മഹാത്മാഗാന്ധിയും മാധവിക്കുട്ടിയും തമ്മിലെന്ത് ബന്ധം?


11 min read
Read later
Print
Share

മാധവിക്കുട്ടി, മഹാത്മാഗാന്ധി | ഫോട്ടോ: മാതൃഭൂമി, വര: എൻ.എൻ. സജീവൻ

കെ.സി. നാരായണന്റെ 'മഹാത്മാഗാന്ധിയും മാധവിക്കുട്ടിയും' എന്ന പുസ്തകത്തില്‍നിന്ന്;

ഹാത്മാഗാന്ധിയും മാധവിക്കുട്ടിയും തമ്മില്‍ എന്തു ബന്ധം? ഗാന്ധിയുടെ ആദര്‍ശങ്ങളെ ജീവിതത്തിലുടനീളം പിന്തുടരാന്‍ ശ്രമിച്ച ഒരച്ഛന്റെയും അമ്മയുടെയും മകളായി പിറന്ന മാധവിക്കുട്ടി ആ ഗാന്ധിസത്തോട് പുലര്‍ത്തിയ നിലപാട് എന്തായിരുന്നു? അവരുടെ ആത്മകഥ അതേപ്പറ്റി എന്തെങ്കിലും പറയുന്നുണ്ടോ? മാധവിക്കുട്ടിയെപ്പോലെതന്നെ ഒരു ഗാന്ധിയന്‍ ദമ്പതിമാരുടെ മകളായിരുന്നു സുഗതകുമാരി. അച്ഛന്‍ സ്വാതന്ത്ര്യസമരസേനാനിയും കവിയുമായ ബോധേശ്വരന്‍. അമ്മ കാര്‍ത്ത്യായനിയമ്മ തിരുവനന്തപുരത്ത് സംസ്‌കൃതം പ്രൊഫസര്‍. ഭര്‍ത്താവ് ഡോ. കെ. വേലായുധന്‍ നായര്‍ മറ്റൊരു ഗാന്ധിയന്‍. സുഗതകുമാരിയുടെ അസാധാരണമായ രണ്ട് കവിതകളാണ് പ്രേതം, ബാധയൊഴിപ്പിക്കല്‍ എന്നിവ. 'പ്രേതം' എന്ന കവിതയില്‍ പഴയ ഒരു പ്രേമം എന്ന സ്വപ്നത്തെ ഒരു ശവക്കല്ലറയില്‍ കബറടക്കുന്നതാണ് പ്രമേയം. ഉള്ളില്‍ ഒരു സ്‌കൂള്‍ക്കുട്ടിയുണ്ട്; സദാ ചിരിച്ചും തുള്ളിച്ചാടിയും വിങ്ങിക്കരഞ്ഞും വീണ്ടും വീണ്ടും പിണങ്ങിയും ഓടിപ്പാഞ്ഞും മറിഞ്ഞുവീണും പ്രസരിപ്പിന്റെ മൂര്‍ത്തിയായ ഒരു പെണ്‍കിടാവ്. 'ഞാന്‍' അവളുടെ വായപൊത്തുകയാണ്. സ്വപ്നം കാണുന്ന ആ പെണ്‍കിടാവിനെ നുള്ളിനോവിച്ചുണര്‍ത്തി 'ഞാന്‍' പറയുന്നു, നീ എന്തൊരു വിഡ്ഢി. ഇങ്ങനെ സ്വപ്നംകാണലോ നിന്റെ പണി? അതും പ്രേമത്തെപ്പറ്റി?

മിഴിനിറഞ്ഞ ഒരേയൊരു മുഖം ഓര്‍ത്തുകൊണ്ടിരിക്കുക. ഓരോ പൂവിതളും ഇറുത്തുകൊടുക്കുക, യാമങ്ങളെ സുഗന്ധംകൊണ്ട് നിറയ്ക്കുക, കഷ്ടംതന്നെ. ഇതാരും അറിയരുതേ. പണ്ടെന്നോ കൊല്ലപ്പെട്ട പ്രേതം ഇപ്പോഴും പാട്ടുപാടി, കണ്ണീര്‍ വാര്‍ത്ത് മായയായ ഊഞ്ഞാലില്‍ ആടി അലയുന്നത് ലോകം അറിയരുതേ, ശുദ്ധകിറുക്കാണിത്. നിര്‍ത്തൂ. 'ഞാന്‍' അവളെ വിളിച്ച് ശകാരിച്ചു. എന്നിട്ടും മതിയായില്ല. അവളെ ഒരു കല്ലറയിലേക്ക് ഇറക്കിവെച്ചു. കനത്ത ഒരു കല്‍പ്പലകകൊണ്ട് ആ കല്ലറ മൂടി. അമര്‍ത്തി അമര്‍ത്തി ചവിട്ടി ഞാന്‍ ആ കല്ലറ മൂടി. പോരാ, കബറിന്റെമേല്‍ ഒരു മേശയും മേശപ്പുറത്ത് പുസ്തകങ്ങളും പ്രതിഷ്ഠിച്ചു. ചുറ്റും പൂച്ചട്ടികള്‍ വെച്ചു. ഇനി ആ എഴുത്തുമേശയ്ക്കടിയില്‍ ഒരു കുഴിമാടമുണ്ടെന്ന് ആരും അറിയുകയില്ല. ഗൗരവത്തോടെ അവിടെയിരുന്ന് ഞാന്‍ നൂറ് കര്‍മങ്ങളില്‍ ഏര്‍പ്പെടുകയാണ്. 'ബാധയൊഴിപ്പിക്കല്‍' എന്ന മറ്റൊരു കവിതയില്‍ 'ഉള്ളിലെ പരിഭ്രാന്തയായ പെണ്‍കിടാവിനെ കൊന്നുകളയാന്‍ എന്താണ് വഴി?' എന്ന് ചിന്തിച്ചുകൊണ്ടാണ് കവിത തുടങ്ങുന്നത്. ആ പെണ്‍കിടാവ് ഇന്നെന്റെ ദുഃഖമാണ്. അവളെ തളയ്ക്കണം. കണ്ണീരുകൊണ്ട് തളിച്ചു മെഴുകി ശുദ്ധമാക്കിയ അവിടെ ഒരു വിളക്ക് കൊളുത്തിവെയ്ക്കുക. ഒരു കോലം വരച്ച് അവളെ അവിടെയിരുത്തുക. ഒരു മന്ത്രവാദിയെ വിളിച്ചുവരുത്തി, ആഭിചാരക്രിയചെയ്ത് അവളെ ബാധയൊഴിപ്പിക്കുക. ശേഷം ഒരു പാലയുടെ തടിയില്‍ ചാരിനിര്‍ത്തി അവളുടെമേല്‍ ഇരുമ്പാണി അടിച്ചുകയറ്റുക- മാറിലും കൈയിലും നാവിലും. അവള്‍ അങ്ങനെ നില്‍ക്കട്ടെ. അവള്‍ ശല്യമാകുന്നവളും മരണമില്ലാത്തവളും സ്നേഹിക്കുന്നവളുമാണ്. ഇനി അവളെ നീയും ഞാനും കാണാന്‍ പോകുന്നില്ല. ആശ്വസിക്കുക (സുഗതകുമാരി, സമ്പൂര്‍ണകവിതകള്‍, പേജ് 648, 873).

ആര്‍ക്കുവേണ്ടിയാണ് അത്യന്തം കഠിനമായ ഈ ദമനകര്‍മം കവിതയിലെ ആഖ്യാതാവ് അനുഷ്ഠിക്കുന്നത്? 'അരും അറിയല്ലേ' എന്നും 'ലോകം ഇതറിയല്ലേ' എന്നും കവിതയില്‍ത്തന്നെ അതിന് ഉത്തരം നല്‍കുന്നുണ്ട്. ലോകത്തിന്റെ കാഴ്ചയില്‍പ്പെടാതിരിക്കാനാണ് ഈ നിഷ്ഠുരമായ ആത്മശുദ്ധീകരണം അവര്‍ നടത്തുന്നത്. ആത്മനിയന്ത്രണം, സംയമനം, ഉള്ളിലേക്ക് അടക്കല്‍ എന്നിവകൂടി ഉള്‍ച്ചേര്‍ന്ന ഗാന്ധിയന്‍ മൂല്യസംഹിതയുടെ സ്വാധീനം ഈ ദമനകര്‍മത്തിന് കാരണമായിട്ടുണ്ടോ? ഇങ്ങനെയൊരു സംയമനമോ ദമനമോ കബറടക്കലോ മറ്റൊരു ഗാന്ധിയന്‍ ദമ്പതിമാരുടെ മകളായ മാധവിക്കുട്ടിയില്‍ ഇല്ല എന്നതാണ് മാധവിക്കുട്ടിയുടെ വ്യത്യാസം. ദമനം അവര്‍ക്ക് ആവശ്യമില്ല 'ലോകം ഇതറിയല്ലേ' എന്നല്ല, 'ലോകം ഇത് അറിയട്ടെ' എന്നാണ് അവരുടെ മനോഗതം. സത്യമാണ് താന്‍ പറയുന്നത് എന്ന ഉപക്രമത്തോടുകൂടിയാണ് എന്റെ കഥ തുടങ്ങുന്നത്. ഈ ആത്മകഥ സത്യമാണെന്നും അതല്ല സത്യവും ഭാവനയും കലര്‍ന്നതാണെന്നും വ്യാഖ്യാനങ്ങളുണ്ടായിട്ടുണ്ട്. പക്ഷേ, മാധവിക്കുട്ടി എഴുതുന്നു: 'എന്റെ ഉള്ളിലേക്ക് ചുഴിഞ്ഞുനോക്കിക്കൊണ്ട്, യാഥാസ്ഥിതികരുടെയും നിയമജ്ഞരുടെയും അഭ്യുദയകാംക്ഷികളുടെയും പിറുപിറുക്കല്‍ ഗൗനിക്കാതെയും ഏറ്റവും സത്യസന്ധമായും ഈ കഥ എഴുതിത്തീര്‍ക്കാനുള്ള കെല്‍പ്പും ധൈര്യവും തരാന്‍ ഞാന്‍ ഇന്ന് ശ്രീകൃഷ്ണനോട് പ്രാര്‍ഥിക്കുന്നു (പുറം 15). എഴുത്തച്ഛനെപ്പോലെ ശ്രീകൃഷ്ണന്റെ അനുഗ്രഹം തേടിയാണ് മാധവിക്കുട്ടിയും ശരീരത്തെയും ആത്മാവിനെയും കുറിച്ചുള്ള തന്റെ ഈ കാവ്യം തുടങ്ങുന്നത്.
കാവ്യമോ? അതേ, കവിത എന്നുതന്നെയാണ് മാധവിക്കുട്ടി തന്റെ കൃതിയെ വിശേഷിപ്പിക്കുന്നത്. കഥയായും ആത്മകഥയായും വസ്തുതാകഥനമായും ഭാവനകൊണ്ട് എഴുതിയ ഒരു നുണക്കഥയായും പലവിധ കാഴ്ചകള്‍ എന്റെ കഥയെക്കുറിച്ച് ഉണ്ടായിട്ടുണ്ട്. എന്നാല്‍ മാധവിക്കുട്ടി അതിനെ കണ്ടത് കവിതയായിട്ടാണ്. 'ഞാന്‍ ഇതിനെ കവിത എന്ന് വിളിക്കാന്‍ ഇഷ്ടപ്പെടുന്നു. എന്റെയുള്ളില്‍ സുന്ദരമായ ഒരു പ്രക്ഷുബ്ധത സൃഷ്ടിച്ചിട്ട്, മുകള്‍ത്തട്ടിലേക്ക് ഉയര്‍ന്നുവരുന്ന ഗദ്യം എന്ന താരതമ്യേന ദൃഢതരമായ രൂപത്തില്‍ ഒതുങ്ങുമ്പോള്‍ വാക്കുകള്‍ക്ക് അവയുടെ സംഗീതം നഷ്ടപ്പെടുമെങ്കിലും ഇതിനെ കവിത എന്ന് വിളിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു.' (എന്റെ കഥ, പുറം 7)\

രണ്ടാം ലോകമഹായുദ്ധത്തിന്റെ ചൂട് ഇന്ത്യയിലെങ്ങും പടര്‍ന്ന ഘട്ടത്തില്‍ (ഓര്‍ക്കുക, സ്വാതന്ത്ര്യസമരത്തിന്റെ ചൂട് എന്ന് മാധവിക്കുട്ടി ഒരിടത്തും പറയുന്നില്ല) കല്‍ക്കട്ടയില്‍നിന്ന് നാലപ്പാട്ടുവീട്ടിലേക്കും തിരിച്ചുമുള്ള കൂടുമാറ്റങ്ങളുടെ കഥയാണ് എന്റെ കഥയിലെ ഒരു പ്രമേയം. രണ്ടിടത്തിന്റെയും പ്രത്യേകത അവിടെ രണ്ടു സ്ഥലത്തും ഗാന്ധിയുണ്ട് എന്നതാണ്. മാധവിക്കുട്ടിയുടെ അമ്മ ബാലാമണിയമ്മ പ്രമുഖയായ മലയാളകവിയും വ്രതനിഷ്ഠയോടെ ഗാന്ധിയന്‍മൂല്യങ്ങള്‍ പലതും ജീവിതത്തില്‍ പുലര്‍ത്തിയ സ്ത്രീയുമായിരുന്നു. ഒരു തപസ്വിനിയെപ്പോലെ എന്നാണ് മാധവിക്കുട്ടി അമ്മയെ വിശേഷിപ്പിക്കുന്നത്. അച്ഛന്‍ വി.എം. നായരാകട്ടെ ഒരു വലിയ ബ്രിട്ടീഷ് വാഹനകമ്പനിയുടെ മാനേജിങ് ഡയറക്ടറായിട്ടും വീട്ടില്‍ ഖദറേ ഉടുക്കൂ. ഖാദികൊണ്ടാണ് കര്‍ട്ടനുകളും വിരിപ്പുകളും. കുട്ടികള്‍ക്ക് വെള്ള ഉടുപ്പേ വാങ്ങിക്കൊടുക്കൂ. അമ്മ വെളുത്തതോ മഞ്ഞ കലര്‍ന്നതോ ആയ വസ്ത്രങ്ങള്‍ മാത്രം ധരിച്ചു. ആഡംബരമില്ലായ്മ ഇത്ര വ്രതനിഷ്ഠയോടെ അനുഷ്ഠിച്ച ധനികര്‍ അന്ന് അധികം ഉണ്ടായിരിക്കാനിടയില്ല. 'ഞങ്ങളുടെ കുടുംബം ഒരാദര്‍ശകുടുംബമാണെന്നും ലളിതമായ ജീവിതരീതികൊണ്ട് ഞങ്ങള്‍ മറ്റുള്ളവര്‍ക്ക് മാതൃകയായിത്തീരണമെന്നും അച്ഛന്‍ പറഞ്ഞു.' (പുറം 18). ഗാന്ധിയന്‍മൂല്യങ്ങള്‍ ആ വീട്ടില്‍ നിറഞ്ഞുനിന്നു.

പുസ്തകത്തിന്റെ കവര്‍

കല്‍ക്കട്ടയില്‍നിന്ന് നാലപ്പാട്ട് എത്തിയാലോ? അവിടെയും ഉണ്ടായിരുന്നു ഗാന്ധി. മാധവിക്കുട്ടി എഴുതുന്നു: 'നാലപ്പാട്ടുതറവാട്ടില്‍ അമ്മമ്മ, ചെറിയമ്മ, വാതംപിടിച്ച് കിടക്കുന്ന മുത്തശ്ശി, മറ്റൊരു മുത്തശ്ശി, വലിയമ്മാമന്‍ (നാലപ്പാട്ട് നാരായണമേനോന്‍), അമ്മാമന്റെ അമ്മയായ മുത്തശ്ശി ഇവര്‍ക്കൊക്കെ പുറമേ ഏഴാമനായി മഹാത്മാഗാന്ധിയും. മഹാത്മജി അങ്ങനെ പറഞ്ഞു, മഹാത്മജി ഇങ്ങനെ പറഞ്ഞു എന്ന് എല്ലായ്പോഴും ആ വീട്ടിലെ മുത്തശ്ശികള്‍ ഉരുവിട്ടുകൊണ്ടിരുന്നു. മഹാത്മജിയുടെ പടങ്ങള്‍ മിക്ക മുറികളിലും തൂക്കിയിട്ടിരുന്നു' (പുറം 41). സര്‍വസാക്ഷിയും നിയന്താവുമായി മഹാത്മാഗാന്ധി ആ ഭവനത്തില്‍ വസിച്ചു. ഗാന്ധിജി ഗുരുവായൂരില്‍ വന്നപ്പോള്‍ തങ്ങളുടെ സ്വര്‍ണാഭരണങ്ങള്‍ ഊരിനല്‍കിയ ത്യാഗിനികളായിരുന്നു ആ സ്ത്രീകള്‍. 'അമ്മയുടെ അനുജത്തിയായ ചെറിയമ്മയും വെള്ള സാരി ധരിച്ച് ഗാന്ധിജി അനുശാസിച്ച ലളിതജീവിതം നയിച്ചു.' ഇങ്ങനെ ഗാന്ധിജിയുടെ അനുശാസനങ്ങളും മൂല്യങ്ങളും തത്ത്വശാസ്ത്രവും ഉള്ളില്‍ സ്വാംശീകരിച്ചവരായിരുന്നു മാധവിക്കുട്ടിയുടെ കുടുംബം-കല്‍ക്കട്ടയിലായാലും നാലപ്പാട്ടായാലും.

എന്നാല്‍ തുടക്കംമുതലേ മറ്റൊരു ജീവജാതിയില്‍ പിറന്ന ശിശുവെന്നവണ്ണം മാധവിക്കുട്ടി ഈ മൂല്യസംഹിതയ്ക്ക് പുറത്തായിരുന്നു. കുട്ടിക്കാലത്തെ തന്റെ തോന്നലുകള്‍പോലും ഗാന്ധിജിക്ക് എത്ര എതിരായിരുന്നുവെന്ന് അവര്‍ എന്റെ കഥയില്‍ തുറന്നെഴുതിയിട്ടുണ്ട്. 'തീവ്രമായ സാരള്യം ജീവിതരീതിയാക്കാന്‍ എന്റെ അച്ഛനമ്മമാരെ പഠിപ്പിച്ച മഹാത്മാഗാന്ധിയെ ഞാന്‍ നിശ്ശബ്ദമായെങ്കിലും ശപിച്ചു' എന്ന ഞെട്ടിപ്പിക്കുന്ന തീക്ഷ്ണവാക്യമാണ് മാധവിക്കുട്ടി എഴുതുന്നത് (പുറം 51). ഗാന്ധിയന്‍ മൂല്യസംഹിതയ്ക്കെതിരായ ഇഷ്ടാനിഷ്ടങ്ങള്‍ സൂക്ഷിക്കുന്ന സ്വഭാവം കല്‍ക്കട്ടയിലെ ബാല്യകാലജീവിതത്തില്‍ത്തന്നെ കാണുന്നുണ്ട്. അമ്മയും അച്ഛനും വെള്ളവസ്ത്രങ്ങള്‍ അണിയുകയും തനിക്ക് അണിയാന്‍ തരികയും ചെയ്തപ്പോള്‍ 'സ്വര്‍ണാഭരണങ്ങള്‍ അണിഞ്ഞ് നിറപ്പകിട്ടുള്ള വസ്ത്രങ്ങള്‍ ധരിച്ച് ഒരു മഴവില്ലായി അതിഥികളുടെ മുന്‍പില്‍ പ്രത്യക്ഷപ്പെടാന്‍ ഞാന്‍ ആഗ്രഹിച്ചു.' ഇങ്ങേയറ്റത്ത് നാലപ്പാട്ടുവീട്ടിലും അതുപോലെ വിശേഷവസ്ത്രത്തിലും ഭക്ഷണത്തിലും ആസക്തിയുണ്ടായിരുന്ന ഒരു അ-ഗാന്ധിയന്‍ ഉണ്ടായിരുന്നു.

മാധവിക്കുട്ടിയുടെ വല്യമ്മാമനും കവിയും പണ്ഡിതനും ആര്‍ഷജ്ഞാനം, രതിസാമ്രാജ്യം എന്നീ കൃതികളുടെ കര്‍ത്താവുമായ നാലപ്പാട്ട് നാരായണമേനോന്‍. അദ്ദേഹത്തിന് ആ തറവാട്ടിലുണ്ടായിരുന്ന ഉയര്‍ന്ന സ്ഥാനത്തെക്കുറിച്ച് മാധവിക്കുട്ടി പറയുന്നുണ്ട്. വീടിന് അകത്തും മെതിയടിയിട്ടുകൊണ്ടാണ് അദ്ദേഹം നടക്കുക. 'അമ്മാമന്റെ കുളി കൃത്യം 8.30ന് കഴിയും. മെതിയടി കാലിലിട്ടുകൊണ്ട് അമ്പലത്തിലേക്ക് നടക്കുന്നതിനിടയില്‍ ഞങ്ങളെ നോക്കി ചിരിക്കും. കൃത്യം പന്ത്രണ്ടുമണിക്ക് ഭക്ഷണം കഴിക്കാന്‍ മാത്രമേ അമ്മാമന്‍ തെക്കിനിയിലേക്ക് പ്രവേശിച്ചിരുന്നുള്ളൂ.' ആ ഭക്ഷണമോ? വിഭവസമൃദ്ധമായിരുന്നു അത്. 'വെണ്ണ, തൈര്, രണ്ടുകൂട്ടം കൂട്ടാന്‍, മെഴുക്കുപുരട്ടി, പപ്പടം, ഉപ്പിലിട്ടത് എന്നിങ്ങനെയായിരുന്നു വിഭവങ്ങള്‍. അമ്മാമന്‍ എന്നും നാക്കിലയിലായിരുന്നു ഊണുകഴിച്ചിരുന്നത്. ചിലപ്പോള്‍ ഊണ് ഒരു മണിക്കൂറോളം നീണ്ടുനിന്നു. നിറഞ്ഞ മുഖത്തോടെ, ചുവന്ന അഗ്രങ്ങളുള്ള വിരലുകളാല്‍ ഓരോ ഉരുളയും ആസ്വദിച്ച് ഉണ്ണുന്നത് നോക്കിനില്‍ക്കാന്‍ ഞാന്‍ ഇഷ്ടപ്പെട്ടു.' (പുറം 23, 752)

നാലപ്പാടന്‍ അന്നു കഴിച്ച ആ ഊണ് 1940കാലത്തെ ഹിന്ദു സവര്‍ണ സമ്പന്ന വെജിറ്റേറിയന്‍ കുടുംബങ്ങളില്‍ വളരെ കുറച്ചുപേര്‍ക്കു മാത്രം പ്രാപ്തമായ ഒരു സദ്യയായിരുന്നു. 'ഭക്ഷണത്തില്‍ മാത്രമല്ല, വേഷത്തിലും അദ്ദേഹം ഭ്രമിച്ചു. അമ്മാമന് സ്ത്രീകള്‍ ആഡംബരപ്രിയരാവണമെന്ന് അഭിപ്രായമുണ്ടായിരുന്നു. അമ്മാമന്റെ ഭാര്യയായ കാളിയപുറത്ത് ബാലാമണിയമ്മ എല്ലാ ദിവസവും സര്‍വാഭരണവിഭൂഷിതയായും വിശേഷവസ്ത്രങ്ങള്‍ ധരിച്ചും മാത്രമേ നാലപ്പാട്ട് പ്രത്യക്ഷപ്പെട്ടിട്ടുള്ളൂ. അവരുടെ സ്വഭാവത്തിന്റെ മാധുര്യവും വേഷഭൂഷകളുടെ തിളക്കവും ഓട്ടൊ ദില്‍ ബഹാര്‍ എന്ന വാസനദ്രവ്യത്തിന്റെ മണവും ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു.' (പുറം 43)

ഭക്ഷണത്തിലും വേഷത്തിലും ആഭരണത്തിലും ഉണ്ടായിരുന്ന നാലപ്പാടന്റെ താത്പര്യത്തോടൊപ്പം അദ്ദേഹത്തിന്റെ സ്വഭാവത്തിലെ ഒരു പ്രത്യേകതയിലേക്കും മാധവിക്കുട്ടി ശ്രദ്ധ ക്ഷണിക്കുന്നുണ്ട്. ദരിദ്രരോടുള്ള വെറുപ്പാണത്. 'സ്വന്തം മരുമക്കളോടുള്ള വാത്സല്യം ഒരു ജീവിതപദ്ധതിയാക്കിക്കഴിഞ്ഞിരുന്ന അമ്മാമന് അന്യവീട്ടിലെ കുട്ടികളെ തീരെ ഇഷ്ടമായിരുന്നില്ല. വല്ല ദരിദ്രബാലനും ഞങ്ങളുടെ ഉമ്മറമുറ്റത്ത് പ്രവേശിച്ചാലുടനെ വായിക്കുന്ന പുസ്തകത്തില്‍നിന്ന് തലയുയര്‍ത്തി 'പോ പോ' എന്ന് ഗര്‍ജിക്കും. ധനസ്ഥിതിയില്ലാത്തവരെ അവരുടെ നിലയ്ക്കുനിര്‍ത്തണം എന്നായിരുന്നു അമ്മാമന്റെ വിശ്വാസം.' (പുറം 43) ലോകത്തെ എല്ലാ പാവങ്ങള്‍ക്കുമായി സമര്‍പ്പിക്കപ്പെട്ട വിക്ടര്‍ യൂഗോവിന്റെ പാവങ്ങള്‍ പരിഭാഷ ചെയ്ത അദ്ദേഹത്തിന് ആ ഹൃദയാലുത്വം സ്വജീവിതത്തില്‍ ഉണ്ടായിരുന്നില്ല എന്ന അറിവ് അമ്പരപ്പിക്കുന്നതാണ്. എന്നാല്‍ പാവങ്ങള്‍ പ്രസിദ്ധീകരിച്ച പത്തൊന്‍പതാം നൂറ്റാണ്ടിലെ ഫ്രാന്‍സിലും ദരിദ്രരെ അവരുടെ നിലയ്ക്കുനിര്‍ത്തുകയാണ് വേണ്ടത്, അല്ലാതെ അവരോട് അലിവുകാട്ടുകയല്ല എന്ന അഭിപ്രായത്തിനുതന്നെയായിരുന്നു മേല്‍ക്കൈ എന്നാണ് ആ പുസ്തകത്തെപ്പറ്റി ദ നോവല്‍ ഓഫ് ദ സെഞ്ച്വറി എന്ന പഠനഗ്രന്ഥം എഴുതിയ (2017, പെന്‍ഗ്വിന്‍) ഡേവിഡ് ബെല്ലോസ് പറയുന്നത്.

ഭക്ഷണത്തിലും വേഷത്തിലും ആഡംബരം അരുത് എന്നായിരുന്നു ഗാന്ധിജി പഠിപ്പിച്ചത്. ഭക്ഷണത്തില്‍ പഞ്ചസാര ഗാന്ധിജി വര്‍ജിച്ചു. 'ഠവലൃല ശ െറലമവേ ശി രവീരീഹമലേ' എന്ന് അദ്ദേഹം പറഞ്ഞു. രുചിയുള്ള എന്തിനെയും അദ്ദേഹം ഒഴിവാക്കി. ലൈംഗികതയെ സന്തതിയുണ്ടാവാനുള്ള ഒരു വികാരമായിട്ടേ അദ്ദേഹം കണ്ടുള്ളൂ. വിവാഹിതരായവര്‍ തന്റെ ആശ്രമത്തില്‍ സഹോദരീസഹോദരന്മാരെപ്പോലെ ജീവിക്കണം എന്നദ്ദേഹം നിര്‍ദേശിച്ചു. പ്രേമം അദ്ദേഹത്തിന്റെ അജന്‍ഡയില്‍ ഇല്ലതാനും. ഇതെല്ലാം ആസക്തിയെ വര്‍ധിപ്പിക്കുന്ന കാര്യങ്ങളായിട്ടാണ് ഗാന്ധിജി കണ്ടത്. അനാസക്തിയോഗമായിരുന്നു അദ്ദേഹത്തിന്റേത്.
ഈ അനാസക്തിയോഗത്തിന്റെ പുറത്തായിരുന്നു മാധവിക്കുട്ടിയുടെ ജീവിതം. 'ആദരണീയരും ധര്‍മബോധത്തില്‍ നിഷ്ഠയുള്ളവരുമായ എന്റെ മാതാപിതാക്കളുടെ കുട്ടിയായി ഞാന്‍ ജനിച്ചതെങ്ങനെ എന്ന് പലപ്പോഴും അദ്ഭുതപ്പെട്ടിട്ടുണ്ട്.' എന്നിട്ട് അവര്‍ തുടരുന്നു, 'അവര്‍ നിരപരാധികളാണ്.' 'സ്ത്രീത്വത്തോട് ബന്ധപ്പെട്ട സകല സ്വഭാവദൂഷ്യങ്ങളും എനിക്ക് സമൃദ്ധിയായി ഉണ്ട്. സുരക്ഷിതത്വത്തിനുവേണ്ടിയുള്ള അമിതമായ വെമ്പല്‍, മനോഹരവസ്തുക്കളോടും സുഗന്ധദ്രവ്യങ്ങളോടും ഉള്ള ഭ്രമം, ആഘോഷിക്കാനും അഹങ്കരിക്കാനുമുള്ള താത്പര്യം, വീരപുരുഷന്മാരോടുള്ള ആരാധനാമനോഭാവം-അങ്ങനെ നീണ്ടുപോകുന്നു പട്ടിക.' ഒട്ടും കുമ്പസാരസ്വരത്തിലല്ല തന്റെ ലൗകികവും 'സ്ത്രീത്വത്തോട് ബന്ധപ്പെട്ട'വയുമായ 'സ്വഭാവദൂഷ്യ'ങ്ങളെപ്പറ്റി പറയുന്നത്. ഈ പട്ടികയില്‍ പറയുന്നില്ലെങ്കിലും എന്റെ കഥയില്‍ ആവര്‍ത്തിച്ചുവരുന്നതാണ് ശരീരത്തോടുള്ള സ്നേഹം എന്ന 'സ്വഭാവദൂഷ്യം.'

'ഞാന്‍ കുപ്പായമൂരി കണ്ണാടിയില്‍ നോക്കി. മുഴുത്തുവരുന്ന മാറിടം നോക്കിയപ്പോള്‍ ഒരു നിധി കണ്ടെത്തിയതിന്റെ ചാരിതാര്‍ഥ്യം എനിക്ക് അനുഭവപ്പെട്ടു.' അവര്‍ തുടരുന്നു, 'കല്യാണം കഴിഞ്ഞപ്പോള്‍ ഭര്‍ത്താവ് അവ ആദ്യമായി കണ്ടപ്പോള്‍ പകച്ച് നിശ്ശബ്ദനായി നിന്നു. അതിനുശേഷം ഞാന്‍ അവ ഭദ്രമായി പൊതിഞ്ഞുസൂക്ഷിക്കുകയും എന്റെ തുറുപ്പുശീട്ടായി ഉപയോഗിക്കുകയും ചെയ്തു' (പുറം 35). ആദ്യമായി ഋതുവായപ്പോഴത്തെ അനുഭവത്തെക്കുറിച്ച് മാധവിക്കുട്ടി രേഖപ്പെടുത്തുന്നു: 'ആയിടയ്ക്ക് ആദ്യമായി എന്റെ ഉടുപ്പില്‍ ആര്‍ത്തവരക്തം കണ്ട് ഞാന്‍ ഭയന്ന് നിലവിളിച്ചു. എന്റെ വീട്ടില്‍ ഞാന്‍ ഒറ്റയ്ക്കായപ്പോള്‍ സൂര്യപ്രകാശത്തില്‍ നഗ്‌നയായി നിന്നു. എന്റെ ഗര്‍ഭപാത്രത്തെ ഉര്‍വരമാക്കാന്‍ കരുത്തുള്ള പുരുഷദൈവം എന്ന് സൂര്യനെ നോക്കി ഞാന്‍ കരുതി. മഹാഭാരതത്തിലെ കുന്തിയോട് എനിക്ക് അസൂയ തോന്നി. അവരെ മത്സരിച്ച് തോല്‍പ്പിക്കാന്‍ ഞാന്‍ കൊതിച്ചു. സൂര്യദേവനെ ക്ഷണിക്കാനും വശീകരിക്കാനുംവേണ്ടി ഞാന്‍ സ്വകാര്യമന്ത്രങ്ങള്‍ നിര്‍മിച്ചു.'

സ്വന്തം ശരീരത്തെക്കുറിച്ചുള്ള ഈ ആനന്ദാഭിമാനങ്ങള്‍ ഇരിക്കെത്തന്നെ, ഒരു കൊളോണിയല്‍ പ്രജ എന്ന നിലയില്‍ ആ ശരീരം വെള്ളക്കാരുടെ മുന്നില്‍ അനുഭവിച്ച അവമതിയെക്കുറിച്ചും മാധവിക്കുട്ടി പറയുന്നുണ്ട്. അന്ന് കല്‍ക്കട്ടയില്‍ മാധവിക്കുട്ടിക്ക് ഒരു ക്ലാസ്ടീച്ചറുണ്ടായിരുന്നു, മേബല്‍. 'അവളുടെ ചുരുണ്ട തലമുടി വലിക്കുവാനും അവളെ കാണുവാനുമായി ദിവസേന വന്നെത്തിയിരുന്ന ആര്‍ച്ചി എന്ന മനുഷ്യനെ ഞങ്ങള്‍ക്ക് പേടിയായിരുന്നു. അയാള്‍ വെറുപ്പോടെയല്ലാതെ തൊലി കറുത്തവളായ എന്നെ നോക്കിയിട്ടില്ല. വര്‍ണവിവേചനത്തിന്റെ ക്രൗര്യം ആ സ്‌കൂളില്‍വെച്ചാണ് എനിക്ക് അനുഭവപ്പെട്ടത്. സ്വര്‍ണത്തലമുടിയും വെളുത്ത തൊലിയും ഉള്ള കുട്ടികളെ എടുത്ത് മടിയില്‍വെക്കുകയും അവരെ ചുംബിക്കുകയും ചെയ്തിരുന്ന അധ്യാപികമാര്‍ ഒരിക്കലെങ്കിലും എന്നെ അടുത്തേക്ക് വിളിക്കുകയോ തൊടുകയോ ഉണ്ടായില്ല. വെള്ളത്തുണികൊണ്ടുണ്ടാക്കിയ ഒരൊഴുക്കന്‍ ഫ്രോക്ക് ധരിച്ചുകൊണ്ട് ആ വെളുത്ത സമൂഹത്തില്‍ നില്‍ക്കുമ്പോള്‍ എന്റെ കറുപ്പിനെപ്പറ്റി ഓര്‍ത്ത് ഞാന്‍ കുണ്ഠിതപ്പെടാറുണ്ടായിരുന്നു. ഏതോ ഒരു ദുഷ്ടദൈവം എന്റെയും ജ്യേഷ്ഠന്റെയും മേലാകെ ചെളി തേച്ച് ഈ ലോകത്തിലേക്ക് ഭ്രഷ്ടരാക്കി ഞങ്ങളെ തള്ളിയതാണെന്ന് ഞാന്‍ വിശ്വസിച്ചു. വെള്ളക്കാരുടെ ഈ പരിഷ്‌കൃതലോകത്തില്‍ ഞാനെന്നും ശപിക്കപ്പെട്ടവളായിരിക്കുമെന്ന് എനിക്കു തോന്നി.' (പുറം 37)

ഇതിലും സൂക്ഷ്മമായി ഒരെഴുത്തുകാരിക്ക് ബ്രിട്ടീഷ് കൊളോണിയല്‍ ഇന്ത്യയിലെ ഒരു പ്രജ തൊലിനിറത്തിന്റെ പേരില്‍ അനുഭവിച്ച അപമാനത്തെ വിവരിക്കാന്‍ സാധിച്ചിട്ടുണ്ടാവില്ല. മാധവിക്കുട്ടിയുടെ ബാല്യകാലത്ത് കൊളോണിയല്‍ വാഴ്ചയുടെ സാംസ്‌കാരിക തലസ്ഥാനങ്ങളില്‍ ഒന്നായിരുന്ന കല്‍ക്കട്ടയില്‍ ഇന്ത്യന്‍ പ്രജകളുടെ ശരീരങ്ങള്‍ക്കു മാത്രമല്ല അവര്‍ മൊഴിയുന്ന ഇന്ത്യന്‍ ഭാഷകള്‍ക്കും ഇംഗ്ലീഷിന്റെ മുന്‍പില്‍ ഇതേ അപകര്‍ഷബോധത്തോടെ നില്‍ക്കേണ്ടിവന്നു എന്ന് മാധവിക്കുട്ടി പറയുന്നുണ്ട്. തനിക്ക് നാലുവയസ്സുള്ളപ്പോള്‍ രണ്ട് ട്യൂട്ടര്‍മാര്‍ വരാറുണ്ടായിരുന്നു. വൈകുന്നേരം മൂന്നരയ്ക്ക് ഇംഗ്ലീഷ് പഠിപ്പിക്കാനായി മിസിസ് സെക്വീറ എന്ന മംഗലാപുരത്തുകാരി വരും. സന്ധ്യയ്ക്കുശേഷം മലയാളം പഠിപ്പിക്കാനായി കറുത്ത നമ്പ്യാരും. സെക്വീറ വീട്ടില്‍ ആത്മവിശ്വാസത്തോടെ പെരുമാറുകയും അച്ഛനോടും അമ്മയോടും ഏറെനേരം സംസാരിക്കുകയും ചെയ്യും. നമ്പ്യാര്‍ വന്നാലുടനെ അച്ഛന്റെ കണ്ണില്‍പ്പെടാതെയും ശബ്ദമുണ്ടാക്കാതെയും ഭക്ഷണമുറിയിലേക്ക് രക്ഷപ്പെടും. അവിടെ വെപ്പുകാരന്റെ സാന്നിധ്യത്തില്‍ എന്റെ മലയാളപാഠങ്ങള്‍ തുടങ്ങും. സെക്വീറയ്ക്ക് ഇംഗ്ലീഷ് ചൈനയുടെ കോപ്പയിലും നമ്പ്യാര്‍ക്ക് കുപ്പിഗ്ലാസിലും വെപ്പുകാരന്‍ ചായ ഒഴിച്ചുകൊടുത്തു. 'അക്കാലത്ത് മലയാളഭാഷയ്ക്ക് നമ്പ്യാരുടെ നിറവും അപകര്‍ഷബോധവും ഉള്ളതായി ഞങ്ങള്‍ക്ക് തോന്നി...' എന്നിട്ട് ഇതുകൂടി കൂട്ടിച്ചേര്‍ക്കുന്നു: 'ഇംഗ്ലീഷ് ഭാഷയില്‍ ഇംഗ്ലീഷ് കുട്ടികളെയും തോല്‍പ്പിക്കുക എന്നതായി എന്റെയും ജ്യേഷ്ഠന്റെയും ലക്ഷ്യം' (പുറം 17). ഫലം നമുക്കറിയാം. മാധവിക്കുട്ടി ലോകമെങ്ങും അറിയപ്പെടുന്ന കമലാദാസ് എന്ന ഇംഗ്ലീഷ് എഴുത്തുകാരിയായി.

ചെറുപ്പംമുതല്‍ ആളുകളുമായി താന്‍ എളുപ്പത്തില്‍ പ്രണയത്തിലാവുക പതിവാണെന്ന് മാധവിക്കുട്ടി എഴുതുന്നുണ്ട്. അനുരാഗത്തെക്കുറിച്ചും അതിന്റെ ആധാരമായ ലൈംഗികതയെക്കുറിച്ചും ചോദിച്ചാല്‍ പറഞ്ഞുതരാന്‍ ആരുമുണ്ടായിരുന്നില്ല. 'സെക്സിനെക്കുറിച്ച് മനസ്സിലാക്കാന്‍ ഞാന്‍ അമ്മാമന്‍ എഴുതിയ രതിസാമ്രാജ്യം' വായിച്ചു എന്ന് മാധവിക്കുട്ടി എഴുതുന്നുണ്ട്. 'അനുരാഗത്തെപ്പറ്റി പ്രാമാണികമായി പറയാന്‍ മഹാത്മജിക്കും പറ്റില്ലല്ലോ' എന്ന് വേറൊരിടത്തും. എങ്കിലും പ്രേമം എന്റെ കഥയിലെ ഒരു നിരന്തരവിഷയമാണ്. പതിനാല് പ്രേമങ്ങളെപ്പറ്റി ആ കൃതിയില്‍ പറയുന്നുണ്ട്. ഒന്നാമത്തെ അധ്യായത്തില്‍ത്തന്നെ മൂന്നു പ്രമനായകന്മാര്‍ വരുന്നുണ്ട്. ആദ്യത്തെ ആള്‍ അവരെ ചികിത്സിക്കുന്ന ഡോക്ടര്‍തന്നെയാണ്: 'ഞാന്‍ അയാളുമായി അഗാധമായ പ്രണയത്തിലാണ്.' പിന്നൊരു ബന്ധത്തെപ്പറ്റി പറയുന്നു: 'അരണ്ട ബ്രൗണ്‍ കണ്ണുകളും ആകാരസൗഷ്ഠവവും ഉള്ള ഒരു പുരുഷനുമായി ഞാന്‍ നേരിയൊരു പ്രേമബന്ധം പുലര്‍ത്തിയിരുന്നു. കുറച്ചുകാലം കഴിഞ്ഞപ്പോള്‍ അയാളുമായുള്ള നടത്തത്തില്‍ എനിക്ക് മടുപ്പു തോന്നുകയും ഞാനത് ഉപേക്ഷിക്കുകയും ചെയ്തു.'

പതിനഞ്ചാം വയസ്സില്‍ ഞാന്‍ തിരണ്ട കാലത്ത് ഒരു ചെറുപ്പക്കാരന്‍ ക്യാമറയുമായി എന്റെ വീട്ടില്‍ വിരുന്നുവന്നു. അയാള്‍ എന്നെ വിക്ടോറിയാ മെമ്മോറിയലിന് മുന്നില്‍ കൊണ്ടുവന്ന് നിര്‍ത്തി. 'നീ സുന്ദരിയാണ്,' അയാള്‍ പറഞ്ഞു: 'എന്റെ വിവാഹത്തിന് അയാള്‍ വന്നിരുന്നു.' അങ്ങനെ വന്നും പോയും കൊണ്ടിരുന്ന പ്രണയങ്ങളുടെയും ഭര്‍ത്താവുമൊത്തുള്ള കാമസമ്പൂര്‍ണമായ രാത്രികളുടെയും വേദിയായിരുന്നു തന്റെ ശരീരം എന്നാണ് മാധവിക്കുട്ടി പറയുന്നത്. അതിഥികള്‍ വരുകയും പോവുകയും ചെയ്തിരുന്ന ഒരു നര്‍ത്തനശാല. 'ഒരിക്കല്‍ സത്കാരങ്ങള്‍ നടത്തിയിരുന്ന ഒരു വലിയ കെട്ടിടംപോലെയാണ് എന്റെ ശരീരം. നര്‍ത്തകന്മാര്‍ നൃത്തം ചെയ്തു. സംഗീതജ്ഞര്‍ സംഗീതം ആലപിച്ചു. ഓരോ അതിഥിയും സുഖഭോഗാന്വേഷകരായിരുന്നു.' ഗാന്ധിയന്‍ മൂല്യങ്ങളില്‍നിന്നുള്ള പുറത്തുപോകല്‍, പകരം സ്വന്തം ശരീരത്തെ ഒരു നര്‍ത്തനശാലയും ആനന്ദത്തിന്റെ ഉറവിടവുമാക്കല്‍- ഈ രണ്ടു തലങ്ങളും കടന്ന് എന്റെ കഥ മൂന്നാമതൊരു തലത്തിലേക്കുകൂടി പ്രവേശിക്കുന്നുണ്ട്. ആത്മാവിന്റേത് എന്നോ ശരീരാതീതത്തിന്റേത് എന്നോ കവിതയുടേത് എന്നോ പറയാവുന്ന ആ മൂന്നാംതലത്തിലേക്ക് എന്റെ കഥ എവിടെയോവെച്ച് 'ടേക്ക് ഓഫ്' ചെയ്യുന്നു. ആ തലത്തിലാകട്ടെ പ്രധാനഭാഗം അഭിനയിക്കുന്നത് ശരീരമല്ല, ശരീരനാശത്തെക്കുറിച്ചുള്ള ഭാവനകളാണ്. 'ഞാന്‍ കുറെ ദിവസങ്ങള്‍ ആസ്പത്രിയില്‍ പ്രജ്ഞ നശിച്ച മട്ടില്‍ കിടക്കുകയുണ്ടായി. മരണത്തിന്റെ മണിമുഴക്കം എന്ന് കവി വിശേഷിപ്പിച്ച ആ വിശുദ്ധനാദം ഞാന്‍ രണ്ടു തവണ കേട്ടു. മൂന്നാമത്തെ ബെല്ലടിക്കുമ്പോള്‍ എന്റെ തീവണ്ടി പ്ലാറ്റ്ഫോം വിട്ട് കിതച്ചുകിതച്ചുകൊണ്ട് മുന്നോട്ട് നീങ്ങുമെന്ന് എനിക്ക് തോന്നുന്നു. അതാണ് ഇത്ര ധൃതിപിടിച്ച് എഴുതാനുള്ള കാരണം' (പുറം 15). അത്യന്തം കാവ്യാത്മകമായ ഈ രമണഭാവനയോടൊപ്പം ആ ധൃതിപിടിച്ച എഴുത്ത് എത്ര ദുര്‍ഘടമുള്ളതാണ് എന്നും മാധവിക്കുട്ടി പറയുന്നുണ്ട്.

'ഞാന്‍ ഇന്ന് ഇംഗ്ലീഷിലും മലയാളത്തിലും എഴുതുന്നു. പക്ഷേ, കുഷ്ഠം പിടിച്ച് വിരലുകള്‍ നഷ്ടപ്പെട്ട ഒരുത്തന്‍ തന്റെ കൈകളാകുന്ന കുറ്റികള്‍കൊണ്ട് ടൈപ്പ് ചെയ്യുന്നതുപോലെയോ കൊട്ട നെയ്യുന്നതുപോലെയോ ആണ് എന്റെ സാഹിത്യരചന. വാക്കുകളുടെ ദാരിദ്ര്യം എന്റെ കലയെ പരിമിതമാക്കുന്നു' (പുറം 21). എങ്കിലും, പരിമിതമായ വാക്കുകള്‍കൊണ്ട് അവര്‍ സൃഷ്ടിക്കുന്ന ആകാശം അത്രയേറെ നക്ഷത്രഭരിതമാണ്. മരണം മുന്നില്‍ കണ്ടുകൊണ്ട് ആസ്പത്രിക്കിടക്കയില്‍ കിടക്കുമ്പോഴാണ് അവര്‍ എന്റെ കഥ എഴുതാന്‍ തുടങ്ങുന്നത്. മുങ്ങിച്ചാവാന്‍ പോവുന്ന ഒരാളുടെ അവസ്ഥയോടാണ് അവര്‍ തന്റെ അവസ്ഥയെ ഉപമിക്കുന്നത്- എന്തെഴുതുമ്പോഴും ആസന്നമായ മരണത്തിലേക്ക് അവര്‍ ഒരു നോട്ടമെറിയുന്നു. 'വെള്ളത്തില്‍ മുങ്ങിമരിക്കാന്‍ പോകുന്നവര്‍ ജീവിതത്തിലെ സകലസംഭവങ്ങളും മരണത്തിന് തൊട്ടുമുന്‍പുള്ള നിമിഷങ്ങളില്‍ കാണുമെന്ന് ഞാന്‍ എവിടെയോ വായിച്ചതോര്‍ക്കുന്നു. ശ്വാസകോശത്തെ വെള്ളം ആക്രമിക്കുന്ന നിമിഷത്തില്‍ ഓര്‍മ്മശക്തി അതിന്റെ ഉച്ചനിലയെ പ്രാപിക്കുന്നു' (പുറം 18). അങ്ങനെ ശ്വാസകോശം വെള്ളം നിറഞ്ഞും മസ്തിഷ്‌കം ഓര്‍മകള്‍ നിറഞ്ഞും കണ്ണ് മരണത്തിലേക്ക് ഉറ്റുനോക്കിയും കാതുകള്‍ മരണത്തിന്റെ വിശുദ്ധമായ മണിനാദം ശ്രവിച്ചും കിടന്ന ദിവസങ്ങള്‍ക്കു ശേഷമാണ് മാധവിക്കുട്ടി എന്റെ കഥ പൂര്‍ത്തിയാക്കുന്നത്. എന്റെ കഥയുടെ മരണഗന്ധം പുരണ്ട ആ മൂന്നാമത്തെ തലം കാവ്യബിംബങ്ങള്‍കൊണ്ട് തിളങ്ങുന്നതുകൂടിയാണ്. തുടക്കത്തില്‍ ശ്രീകൃഷ്ണനെ പ്രാര്‍ഥിച്ചത് ഫലിച്ചിരിക്കുന്നു.

ആസ്പത്രിയിലെ മുറിയെക്കുറിച്ച് അവര്‍ എഴുതുന്നു: 'ഇത് 565-ാം മുറിയാണ്. കഴിഞ്ഞതവണ വന്നപ്പോള്‍ കരളും ശ്വാസകോശവും ആയിരുന്നു. ഇക്കുറി ഹൃദയവും ഗര്‍ഭപാത്രവും ആണ്. ഇവിടെ എല്ലാവരും എന്നോട് ദയവുകാട്ടുന്നു. ലോകത്തെ ഏറ്റവും വലിയ അനാഥയ്ക്ക് ഏറ്റവും സമ്പന്നമായ മരണം നല്‍കാന്‍ അവര്‍ തയ്യാറാണ്.' 'ആസ്പത്രിയിലെ ഓരോ കിടക്കയിലും ഓരോ മൂടല്‍മഞ്ഞൊഴുകുന്നു. ഓരോ രോഗിയെയും ഉപദ്രവിക്കുന്നത് മരണഭയമാണ്.'

ജീവിതത്തിലേക്കുള്ള ആ നിമിഷത്തിലെ തിരിഞ്ഞുനോട്ടത്തില്‍ സ്നേഹത്തിനുവേണ്ടി താന്‍ നടത്തിയ അന്വേഷണങ്ങളെയും മാധവിക്കുട്ടി ഓര്‍മിക്കുന്നുണ്ട്. 'എന്നിട്ടും ഞാന്‍ തിരഞ്ഞുകൊണ്ടേയിരിക്കുന്നു. എന്റെ ആദര്‍ശകാമുകനെ മധുരയില്‍ പോയി രാധയെ വിസ്മരിച്ച ക്രൂരഹൃദയനെ. പുരുഷഹൃദയത്തില്‍ ലയിച്ചുകിടന്നിരുന്ന ക്രൂരതയെയാണ് ഞാന്‍ തേടിയിരുന്നത്. ഇല്ലെങ്കില്‍ സര്‍വസ്വാതന്ത്ര്യവും അനുവദിച്ചുതന്നിരുന്ന ദാസേട്ടന്റെയും ബുദ്ധിശാലിയും മധ്യവയസ്‌കനുമായ മറ്റൊരാരാധകന്റെയും എന്റെ ആത്മാവോട് അടുത്തു വര്‍ത്തിച്ചിരുന്ന കാര്‍ലോവിന്റെയും കൈകള്‍ തട്ടിനീക്കി ഞാനെന്തിന് ലോകത്തിന്റെ സകല മൂലകളിലും സ്നേഹത്തിനുവേണ്ടി പരതിക്കൊണ്ടിരുന്നു? എന്റെ അഹന്തയുടെ മരണത്തെയാണ് നിഗൂഢമായ രീതിയില്‍ ഞാന്‍ കാംക്ഷിച്ചത്. എന്റെ കഴുത്തില്‍ മഴുവീഴ്ത്തുവാന്‍ തയ്യാറുള്ള ആരാച്ചാരെയാണ് ഞാന്‍ അന്വേഷിച്ചുകൊണ്ടിരുന്നത്!' (പുറം 101) മരണത്തിന്റെ ലോകവും സ്നേഹത്തിന്റെ ലോകവും തമ്മില്‍ ലയിക്കുന്ന, ആരാച്ചാരും കാമുകനും ഒന്നാകുന്ന ഒരു കാവ്യഭാവനയുടെ ലോകമാണ് മാധവിക്കുട്ടി അധിവസിച്ച ലോകം.

എന്താണ് ജീവിതത്തിന്റെ പൂര്‍ണത? എന്താണ് അതില്‍ സദാചാരത്തിനും സ്നേഹത്തിനും എഴുത്തിനും ഉള്ള പങ്ക്? എന്റെ കഥയുടെ ആ മൂന്നാമത്തെ തലത്തില്‍ മാധവിക്കുട്ടി ഇവയെപ്പറ്റിയും പറയുന്നുണ്ട്. ഈ ലോകത്തില്‍ ജീവിച്ചുകൊണ്ടുതന്നെ മരണത്തിന്റെ ലോകത്തിലേക്ക് ഉറ്റുനോക്കി ജീവിക്കുന്നതിനെപ്പറ്റി അവര്‍ എഴുതുന്നു: 'ഒരു കാല് ജീവിതത്തിന്റെ ലോകത്തും മറ്റേ കാല് മരിച്ചവരുടെ ലോകത്തും ചവിട്ടുക എന്നതാണ് ഒരു മനുഷ്യജീവിക്ക് സ്വീകരിക്കാന്‍ കഴിയുന്ന ഏറ്റവും പൂര്‍ണമായ നില. അപ്പോള്‍ ആ വ്യക്തിക്ക് സമനില കിട്ടുന്നു. അപ്പോള്‍ ഉള്‍ക്കാഴ്ച അഗാധമാവുന്നു.' എന്തൊരു ഗംഭീരവാക്യം. ആ ഉള്‍ക്കാഴ്ചയിലാണ് നമ്മുടെ സദാചാരത്തിന്റെ ആഴമില്ലായ്മ മാധവിക്കുട്ടിക്കു മനസ്സിലാവുന്നത്. നശ്വരമായ മാംസശരീരത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ് സദാചാരവും അതിന്റെ നിയമങ്ങളും. അനശ്വരമായ ആത്മാവിന്റെ ലോകത്ത്, ശരീരാതീതമായ ആത്മാവിന്റെ ലോകത്ത് ആ അടിത്തറയില്ല. 'സാഹിത്യകാരന്റെ ഒന്നാമത്തെ കടമ അവനവനെത്തന്നെ ഒരു ഗിനി പിഗ് ആക്കി മാറ്റുകയാണ്. ജീവിതാനുഭവങ്ങളില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കരുത്. മനുഷ്യജീവിതത്തിന്റെ നാനാവശങ്ങളേയും രേഖപ്പെടുത്തുകയാണ് അവന്റെ ധര്‍മം. അവന്റെ ശരീരം പുഴുവരിച്ച് നശിച്ചാലും അവന്‍ എഴുതിയ വാക്കുകള്‍ ചിലപ്പോള്‍ അനശ്വരങ്ങളായിത്തീരും.'

കാരണവും അവര്‍ പറയുന്നുണ്ട്: 'സാഹിത്യകാരന്‍ ഭാവിയുമായി മോതിരം മാറി വിവാഹനിശ്ചയം ചെയ്ത ഒരു വ്യക്തിയാണ്. അയാള്‍ സംസാരിക്കുന്നത് നിങ്ങളോടല്ല നിങ്ങളുടെ പിന്‍മുറക്കാരോടാണ്. താന്‍ ഒരു ഗാന്ധിയന്‍ മൂല്യവും ഒരു സംയമനവും ഒരു ദമനമാര്‍ഗവും സ്വീകരിക്കാതെ ഇങ്ങനെ തുറന്നെഴുതുന്നത് ഒരു സ്ട്രിപ്ടീസ് (വസ്ത്രങ്ങള്‍ ഒന്നൊന്നായി ഉരിഞ്ഞുമാറ്റല്‍) ആണ് എന്നു പറഞ്ഞ വിമര്‍ശകരോട് മാധവിക്കുട്ടി എന്റെ കഥയില്‍ത്തന്നെ മറുപടി പറയുന്നുണ്ട്. ഒരു നര്‍ത്തകി നൃത്തത്തിനുശേഷം ഉടയാടകള്‍ ഊരിവെച്ച് ആ നൃത്തശാലയോടുതന്നെ വിടപറയുന്ന വാക്കുകളാണത്. മാധവിക്കുട്ടി എഴുതുന്നു: ''ഇങ്ങനെ സത്യസന്ധമായി എഴുതുന്നത് ഒരുതരം വസ്ത്രമഴിക്കല്‍ (സ്ട്രിപ്ടീസ്) ആണ് എന്ന് ചിലര്‍ എന്നോട് പറഞ്ഞു. ശരിയായിരിക്കാം. എന്റെ വസ്ത്രങ്ങളും ആഭരണങ്ങളും ഞാന്‍ ആദ്യമായി അഴിച്ചുവെക്കും. അതിനുശേഷം ഇളം തവിട്ടു നിറമുള്ള ഈ തൊലി ഞാന്‍ ഊരിവെക്കും. പിന്നെ എല്ലുകള്‍ തകര്‍ക്കും. എല്ലിനകത്ത് ആഴത്തില്‍, നാലാമതൊരു ഡൈമന്‍ഷനില്‍, പ്രത്യേകം ഇരിപ്പിടം ഇല്ലാത്തതും അതിസുന്ദരവുമായ ആത്മാവ്. ആ ആത്മാവ് ചോദിക്കുന്നു, ശരീരം എന്ന വസ്ത്രം അഴിച്ച്, പൂര്‍ണനഗ്‌നയായി നില്‍ക്കുന്ന ഈ എന്നെ നിങ്ങള്‍ സ്നേഹിക്കുമോ?

(മാതൃഭൂമി ആഴ്ചപ്പതിപ്പ്)

Content Highlights: Books excerpts, Mahatmagandhiyum madhavikkuttiyum, K.C. Narayanan, Mathrubhumi books

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Cyber sex addiction

4 min

സൈബര്‍ സെക്‌സ് ആസക്തി; കുടുംബം തകര്‍ക്കും സമാധാനം കെടുത്തും, വേണ്ടത് ബോധവല്‍ക്കരണം

Sep 29, 2023


awaara

5 min

രാജ്കപൂര്‍ പറഞ്ഞു; 'എന്റെ ചിത്രത്തിലേക്ക് എനിക്ക് ആ പെണ്‍കുട്ടിയെ വേണം... തിരക്കഥ തിരുത്തിയെഴുതൂ'

Jul 8, 2022


Art by Madanan

4 min

എന്തുകൊണ്ട് ഒരു ഇന്ത്യന്‍ കുടുംബനിയമത്തിലേക്ക് നടന്നുനീങ്ങാന്‍ നമുക്ക് സാധിക്കാതെപോയി?

Sep 26, 2023


Most Commented