കേരളം ഒരുകാലത്ത് വേശ്യാംഗനമാരുടെ രതിസാമ്രാജ്യമായിരുന്നോ, ഉണ്ണിച്ചിരുതേവി, ഉണ്ണിയാടിമാര്‍ രതിദേവതകളോ?


കിടങ്ങറ ശ്രീവത്സന്‍

വേശ്യാംഗനമാരുടെ രതിസാമ്രാജ്യമായിരുന്നോ എന്ന സംശയം ആര്‍ക്കുമുണ്ടാകും. ആറ്റൂര്‍ നീലി, നാരണീനന്ദന, പാറയ്ക്കാട്ടുണ്ണിനങ്ങ, ഉമ്മിണിനന്ദന, കോളിക്കല്‍ നങ്ങ, ഉണ്ണിച്ചിരുതേവി, ഉണ്ണിയാടി, മാനവീമേനക, ഉണ്ണിയച്ചി പിന്നെ മറ്റനേകം അച്ചിമാരുമടങ്ങുന്ന പുകള്‍പെറ്റ വാരനാരിമാര്‍ ആ രതിസാമ്രാജ്യത്തിന്റെ അധിദേവതകളായിരുന്നോ?

ബീയാർ പ്രസാദ്‌

ബീയാര്‍ പ്രസാദ് എഴുതി മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ചന്ദ്രോത്സവം എന്ന നോവലിന് കിടങ്ങറ ശ്രീധരന്‍ എഴുതിയ അവതാരിക.

ചില നക്ഷത്രങ്ങള്‍ അങ്ങനെയാണ്. അതു പിറവികൊള്ളുമ്പോള്‍ കാണുന്നത് മറ്റൊരു വലിയ നക്ഷത്രത്തെയാവാം. കാലദൂരങ്ങള്‍ക്കപ്പുറത്തെ അജ്ഞാതപ്രപഞ്ചങ്ങളില്‍ പ്രഭാപുഞ്ജമായി വിരാജിക്കുന്ന ആ വലിയ വരിഷ്ഠതാരകയെ എങ്ങനെ ആത്മാധിഷ്ഠിതമാക്കാം എന്നാവും ഈ കുഞ്ഞുനക്ഷത്രത്തിന്റെ ചിന്ത. കാലദൂരങ്ങളുടെ ദുരൂഹതയെ അതു കാര്യമാക്കുന്നില്ല. പ്രകാശവര്‍ഷങ്ങളെന്ന പ്രഹേളികയെ ഭയക്കുന്നില്ല. എത്ര വേണമെങ്കിലും, ചക്രവാളങ്ങളുടെ പടവുകള്‍ കടന്നും വിദൂരസീമയിലെ ആ പ്രകാശപുഞ്ജത്തിന്റെ ഒരു കണമെങ്കിലും ആയെങ്കില്‍... അതു കൂടിയേതീരൂ.
$
വനാന്തരത്തില്‍ പഴുത്തു തുടുത്ത ഫലങ്ങള്‍ ധാരാളമുണ്ടായിട്ടും, പിറന്നുവീണ ആഞ്ജനേയന്‍ അവയൊന്നും കണ്ടില്ല. പൂര്‍വചക്രവാളത്തില്‍ ഉദിച്ചുയരുന്ന സൂര്യഗോളത്തിലേക്കാണ് കുഞ്ഞുവാനരന്‍ കുതിച്ചു ചാടിയത്. ജന്മസിദ്ധമായ ആ സര്‍ഗശക്തിയുടെ ദിവ്യാങ്കുരത്തെ പ്രണമിക്കുന്നു.
$
ജ്യോതിഷ്‌കവര്‍ഗത്തില്‍ പെട്ടവനാണ് മനുഷ്യനും. ദീപ്തിയുള്ള നക്ഷത്രംപോലെ മനുഷ്യനും അവന്റെ പ്രകാശശക്തി പ്രസരിപ്പിക്കുന്നു. ഭാഷയിലാണ് ആ ശക്തി നിലകൊള്ളുന്നത്. മഹാകവി ടാഗൂറിന്റെ വചനങ്ങള്‍!
$
ഇത്രയും ആമുഖമായി കുറിച്ചത് ഈ നോവലിന്റെ സ്രഷ്ടാവിനെ ഓര്‍ത്തുകൊണ്ടാണ്. ബീയാര്‍ പ്രസാദ് എന്നുമിങ്ങനെയാണ്. ജീവിതം നിഗൂഢവൈഖരികള്‍ നിറഞ്ഞ പഴയൊരു താളിയോലക്കെട്ടാണെന്നു വിശ്വസിക്കുന്ന ഒരാള്‍. കാലം പ്രസാദിന്റെ ചിന്തയില്‍ പ്രാചീനമായ ഒരു വടവൃക്ഷമാണ്.
രാപകല്‍ വേടുകളാം ജടക്കെട്ടുമായ് നില്ക്കുമീ
പ്രാചീനനാം വടവൃക്ഷമേ, നിന്‍ ചുവട്ടില്‍ കളിയാടി
വളര്‍ന്നോരു പിഞ്ചുകിടാവു ഞാന്‍
എന്ന സാത്ത്വികവിനയത്തിന്റെ സ്വച്ഛന്ദാനുഭൂതിയില്‍ നിമഗ്‌നചേതസ്സായി ജീവിക്കുന്ന ഒരാള്‍! ഇതുകൊണ്ടാവാം കൗമാരനാളുകളില്‍ത്തന്നെ പുരാതനസാഹിത്യവുമായി പ്രഗാഢമായ ഒരു ബന്ധം പ്രസാദിനു നേടാനായത്. പൗരാണികവാങ്മയങ്ങള്‍ പകര്‍ന്നുകൊടുത്ത സൗന്ദര്യശിക്ഷണങ്ങളാണ് ബീയാര്‍ പ്രസാദെന്ന എഴുത്തുകാരനെ സൃഷ്ടിച്ചത്. പുരാസ്മൃതികളില്‍നിന്ന് ഈ എഴുത്തുകാരന്‍ മുക്തനാവാത്തതിന്റെ കാരണവുമിതാവാം. പ്രസാദ് ഇതുവരെ എഴുതിയിട്ടുള്ള കഥകളും നാടകങ്ങളും ആട്ടക്കഥയും പരിശോധിച്ചാല്‍ ഇതു മനസ്സിലാവുകയും ചെയ്യും. മങ്കൊമ്പിലെ ഒരായിരം സന്ധ്യകളെ ഞാനോര്‍ത്തുപോകുന്നു. എന്റെ യൗവനസഞ്ചരണം ആ ഗ്രാമസൗമ്യതകളിലായിരുന്നു. അന്ന് പ്രസാദ് സാഹിതീകൗതുകങ്ങള്‍ കൊറിച്ചുകൊണ്ടു നടന്നിരുന്ന കാലം. വയലുകള്‍ക്കക്കരെ, ഇരുണ്ട മരച്ചാര്‍ത്തുകള്‍ക്കപ്പുറം എരിഞ്ഞടങ്ങിയ സന്ധ്യകള്‍. ചിത്തിരതിരുനാളിന്റെ പ്രതിമാശില്പത്തിന്റെ ചുവട്ടിലെ ശിലാപടവുകളില്‍ രാവേറെ നീളുവോളം നടന്നിരുന്ന സാഹിത്യസല്ലാപങ്ങള്‍, സംവാദങ്ങള്‍, ചര്‍ച്ചകള്‍... എല്ലാമോര്‍ത്തുപോകുന്നു. അങ്ങനെയൊരു ചര്‍ച്ചയ്ക്കിടെയാണ് അവള്‍ 'മേദിനീവെണ്ണിലാവ്' ഞങ്ങളിലേക്ക് ഇറങ്ങിവന്നത്. ആ പഴയ മണിപ്രവാളകാവ്യത്തിലെ മാദകമോഹിനിയായ നായിക.
ഞങ്ങളുടെ വര്‍ത്തമാനത്തെ വികാരദീപ്തമാക്കാന്‍ പഴമയുടെ വിദൂരകാലത്തുനിന്നെത്തിയ വെണ്ണിലാവ്! ചന്ദ്രോത്സവത്തിലെ ആ 'കോമളഗാത്രവല്ലി.' യൗവനത്തില്‍ അനുഭവിക്കേണ്ട മൂന്നാം പുരുഷാര്‍ഥമായ കാമസുഖത്തെയും, അതു നേടിത്തരുന്ന രതികേളികളെയും ആദര്‍ശവത്കരിച്ച് ഇത്ര പച്ചയായി അവതരിപ്പിക്കുന്ന ഇതര കാവ്യങ്ങള്‍ ഇല്ലതന്നെ! ഇതുകൊണ്ടാവുമോ, അന്നത്തെ യുവാക്കളായ ഞങ്ങള്‍ക്ക് ഈ നായികയെ അത്രയ്ക്കങ്ങ് പിടിച്ചുപോയത്? ഭാവനാവിലാസംകൊണ്ട് മറ്റേതു മണിപ്രവാളകാവ്യത്തെയും ചന്ദ്രോത്സവം ഉല്ലംഘിക്കുമെന്ന് ഉള്ളൂര്‍ അഭിപ്രായപ്പെട്ടതും ഇവിടെയോര്‍ക്കാം. പതിനഞ്ചാം നൂറ്റാണ്ടിന്റെ ആദ്യപാദത്തില്‍ രചിക്കപ്പെട്ടതെന്നു കരുതുന്ന ചന്ദ്രോത്സവത്തിനു പറയത്തക്ക ഒരിതിവൃത്തമില്ല; മറ്റേതൊരു അച്ചീചരിതത്തെയുംപോലെത്തന്നെ. ദേവദാസീകുലത്തില്‍ പിറന്ന മേദിനീവെണ്ണിലാവാണ് കേന്ദ്രകഥാപാത്രം. അവളുടെ സ്വര്‍ഗീയസൗന്ദര്യവും ദേവദാസീസമൂഹത്തില്‍ അവള്‍ക്കുള്ള സ്വാധീനവും അവള്‍ കൊണ്ടാടിയ ചന്ദ്രോത്സവവുമാണ് കാവ്യത്തിലെ വര്‍ണനാവിഷയം. ഇതു വായിച്ചു കഴിയുമ്പോള്‍ കേരളം ഒരുകാലത്ത് വേശ്യാംഗനമാരുടെ രതിസാമ്രാജ്യമായിരുന്നോ എന്ന സംശയം ആര്‍ക്കുമുണ്ടാകും. ആറ്റൂര്‍ നീലി, നാരണീനന്ദന, പാറയ്ക്കാട്ടുണ്ണിനങ്ങ, ഉമ്മിണിനന്ദന, കോളിക്കല്‍ നങ്ങ, ഉണ്ണിച്ചിരുതേവി, ഉണ്ണിയാടി, മാനവീമേനക, ഉണ്ണിയച്ചി പിന്നെ മറ്റനേകം അച്ചിമാരുമടങ്ങുന്ന പുകള്‍പെറ്റ വാരനാരിമാര്‍ ആ രതിസാമ്രാജ്യത്തിന്റെ അധിദേവതകളായിരുന്നോ? ഈ ചോദ്യമിരിക്കട്ടെ, മറ്റൊരു ചോദ്യം ഇവിടെ പ്രസക്തമാകുന്നു. ഒരുകൂട്ടം ദേവദാസികള്‍ മാത്രം വിചാരിച്ചാല്‍ അവര്‍ക്കെങ്ങനെ ഒരു 'സാമ്രാജ്യം' പടുത്തുയര്‍ത്താന്‍ കഴിയും? സാമ്രാജ്യത്തില്‍ പ്രജകള്‍ വേണ്ടേ? പുരുഷപ്രജകളും പ്രജാപതികളും? ഉണ്ടായിരുന്നല്ലോ! അതിന്റെ തെളിവാണല്ലോ ചന്ദ്രോത്സവപരിമളം ആസ്വദിക്കാനെത്തിയിരുന്ന പുരുഷാരം. ആരൊക്കെ ചേര്‍ന്നതായിരുന്നു ഈ പുരുഷാരം? വേദജ്ഞരായ മഹാബ്രാഹ്‌മണര്‍, രാജാക്കന്മാര്‍, നാടുവാഴികള്‍, സാമന്തന്മാര്‍, ഉദ്ദണ്ഡപണ്ഡിതന്മാര്‍, കവികള്‍, ഗായകര്‍, കലാകാരന്മാര്‍, നര്‍ത്തകര്‍, വാദ്യകലാകോവിദന്മാര്‍, കോയിത്തമ്പുരാക്കന്മാര്‍, ഇന്ദ്രജാലക്കാര്‍, കൂടാതെ ശുദ്ധ കാമവെറിയന്മാരും. ഇവരും കൂടിച്ചേരുമ്പോളാണ് സാമ്രാജ്യം പൂര്‍ണമാകുക. ഇതാ ഒരു പദ്യം:

ആറ്റൂര്‍ നീലീവിരഹവിധുരോ
മാണിരത്യന്ത കാമീ
മാത്തൂര്‍ ജാതോ മദന വിവശ-
സ്ത്യക്തവാനൂണുറക്കൗ.

സര്‍വാംഗസുന്ദരിയും രതിലോലയുമായ ആറ്റൂര്‍ നീലിയുടെ വിരഹം കൊണ്ട് വിധുരനും വലിയ കാമിയുമായ മാത്തൂര്‍ മാണി കാമപരവശനായി ഊണുറക്കങ്ങളെ ഉപേക്ഷിച്ചു. ചന്ദ്രോത്സവത്തിനു വന്നുകൂടുന്ന പുരുഷന്മാരുടെ ഒരൊന്നാംതരം പ്രതിപുരുഷനാണ് ഇയാള്‍ എന്നു ചിന്തിച്ചാല്‍ കാര്യം ഭംഗിയായി.
ഇനി നോവലിലെ ഒരു ഭാഗം:
വെണ്ണിലാവിന്റെ സൗന്ദര്യത്തെക്കുറിച്ചു കേട്ടറിഞ്ഞ് 'തരപ്പെടുമോ' എന്നറിയാന്‍ പണവും വാരിക്കെട്ടി പുറപ്പെടുകയാണ് കാട്ടേടത്തു ഭവത്രാതന്‍ നമ്പൂതിരി. അയാളെ ചോദ്യശരങ്ങളുമായി നേരിടുന്ന താത്രിക്കുട്ടിയോട് (വേളിമാരില്‍ ഏറ്റവും ഇളയവളോട്) മഹാപണ്ഡിതനായ ആ ബ്രാഹ്‌മണന്‍ പറയുന്നതാണു സന്ദര്‍ഭം.
'അതെ, എന്താ കുഴപ്പം? ദേവദാസി ആരാന്നാ കരുതീരിക്ക്ണെ? വെറും ഗണികാന്നോ? ഒരിക്കലും താലി അറുക്കേണ്ടാത്ത ദേവപത്നി! അവളെ കാണുന്നതു പുണ്യം, പ്രാപിക്കുന്നതു മോക്ഷം. വേളിമാരോടുള്ള
സ്നേഹം അതുമൂലം വര്‍ധിക്കുമെന്നാ പ്രമാണം. ദേവദാസീസംഗം കഴിഞ്ഞു വരുന്ന ഭര്‍ത്താവിനെ പതിവ്രതമാര്‍ കാലു തൊട്ട് വന്ദിച്ചു സ്വീക
രിക്കണം, അറിയ്യോ?'

ദേവദാസികള്‍ക്ക് അന്ന് സമൂഹത്തില്‍ ലഭിച്ചിരുന്ന മാന്യതയും മഹത്ത്വവും ഭവത്രാതന്റെ വാക്കുകളില്‍ മുഴങ്ങുന്നു. ദേവദാസി വെറുമൊരു സ്ത്രീയല്ല എന്നു നാമും സമ്മതിച്ചുപോകും.
'അക്ഷരാഭ്യാസമോ ലോകപരിചയമോ ഇല്ലാത്ത, അടുക്കളപ്പുക പിടിച്ച ഒരു സാധാരണ പെണ്ണല്ല അവള്‍. സംഗീതം, സാഹിത്യം, നൃത്തം, വാദ്യങ്ങള്‍, ചിത്രരചന, അമ്മാനാട്ടം തുടങ്ങി അറുപത്തിനാലു കലകളിലും പ്രാവീണ്യമുള്ള, സ്ത്രീസൗന്ദര്യത്തിന്റെ പരിപൂര്‍ണതയാണ്. അവളെ ഒന്നു കാണുന്നതുപോലും മംഗളകരമാണ്. കാരണം, ഒരിക്കലും താലി അറുക്കേണ്ടാത്ത നിത്യമംഗല്യവതിയാണവള്‍. മഹാരാജാവിനൊപ്പമിരുന്ന് വെറ്റില മുറുക്കുവാന്‍ അവള്‍ക്ക് അവകാശമുണ്ട്.'
ദേവദാസികള്‍ക്കു ചാര്‍ത്തിക്കിട്ടിയ സമുന്നതസ്ഥാനമാനങ്ങളും ദിവ്യപരിവേഷവും പ്രത്യേകാവകാശങ്ങളും ആര്‍ മൂലമാണ്? സംശയം വേണ്ട. ആജ്ഞാപിക്കാനും ഉത്തരവിറക്കാനും അധികാരപ്പെട്ട ഒരു വര്‍ഗംതന്നെ ഇവിടെയുണ്ടായിരുന്നു. പുരുഷന്മാര്‍ തന്ത്രപൂര്‍വം ഉള്ളില്‍ മറച്ചുപിടിച്ച കാമേച്ഛയെ ഈ പെണ്ണുങ്ങള്‍ കാണാതെപോയോ? അന്തര്‍ജനങ്ങള്‍ ഒഴിച്ചുള്ളവരെയെല്ലാം വേശ്യകളായി കണ്ടിരുന്ന ആഢ്യന്മാരുടെ ചതിക്കുഴിയില്‍ ഇവര്‍ അറിയാതെ വീണുപോയോ? അങ്ങനെയാവാന്‍ വഴിയില്ല. വൈശികതന്ത്രത്തിലെ മുത്തശ്ശി തന്റെ കൊച്ചുമകള്‍ അനംഗസേനയെ ഉപദേശിക്കുന്നതിങ്ങനെ:
'മകളേ, നിന്റെ നന്മയ്ക്കുവേണ്ടി ഇനി ഒരാഢ്യനെ വശത്താക്കുക. ദരിദ്രരില്‍നിന്ന് ഉയര്‍ച്ച വരില്ല. മഞ്ഞുതുള്ളി വീണു കുളം നിറഞ്ഞിട്ടില്ല.'
ഈ മുത്തശ്ശിയുടെ ശരിപ്പകര്‍പ്പാണ് നോവലിലെ ഇട്ടിയക്കി. വൈശികതന്ത്രം അരച്ചുകലക്കിക്കുടിച്ചവള്‍. ഇവരാണ് വെണ്ണിലാവിന് അനംഗമന്ത്രം ഉപദേശിക്കുന്നത്.

ബാലത്വമാര്‍ന്നുരസി വാര്‍മുല പൊങ്ങുമന്നാള്‍
ബാലത്തഴക്കുഴലിമാര്‍ മുതല്‍ നേടവേണ്ടും
അന്നാര്‍ജിതേന മുതല്‍ കൊണ്ടു കടക്കവേണ്ടും
വാര്‍ധക്യമെന്മതൊരു വന്‍ കടലുണ്ടു മുന്നില്‍.

പാരമ്പര്യം ആചാരത്തിലേക്കു വഴിമാറുന്നതും അതു പിന്നെ അനുഷ്ഠാനമായി നിലയുറപ്പിക്കുന്നതുമായ പരിണാമഗതി ഇതില്‍ വായിച്ചെടുക്കാം. 'സ്മരസുരലതിക'കളും സുന്ദരികളും കലാകാരികളുമായ ദേവദാസികളുടെ പടിപ്പുരമുറ്റത്ത്, അവരുടെ മുഖദര്‍ശനത്തിനായി കാത്തുകെട്ടിക്കിടന്ന ജളപ്രഭുക്കള്‍ ധര്‍മനീതിയെയും സദാചാരത്തെയും വിവസ്ത്രമാക്കി മാനഭംഗപ്പെടുത്തുന്ന നഗ്‌നചിത്രങ്ങളുടെ ഒരു മറുവശം എല്ലാ മണിപ്രവാളകൃതിക്കുമുണ്ട്; ഉള്ളൂര്‍ പ്രഭൃതികള്‍ ഇവയെ എത്രകണ്ട് പുകഴ്ത്തിപ്പാടിയാലും.

നമുക്കു നോവലിലേക്കു കടക്കാം.
ഇതാ പൂമുഖത്തെത്തി. അനാദിയായ കാലത്തിന്റെ വിഷാദശ്രുതിയും അവ്യക്തദൃശ്യങ്ങളും നമ്മെ വരവേല്ക്കുന്നു. ഒടുവില്‍ എല്ലാം അനിവാര്യമായ ഒരു ദുരന്തത്തില്‍ എരിഞ്ഞടങ്ങേണ്ടുന്ന മനുഷ്യമഹാഗാഥയുടെ തുടക്കമിങ്ങനെ:
'ക്ഷേത്രഗോപുരത്തിനു മുകളില്‍ പൂര്‍ണചന്ദ്രോദയം. നിലാവില്‍ പ്രകൃതിയുടെ നിഴല്‍നാടകം. അത്ര വേഗത്തിലല്ലാതെ വരുന്ന കുതിരപ്പുറത്ത് ദൃഢഗാത്രനായ ഒരു യുവാവിന്റെ രൂപം കാണാം... ഇരുള്‍ മരങ്ങളിലേക്ക് അലിയുകയും, തുറസ്സുകളിലേക്ക് വെളിവാകുകയും ചെയ്യുന്ന അശ്വാരൂഢന്‍ തോല്‍പ്പാവക്കൂത്തിലെന്നപോലെ ചലനകൗതുകമുണ്ടാക്കി. ഗോപുരദ്വാരത്തിനല്പമകലെ വേടുകള്‍ ഞാന്ന ഒരു വടവൃക്ഷം...'
ഏതൊരു കഥയിലും അദൃശ്യകഥാപാത്രമായി ആദ്യന്തം നിറഞ്ഞാടുന്ന 'കാലം' ഇവിടെ അവതരിച്ചുകഴിഞ്ഞു. ഇത്രയും ബിംബകല്പനകള്‍ ധാരാളം മതി ഈ മനുഷ്യേതിഹാസത്തിന്റെ കാലഭൂമികയെ തൊട്ടറിയാന്‍. തുടക്കത്തില്‍ നാം കണ്ടത് മണിശേഖരന്‍ എന്ന തസ്‌കരനെയാണ്. ദേവദാസീഭവനങ്ങള്‍ മാത്രം ലക്ഷ്യംവെക്കുന്ന ഈ കള്ളന്‍ ഒരിക്കല്‍ 'വെണ്ണിലാ'വിന്റെ കിടപ്പറയില്‍ അറിയാതെ അകപ്പെടുന്നുണ്ട്. ബന്ധവൈചിത്ര്യങ്ങളുടെ ഭാവപ്പകര്‍ച്ചകളിലൂടെ, അവരുടെ ഒന്നിച്ചുള്ള യാത്രയുടെ ആരംഭവുമായിരുന്നു അത്. വഴിതെറ്റി ആ കള്ളന്‍ കയറിച്ചെന്നത് ഒരു പെണ്‍കുട്ടിയുടെ ഉറക്കറയിലേക്കു മാത്രമല്ലെന്ന് ഇരുവരും അപ്പോള്‍ അറിഞ്ഞിരുന്നില്ല. മനസ്സിന്റെ ഉള്ളറയില്‍ അവനു മറയാന്‍ അവള്‍ മുടിയഴിച്ചു വിതിര്‍ത്തിട്ടു.
നാനൂറിലധികം പുറങ്ങളിലായി പരന്നുകിടക്കുന്ന ഈ ആഖ്യായികയുടെ മൗലികത നിര്‍ണയിക്കുന്നതില്‍ ഈ നായികാപാത്രത്തിന്റെ പങ്കു ചെറുതല്ല. ദുഷിച്ച പാരമ്പര്യത്തെ വിപാടനം ചെയ്യാനുള്ള നിയോഗം സ്വയം ഏറ്റെടുത്തവള്‍. രാമായണത്തിലെ സീതയെപ്പോലെയാകാന്‍ ആഗ്രഹിക്കുന്നവള്‍. സ്നേഹിക്കാന്‍ ഒരു പുരുഷനുണ്ടെങ്കില്‍ ഏതുറച്ച വ്യവസ്ഥിതികളുടെയും അടിത്തറയിളക്കുവാന്‍ ശക്ത്യര്‍ധമാകാന്‍ ഉറച്ചവള്‍. ഇവളോ ഒരു ദേവദാസിപ്പെണ്ണ് എന്ന് ആരും അദ്ഭുതപ്പെടുന്ന വിധം വ്യക്തിത്വമാര്‍ജിച്ചവള്‍! 'നിലാവിനെ വര്‍ണിക്കാതിരിക്കുക. ഉടഞ്ഞ ചില്ലുകഷണങ്ങളില്‍ നിലാവ് എങ്ങനെ തിളങ്ങുന്നു എന്നു വര്‍ണിക്കുക.' ആന്റണ്‍ ചെക്കോവിന്റെ ഈ വാക്കുകള്‍ ഓര്‍ത്തുകൊണ്ടാണോ പ്രസാദ് തന്റെ നായികയെ സൃഷ്ടിച്ചത്? ഉടഞ്ഞ ചില്ലുകളില്‍ പ്രതിഫലിക്കുന്ന നിലാത്തുള്ളികള്‍ പോലെ കുറുകിയ വാക്കുകളില്‍ മേദിനീവെണ്ണിലാവിനെ കാട്ടിത്തരുന്നതിന്റെ ചാരുത ഒന്നു വേറെ!

'പള്ളിമഞ്ചത്തില്‍ മേദിനിയെ സഖിമാര്‍ താലോലിച്ചുണര്‍ത്തി. ഇന്നവള്‍ നൂറായിരം കണ്ണുകള്‍ക്കു വിരുന്നാണ്. കുളിപ്പുരമാളികയില്‍ നീരാട്ടിനുള്ള ഒരുക്കങ്ങള്‍ നടക്കുകയാണ്. യൗവനാരംഭത്തിന്റെ തളിരിലക്കൂമ്പുകളില്‍ പൊതിഞ്ഞ് മേദിനിയെ അവിടേക്കു കൊണ്ടുവന്നു. സമൃദ്ധമായ ചുരുള്‍മുടിയില്‍ സുഗന്ധതൈലം പുരട്ടി ശിരസ്സിലേക്ക് ഉയര്‍ത്തി കെട്ടിവെച്ചു. വാഴക്കൂമ്പു വിടര്‍ത്തുംപോലെ വസ്ത്രങ്ങള്‍ ഓരോന്നായി അഴിച്ചു. നിലാവുറഞ്ഞ നിറമുള്ള മേനിയില്‍ നഖംകൊണ്ടുപോലും പോറാതെ സഖിമാര്‍ മഞ്ഞളും ചന്ദനവും പുരട്ടി ഉഴിഞ്ഞു. കൂമ്പിത്തുടുത്ത മൃദുമാതളങ്ങള്‍ അമരുന്നതിന്റെ ഇരട്ടിബലത്തില്‍ തിരികെ വന്നുകൊണ്ടിരുന്നു. പലയിടങ്ങളിലെ രഹസ്യകിളിവാതിലുകള്‍ തുറക്കപ്പെട്ടു. കുളപ്പടവുകളിറങ്ങുമ്പോള്‍ അഴിക്കാന്‍ വിലക്കിയ പൊന്നരഞ്ഞാണം നിതംബചലനങ്ങളില്‍ ഉലഞ്ഞു. ജലനീലിമയില്‍ കാളിന്ദിയിലെ സ്വര്‍ണനാഗമായി മേദിനി മാറി.'
വെണ്ണിലാവിന്റെ അംഗലാവണ്യവും ഹിരണ്മയവര്‍ണവും യൗവനാരംഭത്തിന്റെ അചുംബിതശ്രീയും ഓരോ വാക്കിലുമുണ്ട്. ധ്വനനസാന്ദ്രമായ വൈഖരീപൂരം! പദങ്ങളുടെ നാദസങ്കലനം മുഴങ്ങുന്ന കേളീമണ്ഡപമാണീ നോവല്‍.

ബീയാര്‍ പ്രസാദ് ഇന്നോളം ആര്‍ജിച്ചിട്ടുള്ള സാഹിത്യസംസ്‌കാരം, സംഗീതത്തിലും നൃത്തനാടകകലകളിലുമുള്ള പരിജ്ഞാനം ഇവയെല്ലാം ഈ നോവലിന്റെ രചനയില്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്.
'ചാരുമതി നൃത്തം തുടങ്ങി. സ്വരജതികള്‍ സ്വയം പറഞ്ഞ്, ദേഹത്തൊട്ടിയ വസ്ത്രങ്ങള്‍ വിടര്‍ന്നുണങ്ങുമാറ്, വീണ്ടും വിയര്‍പ്പില്‍ നനഞ്ഞൊട്ടുമാറ്, അവള്‍ ചടുലഗതികളാടി. കരണങ്ങള്‍ 'ഊര്‍ധ്വജാനു'വും, 'നാഗസര്‍പ്പിത'വും കടന്ന് 'കടിഭ്രാന്ത'ത്തിലേക്കു കയറുമ്പോള്‍ അവളുടെ പാദങ്ങളില്‍നിന്ന് രക്തം തെറിച്ചു. കാണികള്‍ അമ്പരന്നു നില്ക്കുമ്പോള്‍ ചാരുമതി ഉജ്ജ്വലമായ കലാസപര്യയുടെ ദ്രുതതാണ്ഡവത്തിലേക്കു കടന്നു. തറയില്‍ പരന്ന രക്തത്തില്‍ കാല്‍ വഴുതി മയക്കത്തിലാണ്ട് കരിങ്കല്‍ത്തൂണില്‍ തലയിടിച്ച് അവള്‍ വീണുപോകുമായിരുന്നു. അപ്പോള്‍ ബലിഷ്ഠനായ ഒരു പുരുഷന്റെ രണ്ടു കൈകള്‍ അവളെ താങ്ങിപ്പിടിച്ചു.'

നോവലില്‍ ആദ്യന്തം നിറഞ്ഞാടുന്ന ഒരു കഥാപാത്രമാണ് ചാരുമതി. അതുല്യമെന്നു പറയാവുന്ന ഒരാഖ്യാനസമ്പ്രദായംതന്നെ ഈ പാത്രസൃഷ്ടിക്കായി നോവലിസ്റ്റ് വിനിയോഗിച്ചിരിക്കുന്നു. വെണ്ണിലാവിനുവേണ്ടി സ്വജീവിതം ഉഴിഞ്ഞുവെച്ച സ്നേഹമയിയായ അമ്മ. ആഗ്രഹസഫലീകരണത്തിനായി ചാരുമതി അനുഭവിച്ച നരകയാതനകള്‍, കൊടിയ പീഡനങ്ങള്‍, ആക്ഷേപങ്ങള്‍, അപമാനങ്ങള്‍ ഇവയ്ക്കൊന്നും കൈയുംകണക്കുമില്ല. അതിനുള്ള പ്രതിക്രിയയായി വളര്‍ത്തിക്കൊണ്ടുവന്ന മകളും തനിക്കെതിരായപ്പോള്‍, കുമാര്‍ഗ പഥങ്ങളിലോടിയ സ്വമനസ്സും പിടിയിലമരാതെ വഴുതുമ്പോള്‍, ദേവദാസീചിന്തയില്‍ മാത്രമുദിക്കുന്ന ഒരു പ്രതികാരവഹ്നിയില്‍ അവള്‍ സ്നേഹധാരയായി എരിഞ്ഞു. ചാരുമതിയുടെ അന്തര്‍മണ്ഡലത്തിന്റെ ഒരു പുറംപോളയെങ്കിലും വിടര്‍ത്താന്‍ എനിക്കായിട്ടില്ല. എങ്കിലും, ജീവിതത്തിന്റെ ആഴമേറിയ മുറിവുകളില്‍നിന്ന് അദ്ഭുതങ്ങള്‍ സംഭവിക്കും എന്നു പറയാറില്ലേ, ചാരുമതിയുടെ ജീവല്‍പ്രയാണം അതു ശരിവെക്കുന്നു. പ്രത്യേക പഠനമര്‍ഹിക്കുന്ന കഥാപാത്രങ്ങളുടെ ഒരു നീണ്ട നിര നോവലിലുണ്ട്. മലയാള നോവല്‍സാഹിത്യത്തില്‍ ചന്ദ്രോത്സവം ഒറ്റപ്പെട്ട കൃതിയാണെന്നു നിസ്സംശയം പറയാം. നോവല്‍ വായിച്ചുതീരുമ്പോള്‍ അന്തര്‍മണ്ഡലമാകെ അഗ്‌നിനാളങ്ങളുടെ ആനന്ദനടനം. മാറുന്ന വ്യവസ്ഥിതികളുടെ തീനാളങ്ങള്‍ക്കിടയില്‍നിന്ന് ശാന്തിമന്ത്രം പോലെ ഒരു മുത്തശ്ശിയുടെ നിര്‍വികാരശബ്ദം കേള്‍ക്കായി:
അന്നാര്‍ജിതേന മുതല്‍കൊണ്ടു കടക്ക വേണ്ടും
വാര്‍ധക്യമെന്മതൊരു വന്‍കടലുണ്ടു മുന്നില്‍..!
പാവം.

ഇത്രയും എഴുതി അവസാനിപ്പിക്കുമ്പോള്‍ ഹൃദയത്തോട് സഹജാത തുല്യം ചേര്‍ത്തുപിടിച്ച് ബീയാര്‍ പ്രസാദിന്റെ ആദ്യ പുസ്തകം അനുവാചകരുടെ മുന്നിലേക്ക് തുറന്നുവെക്കുന്നതിന്റെ നിര്‍വൃതി ഞാനനുഭവിക്കുന്നു. ഇദം ന മമഃ.

Content Highlights: beeyar prasad novel chandrolsavam introductory note by kidangoor sreevalsan


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023


chintha jerome

2 min

വാഴക്കുലയില്‍ കുടുങ്ങിയ ചിന്ത; നന്ദി പിണറായിക്ക്, ഡോക്ടറേറ്റ് റദ്ദാക്കാന്‍ വകുപ്പുണ്ട്

Jan 30, 2023


chintha jerome

1 min

തെറ്റ് ചൂണ്ടിക്കാട്ടിയതിന് നന്ദി, കോപ്പിയടിച്ചതല്ല ആശയം ഉള്‍ക്കൊണ്ടു; വിശദീകരണവുമായി ചിന്ത ജെറോം

Jan 31, 2023

Most Commented