കസന്‍ദ് സാക്കീസ്; ഞാനെന്റെ വായനയില്‍നിന്നും കണ്ടെത്തിയ എഴുത്തുകാരന്‍


ബെന്യാമിന്‍

ഒരവധിക്കാലത്ത് തിരുവനന്തപുരത്തെ മോഡേണ്‍ ബുക്ക് സെന്ററില്‍നിന്നാണ് ഞാന്‍ ക്രിസ്തുവിന്റെ അന്ത്യപ്രലോഭങ്ങള്‍ സ്വന്തമാക്കുന്നത്. More than ever before better than ever before, Love Christ എന്ന ആമുഖവാചകത്തോടെ ആരംഭിക്കുന്ന ആ കൃതിയുടെ പാതിയിലധികം താളുകള്‍ തിരുവനന്തപുരത്തെ ബന്ധുവീട്ടിലിരുന്ന് ആ ദിവസം സായഹ്നത്തിനു മുന്നേതന്നെ ഞാന്‍ വായിച്ചുതീര്‍ത്തു.

ബെന്യാമിൻ| ഫോട്ടോ: എൻ.എം പ്രദീപ്

വായനയുടെ ഏതു ഘട്ടത്തില്‍ വെച്ചാവും ഒരെഴുത്തുകാരന്‍ നമുക്ക് അത്രയും പ്രിയപ്പെട്ടവനായിത്തീരുക? പിന്നെ അയാള്‍ എഴുതിയതൊക്കെയും തേടിപ്പിടിച്ച് വായിക്കാന്‍ ഭ്രാന്തമായ ഒരഭിനിവേശം ഉണ്ടാവുക? എത്ര വായിച്ചാലും അയാളെ ഒട്ടും മടുക്കാതിരിക്കുക? ഓരോ പുതിയ കൃതിയിലൂടെ കടന്നുപോകുമ്പോഴും കൂടുതല്‍ കൂടുതല്‍ പ്രിയം തോന്നുക? ഓരോ വായനക്കാരനും അങ്ങനെ നെഞ്ചില്‍ കൊളുത്തിവലിച്ച ഒരു പ്രിയപ്പെട്ട എഴുത്തുകാരന്‍ ഉണ്ടാവും, അല്ലേ? നമ്മുടെയും അയാളുടെയും ഏതോ ചില അഭിരുചികള്‍ തമ്മില്‍ സംഗമിക്കുന്ന ഒരു വേളയിലാവാം ആ കണ്ടെത്തല്‍ സംഭവിക്കുക. തനിക്ക് പറയാനുള്ളത് മറ്റൊരാള്‍ ഏറ്റവും മനോഹരമായി പറഞ്ഞുവെച്ചിരിക്കുന്നത് വായിക്കുമ്പോഴോ താന്‍ കേള്‍ക്കാന്‍ ആഗ്രഹിച്ചത് മറ്റൊരാളുടെ വാക്കുകളില്‍ നിഴലിച്ചുകാണുമ്പോഴോ സാധാരണമായിപ്പോകാമായിരുന്ന കഥാസന്ദര്‍ഭങ്ങളെ പ്രതിഭയുടെ അദ്ഭുതകരമായ കരസ്പര്‍ശത്താല്‍ കാലാനുവര്‍ത്തിയാക്കിത്തീര്‍ക്കുന്ന മാന്ത്രികവിദ്യ ആസ്വദിക്കുമ്പോഴോ ഒക്കെയാവാം, ഇതാ ഞാനെന്റെ എഴുത്തുകാരനെ കണ്ടെത്തിയിരിക്കുന്നു എന്ന് ലോകത്തിനോട് വിളിച്ചുപറയാനുള്ള തോന്നല്‍ നമുക്കുണ്ടാവുക. വായനയുടെ ഏതു ഘട്ടത്തിലും അത് സംഭവിക്കാം എന്ന് തോന്നുന്നു. അങ്ങനെ അദ്ഭുതകരമായ ഒരു കണ്ടുമുട്ടല്‍ തേടിയല്ലേ യഥാര്‍ഥത്തില്‍ നാം ഓരോരുത്തരും ഓരോ പുതിയ പുസ്തകങ്ങളിലേക്കും ഇറങ്ങിച്ചെല്ലുന്നത്. ചിലപ്പോഴെങ്കിലും ഇല്ല, എന്നെ തൃപ്തിപ്പെടുത്തുന്ന ഒന്നും ഇതിനുള്ളിലില്ല എന്ന നിരാശയോടെ തിരിച്ചു കയറിപ്പോരുക. ഏറ്റവും അപൂര്‍വമായി മാത്രമാവും അങ്ങനെ ഒരു പുസ്തകമോ എഴുത്തുകാരനെയോ നമ്മുടെ വായനാകാലത്തില്‍ നാം കണ്ടെത്തുക. അങ്ങനെയെങ്കില്‍ ഞാനെന്റെ വായനയില്‍നിന്നും കണ്ടെത്തിയ എഴുത്തുകാരന്‍ കസന്‍ദ് സാക്കീസ് തന്നെ.

കസന്‍ദ് സാക്കീസ് എന്റെ ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാരനായിത്തീരുന്നതില്‍ സ്വാഭാവികമായ കാരണങ്ങള്‍ ഉണ്ടായിരുന്നു. ഒരു മധ്യതിരുവിതാംകൂര്‍ നസ്രാണികുടുംബത്തില്‍ ജനിച്ചുവളര്‍ന്ന എന്നെ സംബന്ധിച്ചിടത്തോളം ക്രിസ്തുവും ബൈബിളും എപ്പോഴും ജീവിതത്തിന്റെ ഒരു അവിഭാജ്യഘടകമായിരുന്നിട്ടുണ്ട്. കൗമാരത്തിലേക്ക് കടന്നതോടെ വിശുദ്ധഗ്രന്ഥം എന്ന പദവിവിട്ട് എന്നെ അലട്ടുന്ന ഒരു പുസ്തകമായി ബൈബിള്‍ മാറിക്കഴിഞ്ഞിരുന്നു. ക്രിസ്തുവിന്റെ ജീവിതമാകട്ടെ തീരാത്ത പ്രഹേളികയും. അതുകൊണ്ടുതന്നെ മറ്റു വായനയുടെ തുടക്കകാലത്തുതന്നെ ബൈബിളിനു പുറത്ത് ക്രിസ്തുവിനെ അന്വേഷിക്കുന്നതരം പുസ്തകങ്ങള്‍, അവന്റെ ദേവത്വം എന്ത്, ആളത്വം എന്ത്, ഇവ തമ്മില്‍ സംഗമിക്കുന്ന ഇടമേത്, സുവിശേഷങ്ങളിലെ സംഭവവിശദീകരണങ്ങളിലെ വൈരുധ്യങ്ങള്‍ക്ക് കാരണമെന്ത്, ചരിത്രത്തില്‍ അവന്റെ സ്ഥാനം എവിടെ അടയാളപ്പെടുത്തിയിരിക്കുന്നു, അവന്റെ രഹസ്യവര്‍ഷങ്ങള്‍ അവന്‍ എവിടെയാവാം ചെലവഴിച്ചത് എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുന്നതരം ഗ്രന്ഥങ്ങള്‍ എന്റെ വായനയില്‍ സ്ഥാനം പിടിച്ചു. അങ്ങനെയാണ് Jesus The Man, The Messianic Legacy, The Passover Plot, The Holy Blood and The Holy Grail, Jesus of The Apocalypse, The Unauthorized Version തുടങ്ങി അനേകം ഗ്രന്ഥങ്ങള്‍ എന്റെ പുസ്തക ശേഖരത്തിനുള്ളില്‍ കയറിക്കൂടുന്നത്. അപ്പോഴൊന്നും കസന്‍ദ് സാക്കീസ് എന്നോടൊപ്പം വന്നുകൂടിയിട്ടുണ്ടായിരുന്നില്ല. എന്നാല്‍ ആ പേര് എനിക്ക് പരിചിതമായിരുന്നു. 'I said to the almond tree, 'Sister, speak to me of God,' And the almond tree blossomed' എന്ന മഹത്തരമായ ആത്മീയവചനം, ദൈവമേ ഞാനെന്തായിത്തീരുവാന്‍ നീ ആഗ്രഹിക്കുന്നുവോ എന്നെ നീ അതാക്കിത്തീര്‍ക്കേണമേ എന്ന എന്റെ എക്കാലത്തെയും പ്രിയപ്പെട്ട പ്രാര്‍ഥന എന്നിവ എന്റെ ഡയറിയില്‍ ഇടംപിടിച്ചുകഴിഞ്ഞിരുന്നു. എം. കൃഷ്ണന്‍ നായരുടെ സാഹിത്യവാരഫലവും കെ.പി. അപ്പന്റെയും ആഷാമേനോന്റെയും ഹൃദ്യമായ ലേഖനങ്ങളും ശീലമാക്കിയ ഒരാള്‍ക്ക് കസന്‍ദ് സാക്കീസ് പരിചിതനാവാതെ തരമില്ലല്ലോ. പക്ഷേ, ബഹ്‌റൈന്‍ എന്ന കൊച്ചുരാജ്യത്തെ പരിമിതമായ പുസ്തകലഭ്യത കസന്‍ദ് സാക്കീസിന്റെ നോവലുകള്‍ വിദൂരനക്ഷത്രങ്ങള്‍ പോലെ അവശേഷിക്കാന്‍ കാരണമായി.

Benyamin
പുസ്തകം വാങ്ങാം

ഒരവധിക്കാലത്ത് തിരുവനന്തപുരത്തെ മോഡേണ്‍ ബുക്ക് സെന്ററില്‍നിന്നാണ് ഞാന്‍ ക്രിസ്തുവിന്റെ അന്ത്യപ്രലോഭങ്ങള്‍ സ്വന്തമാക്കുന്നത്. More than ever before better than ever before, Love Christ എന്ന ആമുഖവാചകത്തോടെ ആരംഭിക്കുന്ന ആ കൃതിയുടെ പാതിയിലധികം താളുകള്‍ തിരുവനന്തപുരത്തെ ബന്ധുവീട്ടിലിരുന്ന് ആ ദിവസം സായഹ്നത്തിനു മുന്നേതന്നെ ഞാന്‍ വായിച്ചുതീര്‍ത്തു. അതുവരെ ഉണ്ടായിരുന്ന ഞാനല്ല, ഇനിമുതല്‍ ഉണ്ടാവുക എന്ന് ആ ദിവസം ഞാന്‍ തിരിച്ചറിഞ്ഞു.ക്രിസ്തുവിനെ പലതരത്തില്‍ വ്യാഖ്യാനിക്കുന്ന പലതരം പുസ്തകങ്ങളിലൂടെ ഞാന്‍ അതിനു മുന്‍പ് കടന്നുപോയിരുന്നെങ്കിലും അവയൊന്നും ക്രിസ്തുവിന്റെ മാനസികവ്യാപാരങ്ങളെ ഇത്ര ആഴത്തില്‍ പരിശോധിക്കുന്നവ ആയിരുന്നില്ല. എന്നാല്‍ ദേവത്വത്തിനും മനുഷ്യത്വത്തിനും ഇടയിലുള്ള ഒരു നൂല്‍പ്പാലത്തിലൂടെ ക്രിസ്തു നടന്ന വഴികളത്രയും എത്ര തീക്ഷ്ണമായാണ് കസന്‍ദ് സാക്കീസ് വരച്ചിട്ടിരിക്കുന്നത്. അതിനുവേണ്ടി സാക്കീസ് ഉപയോഗിച്ചിരിക്കുന്ന പ്രാര്‍ഥനയും വിലാപവും ഇഴചേര്‍ന്ന ഭാഷ. സുന്ദരമായ ഉപമകള്‍. വശ്യസുന്ദരമായ വാചകങ്ങള്‍. മനസ്സിനെ കൊത്തിവലിക്കുന്ന കഥാസന്ദര്‍ഭങ്ങള്‍. അവയുടെയെല്ലാം മനോഹാരിതയില്‍ ലയിച്ച് തിരുവനന്തപുരത്തെ ചോലമരപ്പാതകളിലൂടെ ഒരു ഉന്മാദിയെപ്പോലെ നടന്നത് ഞാനിപ്പോഴും ഓര്‍ക്കുന്നു.

മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ബെന്യാമിന്റെ എണ്ണത്തുള്ളികളും ഉപ്പുതരികളും എന്ന പുസ്തകത്തില്‍ നിന്നും

പുസ്തകം ഓണ്‍ലൈനില്‍ വാങ്ങാം

Content Highlights: Benyamin New Malayalam Book Mathrubhumi Books Nikos Kazantzakis


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


Joe Biden

01:00

ബൈഡന് എന്തുപറ്റി ? വൈറലായി വീഡിയോകൾ

Oct 1, 2022


mallikarjun kharge

2 min

അപ്രതീക്ഷിത നീക്കങ്ങള്‍; തരൂരിനെ തള്ളി ഖാര്‍ഗെയ്‌ക്കൊപ്പം നിരന്ന് ജി23യും, മുന്നില്‍ നിന്ന് ഗഹ്‌ലോത്

Sep 30, 2022

Most Commented