ഗത്‌സിങ്ങിനെ തൂക്കിക്കൊല്ലാന്‍ നിശ്ചയിച്ച ദിവസത്തിന്റെ തലേന്ന് ലാഹോര്‍നഗരം അതിനെതിരായ പ്രകടനങ്ങള്‍കൊണ്ട് പ്രക്ഷുബ്ധമായിത്തീര്‍ന്നു. നഗരവാസികളൊന്നാകെ ഇളകിയിരമ്പി വന്ന് ജയിലിനു ചുറ്റും നിരന്നു. ജനക്കൂട്ടം ജയില്‍ ആക്രമിച്ചേക്കുമോ എന്നു ഭയപ്പെട്ടു. അധികൃതര്‍ക്ക് തൂക്കിക്കൊല മാറ്റിവെക്കാന്‍ തീരുമാനിക്കേണ്ടിവന്നു. ആ തീരുമാനത്തിന്റെ സൂചനകളില്‍ വിശ്വസിച്ച് ആളുകള്‍ പിരിഞ്ഞുപോയപ്പോള്‍ വളരെപ്പെട്ടെന്ന്, നിശ്ചയിച്ച ദിവസത്തിന്റെ തലേന്നു സന്ധ്യയ്ക്കു തിരക്കിട്ട് ഭഗത്‌സിങ്ങിനെ തൂക്കിലേറ്റാന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു. 

ആ തീരുമാനം ഭഗത്‌സിങ്ങിനെ അറിയിച്ചപ്പോള്‍ യാതൊരു വൈമനസ്യവും കൂടാതെ ഭഗത്‌സിങ് പറഞ്ഞു,
'എനിക്ക് അരമണിക്കൂര്‍ കൂടി തരണം. ഞാന്‍ വായിച്ചുകൊണ്ടിരിക്കുന്ന ഈ പുസ്തകം തീര്‍ക്കുവാന്‍.'
ആ അപേക്ഷ അനുവദിക്കപ്പെട്ടു. അരമണിക്കൂറിനുള്ളില്‍ പുസ്തകം വായിച്ചുതീര്‍ത്ത് ഭഗത്‌സിങ് സ്വന്തം മരണത്തിന് തയ്യാറായി. ആപുസ്തകം ലെനിന്റെ ജീവചരിത്രമായിരുന്നു.

തൂക്കുമരത്തില്‍ കൊണ്ടുചെന്നു നിര്‍ത്തിയപ്പോള്‍ പതിവുള്ളതുപോലെ മുഖം കറുത്തതുണികൊണ്ടു മറയ്ക്കുവാന്‍ ഭഗത്‌സിങ്ങും രാജ്ഗുരുവും സുഖ്‌ദേവും തയ്യാറായില്ല എന്നു മാത്രമല്ല, 'ഈ മരണം ഞങ്ങള്‍ സ്വയം വരിച്ചതാണ്, അതുകൊണ്ട് കൊലക്കയര്‍ ഞങ്ങള്‍ തന്നെ കഴുത്തിലണിഞ്ഞുകൊള്ളാം' എന്നു പ്രഖ്യാപിച്ച് മൂന്നുപേരും സ്വയം കൊലക്കയര്‍ കഴുത്തിലണിഞ്ഞു. തൂക്കുകയര്‍ മുറുകും മുന്‍പ് മൂന്നു മുദ്രാവാക്യങ്ങള്‍ മുഴക്കി,
'ഇങ്ക്വിലാബ് സിന്ദാബാദ്
സാമ്രാജ്യത്വം തകരട്ടെ
ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടുക.'

ഭഗത്‌സിങ്ങിനെയും രാജഗുരുവിനെയും സുഖ്‌ദേവിനെയും കൊലമരത്തില്‍നിന്ന് രക്ഷിക്കാനുള്ള ഒരവസരം പ്രയോജനപ്പെടുത്തുന്നതില്‍ മഹാത്മജി കുറ്റകരമായ അനാസ്ഥ കാണിച്ചു എന്ന എന്റെ എക്കാലത്തെയും തോന്നല്‍ ഞാനെന്റെ പ്രസംഗത്തില്‍ മറച്ചുവെച്ചില്ല. ഗാന്ധി-ഇര്‍വിന്‍ സന്ധിയുടെ വ്യവസ്ഥകളില്‍ മഹാത്മജി നിര്‍ബന്ധപൂര്‍വം ആവശ്യപ്പെട്ടിരുന്നുവെങ്കില്‍ ആ വിപ്ലവകാരികളുടെ ജീവന്‍ രക്ഷിക്കാനുള്ള വ്യവസ്ഥകൂടി ഉള്‍ക്കൊള്ളിക്കാന്‍ സാധിക്കുമായിരുന്നു. ജവാഹര്‍ലാല്‍ നെഹ്രുപോലും അതിനുവേണ്ടി മഹാത്മജിക്കുമേല്‍ സമ്മര്‍ദം ചെലുത്തിയിരുന്നു. 

പക്ഷേ ജയിലിലടയ്ക്കപ്പെട്ട പതിനായിരക്കണക്കിനു സ്വാതന്ത്ര്യസമരസേനാനികളെ വിട്ടയയ്ക്കുവാന്‍ വ്യവസ്ഥയുണ്ടായപ്പോള്‍ ബോംബു കേസുകള്‍പോലുള്ള ഗുരുതരമായ കുറ്റങ്ങളുടെ പേരില്‍ ഭഗത്‌സിങ്ങിനെയും മറ്റും വിട്ടയയ്ക്കാനാവില്ലെന്ന ബ്രിട്ടീഷ് അധികൃതരുടെ തീരുമാനത്തിന് മഹാത്മജി വഴങ്ങുകയായിരുന്നു. താന്‍ വിലക്കിയിട്ടും കൂട്ടാക്കാതെ അക്രമത്തിന്റെ വഴി സ്വീകരിച്ചവരെന്ന നിലയില്‍ ഭഗത്‌സിങ്ങിനോടും കൂട്ടാളികളോടും ഗാന്ധിജിക്കുണ്ടായിരുന്ന അതൃപ്തിയും ആ വഴങ്ങലിനു പിന്നിലുണ്ടായിരുന്നു. സ്വാതന്ത്ര്യസമരത്തില്‍ സായുധപാത സ്വീകരിച്ച എല്ലാ പോരാളികളോടും തന്റെ കടുത്ത അഹിംസാപക്ഷനിലപാടിന്റെ പേരില്‍ മഹാത്മജി ഈ അതൃപ്തിയും എതിര്‍പ്പും പ്രകടിപ്പിച്ചിട്ടുണ്ട്. നേതാജി സുഭാഷ്ചന്ദ്ര ബോസിനോടും ഈ എതിരപ്പ് തന്റെ രാഷ്ട്രീയജീവിതത്തിലുടനീളം ഗാന്ധിജി നിലനിര്‍ത്തിപ്പോന്നിരുന്നു.

മനുഷ്യന്‍ സുന്ദരനാണ് എന്ന പുസ്തകം വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഒരു വര്‍ഗീയവാദിയുടെ വെടിയേറ്റ് 1948-ല്‍ ബിര്‍ളാ ഹൗസില്‍ പിടഞ്ഞു തീര്‍ന്ന മഹാത്മാഗാന്ധിയുടെ യുഗപ്രഭാവത്വമുള്ള രക്തസാക്ഷിത്വചരിത്രത്തേക്കാള്‍ ഒട്ടും താഴെയല്ല ഇരുപത്തിനാലാമത്തെ വയസ്സില്‍ കൊലക്കയറില്‍ പിടഞ്ഞുതീര്‍ന്ന ഭഗത്‌സിങ്ങിന്റെ രക്തസാക്ഷിത്വം. ഹിംസയുടെ മാര്‍ഗമവലംബിച്ചു എന്നതുകൊണ്ട് ആ ഹ്രസ്വജീവിതം ഉയര്‍ത്തിപ്പിടിച്ച കളങ്കമറ്റ മൂല്യബോധവും ആത്മാര്‍ഥതയും അസാധുവാകുന്നില്ല. ഇന്ത്യന്‍ സ്വാതന്ത്ര്യസമരചരിത്രംപോലെ സുദീര്‍ഘവും സങ്കീര്‍ണവും പലവിധ ധാരകളുള്‍ച്ചേര്‍ന്നതുമായ ഒരു സമരചരിത്രത്തെ വിലയിരുത്തുമ്പോള്‍ ഹിംസയുടെയും അഹിംസയുടെയും മാനദണ്ഡങ്ങള്‍ മാത്രം വെച്ച് ശരിതെറ്റുകള്‍ പൂര്‍ണമായും നിര്‍ണയിക്കാവുന്നതല്ല.

ഏതു മഹത്തായ സ്വാതന്ത്ര്യസമരത്തിലും ഹിംസാമാര്‍ഗവും അഹിംസാമാര്‍ഗവുമുണ്ടാകും. സായുധപോരാട്ടം പൂര്‍ണമായും വെടിഞ്ഞുകൊണ്ട് ഒരു ധര്‍മയുദ്ധവും മാനവചരിത്രത്തില്‍ പൂര്‍ത്തിയായിട്ടില്ല. ആത്യന്തികമായി മഹാത്മജിയുടെ അഹിംസാമാര്‍ഗം വിജയം കണ്ടപ്പോഴും അതിന് ഊര്‍ജം പകര്‍ന്നുകൊണ്ട് ഭഗത്‌സിങ്ങിന്റെയും നേതാജിയുടെയും മറ്റനേകം വിപ്ലവകാരികളുടെയും രക്തസാക്ഷിത്വങ്ങള്‍ അതിനുള്ളില്‍ പ്രവര്‍ത്തിച്ചിരുന്നു. 

ഹിംസയും അഹിംസയും ധര്‍മവും അധര്‍മവും പരസ്പരപൂരകമായി നിന്നു പ്രവര്‍ത്തിച്ചുകൊണ്ടാണ് ഓരോ കൊണ്ടാടപ്പെട്ട അഹിംസാസമരത്തെയും ധര്‍മയുദ്ധത്തെയും വിജയത്തിലെത്തിക്കുന്നത്. ഇത് ഏതു മാനവ വിമോചനസമരത്തിന്റെയും വൈരുധ്യാധിഷ്ഠിതമായ ചരിത്രജ്ഞാനമാണ്. രക്തസാക്ഷികളുടെ കത്തിപ്പടരുന്ന രക്തം ലോകചരിത്രത്തിലെ എല്ലാ സ്വാതന്ത്ര്യസമരങ്ങളുടെയും ധര്‍മം നിര്‍ണയിക്കുന്നതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. 

ആലങ്കോട് ലീലാകൃഷ്ണന്റെ പുസ്തകങ്ങള്‍ വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 

'ബുദ്ധനും നരിയും ഞാനും' എന്ന കവിതയില്‍ ഈ ചരിത്രസത്യത്തിന്റെ വൈരുധ്യാധിഷ്ഠജ്ഞാനം ഇടശ്ശേരി ഉപദര്‍ശിക്കുന്നുണ്ട്. ഒരു നാടകീയപ്രതിസന്ധി സൃഷ്ടിച്ചുകൊണ്ട് ആ ജന്മഗാന്ധിയനായ ഇടശ്ശേരി നരിയില്‍നിന്ന് മനുഷ്യനെ രക്ഷിക്കുവാന്‍ അഹിംസാമൂര്‍ത്തിയായ ബുദ്ധനെ ആയുധമാക്കുകയും ബുദ്ധപ്രതിമകൊണ്ട് നരിയെ അടിച്ചുകൊല്ലുകയും ചെയ്യുന്നു. ഈ വൈരുധ്യത്തില്‍ ഒരു ചിരന്തന ചരിത്രസത്യമുണ്ട്.

പതിനായിരങ്ങളെ കൊന്നൊടുക്കിയ ഒരു മഹായുദ്ധത്തിനൊടുവിലാണ് കലിംഗത്തുവെച്ച് അശോകന്‍ ബുദ്ധധര്‍മത്തെ അറിയുന്നത്. ഉയിര്‍ത്ത ക്രിസ്തുവിന്റെ വിശ്വാസമല്ല കുരിശേറിയ ക്രിസ്തുവിന്റെ ചോര തന്നെയാണ് നിന്ദിതരും പീഡിതരും നിരാശ്രയരുമായ ജനതയ്ക്ക് വിമോചനസ്വപ്‌നമായി ഇന്നും നിലനില്ക്കുന്നത്. അതുകൊണ്ടുതന്നെ ലാറ്റിനമേരിക്കന്‍ വിമോചനചരിത്രത്തില്‍ ചെഗുവേരയെന്നതുപോലെ ഇന്ത്യന്‍ സ്വാതന്ത്ര്യസമരചരിത്രത്തില്‍ ഭഗത്‌സിങ് മരണമില്ലാത്ത രക്തനക്ഷത്രമായി എക്കാലവും ജ്വലിച്ചുനില്ക്കും.

( ആലങ്കോട് ലീലാകൃഷ്ണന്റെ മനുഷ്യന്‍ സുന്ദരനാണ് എന്ന പുസ്തകത്തില്‍ നിന്ന് )

Content highlights ; bhagat singh,manushyan sundarananu, alankode leelakrishnan, Malayalam Books, Malayalam Literature, Literature News