ഒറ്റ രാത്രികൊണ്ട് ഒന്നും സംഭവിക്കുന്നില്ല; തോല്‍വിയോടുള്ള മനോഭാവം വിജയങ്ങള്‍ സമ്മാനിക്കുന്ന വിധം!


ജെഫ് കെല്ലര്‍

9 min read
Read later
Print
Share

'വിജയത്തിലേക്കുള്ള വഴിയില്‍ തോല്‍ക്കുവാന്‍ ശീലിച്ചവരാണ് വിജയിച്ചവരൊക്കെ.'

പ്രതീകാത്മക ചിത്രം | Canva.com

കൂടുതല്‍ ബുദ്ധിപരമായി കാര്യങ്ങള്‍ വീണ്ടും ആരംഭിക്കുവാനുള്ള ഒരേ ഒരു വഴി തോല്‍ക്കുക മാത്രമാണ്.
-ഹെന്റി ഫോര്‍ഡ്

കഴിഞ്ഞ 26 വര്‍ഷമായി അവള്‍ക്ക് സ്വന്തം ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍ അടയ്ക്കുവാന്‍ സാധിച്ചിട്ടില്ല.
25 പ്രാവശ്യം അവള്‍ക്ക് ജോലികള്‍ മാറേണ്ടിവന്നു.
18 പ്രാവശ്യം അവള്‍ ജോലിയില്‍നിന്നും പിരിച്ചുവിടപ്പെട്ടിട്ടുണ്ട്.
26 വര്‍ഷം ജോലിചെയ്തതിനുശേഷം മാത്രമേ 22,000 ഡോളര്‍ എന്ന വാര്‍ഷികശമ്പളം അവള്‍ക്ക് കരസ്ഥമാക്കുവാന്‍ സാധിച്ചുള്ളൂ.
വിശപ്പടക്കുവാന്‍ പലപ്പോഴും അവള്‍ക്ക് ഭക്ഷണക്കൂപ്പണുകളെ ആശ്രയിക്കേണ്ടി വന്നിട്ടുണ്ട്.
പല രാത്രികളിലും സ്വന്തം കാറില്‍ അവള്‍ക്ക് കിടന്നുറങ്ങേണ്ടിവന്നു.
ജീവിതവിജയത്തെക്കുറിച്ചുള്ള ഈ പുസ്തകത്തില്‍ ഞാനെന്തിനാണ് പരാജയങ്ങള്‍ മാത്രം ഏറ്റുവാങ്ങിയ ഒരു സ്ത്രീയെക്കുറിച്ച് സംസാരിച്ച് വെറുതെ സമയം കളയുന്നതെന്ന് ഒരുപക്ഷേ, നിങ്ങളിപ്പോള്‍ ചിന്തിക്കുന്നുണ്ടാകും.
കാരണമുണ്ട്. സുപ്രസിദ്ധ ചാനല്‍ ചര്‍ച്ചാവതാരികയായ 'സാലി ജെസി റാഫേല്‍' എന്ന വനിതയാണ് മേല്‍പ്പറഞ്ഞ എന്റെ കഥയിലെ നായിക. ചെറുപ്പത്തില്‍ താന്‍ സ്വപ്നം കണ്ട ബ്രോഡ്കാസ്റ്റിങ് കരിയര്‍ ഉപേക്ഷിക്കുവാന്‍, നോക്കൂ ഇത്രയൊക്കെ തിരിച്ചടികള്‍ നേരിട്ടിട്ടും അവര്‍ തയ്യാറായില്ല. പകരം അവര്‍ തോല്‍ക്കുവാന്‍ തയ്യാറായി. വീണ്ടും വീണ്ടും തോല്‍ക്കുവാന്‍... തുടര്‍ച്ചയായി തോല്‍ക്കുവാന്‍... വിജയിക്കുന്നതുവരെ തോല്‍ക്കുവാന്‍ തയ്യാറായി. വര്‍ഷങ്ങള്‍ നീണ്ട നിരന്തരമായ തോല്‍വികള്‍ക്കിടയിലും മഹത്തായ മനോഭാവം ഒന്നുകൊണ്ടുമാത്രം 'സാലി ജെസി റാഫേല്‍' ദശലക്ഷക്കണക്കിന് ഡോളര്‍ സമ്പാദിച്ചുകൊണ്ട് വളരെ വിജയകരമായ ഒരു ടിവി ബ്രോഡ്കാസ്റ്റിങ് കരിയര്‍ ഉണ്ടാക്കിയെടുത്തു.

ജീവിതത്തിന്റെ തുടക്കകാലം

നീണ്ട 26 വര്‍ഷം തോല്‍വികള്‍ മാത്രം ഏറ്റുവാങ്ങിക്കൊണ്ട്, എന്നാല്‍ മുന്നോട്ടുതന്നെ നീങ്ങുവാന്‍ 'സാലി ജെസി റാഫേല്‍' എന്ന വ്യക്തിക്ക് എങ്ങനെയായിരിക്കും സാധിച്ചത്. തന്റെ ബാല്യകാലത്തേക്ക് ഒരു നിമിഷം തിരിഞ്ഞുനോക്കുവാന്‍ നിങ്ങള്‍ക്കു സാധിച്ചാല്‍, എനിക്കു തോന്നുന്നു നിരന്തരപരാജയങ്ങളില്‍നിന്ന് അതിവേഗം കരകയറുവാനുള്ള അപാരമായ ഒരു കഴിവ് നിങ്ങളും പ്രദര്‍ശിപ്പിച്ചിട്ടുണ്ടാകും. നിങ്ങള്‍ സൈക്കിള്‍ ഓടിക്കുവാന്‍ പഠിച്ചത് എങ്ങനെയാണെന്ന് ഓര്‍മ്മയുണ്ടോ? താങ്ങ്ചക്രങ്ങള്‍ ഉപയോഗിച്ചുകൊണ്ടായിരിക്കും മിക്കവാറും നിങ്ങളുടെ തുടക്കം. പിന്നീട് ആ താങ്ങ്ചക്രങ്ങള്‍ മാറ്റിയപ്പോള്‍ ബാലന്‍സ് ചെയ്യുവാന്‍വേണ്ടി നിങ്ങള്‍ ഒരുപാട് ആയാസപ്പെട്ടുകാണും. സൈക്കിള്‍ നേരെ ഓടിക്കാനാകാതെ പലതവണ വീണ് നിങ്ങള്‍ക്ക് പരിക്കേറ്റിട്ടുണ്ടാകാം. വാസ്തവത്തില്‍ തോല്‍വിയെക്കുറിച്ചുള്ള സുപ്രധാനമായ ഒരു പാഠം വളരെ നേരത്തേതന്നെ നിങ്ങള്‍ മനസ്സിലാക്കുകയായിരുന്നു.

നിങ്ങള്‍ സൈക്കിള്‍ ഓടിക്കുവാന്‍ പരിശീലിച്ചുകൊണ്ടിരിക്കുമ്പോള്‍ മിക്കവാറും രക്ഷിതാക്കളോ, മറ്റാരെങ്കിലുമോ നിങ്ങളുടെ സമീപത്തുവന്ന് നിര്‍ദ്ദേശങ്ങള്‍ നല്‍കി നിങ്ങളെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കും. നിങ്ങള്‍ വീഴുവാന്‍ തുടങ്ങുമ്പോള്‍ അവര്‍ പിടിക്കും. പേടിയുണ്ടെങ്കിലും വല്ലാത്ത ഒരു ഉന്മാദാവസ്ഥയിലായിരിക്കും നിങ്ങള്‍. താന്‍ വിജയത്തോടടുക്കുന്നതും ഒറ്റയ്ക്ക് സൈക്കിള്‍ ഓടിക്കുവാന്‍ തുടങ്ങുന്നതുമായ നിമിഷങ്ങളെ നിങ്ങള്‍ മനസ്സില്‍ കാണുവാന്‍ തുടങ്ങും. സൈക്കിള്‍ തനിയെ ഓടിക്കുവാനുള്ള കഴിവ് നേടിയെടുക്കുന്നതുവരെ നിങ്ങള്‍ അതു തുടരും. എന്തൊക്കെയാണ് സൈക്കിള്‍ ഓടിക്കുവാനുള്ള നിങ്ങളുടെ ശ്രമങ്ങളുടെ അന്തിമവിജയത്തിന് പിന്തുണ നല്‍കിയത്? സ്ഥിരോത്സാഹവും വിട്ടുവീഴ്ചയില്ലാത്ത പരിശ്രമങ്ങളുമാണെന്നു തീര്‍ച്ച. എത സമയമെടുത്താലും ആ ഉദ്യമത്തില്‍ ഉറച്ചുനില്‍ക്കുവാന്‍ നിങ്ങള്‍ തയ്യാറായിരുന്നു. ലക്ഷ്യമിട്ട കാര്യം ഒട്ടും വൈകാതെ നേടിയെടുക്കുവാനുള്ള നിങ്ങളുടെ ഉത്സാഹവും അതിനു കൂട്ടായിട്ടുണ്ട്. മറ്റുള്ളവര്‍ നിങ്ങള്‍ക്കു നല്‍കിയ പ്രോത്സാഹനങ്ങളും ഇതില്‍ നിര്‍ണ്ണായകമായ സംഭാവനകള്‍ നല്‍കി. തന്നെ പിന്തുണച്ചുകൊണ്ട്, തന്റെ ശ്രമങ്ങള്‍ വിജയിക്കുവാനുള്ള വഴിതെളിയിച്ചുകൊണ്ട് രക്ഷിതാക്കള്‍ തന്റെ തൊട്ടടുത്തുതന്നെ നില്‍ക്കുന്നുണ്ടെന്ന് നിങ്ങള്‍ക്കറിയാമായിരുന്നു.

ഒരു ആറു വയസ്സുകാരന്‍ എന്ന നിലയില്‍ സൈക്കിളോട്ടം പഠിക്കാന്‍ നിങ്ങള്‍ ഉത്സാഹിയായിരുന്നു, നിങ്ങളതില്‍ പുളകംകൊണ്ടിരുന്നു. വെല്ലുവിളികളെ തട്ടിത്തകര്‍ക്കുവാന്‍ നിങ്ങള്‍ വെമ്പല്‍ കൊണ്ടിരുന്നു. തന്റെ പരിശ്രമങ്ങള്‍ക്ക് ഇടവേളകള്‍ അനുവദിക്കുവാന്‍ നിങ്ങള്‍ തയ്യാറായിരുന്നില്ല. എന്തുതന്നെയായാലും താന്‍ വിജയിക്കും എന്ന് നിങ്ങള്‍ക്കറിയാമായിരുന്നു. പക്ഷേ, അതൊക്കെ വളരെക്കാലം മുമ്പായിരുന്നു.

ഇന്നലെയും ഇന്നും

മുതിര്‍ന്ന വ്യക്തികള്‍ പുതിയ അറിവുകളോട് എങ്ങനെ പ്രതികരിക്കുന്നു എന്ന് നമുക്കൊന്നു കാണാം. പുതിയ വെല്ലുവിളികളെ ഓര്‍ത്ത് പുളകംകൊള്ളുകയും അതിനെ നേരിടാന്‍ വെമ്പല്‍കൊള്ളുകയും ചെയ്യുന്ന ശുഭാപ്തിവിശ്വാസക്കാരായിരിക്കും അവരെന്നു കരുതുന്നുണ്ടോ? 'ഇല്ല' എന്നാണ് ആ ചോദ്യത്തിനുത്തരമെന്ന് നമുക്ക് രണ്ടുപേര്‍ക്കും അറിയാം. ഒരുകൂട്ടം മുതിര്‍ന്ന വ്യക്തികളോട് പുതിയ ഒരു സോഫ്റ്റ്‌വെയര്‍ പ്രോഗ്രാം പഠിക്കുവാന്‍ നമുക്കൊന്ന് പറഞ്ഞുനോക്കിയാലോ? അല്ലെങ്കില്‍ താന്‍ ജോലി ചെയ്യുന്ന കമ്പനിയില്‍ പുതിയൊരു സ്ഥാനം വഹിക്കുവാന്‍ പറഞ്ഞാലോ? എന്തായിരിക്കും മിക്കവരുടെയും പ്രതികരണം?
? അവരത് ഒഴിവാക്കുവാന്‍ ശ്രമിക്കും.
? അവര്‍ പരാതി പറയും.
? എന്തുകൊണ്ട് അവരത് ചെയ്യണ്ട എന്നുള്ളതിന് നൂറ് ന്യായീകരണങ്ങള്‍ നിരത്തും.
? തനിക്കതിനു കഴിയുമോ എന്നവര്‍ സംശയം പ്രകടിപ്പിക്കും.
? അവര്‍ ഭയക്കും.

ഓജസ്സും ഉത്സാഹവും സാഹസികബുദ്ധിയും കരകവിഞ്ഞൊഴുകിയിരുന്ന പഴയ ആ ആറു വയസ്സുകാരന് ഇപ്പോള്‍ എന്തുപറ്റി? ഒരു പുതിയ കാര്യം പഠിക്കുവാന്‍ പറഞ്ഞപ്പോള്‍ മുരളുകയും വിലപിക്കുകയും ചെയ്യുന്ന മുതിര്‍ന്ന വ്യക്തിയായി ആ കുട്ടി മാറിയതെങ്ങനെ? മുതിര്‍ന്നാല്‍ പിന്നെ നമ്മള്‍ മറ്റുള്ളവരുടെ അഭിപ്രായങ്ങളെക്കുറിച്ച് ബോധാവാന്മാരാകും. അവര്‍ നമ്മളെ കളിയാക്കുകയോ വിമര്‍ശിക്കുകയോ ചെയ്യും എന്ന ഭീതിയില്‍ പല കാര്യങ്ങളിലും നാം വിസമ്മതം പ്രകടിപ്പിക്കും. സൈക്കിള്‍ ഓടിക്കുവാന്‍ പഠിക്കണമെങ്കില്‍ ആദ്യം അതില്‍നിന്നും വീഴണം, എഴുന്നേറ്റ് വീണ്ടും ശ്രമം തുടരണം എന്നൊക്കെ ആറു വയസ്സില്‍ നമുക്ക് അറിയാമായിരുന്നു. സൈക്കിളില്‍നിന്നും വീഴുക എന്നത് അന്ന് നമുക്കൊരു 'മോശം' കാര്യമായിരുന്നില്ല. പക്ഷേ, മുതിര്‍ന്നപ്പോള്‍, നമ്മുടെ ലക്ഷ്യം നേടുവാനുള്ള പ്രക്രിയയുടെ നിര്‍ണ്ണായകമായ ഒരു ഭാഗമായി ആ വീഴ്ചയെ കാണുന്നതിനു പകരം ഒരു മോശം കാര്യമായി നാം അതിനെ നോക്കിക്കാണുവാന്‍ തുടങ്ങി.

പുതുതായുള്ള ഏതൊരു ശ്രമവും നിങ്ങള്‍ക്ക് അസ്വസ്ഥതയുളവാക്കുന്നതോ അല്ലെങ്കില്‍ ഭയപ്പെടുത്തുന്നതോ ആയിരിക്കും എന്ന് പത്താം അദ്ധ്യായത്തില്‍ നാം ചര്‍ച്ചചെയ്ത കാര്യമാണ്. പക്ഷേ, സ്വന്തം ലക്ഷ്യത്തില്‍നിന്നും കണ്ണടര്‍ത്തി മറ്റുള്ളവര്‍ തന്നെ എങ്ങനെ നോക്കിക്കാണുന്നുവെന്ന് നിങ്ങള്‍ ശ്രദ്ധിക്കുവാന്‍ തുടങ്ങിയാല്‍ അതു നിങ്ങള്‍ നിങ്ങളോടു ചെയ്യുന്ന ഏറ്റവും വലിയ അനീതിയായിരിക്കും. പുതിയ ഒരു കഴിവ് പരിശീലിക്കുവാനോ അല്ലെങ്കില്‍ അര്‍ത്ഥവത്തായ ഒരു ലക്ഷ്യം നേടിയെടുക്കുവാനോ എന്തൊക്കെ ചെയ്യണമോ, അതൊക്കെ ചെയ്യുവാനുള്ള പ്രതിബദ്ധത നിങ്ങള്‍ക്കുണ്ടായിരിക്കണം. ചിലപ്പോള്‍ നിങ്ങള്‍ക്ക് മറ്റുള്ളവരുടെ പരിഹാസം സഹിക്കേണ്ടിവന്നേക്കാം. അല്ലെങ്കില്‍ സ്വന്തം തല ഇടയ്ക്കിടെ താഴ്‌ത്തേണ്ടിവന്നേക്കാം. പക്ഷേ, അതാണ് പ്രതിബദ്ധത. വിജയത്തിലേക്കുള്ള വഴിയില്‍ തോല്‍ക്കുവാന്‍ ശീലിച്ചവരാണ് വിജയിച്ചവരൊക്കെ. സ്വന്തം തോല്‍വി അവര്‍ ആസ്വദിക്കുന്നില്ലെങ്കില്‍പ്പോലും വിജയത്തിലേക്കുള്ള യാത്രയില്‍ അതൊരനിവാര്യതയാണെന്ന് അവര്‍ തിരിച്ചറിയുന്നു. ഏതൊരു കഴിവിലും മിടുക്കു തെളിയിക്കുവാന്‍ സമയവും പരിശ്രമവും അച്ചടക്കവും അതുപോലെ വഴിയിലുള്ള പ്രതിബന്ധങ്ങളെ സ്ഥിരോത്സാഹത്തോടെ കടന്നുപോകുവാനുള്ള മനസ്സും ആവശ്യമാണ്.

പരാജയങ്ങള്‍ക്കും നിങ്ങളെ സമ്പന്നനാക്കുവാന്‍ സാധിക്കും

ഒരു പ്രൊഫഷണല്‍ ബേസ്‌ബോള്‍ കളിക്കാരനെ നമുക്ക് ഉദാഹരണമായി എടുക്കാം. ഇന്നത്തെ നിലവാരത്തില്‍ തന്റെ പത്തു ശ്രമങ്ങളില്‍ 3 എണ്ണം അടിക്കുവാന്‍ അയാള്‍ക്കു സാധിച്ചാല്‍ അയാളൊരു മികച്ച കളിക്കാരന്‍ എന്ന നിലയിലേക്കു മാറും. പ്രതിവര്‍ഷം ദശലക്ഷക്കണക്കിന് ഡോളര്‍ അയാള്‍ക്ക് സമ്പാദിക്കുവാന്‍ സാധിക്കുന്നു. ഓര്‍ക്കുക തന്റെ ശ്രമങ്ങളില്‍ 70 ശതമാനം തോല്‍വി നേരിട്ടാണ് അയാളീ നേട്ടങ്ങള്‍ ഉണ്ടാക്കുന്നത്. എക്കാലത്തെയും മികച്ച ബാസ്‌കറ്റ്‌ബോള്‍ കളിക്കാരന്‍ ആരെന്ന ചോദ്യത്തിന് പലരുടെയും മനസ്സില്‍ കടന്നുവരുന്നത് മൈക്കല്‍ ജോര്‍ഡാന്റെ മുഖമായിരിക്കും. എന്റെ വോട്ടും അയാള്‍ക്കുതന്നെ. പക്ഷേ, ഈ ഒരു സ്റ്റാറ്റിസ്റ്റിക്‌സ് ശ്രദ്ധിക്കൂ. മൈക്കല്‍ ജോര്‍ഡാന്റെ ബാസ്‌കറ്റ് ഷൂട്ടിങ് ശതമാനം അമ്പത് ആണ്. അതായത് തന്റെ കരിയറിലെ പകുതി ഷൂട്ടിങ്ങിലും ജോര്‍ഡാന്‍ പരാജയപ്പെട്ടിരുന്നു എന്നര്‍ത്ഥം.

പുസ്തകത്തിന്റെ കവര്‍

തീര്‍ച്ചയായും, ഈ ഒരു തത്ത്വം കായികവിനോദങ്ങളെ മാത്രം അടിസ്ഥാനമാക്കിയാണ്. പക്ഷേ, സ്റ്റേജ് താരങ്ങളും ടിവി പോലുള്ള മാദ്ധ്യമങ്ങളിലെ വമ്പന്മാരും ഒക്കെ പരാജയത്തിന്റെ കയ്പുനീര്‍ കുടിച്ചവരാണ്. പത്തുപതിനഞ്ചു വര്‍ഷം നിരന്തരമായി പ്രേക്ഷകര്‍ നിരസിച്ചതിനുശേഷം മാത്രമാണ് സിനിമയിലെ പല അഭിനേതാക്കള്‍ക്കും ഒന്നാം നിരക്കാരാകുവാന്‍ സാധിച്ചിട്ടുള്ളത്. മികച്ച അഭിനേതാവായി തുടരുമ്പോഴും ഇടയ്ക്കിടെ അവരെ തേടി ബോക്‌സോഫീസ് പരാജയങ്ങള്‍ വരാറുണ്ട്. താന്‍ ബിരുദം നേടി പുറത്തിറങ്ങിയ അതേദിവസം രാത്രിയിലാണ് ജെറി സീന്‍ഫീല്‍ഡ് തന്റെ ആദ്യത്തെ കോമഡി പ്രോഗ്രാം ചെയ്യുന്നത്. ന്യൂയോര്‍ക്ക് സിറ്റിയിലെ ഒരു കോമഡി ക്ലബ്ബില്‍വെച്ചായിരുന്നു ആ പ്രോഗ്രാം. ആ രാത്രിയെക്കുറിച്ച് സീന്‍ഫീല്‍ഡ് വിവരിക്കുന്നത് ഇങ്ങനെയാണ്: 'അതൊരു ദുരന്തംതന്നെയായിരുന്നു. എനിക്കിപ്പോഴും ആ ഞെട്ടല്‍ മാറിയിട്ടില്ല.' പക്ഷേ, തന്റെ ശ്രമം അയാള്‍ ഉപേക്ഷിച്ചില്ല. കഠിനമായ അഞ്ച് വര്‍ഷങ്ങള്‍ അയാളെ കടന്നുപോയി. പക്ഷേ, 1981-ല്‍ 'ദ ടു നൈറ്റ് ഷോ' എന്ന പ്രോഗ്രാമില്‍ ജോണി കാര്‍സണിനൊപ്പം പങ്കെടുക്കുവാനുള്ള ക്ഷണം ജെറിക്കു ലഭിച്ചു. ആ പ്രോഗ്രാം വിജയിച്ചപ്പോള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത് ജെറിയുടെ പെര്‍ഫോമന്‍സായിരുന്നു. വിജയകരമായ ഒരു കരിയറിലേക്കുള്ള യാത്ര ജെറി അവിടെ തുടങ്ങി. ചുരുക്കിപ്പറഞ്ഞാല്‍ സ്ഥിരപരിശ്രമവും സ്ഥിരോത്സാഹവും വിജയത്തിന്റെ നെടുംതൂണുകളാണെന്ന് ഈ വ്യക്തികളൊക്കെ തിരിച്ചറിഞ്ഞിരുന്നു... അതായത് നിങ്ങള്‍ ശ്രമിച്ചുകൊണ്ടേയിരിക്കുമ്പോള്‍ അതിലൂടെ സ്വയം മെച്ചപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍... ആവശ്യത്തിന് വിട്ടുവീഴ്ചകള്‍ ചെയ്യുമ്പോള്‍... നിങ്ങള്‍ വിജയിക്കുവാന്‍ തുടങ്ങും.

തോല്‍വികള്‍ സമ്മാനിക്കുന്ന നിര്‍ഭയത്വം

പ്രചോദിപ്പിക്കുന്ന കഥകളുടെ ശേഖരണമായ ഒരു പുസ്തകം എഴുതിയ രണ്ടു പേരെക്കുറിച്ച് പറയാം. തങ്ങളുടെ പുസ്തകത്തിനായി ഒരു പബ്ലിഷറെ കണ്ടെത്തി കരാറുറപ്പിക്കുവാന്‍ മൂന്നു മാസം സമയമെങ്കിലും വേണ്ടിവരുമെന്നവര്‍ കണക്കുകൂട്ടി. അവര്‍ സമീപിച്ച ആദ്യത്തെ പബ്ലിഷര്‍ 'പറ്റില്ല' എന്നു പറഞ്ഞു. അവര്‍ പിന്നീട് സമീപിച്ച പബ്ലിഷറും 'പറ്റില്ല' എന്നുതന്നെ പറഞ്ഞു. മൂന്നാമത്തെ പബ്ലിഷറും അതുതന്നെയാണുത്തരം നല്‍കിയത്. അവര്‍ സമീപിച്ച അടുത്ത 30 പ്രസാധകരും 'പറ്റില്ല' എന്നുതന്നെ ഉത്തരം നല്‍കി. 3 വര്‍ഷംകൊണ്ട് 33 തവണ പ്രസാധകരാല്‍ നിരസിക്കപ്പെട്ട അവര്‍ ഇനി എന്താകും ചെയ്യുക. അവര്‍ 34-ാമത്തെ പ്രസാധകനെ സമീപിച്ചു. അവരുടെ പുസ്തകം പുറത്തിറക്കുവാന്‍ ആ പബ്ലിഷര്‍ സമ്മതിച്ചു.

തുടര്‍ച്ചയായ 33 തോല്‍വികള്‍ക്കുശേഷം വന്ന ആ സമ്മതം; അതാണ് 'ജാക്ക് കാന്‍ഫീല്‍ഡും മാര്‍ക്ക് വിക്ടര്‍ ഹാന്‍സണും' ചേര്‍ന്ന് രചിക്കുകയും ക്രോഡീകരിക്കുകയും ചെയ്ത ചിക്കന്‍ സൂപ്പ് ഫോര്‍ ദ സോള്‍ എന്ന പുസ്തകത്തിന്റെ ത്രസിപ്പിക്കുന്ന വിജയത്തിനു കാരണമായത്. കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ എപ്പോഴെങ്കിലും ഒരു പുസ്തകശാലയില്‍ നിങ്ങള്‍ പോയിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും ആ പുസ്തകം നിങ്ങളുടെ കണ്ണില്‍പ്പെട്ടിട്ടുണ്ടാകും. അല്ലെങ്കില്‍ 'ചിക്കന്‍ സൂപ്പ്' പരമ്പരകളിലെ ഏതെങ്കിലും പുസ്തകം നിങ്ങള്‍ വായിച്ചിരിക്കുവാനും സാദ്ധ്യതയുണ്ട്.

'ചിക്കന്‍ സൂപ്പ്' പരമ്പരകളിലെ ഏകദേശം 100 ദശലക്ഷത്തോളം പുസ്തകങ്ങള്‍ ഇതിനോടകം വിറ്റുതീര്‍ന്നു. എല്ലാറ്റിനും കാരണം അന്തിമവിജയം കാണുംവരെയും തുടര്‍ച്ചയായി തോല്‍ക്കുവാനുള്ള ജാക്ക് കാന്‍ഫീല്‍ഡിന്റെയും മാര്‍ക്ക് വിക്ടര്‍ ഹാന്‍സണിന്റെയും ദൃഢനിശ്ചയങ്ങളാണ്. 33 പരാജയങ്ങള്‍ക്കിടയിലും ജാക്ക് കാന്‍ഫീല്‍ഡിനെയും മാര്‍ക്ക് വിക്ടര്‍ ഹാന്‍സനെയും നിലനിര്‍ത്തിയ ഘടകം എന്തായിരുന്നു? അതവരുടെ മനോഭാവംതന്നെ. ഇവര്‍ നിഷേധമനോഭാവക്കാരായിരുന്നെങ്കില്‍ ഒന്നോ രണ്ടോ തവണ നിഷേധിക്കപ്പെടുമ്പോള്‍ത്തന്നെ അവര്‍ തങ്ങളുടെ ശ്രമങ്ങള്‍ ഉപേക്ഷിക്കുമായിരുന്നു. പക്ഷേ, പോസിറ്റീവായ അവരുടെ മനോഭാവം തകര്‍ക്കുവാന്‍ തുടര്‍ച്ചയായ തോല്‍വികള്‍ക്കുപോലും സാധിച്ചില്ല. നല്ല മനോഭാവത്തിന് എന്ത് മൂല്യം വരും? അവരുടെ കാര്യത്തില്‍ അത് 100 ദശലക്ഷം ഡോളര്‍ കവിഞ്ഞുകഴിഞ്ഞു... ഇനിയും അത് കൂടിക്കൊണ്ടിരിക്കും.

വിജയം ഒറ്റ രാത്രികൊണ്ടു സംഭവിക്കുന്നതല്ല!

വര്‍ഷങ്ങളോളം തുടര്‍ച്ചയായി പരാജയം നേരിട്ട അനുഭവം തന്നെയാണ് സിനിമാതാരം ഹാരിസണ്‍ ഫോര്‍ഡിനും പറയുവാനുള്ളത്. 1960കളുടെ മദ്ധ്യത്തിലാണ് ഫോര്‍ഡ് അഭിനയരംഗത്തേക്കു കടന്നുവന്നത്. ആദ്യകാലങ്ങളില്‍ അഭിനയത്തില്‍ വേണ്ടത്ര തിളങ്ങുവാന്‍ അയാള്‍ക്കു സാധിച്ചില്ല. ഒരു താരമാകുവാനുള്ള യാതൊരു ഗുണവും ഫോര്‍ഡിനില്ല എന്ന് സിനിമാരംഗത്തെ വിദഗ്ദ്ധര്‍ അയാളോടു പറഞ്ഞു. അഭിനയംകൊണ്ട് കുടുംബം പുലര്‍ത്തുവാന്‍ സാധിക്കില്ല എന്നു മനസ്സിലാക്കിയ ഫോര്‍ഡ് അഭിനയം ഉപേക്ഷിച്ച് മരപ്പണിക്കാരനായി മാറി. പിന്നീട് അദ്ദേഹം ജോര്‍ജ്ജ് ലൂക്കാസ് എന്ന സിനിമാപ്രവര്‍ത്തകനെ പരിചയപ്പെടുവാന്‍ ഇടയായി. 1973-ല്‍ ലൂക്കാസ് തന്റെ അമേരിക്കന്‍ ഗ്രാഫിറ്റി എന്ന സിനിമയില്‍ ഫോര്‍ഡിന് ഒരു വേഷം നല്‍കി. കുറച്ചു വര്‍ഷങ്ങള്‍ക്കുശേഷം ലൂക്കാസ് ഫോര്‍ഡിനെ തന്റെ സ്റ്റാര്‍ വാര്‍സ് എന്ന സിനിമയില്‍ അഭിനയിക്കുവാനായി ക്ഷണിച്ചു. ഒരു സൂപ്പര്‍ താരത്തിലേക്കുള്ള ഫോര്‍ഡിന്റെ കുതിപ്പ് അവിടെനിന്നും ആരംഭിച്ചു.

അതുകൊണ്ട് ഒരു തോല്‍വിയിലേക്ക് നിങ്ങള്‍ എത്തിച്ചേര്‍ന്നാല്‍ ഓര്‍മ്മിക്കുക, തോല്‍വി എന്നൊന്നില്ല. ഉള്ളത് ഫലങ്ങള്‍ മാത്രം. ചിലത് മറ്റുള്ളവയെക്കാള്‍ വിജയിച്ചവയാണ് എന്നുമാത്രം. തോല്‍വി ഒരിക്കലും കാര്യങ്ങള്‍ അവസാനിച്ചു എന്നോ, വിജയം സാദ്ധ്യമല്ല എന്നോ അര്‍ത്ഥമാക്കുന്നില്ല. വിജയം അസാദ്ധ്യമാക്കിത്തീര്‍ക്കുന്ന ഒരേയൊരവസരം നിങ്ങളുടെ പിന്‍വാങ്ങലാണ്. പിന്‍വാങ്ങുക എന്നാല്‍ അവസാനിച്ചു എന്നുതന്നെയാണ് അര്‍ത്ഥം. പ്രതിബദ്ധതയോടും കര്‍മ്മോത്സുകതയോടും കൂടിയുള്ള ശ്രമങ്ങളുടെ അന്ത്യം എപ്പോഴും വിജയംതന്നെ ആയിരിക്കും.

ഒരിക്കലും ഉപേക്ഷിക്കരുത്

1990കളുടെ ആദ്യം ഒരു കമ്പനിയുടെ ഉടമ എന്റെ ഓഫീസിലേക്കു വിളിച്ച് എന്റെ പ്രസംഗപരിപാടികളെക്കുറിച്ചും ഞങ്ങളിറക്കുന്ന പ്രസിദ്ധീകരണങ്ങളെക്കുറിച്ചും അന്വേഷിക്കുന്നു. ഞാന്‍ നേരിട്ട് അയാളുമായി ഫോണില്‍ സംസാരിക്കുകയും കൃത്യമായ വിവരങ്ങള്‍ നല്‍കുകയും ചെയ്തു. പിന്നീട് അദ്ദേഹത്തിന്റെ തീരുമാനം എന്തായി എന്നറിയുവാന്‍ ഞങ്ങളുടെ ഓഫീസില്‍നിന്നും വിളിച്ചപ്പോള്‍ താന്‍ അതിനെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കുകയാണെന്നും ഇതുവരെ തീരുമാനങ്ങളിലൊന്നും എത്തിയിട്ടില്ലായെന്നും അയാള്‍ പറഞ്ഞു.

തുടക്കത്തില്‍ എല്ലാ ആഴ്ചയിലും അദ്ദേഹത്തെ ഞങ്ങള്‍ വിളിച്ചുകൊണ്ടിരുന്നു. പക്ഷേ, കച്ചവടം മാത്രം നടന്നില്ല. കുറച്ചു വര്‍ഷങ്ങളോളം ഈ മാന്യനുമായുള്ള ഫോണ്‍വിളി ഞങ്ങള്‍ തുടര്‍ന്നുകൊണ്ടിരുന്നു. ഞങ്ങളുടെ പുതിയ പ്രോഗ്രാമുകളുടെ ബ്രോഷറുകളൊക്കെ അയാള്‍ക്ക് അയച്ചുകൊടുത്തുകൊണ്ടിരുന്നു. പക്ഷേ, അതിനൊന്നും യാതൊരു ഫലവും കണ്ടില്ല. പക്ഷേ, 1998ലെ വസന്തത്തില്‍ അദ്ദേഹത്തിന്റെ ഒരു പ്രതിനിധി ഞങ്ങളെ സമീപിച്ചു. അവരുടെ കമ്പനിയിലെ സെയില്‍സ് വിഭാഗം ജോലിക്കാര്‍ക്കായുള്ള ട്രെയിനിങ് പ്രോഗ്രാമിന്റെ ചുമതല അയാള്‍ എന്നെ ഏല്‍പ്പിച്ചു. ആ കമ്പനിയുടമയെ പിന്നീട് ഞാന്‍ നേരിട്ടു കണ്ടപ്പോള്‍ ഞങ്ങളുടെ സ്ഥിരോത്സാഹം തന്നെ വല്ലാതെ ആകര്‍ഷിച്ചതായി അദ്ദേഹം പറഞ്ഞു. ഞങ്ങളുടെ ഓഫീസില്‍നിന്നും അദ്ദേഹത്തിനുള്ള ഒരു ഫോണ്‍വിളി-അത് വര്‍ഷങ്ങളായി എല്ലാ ആഴ്ചകളിലും ഞങ്ങള്‍ നടത്തിക്കൊണ്ടിരുന്ന ഒരു വഴിപാടായിരുന്നു. തീര്‍ച്ചയായും വര്‍ഷങ്ങളോളം പരാജയംതന്നെയായിരുന്നു ഞങ്ങള്‍ക്ക് ലഭിച്ചുകൊണ്ടിരുന്ന ഫലം. പക്ഷേ, അതിലും എത്രയോ മടങ്ങ് വലുതായിരുന്നു അദ്ദേഹത്തിന്റെ കമ്പനിയുമായി ബിസിനസ്സില്‍ ഏര്‍പ്പെടുവാന്‍ സാധിച്ചപ്പോള്‍ ഞങ്ങള്‍ക്കുണ്ടായ നേട്ടം.

പ്രധാനപ്പെട്ട ചില ചോദ്യങ്ങള്‍

നിങ്ങള്‍ ആഗ്രഹിച്ച ഫലങ്ങള്‍ നിങ്ങള്‍ക്കു ലഭിക്കുന്നില്ല എങ്കില്‍, നിരന്തരമായ പരാജയങ്ങള്‍ നിങ്ങളുടെ ധൈര്യം ചോര്‍ത്തിക്കളയുന്നുവെങ്കില്‍ ഈ ചോദ്യങ്ങളൊക്കെ ഒന്ന് സ്വയം ചോദിച്ചു നോക്കുക.

1. യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടാത്ത ഒരു സമയമാണോ നേട്ടങ്ങള്‍ക്കുവേണ്ടി ഞാന്‍ തയ്യാറാക്കിയിട്ടുള്ളത്?

ചില ചുവടുവെപ്പുകള്‍ ഒഴിവാക്കിക്കൊണ്ട് വളരെപ്പെട്ടെന്ന് വലിയ വിജയങ്ങള്‍ കൊയ്യാം എന്ന് ഒരുപക്ഷേ, നിങ്ങള്‍ പ്രതീക്ഷിച്ചു കാണുവാന്‍ വഴിയുണ്ട്. ഒരു സമയത്ത് ഒരു പടവു മാത്രം ശ്രദ്ധിച്ചു കയറുന്നതാണ് വിജയത്തിലേക്കുള്ള സ്വാഭാവികമായ രീതി. അതുപോലെ അടുത്ത പടിയിലേക്കു മുന്നേറാന്‍ എത്ര സമയം വേണ്ടിവരും എന്ന് നമുക്കു പറയുവാനും സാധിക്കില്ല. അതിനാല്‍ ക്ഷമ അത്യന്താപേക്ഷിതമാണ്, അത് സ്വയം ശീലിക്കേണ്ടതുമാണ്. അതുപോലെത്തന്നെ തന്റെ പുരോഗതിയെ മറ്റുള്ളവരുടേതുമായി താരതമ്യം ചെയ്യുവാനുള്ള തിടുക്കം ഒഴിവാക്കുക. ചിലരുടേതിനെക്കാള്‍ വേഗത്തിലും മറ്റു ചിലരുടേതിനെക്കാള്‍ പതിയെയുമായിരിക്കും നിങ്ങളുടെ മുന്നേറ്റം. നിങ്ങള്‍ ചെയ്യേണ്ടതിത്രമാത്രം. മഹത്തായ ഒരു മനോഭാവം നിലനിര്‍ത്തുക... കര്‍മ്മനിരതനാകുക... ആവശ്യമായ മാറ്റങ്ങള്‍ വരുത്തുക... ഫലം പിറകേ വന്നുകൊള്ളും.

2. വാസ്തവത്തില്‍ എനിക്ക് പ്രതിബദ്ധതയുണ്ടോ?

ലക്ഷ്യം നേടിയെടുക്കുവാനായുള്ള അതിതീവ്രമായ ഒരാഗ്രഹം നിങ്ങളുടെ മനസ്സില്‍ കനലായി എരിയുന്നുണ്ടോ? എങ്കില്‍ അതിനെന്തൊക്കെ ആവശ്യമാണോ, അതൊക്കെ ചെയ്യുവാന്‍ നിങ്ങള്‍ തയ്യാറായിരിക്കണം. അതുപോലെത്തന്നെ എപ്പോള്‍ വേണമെങ്കിലും പിന്മാറാം എന്നൊരു ചിന്തയെ മനസ്സില്‍നിന്നും തുടച്ചുനീക്കുകയും വേണം. താത്പര്യമുള്ള കാര്യങ്ങള്‍ ചെയ്യുവാന്‍ നമുക്കു കൂടുതല്‍ പ്രതിബദ്ധതയുണ്ടാകും. അതുകൊണ്ടുതന്നെ തീവ്രമായി ആഗ്രഹിക്കുന്ന ലക്ഷ്യം ആയിരിക്കണം നിങ്ങള്‍ പിന്തുടരേണ്ടത്. പിന്മാറുക എന്നൊരു ചിന്ത അവിടെ ഉണ്ടാകുവാന്‍ പാടില്ല.

3. അധൈര്യപ്പെടുത്തുന്ന ഒരുപാട് സ്വാധീനങ്ങള്‍ക്ക് വിധേയനാണോ ഞാന്‍?

പരാജയങ്ങള്‍ നിരാശയും ഇച്ഛാഭംഗവും സൃഷ്ടിക്കുന്നു. നമ്മുടെ കഴിവുകളെ വിശ്വസിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന വ്യക്തികള്‍ നമ്മോടൊപ്പം ഉണ്ടാകേണ്ടതിന്റെ ആവശ്യകത അനുഭവപ്പെടുന്നത് അപ്പോഴാണ്. അങ്ങേയറ്റം വിമര്‍ശനബുദ്ധിയുള്ള, സ്വജീവിതത്തില്‍ ഗുണപരമായ യാതൊരു മാറ്റങ്ങളും ഉണ്ടാക്കുവാന്‍ സാധിക്കാതെപോയ വ്യക്തികളാണ് നിങ്ങളുടെയൊപ്പമെങ്കില്‍, അവര്‍ നിങ്ങളുടെ ഊര്‍ജ്ജവും ഉത്സാഹവും നിശ്ശേഷം വറ്റിക്കും. അതുകൊണ്ട് വിജയിക്കാനാവശ്യമായ പരിശീലനങ്ങളും പ്രോത്സാഹനങ്ങളും നിങ്ങള്‍ക്കു നല്‍കുവാന്‍ കഴിവുള്ള വ്യക്തികളുടെ ഒരു വലയം ചുറ്റും തീര്‍ക്കുവാനുള്ള ഒരു ശീലം നിങ്ങള്‍ ഉണ്ടാക്കിയെടുക്കണം.

4. വിജയിക്കുവാനുള്ള തയ്യാറെടുപ്പുകള്‍ ഞാന്‍ ആരംഭിച്ചോ?

ഏതു സംരംഭം വിജയിക്കുവാനും ആഴത്തിലുള്ള തയ്യാറെടുപ്പ് അത്യാവശ്യമാണ്. തന്റെ ലക്ഷ്യസാക്ഷാത്കാരത്തിന് ആവശ്യമായ അറിവുകള്‍ നേടിയെടുക്കുവാനുള്ള ശ്രമങ്ങള്‍ താങ്കളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നുണ്ടോ? അതുമായി ബന്ധപ്പെട്ട പുസ്തകങ്ങള്‍ വായിക്കല്‍, പുതിയ കോഴ്‌സുകള്‍ ചെയ്യല്‍, ആ മേഖലയില്‍ വിജയിച്ച വ്യക്തികളുമായി ആഴത്തിലുള്ള ബന്ധം സ്ഥാപിക്കല്‍ തുടങ്ങിയ കാര്യങ്ങളാണ് ഞാന്‍ ഉദ്ദേശിച്ചത്. തന്റെ കഴിവുകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുവാന്‍ കഴിവുള്ള ഒരു മാര്‍ഗ്ഗദര്‍ശിയെയോ പരിശീലകനെയോ നിങ്ങള്‍ക്ക് കണ്ടെത്തേണ്ടിവന്നേക്കാം. വിജയിക്കുന്നവരെല്ലാംതന്നെ ഇടതടവില്ലാതെ തങ്ങളുടെ കഴിവുകളുടെ മൂര്‍ച്ച കൂട്ടിക്കൊണ്ടിരിക്കുന്നവരാണ്. ഫലമില്ലെന്നു കാണുമ്പോഴും ഒരേ കാര്യം തന്നെ വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്നവര്‍ അന്തിമമായി പരാജയപ്പെടും. ആവശ്യമായ മാറ്റങ്ങള്‍ക്കോ വിട്ടുവീഴ്ചകള്‍ക്കോ അവര്‍ തയ്യാറാവുകയില്ല. തനിക്കറിവുള്ളതല്ല എല്ലാ കാര്യങ്ങളും എന്ന യാഥാര്‍ത്ഥ്യത്തെ ഉള്‍ക്കൊണ്ടുകൊണ്ട് പരിശീലനങ്ങള്‍ക്കു വിധേയനാകുവാന്‍ എപ്പോഴും തയ്യാറായി നില്‍ക്കുക. വിജയത്തിന്റെ ട്രാക്കിലേക്കെത്തുവാനും മുന്നോട്ടുനീങ്ങുവാനുമുള്ള വിഭവങ്ങളെ സ്ഥിരമായി അന്വേഷിച്ചു കണ്ടെത്തുവാനുള്ള ഒരു മനസ്സ് നിങ്ങള്‍ക്കുണ്ടായിരിക്കണം.

5. തോല്‍ക്കാനുള്ള ഒരു മനസ്സെനിക്കുണ്ടോ?

തോല്‍വികള്‍ ഒഴിച്ചുകൂടാന്‍ പറ്റാത്തവയാണ്. ആ യാഥാര്‍ത്ഥ്യത്തെ ആദ്യം അഭിമുഖീകരിക്കൂ. വിജയത്തിലേക്കെത്തുന്നതിനുമുമ്പ് പരാജയങ്ങളുമായുള്ള ഒരു കൂടിക്കാഴ്ച തീര്‍ച്ചയായും നിങ്ങള്‍ക്കുണ്ടാകും. ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട പാഠങ്ങള്‍ നമുക്കു ലഭിച്ചത് സ്വന്തം തോല്‍വികളില്‍നിന്നാണെന്ന് ഹൃദയത്തില്‍ തൊട്ടുകൊണ്ട് നമുക്കു പറയുവാന്‍ സാധിക്കും. തോല്‍വികള്‍ നമ്മുടെ വളര്‍ച്ചയ്ക്കത്യാവശ്യമാണ്. വിജയം എന്ന പ്രക്രിയയുടെ അടിസ്ഥാന ഭാഗമായി അതിനെ കാണുവാന്‍ നാം തയ്യാറാകണം. അപ്പോള്‍ തോല്‍വികള്‍ക്ക് നമ്മുടെ മേലുള്ള സ്വാധീനം നഷ്ടപ്പെടുവാന്‍ തുടങ്ങും. തോല്‍ക്കുവാന്‍ നിങ്ങള്‍ ഭയപ്പെടുന്നില്ലായെങ്കില്‍ സംശയമൊന്നും വേണ്ട, നിങ്ങള്‍ വിജയത്തിലേക്കുള്ള യാത്രയിലാണ്. ലക്ഷ്യത്തിലേക്കുള്ള യാത്രയിലെ ഒഴിവാക്കുവാനാകാത്തതും വളരെ നിര്‍ണ്ണായകവുമായ ഒരു ഘടകമായി കണ്ട് തോല്‍വിയെ നമുക്കു സ്വാഗതം ചെയ്യാം.

തോല്‍വികളെ വിജയങ്ങളാക്കി മാറ്റാം

സ്വന്തം സമീപനത്തില്‍ താന്‍ വരുത്തേണ്ട മാറ്റങ്ങളെയും വിട്ടുവീഴ്ചകളെയുംകുറിച്ച് സൂചന നല്‍കുന്ന നമ്മുടെ പഠനാനുഭവങ്ങളാണ് തോല്‍വികള്‍. തോല്‍വിയില്‍നിന്നും ഓടിയൊളിക്കുവാനുള്ള പ്രവണത ഒരു റിസ്‌കും എടുക്കാതെ ചില്ലറ നേട്ടങ്ങളുമായി സ്വജീവിതം ജീവിച്ചുതീര്‍ക്കുവാന്‍ നിങ്ങള്‍ തയ്യാറാകുന്നുവെന്നതിന്റെ സൂചനയാണ്. 'തോല്‍വി നിങ്ങളെ നിരാശനാക്കിയേക്കും, പക്ഷേ, ശ്രമിച്ചില്ലെങ്കില്‍ അതു നിങ്ങളുടെ അന്ത്യവുമായിരിക്കും' എന്ന് ബെവര്‍ലി സില്‍സ് സൂചിപ്പിച്ചിട്ടുണ്ട്. എല്ലാ വില്‍പ്പനയും വിജയത്തോടെ പൂര്‍ത്തിയാക്കുവാന്‍ നിങ്ങള്‍ക്ക് സാധിച്ചു എന്നു വരില്ല. ഓരോ നിക്ഷേപത്തില്‍നിന്നും നിങ്ങള്‍ ലാഭം കൊയ്യണം എന്നുമില്ല. ജീവിതത്തെ ജയപരാജയങ്ങളുടെ ഒരു തുടര്‍പരമ്പരയായിട്ടാണ് ഏറ്റവും അധികം വിജയിച്ചവര്‍പോലും കണക്കാക്കുന്നത്.

നടക്കാന്‍ തുടങ്ങുന്നതിനു മുമ്പ് താന്‍ മുട്ടിലിഴയണം എന്നും ഓടുവാന്‍ തുടങ്ങുന്നതിനുമുമ്പ് നടക്കണം എന്നും അവര്‍ മനസ്സിലാക്കിയ കാര്യങ്ങളാണ്. ജീവിതത്തില്‍ നാം മുന്നോട്ടുവെക്കുന്ന ഓരോ ലക്ഷ്യവും ഒരുപിടി തോല്‍വികളുമായിട്ടായിരിക്കും നമ്മുടെ ജീവിതത്തിലേക്കു കടന്നുവരിക. അവയെ തരണം ചെയ്യപ്പെടേണ്ട താത്കാലിക വെല്ലുവിളികളായി കാണണോ, അതോ ഒരിക്കലും കീഴടക്കാനാകാത്ത തടസ്സങ്ങളായി കാണണോ എന്നു തീരുമാനിക്കേണ്ടത് നമ്മളാണ്. ഓരോ തോല്‍വികളില്‍നിന്നും പാഠങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട്, ശ്രദ്ധ അന്തിമലക്ഷ്യത്തില്‍ മാത്രം കേന്ദ്രീകരിക്കുവാന്‍ നിങ്ങള്‍ ശീലിക്കുമ്പോള്‍ പരാജയങ്ങള്‍ അവസാനം നിങ്ങള്‍ക്ക് വിജയങ്ങള്‍ സമ്മാനിക്കുവാന്‍ തുടങ്ങും.

(ജെഫ് കെല്ലറുടെ 'മനോഭാവം അതല്ലേ എല്ലാം' എന്ന പുസ്തകത്തിലെ 'പുറത്തിറങ്ങൂ പരാജയം ഏറ്റുവാങ്ങൂ' എന്ന ഭാഗത്തില്‍നിന്ന്.)

Content Highlights: Books excerpts, Manobhavam athalle ellam, Self help book, Jeff Keller, Mathrubhumi books

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Cyber sex addiction

4 min

സൈബര്‍ സെക്‌സ് ആസക്തി; കുടുംബം തകര്‍ക്കും സമാധാനം കെടുത്തും, വേണ്ടത് ബോധവല്‍ക്കരണം

Sep 29, 2023


awaara

5 min

രാജ്കപൂര്‍ പറഞ്ഞു; 'എന്റെ ചിത്രത്തിലേക്ക് എനിക്ക് ആ പെണ്‍കുട്ടിയെ വേണം... തിരക്കഥ തിരുത്തിയെഴുതൂ'

Jul 8, 2022


Art by Madanan

4 min

എന്തുകൊണ്ട് ഒരു ഇന്ത്യന്‍ കുടുംബനിയമത്തിലേക്ക് നടന്നുനീങ്ങാന്‍ നമുക്ക് സാധിക്കാതെപോയി?

Sep 26, 2023


Most Commented