ലയണല്‍മെസ്സിയുടെ ചില ജനിതകപ്രശ്‌നങ്ങളും കഥകളുടെ ഉള്‍ക്കാഴ്ചകളും


ഡോ. വത്സലന്‍ വാതുശ്ശേരി

'പ്രകൃതി ഒരു വലിയ അപകടക്കൂടാണ്. അവിടെ എല്ലാവരും ജീവിച്ചു തെളിയിക്കണം. അതിന് ദൈവത്തെ കൂടെ കൂട്ടേണ്ടതും പ്രാര്‍ഥിക്കേണ്ടതും ജീവിക്കേണ്ടതും ജീവിയുടെ മാത്രം ഉത്തരവാദിത്വമാണ്.'

പുസ്തകത്തിന്റെ കവർ

ശ്രീജിത്ത് കൊന്നോളി എഴുതി മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച 'ലയണല്‍ മെസ്സിയുടെ ചില ജനിതകപ്രശ്‌നങ്ങള്‍'
എന്ന കഥാസമാഹാരത്തിന് ഡോ. വത്സലന്‍ വാതുശ്ശേരി എഴുതിയ നിരൂപണം.

ധുനികാനന്തരകഥയുടെ ഒരു വഴി അതിസൂക്ഷ്മമായ നോട്ടങ്ങളെയും കാഴ്ചകളെയും കേന്ദ്രീകരിക്കുന്നവയാണ്. ആധുനികതയുടെ ചില ഭാവുകത്വങ്ങള്‍ ഉള്ളടക്കത്തില്‍ പിന്തുടര്‍ന്നുകൊണ്ട് ആഖ്യാനത്തെ ഈ നിലയിലേക്ക് മാറ്റിപ്പണിയുന്നതില്‍ പൂര്‍ണമായും ശ്രദ്ധിച്ച ഒരു കഥാകൃത്താണ് മേതില്‍ രാധാകൃഷ്ണന്‍. ഒരു കഥ പറയുമ്പോള്‍ത്തന്നെ പശ്ചാത്തലത്തിന്റെ സൂക്ഷ്മാംശം ഓരോന്നും കാണുക, അവയെക്കൂടി ആഖ്യാനത്തില്‍ പങ്കുചേര്‍ക്കുക- ഇതാണ് മേതില്‍ക്കഥയുടെ മുഖ്യസവിശേഷതയായിരുന്നത്. നിരീക്ഷണാത്മകതയാണ് ആ കഥകളുടെ അടിസ്ഥാനസ്വഭാവം. എന്നാല്‍ ആ നോട്ടം കേവലം ഉപരിതലസ്പര്‍ശിയായ സാധാരണ നോട്ടമല്ല, മൈക്രോസ്‌കോപ്പിലൂടെയെന്നവണ്ണമുള്ള നോട്ടമാണ്; കാഴ്ചകളാണ്. മൈക്രോസ്‌കോപ്പിക് റിയാലിറ്റി എന്ന് അതിനെ വിളിക്കാം. പശ്ചാത്തലങ്ങളുടെ, അനുഭവങ്ങളുടെ, അവസ്ഥകളുടെ മൈക്രോസ്‌കോപ്പിക് ദൃശ്യങ്ങള്‍ ആവിഷ്‌കരിക്കുന്ന ഈ കഥനരീതിക്ക് മലയാളത്തില്‍ ശ്രദ്ധേയമായ പിന്തുടര്‍ച്ചയൊന്നും ഉണ്ടായിട്ടില്ല. ഈ സമീപനം ഭാഷയ്ക്കുമേലുള്ള നോട്ടവും കൗതുകവുമായി മാറുന്നത് രവിയുടെ കഥകളില്‍ കാണാം. മേതില്‍ അവതരിപ്പിച്ച ഈ ആഖ്യാനരീതി പിന്നീട്, ആധുനികാനന്തരകഥയുടെ മൂന്നാംഘട്ടത്തോടെ കഥയുടെ പൊതു ആഖ്യാനരീതികളില്‍ വിലയംപ്രാപിക്കുന്നതു കാണാം. നിരീക്ഷണങ്ങളെ അടുക്കിവെച്ച് കഥ പറയുന്ന ഒരു രീതി പുതിയ കാലത്തെ പല കഥാകൃത്തുക്കളും അവലംബിച്ചുകാണാം. ഹരീഷ്, പ്രമോദ് രാമന്‍, വിനോയ് തോമസ്, ഫ്രാന്‍സിസ് നൊറോണ തുടങ്ങിയ പലരുടെയും കഥകളില്‍ ഇത്തരത്തില്‍ ഒരു ധാരയുണ്ട്. ഈ ഗണത്തില്‍പ്പെടുത്താവുന്ന ഒരു കഥാകൃത്താണ് ശ്രീജിത്ത് കൊന്നോളി. എന്നാല്‍ മേതില്‍ രാധാകൃഷ്ണന്‍ തുടങ്ങിവെച്ച മൈക്രോസ്‌കോപ്പിക് നോട്ടങ്ങളോട് വലിയ ചായ്‌വ് പുലര്‍ത്തുന്നവയാണ് ശ്രീജിത്തിന്റെ കഥകള്‍. ആധുനികതയുടേതായ ചില ഭാവുകത്വശീലങ്ങള്‍ ഉള്ളടക്കിവെക്കുന്നതിലും ശ്രീജിത്തിന്റെ കഥകള്‍ മേതിലിന്റെ കഥകളുമായി സമരസപ്പെടുന്നുണ്ട്.
സവിശേഷമായ ഈ യാഥാര്‍ഥ്യബോധത്തിന്റെ മാതൃകാരൂപമെന്നു വിശേഷിപ്പിക്കാവുന്ന ഒരു കഥയാണ് 'ഫോര്‍മിസൈഡി.' ഒരുറുമ്പാണ് ഈ കഥയിലെ കേന്ദ്രകഥാപാത്രം. ഉറുമ്പിനെ ആനയെപ്പോലെയോ ആനയ്ക്ക് തുല്യമായോ കാണുക- ഇതാണ് മൈക്രോസ്‌കോപ്പിക് കാഴ്ചയുടെ രീതി. അവിടെ ചെറുതുകളെ കാണുന്നതും വലിയതുകളായാണ്. 'വളരെ പണ്ട്, മനുഷ്യര്‍ക്കും മുന്‍പ് ഭൂമിയില്‍ ഉറുമ്പുകളും ആനകളും തമ്മില്‍ ഒരു ഘോരയുദ്ധം പൊട്ടിപ്പുറപ്പെട്ടു. അന്ന് ഉറുമ്പുകള്‍ക്ക് ആനകളോളംതന്നെ വലിപ്പമുണ്ടായിരുന്നു' എന്നൊരുപാഖ്യാനം ഈ കഥയിലുണ്ട്. സൂക്ഷ്മമായി നോക്കുമ്പോള്‍ ഉറുമ്പുകള്‍ ആനയെപ്പോലെ ഒരു വലിയ സംഭവം തന്നെയാണ്. ഈ തിരിച്ചറിവാണ്, ശ്രീജിത്തിന്റെ എഴുത്തുകളിലും പ്രതിഫലിക്കുന്നത്. അങ്ങനെ ചെറിയ ജീവികളുടെ, ചെറിയ സംഭവങ്ങളുടെ അനുഭവസൂക്ഷ്മതകളുടെ ബൃഹദീകരിച്ച ചിത്രീകരണമായി ശ്രീജിത്തിന്റെ കഥകള്‍ മാറുന്നു.

പരിസരനിരീക്ഷണത്തില്‍നിന്നുതന്നെയാണ് ശ്രീജിത്തിന്റെ കഥനകൗതുകം ആരംഭിക്കുന്നതെന്നു തോന്നിപ്പിക്കുന്നു ഈ സമാഹാരത്തിലെ പല കഥകളും. ചില കഥകളില്‍ കഥയുടെ മുഖ്യവിഷയംതന്നെ അതാണ്. മുന്‍പറഞ്ഞ 'ഫോര്‍മിസൈഡി' എന്ന കഥ തന്നെയാണ് ഇതിന് ഏറ്റവും മികച്ച ഉദാഹരണം. ഉറുമ്പിന്റെ പക്ഷത്തുനിന്നുകൊണ്ടുള്ള ലോകവീക്ഷണവും ജീവിതവീക്ഷണവുമാണ് ഈ കഥയുടെ ഉള്ളടക്കം. ആത്യന്തികമായി മനുഷ്യന്റെ ലോകവീക്ഷണം തന്നെയാവാം കഥയില്‍ പ്രതിഫലിക്കുന്നത്. എങ്കിലും യാഥാര്‍ഥ്യത്തെ മറ്റൊരു രീതിയിലും കാണാമെന്ന് ഈ കഥ പറഞ്ഞുതരുന്നു. ഗ്രഹാം പൈപ്പ് എന്ന ഉറുമ്പിന്റെ ജീവിതവും കാഴ്ചകളുമാണ് കഥയില്‍ അവതരിപ്പിക്കപ്പെടുന്നത്. തന്റെ കൂട്ടില്‍നിന്ന് പുറത്തിറങ്ങി ലോകം കണ്ടുനടക്കുന്ന ഗ്രഹാം പൈപ്പിനു മുന്നില്‍ ഒരു കാനറിപ്പക്ഷി പ്രത്യക്ഷപ്പെടുന്നു. കാനറി തന്നെ കൊത്തിത്തിന്നും എന്നു ഭയന്ന ഗ്രഹാമിനോട് 'താന്‍ ഉറുമ്പുകളെ തിന്നാറില്ല' എന്ന് കാനറി അറിയിക്കുന്നു. അകലെ കുന്നിന്‍ചെരിവിലുള്ള മേപ്പിള്‍മരത്തിലാണ് കാനറിപ്പക്ഷിയുടെ കൂട്. കൂട്ടില്‍ കുഞ്ഞുങ്ങളുണ്ട്. മരത്തിന്‍ചുവട്ടില്‍ ഒരു പാമ്പും ജീവിക്കുന്നു. ആ കുഞ്ഞുങ്ങളെക്കുറിച്ചുള്ള ആശങ്ക എപ്പോഴും കാനറിപ്പക്ഷിക്കുണ്ട്. തന്റെ കുഞ്ഞുങ്ങളെ ലോകത്തിന്റെ അപകടാവസ്ഥ പറഞ്ഞു മനസ്സിലാക്കിക്കൊടുക്കണം എന്ന കാനറിയുടെ നിര്‍ദേശം മാനിച്ച് ഉറുമ്പ് പക്ഷിയുടെ കാലില്‍ തൂങ്ങി പക്ഷിയുടെ വീട്ടിലെത്തുന്നു. കാനറി ഇരതേടിപ്പോയ സന്ദര്‍ഭത്തിലും ഒരു മുട്ടത്തോടില്‍ മറഞ്ഞിരുന്ന് ഉറുമ്പ് പക്ഷിക്കുഞ്ഞുങ്ങളെ വീക്ഷിക്കുന്നു. ജീവിതം വിശപ്പു മാത്രമാണ് എന്നു കരുതുന്ന പക്ഷിക്കുഞ്ഞുങ്ങളെ തന്റെ കാഴ്ചപ്പാടുകള്‍ പറഞ്ഞ് മനസ്സിലാക്കാനാവില്ലെന്ന് ഉറുമ്പ് തിരിച്ചറിയുന്നു. ഈ തിരിച്ചറിവോടെ പക്ഷിക്കൂട്ടില്‍നിന്ന് മടങ്ങാനൊരുങ്ങുന്ന ഉറുമ്പിനെ ഒരു പക്ഷിക്കുഞ്ഞ് കൊത്തിത്തിന്നാനൊരുങ്ങുന്നു. താഴെ വീണ് ഉറുമ്പ് മരിക്കുകയും ചെയ്യുന്നു. അപ്പോഴും പ്രകൃതിയിലെ മറ്റു ജീവികള്‍ അവയുടെ സ്വാഭാവിക ജീവിതം തുടരുകയാണ്.

ഉറുമ്പിന്റെ കഥയില്‍നിന്ന് മനുഷ്യന്റെ കഥയിലേക്ക് മാറിനിന്നുകൊണ്ട് ഈ കഥയെ വായിക്കാം. എല്ലാ ചെറിയ മനുഷ്യര്‍ക്കും സ്വന്തമായ കാഴ്ചപ്പാടുകളുണ്ട്. വലിയ മനുഷ്യര്‍ക്ക് വ്യത്യസ്തമായ കാഴ്ചപ്പാടുകളും. ഒരു വര്‍ഗത്തിന്റെ കാഴ്ചപ്പാട് മറ്റൊരു വര്‍ഗത്തിന് ഉണ്ടാവുക എളുപ്പമല്ല. ഉറുമ്പുകളെ തിന്നാതിരിക്കാനുള്ള ഒരു കനിവ് കാനറിപ്പക്ഷിക്കുണ്ട്. എന്നാല്‍ പക്ഷിക്കുഞ്ഞുങ്ങള്‍ക്ക് ആ കാഴ്ചപ്പാടില്ല. പക്ഷിക്കുഞ്ഞുങ്ങള്‍ക്ക് സുരക്ഷിതജീവിതം ഉപദേശിക്കാന്‍ പോയ ഉറുമ്പിനെയാണ് ആ പക്ഷിക്കുഞ്ഞുങ്ങള്‍ ഇരയാക്കുന്നത്. ഇതാണ് പ്രകൃതിനിയമം. വര്‍ഗപരമായ അന്തരം ഒരു യാഥാര്‍ഥ്യമാണ്. ആദര്‍ശംകൊണ്ട് അതിനെ മറികടക്കാനാവുകയില്ല എന്ന സാമൂഹികമായ ഒരു തിരിച്ചറിവ് ഈ കഥയിലുണ്ട്. അങ്ങനെ ഒരു ലാക്ഷണികകഥയുടെ സ്വഭാവം ഈ കഥയില്‍ വന്നുചേരുന്നുണ്ട്. എന്നാല്‍ ലാക്ഷണികകഥയായി കഥ പറയാനല്ല ശ്രീജിത്ത് ശ്രമിക്കുന്നത്. ഉറുമ്പിന്റെയും പക്ഷിയുടെയും കഥയായിത്തന്നെ കഥയെ നിലനിര്‍ത്താന്‍ കഥാകൃത്ത് ആഗ്രഹിക്കുന്നു. സാമൂഹികവ്യവസ്ഥയെ എന്നതിനെക്കാള്‍ പ്രകൃതിയുടെ വ്യവസ്ഥയെ പിന്തുടരാനുള്ള ശ്രമമാണ് കഥാകൃത്ത് നടത്തുന്നത്.

ഉറുമ്പിനെ മുന്‍നിര്‍ത്തി ജീവിതത്തെ സംബന്ധിച്ച ചില സാമാന്യതത്ത്വങ്ങള്‍ അല്ലെങ്കില്‍ നിരീക്ഷണങ്ങള്‍ ഒന്നിനു പിന്നില്‍ ഒന്നായി കഥാകൃത്ത് കൊരുത്തുവെക്കുന്നുണ്ട്. അതിലൂടെ തെളിഞ്ഞുവരുന്നത് കഥയുടെ താത്പര്യങ്ങള്‍ തന്നെയാണ്. ചില നിരീക്ഷണങ്ങള്‍ നോക്കുക:'ഭൂമിയില്‍ ഉറുമ്പുകള്‍ക്കെന്നല്ല ഒറ്റജീവികള്‍ക്കും തുല്യമായ അവകാശങ്ങളോ അധികാരങ്ങളോ പങ്കുവെക്കാന്‍ പറ്റില്ല.'
'പ്രകൃതി ഒരു വലിയ അപകടക്കൂടാണ്. അവിടെ എല്ലാവരും ജീവിച്ചു തെളിയിക്കണം. അതിന് ദൈവത്തെ കൂടെ കൂട്ടേണ്ടതും പ്രാര്‍ഥിക്കേണ്ടതും ജീവിക്കേണ്ടതും ജീവിയുടെ മാത്രം ഉത്തരവാദിത്വമാണ്.'

'ഭൂമിയില്‍ ജീവനു മുന്‍പും ഒരു കാലമുണ്ടായിരുന്നു. അതുകൊണ്ട് ഇവിടെ ജീവിതം തുടരേണ്ടത് ഭൂമിയുടെ ബാധ്യതകളല്ല. മരണത്തിലേക്ക് വീഴാതെ സൂക്ഷിക്കേണ്ടത് ജീവിയുടെ ഔചിത്യം മാത്രമാണ്.'
'ജീവിതദര്‍ശനങ്ങള്‍ മുഴുവന്‍ ഉണ്ടായിട്ടുള്ളത് വായുസഞ്ചാരമില്ലാത്ത അറകളില്‍ സൂക്ഷിക്കുന്ന ചില രഹസ്യങ്ങളുടെ മുകളിലാണ്.'
'ജീവിതത്തിന് സ്ഥൂലതയും സൂക്ഷ്മതയും ഇല്ല. ജീവിതം മരിക്കുംവരെയുള്ള ആത്മനിഷ്ഠമായ ഇന്ദ്രിയാനുഭവം മാത്രമാണ്.'
കഥയുടെ ദര്‍ശനം അഥവാ കാഴ്ചപ്പാടുതന്നെയാണ് ഇത്തരം നിരീക്ഷണങ്ങളില്‍ പ്രതിഫലിക്കുന്നത്. ഈ കാഴ്ചപ്പാടിന്റെ സാധൂകരണം എന്ന നിലയിലാണ് കഥയിലെ സംഭവങ്ങള്‍ അവതരിപ്പിക്കപ്പെടുന്നത്. മരണത്തെ അകറ്റിനിര്‍ത്തുക എന്ന ദൗത്യമാണ് ഏതു ജീവിക്കുമുള്ളത് എന്ന കാഴ്ചപ്പാടിന്റെ സൂക്ഷ്മതയാര്‍ന്ന ലക്ഷ്യവത്കരണമാണ് ഈ കഥയില്‍ നടക്കുന്നതെന്ന് ചുരുക്കത്തില്‍ പറയാം.

Book Cover
പുസ്തകം വാങ്ങാം


ഈ കഥയില്‍ മരണത്തിനും മരണത്തിനെതിരായ പോരാട്ടത്തിനുമുള്ള സാധൂകരണമാണ് നടക്കുന്നതെങ്കില്‍ 'രണ്ടു മരങ്ങള്‍' എന്ന കഥയില്‍ ജീവിതത്തിന് സാധൂകരണം നല്കാനുള്ള ഉദ്യമമാണ് നടക്കുന്നത്. സങ്കീര്‍ണമായ ഘടനയുള്ള ഈ കഥയ്ക്കുള്ളില്‍ മൂന്നു കഥകള്‍ സമാന്തരമായി അടുക്കിവെക്കുന്നുണ്ട്. ഏകാകിനിയായി ജീവിക്കുന്ന ശാന്തിയെന്ന അധ്യാപികയുടെ കഥയാണ് അക്കൂട്ടത്തില്‍ പ്രധാനം. ശാന്തിട്ടീച്ചര്‍ വായിക്കുന്ന ഒരു നോവലിലെ ഒലീവിയര്‍ എന്ന കുട്ടിയുടെയും മുത്തച്ഛന്റെയും കഥയാണ് രണ്ടാമത്തേത്. ടീച്ചറുടെ വീട്ടുമുറ്റത്തു നില്ക്കുന്ന പേരമരത്തിന്റെയും വേപ്പുമരത്തിന്റെയും കഥ മൂന്നാമത്തേതും. മൂന്നു വഴികളിലൂടെ സഞ്ചരിക്കുന്ന കഥകളെ സവിശേഷമായവിധത്തില്‍ കൂട്ടിച്ചേര്‍ത്തുകൊണ്ടാണ് കഥ ഒറ്റക്കഥയായി നിലനില്ക്കുന്നത്. ശാന്തിട്ടീച്ചറുടെ ഏകാന്തജീവിതത്തിനു സാക്ഷ്യംവഹിക്കുന്ന കഥാപാത്രങ്ങള്‍ എന്ന നിലയിലാണ് വേപ്പും പേരയും കഥയില്‍ സ്ഥാനം നേടുന്നതെങ്കിലും പ്രതീകാത്മകമായി അവയുടെ ജീവിതം ശാന്തിയുടെ ജീവിതത്തിലേക്ക് ഒരു സന്ദേശമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നുണ്ട്. 'മരങ്ങള്‍ക്ക് രണ്ടു മനസ്സാണ്, ഭൂമിക്കടിയിലും ഭൂമിക്കു മുകളിലും' എന്ന ഒരു പ്രസ്താവം കഥയുടെ തുടക്കത്തിലുണ്ട്. പരസ്യജീവിതത്തില്‍ രണ്ടു മരങ്ങളും വ്യത്യസ്തരാണ്. രണ്ടു ജാതികളോ വര്‍ഗങ്ങളോ വംശങ്ങളോ പദവികളോ ആവാം ആ വ്യത്യസ്തത. എന്നാല്‍ ഭൂമിക്കടിയില്‍ അവ പരസ്പരബന്ധിതരാണ്; പ്രണയബദ്ധരാണ്. പുറമേ കാണുന്നതല്ലാത്ത ഒരു രഹസ്യജീവിതം അവയ്ക്കുണ്ട് എന്നര്‍ഥം. പുറമേക്ക് സദാചാരത്തിന്റെയും സാമൂഹിക അച്ചടക്കത്തിന്റെയും വേഷം കെട്ടുമ്പോഴും സ്വകാര്യമായി, രഹസ്യമായി അതില്‍നിന്ന് വ്യത്യസ്തമായ ജീവിതവും മനുഷ്യര്‍ക്കുണ്ട്. 'അടിയില്‍ നിലകൊള്ളലിന്റെയും മുകളില്‍ പ്രജനനത്തിന്റെയും' എന്ന് കഥാകൃത്ത് എഴുതുന്നു. മനുഷ്യന്റെ ആത്മീയവും വൈകാരികവുമായ നിലനില്പ് ഈ രഹസ്യജീവിതത്തിലാണെന്ന സൂചനയാണ് കഥാകൃത്ത് ഇവിടെ നല്കുന്നത്.

കഥ തുടങ്ങുമ്പോള്‍ ശാന്തിട്ടീച്ചര്‍ ഒറ്റമരമാണ്. മധ്യവയസ്‌കയായ അവര്‍ ഇടവേളകളില്‍ പുസ്തകങ്ങള്‍ വായിച്ച് സമയം പോക്കുകയാണ്. ഭൂമിക്കു മുകളിലുള്ള അവരുടെ പരസ്യജീവിതം വിരസവും വിഷാദാത്മകവുമാണ്. ചെറിയ പ്രായത്തില്‍ത്തന്നെ മാതാപിതാക്കളെ നഷ്ടപ്പെട്ട ശാന്തിട്ടീച്ചര്‍ ഒട്ടേറെ പ്രതിസന്ധികളെയും കാമാസക്തരുടെ സമ്മര്‍ദങ്ങളെയും അതിജീവിച്ചാണ് ഇവിടെവരെ എത്തിയിട്ടുള്ളത്. അതുകൊണ്ടുതന്നെ ലോകത്തിനു നേര്‍ക്ക് നിസ്സാരമല്ലാത്ത കരുതലും ജാഗ്രതയും ശാന്തിട്ടീച്ചര്‍ക്കുണ്ട്. എന്നാല്‍ ഒരു ഇംഗ്ലീഷ് നോവല്‍ ശാന്തിട്ടീച്ചറുടെ കാഴ്ചപ്പാടുകള്‍ മാറ്റിമറിക്കുന്നു. സ്വന്തം സന്തോഷം സ്വയം കണ്ടെത്താനുള്ളതാണെന്ന ഒരു തിരിച്ചറിവോടെ ശാന്തിട്ടീച്ചര്‍ കടല്‍ത്തീരത്തു വെച്ചു കണ്ട ഒരു യുവാവിനെ വശീകരിക്കാന്‍ ശ്രമിക്കുന്നു. തന്റെ രഹസ്യജീവിതത്തിലേക്ക് അയാളെ ക്ഷണിക്കുകയും ചെയ്യുന്നു. അങ്ങനെ പേരയുടെയും വേപ്പിന്റെയും ഭൂമിക്കടിയിലെ ജീവിതംപോലെ ഒരു രഹസ്യജീവിതം ശാന്തിട്ടീച്ചര്‍ക്കും കൈവരുന്നു.

ശാന്തിട്ടീച്ചര്‍ വായിക്കുന്ന നോവലിലെ ഒലീവിയറുടെ കഥയും ചില സന്ദേശങ്ങള്‍ നല്കിക്കൊണ്ട് അവരുടെ ജീവിതത്തിലേക്ക് കയറിനില്ക്കുന്നുണ്ട്. ഫ്രാന്‍സിലെ ഒരു ഗ്രാമത്തില്‍ മുത്തശ്ശനോടൊപ്പം ജീവിക്കുന്ന ബാലനാണ് ഒലീവിയര്‍. ദുഷ്ടനായ പിതാവിന്റെ കൈയില്‍നിന്ന് രക്ഷിച്ചെടുത്തു വളര്‍ത്തുകയാണ് മുത്തശ്ശന്‍. മുത്തശ്ശന്‍ മരിച്ചാല്‍ വീണ്ടും ആ പിതാവിന്റെ കൂടെ വേണം വളരാന്‍. ഒലീവിയറുടെ ഈ അവസ്ഥയുമായി തന്മയീഭവിക്കുകയാണ് ശാന്തിട്ടീച്ചര്‍. അവനെപ്പോലെ അനാഥത്വം സൃഷ്ടിക്കുന്ന ഏകാന്തതയാണ് ശാന്തിട്ടീച്ചറുടെയും പ്രശ്‌നം. അതിനെ എങ്ങനെ മറികടക്കുമെന്ന് ഒലീവിയറിന് അറിയില്ല. എന്നാല്‍ സ്വന്തം ജീവിതം, തന്റെ സന്തോഷം താന്‍തന്നെ തിരഞ്ഞെടുക്കേണ്ടതാണെന്ന സ്വാതന്ത്ര്യം വിനിയോഗിക്കാന്‍ തീരുമാനിക്കുകയാണ് ശാന്തിട്ടീച്ചര്‍.

ജീവിതത്തിന് സാധൂകരണം നല്കുവാനുള്ള ശ്രമമാണ് ഈ കഥയിലെ മരങ്ങളും ഒലീവിയറും ശാന്തിട്ടീച്ചറും നടത്തുന്നത്. ജീവിതമെന്നാല്‍ ഒരു അതിജീവനതന്ത്രമാണെന്ന ആശയമാണ് ആത്യന്തികമായി ഈ കഥയിലൂടെ കഥാകൃത്ത് പറയാന്‍ ശ്രമിക്കുന്നത്.
ശ്രീജിത്തിന്റെ മിക്ക കഥകളിലും ജീവിതം തന്നെയാണ് പ്രശ്‌നവത്കരിക്കപ്പെടുന്നത്. ജീവിതം പടുത്തുയര്‍ത്താന്‍ വേണ്ടി യത്‌നിക്കുക. ചുറ്റുപാടുകളും സാഹചര്യങ്ങളും അന്യരും ആ യത്‌നത്തെ പരാജയപ്പെടുത്താന്‍ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കും. അവയെ എങ്ങനെ മറികടക്കാം എന്ന നിരന്തരമായ സംഘര്‍ഷമാണ് ഈ കഥകളില്‍ ആവിഷ്‌കരിക്കപ്പെടുന്നത്.ജീവിതം ഒരു പ്രശ്‌നമായതുകൊണ്ട് മരണവും അതിനോടൊപ്പം നേരിടേണ്ട ഒരു പ്രശ്‌നം തന്നെ. ജീവിതത്തോടൊപ്പം സഞ്ചരിക്കുന്ന ഒന്നാണ് മരണവും. അതുകൊണ്ടുതന്നെ ജീവിതവും മരണവും തമ്മിലുള്ള ഒരു സംവാദമായി ശ്രീജിത്തിന്റെ പല കഥകളും മാറുന്നു. ഈ സമാഹാരത്തിലെ ആദ്യത്തെ കഥ 'ഗോള്‍ഡന്‍ ഗേറ്റ് പാലത്തിലെ ആത്മഹത്യ'തന്നെ അതിന് മികച്ച ഉദാഹരണമാണ്. ആത്മഹത്യ ചെയ്യാനൊരുങ്ങി പാലത്തിന്റെ കൈവരിക്കപ്പുറം കടന്നുനില്ക്കുന്ന കാതറിന്‍ എന്ന സ്ത്രീയും അവളെ ആ ആത്മഹത്യയില്‍നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്ന ആത്മഹത്യാപട്രോളിങ് ടീം അംഗമായ കെവിനും തമ്മിലുള്ള സംഭാഷണമാണ് കഥയുടെ ഉള്ളടക്കം. നാലു നാള്‍ മുന്‍പ് തന്റെ കുഞ്ഞ് ജനാലവഴി കെട്ടിടത്തില്‍നിന്ന് വീണു മരിച്ചതിന്റെ ദുഃഖം താങ്ങാനാവാതെയാണ് കാതറിന്‍ ആത്മഹത്യ ചെയ്യാനൊരുങ്ങുന്നത്. ആത്മഹത്യയില്‍നിന്ന് പിന്തിരിഞ്ഞാല്‍ എന്തു തരും എന്ന കാതറിന്റെ ചോദ്യത്തിന് 'ചുംബനം' എന്നാണ് കെവിന്റെ മറുപടി. പറഞ്ഞതുപോലെ ആത്മഹത്യയില്‍നിന്നും പിന്തിരിഞ്ഞ കാതറിനെ കെവിന്‍ ചുംബിക്കുകയും ചെയ്യുന്നു. ഇവിടെനിന്ന് കഥയില്‍ വലിയൊരു ട്വിസ്റ്റ് സംഭവിക്കുകയാണ്. വീട്ടിലേക്ക് മടങ്ങുന്ന കാതറിന്റെ സ്വപ്‌നത്തില്‍ പ്രത്യക്ഷപ്പെടുന്നത് ആത്മഹത്യ ചെയ്ത കെവിന്റെ രൂപമാണ്. മരണമാണ് കഥയുടെ പ്രമേയം. ജീവിതത്തില്‍ പ്രണയം നഷ്ടപ്പെടുമ്പോള്‍, സ്‌നേഹം നഷ്ടപ്പെടുമ്പോള്‍ മനുഷ്യന്‍ മരണത്തെ സ്‌നേഹിക്കാന്‍ തുടങ്ങുന്നു. കാതറിന്‍ മരണത്തെ സ്‌നേഹിക്കുന്നതിന്റെ യുക്തി അതാണ്. അതേ യുക്തി കെവിനില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങുന്നത് സൂചിപ്പിച്ചുകൊണ്ട് കഥ അവസാനിക്കുന്നു. ഒരാള്‍ മരണത്തില്‍നിന്ന് ജീവിതത്തിലേക്ക് മടങ്ങുമ്പോള്‍ത്തന്നെ മറ്റൊരാള്‍ ജീവിതത്തില്‍നിന്ന് മരണത്തിലേക്ക് വീഴുന്നുണ്ട്. അതാണ് ജീവിതത്തിന്റെ കളി. ഈ അനുഭവത്തെ ദാര്‍ശനികമായി തിരിച്ചറിവുകളാക്കി അവതരിപ്പിക്കുകയാണ് ഈ കഥ.
ദാമ്പത്യത്തിനകത്തെ സംഘര്‍ഷങ്ങള്‍ ആവിഷ്‌കരിക്കുന്ന 'പാവ' എന്ന കഥ യഥാര്‍ഥത്തില്‍ ജീവിതാസക്തിയുടെ സങ്കീര്‍ണതലങ്ങളാണ് ആവിഷ്‌കരിക്കുന്നത്. ഭാര്യയുടെ സ്‌നേഹം തനിക്കു മാത്രം കിട്ടണമെന്നു ശഠിക്കുന്ന ഭര്‍ത്താവ്. എന്നാല്‍ അച്ഛന്റെ സമ്മാനമായി കിട്ടിയ ഒരു പാവയുമായി സദാ സമ്പര്‍ക്കത്തിലാവുന്ന ഭാര്യ. ഇവര്‍ക്കിടയില്‍ ശക്തിപ്പെടുന്ന പൊരുത്തമില്ലായ്മകളാണ് കഥയുടെ ഉള്ളടക്കം. തന്റെ ഭാര്യയോട് വെറുപ്പ് ശക്തിപ്പെടുന്ന സന്ദര്‍ഭത്തിലാണ് 'നിങ്ങളുടെ പങ്കാളി ആദ്യം മരിക്കുമെന്ന്' ഒരു കൈനോട്ടക്കാരന്റെ പ്രവചനം കേള്‍ക്കേണ്ടിവരുന്നത്. മരണം ഒരു യാഥാര്‍ഥ്യമായി മുന്നിലേക്കു വരുന്നതോടെ ഭര്‍ത്താവിന്റെ മനസ്സ് മാറുന്നു. ജീവിതം വിലപിടിപ്പുള്ള ഒരു സാധനമാണെന്ന് പെട്ടെന്ന് അയാള്‍ക്ക് ബോധോദയം ഉണ്ടാകുന്നു. മരണത്തിനു മുന്‍പില്‍ പകച്ചുപോകുന്ന ജീവിതത്തെയാണ് കഥാന്ത്യത്തില്‍ നമുക്ക് കാണാനാവുന്നത്. മാനേജരുടെ ആക്ഷേപങ്ങള്‍ക്ക് ഇരയായി നിരന്തരം അപമാനിക്കപ്പെടുന്ന രണ്ടു കമ്പനി ജീവനക്കാരുടെ ആത്മസംഘര്‍ഷങ്ങളാണ് 'പുകവലിക്കുമ്പോള്‍ ചിന്തിക്കുന്നത്' എന്ന കഥയുടെ ഉള്ളടക്കം.

ജീവിച്ചിരിക്കെത്തന്നെ മൃതതുല്യരായി മാറേണ്ടിവരുന്നവരാണ് പുതിയ കാലഘട്ടത്തിലെ തൊഴിലാളികള്‍. 'വെന്തുപോയ ജീവനെ ഈ കൂട്ടിലിട്ട് ഞാനെത്രകാലം നടക്കും' എന്നാണ് കമ്പനിത്തൊഴിലാളിയായ ഒരാളുടെ ആത്മഗതം. സ്വന്തം അന്തസ്സും അഭിമാനവും പണയപ്പെടുത്തി ജീവിക്കുന്ന നവകാലത്തെ തൊഴിലാളി ആത്മീയമായി മരണപ്പെട്ടവനാണ്. കോര്‍പ്പറേറ്റ് സ്ഥാപനങ്ങളില്‍ പണിയെടുക്കുന്ന പുതിയ തലമുറ യുവാക്കളുടെ ആത്മീയമരണങ്ങളെ തീവ്രമായ ശൈലിയില്‍ അവതരിപ്പിക്കാന്‍ ഈ കഥയ്ക്ക് കഴിയുന്നു. 'ലയണല്‍ മെസ്സിയുടെ ചില ജനിതകപ്രശ്‌നങ്ങള്‍,' 'സ്വപ്‌നങ്ങള്‍ അടയാളങ്ങള്‍' തുടങ്ങിയ കഥകളിലും ഇത്തരത്തിലുള്ള ആത്മീയമരണങ്ങള്‍ വിഷയമായി കടന്നുവരുന്നുണ്ട്. ജീവിതം എങ്ങനെ ജീവിക്കാന്‍ കൊള്ളാവുന്നതാക്കാം, മരണത്തെ എങ്ങനെ ചെറുത്തുനില്ക്കാം എന്നീ അന്വേഷണങ്ങളാണ് ശ്രീജിത്തിന്റെ പല കഥകളിലും നടക്കുന്നത്.

ശ്രീജിത്തിന്റെ കഥകളുടെ സ്ഥലപശ്ചാത്തലം കേരളമോ ഇന്ത്യയോ അല്ല, ലോകമാകെത്തന്നെയാണ്. സാര്‍വദേശീയമെന്നു വിശേഷിപ്പിക്കാവുന്ന മനുഷ്യാനുഭവങ്ങളെയാണ് ശ്രീജിത്ത് കഥയിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുന്നത്. ശ്രീജിത്തിന്റെ ജന്മദേശമായ മാഹി ഒരു സ്ഥലപശ്ചാത്തലമായി കടന്നുവരുന്നത് 'സ്വപ്‌നങ്ങള്‍ അടയാളങ്ങള്‍' എന്ന കഥയില്‍ മാത്രമാണ്. 'ലയണല്‍ മെസ്സിയുടെ ചില ജനിതകപ്രശ്‌നങ്ങള്‍,' 'പാവ' എന്നീ കഥകളില്‍ കേരളീയമായ അന്തരീക്ഷമുണ്ടെന്നും കാണാം. മറ്റു കഥകളുടെ സ്ഥലം കേരളീയമോ ഭാരതീയമോ അല്ല. 'ഗോള്‍ഡന്‍ ഗേറ്റ് പാലത്തിലെ ആത്മഹത്യ' എന്ന കഥയുടെ സ്ഥലം കാലിഫോര്‍ണിയ ആണ്. 'ലയണല്‍ മെസ്സി...' എന്ന കഥയില്‍ സുനില്‍ എന്ന മലയാളി യുവാവിന്റെ ജനിതകവേരുകള്‍ യൂറോപ്പിലും ആഫ്രിക്കയിലും ലാറ്റിനമേരിക്കയിലുമൊക്കെയാണ്. 'സ്വപ്‌നങ്ങള്‍ അടയാളങ്ങള്‍' എന്ന കഥയിലെ പ്രധാനസംഭവങ്ങള്‍ നടക്കുന്നത് ബര്‍മയിലാണ്. ഇങ്ങനെയൊരു ആഗോളമനുഷ്യനെ, ആഗോളമനുഷ്യാവസ്ഥയെ മുന്‍നിര്‍ത്തിയാണ് ശ്രീജിത്ത് ഓരോ കഥയും മെനയുന്നത്. വര്‍ഷങ്ങളായി ഗള്‍ഫ് രാജ്യങ്ങളില്‍ പ്രവാസജീവിതം നയിക്കുന്ന ശ്രീജിത്തിനെ സംബന്ധിച്ച് മനുഷ്യാനുഭവങ്ങള്‍ എന്നാല്‍ കേരളീയാനുഭവങ്ങള്‍ എന്നര്‍ഥമില്ല. വ്യത്യസ്ത നാടുകളിലെ മനുഷ്യരും അവരുടെ അനുഭവങ്ങളും ശ്രീജിത്തിന്റെ പരിചയസീമയിലുണ്ട്. അവരിലൂടെ സാമാന്യവത്കരിക്കപ്പെടുന്ന അനുഭവങ്ങളും ആശയങ്ങളും ജീവിതദര്‍ശനങ്ങളുമാണ് ശ്രീജിത്തിന്റെ കഥകളിലും പ്രവര്‍ത്തിക്കുന്നത്. അകേരളീയമായ അനുഭവങ്ങളെ വളരെ സ്വാഭാവികമായിത്തന്നെ ഇന്ന് വലിയ അളവില്‍ അവതരിപ്പിച്ചുപോരുന്നുണ്ട്. മലയാള കഥയുടെ അനുഭവലോകത്തെ വികസിതമാക്കാന്‍ അതിലൂടെ സാധിക്കുന്നു. ശ്രീജിത്തിന്റെ കഥകളും അത്തരമൊരു ദൗത്യം വിദഗ്ധമായി നിര്‍വഹിച്ചുപോരുന്നുണ്ട്.

ശ്രീജിത്തിന്റെ കഥകളുടെ പ്രധാന സവിശേഷത പൊതുവേ ആരും കാണാത്ത ചില സൂക്ഷ്മാനുഭവങ്ങള്‍ ആവിഷ്‌കരിക്കാന്‍ ശ്രമിക്കുന്നു എന്നതാണ്. അവയാകട്ടെ, ദാര്‍ശനികമായ ഫ്രെയിമിനകത്തു നില്ക്കുന്ന അനുഭവങ്ങളുമാണ്. ജീവിതത്തെ ജീവിതമായി നേരിടുകയല്ല ശ്രീജിത്ത് ചെയ്യുന്നത്; ഒരു ദാര്‍ശനികപ്രശ്‌നമെന്ന നിലയില്‍ സമീപിക്കുകയാണ്. പലപ്പോഴും അതുതന്നെയാണ് കഥയുടെ വിഷയവും. ദാര്‍ശനികമായി സമീപിക്കുമ്പോള്‍ ജീവിതം അസാധാരണമായ വളവും തിരിവുകളും ഉള്ളതായി അനുഭവപ്പെടും. ജീവിതത്തെ ഇത്തരത്തില്‍ കാണുവാനും വ്യാഖ്യാനിക്കുവാനുമാണ് കഥകളിലൂടെ ശ്രീജിത്ത് ശ്രമിക്കുന്നത്. അതിനു പാകത്തില്‍ കഥയുടെ ആഖ്യാനവും സജ്ജീകരിക്കാന്‍ ശ്രീജിത്തിനു കഴിയുന്നു. ദാര്‍ശനികമായ വീക്ഷണകോണ്‍, അതിന്റെ വിശദീകരണംപോലുള്ള നിരീക്ഷണങ്ങള്‍, പ്രസ്താവനകള്‍, സൂക്ഷ്മാംശങ്ങളോടെയുള്ള പശ്ചാത്തലവിവരണം, ഉപകഥകളിലേക്ക് സംക്രമിക്കുന്ന അവതരണതന്ത്രങ്ങള്‍ ഇങ്ങനെ സവിശേഷമായ പദ്ധതികള്‍ ഉള്‍ക്കൊള്ളുന്നു ആ ആഖ്യാനം.

ദാര്‍ശനികമായ ഉള്ളടക്കംകൊണ്ടും ജീവിതവ്യാഖ്യാനംകൊണ്ടും മലയാള കഥയിലെ ആധുനികഭാവുകത്വത്തോടു ചാഞ്ഞുനില്ക്കുന്ന പ്രതീതി സൃഷ്ടിക്കുന്നു ഈ കഥകള്‍. എന്നാല്‍ ആധുനികതയില്‍നിന്ന് ബഹുദൂരം മുന്നേറിയ ആഖ്യാനരീതികള്‍കൊണ്ട് ആ ഭാവുകത്വത്തെ ചെറുത്തുനില്ക്കാനും കഥാകൃത്തിന് സാധിക്കുന്നു. മേതില്‍ രാധാകൃഷ്ണനില്‍നിന്ന് ആരംഭിക്കുന്ന ഒരു ആഖ്യാനപാരമ്പര്യത്തെ പിന്‍പറ്റുന്നുണ്ട് ഈ കഥകള്‍. എന്നാല്‍ അപ്പോഴും വ്യത്യസ്തമായ ജീവിതബോധംകൊണ്ടും രചനാതന്ത്രംകൊണ്ടും ആ പാരമ്പര്യത്തെയും മറികടന്നുപോകാന്‍ ഈ കഥകള്‍ ശ്രമിക്കുന്നുണ്ട്. അങ്ങനെ ആധുനികാനന്തരകഥയുടെ ഒരു വ്യത്യസ്ത മുഖമാവാന്‍ ഈ കഥകള്‍ കെല്പു നേടുകയും ചെയ്യുന്നു.

Content highlights : Book Review by Dr Valsalan Vathussery Lional Messyude Chila Janithakaprasnangal by Sreejith Konnoli

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Civic Chandran

1 min

ലൈംഗിക പ്രകോപനമുണ്ടാക്കുന്ന വസ്ത്രംധരിച്ചു; സിവിക് ചന്ദ്രന്‍ കേസില്‍ പരാതിനിലനില്‍ക്കില്ലെന്ന് കോടതി

Aug 17, 2022


shane warne

1 min

'വോണുമായി ഞാന്‍ ഡേറ്റിങ്ങിലായിരുന്നു, ബന്ധം രഹസ്യമാക്കി സൂക്ഷിക്കാന്‍ അദ്ദേഹം പറഞ്ഞു'

Aug 17, 2022


satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022

Most Commented