ബൈക്ക് ആംബുലൻസ് ദാദ കരീമുൾ ഹക്ക്
പദ്മശ്രീ ബൈക്ക് ആംബുലന്‍സ് ദാദ കരീമുള്‍ ഹക്കിന്റെ ജീവിതകഥ മലയാളത്തിലും വരുന്നു. മാതൃഭൂമി ബുക്‌സിനുവേണ്ടി സ്മിത മീനാക്ഷി പരിഭാഷപ്പെടുത്തുന്ന ബൈക്ക് ആംബുലന്‍സ് ദാദയുടെ ജീവിതം മാതൃഭൂമി ബുക്‌സ് ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. പുസ്തകത്തിൽ നിന്നും ഒരു അധ്യായം വായിക്കാം.
Man gives you the award, but God gives you the reward.
-Denzel Washington
അന്ന് 2017 ജനുവരി 23, കരീമുള്‍ ഹക്ക് ആകെ അസ്വസ്ഥനായിരുന്നു.
കരീമുളിന്റെ നിസ്വാര്‍ത്ഥവും ഊര്‍ജ്ജിതവുമായ സമൂഹസേവനപാതയില്‍ സുഹൃത്തും ഉപദേശകനും വഴികാട്ടിയും എല്ലാമായ ക്രാന്തിയിലെ ഉത്തര്‍ സരികാപുരി ഗ്രാമീണ ആരോഗ്യകേന്ദ്രത്തില്‍ മെഡിക്കല്‍ ഓഫീസറായി ജോലി ചെയ്തിരുന്ന ഡോക്ടര്‍ ഖെയ്താന്‍ ബര്‍മന്‍ സ്വന്തം ജീവനുവേണ്ടി പോരാടുകയായിരുന്നു ആ ദിവസം. ഒരു കാറപകടത്തില്‍പ്പെട്ടതിനെത്തുടര്‍ന്ന് ജല്‍പായ്ഗുഡി സദര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതായിരുന്നു അദ്ദേഹം. രാവിലെ ഏകദേശം പതിനൊന്നു മണിക്കാണു കരീമുള്‍ വിവരമറിഞ്ഞത്. തന്റെ ഗുരുവിനെക്കാണുവാന്‍ പോകുന്നതിനു തയ്യാറെടുക്കുന്നതിനിടെ കരീമുളിനു മൊബൈല്‍ ഫോണില്‍ ഒരു വിളി വന്നു. സംസാരിക്കുന്നതിനുള്ള മനസ്സില്ലാതിരുന്നിട്ടും കര്‍ത്തവ്യബോധത്തില്‍ അദ്ദേഹം ഫോണെടുത്തു.
ഒരാള്‍ ഹിന്ദിയില്‍ ചോദിച്ചു, 'ജല്‍പായ്ഗുഡിയിലെ ബൈക്ക് ആംബുലന്‍സ് ദാദയാണോ താങ്കള്‍?'
അതേയെന്നു കരീമുള്‍ പറഞ്ഞപ്പോള്‍ ഫോണിലെ ശബ്ദം തുടര്‍ന്നു, 'അനുമോദനങ്ങള്‍, താങ്കള്‍ക്കു പദ്മശ്രീ പുരസ്‌കാരം ലഭിച്ചിരിക്കുന്നു.'
ബൈക്ക് ആംബുലന്‍സ് സേവനവുമായി ബന്ധപ്പെട്ട ഫോണ്‍വിളികള്‍ക്ക് ഉത്തരം നല്‍കി ശീലിച്ചിട്ടുള്ള കരീമുള്‍ ഇങ്ങനെ മറുപടി പറഞ്ഞു, 'പദ്മയ്‌ക്കെന്തു പറ്റിയെന്നാണ്?' വിളിക്കുന്നയാള്‍ക്ക് പദ്മയുമായുള്ള ബന്ധമെന്താണെന്ന് കരീമുള്‍ ആലോചിച്ചു.
ഡല്‍ഹിയിലെ രാഷ്ട്രപതിഭവനില്‍നിന്നും വിളിച്ച ആ വ്യക്തി പദ്മശ്രീ പുരസ്‌കാരത്തെപ്പറ്റി വിശദീകരിച്ചു. ബോളിവുഡ് നടിയായ ശ്രീദേവിക്ക് എന്തോ അപകടം പിണഞ്ഞുവെന്ന് മനസ്സിലാക്കിയ കരീമുള്‍ അവര്‍ക്കെന്താണു സംഭവിച്ചതെന്നു ചോദ്യമുന്നയിച്ചു.
ഫോണിലെ ആള്‍ വിശദീകരിക്കാനൊരുമ്പെട്ടപ്പോള്‍ ഇടയ്ക്കുകയറി, 'ആ കുട്ടിയെ പെട്ടെന്നു കൊണ്ടുവരൂ, ഞാന്‍ ചികിത്സാകാര്യങ്ങള്‍ നോക്കാം' എന്നു പറഞ്ഞിട്ട് ഡോക്ടര്‍ ബര്‍മന്റെ അപകടവാര്‍ത്ത കേട്ട് അസ്വസ്ഥനായിരുന്ന കരീമുള്‍ സംഭാഷണമവസാനിപ്പിച്ചു.
അധികം താമസിയാതെ ആദരണീയമായ പദ്മശ്രീ പുരസ്‌കാരം നേടിയ വാര്‍ത്ത അറിയിച്ചുകൊണ്ടും അനുമോദിച്ചുകൊണ്ടും പശ്ചിമബംഗാളിലെ പത്രപ്രവര്‍ത്തകരുടെ ഫോണ്‍വിളികള്‍ കരീമുളിനെ തേടിയെത്തി.
കരീമുള്‍ ആകെ ചിന്താക്കുഴപ്പത്തിലായി. അത്തരം പുരസ്‌കാരങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അറിവ് പരിമിതമായിരുന്നു. അതിനാല്‍ത്തന്നെ അതിന്റെ പ്രാധാന്യത്തെപ്പറ്റി ഒരൂഹവും ഉണ്ടായിരുന്നതുമില്ല. 2017-ലെ സിവിലിയന്‍ അവാര്‍ഡുകളുടെ വിവരങ്ങള്‍ പ്രഖ്യാപിക്കുന്ന വാര്‍ത്ത കേള്‍ക്കുവാന്‍ ടിവി ഓണ്‍ ചെയ്യുവാന്‍ ഒരു പത്രപ്രവര്‍ത്തകന്‍ അദ്ദേഹത്തോടു പറഞ്ഞു. അദ്ദേഹം ടിവി ഓണ്‍ ചെയ്യുകയും അതില്‍ തന്റെ പേരുവിവരങ്ങള്‍ കേട്ട് അതിശയിക്കുകയും ചെയ്തു. തനിക്കൊരു വലിയ പുരസ്‌കാരം ലഭിച്ചിരിക്കുന്നുവെന്ന് ഒടുവിലദ്ദേഹം മനസ്സിലാക്കി. മുമ്പും മറ്റു ചില പുരസ്‌കാരങ്ങള്‍ നേടിയിരുന്നുവെങ്കിലും അവയൊന്നുംതന്നെ അത്ര മാധ്യമശ്രദ്ധ പിടിച്ചുപറ്റിയിരുന്നില്ല. കരീമുള്‍ വളരെയേറെ വികാരാധീനനായി. കണ്ണുനീര്‍ കവിളുകളിലൂടെ ഒഴുകി, അദ്ദേഹത്തിന് അമ്മയുടെ മുഖമോര്‍മ്മ വന്നു. ആ മുഹൂര്‍ത്തം അദ്ദേഹത്തെ അമ്മയുടെ മരണവേളയിലെ തീവ്രവേദനകള്‍ ഓര്‍മ്മപ്പെടുത്തി.
കരീമുള്‍ വാര്‍ത്ത കാണുവാന്‍ ഭാര്യയെയും മക്കളെയും വിളിച്ചു. ഇരുപതുവര്‍ഷക്കാലമായി ഭര്‍ത്താവിന്റെ ജനസേവനത്തിനു നിരന്തര പിന്തുണ നല്‍കിയിരുന്ന ഭാര്യ അന്‍ജുവാരയ്ക്ക് കണ്ണീരടക്കാനായില്ല. ധാലാബാരി പ്രദേശത്ത് വാര്‍ത്ത പരന്നതോടെ, കരീമുളിനെപ്പറ്റി അഭിമാനവും സന്തോഷവും തോന്നിയ ഗ്രാമീണര്‍ ആ വീട്ടില്‍ തടിച്ചുകൂടി. പത്രപ്രവര്‍ത്തകരുടെയും അഭ്യുദയകാംക്ഷികളുടെയും ബന്ധുക്കളുടെയും വിളികള്‍ മൂലം ഒരു നിമിഷം പോലും ഫോണില്‍നിന്ന് അകന്നുനില്‍ക്കുവാന്‍ അദ്ദേഹത്തിനായില്ല.
പ്രാദേശികപത്രപ്രവര്‍ത്തകര്‍ അവിടേക്കു വന്നുതുടങ്ങി. അടുത്ത ദിവസത്തെ പത്രങ്ങളിലെ പ്രധാനവാര്‍ത്തയാണത്. പ്രാദേശികവും ദേശീയവുമായ വാര്‍ത്താചാനലുകളുടെ പ്രതിനിധികള്‍ കരീമുള്‍ ഹക്കിന്റെ അഭിമുഖങ്ങള്‍ക്കായി വാതില്‍ക്കലെത്തി. തേയിലത്തോട്ടത്തിലെ ആ ജീര്‍ണ്ണിച്ച വീട്ടില്‍ അതിഥികള്‍ തിങ്ങിക്കൂടി. അത്രയുമാളുകള്‍ക്ക് ഇരിക്കുന്നതിനുള്ള സംവിധാനങ്ങളൊന്നും ആ ചെറിയ വീട്ടില്‍ ഇല്ലാതിരുന്നതിനാല്‍ അവരിലേറെപ്പേര്‍ക്കും നില്‍ക്കേണ്ടിവന്നു. വീട്ടിലെ വിവാഹച്ചടങ്ങുകള്‍ക്കുപോലും അത്രയുംപേരെ ഹക്ക് കുടുംബം ഒരുമിച്ചു കണ്ടിട്ടുണ്ടായിരുന്നില്ല.
ഉന്നത സര്‍ക്കാരുദ്യോഗസ്ഥരും കരീമുളിനെ അനുമോദിക്കുവാനും ആശീര്‍വദിക്കുവാനുമായെത്തി. ഇത്രയധികം അഭിനന്ദനങ്ങള്‍ക്കും ആശീര്‍വാദങ്ങള്‍ക്കും എങ്ങനെ മറുപടി പറയണമെന്ന് ആ അഭിമാനവേളയിലെ നായകനായ കരീമുളിന് അറിയില്ലായിരുന്നു. കൂടുതല്‍ പൊതുജനശ്രദ്ധ മുമ്പു ലഭിച്ചിട്ടില്ലെന്നതുകൊണ്ടു മാത്രമായിരുന്നില്ല അത്. കാണാനും സംസാരിക്കുവാനും വന്നതിലധികംപേരും അപരിചിതരായിരുന്നു എന്നതുകൊണ്ടുകൂടിയാണ്. എന്താണു സംഭവിക്കുന്നതെന്നുപോലും മനസ്സിലാക്കാനാകാത്ത ഒരു മയക്കത്തിലായിരുന്നുവെങ്കിലും തന്നെ ചുറ്റിനടക്കുന്ന ആവേശാധിക്യം മനസ്സിലാക്കുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ദുരന്തങ്ങളും ദുരിതങ്ങളുംകൊണ്ടു നിറഞ്ഞിരുന്ന ജീവിതത്തില്‍ ഇത്തരം ആഹ്ലാദാരവങ്ങള്‍ കരീമുളിനു പരിചയമുണ്ടായിരുന്നില്ല.
ഡോക്ടര്‍ ബര്‍മന്റെ അപകടവാര്‍ത്തയറിഞ്ഞതില്‍പ്പിന്നെ തിരക്കൊഴിഞ്ഞ ഒരു നിമിഷംപോലും കരീമുളിനുണ്ടായിരുന്നില്ല. അനുമോദിക്കുവാനെത്തുന്നവരുടെ നിരന്തരസന്ദര്‍ശനങ്ങളും ഫോണ്‍വിളികളും പത്രമാധ്യമങ്ങളുടെ അഭിമുഖങ്ങളും എല്ലാമായി ദിവസം മുഴുവനും തിരക്കില്‍ത്തന്നെയായിരുന്നു. അതിനിടെ ഡോക്ടര്‍ ബര്‍മന്റെ മരണവാര്‍ത്തയുമെത്തി. ഡോക്ടര്‍ ജീവിതകാലമത്രയും വസിച്ച ക്രാന്തിയിലേക്ക് മൃതദേഹം കൊണ്ടുവരുന്നു, അവിടെയാണദ്ദേഹത്തെ സംസ്‌കരിക്കുന്നത്.
ആഹ്ലാദത്തിന്റെ അലകള്‍ തനിക്കു ചുറ്റും ഉയരുമ്പോഴും കരീമുള്‍ ഉള്ളില്‍ വിങ്ങിപ്പൊട്ടുകയായിരുന്നു. ഇത്തരമൊരു മഹത്തായ പുരസ്‌കാരത്തിനായി സര്‍ക്കാര്‍ തന്റെ പേരു പ്രഖ്യാപിച്ച ദിവസംതന്നെ ഡോക്ടര്‍ ബര്‍മന്‍ ഈ ലോകം വിട്ടുപോയി എന്നത് അദ്ദേഹത്തിനു വിശ്വസിക്കാനായില്ല. ബൈക്ക് ആംബുലന്‍സില്‍ രോഗികളെ ആശുപത്രിയില്‍ കൊണ്ടുപോകുന്ന തന്റെ ദൗത്യത്തിനു കനത്ത താങ്ങായി നിന്നിരുന്ന ഡോക്ടര്‍ തന്നെ വിട്ടുപോയി എന്ന് വിശ്വസിക്കുവാന്‍ കരീമുളിനു കഴിഞ്ഞില്ല. തനിക്കു ലഭിച്ച അംഗീകാരത്തിന്റെ ഒരു പങ്കു പറ്റേണ്ടയാള്‍ ഇന്ത്യന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പത്മശ്രീ പുരസ്‌കാരത്തെപ്പറ്റി അറിയാതെതന്നെ ഈ ലോകത്തുനിന്നു യാത്രയായി എന്നദ്ദേഹത്തിനു വിശ്വസിക്കുവാനായില്ല.
ഫോണിലൂടെ വരുന്ന അനുമോദനങ്ങളുടെയും ആഹ്ലാദത്തോടെ അഭിനന്ദിക്കുന്ന നൂറുകണക്കിനാളുകളുടെയും ഇടയില്‍ നില്‍ക്കുമ്പോഴും അദ്ദേഹം ഡോക്ടറെ ഓര്‍ത്തു വേദനിച്ചു. വളരെ കുറച്ചാളുകള്‍ മാത്രം പിന്തുണ നല്‍കിയിരുന്ന അവസരത്തിലും ഉറപ്പുള്ള താങ്ങായി നിന്ന വ്യക്തിയാണു ഡോക്ടര്‍ ബര്‍മന്‍. ഇപ്പോള്‍, കരീമുളിന്റെ ഈ ഭാഗ്യദിവസം, അദ്ദേഹം മരിച്ചു. ഇത്ര വൈരുദ്ധ്യാത്മകമായി മറ്റെന്തുണ്ടാകാനാണ്?
തനിക്കു വരുന്ന ഫോണ്‍വിളികള്‍ അവസാനിക്കില്ലെന്നു മനസ്സിലായ കരീമുള്‍ അത് മകന്‍ രാജുവിനെ ഏല്‍പ്പിച്ച് ഡോക്ടര്‍ ബര്‍മന്റെ വീട്ടിലേക്കു പോയി. ഡോക്ടറുടെ മൃതദേഹം വീട്ടിലെത്തിയപ്പോള്‍ കരീമുള്‍ കണ്ണുനീരില്‍ കുതിര്‍ന്നു. ഡോക്ടറെ വിളിച്ചുണര്‍ത്തി, അദ്ദേഹത്തിനുംകൂടി അവകാശപ്പെട്ട അവാര്‍ഡിനെപ്പറ്റി പറയണമെന്ന് കരീമുള്‍ ആഗ്രഹിച്ചു.
ഹൃദയം തകരുന്ന വേദനയോടെ കരീമുള്‍ ഡോക്ടര്‍ ബര്‍മന്റെ ശവസംസ്‌കാരച്ചടങ്ങുകള്‍ നോക്കിക്കണ്ടു. അദ്ദേഹമായിരുന്നു ഏറ്റവുമൊടുവില്‍ ശ്മശാനം വിട്ടിറങ്ങിയത്. ഏകദേശം പത്തുമണിയായപ്പോള്‍ രാജു വന്ന് കരീമുളിനെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി. ചിലപ്പോള്‍ ഭക്ഷണത്തിനു രുചിയില്ലാതാകുമെന്ന്, ഒട്ടനവധി തവണ വിശക്കുന്ന വയറോടെ ഉറങ്ങിയിട്ടുള്ള കരീമുള്‍ അന്നത്തെ അത്താഴവേളയില്‍ മനസ്സിലാക്കി.
അടുത്ത ദിവസവും ഏകദേശമതുപോലെതന്നെ കടന്നുപോയി, കൂടുതലാളുകള്‍ സന്ദര്‍ശിച്ചു, അധികമായി ഫോണ്‍വിളികളുമുണ്ടായി. അനിതരസാധാരണമായ സാമൂഹികസേവനത്തിന്റെ പേരില്‍ സീ 24 ന്യൂസ് ചാനലിന്റെ അനന്യ സമ്മാന്‍ പോലെയുള്ള ചില പുരസ്‌കാരങ്ങള്‍ അതിനും മുമ്പും കരീമുളിനു ലഭിച്ചിരുന്നു. എന്നാല്‍ പശ്ചിമബംഗാളിലെ പിന്നാക്കപ്രദേശമായി കരുതപ്പെടുന്ന വടക്കന്‍ ബംഗാളിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം പത്മശ്രീ എന്നത് അത്യന്തം മഹത്തായ ഒന്നായിരുന്നു. കരീമുള്‍ അതിന്റെ ആഘാതത്തില്‍നിന്നു വിട്ടുമാറിയിരുന്നില്ല. രാജു വര്‍ത്തമാനപത്രങ്ങളെല്ലാം ശേഖരിച്ച് തന്റെ പിതാവിന്റെ മുമ്പില്‍ കൊണ്ടുവന്നു വെച്ചു. എല്ലാ പത്രങ്ങളിലെയും മുന്‍പേജിലെ പ്രധാനവാര്‍ത്ത കരീമുളിന് അവാര്‍ഡു ലഭിച്ചതിനെപ്പറ്റിയായിരുന്നു, അതേ ദിവസംതന്നെ അദ്ദേഹത്തിന്റെ ഗുരുതുല്യനായ സഹായി മരിച്ചതിനെപ്പറ്റിയും ചില പത്രങ്ങള്‍ എഴുതിയിരുന്നു.
ഏതാനും ദിവസങ്ങള്‍ക്കുശേഷം, അന്നത്തെ കേന്ദ്രമന്ത്രിയും പാര്‍ലമെന്റംഗവുമായ എസ്.എസ്. അലുവാലിയ കരീമുളിനെ കാണുവാനായി വീട്ടിലെത്തി. താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടതനുസരിച്ചാണു വന്നതെന്നും പദ്മശ്രീ പുരസ്‌കാരത്തിനു തിരഞ്ഞെടുക്കപ്പെട്ടതില്‍ അദ്ദേഹത്തിന്റെ അഭിനന്ദനമറിയിക്കുന്നതായും അലുവാലിയ അറിയിച്ചു. ആരാലും അറിയപ്പെടാതിരുന്ന ഈ നായകനു പദ്മശ്രീ അവാര്‍ഡ്, വ്യക്തിത്വത്തിനു പുതിയൊരു പരിവേഷം നല്‍കുമെന്ന് അദ്ദേഹം കരീമുളിനോടു പറഞ്ഞു. ബൈക്ക്, ആംബുലന്‍സ് ആയി ഉപയോഗിക്കുക എന്ന ഒരു പുതിയ ആശയം ആവിഷ്‌കരിക്കുന്നതുവഴി കരീമുള്‍ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണെന്ന് അലുവാലിയ അഭിപ്രായപ്പെട്ടു. അജയ്യമായ ഇച്ഛാശക്തികൊണ്ട് എന്തും നേടിയെടുക്കുവാനാകുമെന്ന് ലോകത്തിനു കരീമുള്‍ കാണിച്ചുകൊടുത്തിരിക്കുന്നുവെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോടു പറഞ്ഞു.
ഈ സന്ദര്‍ശനവേളയില്‍, പ്രത്യേകമായി രൂപകല്‍പ്പന ചെയ്ത ബൈക്ക് ആംബുലന്‍സ് കരീമുളിനു സമ്മാനിച്ച ബജാജ് ഓട്ടോ ലിമിറ്റഡ് കമ്പനിയുടെ ഉടമസ്ഥനായ രാഹുല്‍ ബജാജിനെ അലുവാലിയ ഫോണ്‍ ചെയ്തു. ഫോണ്‍ കരീമുളിനു കൈമാറിയപ്പോള്‍ അദ്ദേഹവും ഹാര്‍ദ്ദമായ അഭിനന്ദനങ്ങള്‍ അറിയിച്ചു.
പദ്മശ്രീയെന്നത് എന്താണെന്നു തനിക്കറിയില്ലെന്ന് കരീമുള്‍ മന്ത്രിയോടു സമ്മതിച്ചു. ആലംബമില്ലാത്തവരെയും രോഗികളെയും സേവിക്കുക എന്നതിനാണ് പദ്മശ്രീയെക്കാള്‍ താന്‍ പ്രാധാന്യം നല്‍കുന്നതെന്ന് വിനയാന്വിതനായ കരീമുള്‍ മന്ത്രിയെ അറിയിച്ചു. സര്‍ക്കാരില്‍നിന്നും എന്താണാഗ്രഹിക്കുന്നതെന്ന് മന്ത്രി ചോദിച്ചപ്പോള്‍ ഗ്രാമത്തിലെ പ്രാദേശികാരോഗ്യകേന്ദ്രം മൂന്നു ലക്ഷം ജനങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന രീതിയില്‍ പൂര്‍ണ്ണസൗകര്യങ്ങളുള്ള ആശുപത്രിയായി ഉയര്‍ത്തണമെന്നും ചെല്‍ നദിക്കു മേലെ ഒരു പാലം നിര്‍മ്മിക്കണമെന്നും കരീമുള്‍ അപേക്ഷിച്ചു.
അനുമോദനങ്ങള്‍ കോരിച്ചൊരിയപ്പെടുകയായിരുന്നു. 2017 ജനുവരി 26 നു സര്‍ക്കാരിന്റെ ഔദ്യോഗിക റിപ്പബ്ലിക് ദിനാഘോഷവേളയില്‍ മല്‍ബസറിലെ സബ് ഡിവിഷണല്‍ ഓഫീസര്‍ ജ്യോതിര്‍മോയ് തന്തി കരീമുളിനെ പ്രത്യേകമായി അനുമോദിച്ചു. പല സാമൂഹികസംഘടനകളും ക്ലബ്ബുകളും എന്‍.ജി.ഒകളും കരീമുളിന്റെ പ്രയത്‌നങ്ങളെ അഭിനന്ദിച്ചു. പെട്ടെന്നുതന്നെ കരീമുള്‍ ഒരു സൂപ്പര്‍സ്റ്റാറായി മാറി. എല്ലാ അനുമോദനസമ്മേളനങ്ങളിലും പങ്കെടുത്താല്‍ അതു തന്റെ ബൈക്ക് ആംബുലന്‍സ് സേവനത്തെ ബാധിക്കുമെന്നു ക്രമേണ കരീമുള്‍ മനസ്സിലാക്കി. അത്തരം അനുമോദനങ്ങള്‍ അദ്ദേഹത്തിന്റെ പ്രാഥമികമായ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുകയായിരുന്നു. സിലിഗുരിയിലെ അത്തരമൊരു സമ്മേളനത്തില്‍വെച്ച്, ഇനിയും അഭിനന്ദനയോഗങ്ങള്‍ സംഘടിപ്പിക്കരുതെന്നും തന്റെ പ്രയത്‌നങ്ങള്‍ക്കു സഹായം നല്‍കുവാനായി മുമ്പോട്ടുവരണമെന്നും കരീമുള്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
പക്ഷേ, സാമൂഹികമായ ലക്ഷ്യങ്ങളുമായി ബന്ധപ്പെട്ട കൂടുതല്‍ക്കൂടുതല്‍ പരിപാടികളില്‍ കരീമുള്‍ പങ്കെടുക്കണമെന്ന് ജനങ്ങള്‍ ആഗ്രഹിച്ചു. അദ്ദേഹത്തിന്റെ സാന്നിദ്ധ്യം ഇത്തരം പ്രത്യേക പ്രശ്‌നങ്ങള്‍ക്ക് ജനപിന്തുണ വര്‍ദ്ധിപ്പിക്കുവാന്‍ കാരണമാകുമെന്ന് അവര്‍ കരുതി. എങ്ങനെയദ്ദേഹത്തിന് ഇത്തരം പരിപാടികള്‍ ഒഴിവാക്കുവാനാകും? ചിലപ്പോള്‍ പരിപാടിയുടെ ഇടയ്ക്കാകും ആരെങ്കിലും ആംബുലന്‍സ് ആവശ്യപ്പെട്ടു വിളിക്കുന്നത്. അപ്പോള്‍ അതു നിരസിക്കേണ്ടിവരും. പദ്മശ്രീ തന്റെ ആംബുലന്‍സ് പ്രവര്‍ത്തനങ്ങള്‍ക്കു തടസ്സമാകുമെന്ന് മനസ്സിലായ കരീമുള്‍ ആ ജോലി രണ്ടു പുത്രന്മാരെ ഏല്‍പ്പിച്ചു.
എന്നിരുന്നാലും പുതുതായി കൈവന്ന ഈ പ്രശസ്തി തന്റെ പ്രവര്‍ത്തനങ്ങള്‍ക്കു തടസ്സമാകുന്നതിനു പകരം അതു മറ്റു വിവിധ മാര്‍ഗ്ഗങ്ങളില്‍ ജനങ്ങളെ കൂടുതല്‍ സഹായിക്കുന്നതിനുപയോഗിക്കാമെന്നു കരീമുള്‍ മനസ്സിലാക്കി. ഇന്ത്യയിലും വിദേശത്തുമുള്ള പലരും സഹായവാഗ്ദാനങ്ങള്‍ നല്‍കിയതിനാല്‍ തന്റെ പ്രവര്‍ത്തനമേഖല വിപുലപ്പെടുത്താനുള്ള സാദ്ധ്യത അദ്ദേഹത്തിന്റെ മുമ്പില്‍ തെളിഞ്ഞു.
പത്മശ്രീയെയും അതിന്റെ പ്രാധാന്യത്തെയും കുറിച്ചു മനസ്സിലാക്കിയ കരീമുള്‍ അടുത്തതായി മറ്റൊരു ചിന്താക്കുഴപ്പത്തില്‍പ്പെട്ടു. എവിടെപ്പോയി, എങ്ങനെയാണീ സമ്മാനം സ്വീകരിക്കുക? മാര്‍ച്ച് 30 നു ദില്ലിയിലെ രാഷ്ട്രപതിഭവനില്‍ എത്തി അവാര്‍ഡു സ്വീകരിക്കുന്നതിനായി ഒരു ടിക്കറ്റ് വാങ്ങിക്കൊടുക്കാമെന്ന് എസ്.ഡി.ഒ., ബ്ലോക്ക് ഡെവലപ്പ്‌മെന്റ് ഓഫീസര്‍ വഴിയറിയിച്ചു. മാര്‍ച്ച് 29നു നടക്കുന്ന ഡ്രെസ് റിഹേഴ്‌സലില്‍ പങ്കെടുക്കേണ്ടതുള്ളതുകൊണ്ട് മാര്‍ച്ച് 28 നുതന്നെ ദില്ലിയിലെത്തണമെന്ന് അവര്‍ ഉപദേശിക്കുകയും ചെയ്തു.
പ്രാദേശിക ഭരണാധികാരികള്‍ കരീമുളിനും ഒരു സുഹൃത്തിനുംവേണ്ടി വിമാനടിക്കറ്റുകള്‍ വാങ്ങി. ജീവിതത്തിലാദ്യമായായിരുന്നു കരീമുള്‍ വിമാനത്തില്‍ കയറുന്നത്. അതിന്റെ ആവേശത്തിലും കരീമുള്‍ ഡോക്ടര്‍ ബര്‍മനെ ഓര്‍മ്മിച്ചു, നല്ലവനായ ആ ഡോക്ടര്‍ മരണപ്പെട്ടില്ലായിരുന്നുവെങ്കില്‍ തനിക്കു തുണയായി ദില്ലിയിലേക്കു വരുമായിരുന്നു.
ദില്ലി വിമാനത്താവളത്തിലിറങ്ങിയപ്പോള്‍ തങ്ങള്‍ക്കായി ഒരു കാര്‍ കാത്തു കിടക്കുന്നത് കരീമും സുഹൃത്തും കണ്ടു. അതവരെ പ്രശസ്തമായ ഹോട്ടല്‍ അശോകിലേക്കു കൊണ്ടുപോയി. അത്തരം വലിയ ഹോട്ടലുകളില്‍ ഒരിക്കലും കയറിയിട്ടില്ലാത്ത കരീമുളിന് അവിടെ പാലിക്കേണ്ട ആചാരമര്യാദകള്‍ അറിയില്ലായിരുന്നു. രോഗബാധിതരായി വലയുന്നവരെ ആശുപത്രികളിലേക്കു കൊണ്ടുപോകുന്നതു മാത്രമായിരുന്നു കരീമുളിനറിയാവുന്ന കാര്യം.
അവാര്‍ഡുദാനച്ചടങ്ങിനൊരു ദിവസം മുമ്പ് 2017 മാര്‍ച്ച് 29നുള്ള ഡ്രെസ് റിഹേഴ്‌സലില്‍ പ്രസിഡന്റില്‍നിന്നും അവാര്‍ഡ് സ്വീകരിക്കുമ്പോള്‍ പാലിക്കേണ്ട ഔപചാരികതകള്‍ വിശദീകരിക്കപ്പെട്ടു. ഒടുവില്‍ ആ നിര്‍ണ്ണായകദിനം സമാഗതമായി. കരീമുള്‍ നേരത്തേ ഉറക്കമുണര്‍ന്നു. പ്രസിഡന്റിനെയും പ്രധാനമന്ത്രിയെയും കാണുന്നതില്‍ കരീമുളിന് അതിയായ സംഭ്രമമുണ്ടായിരുന്നു അതദ്ദേഹം ഒരിക്കലും സങ്കല്‍പ്പിക്കാത്ത ഒന്നായിരുന്നു.
പുരസ്‌കാരത്തിനു തിരഞ്ഞെടുക്കപ്പെട്ട എല്ലാവരെയും രാഷ്ട്രപതിഭവനിലേക്ക് കൊണ്ടുപോയി. ആ മഹാമന്ദിരത്തിന്റെ കാഴ്ച കരീമുളിനെ അദ്ഭുതപ്പെടുത്തി. പുരസ്‌കാരദാനം നടക്കുന്ന ഹാളില്‍ അന്നത്തെ രാഷ്ട്രപതിയായിരുന്ന പ്രണബ് മുഖര്‍ജിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും മുന്‍ ഉപപ്രധാനമന്ത്രി എല്‍.കെ. അദ്വാനിയെയും മറ്റു പ്രമുഖവ്യക്തികളെയും കരീമുള്‍ കണ്ടു.
പുരസ്‌കാരം സ്വീകരിക്കുന്നതിനായി തന്റെ പേരു വിളിച്ചപ്പോള്‍, ബൈക്ക് ആംബുലന്‍സ് സേവനമെന്ന ആശയത്തിനു കാരണമായ അമ്മയുടെ മരണത്തെപ്പറ്റി കരീമുള്‍ മനസ്സിലോര്‍ത്തു. രാഷ്ട്രപതിയില്‍നിന്നും പുരസ്‌കാരം ഔപചാരികമായി സ്വീകരിച്ച നിമിഷം അഭിമാനത്തിന്റേതായിരുന്നു.
ചടങ്ങിനുശേഷം അതിഥികള്‍ ചായ കുടിക്കുന്ന സമയത്താണു പ്രധാനമന്ത്രി കരീമുളിനെ വീണ്ടും വിളിക്കുകയും ആലിംഗനം ചെയ്യുകയുമുണ്ടായത്. അദ്ദേഹം കരീമുളിനെ അഭിനന്ദിക്കുകയും സുഖവിവരങ്ങള്‍ തിരക്കുകയും ചെയ്തു.
അടുത്ത ദിവസം കരീമുള്‍ താനിതുവരെ കേട്ടുമാത്രമറിഞ്ഞ ഇന്ത്യാഗേറ്റ്, കുത്തബ് മിനാര്‍ മുതലായ പല സ്ഥലങ്ങളും സന്ദര്‍ശിച്ചു. വീട്ടിലേക്കു മടങ്ങുമ്പോള്‍ കരീമുളിന്റെ മനസ്സില്‍ സംതൃപ്തിയും അതിശയവും നിറഞ്ഞിരുന്നു. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തന്റെ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങള്‍ കരീമുളിന് അവിശ്വസനീയമായി തോന്നി. തേയിലത്തോട്ടത്തിലെ തൊഴിലാളിയില്‍നിന്ന് പദ്മശ്രീ പുരസ്‌കാരജേതാവാകുക! ഇന്ത്യന്‍ രാഷ്ട്രപതിയില്‍നിന്നുമൊരു ആദരണീയപുരസ്‌കാരം താനേറ്റുവാങ്ങിയെന്നതും പ്രധാനമന്ത്രി മോദി തന്നെ തിരിച്ചറിഞ്ഞെന്നും അദ്ദേഹത്തിനു വിശ്വസിക്കുവാനായില്ല.
കരീമുളിന്റെ അജയ്യമായ ഇച്ഛാശക്തിയുടെ മഹത്ത്വപൂര്‍ണ്ണമായ യാത്രയായിരുന്നു അത്. താനിതുവരെ നേരിട്ടതും മറികടന്നതുമായ എല്ലാ ദുരിതങ്ങളെക്കുറിച്ചും കരീമുള്‍ ചിന്തിച്ചു, ഓര്‍മ്മകള്‍ ആ കണ്ണുകളെ ഈറനണിയിച്ചു. മറ്റാരുടെയോ ജീവിതത്തെ ആസ്പദമാക്കി തയ്യാറാക്കിയ ഒരു ചലച്ചിത്രംപോലെയായിരുന്നു കരീമുളിനനുഭവപ്പെട്ടത്.
വിജയികള്‍ വിജയികളായി ജനിക്കുന്നതോ? അതോ ഉരുവപ്പെടുന്നതോ? കരീമുള്‍ ഹക്ക് ജനിച്ചത് വിജയിയായിട്ടായിരുന്നില്ല...
Content Highlights: bike ambulance dada karimul haque life translated by smitha meenakshi mathrubhumi books
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..