'ഒരു രാജ്യം വര്‍ഗീയതയുടെ രേഖകളിലൂടെ വിഭജിക്കപ്പെടരുത്'; നരേന്ദ്ര മോദിയോട് ഒബാമ പറഞ്ഞത്


''ഹിന്ദുക്കളല്ലാത്ത മതക്കാര്‍ ഇവിടെ വസിക്കുന്നത് ഹിന്ദുക്കളുടെ ഔദാര്യത്തിലാണെന്നും അല്ലാതെ ഇന്ത്യ അവരുടെ മണ്ണായതുകൊണ്ടല്ലെന്നും വാദിക്കുന്നവരെക്കുറിച്ച് ഞാന്‍ അഭിമാനിക്കുന്നില്ല.'

നരേന്ദ്രമോദി, ഒബാമ

ഒരു സംസ്‌കൃതിയുടെ അടിസ്ഥാനതത്ത്വങ്ങള്‍ പരിശോധിക്കുന്ന ശശിതരൂരിന്റെ 'ഹിന്ദു മാര്‍ഗം: ഹൈന്ദവതയ്ക്ക് ഒരു ആമുഖം' മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ചു. സ്മിത മീനാക്ഷി പരിഭാഷപ്പെടുത്തിയ പുസ്തകത്തിലെ 'ഇരുപത്തിയൊന്നാം നൂറ്റാണ്ടിനുവേണ്ടിയുള്ള മതം' എന്ന അധ്യായം വായിക്കാം.

ഹിന്ദുത്വവാദത്തെ ബഹുഭൂരിപക്ഷം പുരോഗമനഹിന്ദുക്കളും എതിര്‍ക്കുമ്പോള്‍, ഇന്ത്യയുടെ സ്വന്തം ഉത്പന്നമായ പുരാതനമതമായ ഹൈന്ദവതയ്ക്ക് ഹിന്ദുത്വവാദികള്‍ക്കു മനസ്സിലാക്കാന്‍ കഴിയാത്ത മാര്‍ഗങ്ങളിലൂടെ ഇന്ത്യത്വത്തെ ശക്തിപ്പെടുത്തുവാന്‍ കഴിയുമെന്നത് വിരോധാഭാസമല്ല. ഒരുതരത്തില്‍, ഹൈന്ദവതയെന്നത് ഇരുപത്തിയൊന്നാം നൂറ്റാണ്ടിനു തികച്ചും അനുയോജ്യമായ മതവിശ്വാസമാണ്. ഹിന്ദുമതനിന്ദ എന്നൊന്നുണ്ടാകാന്‍ സാധ്യമല്ലാത്തതുകൊണ്ട് സ്വധര്‍മതിരസ്‌കരണമില്ലാത്ത മതത്തില്‍ മതനിഷ്‌കാസിതരില്ല. മറ്റു വിശ്വാസമാര്‍ഗങ്ങളില്‍നിന്ന് നല്ലതു സ്വാംശീകരിക്കുകയും പ്രമാണങ്ങളില്‍ അടിയുറപ്പിക്കാതിരിക്കുകയും ആധുനികാനന്തരലോകത്തിന്റെ സന്ദിഗ്ധതയോടു മാതൃകാപരമായി പ്രതികരിക്കുകയും ചെയ്യുന്ന മതമാണിത്.
അതിനാല്‍, സ്വന്തം മതത്തിലും രാജ്യത്തിന്റെ പുരോഗമനപരമായ പാരമ്പര്യങ്ങളിലും അഭിമാനിക്കുന്ന ഒരു ഹിന്ദുവിന് അമേരിക്കന്‍ പ്രസിഡന്റ് ബാരക് ഒബാമ, 2015ലെ ഇന്ത്യാസന്ദര്‍ശനവേളയില്‍, ഇന്ത്യന്‍ മൂല്യങ്ങള്‍ക്കൊത്തു പ്രവര്‍ത്തിക്കുവാന്‍ തന്റെ പ്രസംഗത്തിലൂടെ സര്‍ക്കാരിനെ പ്രേരിപ്പിക്കേണ്ടതുണ്ടെന്നു ചിന്തിച്ചതില്‍ അപമാനം തോന്നാതിരിക്കുക എളുപ്പമായിരുന്നില്ല. പ്രസിഡന്റ് പദവിയില്‍നിന്നു മാറിയതിനുശേഷമുള്ള രണ്ടാം സന്ദര്‍ശനത്തിലും (2017) അദ്ദേഹമത് ആവര്‍ത്തിച്ചു.

'മതവിശ്വാസത്തിന്റെ പേരില്‍ വിഭജിക്കപ്പെടാതെയിരുന്നാല്‍ ഇന്ത്യ വിജയിക്കും,' 2015-ല്‍ മിസ്റ്റര്‍ ഒബാമ പരോക്ഷമായി ഹിന്ദുത്വസേനയെ കുറ്റപ്പെടുത്തി. രണ്ടു രാജ്യങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ശക്തിയെന്ന നിലയില്‍ ഇന്ത്യയുടെ മതവൈവിധ്യത്തെപ്പറ്റി വളരെ ഉപചാരത്തോടെ പറഞ്ഞ അദ്ദേഹം തന്റെ പേരിലെ ഹുസൈന്‍ എന്ന വാക്ക് മുസ്‌ലിങ്ങളോട് അനിഷ്ടസമീപനമുള്ള ഒരു രാജ്യത്ത് വെല്ലുവിളിയാകുന്നതിനെപ്പറ്റിയും പറഞ്ഞു. അമേരിക്കയിലെ പല ഒബാമാവിമര്‍ശകരും അദ്ദേഹം ക്രിസ്ത്യാനിയല്ലെന്നും മുസ്‌ലിം ആണെന്നുമാണു പറയുന്നതെന്ന് അദ്ദേഹം അനുസ്മരിച്ചു. 'എന്നെ അറിയാത്തവരാല്‍ എന്റെ മതം ചോദ്യംചെയ്യപ്പെട്ട അവസരങ്ങളുണ്ടായിട്ടുണ്ട്. ഞാന്‍ മറ്റൊരു മതത്തില്‍പ്പെട്ടവനാണെന്ന് അവര്‍ പറഞ്ഞു, അതൊരു മോശമായ കാര്യമാണെന്നതുപോലെ.'

ഹിന്ദുത്വചായ്‌വുള്ള ഇന്ത്യന്‍ പ്രധാനമന്ത്രി, തന്റെ മതത്തില്‍നിന്നും വിഭിന്നമായ മറ്റൊന്നില്‍ വിശ്വസിക്കുന്നത് ഒരു മോശപ്പെട്ട കാര്യമാണെന്ന് വിശ്വസിക്കുകയും അതു ധ്വനിപ്പിക്കുകയും ചെയ്യുന്ന പ്രവര്‍ത്തനപാരമ്പര്യമുള്ള വ്യക്തിയാണെന്ന് അമേരിക്കന്‍ പ്രസിഡന്റിന് അറിയാത്തതല്ല. അതുമല്ല, പ്രധാനമന്ത്രി തന്റെ രാഷ്ട്രീയവിജയത്തിനായി അഹിന്ദുക്കള്‍ മാതൃമതത്തിലേക്ക് തിരിച്ചു പരിവര്‍ത്തനം ചെയ്യണമെന്നും അല്ലാത്തവരെ രാജ്യത്തുനിന്നു പുറത്താക്കണമെന്നുമാവശ്യപ്പെടുന്ന ജനസമൂഹത്തിന്റെ പിന്തുണയെ ആശ്രയിക്കുന്നയാളാണെന്നതും അറിയാവുന്ന കാര്യമായിരുന്നു. ഡിസംബര്‍ 2017ലെ സന്ദര്‍ശനത്തില്‍ മിസ്റ്റര്‍ ഒബാമ ഇതാവര്‍ത്തിച്ചു: 'ഒരു രാജ്യം വര്‍ഗീയതയുടെ രേഖകളിലൂടെ വിഭജിക്കപ്പെടരുത്. അതാണു ഞാന്‍ വ്യക്തിപരമായി പ്രധാനമന്ത്രി മോദിയോടും അമേരിക്കന്‍ ജനതയോടും പറഞ്ഞത്.' ഒബാമ പ്രസ്താവിച്ചു, 'മുസ്‌ലിം സമുദായം, ഒത്തൊരുമയുടെ വിജയത്തില്‍ ഇന്ത്യക്കാരായിത്തന്നെ സ്വയം കരുതി ജീവിക്കുന്ന ഇന്ത്യയെപ്പോലെയല്ല മറ്റു പല രാജ്യങ്ങളും. ഈ രീതി എല്ലായിടത്തും വ്യാപകമാകുകയും പുഷ്ടിപ്പെടുകയും ചെയ്യേണ്ടതാണ്.'

നമ്മുടെ ഭരണഘടന ബഹുസ്വരതയെ പ്രതിഫലിപ്പിക്കുന്നതാണ്. മതനാനാത്വമെന്നത് നമ്മുടെ സംസ്‌കാരത്തിന്റെ ആഴങ്ങളില്‍ വേരോടിയിരിക്കുന്നതാണ്. നമ്മുടെ ചരിത്രം മതസഹവാസത്തിന്റേതാണ്. അങ്ങനെയിരിക്കെ മതസ്വാതന്ത്ര്യത്തെ ഉയര്‍ത്തിപ്പിടിക്കുവാന്‍ ഇന്ത്യക്കാരെ ഉപദേശിക്കുവാന്‍ ഒരമേരിക്കന്‍ സന്ദര്‍ശകന്റെ ആവശ്യമില്ല. നമ്മുടെ രാജ്യം പടുത്തുയര്‍ത്തപ്പെട്ടതും ഭരണഘടന ഊന്നിപ്പറഞ്ഞിട്ടുള്ളതുമായ മൂല്യങ്ങള്‍ രാജ്യത്തെ ചില ജനസമൂഹങ്ങള്‍ മാനിക്കുന്നില്ലെന്ന് ഒരു വിദേശനേതാവ് തിരിച്ചറിയുന്നത് നമ്മുടെ പരിതാപകരമായ അവസ്ഥയെയാണു ചൂണ്ടിക്കാട്ടുന്നത്. ഞാനേറെ പറഞ്ഞതുപോലെ, ഇന്ത്യന്‍ ജനാധിപത്യമെന്നത് നാനാത്വങ്ങളുടെ ഒത്തൊരുമയുള്ള സംവിധാനമാണ്. നാം ആ നാനാത്വത്തെ ആദരിക്കുന്നില്ലെങ്കില്‍ ഏതൊരിന്ത്യയെ സ്വതന്ത്രമാക്കുവാനാണോ മഹാത്മാഗാന്ധി പോരാടിയത്, ആ ഇന്ത്യ ആകില്ല ഇനിയിത്.

സഹിഷ്ണുതയും സ്വീകാരവും

വിശ്വാസിയായ ഒരു ഹിന്ദുവെന്ന നിലയില്‍ എനിക്കു ഹിന്ദുത്വവാദികളുമായി യോജിക്കാനാവില്ല. എന്റെ മതവിശ്വാസത്തിന്റെ പേരിലെന്നവകാശപ്പെട്ടുകൊണ്ട് അവര്‍ ചെയ്യുന്ന കാര്യങ്ങളില്‍ എനിക്കപമാനമനുഭവപ്പെടുന്നു. പ്രത്യേകിച്ച്, ഹിംസയും അക്രമവും കൂടുതല്‍ അസഹനീയമാണ്: 2019ന്റെ മധ്യകാലത്ത് 'ജയ് ശ്രീറാം' ഉച്ചരിക്കാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ ഒരു മുസ്‌ലിം മതസ്ഥനെ ആള്‍ക്കൂട്ടം അടിച്ചുകൊന്ന വാര്‍ത്ത പല ഹിന്ദുക്കളെയും സ്തബ്ധരാക്കിയിരുന്നു. വ്യത്യസ്ത സന്ദര്‍ഭങ്ങളിലുള്ള അത്തരം സംഭവങ്ങളുടെ ആവര്‍ത്തനം ഇന്ത്യയിലും വിദേശത്തുമുള്ള ആയിരക്കണക്കിനു ഹിന്ദുക്കള്‍ 'എന്റെ പേരിലല്ല' (നോട്ട് ഇന്‍ മൈ നേം) എന്നുള്ള പ്ലക്കാര്‍ഡുകളുമായി പ്രതിഷേധത്തിനിറങ്ങുവാന്‍ കാരണമായി. വിശാലവും സ്വതന്ത്രവുമായ ഒരു മതത്തില്‍ വിശ്വസിക്കുന്നതിലുള്ള എന്റെ അഭിമാനം ഞാന്‍ ഈ പുസ്തകത്തിലുടനീളം പറഞ്ഞിട്ടുണ്ട്. ഇനിയുമതാവര്‍ത്തിക്കുകയും ചെയ്യുന്നു. തീര്‍ച്ചയായും ദൈവാരാധനയുടെ എല്ലാ മാര്‍ഗങ്ങളും തുല്യപ്രാധാന്യമുള്ളതാണെന്നംഗീകരിക്കുന്ന ഏകമതമാണത്. ഞാന്‍ പലപ്പോഴും ചോദിച്ചിട്ടുള്ളതുപോലെ, വേദങ്ങളുടെയും ഉപനിഷത്തുകളുടെയും മഹനീയസാരത്തെ, തങ്ങളുടെ സ്വത്വരാഷ്ട്രീയത്തിന്റെ തരംതാണ മതഭ്രാന്താക്കി മാറ്റുവാന്‍ ഒരു സംഘം അക്രമികള്‍ക്കെങ്ങനെ ധൈര്യമുണ്ടാകുന്നു? ഉന്മത്തതയുടെ കപട ഔന്നത്യത്തിലേക്ക് ഹൈന്ദവതയെ തരംതാഴ്ത്തുവാന്‍ ഒരു ഹിന്ദു എന്തിനനുവദിക്കണം? അത്യുത്കൃഷ്ടമായ സഹിഷ്ണുതയുള്ള ഒരു മതത്തെ അമിത രാജ്യസ്‌നേഹത്തിന്റെ അക്രമത്തിലേക്കെന്തിനു തരംതാഴ്ത്തണം?

ഹൈന്ദവത, അതിന്റെ വിശാലത, വൈവിധ്യം, മറ്റു മതങ്ങളോടുള്ള സ്വീകാര്യത എന്നീ സവിശേഷതകളോടെ മറ്റു മതങ്ങളെ ഭീഷണിപ്പെടുത്താതെതന്നെ സ്വയം സ്ഥാപിതമാകുവാന്‍ കഴിവുള്ള ഒരു മതമാണ്. പക്ഷേ, അതു ബാബറി മസ്ജിദ് തകര്‍ത്ത ഹിന്ദുത്വമല്ല, വര്‍ഗീയരാഷ്ട്രീയത്തിന്റെ മതവിദ്വേഷം ചീറ്റുന്ന പ്രസംഗങ്ങളുമല്ല. മറിച്ച്, അത് ഞാനീ രചനയിലേറെ ഉദ്ധരിച്ചിട്ടുള്ള സ്വാമി വിവേകാനന്ദന്റെ ഹൈന്ദവതയാണ്. സ്വാമി വിവേകാനന്ദന്റെ ഏറെ പ്രാധാന്യമര്‍ഹിക്കുന്ന ചില പ്രസ്താവനകള്‍ ഉദ്ധരിക്കേണ്ടതുണ്ട്. ഹൈന്ദവത 'സഹിഷ്ണുതയ്ക്കും സാര്‍വജനീന സ്വീകാരത്തിനുമായി നിലകൊള്ളുന്നു' എന്നതാണ് പ്രഥമമായത്. 'സാര്‍വലൗകികമായ സഹിഷ്ണുത പ്രകടിപ്പിക്കുക മാത്രമല്ല ഞങ്ങള്‍ ചെയ്യുന്നത്. മറിച്ച് എല്ലാ മതങ്ങളും സത്യമാണെന്ന് അംഗീകരിക്കുകകൂടി ചെയ്യുന്നു.' വിഭിന്നസ്ഥാനങ്ങളില്‍നിന്നുദ്ഭവിച്ച് വിഭിന്നമാര്‍ഗങ്ങളിലൂടെ ഒഴുകിവരുന്ന നദികള്‍ ഒരേ കടലില്‍ പതിക്കുന്നു എന്ന അര്‍ഥം വരുന്ന ഒരു ഗീതം അദ്ദേഹം ഉദ്ധരിച്ചതിനെപ്പറ്റി മുന്‍പു ഞാന്‍ പറഞ്ഞിരുന്നു. അതുപോലെ എല്ലാ മതമാര്‍ഗങ്ങളും ഒരേ ദൈവികതയില്‍ എത്തിച്ചേരുന്നു എന്നും. സത്യം ഒന്നേയുള്ളൂ എന്നും ജ്ഞാനികള്‍ അതിനെ വ്യത്യസ്ത പേരുകളില്‍ വിളിക്കുന്നതാണെന്നുമുള്ള അദ്വൈതസത്യം അദ്ദേഹം ഊന്നിപ്പറഞ്ഞിരുന്നു. വിവേകാനന്ദന്റെ വീക്ഷണം - സര്‍വധര്‍മസംഹിതയില്‍ സംഗ്രഹിച്ചിട്ടുള്ളത് - ആണ് ബഹുഭൂരിപക്ഷം ഹിന്ദുക്കളും അനുവര്‍ത്തിക്കുന്ന മതം. മറ്റു മതങ്ങളെയും ആരാധനാമാര്‍ഗങ്ങളെയും സഹജമായ രീതിയില്‍ അംഗീകരിക്കുന്നത് പുരാതനകാലംമുതല്‍തന്നെ അതിന്റെ മുഖമുദ്രയായിരുന്നു.

ഹിന്ദുമതം സഹിഷ്ണുതയെ ഉയര്‍ത്തിപ്പിടിക്കുന്ന മതമായതുകൊണ്ട് സര്‍വഹിന്ദുക്കളും 'സഹിഷ്ണുത' എന്ന ഗുണവിശേഷമുള്ളവരാണെന്ന് അര്‍ഥമാകുന്നില്ല, അതുറപ്പാണ്. ഒരു മതം രാഷ്ട്രീയസ്വത്വമായി ഉപയോഗിക്കപ്പെടുമ്പോള്‍ അത്തരം പ്രവര്‍ത്തനങ്ങളെല്ലാം മതസിദ്ധാന്തങ്ങള്‍ക്കനുസരണമാണെന്നും കരുതുന്നില്ല. എന്നിരുന്നാലും ശിവസേന എന്ന മതമൗലികവാദസംഘടനയുണ്ടാകുവാന്‍ നിമിത്തമായ മറാഠാസൈന്യരാജാവായ ശിവജിപോലും മറ്റു മതങ്ങളോടുള്ള ഹൈന്ദവബഹുമാനത്തെ ദൃഷ്ടാന്തീകരിച്ചിരുന്നു. ശിവജി മോസ്‌കുകളെയോ ഖുര്‍ആനെയോ സ്ത്രീകളെയോ തന്റെ അനുയായികള്‍ ഉപദ്രവിക്കരുതെന്ന നിയമമുണ്ടാക്കിയിരുന്നതായി മുഗള്‍ചരിത്രകാരനും വിമര്‍ശകനുമായ ഖാഫി ഖാന്‍ പറയുന്നു. 'തന്റെ കൈകളില്‍ ഒരു ഖുര്‍ആന്‍ ലഭിക്കുമ്പോഴൊക്കെയും അദ്ദേഹമതിനെ ആദരവോടെ കൈകാര്യം ചെയ്യുകയും തന്റെ ഇസ്‌ലാം അനുയായികള്‍ക്കു സമ്മാനിക്കുകയും ചെയ്തു' എന്ന് ഖാഫി ഖാന്‍ എഴുതി. അതുപോലെ ഖുര്‍ആനോ ബൈബിളോ കണ്ടുകിട്ടുകയാണെങ്കില്‍, അവ സുരക്ഷിതമായി സൂക്ഷിക്കുവാനും അതാതു മതസ്ഥര്‍ക്കു നല്കുവാനും അദ്ദേഹം സൈന്യത്തിനും നിര്‍ദേശം നല്കിയിരുന്നതായി മറ്റു സ്രോതസ്സുകള്‍ പറയുന്നു.

സാര്‍വലൗകികമായ ഈ സ്വീകാരസ്വഭാവമാണ് ഹിന്ദുത്വവാദത്തിന്റെ അനുയായികളാല്‍ നശിപ്പിക്കപ്പെടുന്നത്. തന്റെ സഹഹിന്ദുക്കള്‍ക്ക് വിവേകാനന്ദന്‍ നല്കിയ സ്വഭാവപത്രങ്ങളിന്നും അവരില്‍പ്പലരും ഇപ്പോള്‍ അര്‍ഹിക്കുന്നില്ല. 'ഹിന്ദുക്കള്‍ തെറ്റുകള്‍ ചെയ്യുന്നുണ്ട്. പക്ഷേ, സ്വന്തം ശരീരത്തെയാണവര്‍ ശിക്ഷിക്കുന്നത്. മറിച്ച്, ഒരിക്കലും അയല്‍ക്കാരുടെ കഴുത്തു ഖണ്ഡിക്കുന്നില്ല. ഹിന്ദുമതഭ്രാന്തര്‍ സ്വന്തം ശരീരം ചിതയിലെരിച്ചേക്കാം. പക്ഷേ, ഒരിക്കലും മതദ്രോഹവിചാരണയുടെ തീകൊളുത്തില്ല' എന്നാണദ്ദേഹം പറഞ്ഞിരുന്നത്. 125 വര്‍ഷത്തിനുശേഷം ഇന്ന് മതഭ്രാന്തു വര്‍ധിക്കുകയും ഹിന്ദു എന്ന് വിവേകാനന്ദന്‍ പരിഗണിക്കാത്ത മതരൂപത്തെ അംഗീകരിക്കുകയും ചെയ്യുന്ന ഇന്ത്യയില്‍ ഈ വാക്കുകള്‍ക്കു ദുരന്താത്മകമായ പ്രതിധ്വനിയുണ്ടാകുന്നു.
ഹിന്ദുത്വ അനുയായികള്‍ മതത്തിന്റെ സംശയാസ്പദമായ സ്വഭാവങ്ങളെ പിന്തുണച്ചുകൊണ്ട് സാമ്പത്തികശാസ്ത്രജ്ഞനായ അമര്‍ത്ത്യ സെന്‍ ഹൈന്ദവസംസ്‌കാരത്തിന്റെ മഹനീയനേട്ടങ്ങളെ അവഗണിക്കുന്നതിനെപ്പറ്റി ഖേദം പ്രകടിപ്പിച്ചിരുന്നു. ഹിന്ദുതീവ്രവാദികളെക്കുറിച്ച് അദ്ദേഹമെഴുതി, 'ഉപനിഷത്തുകളുടെയോ ഗീതയുടെയോ ബ്രഹ്‌മഗുപ്ത, ശങ്കരന്‍, കാളിദാസന്‍, ശൂദ്രകന്‍ എന്നിവരുടെയോ ഉത്കൃഷ്ടാശയങ്ങള്‍ അവര്‍ക്കുള്ളതല്ല. രാമന്റെ വിഗ്രഹവും ഹനുമാന്റെ ചിത്രവും അലങ്കരിക്കുന്നതിലാണവരുടെ മുന്‍ഗണന. ബീജഗണിതത്തിന്റെയും ജ്യാമിതിയുടെയും ബഹിരാകാശശാസ്ത്രത്തിന്റെയും ആദിമപാഠങ്ങളുരുത്തിരിയുകയും ദശാംശസംവിധാനം കണ്ടെത്തുകയും ആദ്യകാല ദാര്‍ശനികശാസ്ത്രം മതേതരവും ഒപ്പം മതപരവുമായ അനിതരസാധാരണമായ പരിഷ്‌കാരം ആര്‍ജിക്കുകയും ലൈംഗികവിദ്യാഭ്യാസത്തിനു തുടക്കമിടുകയും രാഷ്ട്രീയസമ്പദ്‌വ്യവസ്ഥ ആദ്യമായി വ്യവസ്ഥാപിതരീതിയിലാരംഭിക്കുകയും ചെയ്ത രാജ്യത്ത് അവരുടെ ദേശീയത ഇന്ത്യയുടെ യുക്തിപരമായ പാരമ്പര്യത്തെ അവഗണിക്കുന്നു. ഹിന്ദുതീവ്രവാദി, അതിനു പകരമായി, അവര്‍ ഇന്ത്യയെ - പ്രത്യക്ഷത്തിലും പരോക്ഷത്തിലും- ചോദ്യങ്ങളുന്നയിക്കാത്ത വിഗ്രഹാരാധകരുടെയും ഉന്മത്തരായ മതസ്‌നേഹികളുടെയും കലാപകാരികളായ ഭക്തരുടെയും വര്‍ഗീയകൊലപാതകികളുടെയും രാജ്യമായി അവതരിപ്പിക്കുകയാണു ചെയ്യുന്നത്.'

മറ്റൊരാള്‍ക്കെതിരേ വിവേചനം കാണിക്കുന്നതും, മറ്റൊരാളെ ആക്രമിക്കുന്നതും, മറ്റൊരാളെ കൊല്ലുന്നതും, മറ്റൊരാളുടെ ദേവാലയം നശിപ്പിക്കുന്നതും വിവേകാനന്ദന്‍ ശ്രേഷ്ഠതയോടെ അവതരിപ്പിച്ച ഹിന്ദുധര്‍മത്തിലുള്ളതല്ല. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ത്യയില്‍ പൗരാണികഗ്രന്ഥങ്ങളെ അടിസ്ഥാനമാക്കി ധ്യാനത്തിന്റെയും യോഗയുടെയും പ്രായോഗികമാര്‍ഗങ്ങളും ആത്മീയോപദേശങ്ങളും ജനങ്ങള്‍ക്കു നല്കുന്ന പ്രശസ്ത ആത്മീയാചാര്യന്മാരായ ശ്രീ ശ്രീ രവിശങ്കറും (ആര്‍ട്ട് ഓഫ് ലിവിങ് എന്ന സംഘടനയുടെ സ്ഥാപകന്‍) സദ്ഗുരു ജഗ്ഗി വാസുദേവും (ഈശ ഫൗണ്ടേഷന്റെ സ്ഥാപകന്‍) അവതരിപ്പിക്കുന്ന മതത്തിലുമുള്ളതല്ല. അങ്ങനെയായിരിക്കേ, ഈ ഹൈന്ദവനേതാക്കളുടെ ശബ്ദം മതത്തിന്റെ മൂലസിദ്ധാന്തങ്ങളെ സംരക്ഷിക്കുന്നതിനായി അവയെ വികലമാക്കുന്നവര്‍ക്കെതിരേ ഉയരാത്തതെന്തുകൊണ്ടാണ്?

സമസ്ത അല്ലെങ്കില്‍ ഭൂരിപക്ഷം ഹിന്ദുക്കള്‍ക്കും വേണ്ടിയാണു വിദ്വേഷത്തിന്റെ പ്രചാരകര്‍ സംസാരിക്കുന്നതെന്ന അനുമാനം ഞാന്‍ നിരാകരിക്കുന്നു. ഹിന്ദുത്വപ്രത്യയശാസ്ത്രം വാസ്തവത്തില്‍ ഹൈന്ദവതയുടെ ആപത്കാരിയായ ഒരു വൈകൃതമാണ്. ഇപ്പോള്‍ പ്രവര്‍ത്തനരഹിതമായ ലിബറല്‍ പാര്‍ട്ടി, സ്വാതന്ത്ര്യപൂര്‍വ സ്വതന്ത്രപാര്‍ട്ടി എന്നീ ഇരുപതാം നൂറ്റാണ്ടിലെ രാഷ്ട്രീയകക്ഷികളുടെ നേതാക്കള്‍ തങ്ങളുടെ ഹൈന്ദവതയിലുള്ള ദൃഢബന്ധത്തെപ്പറ്റി കൂസലില്ലാത്തവരായിരുന്നു; ലിബറല്‍ നേതാവ് ശ്രീനിവാസശാസ്ത്രി രാമായണത്തെക്കുറിച്ച് പണ്ഡിതോചിതമായ വിശദപഠനങ്ങള്‍ എഴുതി. സ്വതന്ത്ര പാര്‍ട്ടിയുടെ സ്ഥാപകനായ സി. രാജഗോപാലാചാരി (രാജാജി) ഒരു സംസ്‌കൃതപണ്ഡിതനായിരുന്നു. അദ്ദേഹത്തിന്റെ ഇതിഹാസവിവര്‍ത്തനങ്ങളും ഹൈന്ദവതയെക്കുറിച്ചുള്ള പ്രഭാഷണങ്ങളും, അന്തരിച്ച് ദശകങ്ങളായിട്ടും ഇപ്പോഴും വ്യാപകമായി വായിക്കപ്പെടുന്നു. അവര്‍ പ്രിയതരമെന്നു ചേര്‍ത്തുപിടിച്ച മതത്തെ പ്രതിനിധീകരിക്കുന്ന ഒന്നിലുംതന്നെ ഹിന്ദുത്വമതഭ്രാന്തോ അസഹിഷ്ണുതയോ അവര്‍ കണ്ടില്ല. ഇതുപോലെ, ഹിന്ദുത്വത്തിന്റെ രാഷ്ട്രീയനിര്‍മിതിയെ നിഷേധിക്കുമ്പോഴും പല കോണ്‍ഗ്രസ് നേതാക്കളും തങ്ങളുടെ ഹൈന്ദവമതവിശ്വാസത്തില്‍ സംതൃപ്തരാണ്. ഹൈന്ദവതയുടെ ആക്രമണതത്പരമായ വ്യാഖ്യാനങ്ങള്‍ക്കും 'വ്യാജ മതനിരപേക്ഷതയുടെ' ദൈവരഹിത പാശ്ചാത്യവത്കരണത്തിനും ഇടയിലാണവരുടെ മാര്‍ഗമെന്നു ഹിന്ദുത്വത്തിന്റെ വിദ്വേഷപ്രചാരകരോടു സൂചിപ്പിക്കുന്നത് ഉചിതമായിരിക്കും. നിങ്ങള്‍ക്കു സ്വന്തം ഹൈന്ദവമതവിശ്വാസം ഉണ്ടായിരിക്കുകയും അതേസമയംതന്നെ പുരോഗമനരാഷ്ട്രീയവാദിയാകുകയും ചെയ്യാമെന്ന് രാജാജിയും ശാസ്ത്രിയും തെളിയിച്ചിട്ടുണ്ട്. പക്ഷേ, ഹൈന്ദവരാഷ്ട്രീയതയെന്നാല്‍ ഹിന്ദുത്വവാദം മാത്രമായി ലോപിക്കുകയും അത്തരമൊരു ഏകീകരണം മാത്രമാണ് ഹിന്ദുമതം അനുശീലിക്കുന്നവര്‍ക്കു സാധ്യമായ സമീപനമെന്ന രീതിയിലേക്ക് കാര്യങ്ങളെത്തുകയും ചെയ്തു.
ഞാന്‍ ആ ആശയത്തെ നിരാകരിക്കുന്നു. ഞാനെന്നെയൊരു ഹിന്ദുവും പുരോഗമനവാദിയുമായി കാണുന്നു എന്നതു മാത്രമല്ല, ആ പുരോഗമനവാദമാണ് എന്റെ മതത്തിന്റെ വിശാലവും വിപുലവുമായ സ്വഭാവത്തിന് ഏറ്റവും അനുയോജ്യമായതെന്ന് കരുതുകയും ചെയ്യുന്നു.

മതനിരപേക്ഷമായ ഇന്ത്യയ്ക്കുള്ളില്‍, പൊതു സംസ്‌കാരം പങ്കിടുന്നതിനുള്ള അടിത്തറ നല്കുന്നതാണു ഹൈന്ദവത എന്നിരിക്കേ, വിഭാഗീയ ന്യൂനപക്ഷപീഡനത്തിനു ഹിന്ദുമതത്തെ ദുരുപയോഗം ചെയ്യുന്നത് തീര്‍ത്തും ദുഃഖകരമാണ്. അമീഷ് ത്രിപാഠിയെപ്പോലെ വന്‍പിച്ച ജനപ്രിയതയുള്ള എഴുത്തുകാര്‍ ഹിന്ദുത്വതീവ്രവാദികള്‍ക്ക് അടിയറവ് പറയാതെതന്നെ ഹൈന്ദവപുരാണത്തില്‍നിന്നുള്ള കഥാപാത്രങ്ങളെ പുനഃസൃഷ്ടിക്കുകയും ആധുനികകാല വായനക്കാര്‍ക്കു പ്രാപ്യമായ വിധത്തില്‍ ഇതിഹാസകഥകളെ അവതരിപ്പിക്കുകയും ചെയുന്നതില്‍ ഗംഭീരവിജയം നേടിയിട്ടുണ്ട്. ഹോളി മുതല്‍ ദീപാവലിവരെയും കേരളീയരുടെ ഓണവും പോലെയുള്ള ഹൈന്ദവോത്സവങ്ങള്‍ അവയുടെ മതപരമായ തുടക്കത്തില്‍നിന്നു മാറ്റപ്പെട്ട് ജനതയെ ഏകോപിപ്പിക്കുന്ന ആഘോഷങ്ങളായി മാറിയിരിക്കുന്നു. (ഹോളിയുടെ ആനന്ദത്തിമിര്‍പ്പും ഓണസമ്മാനങ്ങളും ദീപാവലിയുടെ വിളക്കുകളും മധുരപലഹാരങ്ങളും എല്ലാമവയെ മതേതരമാക്കി മാറ്റിയിട്ടുണ്ട്.) ഹൈന്ദവശൈലിയില്‍ ആവിര്‍ഭവിച്ച ഉത്സവങ്ങള്‍ - മേളകള്‍, ലീലകള്‍ - എല്ലാംതന്നെ ഏതു പശ്ചാത്തലത്തിലുംനിന്നുള്ള സാധാരണ ഇന്ത്യക്കാര്‍ക്ക് ഒത്തുകൂടാനുള്ള അവസരമാണിപ്പോള്‍. ഞാന്‍ നേരത്തേ പരാമര്‍ശിച്ചതുപോലെ, മുസ്‌ലിം കരകൗശലനിര്‍മാതാക്കളാണു വാരാണസിയില്‍ രാമലീലയ്ക്കു വേണ്ട മുഖപടങ്ങള്‍ നിര്‍മിക്കുന്നത്. ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഹൃദയത്തില്‍ത്തന്നെയാണു മതത്തിന്റെ സ്ഥാനം. പക്ഷേ, അതൊരു വിഭാഗീയതയുടെ മാര്‍ഗമായിട്ടല്ല; രാമായണവും മഹാഭാരതവും പോലെയുള്ള മതഗ്രന്ഥങ്ങള്‍, എല്ലാ ഇന്ത്യക്കാര്‍ക്കും പ്രാപ്യമായ മേഖലയായി പൊതുശൈലികള്‍ പ്രദാനം ചെയ്യുന്നു. അതിനാല്‍, അന്‍പത്തിരണ്ടധ്യായങ്ങളുള്ള മഹാഭാരതകഥ ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്തപ്പോള്‍, അതിന്റെ തിരക്കഥ എഴുതിയത് ഒരു മുസ്‌ലിം എഴുത്തുകാരന്‍ ഡോക്ടര്‍ റഹി മസൂം റാസ ആയിരുന്നു എന്നതില്‍ അതിശയമില്ല.

ഇന്ത്യയില്‍ ഹൈന്ദവതയും ഇസ്‌ലാമും ഒത്തുചേര്‍ന്നാണുള്ളത്. സര്‍വോപരി, രണ്ടു മതങ്ങളും ഒരേ ചരിത്രവും ഒരേ ഇടവും പങ്കിടുന്നു. വാസ്തവികതയുടെയും ആവശ്യത്തിന്റേതുമായ ഒരു സഹവാസമാണവരുടേത്.
ഒരളവുവരെ, ഇന്ത്യയിലെ മറ്റു ന്യൂനപക്ഷങ്ങള്‍ ഹൈന്ദവസംസ്‌കാരത്തെ പങ്കുപറ്റുന്നത് ദേശീയ മുഖ്യധാരയിലേക്കുള്ള തങ്ങളുടെ ഏകീകരണത്തിനു തെളിവായി കണക്കാക്കുന്നുണ്ട്. ടെന്നീസ് കളിക്കാരായ ആനന്ദ്, വിജയ്, അശോക് അമൃതരാജ് എന്നിവര്‍ ക്രിസ്തുമതാനുയായികളാണെങ്കിലും ഹൈന്ദവനാമങ്ങളാണവര്‍ക്ക്. വ്യക്തമായി കാണാവുന്ന കുരിശുമാല കഴുത്തിലിട്ട് അവര്‍ കളിക്കുന്നു. കളിക്കളത്തിലെ സമ്മര്‍ദനിമിഷങ്ങള്‍ക്കുശേഷം ദൈവത്തോടുള്ള കൃതജ്ഞതയായി അവരതില്‍ മുത്തുന്നു. പക്ഷേ, മക്കള്‍ക്കു ഹിന്ദുനാമങ്ങള്‍ നല്കുന്നത് കൂടുതല്‍ ദേശീയമാകുമെന്ന് അവരുടെ മാതാപിതാക്കളായ റോബര്‍ട്ടിനും മാഗിക്കും, കോളനിപൂര്‍വകാലത്ത് തോന്നിയിരിക്കും. ആ നാമകരണത്തെ തങ്ങളാരാധിക്കുന്ന ദൈവവുമായവര്‍ ബന്ധപ്പെടുത്തിയില്ല. ഞാനിതിനു വലിയ പ്രാധാന്യം കൊടുക്കുന്നില്ല. എന്തെന്നാല്‍, ഇന്ത്യന്‍ മുസ്‌ലിങ്ങള്‍ ഇപ്പോഴും തങ്ങളുടെ മൂലമതത്തോടുള്ള ആദരവിന്റെ പേരില്‍ അറബിനാമങ്ങളാണുപയോഗിക്കുന്നത്. 'അമൃതരാജ്' വസ്തുത (പല ക്രിസ്തീയകുടുംബങ്ങളില്‍ ആവര്‍ത്തിച്ചിട്ടുണ്ട്) ന്യൂനപക്ഷസമുദായങ്ങളുടെ സ്വയംസന്നദ്ധമായ സാംസ്‌കാരിക സങ്കലനത്തിനുള്ള ചട്ടക്കൂടായി ഹൈന്ദവത വര്‍ത്തിക്കുന്നതിനുള്ള ഉദാഹരണം മാത്രമാണ്. നിര്‍ബന്ധമോ പരിവര്‍ത്തനമോ ഒരു പ്രശ്‌നമാകാതെതന്നെയാണിതു സംഭവിക്കുന്നത്. ക്രിസ്തുമതത്തില്‍പ്പെട്ട ഗായകനായ യേശുദാസിനെ (പേരുതന്നെ യേശുവില്‍നിന്നാണ്) തങ്ങളുടെ ഏറ്റവും നല്ല ഭക്തിഗാനങ്ങളുടെ ഗായകനായി കേരളത്തിലെ ഹിന്ദുക്കള്‍ കരുതുന്നു. ഒരു ക്രിസ്ത്യാനി എന്ന നിലയില്‍ അദ്ദേഹത്തിനു പ്രവേശനമില്ലാത്ത ശ്രീ ഗുരുവായൂര്‍ക്ഷേത്രത്തിലും പരിസരങ്ങളിലും ദശകങ്ങളായി അദ്ദേഹത്തിന്റെ ഭക്തിഗാനങ്ങള്‍ അലയടിക്കുന്നു. (എന്നിരുന്നാലും താന്‍ കൃഷ്ണഭക്തനാണെന്നുറപ്പു കൊടുത്തുകൊണ്ട് ക്ഷേത്രപ്രവേശനത്തിനപേക്ഷ നല്കിയാല്‍ അനുമതി നല്കാമെന്ന പ്രസ്താവന 2017 സെപ്റ്റംബര്‍ മാസത്തിലുണ്ടായി).ഹൈന്ദവത ഒരു സംസ്‌കാരമെന്ന നിലയില്‍

ഒരു മതമെന്നതിലുപരിയായി ഒരു സംസ്‌കാരമെന്ന നിലയില്‍ ഹൈന്ദവതയെപ്പറ്റി വളരെയേറെ സംസാരിക്കുവാന്‍ കഴിയും. ഇന്ത്യയില്‍ ഒരു പൊതുപദ്ധതിയുടെ ഉദ്ഘാടനം തറക്കല്ലിടുന്നതോ ഒരു കപ്പല്‍ കടലിലിറക്കുന്നതോ പോലെയുള്ള കാര്യങ്ങള്‍ തേങ്ങയുടച്ചുകൊണ്ടാണ് ആരംഭിക്കുന്നത്. പാശ്ചാത്യാഘോഷങ്ങളില്‍ തികഞ്ഞ മദ്യവര്‍ജകരായവരും ഷാംപെയ്ന്‍ കുപ്പി തുറക്കുന്നത് അംഗീകരിക്കുന്നതുപോലെ, ഇക്കാര്യവും മറ്റു മതങ്ങളില്‍പ്പെട്ട ഇന്ത്യക്കാര്‍ അംഗീകരിക്കുന്നു. സമാന ഹൈന്ദവാചാരങ്ങള്‍ ഇപ്പോള്‍ മുസ്‌ലിം സംസ്‌കാരത്തിലുള്ള ജാവ ദ്വീപിലും ബുദ്ധമതാടിത്തറയുള്ള തായ്‌ലാന്‍ഡിലും അതിജീവിച്ചിരിക്കുന്നു. ഇസ്‌ലാമില്‍ ഇന്‍ഡോനേഷ്യക്കാര്‍, രാമായണത്തെ അതിന്റെ മതപരമായ ബന്ധങ്ങള്‍ അടര്‍ത്തിമാറ്റിയ രീതിയില്‍ ഇപ്പോഴും ആസ്വദിക്കുന്നു. ജാവ മുസ്‌ലിങ്ങള്‍ക്ക് സംസ്‌കൃതനാമങ്ങളുണ്ട്. ഹൈന്ദവസംസ്‌കാരത്തെ അതിന്റെ മതബന്ധങ്ങളില്‍നിന്ന് വേര്‍പെടുത്തി എല്ലാവര്‍ക്കും അവകാശപ്പെടാവുന്ന ഒരു പൈതൃകമായി ഉപയോഗിച്ചാല്‍, അഹിന്ദുക്കള്‍ക്കവയെ അനായാസം ആശ്ലേഷിക്കുവാന്‍ കഴിയും. ഒഡീസിയും ഇലിയഡും പാശ്ചാത്യനാടുകളിലെന്നതുപോലെ, രാമായണവും മഹാഭാരതവും നമ്മുടെ വിദ്യാലയങ്ങളില്‍ പഠിപ്പിക്കണമെന്ന് ഞാന്‍ പലപ്പോഴും വാദിച്ചിട്ടുണ്ട്. മതഗ്രന്ഥങ്ങളായിട്ടല്ല, നമ്മുടെ സംസ്‌കാരത്തിന്റെ ഉത്തുംഗഗോപുരങ്ങളായി, അനവധി ഐതിഹ്യങ്ങളുടെയും സാംസ്‌കാരികപരാമര്‍ശങ്ങളുടെയും സ്രോതസ്സുകളായി.

ഹൈന്ദവത എന്നാല്‍ അയോധ്യയുടെയോ ഗുജറാത്തിന്റെയോ ഹിന്ദുത്വമല്ലെന്ന് അമര്‍ത്ത്യ സെന്‍ വളരെ ശരിയായ വിധത്തില്‍ ഊന്നിപ്പറഞ്ഞിട്ടുണ്ട്; അത് എല്ലാ ഇന്ത്യക്കാര്‍ക്കും മതേതര ഇന്ത്യന്‍ ദേശീയതയുടെ സാംസ്‌കാരിക ഉള്ളടക്കത്തിന് അര്‍ഥം നല്കുന്ന മതപരവും ദാര്‍ശനികവും ആത്മീയവും ചരിത്രപരവുമായ പൈതൃകമാണു പ്രദാനം ചെയ്തിട്ടുള്ളത്. രാജ്യത്തിന്റെ വാസ്തവികമായ ഹിന്ദുപൈതൃകത്തെ പരിഗണിക്കുന്ന ഒരു ഇന്ത്യാരാഷ്ട്രം കെട്ടിപ്പടുക്കുന്നതിനു നാം ദേശീയപ്രസ്ഥാനത്തിന്റെ ബഹുസ്വരതയിലേക്കു മടങ്ങിപ്പോകേണ്ടതുണ്ട്. ഈ പ്രക്രിയയില്‍ ന്യൂനപക്ഷങ്ങള്‍ക്കു നഷ്ടം വരുത്തിക്കൊണ്ട് ഹൈന്ദവതയ്ക്ക് ഒരു സൈദ്ധാന്തികപരിവേഷം നല്കുന്ന തരത്തിലുള്ള കര്‍ക്കശമായ ഹിന്ദുത്വാഹ്വാനങ്ങളില്‍നിന്നു വഴിമാറുക എന്നതാണുണ്ടാകേണ്ടത്. എന്തെന്നാല്‍, അത്തരം ആഹ്വാനങ്ങള്‍ വിവേകാനന്ദന്റെ ഹിന്ദുമതത്തിന്റെ സാരത്തെയാണു നിരാകരിക്കുന്നത്. ഇത് ദൈവരഹിതനായൊരു മതനിരപേക്ഷകനായല്ല ഞാന്‍ പറയുന്നത്. മറിച്ച്, ഹിന്ദുമതവിശ്വാസിയെന്ന നിലയില്‍ അഭിമാനിക്കുകയും തന്റെ മതം, അതിന്റെ വിശ്വാസങ്ങളെയും ആചാരത്തെയും ചരിത്രത്തെയും കുറിച്ച് യാതൊരു ജ്ഞാനവുമില്ലാതെതന്നെ അവയെ സംരക്ഷിക്കുവാനെന്ന അവകാശവാദത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്നത്തെ മതഭ്രാന്തന്മാരുടെ കൈകളിലേക്കു ചുരുങ്ങിപ്പോകുന്നതു കണ്ട് പകച്ചുനില്ക്കുകയും ചെയ്യുന്ന ഒരാളായിട്ടാണ്. ബഹുസ്വരമായ ഒരു മതദാര്‍ശനികതയെ രാഷ്ട്രീയസ്വത്വത്തിന്റെ ഉപകരണമാക്കുന്ന പ്രക്രിയയില്‍ അതിനെ വികലമാക്കുകയാണവര്‍ ചെയ്തത്.

ചരിത്രപരവും സാംസ്‌കാരികവുമായ ഓര്‍മകള്‍ സമകാലികവീക്ഷണങ്ങള്‍ ഓരോ കുടുംബത്തിനും വ്യത്യസ്തമായ രീതിയിലായിരിക്കും പകരുന്നത്. ഉദാഹരണത്തിന്, എന്റെ അമ്മയുടെ സമ്പന്നമായിരുന്ന നായര്‍കുടുംബം ടിപ്പുസുല്‍ത്താന്റെ ആസന്നമായ ആക്രമണത്തെ ഭയന്ന് സ്വത്തുക്കള്‍ സംരക്ഷിക്കുവാനായി തികഞ്ഞ ബുദ്ധിശൂന്യതയോടെ പ്രവര്‍ത്തിച്ചു. അജ്ഞാതമായ ഒരിടത്ത് തങ്ങളുടെ സ്വത്തുക്കള്‍ കുഴിച്ചിട്ടു. പിന്നീടൊരിക്കലും അവര്‍ക്കത് കണ്ടെത്താനായില്ല! ആ കഥകള്‍ വിഷമത്തോടെയും ദേഷ്യത്തോടെയും രണ്ടു നൂറ്റാണ്ടോളം തലമുറകളിലേക്കു പകര്‍ന്നുവെങ്കിലും എന്റെ കുടുംബം തന്മൂലം ടിപ്പുസുല്‍ത്താനോടോ അദ്ദേഹത്തിന്റെ കൊള്ളസംഘത്തോടോ തോന്നിയ അനിഷ്ടം അക്കാലത്തെയോ ഇക്കാലത്തെയോ മുസ്‌ലിം ജനതയെ അപ്പാടേ വെറുക്കുവാനുള്ള കാരണമാക്കിയില്ല. പോയകാലത്തെ ക്ഷേത്രാക്രമണങ്ങളെക്കുറിച്ച് യാതൊരു അബദ്ധധാരണകളൊന്നുമില്ലെങ്കിലും അത് ഇക്കാലത്തെ മതഭ്രാന്തിനെ ന്യായീകരിക്കാനുപയോഗിക്കുന്ന വിധത്തിലല്ല ഞങ്ങള്‍ ഇളംതലമുറയെ വളര്‍ത്തിയത്. ചരിത്രത്തെയൊരാള്‍ക്ക് വിലമതിക്കാം, അനന്തരമതിനെ അതിന്റെതായ ഇടത്തിലുപേക്ഷിക്കാം.

ഒരു ബഹുസ്വരരാഷ്ട്രം നടത്തുന്നതിന്റെ ആശയക്കുഴപ്പങ്ങള്‍ക്കുള്ള സത്യസന്ധമായ ഉത്തരങ്ങള്‍ ഇന്നത്തെ ഇന്ത്യന്‍ജനത കണ്ടെത്തണം. ഒരു പൊതുശത്രുവിനാല്‍, ഗാഢമായി ഒന്നിച്ചു ചേര്‍ക്കപ്പെട്ട ഒരു സംഘം ആളുകള്‍ എന്ന് ചിലപ്പോഴൊക്കെ ദേശീയവാദികള്‍ രാഷ്ട്രത്തെ നിര്‍വചിക്കാറുണ്ട്. ഇന്ത്യക്കാരുടെ പൊതുശത്രു രാജ്യത്തിനുള്ളില്‍ത്തന്നെയാണ്. പക്ഷേ, അത് ഹിന്ദുത്വവാദികളും അവരുടെ സമാനചിന്താഗതിക്കാരും കണ്ടെത്തിയിട്ടുള്ളതല്ല. വിഭാഗീയചിന്താഗതിയുള്ള വര്‍ഗീയശക്തികളാണത്. തടയപ്പെടാതിരുന്നാല്‍ രാജ്യത്തെ കീറിമുറിക്കുവാനോ അല്ലെങ്കില്‍ ആത്മാഭിമാനികളായ ഹിന്ദുക്കള്‍ക്ക് ഒരിക്കലും അംഗീകരിക്കുവാന്‍ കഴിയാത്ത വിധത്തില്‍ അതിനെ രൂപാന്തരപ്പെടുത്തുവാനോ കഴിവുള്ളതാണത്.

നമ്മുടെ വര്‍ത്തമാനകാലത്തിന്റെ അടിസ്ഥാനപരമായ പ്രശ്‌നം, പല വിധത്തിലും സംസ്‌കാരങ്ങള്‍ തമ്മിലുള്ള കലാപമല്ല, മറിച്ച് സിദ്ധാന്തങ്ങള്‍ തമ്മിലുള്ളതാണ്. മതപരവും വംശീയവുമായവ ഒരു വശത്ത്, മറുഭാഗത്ത് മതേതര ഉപഭോക്തൃമുതലാളിത്തവും. വൈരുധ്യങ്ങളുടെ മധ്യേയാണ് ഈ കലാപം നടക്കുന്നത്. ആഭ്യന്തരയുദ്ധവും ഭീകരപ്രവര്‍ത്തനങ്ങളും രാജ്യങ്ങള്‍ തമ്മിലുള്ള ഭിന്നിപ്പുംമൂലം ലോകം ഛിന്നഭിന്നമാകുമ്പോള്‍ത്തന്നെ അതൊരു ഏക അന്താരാഷ്ട്രവിപണിയായി ഒരുമിച്ചുചേരുന്നു, ആഗോളവത്കരണത്തിനു നന്ദി. ഇന്നതിനൊരു പ്രത്യാഘാതമുണ്ട്, അല്ലെങ്കില്‍ കൂടുതല്‍ കൃത്യമായി പറഞ്ഞാല്‍ രണ്ടുതരം പ്രത്യാഘാതങ്ങള്‍: ഒന്ന് വ്യാപകമായി കാണപ്പെടുന്ന സാമ്പത്തിക ആഗോളവത്കരണ വിരുദ്ധത. തങ്ങളുടെ ജോലിസാധ്യതകള്‍ വിദൂരനാടുകളിലേക്കു കയറ്റിയയയ്ക്കുന്ന ഉന്നതര്‍ക്കെതിരേ പരാജിതര്‍ പ്രതികരിക്കുന്നത്. രണ്ടാമത്തേത്, സാംസ്‌കാരിക ആഗോളവത്കരണവിരുദ്ധത. അതിന്റെ അനുകൂലികള്‍ പരമ്പരാഗതസ്വത്വത്തിന്റെ സ്വാസ്ഥ്യമന്വേഷിക്കുന്നു. പാശ്ചാത്യനാടുകളില്‍ പലയിടത്തും ഇവ രണ്ടും അതിവ്യാപനം ചെയ്യുന്നു. പക്ഷേ, ഇന്ത്യയെപ്പോലൊരു രാജ്യത്ത് അതുണ്ടാകുന്നില്ല; ഇന്ത്യന്‍ സര്‍ക്കാര്‍, ആഗോളവത്കരണത്തിന്റെ ഭാഗമാകാന്‍ യത്‌നിക്കുകയും അതേസമയംതന്നെ അത് പ്രതിഫലിപ്പിക്കുന്ന സാംസ്‌കാരികനാനാത്വത്തെ നിഷേധിക്കുകയും ചെയ്യുന്നു. ഇന്ത്യയിലെ ഹിന്ദുത്വപ്രസ്ഥാനം, രണ്ടാമതു പറഞ്ഞ തരത്തിലുള്ള മതപരവും വംശീയവുമായ സ്വത്വം, ദേശീയ ആധികാരികത, സാംസ്‌കാരിക സ്ഥിരപ്രതിഷ്ഠതത്ത്വം എന്നിവയുടെ പേരില്‍ സാര്‍വലൗകികതയ്ക്കും ഭിന്നസാംസ്‌കാരികതയ്ക്കും മതേതരത്വത്തിനും എതിരേയുള്ള പ്രത്യാഘാതമാണ്.

ഇന്ത്യയില്‍ ആധികാരികതയ്ക്കും സ്ഥിരപ്രതിഷ്ഠിതത്വത്തിനുമുള്ള അവകാശവാദങ്ങള്‍ ബി.ജെ. പി. ഭരണകാലത്ത് ഒരു ഹൈന്ദവഭൂരിപക്ഷനിറമാര്‍ജിച്ചു. അത് ഇന്ത്യക്കാരെ തങ്ങളുടെ മതപരമായ ബന്ധത്തിനു ചുറ്റും ചിട്ടപ്പെടുത്തിയ ഏക സ്വത്വമെന്നതിലേക്കു ചുരുക്കി. ഞങ്ങളിലോരോരുത്തര്‍ക്കും, ഞാനെന്റെ 1997ലെ ഇന്ത്യ: ഫ്രം മിഡ്‌നൈറ്റ് റ്റു മില്ലെനിയം എന്ന പുസ്തകത്തില്‍ പറഞ്ഞതുപോലെ അനേകം സ്വത്വങ്ങളുണ്ട്. ചിലപ്പോള്‍, മതം നമ്മുടെ സ്വത്വങ്ങളില്‍ അന്തര്‍ലീനമായിരിക്കുന്ന ബഹുസ്വരതയെ തുടച്ചുമാറ്റിക്കൊണ്ട് നമ്മുടെ സ്വന്തം സങ്കീര്‍ണതയെക്കുറിച്ചുള്ള സത്യം നിഷേധിക്കുവാന്‍ കടപ്പെട്ടതാകുന്നു. മതമൗലികവാദം, പ്രത്യേകിച്ചും ആ രീതിയില്‍ പ്രവര്‍ത്തിക്കുന്നു. എന്തെന്നാല്‍, അത് കേവലമായ ഉടമസ്ഥതയ്ക്കുള്ള ആഗ്രഹത്തെ മൂര്‍ത്തീകരിക്കുന്നു. അതാകട്ടെ, ആഗോളവത്കരണത്തിന്റെ ഭീഷണികളും ഭക്തരാഷ്ട്രീയത്തിന്റെ അസാധാരണത്വവും മൂലം തീവ്രമാക്കപ്പെട്ട വാഞ്ഛയാണ്. അത് അനുയായികളുടെ അനിവാര്യമായ യഥാര്‍ഥമോ സങ്കല്പിതമോ ആയ വ്രണിതബോധത്തില്‍നിന്നും പുഷ്ടിപ്പെടുകയും ചെയ്യുന്നു. ഈ വിധത്തില്‍, ഹിന്ദുത്വപുനഃസ്ഥാപനം ഇസ്‌ലാമിക മതതീവ്രവാദത്തിന്റെയും വെള്ളക്കാരുടെ ക്രിസ്തീയ മതമൗലികവാദത്തിന്റെയും അതേ പാതയില്‍ത്തന്നെയാണു കാണപ്പെടുന്നത്.

എന്താണു ചെയ്യേണ്ടത്? മതത്തിന്റെ നിയമസാധുത നമുക്കില്ലാതാക്കാനാവില്ല - മൂല്യവത്തും സാരവത്തുമായ എന്തോ ഒന്ന് തീര്‍ച്ചയായും മതത്തിലുണ്ട്. കൂടാതെ, അത് ദൈവത്തിങ്കലേക്കു കൈകള്‍ നീട്ടുന്ന ലോകമെമ്പാടുമുള്ള മാനവികതയുടെ ഒപ്പം നില്ക്കുന്ന ഒരാളായി സ്വയം കാണുവാന്‍ ഒരു മനുഷ്യനെ അനുവദിക്കുന്നതുമാണ്. പക്ഷേ, നമുക്ക് മതത്തെ സ്വത്വത്തില്‍നിന്നും വേര്‍തിരിക്കാനാകുമോ? മതത്തിന് ആദരണീയമായ ഒരു സ്ഥാനമുള്ളതും എന്നാല്‍ ആത്മീയതയ്ക്കുള്ള ആവശ്യം അതിന് അടിമപ്പെടുക എന്ന ആവശ്യത്തില്‍നിന്ന് വേറിട്ടു നില്ക്കുകയും ചെയ്യുന്ന ഒരു ലോകം നമുക്കു സ്വപ്‌നം കാണാനാകുമോ? മതം തീവ്രവാദത്തെയും വര്‍ഗീയകലാപങ്ങളെയും പരിപോഷിപ്പിക്കുന്നത് അവസാനിപ്പിക്കണമെങ്കില്‍ നാം സ്വത്വത്തിനുള്ള ആവശ്യകതയെ തൃപ്തിപ്പെടുത്തുവാന്‍ മറ്റു മാര്‍ഗങ്ങള്‍ കണ്ടെത്തേണ്ടതുണ്ട്. സ്വത്വമെന്നത് മതത്തെക്കാളുപരിയായി പൗരത്വവുമായും സിദ്ധാന്തത്തെക്കാളുപരിയായി ദേശവുമായും ബന്ധപ്പെട്ടതാകുകയും ആ സ്വത്വം ഒരു വ്യക്തിയുടെ മറ്റു സ്വത്വങ്ങളുമായി ഐക്യത്തില്‍ സഹവസിക്കാവുന്നതും ആകുമ്പോള്‍ നാം ദുരന്തപ്രവാചകര്‍ (സംസ്‌കാരങ്ങള്‍ തമ്മിലുള്ള കലാപം പ്രവചിച്ച സാമുവല്‍ ഹണ്ടിങ്ടണെപ്പോലെയുള്ളവര്‍) വിഭാവനം ചെയ്യുന്ന ഭീകരതകളില്‍നിന്ന് രക്ഷപ്പെട്ടേക്കാം. ഒരു സങ്കരസംസ്‌കാരമെന്ന നിലയില്‍ അതിജീവിക്കുകയും പുഷ്ടിപ്പെടുകയും ചെയ്ത ഇന്ത്യയെ, സംസ്‌കാരങ്ങള്‍ തമ്മിലുള്ള ഒരു ആഭ്യന്തരകലാപത്തിനു നശിപ്പിക്കുവാനാകും.

ഹൈന്ദവതയുടെ നാനാത്വസ്വാംശീകരണത്തിനു പല വിധത്തിലും നന്ദിപറയണം. എന്തിനെന്നാല്‍, ഇന്ത്യയുടെതായ ഓരോന്നും അനേകം രൂപാന്തരങ്ങളിലുണ്ട്. ഒരു ഏകമാനകമില്ല, നിശിതമായ മാതൃകയില്ല, ഏകമാര്‍ഗമില്ല. രാജ്യത്തിന്റെ തനതായ പ്രകൃതത്തില്‍നിന്നാണ് ഈ ബഹുസ്വരത ഉയര്‍ന്നുവന്നത്; അത് ഇന്ത്യയുടെ ഭൂമിശാസ്ത്രത്താല്‍ അനിവാര്യമായതും ചരിത്രത്താല്‍ പുനഃസ്ഥിരീകരിക്കപ്പെട്ടതുമാണ്. ഏകവും അന്യനിഷേധകവുമായ ദേശീയത അനുവദിക്കപ്പെടാനാകാത്തത്ര ഭീമമാണത്. ദേശീയതയുടെ ലിറ്റ്മസ് ടെസ്റ്റായി എല്ലാ ഇന്ത്യക്കാരും 'ഭാരത്മാതാ കീ ജയ്' മുദ്രാവാക്യം മുഴക്കണമെന്ന് ഹിന്ദുത്വവാദികള്‍ ആവശ്യപ്പെട്ടപ്പോള്‍, ഒരിന്ത്യക്കാരനും താന്‍ മനസ്സില്‍ വിശ്വസിക്കാത്ത മുദ്രാവാക്യം ഉച്ചരിക്കേണ്ടതില്ലെന്ന് നമ്മളില്‍പ്പലരും ഉറപ്പിച്ചു പറഞ്ഞു. ഉദാഹരണത്തിന്, മാതൃരാജ്യത്തെ ദേവതയായി കാണു
ന്നത് തങ്ങളുടെ മതവിശ്വാസത്തിനെതിരാണെന്നു ചില മുസ്‌ലിങ്ങള്‍ കരുതുന്നുണ്ടെങ്കില്‍ അവര്‍ക്കതു ചെയ്യാതിരിക്കുവാനുള്ള അവകാശം നമ്മുടെ ഭരണഘടന നല്കുന്നുണ്ട്. ആ അവകാശം നിഷേധിക്കുന്നത് ഹിന്ദുത്വവാദികള്‍ ചെയ്യുന്ന തെറ്റാണ്.

ഇത് നമുക്കു സ്വമേധയാ ലഭിച്ചതാണെന്ന രീതിയിലാണു നാം വളര്‍ന്നുവന്നത്. ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടപ്പോള്‍ രാജ്യത്തെ വിഭജിച്ച വിഭാഗീയതയെ തള്ളിക്കളയാനും നമ്മെ പഠിപ്പിച്ചിരുന്നു. ഞാനെന്റെ സ്വന്തം ജാതിയറിയാതെയാണു വളര്‍ന്നത്. എന്റെ സുഹൃത്തുക്കളുടെയും സഹപാഠികളുടെയും മതപ്രതിപത്തിയെപ്പറ്റിയും എനിക്കറിവുണ്ടായിരുന്നില്ല. ആ അറിവുകള്‍ കാലത്തിനനുസരിച്ച് എനിക്കുണ്ടായി. പക്ഷേ, എന്റെ വീക്ഷണത്തെയോ സ്വഭാവത്തെയോ ബാധിക്കാനാകാത്തത്ര വൈകിയായിരുന്നു അത്. ഞങ്ങള്‍ ഇന്ത്യക്കാരായിരുന്നു: വര്‍ഗീയവിഭാഗീയതകളെ അതിജീവിച്ച ദേശീയതയില്‍ വിശ്വസിച്ചാണു ഞങ്ങള്‍ വളര്‍ത്തപ്പെട്ടത് (ആ ആശയം നിരന്തരം അനുശാസിക്കപ്പെടുകയും ചെയ്തു). ഇത് സവിശേഷാധികാരമുള്ളവരുടെ ഉന്നതമായ വിസ്മൃതിയായി തോന്നിയേക്കാം. പക്ഷേ, അത്തരം വിശ്വാസങ്ങള്‍ ഉന്നതര്‍ക്കു മാത്രമായിരുന്നില്ല ഉണ്ടായിരുന്നത്: ഗ്രാമങ്ങളില്‍പ്പോലുമുള്ള ഇന്ത്യന്‍ ജനതയുടെ ജീവിതത്തിന്റെ പ്രതിഫലനമായിരുന്നു അത്. സ്വതന്ത്ര ഇന്ത്യ ജന്മമെടുത്തത് ഒരു ദേശീയസമരത്തില്‍നിന്നാണ്. അതില്‍ പരസ്പരമുണ്ടായിരുന്ന അംഗീകാരമായിരുന്നു ദേശീയബോധത്തിന്റെ അടിത്തറ. ആ പരസ്പരാംഗീകാരത്തെ ഞങ്ങള്‍ ഒരുപക്ഷേ ബുദ്ധിഹീനമായിത്തന്നെ മതേതരത്വമെന്നു വിളിച്ചു.

ഹിന്ദുതീവ്രവാദം, ഭാഗികമായി മറ്റു മതമേല്‍ക്കോയ്മകള്‍ക്കുള്ള പ്രതികരണമാണ്. ഞാന്‍ ചൂണ്ടിക്കാട്ടിയതുപോലെ, തങ്ങളുടെ മതേതരത്വത്തെ പരസ്യമായി വെളിപ്പെടുത്തുന്ന ഒട്ടനവധി ജനങ്ങള്‍ മതേതരരെ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന 'മെക്കാളെയുടെ പുത്രന്മാര്‍' എന്നോ 'ബാബറിന്റെ മക്കളെന്നോ' അപമാനിക്കുന്ന ചില ഹിന്ദുക്കളുടെ അവജ്ഞയ്ക്കു കാരണമാകുന്നുണ്ട്. മതേതരത്വത്തോടു യോജിച്ചു നില്ക്കുന്ന അത്തരം ഹിന്ദുക്കളെ തങ്ങളുടെ സംസ്‌കാരത്തില്‍നിന്നും പൈതൃകത്തില്‍നിന്നും വിഭജിച്ചു മാറിയവരായി കരുതുകയും ഹിന്ദുത്വവാദികളുടെ നിര്‍വചനമനുസരിച്ചുള്ള അവരുടെ ആധികാരികമൂലങ്ങള്‍ കണ്ടെത്തുവാന്‍ വെല്ലുവിളിക്കുകയുമാണവര്‍ ചെയ്യുന്നത്.

ഹൈന്ദവത ഒരു ഒറ്റക്കല്‍പ്രതിമയല്ല

പക്ഷേ, ഹൈന്ദവത ഒരു ഒറ്റക്കല്‍പ്രതിമയല്ല. അതിന്റെ ശക്തി ഓരോ ഹിന്ദുവിലുമാണ് കാണപ്പെടുന്നത്, സഞ്ചിതമായിട്ടല്ല. ഒരു ഹിന്ദു 'നിമിത്ത'ത്തെ നിര്‍വചിക്കുന്നത് അഹിന്ദു നിമിത്തങ്ങളുടെ നിര്‍വചനത്തിനുള്ള രാഷ്ട്രീയ പ്രതികരണമായിട്ടാകാം: ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലത്ത് ഒരു പ്രത്യേക മുസ്‌ലിം പൊതുബോധം രാഷ്ട്രീയരംഗത്തുയര്‍ന്നുവന്നതിനു സമകാലികമായാണു ഹിന്ദുത്വവാദവും ഉടലെടുത്തത്. ഇന്ത്യയിലെ ന്യൂനപക്ഷത്തിനു ലഭിച്ചിരുന്ന സങ്കല്പിത പ്രീണനത്തിനെതിരായ അപ്രീതി അത്യധികമായി പെരുകിയാണു നൂറ്റാണ്ടിന്റെ അവസാനദശകത്തില്‍ ബാബ്‌റി മസ്ജിദിന്റെ നശീകരണത്തില്‍ കലാശിച്ചത്. ഹൈന്ദവ ആള്‍ക്കൂട്ടത്തിന്റെ ക്ഷോഭം, സ്വത്വമത്സരത്തില്‍ പിന്നാക്കം തള്ളപ്പെട്ടുവെന്നു കരുതിയവരുടെ ക്ഷോഭമായിരുന്നു. തങ്ങളുടെ രാജ്യം മുന്‍കാലത്തത് തട്ടിയെടുത്തവരില്‍നിന്ന് തിരികെപ്പിടിക്കുന്നു എന്നാണവര്‍ ഇതിലൂടെ ചിന്തിച്ചത്. അവര്‍ക്ക് ചരിത്രത്തോടു പകരംവീട്ടണമായിരുന്നു. പക്ഷേ, ചരിത്രം അതിന്റെതന്നെ പ്രതികാരമാണെന്ന് അവര്‍ തിരിച്ചറിഞ്ഞില്ല.

ഹൈന്ദവസ്വത്വത്തെ ഒരു പുതിയ വിശ്വാസഘടനയിലും പദസമ്പത്തിലും പുനഃസൃഷ്ടിക്കുവാനായിരുന്നു ഹിന്ദുത്വപദ്ധതിയുടെ ശ്രമം. ഹിന്ദുമതത്തെ തങ്ങള്‍ വെറുക്കുകയും അതേസമയം അനുകരിക്കുവാന്‍ ശ്രമിക്കുകയും ചെയ്യുന്ന സെമിറ്റിക് മതങ്ങള്‍പോലെയാക്കിത്തീര്‍ക്കുവാനാണവര്‍ ശ്രമിക്കുന്നത്: ഹൈന്ദവദൈവികതയ്ക്കു കൂടുതല്‍ നിശിതമായ ബോധം നല്കുന്നതിനായി പുണ്യഗ്രന്ഥങ്ങളില്‍നിന്ന് ചിലതു മാത്രം തിരഞ്ഞെടുക്കുക. പ്രത്യേകിച്ച് ഗീത, മതത്തിന്റെ കൂടുതല്‍ കര്‍ക്കശമായ അയവു കുറഞ്ഞ പതിപ്പുണ്ടാക്കിയെടുക്കുന്നതിനായി അവയെ മഹത്ത്വവത്കരിക്കുക, അനേകം ദൈവങ്ങളില്‍നിന്ന് കുറച്ചു ദൈവങ്ങളെ മാത്രം കേന്ദ്രീകരിക്കുക - വിശേഷിച്ചും ശിവന്‍, രാമന്‍, കൃഷ്ണന്‍ എന്നിവര്‍ ഗണപതിയും ദേവിയുമൊക്കെ ഈ തിരഞ്ഞെടുപ്പില്‍നിന്നു പുറത്താകുന്നു - മെച്ചപ്പെട്ട സമുദായബോധം നല്കുന്നതിനായി സവിശേഷമായ ചില ഉത്സവങ്ങള്‍ക്കും ആചാരങ്ങള്‍ക്കും സാമാന്യമായ (പൊതുവായ) അനുവര്‍ത്തനരീതികള്‍ നിര്‍മിക്കുക എന്നിങ്ങനെയാണു പ്രവര്‍ത്തനരീതികള്‍. ഹിന്ദുക്കളുടെ ഭക്ഷണനിയന്ത്രണവും അവരുടെ പദ്ധതിയിലുള്ള ആഗ്രഹമാണ്. അതിനാല്‍ ഗോമാംസം നിഷേധിക്കുന്നതുതന്നെ (പല ജാതിയിലുള്ളവരും മുന്‍പ് അതു കഴിച്ചിരുന്നുവെങ്കിലും) ഒരു മതമുദ്രയായി മാറിയിരിക്കുന്നു; ഹിന്ദുത്വസാമ്രാജ്യത്തിന്റെ പദാവലികള്‍ അനായാസം പ്രചരിപ്പിക്കുന്നതിനായി ഹിന്ദിയെ ദേശീയഭാഷയെന്ന നിലയില്‍ പ്രോത്സാഹിപ്പിക്കുക; ഒരേ മുദ്രാവാക്യങ്ങള്‍ മുഴക്കുക (ഭാരത്മാതാ കീ ജയ്, ജയ് ശ്രീറാം പോലെയുള്ളവ), ഒരേ ഗീതങ്ങള്‍ പാടുക (വന്ദേമാതരം നിര്‍ബന്ധിതമാണ്) - ചില മുസ്‌ലിങ്ങള്‍ക്ക് അതില്‍ പ്രയാസമുണ്ടെങ്കിലും സദൃശത ഉറപ്പാക്കുന്നതിനായി ഇവയെല്ലാം നടപ്പിലാക്കുകയാണവരുടെ ഉദ്ദേശ്യം. ഹൈന്ദവതയുടെ ഈ നിര്‍മിതിക്കു വേദങ്ങളോടോ ഭക്തിപ്രസ്ഥാനത്തോടോ പുരാണങ്ങളോടോ ഉള്ളതിനെക്കാള്‍ ഏറെ സാംഗത്യമുള്ളത് രാഷ്ട്രീയവും സാംസ്‌കാരികവുമായ അരക്ഷിതാവസ്ഥയിലുഴറുന്ന ഒരു കാലത്തോടും ആഗ്രഹങ്ങളുടെ നവീനസങ്കുചിതബോധത്തോടുമാണ്: ഹിന്ദുമതത്തിന്റെ പേരില്‍ സംസാരിക്കുമ്പോള്‍ത്തന്നെ അത് ഹൈന്ദവതയുടെ ചരിത്രത്തെ നിഷേധിക്കുന്നു.

വിഭിന്നസമൂഹങ്ങളുടെ അഭിലാഷങ്ങളെ ഉള്‍ക്കൊള്ളിക്കുക എന്നതാണ് ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളി. ഹിന്ദുമതത്തിന്റെ സ്വഭാവധര്‍മങ്ങള്‍ - സഞ്ചിതവും ബഹുമുഖവും സാകല്യതയുമുള്ള - ഈ വെല്ലുവിളിയെ നേരിടുവാന്‍ സഹായിക്കുന്നു. ഹിന്ദുത്വത്തിന്റെ സിദ്ധാന്തമാകട്ടെ, പൊരുത്തപ്പെടുന്നതിനായി ഏകരൂപതയ്ക്കു മുന്‍ഗണന നല്കുന്നു. ഇന്ത്യയുടെ ആത്മാവിനുവേണ്ടിയുള്ള യുദ്ധം രണ്ടു ഹൈന്ദവതകള്‍ തമ്മിലാണ്. ദേശീയപ്രസ്ഥാനത്തിന്റെ മതേതര ഇന്ത്യനിസവും അയോധ്യാജനക്കൂട്ടത്തിന്റെ മൗലികമതഭ്രാന്തും. ഞാനീ വാക്കുകളെഴുതുമ്പോഴും ആ യുദ്ധം രൂക്ഷമാണ്.

ബാബ്‌റി മസ്ജിദ് തകര്‍ത്തതുമുതല്‍ ഗുജറാത്തിലെ ഭീകരസംഭവങ്ങള്‍വരെയുള്ള ഹിന്ദുത്വത്തിന്റെ അമിതപ്രചാരത്തെപ്പറ്റിയുള്ള എന്റെ രചനകള്‍ക്കുള്ള തിരിച്ചടി ഭീഷണി നിറച്ച ഇ-മെയിലുകളുടെയും സാമൂഹികമാധ്യമങ്ങളിലും ആക്രമണത്തിന്റെയും രൂപത്തില്‍ ഹിന്ദുത്വസേനയില്‍നിന്ന് ഉണ്ടാകുന്നുണ്ട്. ഒരു ഹിന്ദുവിരുദ്ധനെന്ന രീതിയില്‍ അവരെന്നെ നിശിതമായി വിമര്‍ശിക്കുന്നു, പലരുമെന്നെ 'ഇടതുപക്ഷവാദി'യായി വിശേഷിപ്പിക്കുന്നു. മുപ്പതു വര്‍ഷം മുന്‍പ് എന്റെ കലാലയനാളുകളില്‍ രാജാജിയുടെ സ്വതന്ത്രപാര്‍ട്ടിയുടെ ചുരുക്കം ചില അനുയായികളിലൊരാളായി എന്നെ അറിയാവുന്ന സുഹൃത്തുക്കള്‍ക്കതു കൗതുകകരവുമാണ്. ജനനം മുതല്‍ എനിക്കറിയാവുന്ന എന്റെ മതത്തെക്കുറിച്ച് ഇടയ്ക്കിടെ എന്നെ ഓര്‍മിപ്പിക്കുന്ന ഹിന്ദുത്വവാദികള്‍ ഉപയോഗിച്ചു പഴകിയ ആ മുദ്രാവാക്യം 'ഗര്‍വ് സേ കഹോ കി ഹം ഹിന്ദു ഹേ' (അഭിമാനത്തോടെ പറയൂ നാം ഹിന്ദുക്കളാണ് എന്ന്) എന്നു പറയുവാന്‍ എന്നോടാവശ്യപ്പെടുവാന്‍ മുതിരുന്നു. ശരിയാണ്, നമുക്കതൊന്നെടുത്തുനോക്കാം, ഞനൊരു ഹിന്ദുവാണെന്നതില്‍ അഭിമാനിക്കുന്നുണ്ട്, തീര്‍ച്ച. പക്ഷേ, എന്തിലാണു ഞാനഭിമാനിക്കുകയോ അഭിമാനിക്കാതിരിക്കുകയോ ചെയ്യേണ്ടത്?

എന്റെ മതത്തിലുള്ളവര്‍ മുസ്‌ലിങ്ങളുടെ ഭവനങ്ങളും കടകളും തകര്‍ക്കുന്നതില്‍ ഞാനഭിമാനിക്കുന്നില്ല. ഹിന്ദുക്കള്‍ മുസ്‌ലിം പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നതിലോ മുസ്‌ലിം സ്ത്രീകളുടെ ഗര്‍ഭപാത്രങ്ങള്‍ കീറിമുറിക്കുന്നതിലോ ഞാനഭിമാനിക്കുന്നില്ല. ഹിന്ദുസസ്യാഹാരികള്‍ മനുഷ്യരെ ജീവനോടെ കത്തിക്കുന്നതിലോ ശവശരീരങ്ങളെക്കുറിച്ചാഹ്ലാദംകൊള്ളുന്നതിലോ ഞാനഭിമാനിക്കുന്നില്ല. ഉപനിഷത്തുകളുടെ ശ്രേഷ്ഠമായ ആധ്യാത്മികപാഠങ്ങളെ ഉള്‍ക്കൊള്ളുന്നതിനു പകരം വിഭാഗീയതയ്ക്കായി തങ്ങളുടെ സ്വത്വബോധത്തിന്റെ തരംതാണ മതഭ്രാന്തായി ന്യൂനവത്കരിക്കുന്നവരെക്കുറിച്ച് ഞാനഭിമാനിക്കുന്നില്ല. ഇന്ത്യന്‍ ജനതയിലെ ബഹുഭൂരിപക്ഷം ഹിന്ദുക്കളാണെന്ന കാരണത്താലാണ് ഇവിടെ ബഹുസ്വരത പുലരുന്നതെന്നതില്‍ ഞാനഭിമാനിക്കുന്നു. എന്തെന്നാല്‍, വിഭിന്നമായ സ്വത്വങ്ങളുടെ ഇടയില്‍ ജീവിക്കുവാന്‍ അവരെ പഠിപ്പിച്ചത് ഹൈന്ദവതയാണ്.

ഇന്ത്യയില്‍ ഹിന്ദുക്കളും മുസ്‌ലിങ്ങളും രാമലക്ഷ്മണന്മാരെപ്പോലെ ജീവിക്കണമെന്നു പറയുന്ന കാഞ്ചിയിലെ ശങ്കരാചാര്യരെപ്പോലെയുള്ള ഹിന്ദുക്കളില്‍ ഞാനഭിമാനിക്കുന്നു. ഹൈന്ദവ ഇന്ത്യയാകുന്ന പാലിനെ പിരിക്കുന്ന നാരങ്ങയാണു മുസ്‌ലിങ്ങള്‍ എന്നു പറയുന്ന സാധ്വി റിതംബരയെപ്പോലുള്ളവരില്‍ ഞാനഭിമാനിക്കുന്നില്ല.
ഹിന്ദുക്കള്‍, അതും ഒരു പ്രത്യേക വിഭാഗം ഹിന്ദുക്കള്‍ മാത്രമാണ് ആധികാരിക ഇന്ത്യക്കാര്‍ എന്നു പറയുന്നവരെക്കുറിച്ച് ഞാനഭിമാനിക്കുന്നില്ല. ഹിന്ദുക്കളല്ലാത്ത മതക്കാര്‍ ഇവിടെ വസിക്കുന്നത് ഹിന്ദുക്കളുടെ ഔദാര്യത്തിലാണെന്നും അല്ലാതെ ഇന്ത്യ അവരുടെ മണ്ണായതുകൊണ്ടല്ലെന്നും വാദിക്കുന്നവരെക്കുറിച്ച് ഞാന്‍ അഭിമാനിക്കുന്നില്ല. നമ്മളില്‍ച്ചിലര്‍ക്ക് ഇന്ത്യയെ നിഷേധിക്കുന്നതുകൊണ്ട് ഇതെല്ലാവര്‍ക്കും ഇല്ലാതാകുകയാണ് അന്തിമമായി സംഭവിക്കുന്നതെന്നു മനസ്സിലാക്കുന്നവരെക്കുറിച്ച് ഞാനഭിമാനിക്കുന്നു.


Content Highlights: Hindumargam book, Shashi tharoor, Narendra Modi, Barak Obama


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
State Car

1 min

പുതിയ 8 ഇന്നോവ ക്രിസ്റ്റ കാറുകള്‍ വാങ്ങി സര്‍ക്കാര്‍: മന്ത്രി റിയാസിന് പഴയ കാറിനൊപ്പം പുതിയ കാറും

Feb 1, 2023


Gautam adani

1 min

'നാല് പതിറ്റാണ്ടിലെ വിനീതമായ യാത്ര, വിജയത്തില്‍ കടപ്പാട് അവരോട്'; വിശദീകരണവുമായി അദാനി

Feb 2, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023

Most Commented