സി. സത്യരാജന്‍ എഴുതി മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച അവസാനത്തെ ഉദ്യാനം എന്ന നോവലില്‍ നിന്നുള്ള ഒരു ഭാഗം വായിക്കാം
 
III

നൊവൊ ഹൊറിസോണ്‍ടെയുടെ മുകള്‍നിലയിലെ റെസ്റ്റോറെന്റിനോടു ചേര്‍ന്നുള്ള ചെറിയ പാര്‍ട്ടി ഹാളിലേക്ക് ജോസഫ് പ്രവേശിച്ചു. അയാള്‍ അവിടെ നടക്കുന്ന വിരുന്നുസത്കാരത്തിന് ചേരുംവിധത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ചിരുന്നു. അയാളുടെ ഇളംനീല നിറമുള്ള കോട്ടിന്റെ കീശത്തലപ്പില്‍ രണ്ടു മടക്കുകളുള്ള ഒരു ചുവന്ന ടവ്വല്‍ കരുതലോടെ വെച്ചിരുന്നു. പാര്‍ട്ടിഹാളിന്റെ നടുത്തളത്തിലെ വൃത്താകാരമാര്‍ന്ന ചെറിയ വേദിയില്‍ അയാളുടെ ആതിഥേയര്‍ തങ്ങളുടെ അന്‍പത്തിനാലാം വിവാഹവാര്‍ഷികം എളിയ രീതിയില്‍ ആഘോഷിക്കുകയായിരുന്നു. ഡാനിയേലും ജസീക്കയും ഹൊറിസോണ്‍ടെയുടെ ഒന്‍പതാംനിലയില്‍ 904-ാം നമ്പറില്‍ താമസം തുടങ്ങിയശേഷം ഇതു നാലാംതവണയാണ് അവര്‍ ഇതുപോലൊരു ഒത്തുചേരല്‍ സംഘടിപ്പിക്കുന്നത്. വിരമിച്ച പട്ടാളക്കാരന്‍, ഹൊറിസോണ്‍ടെയുടെ നടത്തിപ്പുചുമതലക്കാരന്‍ ഗബ്രിയേലാണ് അതിനവരെ സഹായിക്കുന്നത്. അവര്‍ക്ക് അടുപ്പമുള്ള കുറച്ചുപേര്‍ക്കു മാത്രമായിരുന്നു ക്ഷണം. ഗബ്രിയേലിനെക്കൂടാതെ അയാള്‍ക്ക് പരിചയമുള്ളതായി ആ വട്ടക്കണ്ണടക്കാരന്‍ കുട്ടി മാത്രമേ അവിടുണ്ടായിരുന്നുള്ളൂ. അവന്‍ ഇത്തവണയും അയാളുടെ ഹായ് കണ്ടില്ലെന്നു നടിച്ചു.

അവിനാശിന്റെ അടഞ്ഞ വീട്ടില്‍നിന്നും തിരികെയെത്തിയ ജോസഫിനെ വിരുന്നിലേക്കു ക്ഷണിച്ചുകൊണ്ടുള്ള എഴുത്ത് അയാളുടെ ഡോര്‍ലോക്കിനു മുകളിലെ ചെറിയ എഴുത്തുപെട്ടിയില്‍ പാതി പുറത്തേക്ക് കാണുംവിധം ഡാനിയേല്‍ വെച്ചിരുന്നു. ഡോര്‍ നമ്പര്‍ 904ലെ അപരിചിതദമ്പതികളെയും അവിടത്തെ താമസക്കാരില്‍ ചിലരെയും പരിചയപ്പെടാനുള്ള അവസരമായാണ് ജോസഫ് എഴുത്തിനെ കണ്ടത്. വെള്ളക്കടലാസില്‍ ഒരു തൊണ്ണൂറുവയസ്സുകാരനു മാത്രം സാധ്യമാവുന്ന കൈപ്പടയില്‍ എഴുതിയ കത്ത് ഇങ്ങനെയായിരുന്നു.

അപരിചിതനായ അയല്‍ക്കാരാ,
ഞങ്ങളുടെ അന്‍പത്തിനാലാം വിവാഹവാര്‍ഷികമാണിന്ന്. വൈകുന്നേരം 7.00 മണിയോടെ മുകള്‍നിലയിലെ പാര്‍ട്ടിഹാളിലേക്ക് എത്തിച്ചേരുമല്ലോ...
സൗഹാര്‍ദപൂര്‍വം
ഡാനിയേല്‍/ജസീക്ക....
ഡോര്‍ നമ്പര്‍ 
നൊവൊ ഹൊറിസോണ്‍ടെ

ഹാളില്‍ പകുതിയിലേറെയുംപേര്‍ തന്റെ സമപ്രായക്കാരാണല്ലോ എന്ന് ജോസഫ് അതിശയിച്ചു. ചുരുളന്‍മുടിക്കാരന്‍ പയ്യനും അവന്റെ അമ്മൂമ്മയും വേറെയും ചില കുട്ടികളും ആ കൂട്ടത്തിലുണ്ട്. ചെറുപ്പക്കാരുടെ ചെറുസംഘം സംഗീതവിരുന്നിനും വിഭവങ്ങളും മദ്യവും വിളമ്പാനും ഹാളിന്റെ ഇരുവശത്തുമായി നില്പുണ്ട്. അവരിലൊരാള്‍ ജോസഫിന് വൈന്‍ ഗ്ലാസ് നീട്ടി. അതു വാങ്ങി അവനു നന്ദി പറഞ്ഞ് ഹാളിലൊരു ഭാഗത്തെ ഒഴിഞ്ഞ മേശയ്ക്കരികിലേക്ക് അയാള്‍ നടന്നു. ഡാനിയേലപ്പോള്‍ അയാളുടെ പ്രിയതമയുടെ കവിളില്‍ ഉമ്മ വെക്കുകയും ഒരു കുഞ്ഞു കേക്ക് അവള്‍ക്ക് നുണയുവാനായി നല്കുകയുമായിരുന്നു. ആ നിമിഷം അവിടെ കൂടിനിന്നവരൊക്കെയും പ്രകടമായ ആവേശത്തോടെ കരഘോഷം മുഴക്കുന്നത് ജോസഫ് കണ്ടു. ഡാനിയേലിന്റെ ഭാര്യ ഹാളിലെ ആഹ്ലാദാരവങ്ങള്‍ കേള്‍ക്കുന്നതായേ തോന്നിയില്ല. ഏതോ ഓര്‍മകളില്‍ സ്വയം നഷ്ടപ്പെട്ട ഒരുവളെപ്പോലെയായിരുന്നു അവര്‍.

ഗബ്രിയേല്‍ കുറച്ചപ്പുറത്തുനിന്നും തനിക്കു നേരേ കൈവീശുന്നതും അരികിലേക്ക് നടന്നുവരുന്നതും ജോസഫ് അപ്പോള്‍ കണ്ടു.
'ഹലോ ഗബ്രിയേല്‍...'
ചിരിച്ചുകൊണ്ട് ജോസഫ് അയാളെ തന്റെ തൊട്ടടുത്തായുള്ള ഒഴിഞ്ഞ ഇരിപ്പിടത്തിലേക്ക് ക്ഷണിച്ചു. ആദ്യമൊന്നു പരുങ്ങിയെങ്കിലും പിന്നീട് അയാള്‍ ആ ക്ഷണം സ്വീകരിച്ചു.
'ഡോക്ടര്‍ ഡാനിയേല്‍ ഇവിടെയുള്ളവര്‍ക്കൊക്കെയും പ്രിയപ്പെട്ടവനാണ്. തൊണ്ണൂറ്റിനാലാം വയസ്സിലും ഈ മനുഷ്യന്‍ എന്തുമാത്രം റൊമാന്റിക്കാണെന്നോ...' ഗബ്രിയേലിന് ഡോക്ടറോടുള്ള ആരാധന അടക്കാനായില്ല.
ജോസഫ് തന്നെ ശ്രദ്ധയോടെ കേള്‍ക്കുന്നുണ്ടെന്ന അറിവില്‍ അയാള്‍ സംസാരം തുടര്‍ന്നു. മദ്യം നല്കിയ ഹൃദയലാഘവത്താല്‍ ആ മനുഷ്യന്‍ പ്രചോദിതനായിരുന്നു.

''ജസീക്കാമാഡത്തിനെ എത്രമാത്രം കരുതലോടെയാണ് ഡോക്ടര്‍ പരിചരിക്കുന്നത്. ഒക്കെയും അയാള്‍ ഒറ്റയ്ക്കാണ് ചെയ്യുന്നത്...'
കേക്ക് ചവച്ചിറക്കുന്നതിനിടയില്‍ ജസീക്ക ചുമയ്ക്കുന്നതും ഡാനിയേല്‍ അവരുടെ മുതുകില്‍ പതിയേ തടവുന്നതും കൂടിനിന്നവരിലാരോ നീട്ടിയ വെള്ളം നിറച്ച ഗ്ലാസ് അവരുടെ ചുണ്ടോടടുപ്പിക്കുന്നതും അവര്‍ കണ്ടുനിന്നു. ഡാനിയേല്‍ ഒരു കുഞ്ഞിനെയെന്നപോലെ അവരെ പരിചരിക്കുന്നതു കണ്ടപ്പോള്‍ ജോസഫ് മേരിയെ ഓര്‍ത്തുപോയി. തൊണ്ടയ്ക്കുള്ളില്‍ അയാള്‍ക്കപ്പോള്‍ ഒരു മുറുക്കം അനുഭവപ്പെട്ടു. അതിനയവുവരുത്താനെന്നോണം അയാള്‍ തന്റെ കൈയിലെ വൈന്‍ ഗ്ലാസ് ചുണ്ടോടു ചേര്‍ത്തു.

'ഒരുപക്ഷേ, ഇത് ജസീക്കാമാഡത്തിന്റെ ഒടുവിലത്തെ വിവാഹവാര്‍ഷികാഘോഷമാവും...' ഗബ്രിയേല്‍ തുടര്‍ന്നു, 'അവരുടെ ചികിത്സാസൗകര്യങ്ങള്‍കൂടി കണക്കിലെടുത്താണ് ഡാനിയേല്‍ സര്‍ ഇവിടേക്ക് നാലുവര്‍ഷം മുന്‍പേ താമസം മാറിയത്. ആ വര്‍ഷംതന്നെയാണ് ഞാനും ഇതിന്റെ ചുമതലക്കാരനായി ജോലി തുടങ്ങിയത്. തന്റെ എണ്‍പതാം വയസ്സിലും ശസ്ത്രക്രിയകള്‍ നടത്തിയിരുന്ന വിദഗ്ധനായ സര്‍ജനായിരുന്നു ഡോക്ടര്‍ ഡാനിയേല്‍. ജസീക്കാമാഡത്തെ പരിചരിക്കുന്നതിനായി ജോലി ഉപേക്ഷിക്കുകയായിരുന്നു. പിന്നീടദ്ദേഹം വാര്‍ധക്യകാലരോഗപരിചരണരംഗത്തെ മാറ്റങ്ങളെ പഠിക്കാനായാണ് കൂടുതലായും സമയം ചെലവഴിച്ചത്. നൊവൊ ഹൊറിസോണ്‍ടെയിലെ മുതിര്‍ന്ന പൗരന്മാരുടെ കൂട്ടായ്മയില്‍ അയാള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ എത്ര നന്ദി പറഞ്ഞാലും മതിയാവാത്തവയാണ്. എ മാന്‍ വിത്ത് എ മിഷന്‍... താങ്കള്‍ വിശദമായി പരിചയപ്പെടേണ്ട മനുഷ്യനാണയാള്‍.'

ഹാളിലപ്പോള്‍ അവിടത്തെ താമസക്കാരിലൊരാളുടെ കൗമാരക്കാരിയായ മകള്‍ ഡാനിയേലിനും ജസീക്കയ്ക്കുംവേണ്ടി ഒരു ആശംസാഗാനം പാടുകയാണ്. ജോസഫ് അലസം തന്റെ വൈന്‍ഗ്ലാസിനെ ചുണ്ടോടു ചേര്‍ത്ത് ആ പാട്ടു കേട്ടിരുന്നു. ഇടയ്ക്കയാള്‍ റീത്തയെ ഓര്‍ക്കാതിരുന്നില്ല. അവള്‍ മുറിയില്‍ ഒറ്റയ്ക്കാണ്. ഇനിയങ്ങോട്ട് ഇടയ്ക്കെല്ലാം അവള്‍ക്ക് അങ്ങനെയിരിക്കേണ്ടിവരുമെന്നും അതു സാരമാക്കാനില്ലെന്നും അയാള്‍ സ്വയം ആശ്വസിപ്പിച്ചു.

'ഡോക്ടര്‍ ഡാനിയേല്‍... ഞാനാണ് നിങ്ങളുടെ ആ അപരിചിതനായ അയല്‍ക്കാരന്‍ റിട്ടയേഡ് ഫ്ളൈറ്റ് ലെഫ്റ്റനന്റ് ജോസഫ് അബ്രഹാം,' ഒരിടവേളയില്‍ ജോസഫ് അയാളെ സ്വയം പരിചയപ്പെടുത്തി.
'ഹലോ ജെന്റില്‍മാന്‍... നിങ്ങളെക്കുറിച്ച് ഗബ്രിയേല്‍ പറഞ്ഞിരുന്നു. നേരിട്ട് കാണാനായതില്‍ സന്തോഷം. അവിടെ നിങ്ങള്‍ക്ക് മുന്‍പേ താമസിച്ചിരുന്ന ആ കൊറിയന്‍പെണ്‍കുട്ടിയും ഞങ്ങളും നല്ല സുഹൃത്തുക്കളായിരുന്നു. അവളെ ഞങ്ങള്‍ തെരേസയെന്നാണ് വിളിച്ചിരുന്നത്. ശരിക്കുമുള്ള അവളുടെ പേര് എന്റെയും ജസീക്കയുടെയും നാവിന് വഴങ്ങുന്നതായിരുന്നില്ല,' ഡോക്ടര്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.
'ജസീക്കാ... മീറ്റ് മിസ്റ്റര്‍ ജോസഫ്. നിന്റെ തെരേസയുടെ വീട്ടിലെ പുതിയ താമസക്കാരന്‍.'
ജസീക്ക അത് കേട്ടോ എന്നറിയില്ല അവള്‍ കണ്ണുകള്‍ കൊണ്ട് ജോസഫിന് നേരിയ ചിരി സമ്മാനിച്ചു. അത് അത്യധികം നേര്‍ത്തൊരു ചിരി
യായിരുന്നു. പ്രപഞ്ചാരംഭത്തിലേ പുറപ്പെട്ട് നേര്‍ത്തുപോയ ഒരു കിരണംപോലുള്ളത്.
ജസീക്കയുടെ ശിരസ്സ് കഴുത്തുറയ്ക്കാത്ത ഒരു കുഞ്ഞിന്റെ ശിരസ്സുപോലെ ഇളകിക്കൊണ്ടേയിരുന്നു. ജോസഫ് കൗതുകത്തോടെ ജസീക്കയെ അല്പനേരം നോക്കിനിന്നു. പിന്നെ ഡാനിയേലിനോട് അയാള്‍ യാത്രപറയാനൊരുങ്ങി.

'മുറിയില്‍ എന്റെ വളര്‍ത്തുനായ തനിച്ചാണ്. മാത്രവുമല്ല, ഒരു യാത്ര
കഴിഞ്ഞ് അല്പം മുന്‍പു മാത്രമാണ് ഞാനെത്തിയത്. വിശദമായി മറ്റൊരവസരത്തില്‍ പരിചയപ്പെടാം.' ജോസഫ് ഡാനിയേലിനോടും ഗബ്രിയേലിനോടും യാത്ര ചോദിച്ചു.
'ഡോര്‍ നമ്പര്‍ 904... മറക്കേണ്ട,' ഡോക്ടര്‍ തന്റെ താമസസ്ഥലത്തെ ഓര്‍മിപ്പിച്ചു.
'ഞങ്ങളവിടെ തനിച്ചാണ്. ഇടയ്ക്കൊന്നു കയറാം. നിങ്ങളുടെ പെറ്റിനെയും കൂടെ കൊണ്ടുവരൂ...'
ഉപചാരങ്ങള്‍ക്ക് നന്ദി പറഞ്ഞ് ജോസഫ് തിടുക്കത്തില്‍ അവിടം
വിട്ടു പോയി. ഹാളിലപ്പോഴും ചെറുപ്പക്കാരുടെ സംഗീതവിരുന്ന് അവസാനിച്ചിരുന്നില്ല.

c sathyarajan
പുസ്തകം വാങ്ങാം

പാര്‍ട്ടിഹാളില്‍നിന്നും പുറത്തിറങ്ങിയ ജോസഫിന് ജീവിതത്തിന്റെ ഓരോ അടരുകളിലും കഴിഞ്ഞുപോയതും വരാനിരിക്കുന്നതുമായ അടരുകളൊക്കെയും വന്നുനിറയുകയും കെട്ടുപിണയുകയും ചെയ്യുകയാണല്ലോ എന്ന തോന്നലുണ്ടായി. അയാള്‍ സ്വയമേ വാര്‍ധക്യത്തിന്റെ യൗവനദശയിലുള്ളവനാണെന്നും ഡാനിയേല്‍ വൃദ്ധരിലെ മധ്യവയസ്‌കനാണെന്നും ജസീക്ക വൃദ്ധയായ ഒരു കുഞ്ഞാണെന്നും ജോസഫിനു തോന്നി. അപ്പോള്‍ അയാള്‍ അവിനാശിനെ ഓര്‍ത്തു. 'അവന്‍ മധ്യവസ്‌കരിലെ വൃദ്ധനാണ്.' ഒരു ചിരിയോടെ ജോസഫ് ഉള്ളില്‍ പറഞ്ഞു. റീത്ത പെണ്‍നായകള്‍ക്കിടയിലെ ജ്ഞാനബുദ്ധയാണെന്നും ബെഞ്ചമിന്‍ ചെറുപ്പത്തിലേ വെളിച്ചപ്പെട്ടവനും കാലാതീതനും അതിനാല്‍ത്തന്നെ അടരുകളില്ലാത്തവനുമെന്ന് അയാള്‍ക്ക് വെളിപാടുണ്ടായി. ലിഫ്റ്റിനടുത്തേക്കുള്ള മങ്ങിയ വെളിച്ചമുള്ള ഇടനാഴിയില്‍ നേരത്തേ പാര്‍ട്ടിഹാളില്‍ കണ്ട പെണ്‍കുട്ടിയും അവളുടെ ആണ്‍സുഹൃത്തും പരസ്പരം ചേര്‍ന്നുനില്ക്കുന്നതും ഒരുമിച്ച് ഏതോ പാട്ടിന്റെ ഈണത്തില്‍ ഇളകുന്നതും ജോസഫ് അല്പനേരം കഴിഞ്ഞ് തന്റെ ഫ്ളാറ്റിനുള്ളിലെ നീലച്ചുമരുകള്‍ക്കുള്ളിലാവുമ്പോള്‍ പൊടുന്നനേ ഓര്‍ക്കും. അവര്‍ക്കുള്ളിലെ വെളിച്ചം ജോസഫെന്ന അനക്കത്തെ അവരില്‍നിന്നും മറച്ചുപിടിച്ചിരുന്നതിനാല്‍ രണ്ടുപേര്‍ക്കും അതേ നിലയില്‍ ഏറെനേരം തുടരാനായി. അവരെ ശല്യപ്പെടുത്താതെ അവിടം കടന്നുപോവാനായതിനാലാണെന്നുപോലുമറിയാതെ അപ്പോള്‍ ജോസഫ് ഒരു ദീര്‍ഘനിശ്വാസമയച്ചു.

പുസ്തകം ഓണ്‍ലൈനില്‍ വാങ്ങാം

Content Highlights: Avasanathe Udyanam Malayalam Novel C Sathyarajan Mathrubhumi Books