'കോമ്രേഡ്, ബര്‍ലിന്‍ മതിലിനെ കുറിച്ച് ഇന്ത്യക്കാരെ അറിയിക്കാനുള്ള ചുമതല താങ്കള്‍ക്കാണ്..'


4 min read
Read later
Print
Share

ജി.ഡി.ആറില്‍ സോഷ്യലിസ്റ്റ് ഭരണകൂടം സ്ഥാപിക്കാന്‍സാധിച്ചെങ്കിലും അമേരിക്കന്‍ ചാരന്മാരുടെ കഴുകന്‍ കണ്ണുകള്‍ രാജ്യത്തെ ചൂഴ്ന്നുനോക്കിക്കൊണ്ടേയിരിക്കുന്നു. വിഷമകരമാണ് ഇവിടത്തെ സ്ഥിതി. ശത്രുക്കളുടെ നുഴഞ്ഞുകയറ്റം തടയാനാണ് ബര്‍ലിന്‍ മതില്‍ ഉയര്‍ത്തിയത്.

ബെർലിൻ കുഞ്ഞനന്തൻ നായർ

ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ ആത്മകഥയായ പൊളിച്ചെഴുത്തില്‍ നിന്നും ഒരു ഭാഗം വായിക്കാം

1962 ജനവരി 10ന് രാത്രി 9 മണിക്ക് ജര്‍മന്‍ ജനാധിപത്യ റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ ബര്‍ലിനിലെ ഷൊനിഫെല്‍ഡ് വിമാനത്താവളത്തില്‍ ഞാന്‍ ഇറങ്ങി. മോസ്‌കോയില്‍നിന്ന് ബര്‍ലിനിലേക്ക് നേരിട്ട് വ്യോമസര്‍വീസ് ഇല്ല. മോസ്‌കോഖാര്‍ക്കോവാര്‍സോബര്‍ലിന്‍ ഇങ്ങനെയാണ് റൂട്ട്. വിമാനത്തില്‍നിന്ന് ഞാനാണ് ആദ്യം പുറത്തുകടന്നത്. ഏണിച്ചുവട്ടില്‍ കമ്പിളി വസ്ത്രത്തില്‍ മൂടിയ രണ്ടുപേര്‍ എന്റെ പേരെഴുതിയ ചെറിയ ബോര്‍ഡും ഉയര്‍ത്തിപ്പിടിച്ച് കാത്തിരിപ്പുണ്ട്. ഞാന്‍ ബാഗുകള്‍ നിലത്തുവെച്ച് അവര്‍ക്ക് ഹസ്തദാനം നല്‍കി.

കിഴക്കന്‍ ജര്‍മന്‍ കമ്യൂണിസ്റ്റു പാര്‍ട്ടിയായ സോഷ്യലിസ്റ്റ് യൂണിറ്റി പാര്‍ട്ടിയുടെ സാര്‍വദേശീയ കാര്യങ്ങളുടെ തലവന്‍ പീറ്റര്‍ ഫ്‌ളോറിനും അദ്ദേഹത്തിന്റെ ഡെപ്യൂട്ടിയും ഇന്ത്യന്‍ കാര്യങ്ങളുടെ ചുമതലക്കാരനുമായ ഡോ. ജോക്കിം റാദ്ദേയുമാണിവര്‍. റാദ്ദേയ്ക്ക് നന്നായി ഇംഗ്ലീഷ് അറിയാം. അല്പനേരത്തെ കുശലങ്ങള്‍ക്കുശേഷം പുറത്തേക്കു നീങ്ങി. റണ്‍വേ മുഴുവന്‍ വെളുത്ത ഐസുകട്ടകള്‍ കിടക്കുന്നു. കല്‍ക്കണ്ടം വിതറിയപോലെ. മൈനസ് പത്തു ഡിഗ്രി തണുപ്പ്. പല്ലുകള്‍ കൂട്ടിയിടിച്ചു. ഞരമ്പിലെ ചോരയോട്ടം നിലച്ചതുപോലെ. ജനുവരിയില്‍ ജര്‍മനിയിലെ തണുപ്പിനെക്കുറിച്ച് മുന്നറിയിപ്പുണ്ടായിരുന്നുവെങ്കിലും ഇത്രയും പ്രതീക്ഷിച്ചില്ല.

മോസ്‌കോയില്‍നിന്നു സഖാക്കള്‍ നല്‍കിയ രോമത്തൊപ്പി, മുട്ടുമറഞ്ഞുള്ള നീണ്ട ഓവര്‍കോട്ട്, വെള്ളം കടക്കാത്ത ബൂട്ട്, വൂളന്‍ ഗ്ലാസ് എന്നിവ ധരിച്ചിട്ടും തണുപ്പ് അസ്ഥികളിലേക്ക് അരിച്ചുകയറുന്നു. വിമാനത്താവളത്തില്‍നിന്ന് ഏതാനും വാര അകലെയുള്ള വി.ഐ.പി. എന്‍ക്ലേവില്‍ കാത്തിരുന്ന കറുത്ത നിറമുള്ള ഒരു 'താത്രാ' കാറില്‍ ഞങ്ങള്‍ പുറപ്പെട്ടു. എന്റെ കൈയിലുണ്ടായിരുന്ന മൂന്നു ബാഗുകള്‍ പിന്നാലെ വന്ന മറ്റൊരു കാറിലാണ് സൂക്ഷിച്ചത്. ഒരു ബാഗില്‍ വസ്ത്രങ്ങളും മറ്റൊന്നില്‍ പുസ്തകങ്ങളും. ചെറിയ ബാഗില്‍ ചില റിസര്‍ച്ച് പേപ്പറുകളും എഴുത്തുസാമഗ്രികളും പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള യാത്രാരേഖകളും. വൈദ്യുതിക്ഷാമമുള്ളതിനാല്‍ മോസ്‌കോയെ പോലെ പ്രഭാപൂരിതമല്ല ബര്‍ലിനിലെ രാത്രി. തെരുവുവിളക്കുകള്‍ പോലും വളരെ അകലങ്ങളിലാണ് സ്ഥാപിച്ചിരിക്കുന്നത്. മുക്കാല്‍ മണിക്കൂര്‍ സഞ്ചരിച്ചതിനുശേഷം കാര്‍ പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയുടെ ഗസ്റ്റ്ഹൗസായ 'തേല്‍മാന്‍ ഹൗസിനു' മുന്നിലെ പോര്‍ച്ചില്‍ നിന്നു. 1944ല്‍ നാസികള്‍ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പില്‍വെച്ചു കൊന്ന സമുന്നതനായ ജര്‍മന്‍ കമ്യൂണിസ്റ്റ് നേതാവാണ് തേല്‍മാന്‍. ആ സഖാവിന്റെ പേരാണ് ഗസ്റ്റ്ഹൗസിന്.

ഞങ്ങളെ അകമ്പടിസേവിച്ചിരുന്ന രണ്ടാമത്തെ കാറും പിന്നാലെ എത്തി. ഗസ്റ്റ്ഹൗസിലെ റിസപ്ഷനിസ്റ്റായ പെണ്‍കുട്ടി എഴുന്നേറ്റുനിന്ന് ഞങ്ങളെ അഭിവാദ്യം ചെയ്തശേഷം പറഞ്ഞു: 'റൂം നമ്പര്‍ 86'. തുടര്‍ന്ന് ഒരു താക്കോല്‍ക്കൂട്ടം ഡോ. റാദ്ദേയെ ഏല്പിച്ചു. ഞങ്ങള്‍ മൂന്നുപേരും വീതി കുറഞ്ഞ കോണിപ്പടി കയറി രണ്ടാമത്തെ നിലയിലെത്തി. ഒരു കിടപ്പുമുറി, ചെറിയ വിസിറ്റിങ് റൂം, ടോയ്‌ലറ്റ്, ബാത്ത്‌റൂംഎന്റെ ഒരു മാസത്തെ പാര്‍പ്പിടമാണ് ഈ മുറി. മുറിയില്‍ നല്ല വൃത്തിയും വെടിപ്പും.

അര മണിക്കൂര്‍ ഞങ്ങള്‍ മൂന്നുപേരും കുശലപ്രശ്‌നങ്ങള്‍ നടത്തിയ ശേഷം വസ്ത്രങ്ങള്‍ മാറ്റി ഭക്ഷണത്തിനായി താഴത്തെ നിലയിലെ ഡൈനിങ് ഹാളിലേക്ക് പോയി. ജര്‍മന്‍ രീതിയിലുള്ള ബ്രൗണ്‍ ബ്രഡ്ഡ്, വേവിച്ചതും വരട്ടിയതുമായ വിവിധതരം സോസ്സേജുകള്‍, കൊഴുത്ത ചാറുള്ള ബീഫ്, ആമ സൂപ്പ്, പിന്നെ കുറച്ച് പച്ചക്കറികള്‍ വേവിച്ചതും. കുടിക്കാന്‍ ബിയര്‍ മാത്രം. ഞങ്ങള്‍ ആദ്യം ഗ്ലാസില്‍ ബിയര്‍ നിറച്ച് ഉപചാരപൂര്‍വം കൂട്ടിമുട്ടിച്ച് 'ചിയേര്‍സ്' പറഞ്ഞു. നുരഞ്ഞുപൊന്തുന്ന ബിയര്‍ കുറേശ്ശെയായി കുടിച്ചുതീര്‍ത്തു. പിന്നെയായിരുന്നു ഭക്ഷണം.

തിരിച്ച് മുറിയില്‍ വന്ന ഞങ്ങള്‍ സംഭാഷണം തുടര്‍ന്നു. പടിഞ്ഞാറന്‍ ചാരന്മാരുടെ വലയത്തിലായ ജി.ഡി.ആറിന്റെ വര്‍ത്തമാനചരിത്രം രണ്ടു നേതാക്കളും എന്റെ മുന്നില്‍ വരച്ചുവെച്ചു. പീറ്റര്‍ ഫ്‌ളോറിന്‍ പറഞ്ഞു: '' ജി.ഡി.ആറില്‍ സോഷ്യലിസ്റ്റ് ഭരണകൂടം സ്ഥാപിക്കാന്‍സാധിച്ചെങ്കിലും അമേരിക്കന്‍ ചാരന്മാരുടെ കഴുകന്‍ കണ്ണുകള്‍ രാജ്യത്തെ ചൂഴ്ന്നുനോക്കിക്കൊണ്ടേയിരിക്കുന്നു. വിഷമകരമാണ് ഇവിടത്തെ സ്ഥിതി. ശത്രുക്കളുടെ നുഴഞ്ഞുകയറ്റം തടയാനാണ് ബര്‍ലിന്‍ മതില്‍ ഉയര്‍ത്തിയത്. ഇതിനെതിരെ പടിഞ്ഞാറന്‍ മാധ്യമങ്ങള്‍ അപവാദം പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നു. നിങ്ങള്‍ ഏറ്റെടുക്കാന്‍ പോകുന്ന ജോലി വിഷമംപിടിച്ചതായിരിക്കും എന്നു തോന്നുന്നു. സാമ്രാജ്യത്വശക്തികളും ടാങ്കുകളും സൈന്യങ്ങളും ഏജന്റുമാരും രണ്ടു കിലോമീറ്റര്‍ അകലെയുണ്ട്. നാളെ രാവിലെ ടെറസ്സില്‍നിന്ന് നോക്കിയാല്‍ ബര്‍ലിന്‍ മതില്‍ കാണാം. സോഷ്യലിസ്റ്റ് ലോകത്തിന്റെ പടിഞ്ഞാറന്‍ അതിര്‍ത്തിയാണ് നാം സംരക്ഷിക്കുന്നത്. അതിനെക്കുറിച്ച് ഇന്ത്യക്കാരെ അറിയിക്കാനുള്ള ചുമതല താങ്കള്‍ക്കാണ്. ചരിത്രപരമായ ദൗത്യമാണ് താങ്കള്‍ ഏറ്റെടുത്തിരിക്കുന്നത്.'
പീറ്റര്‍ ഫ്‌ളോറിന്റെ പിതാവ് വില്യം ഫ്‌ളോറിന്‍ രക്തസാക്ഷി തേല്‍മാന്റെ സഹപ്രവര്‍ത്തകനും കമ്യൂണിസ്റ്റ് ഇന്റര്‍നാഷണലിന്റെ പ്രമുഖ നേതാക്കളില്‍ ഒരാളുമായിരുന്നു.

രാത്രി പന്ത്രണ്ടു മണി കഴിഞ്ഞു. പീറ്റര്‍ ഫ്‌ളോറിനും ഡോ. റാദ്ദേയും പോയി. മുറിയില്‍ ഞാന്‍ തനിച്ചായി. ഞാന്‍ സ്റ്റെയര്‍കേസിലൂടെ രണ്ടു നിലകള്‍ കൂടി കയറി ടെറസ്സിനു മുകളിലെത്തി പടിഞ്ഞാറോട്ടു നോക്കി. പശ്ചിമ ബര്‍ലിന്‍ നല്ല പ്രഭാപൂരിതം. ഇടയ്ക്കിടെ മൂന്നു ഭാഗത്തുനിന്നും ശക്തമായ സര്‍ച്ച് ലൈറ്റുകള്‍ എല്ലായിടത്തേക്കും ദൃഷ്ടിപതിപ്പിച്ചുകൊണ്ടിരുന്നു. ആ പ്രകാശബിംബം നീങ്ങുമ്പോള്‍ അമേരിക്കന്‍ ടാങ്ക് വ്യൂഹങ്ങള്‍ വ്യക്തമായി കാണാം. ഒരു മതിലിന് ഇരുവശത്തും രണ്ടു സാമൂഹ്യവ്യവസ്ഥകള്‍. പടിഞ്ഞാറ് തികഞ്ഞ മുതലാളിത്തത്തിലേക്കും കിഴക്ക് സോഷ്യലിസത്തിലേക്കും നീങ്ങുന്നു. രാഷ്ട്രീയത്തിലെ ഓരോ പ്രതിഭാസങ്ങള്‍! ഞാന്‍ മുറിയില്‍ വന്ന് കമ്പിളി മൂടി പുതച്ചുകിടന്നു. സോഷ്യലിസ്റ്റ് ലോകത്തിന്റെ കോട്ടമതില്‍ കാണാനാണ് എന്നെ ഇന്ത്യയില്‍നിന്നും അയച്ചതെന്ന് എനിക്കു തോന്നിപ്പോയി. ഞാന്‍ സഖാക്കള്‍ അജയ്‌ഘോഷിനെയും ഇ.എം.എസിനെയും മനസ്സാലെ ധ്യാനിച്ചു. ആ തണുത്തുറഞ്ഞ രാത്രിയില്‍ എനിക്കുറക്കം വന്നില്ല. എന്റെ രാഷ്ട്രീയ ജീവിതത്തിലെ രണ്ടാം ഭാഗം ഇവിടെ തുടങ്ങുകയാണല്ലോ. ഒരു സമ്പൂര്‍ണ പത്രപ്രവര്‍ത്തകനായുള്ള തുടക്കം.

പിറ്റേന്നു രാവിലെ കൃത്യം എട്ടുമണിക്ക് ഡോ. റാദ്ദേ മുറിയിലെത്തി. ഒമ്പതര മണിക്ക് പാര്‍ട്ടി കേന്ദ്ര കമ്മിറ്റി ഓഫീസില്‍ എത്തണമെന്ന് റാദ്ദേ അറിയിച്ചു. രാഷ്ട്രപതി വാള്‍ട്ടര്‍ ഉള്‍ബ്രിറ്റിന്റെ ഉപദേശകന്‍ പ്രൊഫ. ആല്‍ബര്‍ട്ട് നോര്‍ഡന്‍ ഓഫീസില്‍ എന്നെ കാത്തിരിക്കും എന്നും ഡോ. റാദ്ദേ അറിയിച്ചു. ഞങ്ങള്‍ ഒരുമിച്ച് പ്രാതല്‍ കഴിച്ചു. തയ്യാറാക്കി നിര്‍ത്തിയ കാറില്‍ പാര്‍ട്ടി കേന്ദ്ര കമ്മിറ്റി ഓഫീസിലേക്കു പോയി. 9. 20ന് ഓഫീസില്‍ എത്തി. നന്നായി ഇംഗ്ലീഷ് അറിയുന്ന നോര്‍ഡന്‍ പറഞ്ഞു: ''വെല്‍ക്കം കോമ്രേഡ്. കുഞ്ഞനന്തന്‍. വാട്ട് എ ബ്യൂട്ടിഫുള്‍ നെയിം.....'' അദ്ദേഹം എന്നെ സ്വീകരിച്ചിരുത്തി. നോര്‍ഡന്റെ മുറിയുടെ ചുവരില്‍ മാര്‍ക്‌സ്, ഏംഗല്‍സ്, ലെനില്‍, തേല്‍മാന്‍ എന്നീ കമ്യൂണിസ്റ്റ് ആചാര്യന്മാരുടെ കൂറ്റന്‍ ചിത്രങ്ങള്‍ തൂങ്ങിക്കിടക്കുന്നുണ്ട്. എതിര്‍വശത്തെ ചുവരില്‍ ലോകത്തിന്റെ കൂറ്റന്‍ ഭൂപടവും. അതില്‍ ചിലയിടത്തായി പ്രത്യേക സൂചികള്‍ എഴുന്നുനില്‍ക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു. ജി.ഡി.ആറുമായി നയതന്ത്ര ബന്ധമുള്ള രാജ്യങ്ങളാണ് ഇങ്ങനെ അടയാളപ്പെടുത്തിയിരിക്കുന്നത്.
സംഭാഷണത്തിനിടയില്‍ മേശയില്‍നിന്ന് ഇന്ത്യയെക്കുറിച്ചുള്ള ഒരു പുസ്തകം നോര്‍ഡന്‍ കൈയിലെടുത്തു. എന്നെക്കുറിച്ച് അജയ്‌ഘോഷ് വാള്‍ട്ടര്‍ ഉള്‍ബ്രിറ്റിനയച്ച മൂന്നു കത്തുകളും ഒരു ഫയലില്‍നിന്ന് പുറത്തെടുത്തു.

'കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ' എന്ന ചുവന്ന തലക്കെട്ടുള്ള സുപരിചിതമായ ലെറ്റര്‍ഹെഡും താഴെ അജയ്‌ഘോഷിന്റെ കയ്യൊപ്പും ഞാന്‍ വ്യക്തമായി കണ്ടു. അതിലൊന്ന് എന്റെ ബയോഡാറ്റയാണ്. സംഭാഷണമധ്യേ, അത് റിക്കാര്‍ഡ് ചെയ്യാനായിരിക്കും അദ്ദേഹം ടേപ്പ് റിക്കാര്‍ഡറിന്റെ ബട്ടണ്‍ അമര്‍ത്തി. സംഭാഷണം അവസാനിപ്പിച്ചപ്പോള്‍ നോര്‍ഡന്റെ സെക്രട്ടറി മൂന്നു ഗ്ലാസുകളും ഒരു കുപ്പിയും ട്രേയില്‍ കൊണ്ടുവന്നു. കുപ്പിയിലെ കോന്യ (ബ്രാണ്ടി) മൂന്നു ഗ്ലാസുകളിലും പകര്‍ന്നു. തണുത്ത വെള്ളമൊഴിച്ചു. ഞങ്ങള്‍ മദ്യം ഓരോ കവിള്‍ കുടിച്ചു. സംഭാഷണം അവസാനിപ്പിക്കുമ്പോള്‍ നോര്‍ഡന്‍ പറഞ്ഞു. ''താങ്കള്‍ക്കായി നല്ലൊരു ഫഌറ്റ് ഉടന്‍ ശരിയാക്കാം. അതുവരെ പാര്‍ട്ടി ഗസ്റ്റ്ഹൗസില്‍ താമസിക്കാം. മറ്റെന്തെങ്കിലും കൂടുതല്‍ സൗകര്യങ്ങളോ മറ്റോ വേണമെങ്കില്‍ അറിയിക്കണം.'' ഞാന്‍ പറഞ്ഞു: ''ഞാനൊരു പത്രപ്രവര്‍ത്തകന്‍ മാത്രമല്ല, ഗവേഷണ വിദ്യാര്‍ഥികൂടിയാണ്. എനിക്ക് ഇവിടത്തെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാര്‍ക്‌സിസം ലെനിനിസത്തില്‍ ചെന്ന് റഫറന്‍സ് നടത്താനും രേഖകള്‍ കാണാനും സൗകര്യം ചെയ്തുതരണം. ഇതിനു പുറമെ 'നാസി ആര്‍ക്കൈവ്‌സില്‍' ചെന്ന് സുഭാഷ് ചന്ദ്രബോസിനെക്കുറിച്ചുള്ള രഹസ്യ ഫയലുകള്‍ പഠിക്കാനും സൗകര്യം ചെയ്തുതരണം. സുഭാഷ് ചന്ദ്രബോസ് ഇപ്പോഴും ഇന്ത്യക്കാരുടെ ഹീറോ ആണ്. അദ്ദേഹം ജര്‍മനിയില്‍ എന്തു ചെയ്തു എന്നറിയാന്‍ ഇന്ത്യക്കാര്‍ക്ക് താല്പര്യമുണ്ട്. അദ്ദേഹത്തിന്റെ അന്ത്യനാളുകളെക്കുറിച്ച് ഇപ്പോഴും ദുരൂഹത നിലനില്‍ക്കുന്നു.

നോര്‍ഡന്‍ എന്റെ ആവശ്യങ്ങള്‍ പാഡില്‍ നോട്ടുചെയ്യുന്നത് ഞാന്‍ ശ്രദ്ധിച്ചു. 'മാര്‍ക്‌സിസം ലെനിനിസം ഇന്‍സ്റ്റിറ്റ്യൂട്ട്' ഡയറക്ടറെ അപ്പോള്‍ത്തന്നെ വിളിച്ച് വന്നുകാണാന്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് ലൈപ്‌സിക്കിലുള്ള നാസി ആര്‍ക്കൈവ്‌സിന്റെ തലവനെ വിളിച്ചു. എനിക്കാവശ്യമുള്ള രേഖകള്‍ പരിശോധിക്കാന്‍ സൗകര്യം നല്‍കണമെന്നും നിര്‍ദേശം നല്‍കി. അധികാരത്തിന്റെ ശക്തി എനിക്ക് നേരിട്ടു ബോധ്യപ്പെട്ട നിമിഷം.

Content Highlights: berlin kunjananthan nair polichezhuthu mathrubhumi books

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Cyber sex addiction

4 min

സൈബര്‍ സെക്‌സ് ആസക്തി; കുടുംബം തകര്‍ക്കും സമാധാനം കെടുത്തും, വേണ്ടത് ബോധവല്‍ക്കരണം

Sep 29, 2023


ബ്രഹ്‌മപുത്ര/ ഫോട്ടോ: AP

14 min

ഇന്ത്യന്‍ നദികളിലെ ഏക പുരുഷഭാവം; ബ്രഹ്‌മപുത്ര എന്ന ബ്രഹ്‌മാണ്ഡ വിസ്മയം!

Sep 22, 2023


john abraham

4 min

'എന്റെ ജോണ്‍; ലഹരിയില്‍ സ്ഥാപിച്ചതായിരുന്നു ഞങ്ങളുടെ സൗഹൃദം..'

May 31, 2022


Most Commented