ഒരു പത്രത്തിന്റെ പിറവി... മാതൃഭൂമിയുടെ ആദ്യപ്രതി പരിശോധിക്കുന്ന കെ.പി. കേശവമേനോൻ. ടി.പി.സി. കിടാവ്, കോഴിപ്പുറത്ത് മാധവമേനോൻ, പി.രാവുണ്ണി മേനോൻ, കെ.വി.കുഞ്ഞുണ്ണി മേനോൻ എന്നിവർ സമീപം (ചിത്രകാരന്റെ ഭാവനയിൽ) വര: മദനൻ.
സ്വാതന്ത്ര്യസമര നായകനും മാതൃഭൂമി സ്ഥാപക പത്രാധിപരുമായ കെ.പി.കേശവമേനോന്റെ ആത്മകഥയായ 'കഴിഞ്ഞ കാല'ത്തില്‍ നിന്ന് മാതൃഭൂമിയുടെ പിറവിയെക്കുറിച്ചുള്ള ഒരേട്
ആദ്യത്തെ പ്രതി എന്റെ ഭാവനയില്‍ ഞാന്‍ തെളിഞ്ഞുകണ്ടു. മാധവന്‍നായരും മറ്റുമായി പലപ്രാവശ്യം അതിനെക്കുറിച്ചാലോചിച്ചു. ഞാന്‍ ആദ്യം എഴുതിയ മുഖപ്രസംഗം അവരെയെല്ലാം വായിച്ചുകേള്‍പ്പിച്ചു. കൂട്ടിയും കുറച്ചും വെട്ടിയും തിരുത്തിയും അതു പിന്നെയും മിനുസപ്പെടുത്തി. എന്റെ കൈയെഴുത്തു വായിക്കുക കമ്പോസിറ്റര്‍മാര്‍ക്ക് അത്ര എളുപ്പമായിരുന്നില്ല. അതിനുള്ള വൈദഗ്ധ്യം അവര്‍ സമ്പാദിക്കാന്‍ കാലതാമസം വേണ്ടിവന്നു.
പി. രാവുണ്ണിമേനോന്, കെ. മാധവമേനോന്, കെ.വി. കുഞ്ഞുണ്ണിമേനോന്, ടി.പി.സി. കിടാവ് എന്നിവരായിരുന്നു പത്രാധിപവകുപ്പില് അന്നെന്നെ സഹായിച്ചിരുന്നവര്‍, 'നവീനകേരള'ത്തില്‍നിന്നു വിട്ട കുഞ്ഞുണ്ണി മേനോന് 'മാതൃഭൂമി'യിലേക്കു വന്നു. ടി.പി.സി. കിടാവ് അന്നാരംഭിച്ച സേവനം 1964 വരെ തുടര്‍ന്നുവന്നു. കടലാസ് മടക്കാനായി അന്നു 'മാതൃഭൂമി' ഓഫീസില്‍ വന്നിരുന്ന ഒരു യുവാവ്-നാരായണന് വളരെക്കാലം 'മാതൃഭൂമി'യെ സേവിച്ചു. നാരായണന് ഇപ്പോള്‍ ജീവിച്ചിരിപ്പില്ല.
മാര്‍ച്ച് 16-നു കാലത്ത് ഞങ്ങളെല്ലാം ഓഫീസിലെത്തി. മാധവന് നായരുടെയും എന്റെയും മുറികള്‍ അടുത്തടുത്തായിരുന്നു. പ്രസരിപ്പുള്ള മാധവന് നായര്‍ താഴോട്ടുപോയും കമ്പോസിറ്റര്‍മാരുടെ പ്രവൃത്തി നോക്കിയും മേലോട്ടു കയറിയും ഉത്സാഹം വിതറിക്കൊണ്ടു നടക്കുകയായിരുന്നു. ഒരു വലിയ സദ്യക്ക് ഒരുക്കുന്നതു പോലെയാണ് അച്യുതന് വക്കീലിന്റെ ശ്രമം. 'ഒന്നും ശരിയായിട്ടില്ലല്ലോ, പത്രം നാളെ പുറപ്പെടേണ്ടേ' എന്ന് ആവലാതിപ്പെട്ടുകൊണ്ട് അച്യുതന് വക്കീല്‍ ഒരു വടിയും കൈയില്‍ പിടിച്ച് അക്ഷമനായി പ്രസിന്റെ പലഭാഗത്തും നടന്നുകൊണ്ടിരുന്നു. പ്രവര്ത്തകന്മാരും സഹായിക്കാന്‍ വന്നവരും കാഴ്ചക്കാരുമായി 'മാതൃഭൂമി' ഓഫീസില്‍ ഒട്ടധികം ആളുകള്‍ തിരക്കിക്കൂടിയിരുന്നു. വൈകുന്നേരം ഭക്ഷണം കഴിച്ചു. പിന്നെയും ഞാന്‍ ഓഫീസിലേക്കു പോയി.
കോളം പ്രൂഫും പേജ് പ്രൂഫും എല്ലാം പരിശോധിച്ചുകഴിഞ്ഞു. മാറ്റര്‍ മെഷീനില്‍ കയറ്റാന്‍ തയ്യാറായി ഫോര്മാന് ചന്തുക്കുട്ടി അതിനൊരുങ്ങി. അപ്പോള്‍ മെഷീന് എന്തോ കേടുപറ്റി. അതു ശരിപ്പെടുത്താന്‍ ചന്തുക്കുട്ടിക്കും മെഷീന്‍മാന്‍ ചാത്തുക്കുട്ടിക്കും കൂട്ടുകാര്‍ക്കും കുറെ സമയം വേണ്ടിവന്നു.
ചുമരില്‍ തൂക്കിയിരുന്ന ക്ലോക്കില്‍ സമയംനോക്കി ഞാന്‍ അങ്ങോട്ടും ഇങ്ങോട്ടും നടന്നുകൊണ്ടിരുന്നു. പുലര്‍ച്ചെ നാലുമണിയായി, എല്ലാം ശരിയായി എന്ന ഉറപ്പോടെ ചാത്തുക്കുട്ടി മെഷീന് തിരിക്കാന്‍ തുടങ്ങി. ഞങ്ങള്‍ അതു കുറെനേരം നോക്കിനിന്നു. പേജുകള്‍ കൂട്ടിച്ചേര്‍ത്തു പത്രം മടക്കി ആദ്യത്തെ കോപ്പി ചാത്തുക്കുട്ടി എന്റെ കൈയില്‍ തന്നു. ഞാനതു നിവര്‍ത്തിനോക്കി. മാധവന്‍നായരും മറ്റു പലരും എന്റെയടുത്തുണ്ടായിരുന്നു. അങ്ങനെ 'മാതൃഭൂമി'യുടെ ജനനം കഴിഞ്ഞു.
ആ 'മാതൃഭൂമി'യും കൈയിലെടുത്തു വീട്ടിലേക്കു പുറപ്പെട്ടു. കിടാവും കൂടെയുണ്ടായിരുന്നു. നേരം വെളുക്കാറായിരിക്കുന്നു. ചില പീടികകള്‍ തുറന്നിട്ടുണ്ട്. കാലത്തെ വണ്ടിക്കു പുറപ്പെട്ടവര്‍ അതു തെറ്റുമോ എന്നു ഭയപ്പെട്ടു ബദ്ധപ്പെട്ടു നടക്കുന്നു. ചരക്കു കയറ്റി ഉള്‍നാടുകളില്‍ നിന്നുവന്ന വണ്ടികള്‍ ഒന്നൊന്നിന്നു പിന്നാലെ നിരത്തില്‍ക്കൂടി സാവധാനത്തില്‍ പോകുന്നുണ്ട്. അവ വലിച്ചിരുന്ന കാളകളും തെളിച്ചിരുന്ന ആളുകളും ഒരുപോലെ ക്ഷീണിച്ചിരുന്നു. 'മാതൃഭൂമി'യുടെ ജനനത്തെപ്പറ്റി ഇവരറിഞ്ഞിരിക്കുമോ എന്ന വിചാരം എനിക്കപ്പോള്‍ ഉണ്ടാകാതിരുന്നില്ല.
വീട്ടിലെത്തി എല്ലാവരെയും വിളിച്ചുണര്‍ത്തി 'മാതൃഭൂമി' അവര്‍ക്കു കാണിച്ചുകൊടുത്തു. ഒരു ശിശുവിന്റെ ജനനത്തിലെന്നപോലെയായിരുന്നു അതു കണ്ടപ്പോള്‍ അവര്‍ക്കുണ്ടായ സന്തോഷം. തലേദിവസം രാത്രിയും പകലും വിടാതെ പ്രവൃത്തിയെടുത്തതുകൊണ്ടു വല്ലാത്ത ക്ഷീണംതോന്നി. നേരം പുലരാറായെങ്കിലും ഞാന്‍ പോയി കിടന്നു. ക്ഷണനേരത്തിനുള്ളില്‍ എല്ലാം മറന്ന് കുറെനേരം സുഖമായുറങ്ങി.
പിറ്റേദിവസം കാലത്തു കാപ്പി കഴിഞ്ഞു 'മാതൃഭൂമി' നിവര്‍ത്തി അതിലെ ഉള്ളടക്കം ഒന്നുകൂടി പരിശോധിച്ചു. മുഖപ്രസംഗം ഒരിക്കല്‍കൂടി വായിച്ചു. ''രാജ്യത്തിന്റെ പൊതുക്ഷേമം മാത്രം ലക്ഷ്യമാക്കി, സത്യത്തെ കൈവിടാതെ, ഒരു തരക്കാരുടെയോ മതക്കാരുടെയോ കാര്യത്തെ നിവര്‍ത്തിക്കാനല്ല ഞങ്ങള്‍ പുറപ്പെട്ടിരിക്കുന്നതെന്നു എപ്പോഴും ഓര്‍മവെച്ച്, സാധാരണാവകാശങ്ങളെ സംബന്ധിച്ചിടത്തോളം എല്ലാ മനുഷ്യരും സമന്മാരാണെന്നുള്ള വിശ്വാസത്തോടെ, സ്വാതന്ത്ര്യ വര്‍ധനയ്ക്കായി നിര്‍ഭയം പൊരുതുന്നതില്‍ ഞങ്ങള്‍ ഒരിക്കലും പിന്നാക്കം വെക്കുന്നതല്ല'' എന്നെഴുതിയ ഭാഗം വായിച്ചപ്പോള്‍ അതു കേരളീയരോട് ചെയ്യുന്ന ഒരു പാവനപ്രതിജ്ഞയല്ലേ എന്ന് എനിക്കു തോന്നി. അങ്ങനെയാണെന്നു വന്നാല്‍കൂടി അതു നിറവേറ്റുന്നതില്‍ 'മാതൃഭൂമി' അലസതയോ അധൈര്യമോ പ്രദര്ശിപ്പിച്ചിട്ടില്ലെന്നതിന് ഈ ദീര്‍ഘകാലത്തെ ചരിത്രം സാക്ഷ്യം വഹിക്കുന്നതാണ്.
നയവും ലക്ഷ്യവും പ്രഖ്യാപിക്കുന്നതിനു പ്രയാസമില്ല. അതനുസരിച്ചു പ്രവര്‍ത്തിക്കുന്നത് അത്രതന്നെ എളുപ്പമല്ല എന്ന് എനിക്കു പലപ്പോഴും അനുഭവപ്പെട്ടിട്ടുണ്ട്. വെറുപ്പോ പക്ഷഭേദമോ ഇല്ലാതെ 'മാതൃഭൂമി'യിലെ വിമര്‍ശനങ്ങള്‍ നിര്‍ഭയവും നിഷ്പക്ഷവുമായിരിക്കണമെന്ന ആഗ്രഹം എനിക്കുണ്ടായിരുന്നു. പൊതുജനങ്ങള്‍ അറിയേണ്ട സംഭവങ്ങള്‍ നിറവും തരവും മാറ്റാതെ അവരുടെ മുമ്പില്‍ വെക്കണമെന്ന വിചാരവുമുണ്ടായിരുന്നു. 'വലിയ പ്രത്യാശയോടുകൂടിയാണ് ജനങ്ങള്‍ മാതൃഭൂമിയുടെ ആഗമനം കാത്തിരിക്കുന്ന'തെന്നു പത്രം പ്രസിദ്ധപ്പെടുത്തുന്നതിന്നു രണ്ടുദിവസംമുമ്പ് ഒരു സ്നേഹിതന് എന്നോടു പറഞ്ഞതു ഞാന്‍ പലപ്പോഴും ഓര്‍ക്കാതിരുന്നില്ല.
Content Highlights: KP Kesava Menon, autobiography
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..