'സ്വപ്‌നം ഒരു ചാക്ക് 
തലയിലത് താങ്ങി ഒരു പോക്ക്...' 

സിനിമയെഴുത്തുകാരന്‍ എന്ന നിലയില്‍ കൈവന്ന പരിചയത്തില്‍നിന്നാണ് മധുചന്ദ്രന്‍ എന്ന പത്രാധിപര്‍ വനിത ഓണപ്പതിപ്പിനുവേണ്ടി ഒരു ചെറുനോവല്‍ എഴുതിത്തരാമോ എന്നു ചോദിക്കുന്നത്. പഠിക്കുന്നകാലത്ത് ഒന്നുരണ്ട് കഥ എഴുതിയതില്‍പ്പിന്നെ ആ വശത്തേക്ക് തിരിഞ്ഞുനോക്കിയിട്ടില്ല. കാര്യം പറഞ്ഞാല്‍ കേരളത്തിലെ മികച്ച പത്തു ക്യാമ്പസ് കഥകളില്‍ ഒന്നായി എം. മുകുന്ദന്‍ അന്നു ഞാന്‍ എഴുതിയൊരു കഥ തിരഞ്ഞെടുക്കുകയൊക്കെ ചെയ്തിരുന്നു. പക്ഷേ, അന്നും ഇന്നും കഥയെഴുതുന്ന കാര്യം ഓര്‍ക്കുമ്പോള്‍ത്തന്നെ ആത്മവിശ്വാസമൊക്കെ ചോര്‍ന്നു വല്ലാത്തൊരു ചങ്കുവേദനയുണ്ടാകും എനിക്ക്. മധുച്ചേട്ടന്‍ മധുരമായി സംസാരിച്ച് എന്നെക്കൊണ്ട് സമ്മതം മൂളിച്ചെങ്കിലും എന്തു കഥയെഴുതുമെന്ന് ഒരു പിടിത്തവും കിട്ടിയില്ല. ആലോചിച്ചാലോചിച്ചുതന്നെ ദിവസങ്ങള്‍ പോയിക്കിട്ടി. അവസാനം, സിനിമയ്ക്കുവേണ്ടി ആലോചിച്ച് ഉപേക്ഷിച്ച പാതിവെന്ത ഏതെങ്കിലും കഥ പുതിയ മസാലയിട്ടു വേവിച്ചെടുക്കാമെന്നു തീരുമാനിച്ചു.

സംവിധായകന്‍ കമലിനോട് അവതരിപ്പിക്കണമെന്ന ആഗ്രഹത്തില്‍ പണ്ട് അദ്ദേഹത്തിന്റെ അസിസ്റ്റന്റായിരുന്ന ആഷിഖ് അബുവിനോട് ഒരു പ്രമേയം ചര്‍ച്ച ചെയ്തിട്ടുണ്ടായിരുന്നു. അതിനു പ്രചോദനമായത് കേരളത്തിന്റെ പഴയ കപ്പല്‍ എം.വി. കൈരളി കടലില്‍ കാണാതെ പോയതിനെക്കുറിച്ച് വന്നൊരു പത്രവാര്‍ത്തയായിരുന്നു. ഒരു തെളിവും അവശേഷിപ്പിക്കാതെ മായാജാലത്തിലെന്നപോലെ മാഞ്ഞുപോയ കൈരളിയുടെ ക്യാപ്റ്റന്‍ മരിയാദാസ് മടങ്ങിവരുമെന്ന പ്രതീക്ഷയില്‍ മരണംവരെ കാത്തിരുന്ന അദ്ദേഹത്തിന്റെ ഭാര്യയെക്കുറിച്ച് ചിന്തിക്കുമ്പോഴൊക്കെ എങ്ങുനിന്നോ ഒരു നീറ്റല്‍ക്കൊളുത്ത് നീണ്ടുവന്നു നെഞ്ചത്ത് ഉടക്കിപ്പിടിക്കുമായിരുന്നു. ആ നീറ്റലിന് ഭാവനയുടെ നിറം മുക്കിയെടുത്തപ്പോള്‍ പിന്നണിയായി നിരന്ന പലതരം ഓര്‍മകളെയാണ് ഞാനീ കുറിപ്പില്‍ പെറുക്കിവെക്കാന്‍ ശ്രമിച്ചത്. വീടിനെക്കാള്‍ വലിയ പടിപ്പുര എന്നാരെങ്കിലും പരിഹസിച്ചാല്‍പ്പോലും എനിക്കിത് പറയാതെ വയ്യ.

വാട്ടര്‍വേള്‍ഡിലെ കെവിന്‍ കോസ്റ്റ്‌നറുടെയും അഗ്ഗ്വിറെ ദി റാത്ത് ഓഫ് ഗോഡിലെ ക്ലോസ് കിന്‍സ്‌കിയുടെയും ജലസഞ്ചാരങ്ങള്‍ മുതല്‍ വെര്‍ണര്‍ ഹെര്‍സോഗ് തന്റെ സിനിമയ്ക്കുവേണ്ടി കുന്നിന്‍പുറത്തുകൂടി കപ്പല്‍ കെട്ടിവലിച്ചതിന്റെ വിവരണംവരെ ഈ കഥ എഴുതുമ്പോള്‍ പശ്ചാത്തലത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. ഗുരുതരമായ രോഗത്തിന് അടിപ്പെട്ട ലോത്ത് ഐസ്‌നറെ കാണാന്‍ മ്യൂണിക്കില്‍നിന്നു പാരിസിലേക്ക് ഹെര്‍സോഗ് നടത്തിയ ഒരു യാത്രയുണ്ട്. അത്രയും ദൂരം താന്‍ കാല്‍നടയായി സഞ്ചരിച്ച് ചെന്നു കണ്ടാല്‍ തന്റെ കൂട്ടുകാരി മരിക്കില്ല എന്നൊരു വിശ്വാസമുണ്ടായിരുന്നു ഹെര്‍സോഗിന്. കൊടുംമഞ്ഞിലൂടെ ഇരുപത്തൊന്നു ദിവസം നടന്ന് അയാള്‍ പാരിസില്‍ ചെന്ന് ലോത്തിനെ കണ്ടുമുട്ടി, ജീവനോടെത്തന്നെ. ഉടന്‍ മരിക്കുമെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ ലോത്ത് ഒന്‍പതു കൊല്ലം കഴിഞ്ഞാണ് കടന്നുപോയത്. സ്‌നേഹത്തിന്റെ യുക്തികള്‍ എത്ര വിചിത്രമായ വഴികളിലൂടെ സഞ്ചരിച്ചാണ് മനുഷ്യരുടെ ഓര്‍മകളെ മരിക്കാതെ നിലനിര്‍ത്തുന്നത്. ഇത്തരം എത്രയെത്ര സ്മരണകളാകും ഓരോ കഥകളുടെ പിന്നിലും കുടപിടിച്ചു നില്ക്കുന്നുണ്ടാവുക. പ്രകടമായൊരു ബന്ധവും പറയാനില്ലാത്ത കാര്യങ്ങള്‍പോലും പരോക്ഷമായി എഴുത്തിന്റെ രസവിദ്യയെ പരിവര്‍ത്തിപ്പിക്കുന്നതെങ്ങനെയെന്ന് എനിക്കു സ്വയം മനസ്സിലാക്കിത്തന്ന ഒരു പരീക്ഷണശാലയായിരുന്നു കപ്പിത്താന്റെ ഭാര്യ. 

CONQUEST OF THE USELESS എന്ന പുസ്തകത്തിന്റെ കവറിലെ കപ്പലടക്കം ചെറുതും വലുതുമായ എത്രയെത്ര ഓര്‍മച്ചിത്രങ്ങള്‍ ഈ എഴുത്തിന് രാസത്വരകമായിട്ടുണ്ടാകണം. എല്ലാ എഴുത്തിനും ഓര്‍മകള്‍തന്നെയാണല്ലോ അസംസ്‌കൃതവസ്തു. അവ ഉരുവപ്പെട്ടു വരുന്നതിന്റെ അപ്രവചനീയതയാണല്ലോ ഏതു സര്‍ഗാവിഷ്‌കാരത്തിനും പിന്നിലെ ലഹരിയൊരുക്കുന്നത്. അപ്രവചനീയതയുടെ ഓര്‍മക്കടലില്‍ കപ്പലോ കട്ടമരമോ ഇറക്കുന്ന പരിപാടിതന്നെയാണ് എഴുത്ത്. സമുദ്രസന്തരണംപോലെത്തന്നെ സാഹിത്യവും. ഏതു കരയിലാണ് ചെന്നടിയുകയെന്ന് ആര്‍ക്കു പറയാന്‍ കഴിയും. സ്വന്തം ഓര്‍മത്തിരകളില്‍ ഇറക്കിവിട്ട കപ്പലില്‍ സ്വയം കൊളംബസായി മാറുന്നതിന്റെ ഹരമായിരുന്നു ഈ കഥയെഴുത്ത് എനിക്കു തന്നത്. ദിക്കും ദിശയും തെറ്റിപ്പോയപ്പോഴൊക്കെ, 

ഇതേതിരുള്‍ക്കുഴിമേലുരുളട്ടെ
വിടില്ല ഞാനീ രശ്മികളെ  

bipin
പുസ്തകം വാങ്ങാം

എന്ന് ഇടശ്ശേരിയെ മനസ്സില്‍ കൂട്ടുപിടിച്ച് ബലപ്പെട്ടുകൊണ്ടിരുന്നു. തെന്നിയും തെറിച്ചും തിരയില്‍ ഉലഞ്ഞുമറിഞ്ഞുമൊക്കെ ഒടുവില്‍ ഒരു കരയ്ക്കടുത്തെന്നു പറയാം. കാക്കക്കാലിനുപോലും ഇടയില്ലാത്ത തുരുത്ത് എന്നോ, അളന്നുതീര്‍ക്കാന്‍ കഴിയാത്ത വന്‍കര എന്നോ വന്നുചേര്‍ന്ന ഈ സ്ഥലത്തെ വിമര്‍ശിച്ചാലും വാഴ്ത്തിയാലും ഇനി എന്നെ അതു ബാധിക്കില്ല. ചില നേരങ്ങളിലെങ്കിലും തന്റെ സ്വകാര്യഡയറി പ്രാണനെക്കാള്‍ പ്രിയപ്പെട്ടതായി തോന്നിയ ചിലരുണ്ടാകാം. സാഹിത്യമൂല്യംകൊണ്ടു മാത്രമല്ലല്ലോ അവരാ പ്രിയത്തിന്റെ ആഴം അളക്കുക. അതുപോലെ എന്റെ ഈ ഓര്‍മച്ചൊരുക്കിനെ ഞാനിപ്പോള്‍ അത്രമേല്‍ ഇഷ്ടപ്പെടുന്നു.

'Life is not what one lived, but what one remembers and how one remembers it in order to recount it.' 
മാര്‍കേസ് പറഞ്ഞതുപോലെ ഏത് എഴുത്തും ഓര്‍മകളുടെ  പലതരത്തിലുള്ള നിരത്തിവെക്കലുകള്‍തന്നെ. പക്ഷേ, പകര്‍ത്തിവെച്ച വിധത്തിനെക്കുറിച്ച് വിധിയെഴുതേണ്ടത് വായനക്കാരാണല്ലോ. വധിക്കാന്‍ വിധിച്ചാലും വളര്‍ത്താന്‍ വിധിച്ചാലും വായനക്കാരെ പൂവിട്ടു തൊഴണമെന്നു കരുതുന്നവനാണ് ഞാന്‍. വായനക്കാരേ, നിങ്ങള്‍ക്ക് നല്കാന്‍ എഴുത്തിന്റെ ഈ പൂവ് മാത്രമേയുള്ളൂ എന്റെ കൈയില്‍. അതിന്റെ നറുമണവും നാറ്റവുമൊക്കെ നിങ്ങള്‍തന്നെ നിര്‍ണയിക്കുക.

ഓണപ്പതിപ്പിന്റെ ഒരു ലക്കത്തില്‍ തീര്‍ക്കാനിരുന്ന ചെറുനോവലിനെ മൂന്നു ലക്കത്തിലേക്കു പടര്‍ത്താന്‍ അനുവദിച്ച മധുചന്ദ്രന്‍, അതു പുസ്തകരൂപത്തിലാക്കാന്‍ തീരുമാനമെടുത്ത നൗഷാദ്, തന്റെ വരകളും വര്‍ണങ്ങളുംകൊണ്ട് അതിനെ അനുഗ്രഹിച്ച കെ.പി. മുരളീധരന്‍ എന്നീ ജ്യേഷ്ഠ സഹോദരന്മാര്‍ക്കും മാതൃഭൂമി ബുക്‌സിനും വലിയൊരു വണക്കം.

കപ്പിത്താന്റെ ഭാര്യ എന്ന നോവലിന് എഴുതിയ ആമുഖ കുറിപ്പില്‍ നിന്നും

പുസ്തകം ഓണ്‍ലൈനില്‍ വാങ്ങാം

Content Highlight: Bipin Chandran New Malayalam novel Mathrubhumi Books