എം.ജി.എസ്. നാരായണന്റെ തിരഞ്ഞെടുത്ത ലേഖനങ്ങളുടെ സമാഹാരമാണ് 'ചരിത്രസത്യങ്ങളിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍'. കഴിഞ്ഞ അഞ്ച് ദശകത്തിനിടയ്ക്ക് അദ്ദേഹം രചിച്ച ഈ ലേഖനങ്ങള്‍ വിപുലവും വൈവിധ്യവുമാര്‍ന്ന വിഷയങ്ങളെ പഠനവിധേയമാക്കുന്നു. ലേഖനസമാഹാരത്തിലെ 'ഗാന്ധിജിയെ വെറുതെ വിടുക' എന്ന 2002 ല്‍ എഴുതിയ ലേഖനം വായിക്കാം

1942 ഓഗസ്റ്റിലെ ക്വിറ്റ് ഇന്ത്യാ സമരത്തെയും ഗാന്ധിജിയുടെ നേതൃത്വത്തെയും ആഭാസമായി ചിത്രീകരിച്ചുകൊണ്ടും അക്കാലത്തെ കമ്യൂണിസ്റ്റുകളുടെ സ്വാതന്ത്ര്യസമരവഞ്ചനയെ സമര്‍ഥമായി ഒളിപ്പിച്ചുവെച്ചുകൊണ്ടും കൊളാടി ഗോവിന്ദന്‍കുട്ടി മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എഴുതിയ ലേഖനമാണ് ഇതെഴുതാനുള്ള പ്രകോപനം സൃഷ്ടിച്ചത്.

1922ലെ ചൗരിചൗരാസംഭവം തൊട്ട് 1942ലെ ക്വിറ്റിന്ത്യാസമരം വരെയും അതിനിപ്പുറത്തും ഗാന്ധിജിയുടെ നേതൃത്വം ജനവിരുദ്ധവും നിരുത്തരവാദപരവുമാണെന്ന് സ്ഥാപിക്കാനാണ് കൊളാടി അധ്വാനിക്കുന്നത്. ഗാന്ധിജിയുടെ ഇടപെടല്‍ 'സ്വാതന്ത്ര്യസമരചരിത്രത്തിലെ കടുത്ത അത്യാഹിതം' ആയിട്ടാണ് ലേഖകന്‍ വിവരിക്കുന്നത്. 'നിര്‍ണായകമായ ആ ചരിത്രമുഹൂര്‍ത്തത്തിലാണ് ചൗരിചൗരയെ ചൂണ്ടിക്കാട്ടി സമരത്തില്‍ അക്രമം കലര്‍ന്നെന്ന ആത്മാലാപമുതിര്‍ത്തുകൊണ്ട് സമരനേതാവായിരുന്ന ഗാന്ധിജി ഒരു മുന്നറിയിപ്പുമില്ലാതെ, സഹപ്രവര്‍ത്തകന്മാരോടുപോലും കൂടിയാലോചിക്കാതെ സമരം പിന്‍വലിച്ചത്' എന്ന് ലേഖകന്‍ വ്യാഖ്യാനിക്കുന്നു. അന്ന് ഗാന്ധിജിയെ വിമര്‍ശിച്ചിരുന്ന സുഭാഷ്ചന്ദ്ര ബോസിന്റെയും ദേശബന്ധു ദാസ്, പണ്ഡിറ്റ് മോത്തിലാല്‍ നെഹ്രു, ലാലാ ലജ്പത് റായ് എന്നിവരുടെയും ചില വരികള്‍ അദ്ദേഹം ഉദ്ധരിക്കുന്നു: 'ജനങ്ങളില്‍ സമരാവേശം ആളിക്കത്തുമ്പോള്‍ ആ അഗ്നിജ്വാലകളില്‍ വെള്ളമൊഴിക്കുക എന്നത് ഗാന്ധിയന്‍നേതൃത്വത്തിന്റെ സ്വഭാവമാണെ'ന്നും ലേഖകന്‍ പ്രഖ്യാപിക്കുന്നു. ഇതു വായിച്ചാല്‍ എതിര്‍പക്ഷത്തിനുവേണ്ടി ഗാന്ധിജി സമരങ്ങള്‍ പൊളിച്ചു ബ്രിട്ടീഷുകാരെ സഹായിച്ചു എന്നാണ് മനസ്സിലാക്കുക. സ്വാതന്ത്ര്യസമരത്തെ, പ്രത്യേകിച്ചും അതിന്റെ ജനകീയനേതൃത്വത്തെ ആവുംമട്ടില്‍ കരിതേച്ചു കാണിക്കുക എന്ന പഴയ കമ്യൂണിസ്റ്റ് പിന്തിരിപ്പന്‍നയമാണ് സഖാവ് ഇപ്പോഴും ആവര്‍ത്തിക്കുന്നത്.

ക്വിറ്റ് ഇന്ത്യാ പ്രമേയം പാസാക്കിയ കോണ്‍ഗ്രസ് പ്രതിനിധികളോട് ഗാന്ധിജി ചെയ്ത പ്രസംഗത്തില്‍ വൈസ്രോയിയെ സന്ദര്‍ശിച്ച് തന്റെ ആവശ്യം അംഗീകരിക്കാന്‍ അഭ്യര്‍ഥിക്കലാണ് ആദ്യത്തെ ജോലിയെന്നും അതിനു രണ്ടോ മൂന്നോ ആഴ്ചകള്‍ വേണ്ടിവരുമെന്നും ആ സമയത്തൊക്കെ ചര്‍ക്ക തിരിക്കാമെന്നും പ്രഖ്യാപിച്ചിരുന്നു. എതിര്‍പക്ഷത്തെ നേതാവിനോടുപോലും അന്തസ്സോടുകൂടി പെരുമാറുകയും സംസ്‌കാരമുള്ള നേതാവെന്ന നിലയില്‍ അഭ്യര്‍ഥിക്കുകയും ചെയ്തിരുന്ന ഗാന്ധിജിയുടെ മഹത്ത്വമാണ് ആ വാക്യത്തിലൂടെ വെളിപ്പെടുന്നത്. എന്നാല്‍, സഖാവ് കൊളാടിയുടെ പ്രതികരണം ഇങ്ങനെയാണ്: 'ഘോരമായ സമരകാഹളം മുഴക്കുന്ന പ്രമേയവും അടുത്തൊന്നും സമരം തുടങ്ങാന്‍ പോകുന്നില്ലെന്ന പ്രസംഗവും ചര്‍ക്ക തിരിച്ചു കഴിഞ്ഞുകൂടിക്കൊള്ളാനുള്ള ഉപദേശവും ക്വിറ്റ് ഇന്ത്യാസമരത്തിന്റെ ഉദ്ദേശ്യശുദ്ധിയെക്കുറിച്ച് സാമാന്യേന സംശയമുളവാക്കുന്നു.' ഇവിടെ ആരെയാണ് സംശയിക്കേണ്ടത്? കൊളാടി പരിഹാസത്തോടെ 'സമരനായകന്‍' എന്നു കളിയാക്കുന്ന ഗാന്ധിജിയെയോ അതോ ഗാന്ധിജിയുടെ സംരംഭത്തെ വഷളായി ചിത്രീകരിക്കുന്ന ലേഖകനെയോ? തന്റെ നിലപാടുറപ്പിക്കാന്‍ പണ്ഡിറ്റ് നെഹ്രുവിന്റെ ചില വാക്യങ്ങളെയും ലേഖകന്‍ കൂട്ടുപിടിക്കുന്നുണ്ട്.

പക്ഷേ, ഒരൊത്തുതീര്‍പ്പിനെക്കുറിച്ചുള്ള ഗാന്ധിജിയുടെ വിശ്വാസത്തില്‍ നെഹ്രു അദ്ഭുതം പ്രകടിപ്പിച്ചത് ഗാന്ധിജിയുടെ ഉദ്ദേശ്യശുദ്ധിയിലുള്ള സംശയമായി ലേഖകന്‍ വ്യാഖ്യാനിക്കുന്നു. 'സമരരംഗത്തിറങ്ങുന്നതിനെക്കാള്‍ വൈസ്രോയിമന്ദിരത്തിലേക്കു തിരിക്കാനായിരുന്നു സമരനേതാവിന് താത്പര്യം' എന്ന കൊളാടിയുടെ വാചകം വായിക്കുമ്പോള്‍ സ്വാര്‍ഥലാഭത്തിനുവേണ്ടി ഏതോ സ്വകാര്യ അഭ്യര്‍ഥന നടത്താനാണ് ഗാന്ധിജി ഉദ്ദേശിച്ചതെന്ന സൂചനയാണ് നമുക്കു ലഭിക്കുന്നത്. 'പിന്‍വലിക്കാനാവാത്ത സമരം തുടങ്ങാതിരിക്കുക' എന്നതായിരുന്നു ഗാന്ധിജിയുടെ 'തന്ത്രം' എന്ന് ലേഖകന്‍ പറയുന്നു. 'ഒത്തുതീര്‍പ്പിന്റെ അടിസ്ഥാനത്തില്‍ ലഭിക്കുന്ന സ്വാതന്ത്ര്യത്തില്‍ നേരിട്ട്, അനായാസമായി അധികാരസ്ഥാനങ്ങളില്‍ കയറിയിരിക്കുകയേ വേണ്ടൂ' എന്നും കൂട്ടിച്ചേര്‍ക്കുന്നു. അപ്പോള്‍ കൊളാടിയുടെ അഭിപ്രായമനുസരിച്ച് അങ്ങനെ അധികാരസ്ഥാനങ്ങളില്‍ കയറിയിരിക്കാനാണ് ഗാന്ധിജി ക്വിറ്റിന്ത്യാ പ്രമേയത്തിലൂടെയും പ്രസംഗത്തിലൂടെയുമുള്ള കള്ളക്കളികളെല്ലാം കളിച്ചത്.

ഇതിനുകൂടുതല്‍ തെളിവുകളും കൊളാടി കണ്ടെത്തുന്നുണ്ട്. സമരത്തിന് ഒരു മുന്‍കരുതലും ചെയ്തിരുന്നില്ല എന്ന വസ്തുതയാണ് കാര്യമായ തെളിവായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്. ആ 'ചുമതലാരാഹിത്യം' കൊണ്ട് തങ്ങളുടെ സമരാഹ്വാനം ശ്രവിച്ച് തെരുവിലിറങ്ങാനിടയുള്ള ലക്ഷക്കണക്കായ ജനങ്ങളെ സുശക്തവും സുസജ്ജവുമായ പോലീസിന്റെയും പട്ടാളത്തിന്റെയും മുന്നിലേക്ക് എറിഞ്ഞുകൊടുക്കുകയായിരുന്നു ഗാന്ധിജിയും കോണ്‍ഗ്രസ് നേതൃത്വവും ലക്ഷ്യംവെച്ചത്. വല്ലാത്ത ജനശത്രുക്കള്‍തന്നെ! ഇങ്ങനെ പറയുമ്പോള്‍ ജനങ്ങളെ തോക്കിനു മുന്‍പിലേക്കെറിഞ്ഞുകൊടുക്കാന്‍ എന്നും ബദ്ധപ്പെട്ടിരുന്ന വിപ്ലവകക്ഷിനേതാക്കന്മാരുടെ കാര്യം ലേഖകനോര്‍മിക്കുന്നില്ലെങ്കിലും വായനക്കാര്‍ ഓര്‍മിച്ചേക്കാം.

തുടങ്ങാന്‍ ഉദ്ദേശിക്കപ്പെടാത്ത സമരമായിരുന്നു എന്ന് ഉറപ്പിച്ചു പറയാന്‍ പ്രസിദ്ധ ചരിത്രകാരനായ ഡി.ഡി. കോസാംബിയെക്കൂടി ലേഖകന്‍ കക്ഷിചേര്‍ക്കുന്നുണ്ട്. കോസാംബി വലിയ ചരിത്രകാരനാണെങ്കിലും രാഷ്ട്രീയത്തില്‍ കമ്യൂണിസ്റ്റുകളുടെ ഏജന്റായിരുന്നു എന്ന് ആര്‍ക്കാണറിഞ്ഞുകൂടാത്തത്? സമരത്തെ പുച്ഛിച്ചുതള്ളിയ കോസാംബിയെയും രജനിപാമി ദത്തിനെയും ഉദ്ധരിക്കുന്ന ലേഖകന്‍ 1942ലെ ഓഗസ്റ്റ് സമരത്തിലൂടെ വീരേതിഹാസം രചിച്ച ജയപ്രകാശ് നാരായണ്‍, അരുണാ ആസഫലി, റാം മനോഹര്‍ ലോഹ്യ, അച്യുത് പട്‌വര്‍ധന്‍ തുടങ്ങിയ ജനനായകന്മാരുടെ പേരുകള്‍പോലും തന്റെ ലേഖനത്തില്‍ പ്രസ്താവിക്കുന്നില്ല എന്നത് അദ്ഭുതകരമായിരിക്കുന്നു! 'മുന്‍ ആസൂത്രണങ്ങളൊന്നുമില്ലാതിരുന്ന സമരം തുടങ്ങിയതോടൊപ്പം തന്നെ പരാജയത്തില്‍ കലാശിക്കുകയും ചെയ്തു' എന്നാണ് ലേഖകന്‍ ആഹ്‌ളാദപൂര്‍വം സമര്‍ഥിക്കുന്നത്. 'സ്തുത്യര്‍ഹമായ അനായാസതയോടെ' സമരം അടിച്ചമര്‍ത്തി എന്ന ചര്‍ച്ചിലിന്റെ അവകാശവാദവും അദ്ദേഹത്തിന്റെ സഹായത്തിനുണ്ട്. അതിലൊട്ടും അദ്ഭുതപ്പെടാനില്ല. കാരണം, 1942-ല്‍ അരങ്ങേറിയ മഹത്തായ ജനകീയസമരം പൊളിക്കാന്‍ ചര്‍ച്ചിലിന്റെ ഗവണ്‍മെന്റിനെയായിരുന്നുവല്ലോ കമ്യൂണിസ്റ്റുകള്‍ കൂട്ടുപിടിച്ചത്. ആ പാരമ്പര്യം ഇന്നും തുടരുന്നു എന്നതിന്റെ പ്രത്യക്ഷലക്ഷ്യമാണ് കൊളാടിയുടെ ലേഖനം.

സാമ്രാജ്യയുദ്ധം റഷ്യയുടെ ആഗമനത്തോടെ ജനകീയ യുദ്ധമായി മാറി എന്ന മുടന്തന്‍ന്യായം പറഞ്ഞ്, മാപ്പുചോദിച്ച്, ജയിലില്‍നിന്നു പുറത്തിറങ്ങി, പാര്‍ട്ടിയുടെ നിരോധനം പിന്‍വലിപ്പിച്ച്, ജനവിരോധത്താല്‍ നശിക്കാറായ പാര്‍ട്ടിയെ സര്‍ക്കാര്‍ ധനസഹായത്തോടെ പുനരുജ്ജീവിപ്പിച്ച്, പോലീസകമ്പടിയോടെ ക്വിറ്റ് ഇന്ത്യാസമരക്കാരെ ഒറ്റിക്കൊടുക്കുകയാണ് 1942 ല്‍ കമ്യൂണിസ്റ്റുകള്‍ ചെയ്തിരുന്നത്. വാസ്തവത്തില്‍ ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ വര്‍ഷം എന്നപോലെത്തന്നെ കമ്യൂണിസ്റ്റുകളുടെ മഹാവഞ്ചനയുടെ വര്‍ഷം കൂടിയാണ് 1942 എന്നു പറയാം. കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത സമരം പരാജയപ്പെട്ടപ്പോള്‍ കമ്യൂണിസ്റ്റുകള്‍ ബ്രിട്ടീഷ് സഹായത്തോടെ നാട്ടുകാര്‍ക്കെതിരായി നടത്തിയ സമരത്തില്‍ വിജയിച്ചു എന്നുകൂടി രേഖപ്പെടുത്താം. കോണ്‍ഗ്രസ്സുകാരുടെയും സോഷ്യലിസ്റ്റുകളുടെയും നേതൃത്വത്തില്‍ ആരുടെയും സംഘടനയെ ആശ്രയിക്കാതെതന്നെ ഇന്ത്യയിലെ ബഹുജനങ്ങള്‍ അന്ന് പരസ്യമായും രഹസ്യമായും സമരം ചെയ്തു. പലരെയും കമ്യൂണിസ്റ്റുകള്‍ പോലീസുകാര്‍ക്കു പിടിച്ചുകൊടുത്തു.

ചരിത്രസത്യങ്ങളിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ എന്ന പുസ്തകം ഓണ്‍ലൈനില്‍ വാങ്ങാം

എന്നാല്‍, ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ പണത്തെയും പട്ടാളത്തെയും കമ്യൂണിസ്റ്റുകളുടെ ദുഷ്പ്രചാരണതന്ത്രങ്ങളെയും വെല്ലുവിളിച്ചുകൊണ്ട് ഇന്ത്യയിലെ ബഹുജനങ്ങള്‍ ആബാലവൃദ്ധം രംഗത്തിറങ്ങി. കൃഷിക്കാര്‍, ചെറുകിടകച്ചവടക്കാര്‍, വിദ്യാര്‍ഥികള്‍, അധ്യാപകര്‍, വീട്ടമ്മമാര്‍, തൊഴിലാളികള്‍ എന്നിവരെല്ലാം ചേര്‍ന്ന് രാഷ്ട്രത്തിന്റെ ദൃഢനിശ്ചയം പ്രഖ്യാപിച്ചു. അന്ന് സമരനേതാക്കളെ മുഴുവന്‍ തടവറയിലടച്ചിട്ടും ഒറ്റക്കെട്ടായി, നിരായുധരായി നിന്നു പൊരുതിയ ജനങ്ങളുടെ ആത്മവീര്യമാണ് ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ ആത്മവിശ്വാസം കെടുത്തിയത്. പിന്നീടുള്ള അഞ്ചുവര്‍ഷക്കാലത്തെ ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ നിരന്തരമായ അനുരഞ്ജനശ്രമങ്ങളില്‍, മാറിമാറിയുള്ള പദ്ധതികളില്‍ ഈ നിലപാട് വ്യക്തമായി നിഴലിച്ചുകാണാം. ഇതൊന്നും കൊളാടി തിരിച്ചറിയുന്നില്ല.

രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനത്തിലുണ്ടായ സോഷ്യലിസ്റ്റ് വിജയം ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ ശക്തി കുറച്ചതായി ലേഖകന്‍ പറയുന്നു. ആ യുദ്ധാവസാനത്തില്‍ സോവിയറ്റ് റഷ്യ ഒറ്റയ്ക്കാണോ വിജയിച്ചത്? 'മൂരാച്ചിമുതലാളിത്ത'ത്തിന്റെ നേതാക്കളായ അമേരിക്കയും ബ്രിട്ടനും ഫ്രാന്‍സും അകമഴിഞ്ഞു നല്കിയ സഹായത്താല്‍ക്കൂടിയല്ലേ സോവിയറ്റ് യൂണിയന്‍ രക്ഷപ്പെട്ടത്? ആ യുദ്ധാവസാനം കമ്യൂണിസ്റ്റ് സാമ്രാജ്യത്തിന്റെ എന്നതോടൊപ്പം കാപിറ്റലിസ്റ്റ് സാമ്രാജ്യത്തിന്റെകൂടി വിജയമല്ലേ കുറിക്കുന്നത്. യുദ്ധവിജയം ബ്രിട്ടന്റെ കൈകളെ കൂടുതല്‍ ശക്തമാക്കുകയല്ലേ ചെയ്തത്? സാമ്പത്തികരംഗത്തുള്ള ദൗര്‍ബല്യമാണ് പ്രശ്‌നമെങ്കില്‍ അതൊഴിവാക്കാന്‍ ഇന്ത്യയെപ്പോലുള്ള ആശ്രിതരാജ്യങ്ങളുടെ സാമ്പത്തികചൂഷണം കൂടുതല്‍ തീക്ഷ്ണമാക്കുകയല്ലേ ചെയ്യേണ്ടത്? ഗാന്ധിജിയുടെയും കോണ്‍ഗ്രസ്സിന്റെയും നേതൃത്വത്തില്‍ ഇന്ത്യന്‍ ജനതയുടെ ഏകാഗ്രമായ ചെറുത്തുനില്പ് ഇല്ലായിരുന്നുവെങ്കില്‍ അങ്ങനെയൊക്കെയാണ് സംഭവിക്കേണ്ടിയിരുന്നത്.

അവിടെ ബ്രിട്ടീഷ് സാമ്രാജ്യവാദത്തിന്റെ നടുവൊടിച്ചത് ഇന്ത്യന്‍ജനതയുടെ മനക്കരുത്തായിരുന്നു. ബ്രിട്ടന്റെ സാമ്പത്തിക-സൈനികക്ഷയം, അമേരിക്കയുടെ ജനാധിപത്യപ്രവണമായ നിലപാട്, സോവിയറ്റ് യൂണിയന്റെ നിഷ്‌ക്രിയമായ സഹാനുഭൂതി, ബോംബെ നാവികകലാപത്തിന്റെ ചെറുതെങ്കിലും അര്‍ഥവത്തായ അലോസരം- ഈ ഘടകങ്ങളെല്ലാം തീര്‍ച്ചയായും സാമ്രാജ്യവിഘടനപരിപാടിയുടെ ഘടകങ്ങളായിരുന്നു. എന്നാല്‍, കേന്ദ്രസ്ഥാനത്തുള്ളത് ഗാന്ധിയന്‍ നേതൃത്വവും ഇന്ത്യന്‍ജനതയുടെ ഐകദാര്‍ഢ്യവുമായിരുന്നു. ഈ രണ്ടു മുഖ്യഘടകങ്ങളെ മാത്രം കമ്യൂണിസ്റ്റുകള്‍ക്കു പിടികിട്ടുകയില്ല. മുന്‍പറഞ്ഞ എല്ലാ സഖ്യഘടകങ്ങളെയും അവര്‍ വലുതായി കാണുമ്പോള്‍ മുഖ്യഘടകങ്ങളെ മാത്രം അവര്‍ തികച്ചും അവഗണിക്കുന്നു. കാരണം, തങ്ങളുടെ നേതൃത്വത്തിലായിരുന്നില്ലല്ലോ അന്ന് ഇന്ത്യന്‍ജനത സമരം ചെയ്തത്. ഇതാണ് വൈരുധ്യാത്മക ഭൗതികവാദത്തിന്റെ ഇന്ത്യന്‍ വ്യാഖ്യാനം!

1948ലാണ് ശാരീരികമായി ഗാന്ധിജിയുടെ അന്ത്യം സംഭവിച്ചതെങ്കിലും 1942ലെ സമരപരാജയത്തോടെ അദ്ദേഹത്തിന്റെ രാഷ്ട്രീയമായ അന്ത്യം സംഭവിച്ചുകഴിഞ്ഞിരുന്നു എന്നാണ് കൊളാടി അനുമാനിക്കുന്നത്. അത് അല്പമൊന്നു മാറ്റിപ്പറഞ്ഞാല്‍ 1948-ല്‍ ഗാന്ധിജിയുടെ ശാരീരികമായ അന്ത്യം സംഭവിച്ചെങ്കിലും ആത്മീയജീവിതം ഭാരതത്തിലും ആഫ്രിക്കയിലും അമേരിക്കയിലുമായി വിശ്വവ്യാപകമായിത്തന്നെ പടര്‍ന്നുപിടിച്ചിരിക്കയാണ്. അദ്ദേഹത്തെ വീണ്ടും വീണ്ടും വധിക്കാനാണ് കമ്യൂണിസ്റ്റുകള്‍ ഇന്നും പരിശ്രമിക്കുന്നത്.ദേശീയസമരത്തില്‍ ഇന്ത്യന്‍ജനതയുടെ പങ്ക് കമ്യൂണിസ്റ്റുകള്‍ ഒരിക്കലും തിരിച്ചറിയാന്‍ തയ്യാറായിട്ടില്ല. ഗാന്ധിജിയുടെ ആഗമനത്തിനുശേഷം സ്വാതന്ത്ര്യസമരം ഒരു 'ക്ലാസ് സ്ട്രഗ്ള്‍' (Class Struggle) അല്ലെന്നും 'മാസ് സ്ട്രഗ്ള്‍' (Mass struggle) ആയി മാറി എന്നുമുള്ള പ്രൊഫ. ബിപന്‍ചന്ദ്രയുടെ വീണ്ടുവിചാരത്തിന്റെ അര്‍ഥം കമ്യൂണിസ്റ്റുകള്‍ക്ക് ഇന്നേവരെ മനസ്സിലായിട്ടില്ല.

പ്രൊഫ. ബിപന്‍ചന്ദ്ര ജവാഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയിലാണ് ആധുനിക ഭാരതചരിത്രം പഠിപ്പിച്ചിരുന്നത്. അദ്ദേഹം ചരിത്രത്തില്‍ കമ്യൂണിസ്റ്റ് പക്ഷപാതിയായിരുന്നു. ദ റൈസ് ആന്‍ഡ് ഗ്രോത്ത് ഓഫ് ഇക്കണോമിക് നാഷണലിസം ഇന്‍ ഇന്ത്യ, നാഷണലിസം ആന്‍ഡ് കൊളോണിയലിസം ഇന്‍ മോഡേണ്‍ ഇന്ത്യ എന്നീ ആദ്യകാലഗ്രന്ഥങ്ങളില്‍ അദ്ദേഹം ഒരു വര്‍ഗസമീപനവും സാമ്പത്തികവ്യാഖ്യാനവുമാണ് സ്വീകരിച്ചിരുന്നത്. 1980കളില്‍ അദ്ദേഹം ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിച്ച് സ്വാതന്ത്ര്യസമരത്തിന്റെ ബൃഹത്തായ ഒരു വാമൊഴിചരിത്രം രചിക്കുകയുണ്ടായി. ആ സന്ദര്‍ഭത്തില്‍ അദ്ദേഹവും സംഘവും കേരളത്തില്‍ വന്നിരുന്നു. ഗുജറാത്തിലെ അവരുടെ പഠനയാത്രയ്ക്കിടെ നടന്ന ഒരു ചെറിയ സംഭവം ശ്രദ്ധേയമാണ്. 1942 ഓഗസ്റ്റ് മാസത്തിന്റെ ആരംഭത്തില്‍ ഗാന്ധിജിയുടെ വാര്‍ധ ആശ്രമത്തില്‍ അംഗമായിച്ചേര്‍ന്ന ഒരു വിദ്യാര്‍ഥിനിയെ വൃദ്ധയായ ഗാന്ധിയന്‍ സാമൂഹികപ്രവര്‍ത്തക എന്ന നിലയില്‍ പ്രൊഫ. ബിപന്‍ചന്ദ്ര കണ്ടുമുട്ടുകയുണ്ടായി. അവരുമായുള്ള സംഭാഷണത്തിലൂടെയാണ് ഒരു കഥ പുറത്തുവന്നത്.

ഓഗസ്റ്റ് ആദ്യവാരത്തില്‍ ഗാന്ധിജി തിരക്കിട്ട് ക്വിറ്റ് ഇന്ത്യാ ചര്‍ച്ചകളുടെ നടുവിലാണ് ഓടിനടന്നത്. ഇന്ത്യയുടെ മാത്രമല്ല, ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധ അദ്ദേഹത്തില്‍ കേന്ദ്രീകരിച്ചിരുന്നു. ഒരു ദിവസം പ്രസ്തുത വിദ്യാര്‍ഥിനി ആശ്രമത്തിലെ ഒരു മുറിയില്‍നിന്ന് രണ്ടു കൈയിലും അഴുക്കുവസ്ത്രങ്ങളും ചൂലുമായി കണ്ണീരോടെ പുറത്തിറങ്ങി വരുന്നതാണ് ഗാന്ധിജി കണ്ടത്. ഗാന്ധിഭക്തനും സ്വാതന്ത്ര്യയോദ്ധാവുമായ പിതാവിന്റെ നിര്‍ദേശപ്രകാരം ആ വിദ്യാര്‍ഥിനി അടുത്തൊരു ദിവസം മാത്രമാണ് ആശ്രമത്തിലെത്തിച്ചേര്‍ന്നത്. കര്‍ക്കശമായ ഗാന്ധിയന്‍ നിയമങ്ങളനുസരിച്ച് അവള്‍ക്ക് ഏറ്റെടുക്കേണ്ടിവന്ന ആദ്യകര്‍ത്തവ്യം കുഷ്ഠരോഗിയും കോപിഷ്ഠനും വൃത്തികെട്ട വാക്കുകളില്‍ ആരെയും ആക്ഷേപിക്കുന്നവനുമായ ഒരു വൃദ്ധനെ പരിചരിക്കലായിരുന്നു. വൃദ്ധന്റെ മുറിയിലെ കക്കൂസ് വൃത്തിയാക്കുക, തുണിയലക്കുക, വൃദ്ധനു വേണ്ട ഭക്ഷണവും പരിചരണവും നല്കുക എന്നതെല്ലാം ആ വിദ്യാര്‍ഥിനിയുടെ ചുമതലയായിരുന്നു. എല്ലാം സഹിച്ചുകൊണ്ട് അവളതെല്ലാം നിര്‍വഹിച്ചു. എങ്കിലും കണ്ണീരടക്കാന്‍ കഴിഞ്ഞിരുന്നില്ല. 'ആയിരക്കണക്കില്‍ ജനങ്ങളെ തോക്കിനു മുന്‍പിലേക്കെറിഞ്ഞുകൊടുത്ത' ഗാന്ധിജിയുടെ 'കഠിനഹൃദയം' ആ കണ്ണീരില്‍ അലിഞ്ഞുപോയി.

അവളെ ആ ജോലിയില്‍നിന്ന് ഒഴിവാക്കാനും മറ്റൊരു ജോലി കൊടുക്കാനും ഗാന്ധിജി സെക്രട്ടറിയോട് ആജ്ഞാപിച്ചു. അപ്പോള്‍ത്തന്നെ ചര്‍ച്ചായോഗത്തിലേക്കു നടക്കുകയും ചെയ്തു. പിറ്റേന്നുമുതല്‍ ഓഗസ്റ്റ് മാസത്തിലെ ആദ്യവാരത്തിന്റെ അവസാനംവരെ ആ വിദ്യാര്‍ഥിനി കണ്ടത് വല്ലാത്തൊരു കാഴ്ചയായിരുന്നു. അതിരാവിലെത്തന്നെ തൊട്ടിയും ചൂലുമെടുത്ത് ഗാന്ധിജി ആ വൃദ്ധന്റെ മുറി വൃത്തിയാക്കുക പതിവായി. ആ കാഴ്ച കണ്ടതോടെ വിദ്യാര്‍ഥിനിക്ക് മാനസാന്തരമുണ്ടായി. അവള്‍ അച്ഛന്റെ മകളായിട്ടല്ല, സ്വന്തം നിലയ്ക്കുതന്നെ ഗാന്ധിയന്‍ കര്‍മപരിപാടിക്കുവേണ്ടി സ്വയം ഉഴിഞ്ഞുവെച്ചു. അന്നത്തെ ആ വിദ്യാര്‍ഥിനിയാണ് നാല്പതോ നാല്പത്തിയഞ്ചോ വര്‍ഷങ്ങള്‍ക്കുശേഷം പ്രൊഫ. ബിപന്‍ചന്ദ്രയുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറഞ്ഞത്. അതോടെ കമ്യൂണിസ്റ്റ് സഹയാത്രികനായ പ്രൊഫസര്‍ക്കും മാനസാന്തരത്തിന്റെ ആരംഭമുണ്ടായി. ആ മാനസാന്തരത്തിന്റെ പര്യവസാനമാണ്, 1985-ല്‍ അമൃത്‌സറില്‍വെച്ച് ഈ ലേഖകന്‍ സെക്രട്ടറിയായിരുന്ന ഇന്ത്യന്‍ ഹിസ്റ്ററി കോണ്‍ഗ്രസ്സിന്റെ അധ്യക്ഷപദത്തിലിരുന്നുകൊണ്ട് ഗാന്ധിയന്‍ നേതൃത്വത്തെപ്പറ്റി വീണ്ടുവിചാരം ചെയ്യാന്‍ ബിപന്‍ചന്ദ്രയെ പ്രേരിപ്പിച്ചത്. 1942-ല്‍ വാര്‍ധയിലെ വിദ്യാര്‍ഥിനിക്കും നാലു ദശകങ്ങള്‍ക്കുശേഷം അവളുടെ കഥ നേരിട്ടു കേട്ട പ്രൊഫ. ബിപന്‍ചന്ദ്രയ്ക്കും ഉണ്ടായ മാനസാന്തരം കൊളാടിക്ക് ഇന്നെങ്കിലും ഉണ്ടായെങ്കില്‍!
(2002)

Content Highlights: 'Charithrasathyangalilekku Thirinjunokkumpol'-Collection Of Articles, Written By M.G.S. Narayanan, Mathrubhumi Books