ഒറ്റേവിയോ ക്വത്റോക്കി, രാജീവ് ഗാന്ധി, സോണിയ ഗാന്ധി
ആറു പതിറ്റാണ്ടുകാലത്തെ ദേശീയരാഷ്ട്രീയം അടയാളപ്പെടുത്തുന്നതാണ് കെ.പി. ഉണ്ണികൃഷ്ണന്റെ ജീവിതം. കേരളം സംഭാവന ചെയ്തിട്ടുള്ള ദേശീയനേതാക്കളില്‍ എന്നും ഉയരങ്ങളിലാണ് അദ്ദേഹത്തിന്റെ സ്ഥാനം. അനുഭവങ്ങളും തിക്താനുഭവങ്ങളുംകൊണ്ട് ഇടിമുഴക്കംതീര്‍ത്ത സംഭവബഹുലമായ രാഷ്ട്രീയമുഹൂര്‍ത്തങ്ങള്‍ പങ്കുവെക്കുന്നതാണ് എം.പി സൂര്യദാസ് എഴുതി മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച 'ഇന്ദ്രപ്രസ്ഥത്തിലെ രാഷ്ട്രീയ സഞ്ചാരി.' ഇന്ത്യന്രാഷ്ട്രീയത്തിലെ തലയെടുപ്പുള്ള നേതാവ് കെ.പി. ഉണ്ണികൃഷ്ണന്റെ ഈ ജീവചരിത്രം, സംഭവബഹുലമായ ഒരു കാലഘട്ടത്തിന്റെകൂടി ചരിത്രം അനാവരണം ചെയ്യുന്നു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന് പ്രകാശനം ചെയ്ത പുസ്തകത്തില്‍ നിന്നും ഒരു അധ്യായം വായിക്കാം.
രാഷ്ട്രീയരംഗം ചൂടുപിടിച്ചുവരുന്ന ഈ സമയത്താണ് നാടകീയമായി ഒരു ദിവസം ബോഫോഴ്സ് ഇടപാട് സംബന്ധിച്ച കൂടുതല്‍ തെളിവുകള്‍ ഉണ്ണികൃഷ്ണന് പാര്‍ലമെന്റില്‍ ഉന്നയിച്ചത്. ആ സംഭവം ഉണ്ണികൃഷ്ണന്റെ വാക്കുകളില്‍: ' ബോഫോഴ്സ് വിവാദം കത്തിനില്‍ക്കുന്ന സമയത്ത് ഞാന്‍ സ്വീഡന് സന്ദര്‍ശിക്കാനിടയായി. ബോഫോഴ്സ് ഇടപാട് പുറത്തുകൊണ്ടുവന്ന ദി ഹിന്ദുവിന്റെ ജനീവയിലെ കറസ്പോണ്ടന്റ് ചിത്രാസുബ്രഹ്മണ്യത്തെ ജനീവ സന്ദര്‍ശിച്ചപ്പോള്‍ കാണാനിടയായി. അവര്‍ നേരത്തേ ഡല്‍ഹിയിലുള്ളപ്പോള്‍ മുതല്‍ പരിചയമുണ്ട്. ഈ വാര്‍ത്ത ഹിന്ദുവില്‍ വന്നപ്പോള്‍ ആദ്യം ആരും ഗൗരവമായി എടുത്തിരുന്നില്ല. നേരത്തേ ഡല്‍ഹിയില്‍ സ്വീഡന്റെ നയതന്ത്രപ്രതിനിധിയായി ജോലി ചെയ്ത പഴയ സുഹൃത്തിനെ അവിടെവെച്ചു കണ്ടു. അദ്ദേഹമാണ് ബോഫോഴ്സ് തോക്കിടപാട് സംബന്ധിച്ച് സുപ്രധാനമായ പുതിയ വിവരങ്ങള്‍ നല്‍കിയത്. ഞാന്‍ താമസിച്ച ഹോട്ടല്‍മുറിയില്‍ എത്തിയ ഇദ്ദേഹം ഏറെ നേരം സംസാരിച്ചു. സംസാരത്തിനിടയില്‍ അദ്ദേഹം രാജീവ് ഗാന്ധിയെക്കുറിച്ച് എന്താണ് അഭിപ്രായം എന്ന് ചോദിച്ചു. യുവനേതാവായ രാജീവിന് പരിചയക്കുറവുണ്ടെങ്കിലും നല്ല രീതിയില്‍ പോവുന്നു എന്ന് ഞാന്‍ മറുപടി പറഞ്ഞു. രാജീവിനെക്കുറിച്ച് താനും ധരിച്ചത് അങ്ങനെയാണെങ്കിലും ബോഫോഴ്സ് ഇടപാടുകള്‍ സംശയം ജനിപ്പിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ഇടപാട് സംബന്ധിച്ച ഞെട്ടിപ്പിക്കുന്ന ചില വിവരങ്ങള്‍ തന്റെ കൈവശമുണ്ടെന്നു പറഞ്ഞ അദ്ദേഹം അടുത്ത ദിവസം വീണ്ടും കാണാമെന്നു പറഞ്ഞാണ് രാത്രി പിരിഞ്ഞത്.
അടുത്ത ദിവസം വീണ്ടും കണ്ടുമുട്ടിയപ്പോള്‍ അദ്ദേഹം സുപ്രധാനമായ ചില വിവരങ്ങള്‍ എനിക്കു കൈമാറി. ഇത് വെളിപ്പെടുത്തുന്നതില്‍ വിരോധമില്ലെന്ന് അദ്ദേഹം പറഞ്ഞു. നേരത്തേ റാം ജെഠ്മലാനി ബോഫോഴ്സ് ഇടപാട് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ തേടി സ്വീഡനില്‍ പോയിരുന്നെങ്കിലും പുതിയ വിവരങ്ങളൊന്നും ലഭിച്ചില്ല. ഇന്ത്യയിലേക്കു മടങ്ങിയശേഷം സ്വീഡനില്‍നിന്നു ലഭിച്ച പുതിയ വിവരങ്ങള്‍ രാഷ്ട്രതാത്പര്യം മാനിച്ച് പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ ഞാന്‍ തീരുമാനിച്ചു. എന്റെ സുഹൃത്തായ കെ.സി. പന്ത് ആയിരുന്നു അന്ന് പ്രതിരോധമന്ത്രി. സുപ്രധാനമായ പുതിയ വിവരങ്ങള്‍ ഞാന്‍ പാര്‍ലമെന്റില്‍ ഉന്നയിച്ചത് രാജീവിനെ ഞെട്ടിച്ചു. ഈ വിവരങ്ങള്‍ എവിടുന്നു കിട്ടിയെന്ന് കോണ്‍ഗ്രസ്സിലെ പല സുഹൃത്തുക്കളും പാര്‍ലമെന്റിന് പുറത്തുവെച്ച് കണ്ടപ്പോള്‍ രഹസ്യമായി ചോദിച്ചു. ക്വത്റോക്കിക്കു നേരേ വിരല്‍ചൂണ്ടുന്ന രേഖകളാണ് അന്ന് പാര്‍ലമെന്റിലൂടെ ഞാന്‍ പുറത്തുവിട്ടത്. സോണിയാഗാന്ധിയുമായി അടുത്ത ബന്ധമുള്ള ഇറ്റലിക്കാരനായ വ്യവസായിയും ഇടപാടുകാരനുമാണ് ക്വത്റോക്കി. ഈ ആരോപണം ഉന്നയിക്കുന്നതിനും വര്‍ഷങ്ങള്‍ക്കു മുമ്പ് ക്വത്റോക്കി ഉള്‍പ്പെട്ട, രാസവളക്കമ്പനികള്ക്കുവേണ്ടി നടന്ന ചില ഇടപാടിലെ ക്രമക്കേടുകള്‍ ഞാന്‍ പാര്‍ലമെന്റിന്റെ ശ്രദ്ധയില്ക്കൊണ്ടുവന്നിരുന്നു. ആരാണ് ഈ ക്വത്റോക്കി എന്ന് പലരും അന്ന് എന്നോട് ചോദിച്ചിരുന്നു. ഭാവിയില്‍ വലിയ കുഴപ്പത്തിനു വഴിവെക്കുന്ന ബന്ധമായി ഇത് മാറുമെന്ന് അന്നേ ഇന്ദിരാഗാന്ധി ഭയപ്പെട്ടിരുന്നു.'
ലോകസഭ ഇളകിമറിഞ്ഞ സംഭവമായിരുന്നു അന്നത്തെ ഉണ്ണികൃഷ്ണന്റെ സഭയിലെ പ്രകടനം. മണിക്കൂറുകള്‍ നീണ്ട പ്രസംഗത്തിനിടയില്‍ പല ഘട്ടങ്ങളിലും കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രസംഗം തടസ്സപ്പെടുത്താന്‍ ശ്രമിച്ചു. ഉണ്ണികൃഷ്ണനിലെ പാര്‍ലമെന്റേറിയനെ രാജ്യം കണ്ട സന്ദര്‍ഭംകൂടിയായിരുന്നു ഇത്. മുമ്പൊരു പ്രധാനമന്ത്രിക്കും ലഭിച്ചിട്ടില്ലാത്ത ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ വന്ന രാജീവ് ഗാന്ധിയുടെ പ്രതിച്ഛായയ്ക്കേറ്റ കനത്ത പ്രഹരമായി മാറി ഈ സംഭവം. രാജീവ് ഗാന്ധിയും ഉണ്ണികൃഷ്ണനും തമ്മില്‍ വ്യക്തിപരമായി അകലാന്‍ ഇതു കാരണമായി. വിവാദം ശമിപ്പിക്കാന്‍ ബോഫോഴ്സ് കോഴ ഇടപാട് അന്വേഷിക്കാന്‍ സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി (ജെ.പി.സി.)യെ നിയമിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. കോണ്‍ഗ്രസ് നേതാവായ പാര്‍ലമെന്റ് അംഗം ബി. ശങ്കരാനന്ദിന്റെ നേതൃത്വത്തില്‍ ജെ.പി.സിയെ നിയോഗിക്കുന്ന പ്രമേയം പാര്‍ലമെന്റില്‍ അന്നത്തെ പ്രതിരോധമന്ത്രി കെ.സി. പന്ത് ആണ് അവതരിപ്പിച്ചത്. 50 സിറ്റിങ്ങുകള്‍ നടത്തി 1988 ഏപ്രില്‍ 26ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും പ്രതിപക്ഷത്തിന്റെ എതിര്‍പ്പുകാരണം ആ റിപ്പോര്‍ട്ട് അംഗീകരിച്ചില്ല.
'ബോഫോഴ്സ് ആരോപണം ഉന്നയിച്ചശേഷവും മുമ്പത്തേപോലെ തന്നെ സൗഹൃദം രാജീവ് പുറത്തേക്കു കാണിച്ചിരുന്നു. എങ്കിലും അദ്ദേഹം അത് വ്യക്തിപരമായി എടുത്തിരുന്നു എന്നത് സത്യമാണ്. അക്കാലത്ത് പാര്‍ലമെന്റില്‍ ഏറ്റവും ഇഫക്ടീവായി രാജീവിനെ നേരിട്ടത് ഞാനാണെന്ന തോന്നല്‍ അദ്ദേഹത്തിന് ഉണ്ടായിരുന്നു. പാര്‍ലമെന്റിലെ സെന്ട്രല്ഹാളിലും മറ്റും വെച്ചു കാണുമ്പോള്‍ സൗഹൃദം കാണിക്കാന്‍ അപ്പോഴും രാജീവ് ശ്രദ്ധിച്ചിരുന്നു,' ഉണ്ണികൃഷ്ണന് പറയുന്നു.
പാര്‍ലമെന്റിലും പുറത്തും വലിയ കോലാഹലം തീര്‍ത്ത ഈ സംഭവവികാസം വി.പി. സിങ്ങിന് ആത്മവിശ്വാസം പകര്‍ന്നു. കോണ്‍ഗ്രസ്സില്‍നിന്ന് രാജിവെച്ച് വീട്ടില്‍ ഏകാന്തമായി കഴിഞ്ഞുകൂടിയ അദ്ദേഹം പതുക്കെ പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങി. അലഹാബാദില്‍ അമിതാഭ് ബച്ചന് രാജിവെച്ച ഒഴിവില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ വി.പി. സിങ് മത്സരിക്കണമെന്ന ആവശ്യം പ്രതിപക്ഷം മുന്നോട്ടുവെച്ചു. ആദ്യം അത് സ്വീകരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. പല തവണ നടത്തിയ കൂടിക്കാഴ്ചകള്‍ക്കൊടുവിലാണ് സിങ് അതിന് സമ്മതിച്ചതെന്ന് ഉണ്ണികൃഷ്ണന് പറയുന്നു. ഉത്തര്‍പ്രദേശ് രാഷ്ട്രീയത്തില്‍ കമലാപതി ത്രിപാഠിയെപ്പോലുള്ള മുതിര്‍ന്നനേതാക്കള്‍ സജീവമായി രംഗത്തുള്ളപ്പോഴാണ് താരതമ്യേന ജൂനിയറായ വി.പി. സിങ്ങിനെ ഇന്ദിരാഗാന്ധി നാല്‍പ്പത്തിയൊമ്പതാം വയസ്സില്‍ യു.പി. മുഖ്യമന്ത്രിയാക്കുന്നത്. ഇന്ദിരാഗാന്ധി കാണിച്ച ഈ പ്രത്യേക താത്പര്യം സിങ് അന്നൊക്കെ പലപ്പോഴും സംഭാഷണങ്ങളില്‍ സുഹൃത്തുക്കളോട് പങ്കുവെക്കാറുണ്ട്. നെഹ്രുകുടുംബത്തോട് അത്രമേല്‍ കടപ്പാട് മനസ്സില്‍ സൂക്ഷിച്ചിരുന്ന വി.പി. സിങ്ങിന് ഇന്ദിരയുടെ മകനെതിരേ പരസ്യനിലപാടെടുക്കാനുണ്ടായ വൈമനസ്യം സ്വാഭാവികമായിരുന്നു. പക്ഷേ, രാജ്യം അത്തരമൊരു തീരുമാനമെടുക്കാന്‍ പ്രേരിപ്പിക്കുകയായിരുന്നു. ഒടുവില്‍ മനസ്സില്ലാമനസ്സോടെ അദ്ദേഹം മത്സരിക്കാന്‍ സമ്മതംമൂളി. ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെ മകന് സുനില്‍ ശാസ്ത്രിയെയാണ് അന്ന് കോണ്‍ഗ്രസ് വി.പി. സിങ്ങിനെ നേരിടാന്‍ രംഗത്തിറക്കിയത്. ഫലം വന്നപ്പോള്‍ വന്‍ഭൂരിപക്ഷത്തിനാണ് രാജാസാഹിബ് എന്ന് അറിയപ്പെട്ടിരുന്ന സിങ്ങിനെ അലഹാബാദ് വീണ്ടും തിരഞ്ഞെടുത്തത്. ഈ വിജയം കോണ്‍ഗ്രസ്സിനെതിരായ രാഷ്ട്രീയപോരാട്ടത്തിന് രാജ്യവ്യാപകമായി വലിയ പ്രചോദനം നല്കി.
.jpg?$p=fdf1e0b&&q=0.8)
ലോകസഭയില്‍ ഈ കാലയളവില്‍ വളരെ കുറച്ചുപേര്‍ മാത്രമേ പ്രതിപക്ഷനിരയില്‍ കോണ്‍ഗ്രസ്സിനെ നേരിടാന്‍ ഉണ്ടായിരുന്നുള്ളൂ. മധുദന്തവതെ, ഇന്ദ്രജിത് ഗുപ്ത, കെ.പി. ഉണ്ണികൃഷ്ണന് തുടങ്ങിയ ഏതാനും അംഗങ്ങള്‍ മാത്രമാണ് ഫലപ്രദമായി സര്‍ക്കാരിനെ നേരിട്ടത്. ഇതേസമയത്ത് കെ.പി. ഉണ്ണികൃഷ്ണനെ പ്രതിപക്ഷനിരയില്‍നിന്ന് അടര്‍ത്തിയെടുക്കാനും ശ്രമം നടന്നിരുന്നു. കോണ്‍ഗ്രസ്സിലെ വിശ്വസ്തരായ സുഹൃത്തുക്കളാണ് ഇതിന് ചരടുവലിച്ചത്.
ആ സംഭവങ്ങള്‍ ഉണ്ണികൃഷ്ണന് വിവരിക്കുന്നു: 'പാര്‍ലമെന്റില്‍ കോണ്‍ഗ്രസ്സിന് നല്ല അംഗബലമുണ്ടെങ്കിലും പ്രതിപക്ഷത്തിന്റെ ആക്രമണം തടയാന്‍ ഇവര്‍ക്ക് പലപ്പോഴും കഴിഞ്ഞില്ല എന്ന തോന്നല്‍ രാജീവിന് ഉണ്ടായിരുന്നു. സര്‍ക്കാരിനെ ഏറ്റവും ശക്തമായി നേരിട്ടത് ഞാനാണെന്ന് രാജീവിന് അറിയാമായിരുന്നു. പലപ്പോഴും എന്റെ നീക്കങ്ങള്‍ അദ്ദേഹത്തെ അസ്വസ്ഥനാക്കി. എന്നെ കോണ്‍ഗ്രസ്സിലേക്ക് കൊണ്ടുവരുന്നതിലൂടെ ഇത്തരം തലവേദന ഒഴിവാക്കാമെന്ന് അദ്ദേഹം കരുതിയതായി തോന്നുന്നു. ഇതായിരിക്കാം എന്നെ കോണ്‍ഗ്രസ്സിലെത്തിക്കാന്‍ ചില ശ്രമങ്ങള്‍ നടന്നത്. 1987 90 കാലഘട്ടത്തില്‍ നിരവധി തവണ രാജീവ് ഈ വിഷയം എന്നോടു സംസാരിച്ചിട്ടുണ്ട്. അന്നത്തെ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ആര്.എല്‍. ഭാട്ട്യയാണ് എന്റെ മനസ്സറിയാന്‍ ആദ്യം സംസാരിച്ചത്. പിന്നീട് പാര്‍ലമെന്റില്‍ കാണുമ്പോഴെല്ലാം രാജീവ് നല്ലരീതിയില്‍ സൗഹൃദം പങ്കിടാറുണ്ട്. അക്കാലത്ത് രാത്രി വൈകി പതിനൊന്നുമണിക്കുശേഷം രാജീവ് ഗാന്ധിയുടെ സെക്രട്ടറി വിന്‍സന്റ് ജോര്‍ജ് ഫോണില്‍ വിളിച്ച് രാജീവിന് സംസാരിക്കണമെന്നു പറഞ്ഞ് കണക്ട് ചെയ്യും. ഈ രീതിയില്‍ വളരെയേറെ അടുത്തു. പിന്നീട് മൂന്നോ നാലോ തവണ വാഹനം അയച്ച് രാത്രി വൈകിയ വേളകളില്‍ രാജീവ് എന്നെ വിളിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വസതിയിലെ ഓഫീസ് മുറിയില്‍ 45 മിനിട്ട് മുതല്‍ ഒരു മണിക്കൂര്‍ വരെ ഇത്തരം കൂടിക്കാഴ്ചകള്‍ നീണ്ടു. ബോഫോഴ്സ് വിഷയമൊന്നും നേരിട്ട് സംസാരത്തില്‍ വന്നില്ലെങ്കിലും മറ്റു പല കാര്യങ്ങളും സംസാരിച്ച് ചായകുടിച്ചശേഷമാണ് രാത്രി പിരിഞ്ഞത്. ഇന്ദിരയുമായി അകലാനുള്ള സാഹചര്യം ഈ കൂടിക്കാഴ്ചകളില്‍ ഞാന്‍ രാജീവിനോട് വിശദീകരിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥ, സഞ്ജയ് ഗാന്ധിയുടെ ഇടപെടല്‍ തുടങ്ങിയ കാര്യങ്ങള്‍ വിവരിച്ചപ്പോള്‍ അത് മനസ്സിലാക്കാനും ഉള്‍ക്കൊള്ളാനും അദ്ദേഹം ശ്രമിച്ചിരുന്നു. മാര്‍ഗരറ്റ് ആല്‍വ ഉള്‍പ്പെടെയുള്ള ചില പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ എന്നെ തിരിച്ച് കോണ്‍ഗ്രസ്സില്‍ കൊണ്ടുവരുന്നത് നന്നാവുമെന്ന് രാജീവിനെ ധരിപ്പിച്ചതായി പിന്നീടു മനസ്സിലാക്കാന്‍ സാധിച്ചു. രാജീവുമായുള്ള അടുപ്പം വളര്‍ന്നപ്പോള്‍ കോണ്‍ഗ്രസ്സിലേക്കു മടങ്ങുന്ന കാര്യം അന്ന് ഞാന്‍ ആലോചിച്ചിരുന്നു. ഒരുപക്ഷേ രാജീവ് കുറച്ചുകൂടി ജീവിച്ചിരുന്നെങ്കില്‍ ഞാന്‍ നേരത്തേ കോണ്‍ഗ്രസ്സിലേക്ക് മടങ്ങുമായിരുന്നു എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഒരു യുദ്ധമുഖത്തുനിന്ന് പിന്മാറുന്നത് ശരിയല്ലെന്നതുകൊണ്ട് അന്നത്തെ രാഷ്ട്രീയസാഹചര്യത്തില്‍ കൂറുമാറുന്നത് ചിന്തിക്കാന്‍പോലും എനിക്കു സാധിച്ചില്ല.'
ബോഫോഴ്സ് വളര്‍ന്നുവന്ന് ഉഗ്രശേഷിയുള്ള ബോംബായി മാറിയെന്ന് താമസിയാതെ കോണ്‍ഗ്രസ് തിരിച്ചറിഞ്ഞു.
ജനങ്ങളും മാധ്യമങ്ങളും വലിയ പ്രാധാന്യത്തോടെ ചര്‍ച്ച ചെയ്ത ബോഫോഴ്സ് വിഷയം ലൈവായി നിലര്ത്താന്തന്നെ പ്രതിപക്ഷം തീരുമാനിച്ചു. അങ്ങനെയാണ് ഈ വിഷയത്തില്‍ രാജീവ് ഗാന്ധിമന്ത്രിസഭയ്ക്കെതിരേ അവിശ്വാസപ്രമേയത്തിന് പാര്‍ലമെന്റില്‍ നോട്ടീസ് നല്‍കിയത്. കോണ്‍ഗ്രസ് (എസ്) ജനറല്‍ സെക്രട്ടറി കെ.പി. ഉണ്ണികൃഷ്ണനും തെലുങ്കുദേശത്തിലെ സി. മാധവ റെഡ്ഡിയുമാണ് പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. മാധവ റെഡ്ഡിയാണ് ലോകസഭയില്‍ പ്രമേയം അവതരിപ്പിച്ചത്. രണ്ടു ദിവസം നീണ്ട അവിശ്വാസപ്രമേയചര്‍ച്ചയില്‍ മണിക്കൂറുകളോളം ദീര്‍ഘമായി സംസാരിച്ചത് ഉണ്ണികൃഷ്ണനാണ്. പ്രധാനമന്ത്രി രാജീവ് ഗാന്ധിയും ഉണ്ണികൃഷ്ണനും തമ്മില്‍ നേരിട്ടുള്ള വാക്പോരിലേക്ക് നീണ്ട അന്നത്തെ അവിശ്വാസചര്‍ച്ച പാര്‍ലമെന്റ് ചരിത്രത്തിലെ ഉജ്ജ്വലപോരാട്ടങ്ങളിലൊന്നാണ്. ചില എണ്ണക്കമ്പനികളുമായി നടന്ന ഇടപാടില്‍ ക്വത്റോക്കിയുടെ പങ്ക് വ്യക്തമാക്കണമെന്ന് ഉണ്ണികൃഷ്ണന് ആവശ്യപ്പെട്ടതാണ് ഭരണപക്ഷത്തെ പ്രകോപിപ്പിച്ചത്. തെളിവുകളുണ്ടെങ്കില്‍ ഹാജരാക്കണമെന്നും ഇല്ലെങ്കില്‍ ആരോപണം പിന്‍വലിക്കണമെന്നും രാജീവ് ഗാന്ധി അന്ന് ആവശ്യപ്പെട്ടു. രണ്ടു ദിവസം നീണ്ട അവിശ്വാസപ്രമേയം ഒടുവില്‍ ശബ്ദവോട്ടോടെ സഭ തള്ളി. വോട്ടെടുപ്പ് വേണമെന്ന് നിര്‍ബ്ബന്ധം പിടിക്കാന്‍പോലും സാധിക്കാത്തവിധം അംഗസംഖ്യയില്‍ ദുര്‍ബ്ബലമായിരുന്നു അന്നത്തെ പ്രതിപക്ഷം. എങ്കിലും സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്താനും ആരോപണങ്ങള്‍ ഒന്നൊന്നായി സഭാതലത്തില്‍ ഗൗരവപൂര്‍വ്വം ഉന്നയിക്കാനും അവിശ്വാസപ്രമേയചര്‍ച്ച പ്രതിപക്ഷം പ്രയോജനപ്പെടുത്തി.
ബോഫോഴ്സ് വിഷയം പാര്‍ലമെന്റില്‍ വന്നപ്പോഴാണ് ഉണ്ണികൃഷ്ണന്റെ ഏറ്റവും മികച്ച പ്രകടനം 1984- 89 കാലത്തെ ലോകസഭ കണ്ടതെന്ന് സുരേഷ് കുറുപ്പ് ഓര്‍ക്കുന്നു: 'ബോഫോഴ്സ് ഇടപാടില്‍ ക്വത്റോക്കിക്കുള്ള ബന്ധം സ്ഥാപിച്ചുകൊണ്ട് അന്നു നടത്തിയ കടന്നാക്രമണം കോണ്‍ഗ്രസ്സിനെ മുള്‍മുനയില്‍ നിര്‍ത്തി. ക്വത്റോക്കി വിഷയം പാര്‍ലമെന്റില്‍ ഉന്നയിച്ചതുകൊണ്ടാവാം പിന്നീട് ഉണ്ണിയേട്ടന് കോണ്‍ഗ്രസ്സില്‍ ചേര്‍ന്നപ്പോള്‍ അദ്ദേഹത്തെ നെഹ്രുകുടുംബം തീര്‍ത്തും മാറ്റിനിര്‍ത്താന്‍ കാരണമായിട്ടുണ്ടാവുക. ഒരു പോസ്റ്റ് കാര്‍ഡ് വലിപ്പത്തിലുള്ള പേപ്പറില്‍ കുറിപ്പുകള്‍ തയ്യാറാക്കിയാണ് സഭയില്‍ വരിക. ആധികാരികമായി വിഷയം അവതരിപ്പിച്ച് സംസാരിക്കുന്നതിനിടെ ഇടയ്ക്ക് ഈ കാര്‍ഡിലേക്ക് നോക്കും. രൂക്ഷമായി വിമര്‍ശിക്കുമ്പോഴും പാര്‍ലമെന്ററി മാന്യതയും സഭ്യതയും ഒരിക്കലും വെടിയില്ല. സത്യത്തില്‍ ഞാന്‍ അംഗമായ ആ സഭയിലെ ഏറ്റവും മികച്ച പാര്ലമെന്റേറിയന്മാര് കെ.പി. ഉണ്ണികൃഷ്ണനും ബനാത്ത് വാലയുമാണ്' എന്ന് സുരേഷ് കുറുപ്പ് അനുസ്മരിക്കുന്നു.
Content Highlights: Rajiv Gandhi, K.P Unnikrishnan, Bofors Scandal, Indira Gandhi, M.P Sooryadas, Mathrubhumi Books
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..