'മിക്കവരും ഉച്ചത്തില്‍ പറയാന്‍ മടിക്കുന്ന കാര്യങ്ങളാണ് രാഹുല്‍ ബജാജ് സന്ദേഹംകൂടാതെ വിളിച്ചുപറഞ്ഞത്'


By ശശി തരൂര്‍

4 min read
Read later
Print
Share

'ഭയത്തിന്റേതായ ഈ അന്തരീക്ഷത്തെപ്പറ്റി നമുക്കൊക്കെ നല്ല ബോദ്ധ്യമുണ്ട്. പക്ഷേ, ആരുമത് പറയില്ല.'

ശശി തരൂർ, രാഹുൽ ബജാജ്

രാജ്യത്തെ മുതിര്‍ന്ന വ്യവസായികളിലൊരാളായ രാഹുല്‍ ബജാജ് ഇക്കണോമിക് ടൈംസ് പത്രം സംഘടിപ്പിച്ച ചടങ്ങില്‍ നടത്തിയ തുറന്നുപറച്ചില്‍ ശ്രദ്ധേയമാണ്. അധികാരവ്യവസ്ഥയോടൊട്ടിനില്‍ക്കുന്നവരില്‍ മിക്കവരും ഉച്ചത്തില്‍ പറയാന്‍ മടിക്കുന്ന കാര്യങ്ങളാണ് അദ്ദേഹം സന്ദേഹംകൂടാതെ വിളിച്ചുപറഞ്ഞത്. സര്‍വ്വപ്രതാപിയായ അമിത് ഷാ അടക്കം മൂന്നു കേന്ദ്രമന്ത്രിമാരുടെ സാന്നിദ്ധ്യത്തിലായിരുന്നു അത്. രാജ്യത്ത് നിലനില്‍ക്കുന്ന ഭയത്തിന്റെ അന്തരീക്ഷത്തെക്കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്. വിമര്‍ശനങ്ങള്‍ സ്വീകരിക്കാനും ഉള്‍ക്കൊള്ളാനുമുള്ള സര്‍ക്കാരിന്റെ വൈമനസ്യത്തെ ചോദ്യംചെയ്യുകയും ചെയ്തു.

'ഭയത്തിന്റേതായ ഈ അന്തരീക്ഷത്തെപ്പറ്റി നമുക്കൊക്കെ നല്ല ബോദ്ധ്യമുണ്ട്. പക്ഷേ, ആരുമത് പറയില്ല. എന്റെ വ്യവസായിസുഹൃത്തുക്കളാരുമത് ചൂണ്ടിക്കാട്ടില്ല,' രാഹുല്‍ ബജാജ് പറഞ്ഞു, 'യു.പി.എ. ഭരണകാലത്ത് ഞങ്ങള്‍ എല്ലാവരെയും വിമര്‍ശിക്കുമായിരുന്നു. എന്നാല്‍, ഇപ്പോഴത്തെ സര്‍ക്കാരിനെ തുറന്നു വിമര്‍ശിക്കുകയാണെങ്കില്‍ അത് വേണ്ടവിധം മനസ്സിലാക്കപ്പെടുമെന്നു കരുതുന്നില്ല,' അദ്ദേഹം തുറന്നടിച്ചു. 'നമ്മുടെ സമൂഹത്തില്‍ ഇന്നു നിലനില്‍ക്കുന്ന ഭീതിയുടെ പ്രകടമായ അന്തരീക്ഷ'ത്തെക്കുറിച്ച് മുന്‍പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങും സംസാരിച്ചിട്ടുണ്ട്.

ഈ അന്തരീക്ഷം എങ്ങനെയാണ് വ്യവസായികളുടെയും നിക്ഷേപകരുടെയും ആത്മവിശ്വാസത്തെ ബാധിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുകയുണ്ടായി: 'ഒരു രാജ്യത്തിന്റെ സാമ്പത്തികസ്ഥിതി അവിടത്തെ സാമൂഹികാവസ്ഥയുടെ പ്രതിഫലനമാണ്. സാമ്പത്തികവളര്‍ച്ചയെ ത്വരപ്പെടുത്തുന്ന സാമൂഹികവിനിമയങ്ങളുടെ അടിത്തറ പരസ്പരവിശ്വാസവും ആത്മവിശ്വാസവുമാണ്. പക്ഷേ, ഇത്തരം വിശ്വാസങ്ങളുടേതായ നമ്മുടെ സാമൂഹികചട്ടക്കൂടില്‍ വിള്ളല്‍വീണിരിക്കുന്നു,' മന്‍മോഹന്‍ അഭിപ്രായപ്പെട്ടു. അദ്ദേഹം അത് ഇങ്ങനെ വിശദീകരിക്കുകയും ചെയ്തു: 'എന്തിനെയും എല്ലാവരെയും മോദിഭരണകൂടം വീക്ഷിക്കുന്നത് അവിശ്വാസത്തിന്റെതും സംശയത്തിന്റെതുമായ കളങ്കിതകണ്ണാടിയിലൂടെയാണ്. ഇതു കാരണം, മുന്‍സര്‍ക്കാരുകളുടെയൊക്കെ നയങ്ങള്‍ ദുരുദ്ദേശ്യപരമായിരുന്നെന്നും അനുവദിച്ച വായ്പകളൊക്കെ അനര്‍ഹമായിരുന്നെന്നും പുതുസംരംഭങ്ങളൊക്കെ പക്ഷപാതപരമായിരുന്നെന്നും അവര്‍ അനുമാനിക്കുന്നു.'

'പൗരന്‍മാര്‍ക്കിടയിലെ ഭയത്തിന്റെതും അവിശ്വാസത്തിന്റെതുമായ ആപത്കരമായ അവസ്ഥ'യെക്കുറിച്ച് മന്‍മോഹന്‍സിങ് ഇങ്ങനെ വിശദീകരിക്കുന്നു: 'സര്‍ക്കാരിന്റെ പീഡനത്തെക്കുറിച്ചോര്‍ത്തു ഭയന്നാണു കഴിയുന്നതെന്നു പല വ്യവസായികളും എന്നോട് പറഞ്ഞിട്ടുണ്ട്. പകപോക്കല്‍ ഭയന്ന്, ബാങ്കുകള്‍ വായ്പ കൊടുക്കാന്‍ മടിക്കുന്നു. നിഗൂഢമായ കാരണങ്ങളാല്‍ പരാജയമടയുമെന്നു ഭയന്ന് സംരംഭകര്‍ പുതിയ പദ്ധതികള്‍ക്കൊന്നും മുതിരുന്നില്ല. വളര്‍ച്ചയ്ക്കു പുതുകുതിപ്പേകേണ്ട സ്റ്റാര്‍ട്ടപ്പുകള്‍ നിരന്തര നിരീക്ഷണത്തിന്റെയും സംശയത്തിന്റെയും നിഴലില്‍ പ്രവര്‍ത്തിക്കാന്‍ വിധിക്കപ്പെട്ടിരിക്കുന്നു. സര്‍ക്കാരിലും മറ്റു സ്ഥാപനങ്ങളിലുമുള്ള നയരൂപകര്‍ത്താക്കള്‍ സത്യം പറയാന്‍ ഭയപ്പെടുകയും ബൗദ്ധികസത്യസന്ധത പുലര്‍ത്തേണ്ട നയചര്‍ച്ചകളിലേര്‍പ്പെടാന്‍ വിസമ്മതിക്കുകയും ചെയ്യുന്നു. സാമ്പത്തികവളര്‍ച്ചയ്ക്കു വഴിവെട്ടേണ്ട ആളുകളൊക്കെത്തന്നെ അഗാധമായ ഭയത്തിലും അവിശ്വാസത്തിലുമാണ്. അത്തരം അവിശ്വാസം നിലനില്‍ക്കുമ്പോള്‍, അത് സമൂഹത്തിലെ സാമ്പത്തികവിനിമയങ്ങളെ ബാധിക്കുന്നു.'

സാമ്പത്തികശാസ്ത്രജ്ഞനും രാഷ്ട്രീയക്കാരനുമായ ഒരാളുടെ വിലയിരുത്തലാണിത്. ഇതിനെ ശരിവെക്കുന്ന വിധത്തില്‍ വ്യവസായസമൂഹത്തിനുള്ളില്‍നിന്നുയര്‍ന്ന ശബ്ദമാണ് രാഹുല്‍ ബജാജിന്റെത്. ബയോകോണ്‍ മേധാവി കിരണ്‍ മജുംദാര്‍ ഷായും പിന്നീട് ഈ ശബ്ദത്തിന് പിന്തുണയേകി. 'വ്യവസായസമൂഹത്തെ അധമവിഭാഗമെന്ന മട്ടിലാണ് സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്നത്' എന്നാണ് കിരണ്‍ മജൂംദാര്‍ ഷാ 'ട്വീറ്റ് ചെയ്തത്. 'മറിച്ചു തെളിയിക്കപ്പെടുംവരെ, വിശ്വസിക്കാന്‍ കൊള്ളാത്തവരായി എല്ലാവരെയും പരിഗണിക്കുക' എന്ന മോദിസര്‍ക്കാരിന്റെ ഭരണസിദ്ധാന്തത്തെപ്പറ്റി മന്‍മോഹന്‍ സിങ് പറഞ്ഞതും ഇവിടെ ഓര്‍ക്കുക.
സംശയം കൊടികുത്തിവാഴുകയും വിമര്‍ശനത്തിന് കണിശമായ ശിക്ഷ ലഭിക്കുകയും ചെയ്യുന്ന അന്തരീക്ഷത്തെപ്പറ്റി വ്യവസായികള്‍ നിങ്ങളോട് മന്ത്രിക്കും. വിമര്‍ശകര്‍ക്കെതിരേ സര്‍ക്കാര്‍ കേസുകള്‍ കുത്തിപ്പൊക്കുന്നു. കുറ്റാരോപണങ്ങള്‍ മിക്കപ്പോഴും കെട്ടിച്ചമച്ചതാവും.

പുസ്തകത്തിന്റെ കവര്‍

'നികുതിഭീകരത' നടമാടുന്നു; എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും സി.ബി.ഐയുടെയും പാതിരാ റെയ്ഡുകള്‍ ഇതിനു പിന്‍ബലം. ഇതിനു പിന്നാലെ, വിചാരണകൂടാതെ ആളുകളെ ജയിലിലിടുന്നു. മാദ്ധ്യമങ്ങളെയും ഭീഷണിപ്പെടുത്തി വരുതിയിലാക്കുന്നുണ്ട്. മാദ്ധ്യമസ്ഥാപനത്തിന്റെ ഉടമയ്ക്കു ലഭിക്കുന്ന ഒറ്റ ഫോണ്‍വിളിക്കു പിന്നാലെ എഡിറ്റര്‍ സ്ഥാനഭ്രഷ്ടനാക്കപ്പെട്ട സംഭവങ്ങളുണ്ട്. മാദ്ധ്യമസ്ഥാപന ഉടമയ്ക്ക് സംരക്ഷിക്കാന്‍ തന്റെ മറ്റു വ്യവസായതാത്പര്യങ്ങള്‍ കാണുമല്ലോ! സര്‍ക്കാരിന്റെ അനിഷ്ടം സമ്പാദിക്കുമ്പോള്‍ അതിന് സാമ്പത്തികമായി വലിയ വില കൊടുക്കേണ്ടിവരുന്ന അവസ്ഥയാണിന്ന്. വ്യവസായത്തകര്‍ച്ചയോ തൊഴില്‍ഭംഗമോ സല്‍പ്പേരുനാശമോ മാനസികസമ്മര്‍ദ്ദമോ സമയനഷ്ടമോ ഒക്കെയാവാം ഫലം. മിക്കവാറുമാളുകള്‍ അപ്പോള്‍ മൗനത്തിലേക്കു പിന്‍വാങ്ങുന്നു.

ഇന്ത്യയെന്ന ആശയത്തിന്റെ വക്രീകരണത്തെക്കുറിച്ച് ദ പാരഡോക്‌സിക്കല്‍ പ്രൈം മിനിസ്റ്റര്‍ എന്ന പുസ്തകത്തില്‍ ഞാന്‍ എഴുതിയിട്ടുണ്ട്; സങ്കുചിതമായ ഭൂരിപക്ഷവാദം ശക്തിപ്രാപിക്കുന്ന, വര്‍ഗ്ഗീയ അക്രമങ്ങള്‍ പെരുകുന്ന, അക്രമോത്സുക ആള്‍ക്കൂട്ടങ്ങളും ഗോരക്ഷാവാദികളും നിയമം കൈയിലെടുക്കുന്ന ഇന്ത്യയെപ്പറ്റി. ബി.ജെ.പിയുടെ 'പുതിയ ഇന്ത്യ'യില്‍ 'ഭാരത് മാതാ കീ ജയ്', 'ജയ് ശ്രീറാം' വിളികള്‍ മതഭ്രാന്തിന്റെയും വിദ്വേഷത്തിന്റെയും ആര്‍പ്പുകളാണ്; ഇന്ത്യക്കാരെ ഉത്തമമായ മൂല്യങ്ങളിലേക്കുയര്‍ത്തുന്ന മനോഹരമുദ്രാവാക്യങ്ങളല്ല. ഗോരക്ഷയുടെ പേരു പറഞ്ഞ് ആളുകള്‍ കൈയേറ്റം ചെയ്യപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നു. പ്രത്യേകിച്ച്, മുസ്ലിങ്ങളും ദളിതരും വേട്ടയാടപ്പെടുന്നു. ഒരു വ്യോമസേനാഭടന്റെ പിതാവ്, പെരുന്നാളിന് പുത്തനുടുപ്പുകളും മറ്റും വാങ്ങി മടങ്ങിയ പതിനഞ്ചുകാരന്‍, അനുമതിരേഖകളോടെ പശുക്കളെ കൊണ്ടുപോയ ക്ഷീരകര്‍ഷകന്‍, ചത്ത പശുവിന്റെ തോലുരിക്കുന്ന പരമ്പരാഗതജോലി ചെയ്ത ദളിതര്‍ തുടങ്ങിയവരൊക്കെ 'പുതിയ ഇന്ത്യ'യില്‍ ഇരകളാക്കപ്പെട്ടവരാണ്. അറിയപ്പെടുന്ന പണ്ഡിതനായ പ്രതാപ് ഭാനു മേത്ത ചോദിച്ചത് അങ്ങേയറ്റം ഉചിതമാണ്: 'യഥാര്‍ത്ഥമായ ഈ ഭീതിയുടെ റിപ്പബ്ലിക്, ഒരേ ഈണത്തിനൊത്ത് ഒറ്റ മനസ്സോടെ മുന്നേറുന്ന ഒരു രാജ്യമെന്ന അയഥാര്‍ത്ഥഭാവനയാല്‍ അദൃശ്യമാക്കപ്പെട്ടതെങ്ങനെ?'

ഒന്നാം മോദിസര്‍ക്കാരിന്റെ കാലത്ത് ഇപ്പറഞ്ഞ 'ഭീതിയുടെ റിപ്പബ്ലിക്' പതിയേ ഉരുത്തിരിഞ്ഞുവരുകയായിരുന്നുവെങ്കില്‍, രണ്ടാം മോദിസര്‍ക്കാര്‍ മാസങ്ങള്‍ പിന്നിട്ടപ്പോഴേക്ക് അതൊരു പ്രകടയാഥാര്‍ത്ഥ്യമായിരിക്കുന്നു; നൂറു ദിവസത്തിലേറെയായി കശ്മീരിലെ ജനങ്ങള്‍ അനുഭവിച്ചറിയുന്നതുപോലെ. സ്വന്തം നാട് അസാധാരണമായ നിയന്ത്രണങ്ങള്‍ക്കു കീഴ്‌പ്പെട്ടതായി, മുക്കാല്‍ക്കോടിയോളം വരുന്ന നമ്മുടെയീ സഹപൗരന്മാര്‍ അറിഞ്ഞത് ഒരു രാത്രി ഉറങ്ങിയെണീറ്റപ്പോഴാണ്. അവരുടെ പലചരക്കുകടകളും പെട്രോള്‍ പമ്പുകളും പൂട്ടിയിടേണ്ടിവന്നു; വൈദ്യുതി, വാര്‍ത്താവിനിമയം, ഇന്റര്‍നെറ്റ് തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങള്‍ നിഷേധിക്കപ്പെട്ടു; കശ്മീര്‍ താഴ്വര സാധാരണനിലയിലേക്കു മടങ്ങുന്നതിനുള്ള സാദ്ധ്യതയപ്പാടെയാണ് കേന്ദ്രസര്‍ക്കാരിന്റെ ഒരൊറ്റ നടപടിയിലൂടെ ഇല്ലാതായത്. 1947-ല്‍ ഇന്ത്യയ്‌ക്കൊപ്പം പിറവിയെടുത്ത ചരിത്രപരമായ സ്വാതന്ത്ര്യങ്ങളെയാണ് കേന്ദ്രഭരണകൂടത്തിന്റെ ഈ ചെയ്തിയും ചെയ്തിയുടെ രീതിയും അംഗവിഹീനമാക്കിക്കളഞ്ഞത്. ഏത് ഇന്ത്യയുടെ ഭാഗമാവാനാണോ ജമ്മുകശ്മീര്‍ അന്ന് സ്വമേധയാ തയ്യാറായത്, ആ ഇന്ത്യയെക്കുറിച്ചാണ് ഞാന്‍ പറയുന്നത്.

ഇപ്പോഴത്തെ കേന്ദ്രഭരണകൂടത്തിന്റെ വീക്ഷണത്തില്‍ വിയോജിപ്പെന്നാല്‍ രാജ്യദ്രോഹമാണ്, പ്രതിഷേധം എന്നത് ദേശവിരുദ്ധമാണ്, അഭിപ്രായസ്വാതന്ത്ര്യം വിലക്കപ്പെടേണ്ടതുമാണ്. സ്വതന്ത്രമായ ആശയപ്രകാശനങ്ങളെ നിയന്ത്രിക്കുന്നതിന് മാദ്ധ്യമ ഉടമകളെ രാഷ്ട്രീയവും സാമ്പത്തികവുമായ സമ്മര്‍ദ്ദങ്ങളിലൂടെ വരുതിയിലാക്കുന്നു. ഈ ഭരണകൂടത്തിന്റെ ആശയസംഹിതയുടെതന്നെ ഭാഗമായ അസഹിഷ്ണുതയെയും സങ്കുചിതത്വത്തെയുമാണ് ഇതെല്ലാം സ്ഫുരിപ്പിക്കുന്നത്. 'ഭീതി യുടെ റിപ്പബ്ലിക്' വളര്‍ന്നുപന്തലിച്ചുകൂടാ. ഡോ. മന്‍മോഹന്‍സിങ് പറഞ്ഞതുപോലെ, 'നമ്മുടെ സമൂഹത്തിലെ ആഴമേറിയ അവിശ്വാസത്തിന്റെയും വ്യാപ്തിയേറിയ ഭയത്തിന്റെയും ശുഭാപ്തിവിശ്വാസമില്ലായ്മയുടെയും വിഷക്കൂട്ട് സാമ്പത്തികപ്രവര്‍ത്തനങ്ങളെയും അതുവഴി സാമ്പത്തികവളര്‍ച്ചയെയും മുരടിപ്പിക്കുകയാണ്.'

മിക്ക ജനാധിപത്യവാദികളെയുംപോലെ ഞാനും ഒരു പുതിയ ഇന്ത്യയെ ആഗ്രഹിക്കുന്നു. കഴിക്കുന്ന ഭക്ഷണത്തിന്റെ പേരില്‍ നിങ്ങളെ ആള്‍ക്കൂട്ടം തല്ലിക്കൊല്ലാത്ത, ഇഷ്ടമുള്ള വിശ്വാസത്തിന്റെ പേരില്‍ നിങ്ങള്‍ പാര്‍ശ്വവത്കരിക്കപ്പെടാത്ത, ഒരാളോടുള്ള ഇഷ്ടത്തിന്റെ പേരില്‍ നിങ്ങള്‍ കുറ്റാരോപിതനാവാത്ത, നടത്തുന്ന വ്യവസായത്തിന്റെയോ വ്യാപാരത്തിന്റെയോ പേരില്‍ നിങ്ങള്‍ അവിശ്വസിക്കപ്പെടാത്ത, ഭരണഘടന വാഗ്ദാനം ചെയ്ത മൗലികാവകാശങ്ങള്‍ വിനിയോഗിച്ചതിന്റെ പേരില്‍ നിങ്ങള്‍ വിചാരണ ചെയ്യപ്പെടുകയോ തടവിലാക്കപ്പെടുകയോ ചെയ്യാത്ത ഒരു പുതു ഇന്ത്യയാവണം അത്. രാഹുല്‍ ബജാജിനോ കിരണ്‍ മജുംദാര്‍ ഷായ്‌ക്കോ മൂലധനനിക്ഷേപം നടത്താന്‍ സ്വാതന്ത്ര്യമുള്ള, ആ സംരംഭത്തില്‍ വിജയിക്കാനോ പരാജയമടയാനോ സ്വാതന്ത്ര്യമുള്ള, അതു ചെയ്യുമ്പോള്‍ത്തന്നെ അന്നന്നത്തെ ഭരണകൂടത്തോട് ഭയരഹിതമായി സംസാരിക്കാന്‍ സ്വാതന്ത്ര്യമുള്ള ഒരു ഇന്ത്യ. 2014 വരെ ഇന്ത്യ ഇങ്ങനെയായിരുന്നു. ആ ഇന്ത്യയെ നമുക്ക് തിരിച്ചുപിടിക്കണം. അല്ലാത്തപക്ഷം ജോര്‍ജ് ഓര്‍വെലിന്റെ 1984 ലെ കല്‍പ്പിതാഖ്യാനം നമ്മുടെ പുതിയ യാഥാര്‍ത്ഥ്യമാവും; അതാരംഭിച്ചതാവട്ടെ, ആ ശീര്‍ഷകവര്‍ഷത്തില്‍നിന്ന് കൃത്യം മൂന്നു പതിറ്റാണ്ടിനിപ്പുറത്തുനിന്ന്.

(ശശി തരൂരിന്റെ 'പുഷ്പശരത്തെ പേടിക്കുന്നവര്‍ 'എന്ന പുസ്തകത്തിലെ 'ഭീതിയുടെ റിപ്പബ്ലിക്' എന്ന ഭാഗത്തില്‍നിന്ന്)

Content Highlights: Book excerpt, Sashi tharoor, Pushpasarathe pedikkunnavar, Mathrubhumi books

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Debashis

9 min

'എന്തിനാണ് സ്‌കൂള്‍ വിടുന്നത്? വിദ്യാര്‍ത്ഥികള്‍ ഗണ്യമായ ഹൃദയവേദനയോടെയാണ് ചോദിച്ചത്'

Jun 5, 2023


Ramayanam

4 min

'തിരിച്ചയച്ചാനുടനേ മൃഗപക്ഷിഗണങ്ങളെ'; വിരഹവും വീണ്ടെടുപ്പും കലര്‍ന്ന രാമായണത്തിലെ പ്രകൃതിദര്‍ശനം

Jun 5, 2023


gandhinagar second street, sathyan anthikkad Mamukoya movies, sreenivasan

8 min

'ഗ്ലാമറിനോടുള്ള ഒരുതരം വൈരാഗ്യബുദ്ധി ശ്രീനിവാസന് അക്കാലംതൊട്ടേ ഉണ്ട്, അതു തെളിഞ്ഞിരിക്കയാണ്!'

Apr 26, 2023

Most Commented