ആഗ്നസ്/ ഫോട്ടോ: ശ്രീജിത്ത് പി രാജ്
തീക്ഷ്ണമായ അനുഭവങ്ങളിലൂടെ കടന്നുപോയ നാല്‍പ്പത്തൊന്ന് സ്ത്രീകളുടെ വേറിട്ട ജീവിതങ്ങള്‍ വിളിച്ചുപറയുന്ന പുസ്തകമാണ് മാധ്യമപ്രവര്‍ത്തകന്‍ ബിജു മുത്തത്തി എഴുതിയ ലേഡീസ് കംപാര്‍ട്ട്‌മെന്റ്. ഏത് പ്രതികൂല സാഹചര്യങ്ങളോടും മല്ലിട്ടുവളരാന്‍ ശേഷിയുള്ള പെണ്‍ ഇതിഹാസങ്ങളുടെ ജീവിതം ലേഡീസ് കംപാര്‍ട്‌മെന്റിനെ വേറിട്ടതാക്കുന്നു. പുസ്തകത്തില്‍ നിന്നും ഒരു അധ്യായം വായിക്കാം.
സര്‍ ആര്‍തര്‍ കോനന്‍ ഡോയല്‍ സൃഷ്ടിച്ച ഷെര്‍ലക്ക് ഹോംസിന്റെ 221 ബി ബേക്കര്‍ സ്ട്രീറ്റിനെ വെറുതേ നമ്മള്‍ കൊച്ചിയിലെ കടവന്ത്രയോട് ഉപമിക്കുക. അങ്ങനെയെങ്കില്‍ ത്രസിപ്പിക്കുന്ന ആ കഥകള്‍പോലെ ആക്ഷനും സസ്‌പെന്‍സും ആള്‍മാറാട്ടവും നിറഞ്ഞ ഒരു മലയാളി കുറ്റാന്വേഷകയെ നമുക്ക് പരിചയപ്പെടാം ഡിറ്റക്ടീവ് ആഗ്‌നസ്!
മലയാളി സങ്കല്‍പ്പത്തില്‍പ്പോലും ഒരു പെണ്‍ഡിറ്റക്ടീവിനെ സൃഷ്ടിച്ച ചരിത്രമില്ല. കോട്ടയം പുഷ്പനാഥ് കഥകളില്‍പ്പോലും. അപ്പോഴാണ് ഡിറ്റക്ടീവ് ആഗ്‌നസ് കര്‍മ്മപഥത്തില്‍ താന്‍ ബഹുദൂരം മുന്നേറിയ അനുഭവകഥകള്‍ വിവരിക്കുന്നത്.
ഗാര്‍ഹികപ്രശ്‌നങ്ങള്‍, കമ്പനികളുടെ ചാരവൃത്തികള്‍, കാണാതായ ആളുകളെക്കുറിച്ചുള്ള അന്വേഷണങ്ങള്‍, വിവാഹഭ്യര്‍ത്ഥനകളുടെ നിജസ്ഥിതി, മോഷണം, വഞ്ചന, ഡിജിറ്റല്‍ കേസുകെട്ടുകള്‍ നിറഞ്ഞ കടവന്ത്രയിലെ സാമാന്യം വലിയൊരു മുറി. ചെറിയ പാനോപചാരങ്ങള്‍ക്കുശേഷം ഓഫീസില്‍ അധികസമയം ഇരുത്താതെ ആഗ്‌നസ് ഞങ്ങളെ പുറത്തേക്കു ക്ഷണിച്ചു. ആയിടെ സ്വന്തമാക്കിയ ഏറ്റവും പുതിയൊരു എസ്.യു.വിയില്‍ മറൈന്‍ ഡ്രൈവിലേക്കു തിരിച്ചു.
മറൈന്‍ ഡ്രൈവിലെ രാത്രികളെക്കുറിച്ച് വര്‍ണ്ണിക്കേണ്ടതില്ല. മഴവില്‍പ്പാലത്തില്‍നിന്നു കായലിലേക്കു നോക്കിയാല്‍ കൊച്ചിയുടെ വര്‍ണ്ണങ്ങള്‍ ജലച്ചായചിത്രങ്ങളായി വിരിയുന്നതു കാണാം. ചീനവലകളുടെ നിഴലുകളും, മിന്നാമിന്നികളെപ്പോലെ ബോട്ടുകളുടെ സഞ്ചാരങ്ങളും. കാല്‍നടപ്പാതകളില്‍നിന്നു മനുഷ്യര്‍ കൂട്ടിലേക്കു മടങ്ങാന്‍ മനസ്സുവരാതെ തലങ്ങും വിലങ്ങും നടക്കുന്നു. പ്രണയികളും ഇരിപ്പിടങ്ങള്‍ വിട്ടുപോയിട്ടില്ല.
കൊച്ചിയുടെ ലഹരിക്കൂട്ടങ്ങള്‍ വന്നും പോയും കൊണ്ടിരിക്കുന്നു. ആള്‍ക്കൂട്ടങ്ങളില്‍ തനിയെ ആലോചനാനിമഗ്നരായും മറ്റും ഒറ്റപ്പെട്ട മനുഷ്യരുടെ ചില നില്‍പ്പുകള്‍. മനുഷ്യരെപ്പോലെ ഇരുട്ടുപുതച്ചുനില്‍ക്കുന്ന മരങ്ങളും. അതൊരു ഡിറ്റക്ടീവ് കഥ തുറക്കാനുള്ള ഗൂഢമായ ഒരു അന്തരീക്ഷംതന്നെയെന്ന് ഞങ്ങളുടെ ക്യാമറയ്ക്കു തോന്നി.
'കൊച്ചിയുടെ ഈ കൊതുകുകടിയുംകൊണ്ട് എത്രയോ രാത്രികള്‍ ഞാന്‍ ഇങ്ങനെ ഇവിടെ കാത്തുകെട്ടിനിന്നിട്ടുണ്ട്. എത്രയോ മനുഷ്യരെ ഫോളോ ചെയ്തിട്ടുണ്ട്.'
ആഗ്‌നസ് ആ ജീവിതകഥയുടെ ആദ്യത്തെ അദ്ധ്യായം മറിച്ചുതുടങ്ങുകയാണ്.
ആ കഥയില്‍ ചോദ്യങ്ങള്‍ അനുവദനീയമാണ്.
ആണുങ്ങള്‍ അടക്കിവാഴുന്ന ഡിറ്റക്ടീവ് രംഗത്തേക്കു കോഴിക്കോടിന്റെ കിഴക്കന്‍മലയോരത്തുനിന്ന് ഒരു പെണ്‍കുട്ടി മൂന്നു പതിറ്റാണ്ടുമുമ്പു കടന്നുവന്നപ്പോള്‍ നേരിട്ട വെല്ലുവിളികള്‍ എന്തൊക്കെയായിരിക്കും? ഒരു പെണ്‍കുട്ടിയെ വിശ്വസിച്ച് ആളുകള്‍ കേസുകള്‍ ഏല്‍പ്പിക്കാന്‍വിധത്തില്‍ അവര്‍ തലയുയര്‍ത്തിക്കഴിഞ്ഞത് ഏതൊക്കെ തടസ്സങ്ങള്‍ തകര്‍ത്തെറിഞ്ഞായിരിക്കും? ഡിറ്റക്ടീവ് ആഗ്‌നസിന്റെ അസാമാന്യ ധീരതയും തന്റേടവും ജീവിതത്തില്‍ പകര്‍ത്താന്‍ മലയാളിസ്ത്രീ ഇനി എത്ര ദൂരം സഞ്ചരിക്കണം?
'പണ്ട് ഇന്‍വെസ്റ്റിഗേഷന്‍ എന്നു പറഞ്ഞ് മുന്‍പിന്‍ നോക്കാതെ ഇറങ്ങാറാണ് പതിവ്. അതിന്റെ അബദ്ധങ്ങള്‍ ഒരുപാടുണ്ടായിട്ടുണ്ട്. രാത്രിയിലൊക്കെ നഗരത്തില്‍ നില്‍ക്കുമ്പോള്‍ പോലീസിന്റെ നൈറ്റ് പട്രോള്‍ വരും. നമുക്ക് ഐഡി കാര്‍ഡൊന്നുമുണ്ടാവില്ല. അല്ലെങ്കില്‍ അതൊന്നും നമ്മള്‍ ഓര്‍ക്കില്ല. കുറേ അബദ്ധങ്ങള്‍ ഉണ്ടായിട്ടുണ്ട്. അപ്പോള്‍ പോലീസ് പിടിച്ചുകൊണ്ടുപോവും. വെറുതെ ഒരു ഇന്‍വെസ്റ്റിഗേഷനു വന്നതാണെന്നു പറഞ്ഞാല്‍ പോലീസുകാര്‍ക്കു ബോദ്ധ്യമാവില്ല. അവിടെ നമ്മുടെ ഐഡന്റിറ്റിയും വെളിപ്പെടുത്തണം. ഇപ്പോള്‍ നമ്മള്‍ അതൊക്കെ മുന്‍കൂട്ടി കണ്ടാണ് ഇറങ്ങുക. പണ്ടൊക്കെ ഒരു വീടിന്റെ മുന്നില്‍ ആരെങ്കിലും വന്നുനിന്നാല്‍ ശ്രദ്ധിക്കില്ല. ഇപ്പോള്‍ ആരുവന്നാലും ശ്രദ്ധിക്കും. ഒന്നാമത് എല്ലായിടത്തും ക്യാമറയുണ്ട്. ഓഫീസായാലും വീടായാലും ക്യാമറയുണ്ടാകും. രണ്ടുദിവസം ഒരു സ്ഥലത്ത് നമ്മളെ കാണുമ്പോള്‍ത്തന്നെ ആളുകള്‍ വന്നു ചോദിക്കാന്‍ തുടങ്ങും. പഴയതുപോലെ കേസുകള്‍ ചെയ്യാന്‍ വളരെ പ്രയാസമാണ്. വളരെ ശ്രദ്ധിച്ചുപഠിച്ചേ സിറ്റ്വേഷനുകളിലേക്ക് ഇറങ്ങാനാവൂ. നമ്മള്‍ ഒരു കുഗ്രാമത്തിലേക്കു പോവുകയാണെന്നു കരുതുക. അവിടേക്ക് വളരെ ഫാഷനബിള്‍ ആയി ചെന്നാല്‍ ആളുകള്‍ ശ്രദ്ധിക്കും. അതേപോലെ നമ്മുടെ വാഹനങ്ങളുടെ നമ്പറുകളും മറ്റും ശ്രദ്ധിക്കാന്‍ തുടങ്ങും. നമ്മള്‍ ചെയ്യുന്ന ഓരോ കാര്യങ്ങളും വളരെ സൂക്ഷ്മമായി വേണം ചെയ്യാന്‍. ഇല്ലെങ്കില്‍ പാളിപ്പോകും,' ആഗ്‌നസിന്റെ കൂടെ ഞങ്ങള്‍ കൊച്ചിയുടെ കായലോരപ്പാതയിലൂടെ നടന്നു.
ഇന്ത്യയിലെ ആദ്യത്തെ വനിതാ പ്രൈവറ്റ് ഡിറ്റക്ടീവെന്ന് അറിയപ്പെടുന്നത് മുംബൈയിലെ രജനി പണ്ഡിറ്റാണ്. കുറ്റവാളികളെ പിടികൂടാന്‍ രജനി ഏതു വേഷത്തിലുമെത്തും. രജനി വേഷംകെട്ടിയിറങ്ങിയാല്‍ പിന്നെ കുറ്റവാളികള്‍ക്ക് ഉറക്കമില്ല. അടുത്തകാലത്ത് ചില ടെലഫോണ്‍ രേഖകള്‍ ചോര്‍ത്തിയ കേസില്‍ രജനി പണ്ഡിറ്റ് അറസ്റ്റിലായതോടെയാണ് അവരുടെ പല സാഹസിക കഥകളും പുറത്തറിഞ്ഞത്. രജനി, കൊലപാതകക്കേസുകള്‍ വരെ പോലീസിനെക്കാള്‍ വേഗത്തില്‍ അന്വേഷിച്ചുകണ്ടെത്തിയിട്ടുണ്ട്.
കൊച്ചിയിലെ ആഗ്‌നസിന്റെ അനുഭവങ്ങളും നമ്മള്‍ അറിഞ്ഞുതുടങ്ങുന്നതേയുള്ളൂ.
'ഇന്റര്‍പോളിന്റെ കേസുകള്‍ വരെ ഞാന്‍ കൈകാര്യം ചെയ്തിട്ടുണ്ട്. ഇവിടെ പോലീസുണ്ട്, മറ്റുപല അന്വേഷണസംവിധാനങ്ങളുമുണ്ട്. ഒരു ഇന്റര്‍പോള്‍ കേസ് നമ്മളെ എന്തിനു തേടിവരണം? കേള്‍ക്കുമ്പോള്‍ നമ്മളെ ആരെങ്കിലും പറ്റിക്കാനായിരിക്കുമോ എന്നുതോന്നും. ഇതൊരു പോലീസ് ഉദ്യോഗസ്ഥന്‍തന്നെ റഫര്‍ ചെയ്ത കേസാണെന്ന് അറിഞ്ഞപ്പോഴാണ് വിശ്വാസം വന്നത.് സൗത്താഫ്രിക്കയില്‍നിന്ന് കുറേ ഫണ്ടുമായി മുങ്ങിയ വ്യക്തിയെക്കുറിച്ചുള്ള അന്വേഷണമാണ്. അയാളെ അവര്‍ക്ക് ട്രെയ്‌സ് ചെയ്യാന്‍ പറ്റിയില്ല. അയാളുടെ നാട്ടില്‍ പോയി അന്വേഷിച്ചിട്ടും വാലുംതുമ്പും കിട്ടിയില്ല. അങ്ങനെയാണ് ആ വ്യക്തിയെ കണ്ടെത്താന്‍ ഞങ്ങളോടു പറയുന്നത്. അയാളുടെ പാസ്‌പോര്‍ട്ടിന്റെ കോപ്പിയും അവര്‍ക്കറിയാവുന്ന വിവരങ്ങളുമൊക്കെ തന്നു. ഇയാള്‍ക്ക് ഭാര്യയുണ്ടെന്നാണ് ഞങ്ങളോടു പറഞ്ഞിരുന്നത്. നമ്മള്‍ അവിടെ ചെന്നപ്പോള്‍ സെപ്പറേറ്റഡാണെന്നു മനസ്സിലായി. ആ സ്ത്രീക്കിപ്പോള്‍ അയാളുമായി ഒരു ബന്ധവുമില്ല. അങ്ങനെ ഒരുപാട് അന്വേഷിച്ചപ്പോള്‍ ഇദ്ദേഹത്തിന്റെ ഒരു ബന്ധു എന്നും ബാംഗ്ലൂരില്‍ പോകുന്നുണ്ടെന്നറിഞ്ഞു. അങ്ങനെ ആ ബന്ധുവിനെ നമ്മള്‍ ഫോളോ ചെയ്തുതുടങ്ങി. അപ്പോഴാണ് മനസ്സിലായത് ഇദ്ദേഹത്തിന് ബാംഗ്ലൂരില്‍ വലിയ ഫാക്ടറി സെറ്റപ്പൊക്കെയുണ്ടെന്ന്.'
ഒരുപക്ഷേ, കേരളത്തിലെ ആദ്യത്തെ വനിതാ സ്വകാര്യ കുറ്റാന്വേഷകയായിരിക്കും ആഗ്‌നസ്. കൊച്ചിയില്‍ മാത്രമല്ല ദക്ഷിണേന്ത്യ മുഴുവനും ചിലപ്പോള്‍ ഗള്‍ഫ് രാജ്യങ്ങളിലേക്കും നീളുന്നതാണ് ആഗ്‌നസിന്റെ അന്വേഷണവലകള്‍. ഒരു സ്ത്രീയായതുകൊണ്ടാകാം ചിലപ്പോള്‍ അന്വേഷണപരിധിക്കപ്പുറത്തു കടന്നും അവര്‍ ജീവിതത്തെ സമീപിക്കുന്നു.
'സ്ത്രീകളുമായി ബന്ധപ്പെട്ട കുറേ കേസുകള്‍ വരുന്നുണ്ട്. വളരെ ബുദ്ധിമുട്ടു തോന്നിയ ഒരു കേസുണ്ട്. കല്യാണം കഴിഞ്ഞ് രണ്ടു കുട്ടികളൊക്കെയുള്ള ഒരു സ്ത്രീയാണ് ക്ലയന്റ്. പെണ്‍കൊച്ച് നന്നായി പഠിക്കും. മകന്‍ കാന്‍സര്‍ വന്നു മരിച്ചുപോയി. മകന്‍ മരിച്ചപ്പോള്‍ മാത്രം ഭര്‍ത്താവ് വന്നുകണ്ടു. കുടുംബകാര്യങ്ങളൊന്നും അയാള്‍ നോക്കുന്നില്ല. ഭര്‍ത്താവ് എവിടെയാണെന്ന് കണ്ടെത്തണം. മലപ്പുറത്ത് എവിടെയോ ആണ് ജോലി ചെയ്യുന്നതെന്നേ അവര്‍ക്ക് അറിയൂ. അദ്ദേഹത്തെക്കുറിച്ചുള്ള ഒരു അഡ്രസും അവരുടെ കൈയിലില്ല. ഞങ്ങള്‍ക്കു തരാന്‍ കാശുമില്ല. ഒരു വീട്ടിലെ പ്രായമായ മാതാപിതാക്കളെ നോക്കുകയാണ് സ്ത്രീയുടെ ജോലി. ആ മാതാപിതാക്കളുടെ മക്കള്‍ അമേരിക്കയിലാണ് ജോലിചെയ്യുന്നത്. അവര്‍ ചെലവ് വഹിക്കാമെന്നു പറഞ്ഞു. ഭര്‍ത്താവ് ആദ്യം ജോലിചെയ്ത സ്ഥലത്തെ അഡ്രസ് തന്നെങ്കിലും ഒരു തുമ്പും കിട്ടിയില്ല. ഒടുവില്‍ ഒന്നര വര്‍ഷം അന്വേഷിച്ച ശേഷമാണ് അയാള്‍ക്ക് ഒറ്റപ്പാലത്ത് വേറെ ഭാര്യയും രണ്ടു കുട്ടികളുമുണ്ടെന്ന് കണ്ടെത്തിയത്. ആദ്യഭാര്യയെ ഡിവോഴ്‌സ് ചെയ്യാതെയായിരുന്നു അത്. അയാള്‍ അവിടെ സുഖമായി ജീവിക്കുകയായിരുന്നു.'

കുറ്റാന്വേഷകരിലും എവിടെയോ കുറ്റവാളികളുടെ ചില അംശങ്ങള്‍ ഉറങ്ങിക്കിടക്കാറുണ്ടെന്നു പറയാറുണ്ട്. അതു കുറ്റാന്വേഷണത്തിന് ഒരു ശക്തിയാണ്. എന്നാല്‍ പണത്തിനു വേണ്ടി മാത്രമായുള്ള ഒരു തൊഴിലായി മാറുമ്പോള്‍ കുറ്റാന്വേഷണവും ഒരു കുറ്റമാകുന്നു. പക്ഷേ, ആഗ്‌നസ് മറ്റൊരാളാണ്.
'ഒരു ക്ലയന്റ് വന്നുപറഞ്ഞത് ഞാന്‍ ഓര്‍ക്കുന്നു. അയാള്‍ക്ക് എട്ടുപത്തു ലോറികളുണ്ട്. സ്പിരിറ്റോ ചന്ദനത്തൈലമോ മറ്റോ കടത്തുന്ന ആളാണ്. അയാളെ സപ്പോര്‍ട്ട് ചെയ്താല്‍ ചോദിക്കുന്നത് തരാമെന്നു പറഞ്ഞാണ് വരവ്. അതായത് അവര്‍ സാധനം കയറ്റിക്കൊണ്ടുപോവുമ്പോള്‍ റോഡ് ക്ലിയറാണെന്ന് ഉറപ്പുവരുത്തിക്കൊടുക്കണം. ഞാന്‍ അവരോടു പോകാന്‍ പറഞ്ഞു. എന്റെ ലക്ഷ്യം പണമുണ്ടാക്കല്‍ മാത്രമല്ല. ദൈവം സഹായിച്ച് എനിക്ക് അതിന്റെ ആവശ്യമില്ല. ഇത് എന്റെ ഒരു പാഷനും ഇന്ററസ്റ്റും മാത്രമാണ്. അല്ലെങ്കില്‍ ഈ ജോലി വലിയ ബുദ്ധിമുട്ടാണ്. കോര്‍പ്പറേറ്റ് രംഗത്തുനിന്നും ഇഷ്ടംപോലെ കേസുകള്‍ വരുന്നുണ്ട്. വിദേശത്തുനിന്ന് വരുന്ന അവരുടെ ബിസിനസ് എക്‌സിക്യൂട്ടീവുമാരുടെ മൂവ്‌മെന്റുകള്‍ നിരീക്ഷിക്കണം. ക്ഷമിക്കണം, അതേക്കുറിച്ചൊന്നും കൂടുതല്‍ വെളിപ്പെടുത്താനാവില്ല.'
കോര്‍പ്പറേറ്റു ലോകത്തെ മത്സരങ്ങളില്‍ ഓരോ മനുഷ്യനും അപരനെ സംശയത്തോടെ നോക്കാന്‍ തുടങ്ങിയത് പണിയുണ്ടാക്കിയത് ഡിറ്റക്ടീവുമാര്‍ക്കാണെന്നു പറയുന്നു ആഗ്‌നസ്. മനുഷ്യബന്ധങ്ങളിലെ മൂല്യച്യുതികളും ആളുകളെ ഡിറ്റക്ടീവുകള്‍ക്കു മുന്നിലെത്തിച്ചു. പതിവുപോലെ സാമ്പത്തികക്രമക്കേടുകള്‍, ആള്‍മാറാട്ടങ്ങള്‍, വിവാഹച്ചതികള്‍, തട്ടിക്കൊണ്ടുപോകലുകള്‍ തുടങ്ങിയ കേസുകള്‍ക്കും കുറവില്ല.
'മിക്കവാറും സ്ത്രീകളുടെ കേസില്‍ ഞാന്‍ വിട്ടുവീഴ്ച ചെയ്യാറാണ് പതിവ്. ഫീസ് തരാനില്ലാതെ അവരുടെ കെട്ടുതാലിയൊക്കെ ഇവിടെ അഴിച്ചുവെച്ചവരുണ്ട്. ചിലത് നിസ്സാര സംശയമായിരിക്കും. അപ്പോഴൊക്കെ അവരെ പറഞ്ഞു മനസ്സിലാക്കാന്‍ നോക്കും. അവര്‍ക്ക് കൗണ്‍സിലിങ്ങിനുള്ള സ്ഥലമുണ്ടെങ്കില്‍ അതു പറഞ്ഞുകൊടുക്കും. ഇന്‍വെസ്റ്റിഗേഷന്‍ ലൈനില്‍നിന്നു വിട്ട് ഇടയ്ക്ക് അങ്ങനെയൊക്കെ ചെയ്യേണ്ടിവരും. ഭര്‍ത്താവ് വൈകിവരുന്നതില്‍ സംശയിച്ചുവരുന്നവരൊക്കെയുണ്ട്. നമ്മള്‍ അന്വേഷിക്കുമ്പോള്‍ കാര്യമൊന്നും ഉണ്ടാവില്ല. മോശമായി പോകുന്ന ഭര്‍ത്താക്കന്മാരില്ലെന്നല്ല പറയുന്നത്. ഒരു സ്ത്രീക്ക് ഒരു ലിഫ്റ്റ് കൊടുത്തതിനുവരെ ഭര്‍ത്താവിനെ സംശയിച്ച കേസുകള്‍ വന്നിട്ടുണ്ട്. നമ്മുടെ റിലേഷന്‍സ് വീക്കാകുന്നതുകൊണ്ടാണ് ഇതൊക്കെ.'
1988-ലാണ് ഒരു കൊലപാതകക്കേസിന്റെ ചുരുളഴിക്കാനായി സി.ഐ.ഡി. ദാസനും വിജയനും രംഗത്തിറങ്ങിയത്. മലയാള സിനിമയിലെ ആ എ ക്ലാസ് തമാശകള്‍ക്കു മുന്നില്‍ ആളുകള്‍ തലയറഞ്ഞ് ചിരിച്ച അതേ വര്‍ഷംതന്നെയാണ് ഒരു സ്വകാര്യ കുറ്റാന്വേഷകയായി ആഗ്‌നസും ജീവിതമാരംഭിച്ചത്. സിനിമയിലേതുപോലെ സി.ഐ.ഡിമാര്‍ക്കുള്ള വട്ടത്തൊപ്പിയോ മുട്ടോളം നീളമുള്ള കോട്ടോ ഇല്ലാതെ, ആ കുറ്റാന്വേഷണയാത്രകളില്‍ ആഗ്‌നസും ചെന്നുചാടാത്ത അബദ്ധങ്ങളില്ല. എന്നാല്‍ ഓരോ അബദ്ധവും ഉയര്‍ച്ചയിലേക്കുള്ള അവസരങ്ങളാക്കി മാറ്റാന്‍ അവര്‍ക്കു കഴിഞ്ഞു.
'പണം എല്ലാത്തിനെയും നിയന്ത്രിച്ചുതുടങ്ങി. പെണ്‍കുട്ടികള്‍ക്കും പണം മാത്രം മതി. പണത്തിനുവേണ്ടി അങ്ങനെ ചതിയില്‍പ്പെട്ടുപോയ ഒരുപാടു പെണ്‍കുട്ടികളുടെ കേസുകള്‍ വരുന്നുണ്ട്. സാമ്പത്തികമായി വളരെ പിറകില്‍നിന്നുവരുന്ന കുട്ടികളാണ് പെട്ടുപോകുന്നത്. തൊടുപുഴ, മൂവാറ്റുപുഴ ഭാഗത്തുനിന്നുവരുന്ന പെണ്‍കുട്ടികള്‍.
ഇവിടെ പേയിങ് ഗസ്റ്റായാണ് താമസിക്കുന്നതെന്നാണ് അച്ഛനമ്മമാരോടു പറയുക. ഇവരെന്താണു ചെയ്യുന്നതെന്ന് അവരറിയുന്നില്ല. എല്ലാവര്‍ക്കും പെട്ടെന്നു പണമുണ്ടാക്കുകയാണ് വേണ്ടത്. അങ്ങനെയാണ് ചതിയില്‍പ്പെടുന്നത്.'
അത്തരം സന്ദര്‍ഭങ്ങളില്‍ ഒരു കുറ്റാന്വേഷകയുടെ വാശിയേറിയ ജീവിതത്തില്‍നിന്നു മാറി ആഗ്‌നസ് ഒരു സാധാരണ വീട്ടമ്മയോ സാമൂഹികപ്രവര്‍ത്തകയോ ആയി മാറും. ബന്ധങ്ങളെ പിണക്കുകയല്ല ഇണക്കുകയാവും അവരുടെ അന്വേഷണങ്ങളുടെ ലക്ഷ്യം.
ഇപ്പോള്‍ സ്ത്രീപുരുഷബന്ധങ്ങള്‍ സില്‍ക്കുനൂല്‍പോലെയാണ്. എപ്പോള്‍ വേണമെങ്കിലും പൊട്ടിപ്പോവാം. പണ്ടത്തെ ജോയന്റ് ഫാമിലിയും നല്ല അയല്‍പക്കവുമൊക്കെ നമുക്കു നഷ്ടപ്പെട്ടതിന്റെ ഫലമാണ്. വീട്ടില്‍ വന്നാല്‍ എല്ലാവരും മൊബൈലിന്റെയും കമ്പ്യൂട്ടറിന്റെയും മുന്നിലായിരിക്കും. സംഭാഷണങ്ങളോ ഷെയറിങ്ങോ ഒന്നും നടക്കുന്നില്ല. അതൊക്കെയാണ് കൂടുതല്‍ക്കൂടുതല്‍ പ്രശ്‌നങ്ങളിലേക്കു കൊണ്ടുപോവുന്നത്. ബന്ധങ്ങള്‍ക്കു വിലയില്ല. നിസ്സാരകാര്യങ്ങള്‍ക്കാണു പല സംഘര്‍ഷങ്ങളും ഉണ്ടാവുന്നത്. ബന്ധങ്ങളെ ഒഴിവാക്കാനല്ല, കൂട്ടിച്ചേര്‍ക്കാനാണ് ഞാന്‍ കൂടുതലും ശ്രമിച്ചിട്ടുള്ളത്. ഒരിക്കലും മുന്നോട്ടുപോകാനാവാത്തവരെ മാത്രം അഴിച്ചുവിടും. അപ്പോഴൊന്നും ഞാന്‍ എനിക്കു കിട്ടുന്ന പണം നോക്കാറില്ല. ഉള്ളില്‍ ഞാനിപ്പോഴും കോഴിക്കോട്ടെ ഒരു സാധാരണ നാട്ടുമ്പുറത്തുകാരിതന്നെയാണ്. ബന്ധങ്ങളെക്കുറിച്ചും എനിക്ക് ആ നാടന്‍ കാഴ്ചപ്പാടാണ്.'
സകല രംഗങ്ങളിലും മുന്നേറിക്കൊണ്ടിരിക്കുന്ന മലയാളിസ്ത്രീക്കു മുന്നില്‍ മറ്റൊരു ജീവചരിത്രംകൂടി തുറന്നുകാട്ടുകയാണ് ഇവിടെ ആഗ്‌നസ് എന്ന സ്വതന്ത്ര സ്വകാര്യ കുറ്റാന്വേഷകയിലൂടെ. അവിടെ സ്ത്രീക്ക് ആത്മാര്‍പ്പണത്തോടൊപ്പം ചങ്കൂറ്റവും ധീരതയുമാണ് മൂലധനം. അതുകൊണ്ട് മലയാളിസ്ത്രീ മനസ്സുവെച്ചാല്‍ ഇനിയും ആഗ്‌നസുമാരെ നമുക്ക് അനവധിയായി കാണാനായേക്കും.
'പലപ്പോഴും ഞാന്‍ ആലോചിച്ചിട്ടുണ്ട്. എന്തിനാണ് വല്ലവരുടെ കാര്യവും അന്വേഷിച്ച് ഇങ്ങനെ നടക്കുന്നതെന്ന്. ഭര്‍ത്താവും മക്കളുമൊക്കെ വിദേശത്താണ്. അങ്ങോട്ടു പോയാലോ എന്നും ആലോചിക്കും. പക്ഷേ ഈ ഫീല്‍ഡ് ഉപേക്ഷിച്ചുപോകാന്‍ മനസ്സുവരുന്നില്ലെന്നതാണ് സത്യം. സത്യം കണ്ടെത്തുമ്പോള്‍ എന്തോ ഒരു ആനന്ദം ഞാന്‍ അനുഭവിക്കുന്നുണ്ട്. ഇപ്പോഴും നിങ്ങള്‍ എന്താണെന്റെ ഡിസയര്‍, എന്താണ് എന്റെ ലസ്റ്റ് എന്നു ചോദിച്ചാല്‍ എനിക്കു പറയാന്‍ ഇന്‍വെസ്റ്റിഗേഷന്‍ എന്ന ഉത്തരമേയുള്ളൂ. വേറെ എന്തു തന്നാലും ആ ഒരു സാറ്റിസ്ഫാക്ഷനോളം ഒന്നുമാവില്ല.'
ചതിയും വഞ്ചനയും ആള്‍മാറാട്ടാവും പറ്റിപ്പും ഉപജാപങ്ങളും നിറഞ്ഞ ലോകത്ത് കുറ്റകൃത്യങ്ങളുടെ വേരുകള്‍ തേടിയുള്ള അന്വേഷണയാത്രകള്‍
തന്നെയാണ് തന്റെ വ്യക്തിത്വത്തിന്റെ പൂര്‍ണ്ണതയെന്ന് ആഗ്‌നസ് കരുതുന്നു. മലയാളിസ്ത്രീക്ക് അധികം പരിചയമില്ലാത്ത ലോകത്ത് അസാധാരണമായ ധീരതയും അന്വേഷണത്വരയും ഒന്നുകൊണ്ടുമാത്രമാണ് അവര്‍ സ്വന്തം ഇരിപ്പിടം സ്ഥാപിച്ചെടുത്തിരിക്കുന്നത്.
മറൈന്‍ഡ്രൈവിലെ രാത്രി ഏതാണ്ട് വിജനമായിത്തുടങ്ങിയിരുന്നു. മരങ്ങളും നടപ്പാതകളുമെല്ലാം ഉറക്കം തൂങ്ങുകയാണ്. രാജേന്ദ്ര മൈതാനിയില്‍ പാര്‍ക്കു ചെയ്ത കാറിനടുത്തേക്ക് ആഗ്‌നസ് നടന്നു.
ആഗ്‌നസ് തന്റെ കുറ്റാന്വേഷണയാത്രകള്‍ തുടരുകതന്നെയാണ്. കുറ്റങ്ങള്‍ പെരുമഴപോലെ പെയ്യുന്ന കാലത്ത് മലയാളിസ്ത്രീക്ക് അവര്‍ ഒരു ആശ്വാസമാണ്.
Content Highlights: biju muthathi book ladies compartment excerpt private detective agnes,mathrubhumi books, mathrubhumi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..