' കേരളം എങ്ങനെ മരിക്കുന്നു, മറ്റൊരു കേരളം വളരുന്നതെന്നങ്ങനെ?'- സി. ശരത്ചന്ദ്രന്‍


ഒടുവില്‍ സെക്രട്ടറിയേറ്റ് പീറ്റര്‍ വര്‍ഗ്ഗീസിന് ഒരു സന്ദേശമയച്ചു:'കേരളത്തിനു വളരെയധികം സാദ്ധ്യതകളുണ്ട്. എന്നാല്‍ ആഗ്രഹിക്കുന്നതരത്തിലുള്ള ഒരു നിക്ഷേപപ്രദേശമാകണമെങ്കില്‍ ഇവിടെ കാര്യങ്ങള്‍ കുറച്ചുകൂടി വെടിപ്പാക്കേണ്ടതുണ്ട്.'

പ്രതീകാത്മകചിത്രം

ഇന്ത്യന്‍ ധനകാര്യമേഖലയിലെ പ്രമുഖനും ലണ്ടനിലെ കോമണ്‍വെല്‍ത്ത് ഡവലെപ്‌മെന്റ് ഇന്‍സ്റ്റ്റ്റ്യൂ ട്ട് ചിക്കാഗോ സീര്‍സ് കോര്‍പറേഷന്‍ എന്നിവിടങ്ങളിലെ സാമ്പത്തിക വിദഗ്ദ്ധനുമായിരുന്ന സി. ശരത്ചന്ദ്രന്‍ എഴുതി മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകമാണ് മലയാളിയുടെ ലോകം. ഇന്ത്യയ്ക്ക് പുറത്തുനിന്ന് മലയാളിയെ വിലയിരുത്തുന്നതിന്റെ മനോഹരമായ വാങ്മയങ്ങളാണ് ഈ പുസ്തകത്തിലെ ലേഖനങ്ങള്‍. കാലഘട്ടത്തിനു സംഭവിച്ച മാറ്റങ്ങള്‍ മലയാളിയെയും കേരളത്തെയും ബാധിച്ച രീതികള്‍ പരിശോധിക്കുന്ന പുസ്തകത്തില്‍ നിന്നും ഒരുഭാഗം വായിക്കാം.

കേരളം എങ്ങനെ മരിക്കുന്നു?
സിഡ്‌നിയിലെ മില്യനിയം ഹോട്ടലിലെ കോണ്‍ഫറന്‍സ് മുറിയില്‍ രണ്ടായിരാമാണ്ട് ഏപ്രില്‍ മാസത്തിലെ ഒരു സായാഹ്നത്തില്‍ ലോകപ്രശസ്തരായ അഞ്ചു മലയാളികള്‍ ഒരുമിച്ചുകൂടി. ഓസ്‌ട്രേലിയന്‍ സിവില്‍ സര്‍വ്വീസില്‍ അത്യുന്നത പദവി വഹിക്കുന്ന പീറ്റര്‍ വര്‍ഗ്ഗീസ്, വേള്‍ഡ് ബാങ്കിലെ വൈസ് പ്രസിഡന്റായ വിനോദ് തോമസ്, ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറലായ കോഫി അന്നന്റെ എക്‌സിക്യൂട്ടീവ് അസിസ്റ്റന്റ് ശശി തരൂര്‍, തന്റെ ആദ്യ നോവലിലൂടെ ലോകമനസ്സാക്ഷിക്ക് തീകൊളുത്തിയ ഡോക്ടറും ഗ്രന്ഥകര്‍ത്താവുമായ ഏബ്രഹാം വര്‍ഗ്ഗീസ്, സിങ്കപ്പൂരിലെ പ്രശസ്ത വ്യവസായിയായ സേനന്‍ ഇവരായിരുന്നു ആ അഞ്ചുപേര്‍.വെറും സൗഹൃദത്തിനുവേണ്ടി മാത്രമായിരുന്നില്ല ആ സായാഹ്നത്തില്‍ അവരവിടെ കൂടിയത്. അവര്‍ അഞ്ചുപേര്‍ക്കും സ്വന്തം നാടിനോട് അളവറ്റ സ്‌നേഹവും അതിന്റെ പുരോഗതിയില്‍ സ്ഥായിയായ താല്‍പ്പര്യവുമുണ്ടായിരുന്നു. മറുനാടുകളിലാണ് താമസമെങ്കിലും, കേരളത്തിലെ ചലനങ്ങളെ അവര്‍ ശ്രദ്ധാപൂര്‍വ്വം വീക്ഷിക്കുന്നു. ആണ്ടില്‍ ഒരുതവണയെങ്കിലും കേരളം സന്ദര്‍ശിക്കാന്‍ അവര്‍ മറക്കാറില്ല.

ആ സായാഹ്നത്തിലെ സമാഗമത്തിനു പ്രത്യേകമായ ഒരു ലക്ഷ്യമുണ്ടായിരുന്നു. സാമ്പത്തികമേഖലയില്‍ കേരളം ഇന്നത്തെ നിലയില്‍ തുടര്‍ന്നുപോയാല്‍ പോരാ എന്നവര്‍ക്കു തോന്നി. ഇത്രയധികം ബൗദ്ധികമൂലധനമുള്ള ഒരു പ്രദേശം ഇന്നത്തെ വിവര-വിജ്ഞാനവിപ്ലവത്തിന്റെ (Knowledge revolution)മുന്നില്‍ത്തന്നെ നില്‍ക്കണം. കേരളം ഒരു വലിയ സാമ്പത്തികശക്തിയായി ഉയരണം. മലയാളികളുടെ പ്രതിച്ഛായ വിദേശത്തുമാത്രം തിളങ്ങിനിന്നാല്‍ പോരാ. സ്വന്തം നാട്ടിലും അവര്‍ ആദരണീയരാവണം. അതിന് ഇന്നത്തെ സ്ഥിതി മാറണം.

അന്ന് ജോലിസംബന്ധമായി സിഡ്‌നിയിലുണ്ടായിരുന്ന എന്നെയും അവര്‍ ആ ചര്‍ച്ചയ്ക്കു ക്ഷണിച്ചു. കേരളത്തിലെ കാര്യങ്ങള്‍ കുറച്ചുകൂടി അടുത്തുനിന്നു വീക്ഷിക്കുന്ന ഒരാളെന്നനിലയില്‍ എനിക്കു ചിലതൊക്കെ പറയാനുണ്ടാവുമെന്ന് അവര്‍ക്കു തോന്നി.
കേരളത്തിലെ സാമ്പത്തിക വികാസത്തിന് വിദേശനിക്ഷേപങ്ങളുടെ ശക്തമായ ഒരൊഴുക്കു സൃഷ്ടിക്കുക-അതായിരുന്നു അവരാദ്യം ചിന്തിച്ചത്. കൂട്ടായി ഒരു നൂറോ, ഇരുന്നൂറോ കോടി രൂപയുടെ നിക്ഷേപം കേരളത്തിലേക്കു നീക്കാനും അവര്‍ക്കു കഴിയും.

സിഡ്‌നി ഒളിമ്പിക്‌സിലേക്ക് ഏതാണ്ട് അമ്പതുലക്ഷം രൂപ വിലമതിക്കുന്ന ആറന്മുള കണ്ണാടി വാങ്ങാനുള്ള ഒരോര്‍ഡര്‍ താന്‍ ഏര്‍പ്പാടുചെയ്യാമെന്ന് പീറ്റര്‍ വര്‍ഗ്ഗീസ് ഏറ്റു. അതു നേടാന്‍ ഒളിമ്പിക് കമ്മിറ്റിയിലേക്ക് ഒരു ചെറിയ കുറിപ്പയച്ചാല്‍ മതി. 'ആറന്മുള കണ്ണാടിയിലൂടെ കേരളത്തെ കാണുക' എന്ന പ്രതീകാത്മകമായ ഒരു മുദ്രാവാക്യവും ഈ സമയത്തു പ്രചരിപ്പിക്കാമെന്ന് അവര്‍ ആലോചിച്ചു. അതൊരു ചെറിയ തുടക്കംമാത്രം.

അടുത്ത ഓഗസ്റ്റില്‍ ഇന്ത്യ സന്ദര്‍ശിക്കുന്ന പശ്ചിമ ഓസ്‌ട്രേലിയന്‍ ഉപപ്രധാനമന്ത്രി ഹെന്‍ഡി കോവന്റെ സന്ദര്‍ശന പരിപാടിയില്‍ കേരളത്തെയും ഉള്‍പ്പെടുത്താന്‍ താന്‍ ശ്രമിക്കാമെന്നും വര്‍ഗ്ഗീസ് പറഞ്ഞു. അതിനായി അദ്ദേഹം പശ്ചിമ ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ ആസ്ഥാനമായ പെര്‍ത്തുമായി ബന്ധപ്പെട്ടു. കേരളത്തെപ്പറ്റിയും പെര്‍ത്തില്‍ താമസിക്കുന്ന അദ്ധ്വാനശീലരായ ആയിരത്തോളം മലയാളികളെപ്പറ്റിയും അവിടത്തെ സര്‍ക്കാരിനറിയാം. അതുകൊണ്ട് വലിയ ബുദ്ധിമുട്ടില്ലാതെ ഒരു ദിവസത്തെ അനൗപചാരിക സന്ദര്‍ശനത്തിന് കേരളത്തില്‍ വരാമെന്ന് ഉപപ്രധാനമന്ത്രി സമ്മതിച്ചു. പക്ഷേ, സാധാരണയായി അത്തരം സന്ദര്‍ശനങ്ങള്‍ക്കുമുമ്പ്, സന്ദര്‍ശിക്കപ്പെടുന്ന സ്ഥലങ്ങളെപ്പറ്റിയും അവിടത്തെ സാമ്പത്തിക ഘടനയെപ്പറ്റിയും വിശദമായ പഠനം നടത്തുക പതിവാണ്. അതിനായി ഇന്ത്യന്‍ പത്രങ്ങളില്‍ കഴിഞ്ഞ രണ്ടു മാസങ്ങളില്‍ വന്ന വാര്‍ത്തകള്‍ ഉപപ്രധാനമന്ത്രിയുടെ സെക്രട്ടേറിയറ്റ് പരിശോധിക്കാന്‍ തുടങ്ങി. അപ്പോഴാണ് ഒരു പ്രത്യേക വാര്‍ത്ത അവരുടെ കണ്ണില്‍പ്പെട്ടത്. ഫെബ്രുവരിയില്‍ കേരളത്തില്‍ ഒരു ഹര്‍ത്താല്‍. അതേ മാസത്തില്‍ത്തന്നെ മറ്റൊന്നുകൂടി. എന്തിനായിരുന്നു ഈ ഹര്‍ത്താലെന്ന് അവരന്വേഷിച്ചു. പത്രവാര്‍ത്തകള്‍ ഗവേഷണബുദ്ധിയോടെ പരിശോധിക്കാന്‍ തുടങ്ങിയപ്പോള്‍ അവര്‍ക്കൊരു കാര്യം ബോദ്ധ്യമായി- തൊഴില്‍സമരങ്ങളും പണിമുടക്കുകളും ഹര്‍ത്താലുകളും ബന്ദുകളും എല്ലാം ഈ പ്രദേശത്ത് നിത്യസംഭവങ്ങളാണ്. ഒടുവില്‍ സെക്രട്ടറിയേറ്റ് പീറ്റര്‍ വര്‍ഗ്ഗീസിന് ഒരു സന്ദേശമയച്ചു:'കേരളത്തിനു വളരെയധികം സാദ്ധ്യതകളുണ്ട്. എന്നാല്‍ ആഗ്രഹിക്കുന്നതരത്തിലുള്ള ഒരു നിക്ഷേപപ്രദേശമാകണമെങ്കില്‍ ഇവിടെ കാര്യങ്ങള്‍ കുറച്ചുകൂടി വെടിപ്പാക്കേണ്ടതുണ്ട്.'
നമുക്കു നഷ്ടപ്പെട്ട ഒരവസരം എന്നുമാത്രം പറഞ്ഞ് ഇതിനെ തള്ളിക്കളഞ്ഞാല്‍ മതിയോ?

മതിലുകളില്ലാത്ത ഒരു ഏകലോകം വിഭാവനം ചെയ്തുകൊണ്ടാണല്ലോ നാം പുതിയ സഹസ്രാബ്ദത്തിലേക്കു കടക്കുന്നത്. എന്നാല്‍, ഇന്നു കേരളത്തില്‍ ജാതിയുടെയും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരില്‍ മനുഷ്യനെയും മനുഷ്യനെയും തമ്മില്‍ വേര്‍തിരിക്കുന്ന മതില്‍ക്കെട്ടുകളാണ് എങ്ങും പൊങ്ങിക്കാണുന്നത്. ഒരിക്കല്‍ ഐക്യകേരളമായി കണ്ട ഈ പരശുരാമക്ഷേത്രം ഇന്ന് മൂന്നുകോടിയുടെ വെറും ഒരാള്‍ക്കൂട്ടമായി മാറിയിരിക്കുന്നു. ആ വിഭാഗീയ ചിന്ത അഴിച്ചുവിടുന്ന അക്രമങ്ങളാണ് നമ്മുടെ പൊതുജീവിതത്തിലെ ഏറ്റവും പ്രകടമായ സത്യം. ഇന്ന് കേരളം ഒരു മാഫിയയുടെ കരിനിഴലിലാണ് കഴിയുന്നത്. അതുകൊണ്ട് ഒരു ഹര്‍ത്താല്‍ദിവസം സ്വന്തം വാഹനങ്ങള്‍കൂടി പുറത്തെടുക്കാന്‍ ആര്‍ക്കും ധൈര്യമില്ല. ഒരു ന്യൂനപക്ഷത്തിന്റെ ഭീഷണികള്‍ക്കും സമ്മര്‍ദ്ദങ്ങള്‍ക്കും വഴങ്ങി കഴിയുകയാണ് ബഹുഭൂരിപക്ഷം മലയാളികളും ഇന്ന്. ഇത്രയധികം ഭീരുത്വം നിറഞ്ഞ മറ്റൊരു കാലഘട്ടം കേരളത്തില്‍ ഇതിനുമുമ്പുണ്ടായിട്ടുണ്ടോ?
ഈയവസരത്തിലും നര്‍മ്മബോധം കൈവെടിയാത്ത ഒരു ടൂറിസംവകുപ്പ് നമുക്കുണ്ട്. അവരിതിനെ 'ദൈവത്തിന്റെ നാടെ'ന്നു വിളിക്കുന്നു.
ഇന്ത്യയില്‍ ഏറ്റവും കൂടിയ ആത്മഹത്യാനിരക്ക് കേരളത്തിലാണെന്നു കണക്കുകള്‍ കാണിക്കുന്നു. കേരളംതന്നെ ആത്മഹത്യയുടെ വക്കില്‍ നില്‍ക്കുകയല്ലേ?

മറ്റൊരു കേരളം വളരുകയാണ്

കഴിഞ്ഞ മാര്‍ച്ച് മാസം 'ലോക്ക് ഡൗണ്‍' ആരംഭിക്കുന്നതിനു തൊട്ടുമുമ്പ്, ഒരുദിവസം തിരുവനന്തപുരത്തെ പ്രശസ്തമായ ടെക്‌നോപാര്‍ക്കില്‍ ചെലവഴിക്കാന്‍ എനിക്കവസരമുണ്ടായി. അവിശ്വസനീയമായ ഒരു ലോകമാണ്, കേരളത്തിന്റെ പുരോഗമനാത്മകവും പ്രതീക്ഷാനിര്‍ഭരവുമായ ഒരു മുഖമാണ് ടെക്‌നോപാര്‍ക്കില്‍ നാം കാണുന്നത്. കേരളീയ വാസ്തുകലയില്‍ രൂപകല്‍പ്പന ചെയ്ത രമണീയമായ ആ കെട്ടിടങ്ങളും ഹരിതഭംഗിയണിഞ്ഞ് ചെത്തിമിനുക്കി പരിരക്ഷിക്കപ്പെടുന്ന ആ പച്ചപ്പുല്‍പ്പരപ്പും മാലിന്യത്തിന്റെ സ്പര്‍ശമില്ലാത്ത ആ ചുറ്റുപാടുകളും സ്വപ്നതുല്യമായ ഒരു ലോകം സൃഷ്ടിച്ചിരിക്കുന്നു. എന്നാല്‍ അതിനപ്പുറം, അവിടെ ജോലിചെയ്യുന്ന 60,000 പേരുടെ കര്‍മ്മശക്തിയാണ് ആ വ്യാവസായികനഗരത്തെ കേരളത്തിന്റെ മുഖ്യധാരയില്‍നിന്നും വേറിട്ടുനിര്‍ത്തുന്നത്.

തിരുവനന്തപുരത്തിന്റെ പ്രാന്തപ്രദേശത്താണ് ടെക്‌നോപാര്‍ക്ക് സ്ഥിതിചെയ്യുന്നതെങ്കിലും, കേരള രാഷ്ട്രീയത്തിലെ ശബ്ദകോലാഹലങ്ങളൊന്നും ഈ 60,000 പേരില്‍ മിക്കവരും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. പലരും മലയാളത്തിലെ വാര്‍ത്താചാനലുകള്‍തന്നെ കാണാറില്ല. അന്ന് അവിടെ ചര്‍ച്ചചെയ്തത് കൂടുതല്‍ മൗലികമായ ഒരു വിഷയമായിരുന്നു: യൂട്യൂബിന്റെ ഇരുപതാം വാര്‍ഷികത്തില്‍ ആ ടെക്‌നോളജി സൃഷ്ടിക്കുന്ന ദൃശ്യവിസ്മയങ്ങള്‍ എത്രത്തോളം ലോകത്തെ സ്വാധീനിച്ചിരിക്കുന്നു എന്ന്. ആ സെമിനാറില്‍ പങ്കുചേരാനാണ് ഞാനവിടെ എത്തിയത്.

അന്നവിടെ പ്രസംഗിച്ച ടെക്‌നോപാര്‍ക്കിന്റെ സ്ഥാപക മാനേജിങ് ഡയറക്ടര്‍ വിജയരാഘവന്റെ ആ നിരീക്ഷണം- 'ശ്രീപത്മനാഭക്ഷേത്രത്തിലുള്ള സ്വര്‍ണ്ണശേഖരത്തേക്കാള്‍ വലിയൊരു സ്വത്ത് ഇവിടത്തെ 60,000 പേരുടെ പ്രയത്‌നശക്തിയിലുണ്ട്' എന്ന വാക്കുകള്‍ ഹര്‍ഷാരവങ്ങളോടെയാണ് സദസ്സ് സ്വീകരിച്ചത്.

ടെക്‌നോളജിതന്നെയാണ് 21-ാം നൂറ്റാണ്ടിന്റെ സ്ഥായീഭാവം എന്ന വിശ്വാസത്തിന്റെ പ്രതിഫലനമാണ് ടെക്‌നോപാര്‍ക്ക് എന്നു പറയാം.
ടെക്‌നോപാര്‍ക്ക് 1990-ല്‍ സ്ഥാപിച്ചതിനുശേഷം, ഒരു ദിവസംപോലും സമരംമൂലം അവിടെ ജോലി മുടങ്ങിയിട്ടില്ല. കഴിഞ്ഞ വര്‍ഷം ഈ ചെറിയ പ്രദേശം 6,500 കോടി രൂപയുടെ കയറ്റുമതി നേടിയിരിക്കുന്നു. അതിന്റെ പ്രധാന കാരണം കേരളത്തിലെ രാഷ്ട്രീയ നേതാക്കളെ ടെക്‌നോ പാര്‍ക്കിന്റെ പ്രവര്‍ത്തനങ്ങളില്‍നിന്നും മാന്യതയോടെ മാറ്റിനിര്‍ത്തിയിരിക്കുന്നു എന്നതുതന്നെയാണ്. ഈ 60,000 പേര്‍ ശ്രദ്ധിക്കുന്നത് മറ്റൊരുപിടി മലയാളികളെയാണ്. ക്രിസ് ഗോപാലകൃഷ്ണന്‍, ഷിബുലാല്‍, യൂസഫലി, രവി പിള്ള, ആസാദ് മൂപ്പന്‍, പി.എന്‍.സി. മേനോന്‍, സണ്ണി വര്‍ക്കി അങ്ങനെ ആഗോളതലത്തില്‍ മുദ്രപതിപ്പിച്ച കേരളത്തിന്റെ സ്വന്തം വ്യവസായികള്‍. ഒരുകാലത്ത് കേരളത്തിലെ പ്രശസ്തരായ വ്യവസായ പ്രമുഖര്‍ നിക്ഷേപം നടത്തിയിരുന്നത് കേരളത്തിനു പുറത്തുള്ള സംസ്ഥാനങ്ങളിലാണ്. ഇന്ന് ആ സ്ഥിതി മാറിയിരിക്കുന്നു. ഈ പുതിയ വ്യവസായികള്‍ അവരുടെ സമ്പത്ത് കേരളത്തില്‍ത്തന്നെ നിക്ഷേപിക്കുകയാണ്. പല സംരംഭങ്ങളും പരമ്പരാഗത വ്യവസായങ്ങളല്ല. ഗോപാലകൃഷ്ണന്‍ സ്വന്തം സമ്പാദ്യത്തില്‍നിന്ന് 100 കോടി രൂപ ചെലവാക്കി തിരുവനന്തപുരത്തെ പ്രശസ്തമായ മോഡല്‍ സ്‌കൂള്‍ ലോക വിദ്യാലയമാക്കി മാറ്റാനുള്ള ശ്രമത്തിലാണ്.

യൂസഫലിയുടെ 'ലുലുമാള്‍' കൊച്ചിയില്‍ ശ്രദ്ധേയമായ ഒരു സ്ഥാപനമായി വളര്‍ന്നുകഴിഞ്ഞിരിക്കുന്നു. രവി പിള്ളയുടെ വ്യവസായ സാമ്രാജ്യം ദുബായ് മുതല്‍ ഓസ്‌ട്രേലിയ വരെ പരന്നുകിടക്കുന്നു. 'നിതാഖത്തി'ന്റെ നടപ്പാക്കലിനുശേഷം സൗദി അറേബ്യയില്‍നിന്നു തിരിച്ചെത്തിയ നിരവധി മലയാളികള്‍ക്ക് തന്റെ സ്ഥാപനങ്ങളില്‍ ജോലിനല്‍കിയിരിക്കുന്നു. ആസാദ് മൂപ്പന്റെ 'ആസ്റ്റര്‍' ശൃംഖല കേരളത്തില്‍ നിരവധി ചികിത്സാ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നുണ്ട്. ഇവരെയെല്ലാം വെറും വ്യവസായികള്‍ എന്നു വിശേഷിപ്പിക്കുന്നതില്‍ ഒരു വലിയ പരിമിതിയുണ്ട്. അവരെ അറിവിന്റെ സംരംഭകര്‍ (Knowledge Enterpreneurs) എന്നു വിളിക്കുന്നതാവും കൂടുതല്‍ ശരി. ടെക്‌നോളജി സൃഷ്ടിക്കുന്ന പുതിയ അറിവുകളാണ് ഇവരുടെ സംരംഭങ്ങളെ നയിക്കുന്നത്.
എന്നാല്‍, വളരെക്കാലം കേരളീയ സമൂഹം ടെക്‌നോളജിയെ സംശയത്തോടെ വീക്ഷിച്ചിരുന്നു. എല്ലാ ടെക്‌നോളജിയെയും മുതലാളിത്തത്തിന്റെ ഉപകരണങ്ങളായിട്ടാണ് നാം കരുതിയത്. ടെലിഫോണും ടെലിവിഷനും കംപ്യൂട്ടറുമെല്ലാം പണക്കാരുടെ 'കളിപ്പാട്ട'ങ്ങള്‍ മാത്രമാണെന്ന് നാം വിശ്വസിച്ചിരുന്നു.

ടെക്‌നോളജിയുടെ ജനകീയവത്കരണം, ടെക്‌നോളജി സൃഷ്ടിക്കുന്ന തൊഴിലവസരങ്ങള്‍, ടെക്‌നോളജിയിലൂടെ നാം നേടുന്ന സാമൂഹിക സമത്വം ഇതൊന്നും നമുക്കു കാണാനായില്ല.
ആ മാനസിക നിലപാട് കുറെയൊക്കെ മാറിയിരിക്കുന്നു എന്നാണ് ടെക്‌നോപാര്‍ക്കിന്റെ അദ്ഭുതകരമായ വിജയം സൂചിപ്പിക്കുന്നത്. ധനസമ്പാദനത്തോട് മലയാളിക്കുണ്ടായിരുന്ന കുറ്റബോധവും ഇന്ന് ഏറെക്കുറെ മാറിയിരിക്കുന്നു. ഇന്നത്തെ വ്യവസായങ്ങളില്‍ വലിയൊരുഭാഗം സമൂഹത്തെ സ്പര്‍ശിച്ചുനില്‍ക്കുന്നു എന്നതാണ് അതിനു കാരണം.

മുമ്പു സൂചിപ്പിച്ച വ്യവസായികളില്‍ ഓരോരുത്തരുടെയും സ്വകാര്യ സ്വത്ത് 5,000-6,000 കോടി രൂപവരും. എന്നാല്‍, ഈ വന്‍തുകകള്‍ അവരുടെ ബാങ്ക് അക്കൗണ്ടിലല്ല കിടക്കുന്നത്. ഒരു പത്തുനൂറ് ചെറിയ ചെറിയ സംരംഭങ്ങള്‍ക്ക് ഇന്ധനമായും ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചുകൊണ്ടും ആ സ്വകാര്യസ്വത്ത് സമൂഹത്തിനു മൂല്യവര്‍ദ്ധന നല്‍കുന്നു. മലയാളത്തില്‍ ഏറ്റവുമധികം തെറ്റിദ്ധരിക്കപ്പെട്ട ഒരു പദമാണ് 'കച്ചവട മനഃസ്ഥിതി.' കച്ചവടം പുരോഗമനപരമായ ജീവിതശൈലിയുടെ ഒരു ഭാഗമാണെന്ന് മലയാളി ഇന്നു മനസ്സിലാക്കിത്തുടങ്ങിയിരിക്കുന്നു.

ടെക്‌നോപാര്‍ക്കില്‍ ഒരു സാമൂഹിക വിപ്ലവം നടക്കുകയണ്. അവിടെ ജോലിചെയ്യുന്ന 60,000 പേരില്‍ 8,000 പേരും സ്ത്രീകളാണ്. മിക്കവരും ഇന്ത്യയിലെയും പുറത്തെയും പ്രശസ്തമായ സര്‍വ്വകലാശാലകളില്‍ ഉന്നത പഠനം നടത്തിയവരാണ്. ഇവിടെ അവര്‍ ആത്മാഭിമാനത്തോടും ആത്മവിശ്വാസത്തോടും പുരുഷന്മാരോടൊപ്പം ജോലിചെയ്യുന്നു. അവരോടൊപ്പം ലോകയാത്രകള്‍ ചെയ്യുന്നു. സങ്കീര്‍ണ്ണമായ തീരുമാനങ്ങള്‍ എടുക്കുന്നു. പലരും ജാതിക്കും മതത്തിനുമതീതമായി വിവാഹബന്ധത്തില്‍ ഏര്‍പ്പെട്ടവരാണ്. സ്‌നേഹ വിവാഹങ്ങളുടെ എണ്ണം കേരളത്തില്‍ വര്‍ദ്ധിച്ചുവരികയാണ്.
ടെക്‌നോപാര്‍ക്ക് ഉള്‍ക്കൊള്ളുന്ന മൂല്യബോധം ഇന്ന് പുറത്തേക്കു വ്യാപിക്കുകയാണ്.

സ്ത്രീകളുടെ സംരംഭങ്ങള്‍ കേരളത്തിലെങ്ങും വര്‍ദ്ധിച്ചുവരുന്നു. സ്ത്രീകളുടെ വ്യാവസായിക കൂട്ടായ്മയായ കുടുംബശ്രീ വന്‍വിജയമായി ആഗോള ശ്രദ്ധ നേടിയിരിക്കുന്നു. മാര്‍ക്കറ്റിങ് രംഗത്തും ടെലിവിഷന്‍ സംപ്രേക്ഷണ-അവതരണരംഗത്തും സ്ത്രീസമൂഹത്തിലെ യുവതലമുറ തിളങ്ങിനില്‍ക്കുന്നു.
ആഗോളതലത്തില്‍ യുവതലമുറ ഒരു പുതിയ ഭാവുകത്വപരിണാമം സൃഷ്ടിക്കുകയാണ്. പരമ്പരാഗതമായ മൂല്യങ്ങളെയും വിശ്വാസങ്ങളെയും അവര്‍ തിരുത്തിയെഴുതുകയാണ്. ആ മാറ്റത്തിന്റെ അലയടികളാണ് നാം കേരളത്തിലും കേള്‍ക്കുന്നത്.

Content Highlights: C.Sarathchandran, Mathrubhumi Books


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022


photo: Getty Images

2 min

തലതാഴ്ത്തി മടങ്ങി ചുവന്ന ചെകുത്താന്മാര്‍; ക്രൊയേഷ്യ പ്രീ ക്വാര്‍ട്ടറില്‍

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022

Most Commented