ഷോർഷ് സിമെനോൻ
മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിക്കുന്ന, വിഖ്യാത ഫ്രഞ്ച് നോവലിസ്റ്റ് ഷോര്‍ഷ് സിമെനോന്റെ(Georges simenon) 'മെയ്ഗ്രേ കെണിയൊരുക്കുന്നു' എന്ന നോവല്‍ മൊഴിമാറ്റിയ പ്രവീണ്‍ ചന്ദ്രന് പുസ്തകത്തിന് എഴുതിയ ആമുഖം വായിക്കാം..
കുറ്റാന്വേഷണ നോവലുകള്‍ സാഹിത്യമൂല്യത്തിന്റെ ശൃംഗങ്ങളെ സ്പര്‍ശിക്കുന്നുണ്ടെങ്കില്‍ അത് ഷോര്‍ഷ് സിമെനോന്‍ (Georges simenon) എഴുതിയ 'ഇന്‍സ്പെക്ടര്‍ മെയ്ഗ്രേ' നോവലുകളിലൂടെയായിരിക്കും. ആരാണ് കുറ്റവാളി എന്ന ചോദ്യത്തിന്റെ ചൂണ്ടക്കൊളുത്തില്‍ കൊത്തുന്ന വായനക്കാരനെ നോവലിസ്റ്റ് ഇഷ്ടമുള്ള വഴികളിലൂടെ കൊണ്ടുപോകുന്ന സാമ്പ്രദായിക രീതിയില്‍ കുറ്റാന്വേഷണ നോവലുകള്‍ എഴുതുന്നയാളല്ല സിമെനോന്‍. വായനക്കാരനില്‍ ഉദ്വേഗം നിറയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ കഥാപാത്രങ്ങള്‍ വെറും കാര്‍ഡ് ബോര്‍ഡ് രൂപങ്ങളായി മാറും എന്ന പരിമിതിയുണ്ട്. ആ പരിമിതിയെ മറികടക്കാന്‍ സിമെനോന്‍ വ്യത്യസ്ത ചുറ്റുപാടുകളില്‍ ജീവിക്കുന്ന കഥാപാത്രങ്ങളെ വായനക്കാര്‍ക്ക് പരിചയപ്പെടുത്തുകയും ആ കഥാപാത്രങ്ങള്‍ എങ്ങനെ ഒരു കുറ്റവാളി ആയി മാറി എന്ന് ബോധ്യപ്പെടുത്തുകയും ചെയ്യുന്നു. സ്വാഭാവികമായും ഇത്തരമൊരു പ്രക്രിയ മനഃശ്ശാസ്ത്ര വിശകലനത്തിലൂടെ മാത്രമേ സാധിക്കുകയുള്ളൂ. ഓരോ ഇന്‍സ്പെക്ടര്‍ മെയ്ഗ്രേ നോവലുകളും ഒരു മനഃശ്ശാസ്ത്ര പഠനമാകുന്നതും അതുകൊണ്ട് തന്നെയാണ്.
കുറ്റാന്വേഷണ നോവലിസ്റ്റുകള്‍ നേരിട്ട ദുരന്തം അവര്‍ സൃഷ്ടിച്ച കഥാപാത്രങ്ങള്‍ മിക്കവരും എഴുത്തുകാരോളം പ്രശസ്തരായി മാറി എന്നതാണ്. 'ഷെര്‍ലക് ഹോംസ'് എന്ന ഡിക്ടറ്റീവ് ആര്‍തര്‍ കോനന്‍ ഡോയല്‍ എന്ന പേരിന് മുകളില്‍ വേരുകളാഴ്ത്തി എഴുത്തുകാരനേക്കാള്‍ പ്രശസ്തിയുള്ള വൃക്ഷമായി വളര്‍ന്നു. പൊയ്റോട്ടും മിസ് മാര്‍പ്പിളും അഗതാ ക്രിസ്റ്റിയോളം പ്രശസ്തരായി. ജി.കെ ചെസ്റ്റര്ട്ടനെപ്പറ്റി പറയുമ്പോഴൊക്കെ 'ഫാദര്‍ ബ്രൗണ്‍' എന്ന് പേര് പരാമര്‍ശിക്കുന്നു. എന്നാല്‍ ഷോര്‍ഷ് സിമെനോന്‍ (Georges simenon) എന്ന ബല്‍ജിയന്‍ എഴുത്തുകാരന് മേല്‍പ്പറഞ്ഞ എഴുത്തുകാരില്‍ നിന്നെല്ലാം വ്യത്യസ്തനായിരുന്നു. തന്റെ കുറ്റാന്വേഷണ കഥാപാത്രമായ ഇന്‍സ്പെക്ടര്‍ മെയ്ഗ്രേ(Inspector Migret) എന്ന കഥാപാത്രത്തിന്റെ ജീവിതത്തേക്കാള്‍ കൗതുകം നിറഞ്ഞതായിരുന്നു സിമെനോന്‍ എന്ന എഴുത്തുകാരന്റെ ജീവിതം.
സിമെനോന്‍, നോവലുകള്‍ എഴുതുന്ന രീതി രസകരമാണ്. ബോധത്തിലും അബോധത്തിലുമായി രണ്ടോ മൂന്നോ നോവല്‍ പ്രമേയങ്ങള്‍ മനസ്സിലിട്ട് കൊണ്ടു നടക്കുന്നതാണ് അദ്ദേഹത്തിന്റെ രീതി. എന്നാല്‍ നോവലെഴുതാന്‍ തീരുമാനിക്കുന്നതിന്റെ രണ്ട് ദിവസം മുമ്പ് അദ്ദേഹം കാര്യങ്ങളെപ്പറ്റി ഗൗരവത്തില്‍ ചിന്തിക്കാന്‍ തുടങ്ങുന്നു. അതോടെ നോവലിലേക്ക് വെളിച്ചം വീശുന്ന ചില കാര്യങ്ങള്‍ മനസ്സിലെത്തിത്തുടങ്ങും. കഥ നടക്കുന്നത് മഞ്ഞുകാലത്താണോ വേനല്‍ക്കാലത്താണോ, ഫ്രാന്‍സിലെ ഏതെങ്കിലും പ്രദേശത്താണോ അരിസോണയിലാണോ തുടങ്ങിയ കാര്യങ്ങളാണ് മനസ്സില്‍ തെളിയുക. അദ്ദേഹത്തിന്റെ പരിചയത്തിലുള്ള ചില വ്യക്തികളോ ഭാവനയില്‍ വിരിഞ്ഞ ചിലരോ അല്ലെങ്കില്‍ രണ്ടിന്റേയും സങ്കരമായോ ചില കഥാപാത്രങ്ങളാണ് അടുത്തതായി മനസ്സിലെത്തുന്നത്. മുമ്പ് ചിന്തിച്ച ഏതെങ്കിലും ഒരു ആശയവുമായി ഇവയെ ബന്ധിപ്പിക്കാന്‍ തുടങ്ങും. ആ മനുഷ്യരുടെ പ്രശ്നങ്ങള്‍ ഒരു നോവലായി പരിണമിക്കുന്നു. നോവല്‍ എഴുതാന്‍ തുടങ്ങുന്നതിന് മുമ്പുള്ള ചിന്തകളെപ്പറ്റിയാണ് ഇത്രയും പറഞ്ഞത്. നോവലെഴുത്തിന്റെ പ്രയോഗിക തയ്യാറെടുപ്പുകള്‍ പിന്നെയുമുണ്ട്.
നോവലിനെപ്പറ്റി സിമെനോന്‍ ഈ വിധം ഗൗരവത്തില്‍ ആലോചിച്ച് തുടങ്ങിയാല്‍ പിന്നെ എഴുത്ത് നീട്ടിവെക്കാനാവില്ല. കഥാപാത്രങ്ങളെപ്പറ്റിയും അവരുടെ ബന്ധങ്ങളെപ്പറ്റിയും കുറിച്ചു വെക്കാന്‍ കത്തയയ്ക്കാനുപയോഗിക്കുന്ന ലക്കോട്ടുകളും കഥാപാത്രങ്ങള്‍ക്ക് പേരുകള്‍ കണ്ടെത്താന്‍ ടെലിഫോണ്‍ ഡയറക്ടറിയും കഥ നടക്കുന്ന സ്ഥലത്തിന്റെ ഒരു മാപ്പും എഴുത്ത് തുടങ്ങുന്നതിന് മുമ്പ് അദ്ദേഹം തയ്യാറാക്കി വെക്കുന്നു. പിന്നീട് ഒരു ജ്യാമിതീയ പ്രശ്നം പോലെയാണ് എഴുത്ത്. ഒരു പുരുഷന്, ഒരു സ്ത്രീ, ചില ചുറ്റുപാടുകള്‍. അവര്‍ അവരുടെ പരിധികള്‍ ലംഘിച്ച് മുന്നോട്ടുപോയാല്‍ എന്താണ് സംഭവിക്കുക? ചിലപ്പോള്‍ ചെറിയ ഒരു സംഭവം അവരുടെ ജീവിത്തെ മാറ്റി മറയ്ക്കുന്നു. പിന്നീട് അദ്ധ്യായങ്ങളായി നോവല്‍ എഴുതുകയായി.
ഒരു നോവല്‍ മനസ്സില്‍ വന്നാല്‍ അത് എത്രയും പെട്ടെന്ന് കടലാസിലാക്കണം എന്നത് സിമെനോന്‍ നിര്‍ബന്ധമാണ്. ആറോ ഏഴോ ദിവസം കൊണ്ട് നോവല്‍ പൂര്‍ത്തിയാക്കണം. എഴുതാന്‍ തുടങ്ങിയാല്‍ പൂര്‍ണ്ണമായ ഒറ്റപ്പെടല്‍. ഒരു ദിവസം എണ്‍പത് പേജുവരെ എഴുതുക. അവസാനത്തെ മൂന്ന് ദിവസം എഡിറ്റ് ചെയ്ത് തെറ്റുകുറ്റങ്ങള്‍ തീര്‍ക്കുക. പതിനൊന്നാമത്തെ ദിവസം നോവല്‍ പൂര്‍ത്തിയാക്കി സിമെനോന്‍ പുറത്ത് വരുന്നു. പത്ത് ദിവസം തുടര്‍ച്ചയായ എഴുതാനുള്ള ആരോഗ്യം ഉറപ്പാക്കുന്നതിന് ഒരു ഡോക്ടര്‍ വിശദമായ പരിശോധന നടത്തും. നോവലെഴുതിക്കഴിഞ്ഞ് ബ്ലഡ് പ്രഷറും മറ്റും പിന്നെയും പരിശോധിക്കും. ഇടക്ക് എന്തെങ്കിലും ആരോഗ്യം പ്രശ്നം വന്നാല്‍ ആ നോവല്‍ അപ്പാടെ ഉപേക്ഷിക്കുന്ന പതിവുള്ളതിനാലാണ് ഈ വിദഗ്ധ പരിശോധന. എത്രയും പെട്ടെന്ന് എഴുതിത്തീര്‍ക്കാനുള്ള ഈ വ്യഗ്രത കാരണം മിക്കവാറും സിമെനോന്നോവലുകളുടെ വലുപ്പം നൂറ്റമ്പത് പേജിനും ഇരുന്നൂറ് പേജിനും ഇടയിലാണ്.
.jpg?$p=48405e6&&q=0.8)
1903 ഫെബ്രുവരി 13ന് ഒരു ഇന്‍ഷൂറന്‍സ് ഓഫീസിലെ ക്ലാര്‍ക്കിന്റെ മകനായാണ് സിമെനോന്‍ ജനിച്ചത്. അച്ഛന്റെ ഹൃദ്രോഗബാധയെത്തുടര്‍ന്ന് പതിനഞ്ചാമത്തെ വയസ്സില്‍ സിമെനോന്‍ പഠനം നിര്‍ത്തി. ജന്മരാജ്യമായ ബെല്‍ജിയം വിട്ട്, ഉപജീവനാര്‍ത്ഥം പാരീസിലെത്തി പത്രപ്രവര്‍ത്തകനായി. എഴുത്തിന്റെ ആദ്യകാലത്ത്, പതിനെട്ട് വയസ്സു മുതല്‍ മുപ്പത് വയസ്സുവരെയുള്ള കാലഘട്ടത്തില്‍, ജീവിതവൃത്തിക്ക് പത്രപ്രവര്‍ത്തകനായി ജോലി ചെയ്യുന്നതിനിടയില്‍ പതിനെട്ട് പേരുകളിലായി ഇരുന്നൂറോളം നോവലുകള്‍ സിമെനോന്‍ എഴുതിയിട്ടുണ്ട് (മറ്റ് പല കാര്യങ്ങളിലെന്നതുപോലെ അദ്ദേഹം എത്ര തൂലികാനാമം ഉയോഗിച്ചിരുന്നു എന്ന കാര്യത്തില്‍ കൃത്യതയില്ലായ്മയുണ്ട്). അക്കാലത്ത് നഗരത്തിന്റെ ഇരുണ്ട ഇടങ്ങളെപ്പറ്റിയും അരിക് ജീവിതങ്ങളെപ്പറ്റിയും അടുത്ത് മനസ്സിലാക്കാന്‍ സിമെനോന്‍ സാധിച്ചു.
പാരീസിലെ ജീവിതത്തിനിടയ്ക്ക് ബാറുകളും വില കുറഞ്ഞ ഹോട്ടലുകളും വേശ്യാലയങ്ങളും ഈയിടങ്ങളിലെ കുറ്റകൃത്യങ്ങളും പോലീസ് നടപടികളും അന്വേഷണളും മറ്റുമായി അദ്ദേഹം പരിചയപ്പെട്ടു. ക്രിമിനോളജിയുമായി ബന്ധപ്പെട്ട പ്രസംഗങ്ങള്‍ കേള്‍ക്കാനുള്ള അവസരങ്ങള്‍ പ്രയോജനപ്പെടുത്തി. അദ്ദേഹത്തിന്റെ നോവലുകളില്‍ ആവര്‍ത്തിച്ചു വരുന്ന പ്രമേയങ്ങളും ചുറ്റുപാടുകളും ഇക്കാലത്തെ അനുഭവത്തില്‍ നിന്ന് ഉരുത്തിരിഞ്ഞ് വന്നവയാണ്. പല പേരുകളില്‍ നോവലുകളും നര്‍മ്മങ്ങളും ചെറുകഥകളും മറ്റും എഴുതിയിരുന്ന സിമെനോന്‍ മുപ്പത് വയസ്സായപ്പോള്‍ സ്വന്തം പേരില്‍ മാത്രം എഴുതാം എന്ന് തീരുമാനിച്ചു.
മരിക്കുന്നതിന് മുമ്പ് അദ്ദേഹം പിന്നെയും ഇരുന്നൂറ്റി അമ്പതിലധികം നോവലുകള്‍ എഴുതി. അഞ്ഞൂറിലധികം ചെറുകഥകളും അദ്ദേഹത്തിന്റേതായുണ്ട്. ഇന്‍സ്പക്ടര്‍ മെയ്ഗ്രേ എന്ന പേരില്‍ ബല്‍ജിയം ഡിക്ടറ്റീവിനെ സൃഷ്ടിച്ച് എഴുപത്തിയാറ് നോവലുകള്‍ എഴുതി. എഴുത്തില്‍ നിന്നുള്ള വരുമാനത്തിലൂടെ സമ്പന്നനായ ഈ എഴുത്തുകാരന് ഫ്രാന്‍സ്, യു.എസ്, ക്യാനഡ, സ്വിറ്റ്സര്‍ലാന്റ് തുടങ്ങിയ രാജ്യങ്ങളില്‍ താമസിച്ചു. 1989 സെപ്റ്റംബര്‍ 4ന് എണ്‍പത്തിയാറാമത്തെ വയസ്സില്‍ സ്വാഭാവിക കാരണങ്ങളാല്‍ മരിച്ചു.
എഴുത്തിനോടുള്ള അതിരുകടന്ന അഭിനിവേശം പോലെ അദ്ദേഹത്തിന് തടുക്കാനാവാത്ത മറ്റൊന്നായിരുന്നു സ്ത്രീകളുമായുള്ള ബന്ധം. പതിനായിരത്തോളം സ്ത്രീകളുമായി കിടക്ക പങ്കിട്ടിട്ടുണ്ട് എന്നാണ് സിമെനോന്‍ പ്രശസ്ത സംവിധായകനായ ഫെഡറിക്കോ ഫെല്ലിനിയുമായുള്ള ഒരു അഭിമുഖ സംഭാഷണത്തില്‍ അവകാശപ്പെട്ടത്. എന്നാല്‍ ആ സംഖ്യ ഊതിപ്പെരുപ്പിച്ചതാണെന്നും യഥാര്‍ത്ഥത്തില്‍ ആയിരത്തി ഇരുന്നൂറ് സ്ത്രീകളുമായേ അദ്ദേഹം ശാരീരികമായി ബന്ധപ്പെട്ടിരിക്കാന്‍ ഇടയുള്ളൂ എന്നാണ് സിമെനോന്റെ രണ്ടാമത്തെ ഭാര്യയായ ഡെനിസ് പറയുന്നത്. അവര്‍ യു.എസില്‍ ജീവിക്കുന്ന കാലത്ത് രണ്ടുപേരും ഒന്നിച്ച് വേശ്യാലയങ്ങളില്‍ പോകുന്ന പതിവുണ്ടായിരുന്നു.
സിമെനോന്‍ വേശ്യാലയത്തിന്റെ മുകള്‍ത്തട്ടില്‍ ഒരു സ്ത്രീയുമായി ശാരീരികമായി ബന്ധപ്പെടുമ്പോള്‍ താഴെ ലോബിയിലിരുന്ന് ഭാര്യ ഏതെങ്കിലും പെണ്‍കുട്ടിയോട് സംസാരിക്കുകയാവും. ചില സന്ദര്‍ഭങ്ങളില്‍ ഭര്‍ത്താവ് താഴേക്ക് ഇറങ്ങി വരുമ്പോള്‍ ഭാര്യ ചോദിക്കും. 'എന്തുകൊണ്ട് ഒന്നുകൂടി ആയിക്കൂട, ജോ?' ഈ സംഭവം വിവരിച്ചുകൊണ്ട് ലണ്ടന്‍ റിവ്യൂ ഓഫ് ബുക്സിലെ ഒരു ലേഖനത്തില്‍ ജോണ്‍ ലാഞ്ചസ്റ്റര് എന്ന ലേഖകന്‍ പറയുന്നു; ഒരു പക്ഷെ ഈ വാക്യം വൈവാഹിക ജീവിതത്തിന്റെ ചരിത്രത്തിലെ ഏറ്റവും വിചിത്രമായ വാചകങ്ങളില്‍ ഒന്നായിരിക്കും. സ്ത്രീകളുമായുള്ള ബന്ധത്തില്‍ ഇത്രമാത്രം ആവേശം കൊണ്ടിരുന്ന സിമെനോന്‍ ഇന്‍സ്പെക്ടര്‍ മെയ്ഗ്രേ എന്ന കഥാപാത്രത്തെ ഏകാഭാര്യാവ്രതക്കാരനും സ്ത്രീകളെ ബഹുമാനിക്കുകയും അവരോട് മാന്യമായി മാത്രം പെരുമാറുന്ന ഒരു വ്യക്തിയുമായാണ് സൃഷ്ടിച്ചത്.
കഴിഞ്ഞ നൂറ്റാണ്ടിലെ നോവലുകളില്‍ പ്രത്യക്ഷപ്പെട്ട ഡിറ്റക്ടീവ് കഥാപാത്രങ്ങള്‍ക്ക് വളരെ അപൂര്‍വ്വമായേ കുടുംബം ഉണ്ടായിട്ടുള്ളൂ. എന്നാല്‍ ഇന്‍സ്പക്ടര്‍ മെയ്ഗ്രേ വിവാഹിതനാണ്. അര്‍ദ്ധരാത്രി പെട്ടെന്ന് എഴുന്നേറ്റ് കേസന്വേഷണത്തിന് പുറപ്പെടേണ്ടി വരുന്ന ഭര്‍ത്താവിന് വേണ്ടി ഉണരുകയും വൈകിയെത്തുന്ന ഭര്‍ത്താവിനെ ഉറങ്ങാതെ കാത്തിരിക്കുകയും ഭര്‍ത്താവിനോടൊപ്പം ചില അന്വേഷണങ്ങള്‍ക്ക് യാത്രപോവുകയും ചെയ്യുന്ന മെയ്ഗ്രേയുടെ ഭാര്യ തെളിമയുള്ള കഥാപാത്രമാണ്. ഇടയ്ക്ക് ഭാര്യയുമായി കേസന്വേഷണത്തെപ്പറ്റി മെയ്ഗ്രേ സംസാരിക്കാറുമുണ്ട്. എങ്കിലും വാട്സണെപ്പോലെ ഷെര്‍ലക് ഹോംസിന്റെ അനുഭവങ്ങള്‍ വായനക്കാരുമായി പങ്കുവെയ്ക്കുകയും അയാളോടൊപ്പം സഞ്ചരിക്കുകയും ചെയ്യുന്ന ഒരു സൈഡ് കിക്ക് കഥാപാത്രമല്ല മെയ്ഗ്രേയുടെ ഭാര്യ. ചിലപ്പോള്‍ മെയ്ഗ്രേയും ഭാര്യയും കേസുമായി ബന്ധപ്പെട്ട വിശകലനം നടത്തുന്നതും മറ്റ് ചിലപ്പോള്‍ ഭാര്യ അന്വേഷണത്തിന് സഹായിക്കാനായി ഭര്‍ത്താവുമൊത്ത് യാത്ര ചെയ്യുന്നതും കാണാം. മാഡം മെയ്ഗ്രേയുടെ പാചകത്തിലുള്ള മിടുക്ക് സിമെനോന്നോവലുകളില് ഭക്ഷണത്തിന്റെ സാന്നിധ്യം സജീവമാക്കുന്നു. മെയ്ഗ്രേയുടെ ഭാര്യ, കുടുംബം എന്നീ ഉപകരണങ്ങളിലൂടെ സിമെനോന്‍ കുറ്റാന്വേഷണ നോവലുകളെ ഭൂമിയില്‍ കാലുറപ്പിച്ച് നിര്‍ത്തുന്നു.
ഇന്‍സ്പക്ടര്‍ മെയ്ഗ്രേ തടിച്ച് അരോഗദൃഢഗാത്രനായ ഒരു വ്യക്തിയായിരുന്നു. സ്ഥിരമായി പൈപ്പുപയോഗിച്ച് പുകവലിച്ചുകൊണ്ടിരുന്ന മൈഗ്രേ ഉരുണ്ട കണ്ണുകളോടെ മിഴിയടയ്ക്കാതെ നോക്കിനില്കുന്ന പ്രകൃതക്കാരനാണ്. അപ്രധാനമെന്ന മട്ടില്‍ കണ്ണിന്റെ വശത്തുകൂടി കാര്യങ്ങളെ നിരീക്ഷിക്കുന്ന മെയ്ഗ്രേ പലപ്പോഴും അവ്യക്തമായി പിറുപിറുക്കുകയും എല്ലാം അപ്രധാനമെന്ന മട്ടില്‍ ചലിക്കുകയും ചെയ്യും. 'Petir the Latvian' എന്നതാണ് ആദ്യ മെയ്േ്രഗ നോവല്‍.
1930ല്‍ രചിച്ച അതിന്റെ വിജയത്തെ തുടര്‍ന്ന് 1972ല്‍ അവസാനത്തെ മെയ്ഗ്രേ നോവല്‍, 'Migret and Monsieur Charles', വരെയുള്ള കാലഘട്ടത്തില്‍ അദ്ദേഹം 75 നോവലുകളും 28 കഥകളും രചിച്ചു. 'ഒരു കൊലപാതകിയെ എനിക്ക് മനസ്സിലാക്കാന്‍ സാധിച്ചാല്‍ എനിക്കവനെ പിടിക്കാനാവും' എന്ന് ഇന്‍സ്പെക്ടര്‍ മെയ്ഗ്രേ കരുതുന്നു. ഒരു കുറ്റകൃത്യം നടന്നുകഴിഞ്ഞാല്‍ മരിച്ച വ്യക്തിയേയും ചുറ്റുമുള്ളവരേയും ആഴത്തില്‍ മനസ്സിലാക്കാന്‍ ശ്രമിച്ചുകൊണ്ടാണ് മെയ്ഗ്രേ കുറ്റവാളിയില്‍ എത്തിച്ചേരുന്നത്. ഇന്‍സ്പെക്ടറോടൊപ്പം കഥാപരിസരത്ത് വരുന്നവരുടെ ആന്തരിക സംഘര്‍ഷങ്ങളും ജീവിത സാഹചര്യങ്ങളും വായനക്കാര്‍ക്കും തിരിച്ചറിയാനാകും.
മനശ്ശാസ്ത്ര അപഗ്രഥനത്തോളും ഉയരുന്ന കുറ്റാന്വേഷണ നോവലുകള്‍ ഈ വിഭാഗത്തിന്റെ സ്ഥിരം രീതികളെ പൊളിച്ചെഴുതുന്നു. കൊന്നതാര് എന്ന ചോദ്യവുമായി മുന്നേറുന്ന കുറ്റാന്വേഷണ നോവലുകള്‍, കഥാഗതിയില്‍ ശ്രദ്ധകേന്ദ്രീകരിച്ച് ആളുകളെ ഉദ്വേഗത്തോടെ വായിക്കാന്‍ പ്രേരിപ്പിക്കുന്ന സ്ഥിരം രീതിയില്‍ നിന്ന് വ്യത്യസ്തമാണ് മെയ്ഗ്രേ നോവലുകള്‍. അതില്‍ കഥാപാത്രങ്ങള്‍ക്കാണ് മുന്‍തൂക്കം. കുറ്റവാളികളുടെ മനസ്സ് തിരിച്ചറിയുന്ന മെയ്ഗ്രേ പലപ്പോഴും അവരോട് അഗാധമായ കാരുണ്യം കാണിക്കുന്നതും കാണാം. 'Maigret's Dead Man' എന്ന നോവലില്‍ സമ്പാദ്യമുള്ള കര്‍ഷക കുടുംബങ്ങളുടെ വീട്ടില്‍ കയറി അംഗങ്ങളെ കൂട്ടത്തോടെ കൊല്ലുന്ന ഒരു സംഘത്തിലെ സ്ത്രീ പിടിയിലാകുന്നു. മരിയ എന്ന് പേരുള്ള കൊലപാതകിയായ സ്ത്രീ പൂര്‍ണ്ണ ഗര്‍ഭിണിയായിരുന്നു. ആശുപത്രിയില്‍ വച്ച് അവള് ഒരു പെണ്‍കുഞ്ഞിന് ജന്മം നല്കുന്നു. ഇന്‍സ്പക്ടര്‍ മെയ്ഗ്രേ അവളെ ചോദ്യം ചെയ്യുന്നു. മുറിക്ക് പുറത്ത് വന്നപ്പോള്‍ അവിടെ അഞ്ചോ ആറോ ഫഌര്വെയ്സ് കാണുന്നു.
'ആരുടേതാണിത്?' ഇന്‍സ്പക്ടര്‍ മെയ്ഗ്രേ ചോദിച്ചു.
'ആരുടേതുമല്ല. ഈ മുറിയിലുണ്ടായിരുന്ന സ്ത്രീ കുറച്ചുമുമ്പ് വീട്ടിലേക്ക് പോയി. അവള് ഉപേക്ഷിച്ചതാണിത്. അവള്‍ക്ക് ധാരാളം സുഹൃത്തുക്കളുണ്ടായിരുന്നു.'
നഴ്സ് പറഞ്ഞു.
അയാള്‍ അല്പം ആശങ്കയുടെ സ്വരത്തില്‍ ചോദിച്ചു.
'ഇതില്‍ കുറച്ചെണ്ണം ഇരുപത്തിയൊന്നാമത്തെ മുറിയില്‍ കൊണ്ടു വെക്കുമോ?'
കാരണം ആ മുറി ഒഴിഞ്ഞതും തണുത്തതുമാണ്. അതിലുപരി അവിടെ ഒരു അമ്മയുണ്ട്, ഒപ്പം ഒരു നവജാത ശിശുവും. കരുണാര്‍ദ്രമായ ഇത്തരം സന്ദര്‍ഭങ്ങള്‍ സിമെനോന്‍ നോവലുകളില്‍ സുലഭമാണ്.
ഇന്‍സ്പെക്ടര്‍ മെയ്ഗ്രേ നോവലുകളില്‍ പലപ്പോഴും കൊന്നതാര് എന്ന് ഡിക്ടറ്റീവ് കണ്ടെത്തുന്നതിന് മുമ്പേ തന്നെ വായനക്കാര്‍ക്ക് ഊഹിക്കാനാകും. കഥാഗതിയുടെ ചുറ്റും ചുഴികളും അപ്രധാനമായ ഈ നോവലുകള്‍ എന്നിട്ടും വായനക്കാരെ പിടിച്ചിരുത്തുന്നത് കഥാപാത്രങ്ങളുടെ ആഴം കൊണ്ടാണ്.
മനുഷ്യബന്ധങ്ങളുടെ സങ്കീര്‍ണ്ണതയെ അവതരിപ്പിക്കാനുള്ള ശ്രമങ്ങളാണ് ഓരോ സിമെനോന്‍ നോവലും. തുറമുഖങ്ങളും ഹോട്ടലുകളും ഡാന്‍സ് ബാറുകളും ചൂതുകളി സങ്കേതങ്ങളും വേശ്യാലയങ്ങളും തുടങ്ങി വിവിധ പശ്ചാത്തലങ്ങളിലെ ഇരുണ്ട ജീവിതങ്ങളെ സിമെനോന്‍ തുറന്ന് കാണിക്കുന്നു.
അവിടുത്തെ ജനങ്ങള്‍ സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്താല്‍ ചെയ്തുകൂട്ടൂന്ന കുറ്റകൃത്യങ്ങളെ നോവലുകള്‍ പരിശോധിക്കുന്നു. കസേരയിലിരുന്ന് അന്വേഷിക്കുന്ന കഥാപാത്രമല്ല മെയ്ഗ്രേ, എന്നാല്‍ അയാള്‍ അതിസാഹസികനുമല്ല. പലപ്പോഴും കഥ നടക്കുന്ന പരിസരത്തേക്ക് നടന്നു ചെല്ലുന്ന ശാന്തനായ കഥാപാത്രമാണ് ഈ ചീഫ് ഇന്‍സ്പക്ടര്‍.
പത്തൊന്‍പതാം വയസ്സില്‍ വീടുവിട്ട് പാരീസിലെത്തിയ സിമെനോന്റെ മാതാപിതാക്കളുമായുള്ള ബന്ധം സങ്കീര്‍ണ്ണമായിരുന്നു. അച്ഛനെ പപ്പായെന്നോ അമ്മയെ മമ്മിയെന്നോ അദ്ദേഹം ഒരിക്കലും വിളിച്ചിട്ടില്ല. അതിന് കാരണം എന്തായിരുന്നു എന്നറിയില്ല. 'കുട്ടിക്കാലം മുതല്‍ മുതിരുന്നതുവരെ ഒരേ കൂരയ്ക്ക് താഴെ താമസിച്ചിട്ടും നിങ്ങളെനിക്ക് അന്യയായിരുന്നു.' 1974ല്‍, തൊണ്ണൂറ്റിയൊന്നാം വയസ്സില്‍ അമ്മ മരിച്ച് മൂന്നര വര്‍ഷത്തിന് ശേഷം എഴുതിയ എന്റെ അമ്മയ്ക്കുള്ള കത്ത് (Letter to my mother) എന്ന പുസ്തകത്തില്‍ സിമെനോന്‍ പറയുന്നു. അമ്മ മരണം കാത്ത് ആശുപത്രിയില്‍ കിടന്ന ദിവസങ്ങളില്‍ സിമെനോന്‍ അമ്മയോടൊപ്പം പതിവിലേറെ സമയം ചെലവിടുന്നു. ആ സന്ദര്‍ഭത്തെ അനുസ്മരിച്ച് അദ്ദേഹം ഇങ്ങനെ എഴുതുന്നു;
'ജീവിതത്തിലൊരിക്കലും നാം പരസ്പരം സ്നേഹിച്ചിട്ടില്ല എന്ന് നിങ്ങള്‍ക്ക് പൂര്‍ണ്ണായും അറിയാം. നാം രണ്ടുപേരും അഭിനയിക്കുകയായിരുന്നു. ഇന്ന് ഞാന്‍ വിശ്വസിക്കുന്നത് നമ്മള് പരസ്പരം സങ്കല്പിച്ച ചിത്രങ്ങള്‍ തെറ്റായിരുന്നു എന്നതാണ്. '
മരണക്കിടക്കയില്‍ വച്ച് അമ്മ തന്നെ നോക്കിയപ്പോള്‍ തന്റെ യഥാര്‍ത്ഥ ചിത്രമാണ് മനസ്സിലാക്കിയത് എന്ന് സിമെനോന്‍ വിലയിരുത്തുന്നു. സ്നേഹത്തിന്റെ തീവ്രതകൊണ്ട് മക്കള്‍ക്കുവേണ്ടി കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന അമ്മമാരെയും സ്നേഹം പിടിച്ചെടുക്കാനായി ക്രൂരയാകുന്ന സ്ത്രീകളെയും പല സിമെനോന്‍ നോവലുകളിലും കാണാവുന്നതാണ്.
കുറ്റാന്വേഷണ നോവലുകളേക്കാള്‍ സാഹിത്യപ്രധാനമായ നോവലുകളാണ് സിമെനോന്‍ കൂടൂതലായി എഴുതിയത്. 'Pedigree, Blue room', 'The tsrangers in the house', 'Tropic moon', 'Ditry snow', 'The man who watched train go by' തുടങ്ങിയ ഡിക്ടറ്റീവ് കഥകളല്ലാത്ത നോവലുകളെ സിമെനോന്‍ സ്ട്രെയ്റ്റ് നോവലുകള്‍ എന്ന് വിളിക്കുന്നു. ഈ നോവലുകള്‍ മനശ്ശാസ്ത്രപരമായ സമീപനത്തോടെ എഴുതിയവയാണ്. സിമെനോന്‍ ചലച്ചിത്രകാരന്മാര്ക്ക് പ്രിയപ്പെട്ട എഴുത്തുകാരനായിരുന്നു. അദ്ദേഹത്തിന്റെ പല നോവലുകളും സിനിമയും ടി.വി സീരീസുകളുമായി നൂറ്റി എഴുപതിലധികം ചലച്ചിത്ര രൂപം നേടിയിട്ടുണ്ട്. മിസ്റ്റര്‍ ബീ കഥാപാത്രമായി അറിയപ്പെടുന്ന റോവാന്‍ ആറ്റ്കിന്സണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ഇന്‍സ്പെക്ടര്‍ മൈയ്ഗ്രേ ടി.വി സീരീസാണ് അവസാനമായി ചലച്ചിത്രമായി മാറിയ സിമെനോന്‍ നോവലുകള്‍. 2016ല്‍ റിലീസ് ചെയ്ത ഈ സീരീസിന് മൂന്ന് എപ്പിസോഡുകള്‍ ഉണ്ടായിരുന്നു.
യാഥാര്‍ത്ഥ്യങ്ങളോടൊപ്പം മിത്തുകളും അസത്യങ്ങളും അര്‍ദ്ധസത്യങ്ങളും സിമിനോനെപ്പറ്റിയുള്ള വസ്തുതകളില്‍ കൂടിക്കുഴഞ്ഞ് കിടക്കുന്നു. വെറും രണ്ടായിരം വാക്കുകള്‍ മത്രം ഉപയോഗിച്ച് എഴുതുന്ന നോവലിസ്റ്റ് (കമ്പ്യൂട്ടറുകളുടെ സഹായത്താല്‍ അദ്ദേഹം നാലായിരത്തിലധികം വാക്കുകള്‍ ഉപയോഗിക്കാറുണ്ട് എന്ന് കണക്കാക്കിയിട്ടുണ്ട്), അഞ്ഞൂറിലധികം നോവലുകളുടെ സൃഷ്ടാവ് (കൃത്യമായ എണ്ണം എവിടെയും ലഭ്യല്ല. ഒരു പക്ഷെ നോവലിസ്റ്റിന് പോലും അറിയില്ല), പതിനായിരത്തോളം സ്ത്രീകളുമായി കിടക്ക പങ്കിട്ടയാള്‍ (അതിനെപ്പറ്റി നേരത്തെ പറഞ്ഞല്ലോ.) തുടങ്ങിയവ അദ്ദേഹത്തെപ്പറ്റിയുള്ള മിത്തുകളില്‍ ചിലതാണ്. 1960ല്‍ അറുപതാം വയസ്സിനോട് അടുത്തുകൊണ്ടിരിക്കെ സിമെനോന്‍ താന്‍ വൃദ്ധനാവുകയാണ് എന്ന് തോന്നിത്തുടങ്ങി.
എന്തായിരുന്നു തന്റെ ജീവിതം എന്ന് വരും തലമുറയ്ക്ക് മനസ്സിലാക്കാന്‍ അദ്ദേഹം 'When I was old' എന്ന പേരില്‍ 1960, 61, 62 വര്‍ഷങ്ങളിലെഴുതിയ ഡയറിക്കുറിപ്പുകള്‍ പുസ്തകമായി പ്രസദ്ധീകരിച്ചു. പുതിയ നോവലുകള്‍ എഴുതാന്‍ സാധിക്കാതെ വിഷമിച്ച അദ്ദേഹം തുടര്‍ വര്‍ഷങ്ങളില്‍ ആത്മകഥാപരമായ ഇരുപതോളം പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. 'Pedigree' പോലെ ആത്മകഥാപരമായ ബൃഹത് നോവല്‍ എഴുതിയ എഴുത്തുകാരന് പിന്നെയും ഇരുപത് ആത്മകഥകള്‍ എഴുതിക്കൊണ്ട് ചരിത്രം സൃഷ്ടിച്ചു. യന്ത്രത്തില്‍ നിന്നെന്നപോലെ നോവലുകള്‍ എഴുതി വിടുന്ന പള്‍പ്പ് എഴുത്തുകാരില്‍ നിന്ന് വ്യത്യസ്തനായി നിലവാരമുള്ള നോവലുകള്‍ എഴുതിക്കൊണ്ടിരുന്നു എന്നതാണ് സിമിനോനെ മികച്ച സാഹിത്യകാരനാക്കുന്നത്. സിമെനോന്‍ നോവലുകള്‍ക്ക് ഒരേ ഭാഷയില്‍ തന്നെ പല ആവര്‍ത്തി വിവര്‍ത്തനങ്ങള്‍ വന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ നോവലുകളുടെ ഏറ്റവും പുതിയ ഇംഗ്ലീഷ് വിവര്‍ത്തനങ്ങള്‍ പെന്ഗ്വിന് ക്ലാസിക്സ് സീരീസില്‍ ഇപ്പോള്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്നു.
ആഗസ്റ്റ് മാസത്തിലെ ഉഷ്ണം വമിക്കുന്ന വിരസമായ അന്തരീക്ഷത്തിലാണ് മെയ്ഗ്രേ കെണിയൊരുക്കുന്നു എന്ന നോവല്‍ ആരംഭിക്കുന്നത്. കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ പാരീസിലെ തെരുവുകളിലൂടെ കാല്‍നടയായി സ്വന്തം വീട്ടിലേക്കോ ഏതെങ്കിലും കൂട്ടുകാരെ കാണാനോ എന്തെങ്കിലും അത്യാവശ്യത്തിനോ പുറത്തിറങ്ങിയ അഞ്ചു സ്ത്രീകളാണ് തെരുവില്‍ വച്ച് കുത്തേറ്റ് മരിച്ചത്. അതും ഓരേ പ്രവിശ്യയില്‍. ക്രൂരവും സമാനവുമായ കൊലപാതകങ്ങള്‍. അടുത്തടുത്ത മാസങ്ങളില്‍ നടന്ന ഈ കൊലപാതകങ്ങള്‍ പാരീസിലെ സാധാരണക്കാരെ, പ്രത്യേകിച്ചും സ്ത്രീകളെ പേടിയിലാഴ്ത്തി.
കൊലപാതകങ്ങള്‍ നടന്നതിന് ശേഷമുള്ള ഏതാനും ദിവസങ്ങള്‍ എല്ലാവരും ജാഗരൂകരായിരുന്നു. ദിവസങ്ങള്‍ കഴിയുന്തോറും അവര്‍ ജാഗ്രതവെടിഞ്ഞ് സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവന്നു. വീണ്ടും കൊലപാതകം. പാരീസിലെ അനേകായിരങ്ങള്‍ക്കിടയില്‍ തിരിച്ചറിയപ്പെടാനാകാതെ ജീവിക്കുന്ന ഈ കൊലയാളിയെ കണ്ടെത്തുക എന്ന പ്രയാസകരമായ ദൗത്യമാണ് ഇന്‍സ്പെക്ടര്‍ മെയ്ഗ്രേ ഏറ്റെടുത്തിരിക്കുന്നത്.
കൊലപാതകം നടന്ന ദിവസങ്ങള്‍ തമ്മിലുള്ള ബന്ധം, ഇരകളുടെ ജീവിത സാഹചര്യങ്ങളിലെ സമാനത, കൊല്ലപ്പെട്ട സ്ത്രീകളുടെ ശാരീരിക പ്രത്യേകതകള്‍ തുടങ്ങി നൂറ് കൂട്ടം കാര്യങ്ങള്‍ പരിശോധിച്ച് കുറ്റവാളിയിലേക്ക്/കുറ്റവാളികളിലേക്ക് ചെന്നെത്താനുള്ള മെയ്ഗ്രേയുടെ ശ്രമങ്ങള്‍ അറിയാതെ തന്നെ മനഃശ്ശാസ്ത്ര വിശകലനങ്ങളെ അടിസ്ഥാനമാക്കിയുളള കുറ്റാന്വേഷണമായി പരിണമിക്കുന്നു. സിമിനോന്റെ കുറ്റാന്വേഷണ നോവല്‍ രചനയുടെ എല്ലാ സവിശേഷതകളും ഉള്‍ക്കൊള്ളുന്ന ഒരു നോവലാണ് മെയ്ഗ്രേ കെണിയൊരുക്കുന്നു എന്ന നോവല്‍. ഒരു സിനിമയിലെന്നതുപോലെ ദൃശ്യങ്ങള്‍ നിര്‍മ്മിച്ചുകൊണ്ടാണ് കഥ മുന്നോട്ടു പോകുന്നത് എന്നതാണ് സിമെനോന്‍ നോവലുകളുടെ ഒരു സവിശേഷത. എന്നാല്‍ സാഹിത്യം സിനിമയ്ക്ക് വേണ്ടി എഴുതുന്ന രചനകള്‍ അല്ല. സാഹിത്യത്തിനെ വിസ്മയകരമായ സൃഷ്ടിയാക്കുന്നത് വാക്കുകള്‍ ഒന്നിന് പിറകെ മറ്റൊന്നായി പ്രവഹിച്ച് രൂപം കൊള്ളുന്ന ചിന്താരൂപങ്ങള്‍ കൂടിയാണ്.
നോവലിന്റെ ഭാവത്തിന് അനുസൃതമായ പരിസരവും കാലാവസ്ഥയും തെരെഞ്ഞെടുക്കുക എന്ന രചനാതന്ത്രം സിമെനോന്‍ ഏറെക്കുറെ എല്ലാ രചനകളിലും പരീക്ഷിക്കുന്നത് കാണാം. ഈ നോവലിന്റെ തുടക്കം തന്നെ ഉഷ്ണത്താല്‍ വിരസമായ കാലാസ്ഥയിലാണ് ആരംഭിക്കുന്നത്. തുടര്‍ന്ന് മെയ്ഗ്രേയുടെ ചിന്തയില്‍ ആശ്വാസത്തിന്റെ തണുപ്പ് അനുഭവപ്പെടുന്ന ഒരു ഭാഗത്ത്, ടിസ്സോ എന്ന് മനശ്ശാസ്ത്രജ്ഞനുമായുളള ദീര്‍ഘസംവാദം നടക്കുന്ന അന്തരീക്ഷത്തില്‍, ചെറുമഴ പെയ്യുന്നതും തണുപ്പ് പരക്കുന്നതും കാണാം.
സിമെനോന്‍ എന്ന നോവലിസ്റ്റിനെ വ്യത്യസ്തനാക്കുന്നത് മനഃശ്ശാസ്ത്ര സമീപനത്തോടെയുളള രചനാപ്രയോഗം കൊണ്ടാണ്. ഇദ്ദേഹത്തിന്റെ കുറ്റാന്വേഷണ നോവലുകള്‍ മനഃശ്ശാസ്ത്രപരമാകുന്നത് സാധാരണ നാം വായിച്ച് ശീലിച്ച പ്രയോഗരീതികളാലല്ല. ലോകസാഹിത്യത്തിലെ മനഃശ്ശാസ്ത്ര നോവലുകള്‍ എന്ന് വിളിക്കുന്ന രചനകളില്‍ കഥാപാത്രങ്ങളുടെ മാനസിക സംഘര്‍ഷങ്ങളും നോവലില്‍ മുഴുക്കെ പരന്നുകിടക്കുന്ന മനുഷ്യമനസ്സിനെ വിലയിരുത്താനുള്ള അദമ്യമായ ആഗ്രഹവും കാണാവുന്നതാണ്.
കുറ്റാന്വേഷണ നോവലുകളിലാണെങ്കില് കുറ്റകൃത്യം നടത്തുന്ന ആളെ ഒടുവില്‍ മാത്രം വായനക്കാര്‍ക്ക് മുന്നില്‍ തുറന്നു കാണിക്കേണ്ടി വരുന്നതിനാല്‍ ആ കഥാപാത്രത്തിന്റെ മനസ്സിന്റെ ഇരുണ്ട ലോകം ഏതാനും പേജുകള്‍ക്കുള്ളില്‍ അവസാനിപ്പിക്കേണ്ടി വരുന്നു. എന്നാല്‍ സിമെനോന്‍ അജ്ഞാതനായ കുറ്റവാളിയെ കണ്ടത്താന്‍ ശ്രമിക്കുന്ന ഇന്‍സ്പെക്ടറെ അവതരിപ്പിക്കുകയും അയാള്‍ കണ്ടെത്തുന്ന വ്യക്തിയുടെ മനസ്സിനെ വായനക്കാര്‍ക്ക് മുന്നില്‍ തുറന്ന് കാണിക്കാന്‍ ആവശ്യത്തിന് സമയം ചെലവാക്കുന്നതും കാണാം. അന്വേഷണത്തിനിടയില്‍ ഒരു കുടുംബസുഹൃത്തിനെ സന്ദര്‍ശിക്കുന്നതിനിടയില്‍ ടിസ്സോ എന്ന മനഃശ്ശാസ്ത്ര പ്രൊഫസറുമായി നടത്തുന്ന സംഭാഷണമാണ് 'മെയ്ഗ്രേ കെണിയൊരുക്കുന്നു' നോവലിന്റെ അന്വേഷണത്തിന്റെ അടിസ്ഥാനം.
നോവലിന്റെ കഥാഗതിയെ ബാധിക്കാത്ത വിധം നോണ്‍ലീനിയറായ കഥാസമയം ചിട്ടപ്പെടുത്തുന്ന കൈയ്യടക്കം സിമെനോന്റെ സവിശേഷതയാണ്. കൊമേലിയോ എന്ന ന്യായാധിപനുമായും ടിസ്സോ എന്ന പ്രൊഫസറുമായും മറ്റുമുള്ള സംഭാഷണ സന്ദര്‍ഭങ്ങള്‍ ഇതിന് ഉദാഹണമാണ്. സസ്പെന്‍സ് കളയാതെ തന്നെ കഥാപാത്രങ്ങളെ, കുറ്റവാളിയെ അടക്കം, വിശദമായി അവതരിപ്പിക്കുന്ന മാന്ത്രിക വിദ്യ ഈ നോവലില്‍ കാണാവുന്നതാണ്. സിമെനോന്‍ രചനകള്‍ എങ്ങനെ സവിശേഷമായ ഒരു മനഃശ്ശാസ്ത്ര നോവലാകുന്നു എന്നതിന് ഈ നോവല്‍ നല്ലൊരു ഉദാഹരണമാണ്.
'എനിക്ക് സിമെനോന്റെ എഴുത്ത് ഇഷ്ടമാണ്. അദ്ദേഹത്തിന്റെ നോവലുകള്‍ എന്നെ ചെക്കോവിനെ ഓര്‍മ്മിപ്പിക്കുന്നു' എന്നാണ് ഫോക്നര്‍ അഭിപ്രായപ്പെട്ടത്. എങ്ങനെയാണ് ഒരു കുറ്റാന്വേഷണ നോവല്‍ ചെക്കോവിനെ ഓര്‍മ്മിപ്പിക്കുന്നത് എന്ന് ബോധ്യപ്പെടുത്തുന്നതാണ് ഈ നോവല്‍. എന്റെ പ്രിയപ്പെട്ട നോവലിസ്റ്റായ ഷോര്‍ഷ് സിമെനോന്റെ 'മെയ്ഗ്രേ കെണിയൊരുക്കുന്നു' എന്ന നോവല്‍ മൊഴിമാറ്റം നടത്താനുള്ള അവസരം തന്നതില്‍ ഞാന്‍ മാതൃഭൂമി ബുക്സിനോട് എന്റെ കടപ്പാട് രേഖപ്പെടുത്തുന്നു. സിമെനോന്‍ എന്ന മഹാനായ എഴുത്തുകാരനോടുള്ള ആദരവോടെയും സ്നേഹത്തോടെയും ഞാനിത് വായനക്കാര്‍ക്ക് സമര്‍പ്പിക്കുന്നു.
Content Highlights: Book Introduction by Praveen Chandran, Georges Simenon, French novelist, Mathrubhumi books
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..