ബംഗാളി എഴുത്തുകാരൻ ശരത്ചന്ദ്ര ചാറ്റർജിയുടെ പ്രശസ്തവും ജനപ്രിയവുമായ നോവലാണ് 'ചന്ദ്രനാഥൻ.' സരയുവിന്റെയും ചന്ദ്രനാഥന്റെയും പ്രണയകഥ ബംഗാളിയിൽ നിന്നും മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിരിക്കുന്നത് ലീല സർക്കാർ ആണ്. മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച നോവലിൽ നിന്നും ഒരു ഭാഗം വായിക്കാം.

ചന്ദ്രനാഥന്റെ അച്ഛന്റെ അടിയന്തരത്തിന്റെ മുൻദിവസം തന്റെ ചെറിയച്ഛൻ മണിശങ്കര മുഖോപാധ്യായയുമായി കുറച്ച് അഭിപ്രായവ്യത്യാസമുണ്ടായി. അതിന്റെ ഫലമായി എന്തുണ്ടായി എന്നല്ലേ, അടുത്തദിവസം പരലോകംപ്രാപിച്ച ജ്യേഷ്ഠന്റെ എല്ലാ കർമങ്ങളിലും പങ്കുകൊണ്ടു, വേണ്ടതെല്ലാം ചെയ്തു, പക്ഷേ, ആഹാരം കഴിച്ചില്ല. മാത്രമല്ല, തന്റെ വീട്ടിലെ ആരെയും ഭക്ഷണം കഴിക്കാനനുവദിച്ചില്ല. ബ്രാഹ്മണഭോജനത്തിനുശേഷം ചന്ദ്രനാഥൻ കൈകൂപ്പി അപേക്ഷിച്ചു:
'ചെറിയച്ഛാ, ഞാൻ തെറ്റു ചെയ്തു. സമ്മതിക്കുന്നു. താങ്കൾ എനിക്ക് പിതൃതുല്യനല്ലേ, ഞാൻ താങ്കളുടെ മകനെപ്പോലെയല്ലേ, എനിക്ക് മാപ്പുതരൂ.'
പിതൃതുല്യനായ മണിശങ്കർ മറുപടി പറഞ്ഞു:
'മകനേ, നിങ്ങൾ കൊൽക്കത്തയിൽ താമസിച്ച് ബി.എ., എം,എ. പാസായി വലിയ വിദ്വാനും പണ്ഡിതനുമൊക്കെ ആയവർ? ഞങ്ങൾ പഴയകാലത്തെ മൂഢന്മാർ. നമ്മൾ തമ്മിൽ ഒരിക്കലും ചേരില്ല. അറിവുള്ളവർ പറഞ്ഞുവെച്ചിട്ടില്ലേ, കടവെട്ടി തലയ്ക്കൽ വെള്ളമൊഴിക്കുക എന്ന്. അനാവശ്യമായ കാര്യം മാത്രമാണത്.'
ഈ പഴഞ്ചൊല്ലിന്റെ പ്രയോഗം ഇവിടെ എത്രത്തോളം പ്രായോഗികമാവുമെന്നറിയില്ല. പഴയവരും പുതിയവരുമായി ചേരാൻ വിഷമമാണെന്നാണല്ലോ പറഞ്ഞുവന്നത്! എന്നാലും തന്റെ മനസ്സിലെ വിചാരമാണ് മണിശങ്കർ തെളിയിച്ചത് എന്നു ചന്ദ്രനാഥനു മനസ്സിലായി. മനസ്സിൽ ഉറപ്പിച്ചു, ഇനി ഈ ചെറിയച്ഛനുമായി ഒരു ബന്ധവും തുടരാൻ പോകുന്നില്ല. തീർച്ച. അച്ഛൻ ജീവിച്ചിരിക്കുമ്പോഴും ഈ സഹോദരന്മാർ തമ്മിൽ അത്രയ്ക്ക് അടുപ്പമൊന്നും ഉണ്ടായിരുന്നില്ല. എന്നാലും അങ്ങോട്ടും ഇങ്ങോട്ടും വരവും ഭക്ഷണംകഴിക്കലും ഉണ്ടായിരുന്നു. ഇനി അതും നിലച്ചു. ചന്ദ്രനാഥന്റെ പിതാവ് വേണ്ടതിലധികം ധനം സമ്പാദിച്ചിട്ടുണ്ട്. എന്നാൽ വീട്ടിൽ സ്വന്തമെന്നു പറയാൻ ആരുമില്ല. മക്കളൊന്നുമില്ലാത്ത ഒരു അമ്മാമൻ ഉണ്ട്. രണ്ടാമത്തെ ഭാര്യയായ അമ്മായിയും.
വീട് കാലിയായി, തീരേ നിശ്ശബ്ദമായിത്തീർന്നു. ചന്ദ്രനാഥൻ വീട്ടിലെ ഗുമസ്തനെ വിളിച്ചു പറഞ്ഞു:
'നോക്കൂ, സർക്കാർബാബൂ. ഞാൻ കുറച്ചുദിവസത്തേക്ക് പുറംരാജ്യത്തേക്കു പോകയാണ്. ഇവിടത്തെ എല്ലാ കാര്യങ്ങളും താങ്കൾ ഇത്രവരെ നോക്കിയിരുന്നതുപോലെ നോക്കണം. എനിക്കു തിരിച്ചുവരാൻ വേണമെങ്കിൽ വൈകിയേക്കാം.'
ഇതിനോടു ചേരാത്തവിധത്തിൽ അമ്മാമൻ ബ്രജകിഷോർ അഭിപ്രായപ്പെട്ടു:
'ഈ സമയത്ത് നീ എങ്ങോട്ടും പോകരുത്, നിന്റെ മനസ്സ് വിഷമിച്ചിരിക്കുന്ന സമയമാണ്. അപ്പോൾ വീട്ടിൽത്തന്നെ താമസിക്കയാണ് നല്ലത്.'
ചന്ദ്രനാഥൻ അത് സ്വീകരിച്ചില്ല. എല്ലാ വീട്ടുകാര്യങ്ങളും സ്വത്തുക്കളുടെ കാര്യവും നോക്കാനുള്ള ഭാരം സർക്കാർബാബുവിനെ ഏല്പിച്ചു. വീടിന്റെ അധികാരം അമ്മാമനെയും. വളരെ സാധാരണമട്ടിൽ യാത്രയ്ക്കൊരുങ്ങി. പോകുമ്പോൾ കൂടെ ഒരു ഭൃത്യൻപോലും പോയില്ല.
ബ്രജകിഷോർ ഭാര്യയെ വിളിച്ചു സംസാരിച്ചു. ഭാര്യ ഹരകാളി തന്റെ അഭിപ്രായം വ്യക്തമാക്കി:
'അതേയ്, ഒരുകാര്യം ചെയ്തില്ലല്ലോ?'
'എന്തു കാര്യം?'
'ദേ, വിദേശത്തേക്ക് യാത്ര പോയില്ലേ? ഒന്നും എഴുതി മേടിക്കാഞ്ഞതെന്തേ? മനുഷ്യാവസ്ഥയല്ലേ. എപ്പോൾ എന്തുസംഭവിക്കുമെന്ന് ആരറിഞ്ഞു! പറയാൻ പറ്റില്ലല്ലോ. വിദേശത്തുവെച്ച് എന്തെങ്കിലും ഉണ്ടായി
എന്നുവെച്ച്. അപ്പോൾ നമ്മൾ എവിടെയാവും? നമ്മളുടെ സ്ഥിതി എന്താവും?'
ബ്രജകിഷോർ ചെവിപൊത്തി. നാവുകടിച്ചു പറഞ്ഞു:
'കഷ്ടം! കഷ്ടം! ഈവക വാക്കുകൾ നാവിന്മേൽ കൊണ്ടുവരുകയോ! അരുത്...'
ഹരകാളിക്ക് ദ്യേഷ്യംവന്നു പറഞ്ഞു:
'നിങ്ങൾ അല്ലെങ്കിലും മണ്ടനാണ്. അതല്ലേ എനിക്കിത് പറയേണ്ടിവന്നത്! നല്ല തൻമിടുക്കുള്ളവനായിരുന്നെങ്കിൽ എനിക്ക് ഒന്നും പറയേണ്ടി വരില്ലായിരുന്നു!'
കാര്യം വാസ്തവമാണ്. ബ്രജകിഷോർ ഭാര്യയുടെ കൃപകാരണം മൂന്നുനാലു ദിവസത്തിനുശേഷം മനസ്സിലാക്കി. അതിനെക്കുറിച്ച് പരിതപിച്ചു.
ഒരുവർഷക്കാലം ചന്ദ്രനാഥൻ നാനാസ്ഥലങ്ങളിൽ അലഞ്ഞുനടന്നു. അതിനുശേഷം ഗയയിൽ വന്ന് അച്ഛന്റെ കൊല്ലമെത്തുന്ന ശ്രാദ്ധം ചെയ്തു. എങ്കിലും വീട്ടിലേക്കു പോകാൻ മനസ്സുവന്നില്ല. കുറച്ചുനാൾ കാശിയിൽ താമസിക്കാമെന്ന് വിചാരിച്ചു. കാശിയിൽത്തന്നെ എന്തെങ്കിലും ജോലി നോക്കാം. കാശിയിൽ മുഖോപാധ്യായ വംശത്തിന്റെ പ്രത്യേക പൂജാരിയുണ്ട്, ഹരിദയാൽ ഘോഷാൽ.
ചന്ദ്രനാഥൻ ഒരു ദിവസം ഉച്ചനേരത്ത് തന്റെ കാൻവാസ് ബാഗുമായി ഹരിദയാൽ ഘോഷാലിന്റെ വീട്ടിലെത്തി. ചന്ദ്രനാഥന് കാശി അത്ര അപരിചിതമായ സ്ഥലമല്ല. അച്ഛന്റെ കൂടെ പല പ്രാവശ്യവും ഈ വീട്ടിൽ വന്നിട്ടുണ്ട്. അതിനാൽ ഹരിദയാലിന് ചന്ദ്രനാഥനെ പരിചയമുണ്ട്. പെട്ടെന്ന്
ഇങ്ങനെ വന്നെത്തിയതുകണ്ട് ഘോഷാൽ കുറച്ചൊന്നു പരിഭ്രമിച്ചു. മുകളിലെ ഒരു മുറി ചന്ദ്രനാഥനു താമസിക്കാൻ കൊടുത്തു. അവിടെ എത്രനാൾ വേണമെങ്കിലും ചന്ദ്രനാഥന് താമസിക്കാമെന്നും അദ്ദേഹം അനുവദിച്ചു.
ഈ മുറിയുടെ ഒരു ജനാലയിൽക്കൂടി അടുക്കളയുടെ ഏതാനും ഭാഗം കാണാൻ കഴിയും. ചന്ദ്രനാഥൻ പലപ്പോഴും അങ്ങോട്ടുതന്നെ ഏറെനേരം നോക്കിനില്ക്കുമായിരുന്നു. അവിടെ തയ്യാറാക്കുന്ന പാചകങ്ങളിൽ ആഗ്രഹമുള്ളതുകൊണ്ടല്ല, അവിടെ പാചകം ചെയ്യുന്നവളെ കാണാൻ ഇഷ്ടപ്പെട്ടിരുന്നതുകൊണ്ടാണ്. വിധവയാണ്, സുന്ദരിയാണ്, മുഖം ദുഃഖത്തിന്റെ അഗ്നിയിൽ ചുട്ടെടുത്തപോലെ. യൗവനം ബാക്കിയുണ്ടോ അതോ വിടപറഞ്ഞോ എന്നൊന്നും അറിയാനാഗ്രഹമില്ല. അവർ തന്റെ ഇഷ്ടംപോലെ അവിടത്തെ ജോലികൾ ചെയ്തുകൊണ്ടിരിക്കും. അരികിൽ ഏതാണ്ട് പത്തുവയസ്സായ പെൺകുട്ടി വേണ്ട സഹായം ചെയ്തുകൊടുക്കുന്നു. തൃപ്തിവരാത്ത നോട്ടവുമായി ചന്ദ്രനാഥൻ അതെല്ലാം നോക്കിനില്ക്കുക പതിവായി.

അവർ വളരെ ദിവസങ്ങളോളം ചന്ദ്രനാഥന്റെ മുന്നിലേക്കു വരാതിരുന്നു. ആഹാരമെല്ലാം ഒരുക്കിവെച്ച് അവർ ഒരുവശത്തേക്ക് മാറിനില്ക്കും. ചന്ദ്രനാഥന് പ്രായം കുറവ്, ഒരിടത്ത് അധികകാലം താമസിക്കുകയില്ല. ഇവിടെ ഇപ്പോൾ കുറച്ചുനാളായി സ്ഥിരമായിട്ട്. അങ്ങനെ ക്രമേണ പാചകക്കാരിയും മുന്നിലേക്കു വരാൻ തുടങ്ങി. എന്നും കണ്ടുകൊണ്ടിരിക്കുമ്പോൾ ഒരു അടുപ്പം തോന്നുമല്ലോ. അങ്ങനെ ഇപ്പോൾ അടുത്തിരുന്ന് ഭക്ഷണം വിളമ്പിക്കൊടുക്കാൻ തുടങ്ങി. ഒരമ്മയെപ്പോലെ സ്നേഹപൂർവം ഭക്ഷണം കഴിപ്പിക്കാൻ തുടങ്ങി.
തന്റെ അമ്മയെപ്പറ്റി ചന്ദ്രനാഥന് ഓർമയില്ല. അമ്മയില്ലാതായ ചന്ദ്രനാഥൻ അച്ഛന്റെ അടുത്ത് വളർന്നുവലുതായി. അച്ഛന്റെ ഭാരം അദ്ദേഹം നിറവേറ്റിയിരുന്നു എന്നല്ലാതെ കൗതുകത്തോടെയുള്ള സ്നേഹമൊന്നും കാണിക്കാറില്ല. അച്ഛന്റെ മരണത്തോടെ ചന്ദ്രനാഥന്റെ ഹൃദയത്തിലെ ആ സ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു. അത് നിറഞ്ഞുവരാൻ തുടങ്ങി എന്നുമാത്രമല്ല, ഒരു പുതിയ മാതൃസ്നേഹത്തിന്റെ അനുഭവവും ചന്ദ്രനാഥനെ അനുഭൂതമാക്കാൻ തുടങ്ങി.
ഒരുദിവസം ചന്ദ്രനാഥൻ ഹരിദയാലിനോടു ചോദിച്ചു:
'താങ്കൾക്ക് സ്വന്തമായി ആരുമില്ലെന്നാണല്ലോ കേട്ടിരിക്കുന്നത്. പക്ഷേ ഇവർ ആരാണ്?'
അദ്ദേഹം മറുപടി പറഞ്ഞു:
'ഇവർ ഒരു ബ്രാഹ്മണസ്ത്രീ.'
'എങ്ങിനെയെങ്കിലും ബന്ധമുണ്ടോ? അവർക്ക് സ്വന്തമായി ആരെങ്കിലും..?'
'ആരുമില്ല.'
'എങ്ങിനെ കിട്ടി?'
'അതൊരുപാട് വലിയ കഥയാണ്. ചുരുക്കത്തിൽ പറഞ്ഞാൽ, മൂന്നു
വർഷം മുൻപ് ഇവർ ഭർത്താവും മകളും ചേർന്ന് തീർഥയാത്രയ്ക്കു വന്നതാണ്. കാശിയിൽവെച്ച് ഭർത്താവ് മരിച്ചു. അവരുടെ നാട്ടിലും സ്വന്തക്കാരായി ആരുമില്ല. പിന്നെ എവിടേക്ക് തിരിച്ചുപോകും! അതിനുശേഷം നീ ഈ കാണുന്നതുതന്നെ.'
'പക്ഷേ, താങ്കൾ കണ്ടതെങ്ങിനെ?'
'മണികർണികാഘട്ടിൽ. അവിടെ അടുത്തു പുറത്ത് ഈ പെൺകുട്ടി ഭിക്ഷ യാചിക്കുകയായിരുന്നു.'
ചന്ദ്രനാഥൻ കുറച്ചുനേരം ചിന്തയിൽ മുഴുകി ചോദിച്ചു:
'എവിടെയാണ് വീട് എന്നറിയാമോ?'
'ശരിക്ക് അറിയില്ല. നവദ്വീപിനരികിൽ ഏതോ ഒരു ഗ്രാമത്തിലാണ്.'

chandranathan
പുസ്തകം വാങ്ങാം

രണ്ടു ദിവസത്തിനുശേഷം ഭക്ഷണം കഴിക്കാനിരിക്കുമ്പോൾ ചന്ദ്രനാഥൻ ആ ബ്രാഹ്മണിയുടെ മുഖത്തേക്കു നോക്കി ചോദിച്ചു:
'താങ്കൾ ഏതു ശ്രേണിയിൽപ്പെട്ടവരാണ്?'
ബ്രാഹ്മണസ്ത്രീയുടെ മുഖം വിളറി. കാരണം, ഈ ചോദ്യത്തിന്റെ ഉദ്ദേശ്യം അവർക്കു മനസ്സിലായതുകൊണ്ടുതന്നെ. ചോദ്യം ശരിക്കു കേട്ടില്ല, അഥവാ മനസ്സിലായില്ല എന്ന ഭാവത്തിൽ അവർ ചോദിച്ചു:
'ഞാൻ പാലെടുത്ത് കൊണ്ടുവരാം.'
പാൽ കൊണ്ടുവരാൻ ധൃതിപിടിക്കേണ്ട കാര്യമില്ല. എന്നാൽ ചിന്തിക്കാൻ സമയം ലഭിക്കുവാൻവേണ്ടി വേഗം അടുക്കളയിലേക്കു വന്നു. അവിടെ മകൾ സരയുബാല ഒരു കയിലുകൊണ്ട് പാൽ ഇളക്കിക്കൊണ്ടിരിക്കയായിരുന്നു. അമ്മയുടെ മുഖം വിവർണമായിരിക്കുന്നതു ശ്രദ്ധിച്ചില്ല. അമ്മ മകളുടെ മുഖത്തേക്ക് ഒന്നു നോക്കി.
പാലിന്റെ കിണ്ണം കൈയിലെടുത്ത് ഒരു ദീർഘശ്വാസംവിട്ടശേഷം മനസ്സിൽ പറഞ്ഞുകൊണ്ടിരുന്നു. എന്റെ ഈശ്വരാ, ദുഃഖിതരുടെ രക്ഷകാ, അന്തര്യാമീ, എനിക്ക് മാപ്പ് തരണേ!
വേഗം പാലൊഴിച്ച് ആ പാത്രവുമായി പുറത്തേക്കുവന്ന് ചന്ദ്രനാഥന്റെ അരികിൽ വെച്ചു. ചന്ദ്രനാഥൻ ചോദ്യം ഒരിക്കൽക്കൂടിചോദിച്ചു.
ഒന്നൊന്നായി എല്ലാ കഥകളും ചന്ദ്രനാഥൻ കേട്ടറിഞ്ഞു. അവസാനം ചോദിച്ചു:
'എന്തുകൊണ്ടാണ് സ്വന്തം വീട്ടിലേക്ക് പോകാത്തത്? ഒരു മകളില്ലേ. എങ്ങിനെ അവളെ കല്യാണം കഴിപ്പിക്കും?'
ബ്രാഹ്മണസ്ത്രീ ദീർഘശ്വാസത്തോടെ മറുപടി പറഞ്ഞു:
'എല്ലാം വിശ്വേശ്വരൻ നിശ്ചയിക്കട്ടെ.'
ആഹാരം കഴിക്കൽ മിക്കവാറും അവസാനിക്കാറായി. ചന്ദ്രനാഥൻ മുഖമുയർത്തി നോക്കിയശേഷം പറഞ്ഞു:
'നല്ലപോലെ മകളെയൊന്നു കണ്ടിട്ടില്ല. ഹരിദയാൽ പറഞ്ഞത് വളരെ ശാന്തയും സൽസ്വഭാവിയുമാണെന്നാണ്. കാണാൻ സുന്ദരിയാണോ?'
ബ്രാഹ്മണസ്ത്രീ പെട്ടെന്ന് ചിരിച്ചു ചോദിച്ചു:
'ഞാൻ അവളുടെ അമ്മയല്ലേ. അമ്മയുടെ കണ്ണുകളെ വിശ്വസിക്കാനാകുമോ? എന്നാലും സരയു വിരൂപിയല്ല എന്നു തോന്നുന്നു.'
അവർ മനസ്സിൽ പറഞ്ഞു. കാശിയിൽ എത്രയോപേർ വന്നുപോകുന്നു. ഇത്രയും സുന്ദരിയായി ഞാനാരേയും കണ്ടിട്ടില്ല...
പിന്നെയും മൂന്നുനാലു ദിവസം കഴിഞ്ഞു. ഒരു പ്രഭാതത്തിൽ ചന്ദ്രനാഥൻ നല്ലപോലെ സരയുവിനെ കണ്ടു. എന്തൊരു സൗന്ദര്യം! ഇതുപോലെ സുന്ദരി ഈ ലോകത്തിൽ വേറെയില്ല. സരയു ഇരുന്ന് പച്ചക്കറികൾ മുറിക്കുകയായിരുന്നു. വേറെ ആരും ഇവിടെ ഇല്ല. അമ്മ ഗംഗാസ്നാനം ചെയ്യാൻ പോയിരിക്കയാണ്. ഹരിദയാൽ യാത്രക്കാരെ തേടി ഇറങ്ങിക്കഴിഞ്ഞിരുന്നു.
ചന്ദ്രനാഥൻ അരികിൽ ചെന്നുനിന്ന് വിളിച്ചു:
'സരയൂ!'
സരയു ഞെട്ടിപ്പോയി. വേഗം വേഗം വിളി കേട്ടു.
ചന്ദ്രനാഥൻ ചോദിച്ചു:
'നിനക്ക് ഭക്ഷണം പാകം ചെയ്യാനറിയാമോ?'
തല ഒന്നനക്കി സരയു പറഞ്ഞു:
'ഉവ്വ്, അറിയാം.'
'എന്തെല്ലാം പാചകം ചെയ്യാൻ പഠിച്ചിട്ടുണ്ട്?'
സരയു ഒന്നും പറഞ്ഞില്ല. പറയാൻ വളരെ അധികം കാര്യങ്ങളുണ്ട്. ചന്ദ്രനാഥന് അവളുടെ വിചാരം മനസ്സിലായി. മറ്റൊരു ചോദ്യം ചോദിച്ചു:
'നിങ്ങൾ രണ്ടുപേരും ഇവിടെ ജോലി ചെയ്യുകയാണോ?'
വീണ്ടും തല അനക്കി സരയു പറഞ്ഞു:
'അതെ.'
'മാസം എത്ര ശമ്പളം കിട്ടും?'
'അമ്മയ്ക്ക് കിട്ടും. എനിക്കില്ല. എനിക്ക് ഭക്ഷണം കിട്ടും.'
'ഭക്ഷണം കിട്ടിയാൽ നീ ജോലി എടുക്കും?'
സരയു ഒന്നും പറഞ്ഞില്ല. ചന്ദ്രനാഥൻ ചോദിച്ചു:
'ഞാൻ നിനക്ക് ഭക്ഷണം തരാം, എന്റെ ജോലി ചെയ്യുമോ?'
സരയു പതുക്കെ പറഞ്ഞു:
'അമ്മയോട് ചോദിക്കണം.'
'അങ്ങിനെ ചെയ്യ്.'
അന്നുതന്നെ ചന്ദ്രനാഥൻ ഹരിദയാലിനോട് ചില കാര്യങ്ങൾ സംസാരിച്ചു. വീട്ടിലേക്ക് സർക്കാർബാബുവിന് എഴുത്തെഴുതി.
'ഞാൻ കാശിയിലുണ്ട്. ഇവിടെവെച്ച് ഈ മാസത്തിൽത്തന്നെ വിവാഹം കഴിക്കാമെന്ന് തീർച്ചപ്പെടുത്തി. അമ്മാമനോട് ഈ വിവരം പറയുക. പണവും ആഭരണങ്ങളും വിവാഹാവശ്യത്തിനുള്ള മറ്റു സാമഗ്രികളുംകൊണ്ട് താങ്കൾ വേഗം വരുക.'
അതേ മാസത്തിൽ ചന്ദ്രനാഥൻ സരയുവിനെ വിവാഹം കഴിച്ചു.
അതിനുശേഷം വീട്ടിലേക്കു പോകേണ്ട ദിവസം വന്നു.
സരയു കരഞ്ഞുകൊണ്ടു ചോദിച്ചു:
'അമ്മയുടെ കാര്യം..?
'അമ്മ നമ്മളുടെ കൂടെ വരും.'
ഈ പറഞ്ഞത് ബ്രാഹ്മണസ്ത്രീ കേട്ടു. മകൾ സരയുവിനെ അടുത്തേക്കു വിളിച്ച് ആരും കേൾക്കാതെ പറഞ്ഞു:
'മോളേ, സരയൂ. അവിടെ പോയശേഷം നീ ഇടയ്ക്കെല്ലാം ചിന്തിച്ചാൽ മതി. എന്റെ പേര് ഒരിക്കലും നീ ആരോടും പറയരുത്. നിന്റെ നാവിന്മേൽ അത് വരരുത്. ജീവിച്ചിരിക്കുന്നിടത്തോളം കാലം കാശി വിട്ട് മറ്റെവിടേക്കും പോകുകയില്ല. എപ്പോഴെങ്കിലും നിങ്ങൾ ഈ ഭാഗത്തേക്കു വരുകയാണെങ്കിൽ നമുക്ക് വീണ്ടും കാണാൻ സാധിക്കും.'
സരയു കരയാൻ തുടങ്ങി. അമ്മ സാരിത്തുമ്പുകൊണ്ട് മകളുടെ കണ്ണുനീർ തുടച്ചു. ഗൗരവത്തിൽ പറഞ്ഞു:
'മകളേ, എല്ലാം അറിഞ്ഞുകഴിഞ്ഞിട്ടും ഇനിയും കരയാൻ പാടുണ്ടോ?'
മകൾ അമ്മയുടെ മടിയിൽ മുഖമമർത്തി കിടന്നുവിളിച്ചു:
'അമ്മേ, അമ്മേ!'
'സാരമില്ല, മോളേ. അമ്മയുടെ നന്മയ്ക്കുവേണ്ടി അമ്മയെ മറക്കണമെങ്കിൽ അങ്ങിനെ ചെയ്യുന്നതല്ലേ മാതൃഭക്തി!'
ചന്ദ്രനാഥൻ നിർബന്ധിച്ചപ്പോഴും അമ്മ അതുതന്നെ മറുപടി പറഞ്ഞു. കാശി വിട്ട് അവർക്ക് എവിടേക്കും പോകണമെന്നില്ല. ചന്ദ്രനാഥൻ നിർബന്ധിച്ചു.
'മറ്റെവിടെയും പോകുകയില്ലെങ്കിൽ കാശിയിൽത്തന്നെ സ്വതന്ത്രമായി താമസിക്കൂ.'
അതിനു സമ്മതിക്കാതെ അവർ പറഞ്ഞു:
'ഹരിദയാൽ ഠാക്കൂർ എന്നെ മകളെപ്പോലെയാണ് നോക്കുന്നത്. എന്റെ സങ്കടാവസ്ഥയിൽ അദ്ദേഹം എന്നെ സഹായിച്ചിട്ടുമുണ്ട്. ഞാനും അദ്ദേഹത്തെ അച്ഛനെ എന്നപോലെ സ്നേഹിച്ച് ബഹുമാനിക്കുന്നു. അതിനാൽ അദ്ദേഹത്തെ വിട്ടുപോകുവാൻ കഴിയില്ല.'
ചന്ദ്രനാഥനു മനസ്സിലായി. ദുഃഖിതയാണെങ്കിലും അവർക്ക് ആത്മാഭിമാനമുണ്ട്. ആരുടെ ദയയ്ക്കും പാത്രമാകാൻ അവരാഗ്രഹിക്കുന്നില്ല. അതിനാൽ സരയുവിനെയും കൂട്ടി ചന്ദ്രനാഥൻ വീട്ടിലേക്കു വന്നു.
വീട്ടിലെത്തിയപ്പോൾ സരയു ആശ്ചര്യപ്പെട്ടു. വളരെ വലിയ വീട്. എന്തെല്ലാം അലങ്കാരങ്ങളും സജ്ജീകരണങ്ങളും! എത്രയധികം വീട്ടുസാമാനങ്ങൾ! സരയുവിന്റെ വിസ്മയത്തിന് അതിരില്ലാതായി. മനസ്സിൽ സ്വയം പറഞ്ഞു. എന്തൊരു ഭാഗ്യം! എത്രമാത്രം ദയ!
ചന്ദ്രനാഥൻ ബാലികാവധുവിനോട് സ്നേഹത്തോടെ ചോദിച്ചു:
'വീടെല്ലാം കണ്ടുവോ? ഇഷ്ടപ്പെട്ടുവോ?'
സരയു നാണിച്ചുനിന്ന് സാരിത്തുമ്പുകൊണ്ട് മുഖം മറച്ച് ഉവ്വ് എന്ന അർഥത്തിൽ തല അനക്കി. ചന്ദ്രനാഥന് അവളുടെ അഭിപ്രായമറിയണമെന്നില്ല. ഉത്തരം പറയുമ്പോൾ സ്വരം കേൾക്കണമെന്നുണ്ടായിരുന്നു. അതിനാൽ ഇരുകരങ്ങൾകൊണ്ട് സരയുവിന്റെ മുഖം ഉയർത്തിപ്പിടിച്ച് വീണ്ടും ചോദിച്ചു:
'എന്താ വീട് ഇഷ്ടമായോ?'
ലജ്ജിച്ച് സരയുവിന്റെ മുഖം ചുവന്നു. വീണ്ടും വീണ്ടുമുള്ള ഭർത്താവിന്റെ ചോദ്യം കാരണം ഒരുവിധത്തിൽ പറഞ്ഞു:
'ഇതെല്ലാം സ്വന്തമാണ്?'
ചന്ദ്രനാഥൻ ചിരിച്ച് അവളുടെ വാക്കുകൾ മറ്റൊരുവിധത്തിൽ പറഞ്ഞു:
'അതെ. എല്ലാം നിന്റെതാണ്?'

പുസ്തകം വാങ്ങാം

Content Highlights : Chandranathan Novel by Saratchandra Chatterjee Malayalam Translation by Leela Sarkar