മുത്തശ്ശിയോ മുത്തച്ഛനോ ആരോടും പറയാതിരുന്ന ഏതോ ഒരു കാരണംകൊണ്ട് അവര്‍ തമ്മില്‍ പിരിഞ്ഞിരുന്നു. പക്ഷേ, കേറ്റ് ആന്റി പറയുന്നതനുസരിച്ച് മുത്തച്ഛന് ഒരു കാമുകിയുണ്ടായിരുന്നുവെന്നും ആ ഗാര്‍ഹികത്രികോണമാണതിനു കാരണമെന്നുമാണ്.

ഞങ്ങളുടെ കുടുംബത്തിന്റെ സദാചാരം സാധാരണ അളവുകോലുകളനുസരിച്ചളക്കുന്നത് തിളയ്ക്കുന്ന വെള്ളത്തില്‍ തെര്‍മോമീറ്റര്‍ ഇടുന്നതുപോലെയുള്ള അബദ്ധമാണ്. അത്തരം ജനിതകസ്വഭാവങ്ങളുടെ പിന്‍ബലത്തില്‍ ചെരിപ്പുകുത്തിയുടെ സുന്ദരികളായ രണ്ടു പെണ്‍മക്കളും വീടു വിട്ടിറങ്ങുകയും നാടകവേദിയിലെത്തുകയും ചെയ്തു. അമ്മയുടെ ഇളയ സഹോദരി, കേറ്റ് ആന്റിയും വാഡ്‌വില്‍ ഹാസ്യനടിയായിരുന്നു. പക്ഷേ, ഞങ്ങള്‍ക്കവരെക്കുറിച്ച് ഏറെയൊന്നും അറിയില്ല. എന്തെന്നാല്‍, അവര്‍ ഞങ്ങളുടെ ജീവിതത്തിലേക്ക് അപൂര്‍വമായി മാത്രമേ കടന്നുവന്നിരുന്നുള്ളൂ. സുന്ദരിയും ക്ഷിപ്രകോപിയുമായ അവര്‍ അമ്മയുമായി ഒത്തുപോകുന്നവളായിരുന്നില്ല. വല്ലപ്പോഴുമുള്ള അവരുടെ സന്ദര്‍ശനം, അമ്മ പറഞ്ഞതോ ചെയ്തതോ ആയ ഏതെങ്കിലും കാര്യത്തിന്റെ പേരിലുള്ള കോപത്തില്‍ ആകസ്മികമായി അവസാനിക്കുകയായിരുന്നു പതിവ്.

പതിനെട്ടാമത്തെ വയസ്സില്‍ അമ്മ മധ്യവയസ്‌കനായ ഒരാളോടൊപ്പം ആഫ്രിക്കയിലേക്ക് ഒളിച്ചോടി. അവിടത്തെ തന്റെ ജീവിതത്തെക്കുറിച്ച് അമ്മയിടയ്ക്കിടെ പറയാറുണ്ടായിരുന്നു; തോട്ടങ്ങളുടെയും പരിചാരകരുടെയും കുതിരകളുടെയും ആഡംബരത്തില്‍ ജീവിച്ചതിനെപ്പറ്റി. അമ്മയുടെ പതിനെട്ടാമത്തെ വയസ്സില്‍ എന്റെ സഹോദരന്‍ സിഡ്‌നി ജനിച്ചു. സിഡ്‌നി ഒരു പ്രഭുവിന്റെ മകനാണെന്നും ഇരുപത്തിയൊന്നു വയസ്സു തികയുമ്പോള്‍ രണ്ടായിരം പൗണ്ടിന്റെ ഒരു ഭാഗ്യനിധി അവനു പൈതൃകമായി ലഭിക്കുമെന്നും അമ്മയെന്നോടു പറഞ്ഞിരുന്നു. ആ അറിവ് എന്നിലൊരേസമയം സന്തോഷവും അസൂയയുമുണ്ടാക്കിയിരുന്നു.

അമ്മ അധികകാലം ആഫ്രിക്കയില്‍ താമസിച്ചില്ല, ഇംഗ്ലണ്ടിലേക്കു മടങ്ങിവരികയും അച്ഛനെ വിവാഹം കഴിക്കുകയും ചെയ്തു. ആഫ്രിക്കന്‍ ജീവിതം എന്തുകൊണ്ടാണവസാനിച്ചതെന്നുള്ളതിനെപ്പറ്റി എനിക്കു യാതൊരറിവുമില്ല പക്ഷേ, ആ സുഖകരമായ ജീവിതം എന്തിനാണുപേക്ഷിച്ചതെന്ന് ചോദിച്ച് ഞങ്ങളുടെ കഠിനമായ ദാരിദ്ര്യാവസ്ഥയില്‍ ഞാനമ്മയെ ശകാരിച്ചിരുന്നു. ബുദ്ധിയും കരുതലും ഉണ്ടാകാത്തത്ര ചെറുപ്പമായിരുന്നു താനെന്ന് അമ്മ ചിരിച്ചുകൊണ്ട് മറുപടി പറയും. അച്ഛനോട് അമ്മയ്‌ക്കെത്രമാത്രം സ്‌നേഹമുണ്ടായിരുന്നുവെന്ന് എനിക്കൊരിക്കലും മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നില്ല. പക്ഷേ, അദ്ദേഹത്തെപ്പറ്റി പറയുമ്പോഴൊന്നും അത് വിദ്വേഷത്തോടെയായിരുന്നില്ല. അമ്മയുടെ സ്വഭാവം അത്രയേറെ വസ്തുനിഷ്ഠമായിരുന്നതിനാല്‍ ആഴത്തിലുള്ള പ്രണയം സാധ്യമാകുമായിരുന്നില്ല എന്നു ഞാന്‍ സംശയിച്ചു. ചിലപ്പോള്‍ അച്ഛനെക്കുറിച്ച് സഹതാപത്തോടെ സംസാരിക്കും, ചിലപ്പോള്‍ മദ്യപാനത്തെക്കുറിച്ചും അക്രമങ്ങളെക്കുറിച്ചും പറയും, പില്ക്കാലത്ത് എന്നോടു കോപിക്കുമ്പോഴൊക്കെ അതവസാനിക്കുന്നതിങ്ങനെയായിരുന്നു: 'നീയും നിന്റെ അച്ഛനെപ്പോലെ ഓടയില്‍ത്തന്നെ അവസാനിക്കും.'

ആഫ്രിക്കയില്‍ പോകുന്നതിനു മുന്‍പുതന്നെ അമ്മയ്ക്ക് അച്ഛനെ പരിചയമുണ്ടായിരുന്നു. അവര്‍ പ്രണയികളുമായിരുന്നു. ഷെയ്മസ് ഓ ബ്രയെന്‍ എന്ന ഐറിഷ് നാടകത്തില്‍ അവരൊന്നിച്ചഭിനയിച്ചിരുന്നു. പതിനാറാമത്തെ വയസ്സില്‍ അമ്മ നായികാവേഷമാണു ചെയ്തത്. ആ നാടകക്കമ്പനിയോടൊത്തുള്ള യാത്രയിലാണ് അമ്മ മധ്യവയസ്‌കനായ പ്രഭുവിനെ കണ്ടുമുട്ടിയതും അയാളുടെ കൂടെ ആഫ്രിക്കയിലേക്ക് ഒളിച്ചോടിയതും. പിന്നീട് ഇംഗ്ലണ്ടിലേക്കു മടങ്ങിവന്നപ്പോള്‍, അച്ഛന്‍ പ്രണയത്തിന്റെ പൊട്ടിപ്പോയ ഇഴകള്‍ ചേര്‍ത്തെടുക്കയും അവര്‍ വിവാഹിതരാകുകയും ചെയ്തു. മൂന്നു വര്‍ഷത്തിനു ശേഷം ഞാന്‍ പിറന്നു.

ഞാന്‍ ജനിച്ച് ഒരു വര്‍ഷത്തിനു ശേഷം എന്റെ മാതാപിതാക്കള്‍ തമ്മില്‍ പിരിഞ്ഞു, മദ്യപാനത്തിനു പുറമേ മറ്റെന്തു കാരണമാണതിനു പിന്നിലുണ്ടായിരുന്നതെന്ന് എനിക്കറിയില്ല. അമ്മ ജീവനാംശമൊന്നും ആവശ്യപ്പെട്ടില്ല. ആഴ്ചയില്‍ ഇരുപത്തിയഞ്ചു പൗണ്ട് വരുമാനമുള്ള, സ്വന്തമായി നിലനില്പുള്ള ഒരു നടിയായ അമ്മയ്ക്ക് തന്റെയും മക്കളുടെയും ജീവിതത്തെ സ്വയം നയിക്കാനുള്ള പ്രാപ്തിയുണ്ടായിരുന്നു. ദൗര്‍ഭാഗ്യം പിടികൂടിയപ്പോള്‍ മാത്രമാണ് അവര്‍ സഹായധനമാവശ്യപ്പെട്ടത്. അല്ലായിരുന്നുവെങ്കില്‍ അവരൊരിക്കലും നിയമപരമായ നടപടികള്‍ക്കു മുതിരുകയില്ലായിരുന്നു.