പിതാവിനെ അറിയിക്കാതെ ഒരു നാടോടിയായുള്ള തന്റെ യാത്രയാരംഭിക്കാന്‍ ബോധിസത്തന്‍ തയ്യാറല്ലായിരുന്നു. ആയതിനാല്‍ രാത്രിയില്‍ രാജാവിനടുത്തെത്തി അദ്ദേഹം പറഞ്ഞു: 'മഹാപ്രഭോ, എന്റെ യാത്രയാരംഭിക്കാനുള്ള സമയം സമാഗതമായിരിക്കുന്നു. തടഞ്ഞുനിര്‍ത്താതെ എന്നെ പോകാന്‍ അനുവദിച്ചാലും.'
നിറഞ്ഞുതുളുമ്പുന്ന കണ്ണുകളോടെ അദ്ദേഹം പറഞ്ഞു: 'ഈ തീരുമാനത്തില്‍നിന്നു പിന്മാറാന്‍ എന്താണ് നിനക്കു വേണ്ടത്? നീ ആവശ്യപ്പെടുന്നതെന്തും- ഈ കൊട്ടാരമോ രാജ്യമോ ഞാന്‍തന്നെയാണെങ്കില്‍പ്പോലും അതു നിനക്ക് കിട്ടിയിരിക്കും.'

ബോധിസത്തന്‍ ഇങ്ങനെ മറുപടി പറഞ്ഞു:
'പ്രഭോ, എനിക്കാവശ്യം നാലു  കാര്യങ്ങളാണ്. ഒന്ന്, യുവത്വത്തിന്റെ വര്‍ണങ്ങള്‍ ഒരിക്കലും എനിക്ക് നഷ്ടമാവരുത്. രണ്ട്, യാതൊരു രോഗവും എന്നെ ബാധിക്കരുത്. മൂന്ന്, എന്റെ ജീവിതത്തിന് അന്ത്യമുണ്ടാവരുത്. നാല്, ഞാനൊരിക്കലും ജീര്‍ണനത്തിനു വിധേയനാവരുത്. ഈ ആവശ്യങ്ങള്‍ നിറവേറ്റിത്തരാന്‍ അങ്ങേക്കാവുമോ?'
ഒരു മനുഷ്യനും നല്കാന്‍ കഴിയാത്ത വരങ്ങളാണ് മകന്‍ ആവശ്യപ്പെടുന്നതെന്നറിഞ്ഞ രാജാവ് അതീവദുഃഖിതനായി. അപ്പോള്‍ ബോധിസത്തന്‍ തുടര്‍ന്നു:
'വാര്‍ധക്യവും രോഗവും മരണവും ജീര്‍ണനവും എന്നില്‍നിന്നകറ്റാനാവില്ലെങ്കില്‍, ഇഹലോകവാസമവസാനിച്ചുകഴിഞ്ഞാല്‍ ഒരിക്കലും എനിക്കൊരു പുനര്‍ജന്മമുണ്ടാവില്ല എന്നതിനെങ്കിലും അങ്ങേക്കുറപ്പുതരാനാവുമോ?'
നിവൃത്തിയില്ലെന്നായപ്പോള്‍ രാജാവ് മകന്റെ ആഗ്രഹത്തിന് സമ്മതം മൂളി.

പക്ഷേ, തൊട്ടടുത്ത ദിവസം അദ്ദേഹം കൊട്ടാരത്തിന്റെ നാലുകവാടങ്ങളിലും അഞ്ഞൂറു ശാക്യഭടന്മാരെവീതം അധികമായി വിന്യസിക്കുകയും മാതാവ് ഗൗതമി, തന്റെതായ രീതിയില്‍ വിപുലമായ കാവല്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. തന്നിഷ്ടംപോലെ കുമാരന്‍ കൊട്ടാരം വിട്ടു  പോവുന്നത് രാജാവിന് സങ്കല്പിക്കാനാവുന്നതിനുമപ്പുറത്തായിരുന്നു. അതേസമയത്തുതന്നെ യക്കന്മാര്‍(പ്രകൃതിയിലെ ദിവ്യശക്തികള്‍) 'സുഹൃത്തുക്കളേ, ബോധിസത്തന്റെ പുറപ്പാടിന്റെ സുദിനം വന്നെത്തിയിരിക്കുന്നു. അദ്ദേഹത്തെ സേവിക്കാന്‍ തയ്യാറായിക്കൊള്ളുക' എന്നു പ്രവചിക്കുകയും ചെയ്തു. രാജകുമാരന്റെ കുതിരയെ ചുമന്നുകൊണ്ടു പോവാന്‍ നാലു ദിക്പാലകരെ യക്കന്മാര്‍ ചുമതലപ്പെടുത്തി.

അതേസമയത്തുതന്നെ സക്കന്‍ മുപ്പത്തിമൂന്ന് ദേവന്മാരെയും വിളിച്ചുചേര്‍ത്ത്, അവരിലൊരാള്‍ കപിലവസ്തുവിലെ ആബാലവൃദ്ധം ജനങ്ങളെയും ഉറക്കത്തിലാഴ്ത്തണമെന്നും മറ്റൊരാള്‍ സകലമൃഗങ്ങളെയും നിശ്ശബ്ദരാക്കണമെന്നും നിര്‍ദേശിച്ചു. മറ്റുള്ളവര്‍ അന്തരീക്ഷത്തെ സുഗന്ധപൂരിതമാക്കുകയും പുഷ്പവൃഷ്ടി നടത്തുകയും ചെയ്തുകൊണ്ട് കുമാരന് അകമ്പടിസേവിക്കണമെന്നും ആജ്ഞാപിച്ചു. കൊട്ടാരത്തിന്റെ വാതിലുകള്‍ തുറന്നുകൊടുത്ത് ബോധിസത്തന് വഴികാട്ടുന്ന ദൗത്യം, സക്കന്‍ സ്വയമേറ്റെടുത്തു.

പുറപ്പാടിന്റെയന്ന് പ്രഭാതത്തില്‍ വേഷഭൂഷാദികളണിഞ്ഞുകൊണ്ടിരുന്ന ബോധിസത്തന്, യശോധര ഒരാണ്‍കുഞ്ഞിനെ പ്രസവിച്ചിരിക്കുന്നുവെന്ന സന്ദേശം കിട്ടി. അദ്ദേഹത്തിന് അല്പംപോലും സന്തോഷം തോന്നിയില്ല. 'മറ്റൊരു ബന്ധനംകൂടി നിലവില്‍ വന്നിരിക്കുന്നു...എന്റെ മാര്‍ഗത്തില്‍ ഒരു വിഘ്നം!' എന്നായിരുന്നു കുമാരന്റെ പ്രതികരണം. വിഘ്നം എന്നര്‍ഥം വരുന്ന രാഹുലന്‍ എന്ന പേര്‍ അങ്ങനെ ആ കുട്ടിക്ക് ലഭിച്ചു.
അന്ന് ബോധിസത്തന്‍ വീണ്ടും നഗരത്തിലൂടെ യാത്ര ചെയ്തു. അപ്പോള്‍, കിസഗോതമി എന്നു പേരായ ഒരു കുലീനകന്യക തന്റെ മാളികയുടെ മട്ടുപ്പാവില്‍നിന്ന് ബുദ്ധന്റെ സൗന്ദര്യവും ഗാംഭീര്യവും ശ്രദ്ധിച്ചുകൊണ്ട് ഇങ്ങനെ പാടി:
'അനുഗൃഹീതതന്നെയാണാ അമ്മ; അനുഗൃഹീതന്‍തന്നെയാണാ അച്ഛന്‍; 
അനുഗൃഹീതതന്നെയാണാ പത്‌നി. എന്തെന്നാല്‍ ഈ മഹാന്‍ അത്രയേറെ വാഴ്ത്തപ്പെട്ടവനാകുന്നു!' 

അതു കേട്ട ബോധിസത്തന്‍ ചിന്തിച്ചത് ഇങ്ങനെയായിരുന്നു:
'അച്ഛനമ്മമാരുടെയും ഭാര്യയുടെയും മനസ്സുകള്‍ ഈ കാഴ്ചയുണ്ടാക്കുന്ന സന്തോഷംകൊണ്ട് നിറയും എന്നാണിവള്‍ പാടുന്നത്. എന്നാല്‍ ശാശ്വതമായ സന്തോഷവും സമാധാനവും എങ്ങനെയാണുണ്ടാവുക?' 
ആ ചോദ്യത്തിനുള്ള മറുപടി അവന്റെ മനസ്സില്‍ത്തന്നെ ഉയര്‍ന്നു!

'ആസക്തിയുടെ അഗ്‌നി കെടുത്തിക്കഴിഞ്ഞാല്‍ ശേഷിക്കുന്നത് സമാധാനമാണ്; വിദ്വേഷത്തിന്റെയും വശ്യതയുടെയും തീ കെട്ടുകഴിഞ്ഞാല്‍ ശേഷിക്കുന്നത് ശാന്തിയാണ്. വളരെ മധുരമായൊരു പാഠമാണ് ഈ ഗായിക എന്നെ പഠിപ്പിച്ചത്. നിത്യമായ ശാന്തിയിലേക്കുള്ള നിര്‍വാണാവസ്ഥയാണല്ലോ ഞാന്‍ കാംക്ഷിച്ചത്. ഈ ദിവസം, ഞാന്‍ എന്റെ ഗൃഹസ്ഥാശ്രമം അവസാനിപ്പിക്കും. നിര്‍വാണാവസ്ഥയ്ക്കല്ലാതെ മറ്റൊന്നിനും എന്നെ തൃപ്തനാക്കാനാവില്ല.'

എന്നിട്ട്, തന്റെ കഴുത്തിലണിഞ്ഞ മുത്തുമാല, ഗുരുദക്ഷിണയായി കിസഗോതമിക്ക് അയച്ചുകൊടുത്തു. രാജകുമാരന്‍ തന്നെ പ്രണയിക്കുന്നുവെന്നും അതൊരു പ്രേമോപഹാരമാവാമെന്നുമാണ് അവള്‍ ധരിച്ചത്.
അന്നു രാത്രി ഗായികമാരും നര്‍ത്തകികളും കുമാരനെ രസിപ്പിക്കാന്‍ ഏറെ പാടുപെട്ടു. അപ്‌സരസ്സുകളെപ്പോലെ സുന്ദരികളായ അവര്‍ ഏറെനേരം ആടുകയും പാടുകയും ചെയ്തുവെങ്കിലും ബോധിസത്തന് അവയിലൊന്നും ഒട്ടും കൗതുകം തോന്നിയില്ല. പാപചിന്തകള്‍ അന്യമായിത്തീര്‍ന്ന മനസ്സോടെ അദ്ദേഹം ഉറക്കത്തിലേക്ക് വഴുതിവീണു.
അവന്‍ ഉറങ്ങിയെന്നു കണ്ട് ഗായികമാരും നര്‍ത്തകികളും വാദ്യോപകരണങ്ങള്‍ മാറ്റിവെച്ച് ഉറക്കമാരംഭിച്ചു. സുഗന്ധം ചേര്‍ത്ത എണ്ണയൊഴിച്ചു കത്തിക്കുന്ന വിളക്കുകള്‍ കണ്ണടയ്ക്കുന്നതിന് തൊട്ടുമുന്‍പ് ബോധിസത്തന്‍ ഉണര്‍ന്നു.

നേരമത്രയും തനിക്കു ചുറ്റും വശ്യമനോഹരമായി ആടുകയും പാടുകയും ചെയ്ത സുന്ദരിമാര്‍ അലങ്കോലമായി തലങ്ങും വിലങ്ങും കിടന്നുറങ്ങുന്നുണ്ടായിരുന്നു. കുലീനമായ പെരുമാറ്റരീതികളെല്ലാം മറന്ന്, ഉറക്കത്തിന്റെ തീവ്രതയില്‍ ഞരങ്ങിയും മൂളിയും കൂര്‍ക്കംവലിച്ചും ഉറങ്ങുന്ന ആ സുന്ദരിമാരെക്കണ്ടപ്പോള്‍, അദ്ദേഹത്തിന് അവജ്ഞയാണു തോന്നിയത്.

'ഇതാണ്, വാസ്തവത്തില്‍ സ്ത്രീകളുടെ പ്രകൃതം. പക്ഷേ, ആഭരണങ്ങളാലും ബാഹ്യമായ സൗന്ദര്യത്താലും പുരുഷന്‍ വശീകരിക്കപ്പെടുന്നു. ഉറങ്ങിക്കിടക്കുന്ന സ്ത്രീകളെ നിരീക്ഷിക്കുകയാണെങ്കില്‍ പുരുഷന്‍ ഒരിക്കലും തന്റെ ദൗര്‍ബല്യങ്ങളെ പ്രോത്സാഹിപ്പിക്കില്ല. പക്ഷേ, അവന്‍ എന്നും ആസക്തിയാല്‍ നയിക്കപ്പെടുകയും ഒടുവില്‍ അതിന് കീഴടങ്ങുകയും ചെയ്യുന്നു.' 

സാമാന്യജീവിതം, ഭൂമിയിലായാലും സ്വര്‍ഗത്തിലായാലും അഗ്‌നിനാളങ്ങള്‍ വിഴുങ്ങിത്തുടങ്ങിയ അരക്കില്ലത്തിനു തുല്യമാണെന്നു തിരിച്ചറിഞ്ഞ അദ്ദേഹം, തന്റെ പരിത്യാഗത്തിന്റെ നാള്‍ അന്നുതന്നെയാവട്ടെയെന്നു നിശ്ചയിച്ചു. അദ്ദേഹത്തിന്റെ മനസ്സോ, തനിക്കു മുന്‍പേ ലൗകികജീവിതം ത്യജിച്ചവരോടൊപ്പം, പ്രതിബന്ധങ്ങള്‍ക്കതീതമായി നീങ്ങി.ബോധിസത്തന്‍ അങ്ങനെ തന്റെ മഞ്ചലില്‍ എണീറ്റിരുന്ന് വാതില്‍പ്പടിയില്‍ തലവെച്ചുറങ്ങുകയായിരുന്ന തന്റെ തേരാളിയായ ചന്നയെ വിളിച്ചു. 

'ഞാനിവിടെത്തന്നെയുണ്ട് പ്രഭോ!' എന്നവന്‍ മറുപടി പറഞ്ഞു.
'മഹത്തായ പരിത്യാഗത്തിന്റെ നാള്‍ ഇന്നുതന്നെയാവട്ടെ! നിന്റെ കുതിരയെ തയ്യാറാക്കൂ.'
ചന്ന, ആലയിലേക്കു ചെന്ന് ബോധിസത്തന്റെ പ്രിയപ്പെട്ട കന്തകന്‍ എന്ന കുതിരയെ സജ്ജമാക്കി. തന്റെ ദൗത്യം എന്തെന്നു തിരിച്ചറിഞ്ഞ കന്തകന്‍, സന്തോഷാധിക്യത്താല്‍ പുറപ്പെടുവിച്ച ശബ്ദം മറ്റുള്ളവര്‍ കേള്‍ക്കാതിരുന്നത് ദേവന്മാര്‍ അതിനെ നിശ്ശബ്ദനാക്കിയതുകൊണ്ടു മാത്രമായിരുന്നു!
ചന്ന കുതിരാലയത്തിലേക്കു പോയ നേരത്ത് ബോധിസത്തന്‍ തന്റെ മകനെ ഒരുനോക്കു കാണാനാഗ്രഹിച്ചു. അദ്ദേഹം, യശോധരയുള്ള മുറിയുടെ വാതില്ക്കലെത്തി.

മുല്ലപ്പൂക്കള്‍ വിരിച്ച മെത്തയില്‍ ഒരു കൈ രാഹുലന്റെ നെറ്റിയില്‍ വെച്ച് അവള്‍ ഉറങ്ങുകയായിരുന്നു. ഉമ്മറപ്പടിയില്‍ കാല്‍ വെച്ചപ്പോള്‍ ബോധിസത്തന് ഇങ്ങനെ തോന്നി: 'ഇപ്പോള്‍ ഞാന്‍ കുട്ടിയെ എടുത്താല്‍, തീര്‍ച്ചയായും അവള്‍ ഉണരുകതന്നെ ചെയ്യും. അതോടെ എന്റെ യാത്രയും മുടങ്ങും. ബോധോദയം നേടിയതിനുശേഷം എന്നെങ്കിലും ഞാനവനെ വന്ന് കണ്ടുകൊള്ളാം.'

അങ്ങനെ അദ്ദേഹം യാത്രയാരംഭിക്കുകയും സജ്ജനാക്കി നിര്‍ത്തിയിരുന്ന കുതിരയോട് ഇവ്വിധം അരുളുകയും ചെയ്തു: 'നന്നായി കന്തകാ, മനുഷ്യരുടെയും ദേവന്മാരുടെയും ലോകങ്ങളെയാകെ രക്ഷിക്കാന്‍ ശേഷിയുള്ള ഒരു ബുദ്ധനായിത്തീരേണ്ടതിന് ഈ രാത്രി നീ എന്നെ സഹായിക്കുന്നു!' 
കന്തകന്‍ വീണ്ടും കരഞ്ഞു. പക്ഷേ, ആ ശബ്ദമോ, ആരും കേട്ടതേയില്ല!

ബുദ്ധനും ബുദ്ധന്റെ സുവിശേഷവും എന്ന പുസ്തകം വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

അങ്ങനെ ബോധിസത്തന്‍ യാത്രയാരംഭിച്ചു. ചന്ന അദ്ദേഹത്തെ അനുഗമിച്ചു. നിശ്ചയിച്ചിരുന്നതുപോലെ യക്കന്മാര്‍, കുളമ്പടിശബ്ദമുയരാതിരിക്കേണ്ടതിന് കന്തകനെ ചുമന്നുകൊണ്ടു നടന്നു. മാലാഖമാര്‍ കാവല്‍ക്കാരെ ഉറക്കത്തിലാഴ്ത്തുകയും വാതിലുകള്‍ ശബ്ദമുണ്ടാകാതെ തുറക്കപ്പെടുകയും ചെയ്തു. അപ്പോള്‍ മാരന്‍ എന്ന പിശാച് ആകാശത്തു പ്രത്യക്ഷപ്പെട്ട് ബോധിസത്തനെ പ്രലോഭിപ്പിക്കാനായി ഇങ്ങനെ പറഞ്ഞു: 
'പ്രഭോ, താങ്കള്‍ മടങ്ങിപ്പോവുക. ഏഴു നാളുകള്‍ക്കകം 'പരമാധികാരത്തിന്റെ ചക്രം' തെളിയുകയും നാലു വന്‍കരകളുടെയും അസംഖ്യം ദ്വീപുകളുടെയും അധിപനായി അങ്ങു വാഴ്ത്തപ്പെടുകയും ചെയ്യും. ഈ യാത്ര അവസാനിപ്പിച്ചാലും!' 

അതിനു ബോധിസത്തന്‍, 'മാരാ, ഈ വാര്‍ത്ത സന്തോഷസൂചകംതന്നെ. എന്നാല്‍, ഞാനാഗ്രഹിക്കുന്നത് ഈ ലോകത്തിന്റെ പരമാധികാരിയാവാനല്ല. ഞാനൊരു ബുദ്ധനായിത്തീരും. പതിനായിരക്കണക്കിനു ലോകങ്ങളെയും ഞാന്‍ ഉല്ലാസപൂര്‍ണമാക്കും' എന്നു മറുപടി പറഞ്ഞു. മാരന്‍ ആ ക്ഷണം തന്റെ പ്രലോഭനങ്ങള്‍ നിര്‍ത്തിയെങ്കിലും എന്നെങ്കിലും ആസക്തിയുടെയോ ദ്വേഷത്തിന്റെയോ നാളങ്ങള്‍ ബോധിസത്തന്റെ ഹൃദയത്തില്‍നിന്നുയരുകയാണെങ്കില്‍ ആ അവസരം മുതലെടുക്കുകതന്നെ വേണമെന്ന ദൃഢനിശ്ചയത്തോടെ എന്നും നിഴല്‍പോലെ അദ്ദേഹത്തെ അനുഗമിച്ചു. ആഷാഢമാസത്തിലെ പൗര്‍ണമിനാളിലാണ് കുമാരന്‍ ആ നഗരത്തില്‍നിന്നും യാത്രയായത്.

( ബുദ്ധനും ബുദ്ധന്റെ സുവിശേഷവും എന്ന പുസ്തകത്തില്‍ നിന്ന്)

Content highlights : buddhanum boddhante suviseshavum, Buddha thoughts, Ananda Kumaraswami