വേദാന്തസാരസര്‍വസ്വം
ജ്ഞാന വിജ്ഞാനമേവ ച
അഹമാത്മാ നിരാകാരഃ
സര്‍വവ്യാപീ സ്വഭാവതഃ

ഇത് വേദാന്തസാരങ്ങളുടെ ആകത്തുകയാണ്. എന്റെ അറിവും അനുഭൂതിയും ഇതുതന്നെ. അതാകട്ടെ ആകാരരഹിതവും സര്‍വത്ര നിറഞ്ഞിരിക്കുന്നതും സ്വാഭാവികവുമായ ആത്മാവാണ് ഞാന്‍ എന്നുമാണ്. ഒരു മനുഷ്യായുസ്സില്‍ വായിച്ചുതീര്‍ക്കാന്‍പോലും ആവാത്ത അത്രയേറെ വേദാന്തഗ്രന്ഥങ്ങളുണ്ട്. അവയില്‍ ആകെക്കൂടി ഇത്രയേ പറയുന്നുള്ളൂ? ആചാര്യ ഭഗവദ്പാദരിതുപോലുള്ള ചോദ്യത്തിന് മറുപടി പറയുന്നത്:

''കോടാനുകോടി വേദാന്തഗ്രന്ഥങ്ങളുടെ ആശയം ഒരു ശ്ലോകപ്പകുതിയിലൂടെ ഞാനിതാപറയുന്നു. ബ്രഹ്മം ആണ് പരമാര്‍ഥം. പ്രപഞ്ചം മിഥ്യയാണ്. ജീവനാകട്ടെ സാക്ഷാത്ബ്രഹ്മമാണ്. അന്യമല്ലതന്നെ'' എന്നാണ്. ഇതൊരു ദാര്‍ശനികമായ നിഗമനം മാത്രമല്ല. എല്ലാ പരമാര്‍ഥദര്‍ശികളുടെയും അപരോക്ഷാനുഭൂതിയുമാണ്. ചിന്താശക്തിയുടെ വികാസദശയിലുള്ളവര്‍, തന്നെയും ഈ പ്രപഞ്ചവൈചിത്ര്യങ്ങളെയും കാര്യകാരണബന്ധത്തില്‍ സൃഷ്ടിച്ച ഒരു ശക്തിയെ മാനിക്കുകതന്നെ ചെയ്യും. എന്നാല്‍, ബുദ്ധിവികാസം കിട്ടിയവര്‍ അത്തരമൊരു സ്രഷ്ടാവിന്റെ ഉദ്ദേശ്യമെന്തായിരിക്കാമെന്നും ഏതൊരു നിര്‍മാണത്തിനും അനിവാര്യമായ ഉപാദാനകാരണം (Material Cause)സ്രഷ്ടാവിനെവിടെനിന്ന് ലഭിച്ചു എന്നും ആരായുക സ്വാഭാവികമാണ്. 

നിമിത്തകാരണവും (Efficient Cause) കരണവും (Instrument) സ്രഷ്ടാവാണെന്ന് കരുതിയാലും ഉപാദാനം സ്രഷ്ടാവായിക്കൂടാ. ആണെങ്കില്‍ സര്‍വം സൃഷ്ടാവുതന്നെ എന്ന് സമ്മതിക്കേണ്ടിവരും. അങ്ങനെ എല്ലാമായി പരിണമിക്കുന്ന ഈശ്വരന്‍ പരിണമിക്കുന്നവ നശിക്കുമെന്നതിനാല്‍ സ്വയംനശിക്കുന്നവനുമായേക്കും! നാശമുള്ളതേതും ഉണ്ടായിട്ടുള്ളതാണ്. അതിനാല്‍ ഈശ്വരനും ഉണ്ടായതാവണം. ഉണ്ടായി പരിണമിച്ച് മരിക്കുന്നവനെ ഈശ്വരനെന്നെങ്ങനെ പറയും?!

പണ്ടേ, ഉണ്ടായിരുന്നതില്‍ സ്രഷ്ടാവിന്റെ ഇച്ഛ ചേര്‍ന്നപ്പോഴുണ്ടായതാണിത് എന്ന് കരുതിയാല്‍ സ്രഷ്ടാവോളം ഉണ്മ ഉപാദാനത്തിനും ഉണ്ടെന്നു വരും. അതിനും പുറമേ സ്രഷ്ടാവില്ലാതെ ഉപാദാനത്തിന് സ്വയമുണ്ടാവാമെങ്കില്‍ എന്തുകൊണ്ട് പ്രപഞ്ചത്തിനും സ്വയം ഉണ്ടായിക്കൂടാ എന്നും ശങ്കിച്ചുപോവും. സ്രഷ്ടാവ് ഈ വികൃതി ചെയ്യാന്‍ എന്തേ കാരണം എന്നന്വേഷിച്ചാലും അത് സ്രഷ്ടാവ് എന്ന സങ്കല്പനത്തെ തകര്‍ക്കുന്നതായി കാണാം. ഉദ്ദേശ്യമുള്ളവന്‍ പൂര്‍ണനല്ല. രണ്ടാമതൊന്നുള്ളപ്പോള്‍ സര്‍വ വ്യാപകതയുമില്ല. സീമിതമായത് പരിണമിക്കും; നശിക്കും. ചുരുക്കത്തില്‍ സ്രഷ്ടാവ് എന്ന ഭാവന തീര്‍ത്തും വികലമാകും. അങ്ങനെയുള്ള സ്രഷ്ടാവും പരമകാരണത്തെ (തന്റെ സ്രഷ്ടാവിനെ) തേടിയലയുകയേ ഉള്ളൂ!

ഇത്തരം ബുദ്ധിവൈകൃതങ്ങളുടെ മുന്നിലാണ് അദ്വൈതചിന്ത എല്ലാ ചിന്താശീലരുടെയും പ്രണാമങ്ങള്‍ക്കര്‍ഹമായിക്കൊണ്ട് സ്വയമവതീര്‍ണമാവുന്നത്. വേദാന്തം പറയുകയാണ്- 'ഏതൊരനുഭവവും അനുഭവലോകവും അനുഭവിക്കുന്നവനും മനസ്സിന്റെ മായികനടനം മാത്രമാണ്. ഇവയുടെ അസ്തിത്വം വെറും തോന്നലാണ്. തോന്നല്‍(വൃത്തി-ചിന്ത) മനസ്സിന്റെ രൂപമാണ്!'

എങ്കില്‍ ആ രൂപം എങ്ങനെ ഉണ്ടായി? ആരുണ്ടാക്കി? ഇതിനുത്തരം കാണുംമുമ്പേ എന്താണീ തോന്നല്‍ അഥവാ മനസ്സെന്ന് അറിയേണ്ടതല്ലേ? എന്തിന്റെ കാരണമാണോ അന്വേഷിക്കുന്നത് അത് എന്താണെന്ന് അറിയാതെ എന്തന്വേഷണമാണ്? മനസ്സ് എന്താണെന്ന് അന്വേഷിക്കുന്നവന്‍ മനസ്സില്‍നിന്നും ഭിന്നനാകണം. മനസ്സ് സ്വയം അന്വേഷിക്കുന്നത് കള്ളന്‍ തന്നെ പോലീസുകാരനായി കള്ളനെ തിരയുന്നതിനു തുല്യമാവും. മനസ്സില്‍നിന്നും ഭിന്നമായി മറ്റെന്തുണ്ട്?

ശരി, എങ്കില്‍ ഈ കള്ളന്‍മനസ്സിനെത്തന്നെ പോലീസുകാരന്റെ ജോലി ഏല്പിച്ചുനോക്കാം. മനസ്സ് ചിന്താപ്രവാഹമാണല്ലോ. പ്രവാഹം എന്ന് പൊതുവേ പറയുമെങ്കിലും സമയബന്ധിതമാണ് ഏതു ചിന്തയും. അതായത് ഒരു ചിന്ത മറഞ്ഞതിനുശേഷമാണ് അടുത്ത വൃത്തി ഉയരുന്നത്. എത്രതന്നെ ഝടിതിയില്‍ മിന്നിമറഞ്ഞാലും ഓരോ ചിന്തയ്ക്കും അതിന്റേതായ അളവുസമയമുണ്ട്; കാലപരിധിയുണ്ട്. കാലം എന്നാല്‍, ഭൂതവര്‍ത്തമാനഭാവികളാണ്. ഇല്ലാത്ത ഭൂതഭാവികളുടെ താങ്ങില്‍ അനുഭവിക്കാനാവാത്ത വര്‍ത്തമാനത്തിലായിരിക്കണം ചിന്തയുടെ അസ്തിത്വം! വര്‍ത്തമാനം കാലാതീതമായതിനാല്‍ അതില്‍ ഒന്നിനും ഉണ്മ നേടാന്‍ കഴിയില്ല. പിന്നെ അനുഭവചിന്ത ഉദിക്കുന്നതെങ്ങനെ? പക്ഷേ, എന്നിട്ടും നാമെല്ലാം ഇതനുഭവിക്കുന്നുണ്ടല്ലോ. അത് പിന്നെയെങ്ങനെ?

നാമെല്ലാം അനുഭവിക്കുന്നു എന്നത് ഒരു ന്യായീകരണമാവരുത്. കാരണം മരീചികയും നമ്മുടെ അനുഭവമാണ്. ആകാശനീലിമപോലെ അനേകം ഭ്രമങ്ങളുണ്ട്. ഭ്രമത്തിനു കാരണം പരമാര്‍ഥബോധമില്ലായ്മയാണ്. അഥവാ അജ്ഞാനമാണ്. അജ്ഞാനമാകട്ടെ ജ്ഞാനലബ്ധിയില്‍ നഷ്ടവുമാവും. വെളിച്ചത്തില്‍ ഭൂതപ്രേത കാഴ്ച അകലുന്നതുപോലെ.

ഈ ശുദ്ധബോധദര്‍ശനമാണ് അവധൂതേശ്വരന്റെ അനുഭൂതി. അറിവ്(ജ്ഞാനം) അപരോക്ഷാനുഭൂതിയാകുമ്പോള്‍ അതിനെ വിജ്ഞാനം എന്നു പറയുന്നു. അത് വാക്കുകളുടെയും മനോവൃത്തികളുടെയും വരുതിയിലൊതുങ്ങുന്നതല്ല. അവിടെ വിജ്ഞാതാവോ വിജ്ഞാതമോ ഇല്ലാത്തതിനാല്‍ സര്‍വാതീതത്വവും സര്‍വവ്യാപ്തിയും സ്വാഭാവികമായിത്തന്നെ സിദ്ധമാവുന്നു.

യോ വൈ സര്‍വാത്മകോ ദേവോ
നിഷ്‌കലോ ഗഗനോപമഃ
സ്വഭാവ നിര്‍മലഃ ശുദ്ധഃ
സ ഏവായം ന സംശയഃ 

സര്‍വസ്വരൂപിയായി ഏതൊരു ദേവനാണോ ആകാശതുല്യവും കാലാതീതവും പരിശുദ്ധവുമായിട്ടുള്ളത് സംശയമെന്യേ സ്വാഭാവികമായും അവന്‍തന്നെയാണ് ഞാന്‍! ദിവ് എന്ന ധാതു(ഞീീ)േ വിന്റെ രൂപമായ ദേവഃ ശബ്ദത്തിനര്‍ഥം പ്രകാശകന്‍ എന്നാകുന്നു. ഈ അര്‍ഥത്തിലാണ് പൂര്‍വികര്‍ സൂര്യാദി ജ്യോതിര്‍ഗോളങ്ങളെ ദേവന്മാരെന്നു വിളിച്ചത്. ഏതൊരു വസ്തുവിന്റെയും നിഹിതസാധ്യതയെയും(ജീലേിശേമഹശ്യേ) ഈ വീക്ഷണത്തില്‍ ദേവശബ്ദംകൊണ്ടു സൂചിപ്പിക്കാമല്ലോ. ക്രാന്തദര്‍ശികളായ ഋഷീശ്വരരുടെ കണ്ണില്‍ ജഡപൂര്‍ണമായൊന്നുമില്ല. എല്ലാറ്റിലും ചൈതന്യം അന്തര്‍ലീനമാണെന്നു കണ്ട അവര്‍ വിവിധ നാമങ്ങളേകി അവയെയെല്ലാം ആരാധിച്ചു. നമ്മുടെ പൂര്‍വികര്‍ക്ക് ഈ ബ്രഹ്മാണ്ഡത്തിലെ ഓരോ കണവും തേജോരൂപന്റെ ശ്രീലകങ്ങള്‍ മാത്രമാണ്.

ദത്താത്രേയമഹര്‍ഷിയുടെ അവധൂതഗീത എന്ന പുസ്തകം വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 

വിജാതീയം, സജാതീയം, സ്വഗതം എന്ന മൂന്ന് വ്യത്യാസങ്ങളില്‍ മനുഷ്യനും ചെടിയും വിജാതീയഭേദത്തിലും മാവും പ്ലാവും സജാതീയഭേദത്തിലും പൂവും കായും ഇലയും ശാഖയും തടിയും വേരും സ്വഗതഭേദത്തിലുമാണ്. ജീവനുള്ളവ, വൃക്ഷങ്ങള്‍, മരം എന്നിങ്ങനെ ക്രമമായി തരംതിരിക്കുമ്പോള്‍.

ആത്മാവൊഴികെ ഒന്നുമില്ലാത്തതിനാല്‍ വിജാതീയമോ സജാതീയമോ ആയ ഭേദത്തിന് സാധ്യതയില്ല. എന്നാല്‍, ഈ അദ്വയനില്‍ ഏറ്റക്കുറച്ചിലോ അതുപോലെ മറ്റുവല്ല ഭേദങ്ങളുമുണ്ടോ എന്നും ശങ്കിക്കാനിടയാവാതിരിക്കാനാണ് നിഷ്‌കല എന്ന പ്രയോഗം. അചിന്ത്യവൈഭവമായ പരമാര്‍ഥം സദാ സര്‍വത്ര സമരൂപമത്രേ!എല്ലാറ്റിലും ഉയര്‍ന്ന്, നിര്‍ലേപമായി എല്ലാറ്റിനെയും ഉള്‍ക്കൊണ്ട് രൂപഭാവാദികളൊന്നും കൂടാതെ ആദ്യന്തരഹിതമായി നിലകൊള്ളുന്ന ആകാശംപോലെ അനന്താകാശങ്ങളെ അണുവിന് സമമുള്‍ക്കൊള്ളുന്ന പരംപൊരുളിനെ ഒന്നിനോടും ഉപമിക്കാവതല്ല. മറ്റേതിലും ശ്രേഷ്ഠമാണ് ആകാശം എന്നതുകൊണ്ടു മാത്രമാണ് ഈ ദൃഷ്ടാന്തീകരണം.

ക്ഷണഭംഗുരമായ ഈ വിശ്വം കാണപ്പെടുമ്പോള്‍പ്പോലും ഇതിലെ വൈകൃതങ്ങളും ഭീകരങ്ങളും ദുഃഖദങ്ങളുമായ സംഭവങ്ങള്‍ കുത്തിമറിയുമ്പോള്‍പ്പോലും അതൊന്നും ആത്മാവില്‍ നിഴലേറ്റുന്നില്ല. പ്രതിബിംബത്തിന് കണ്ണാടിയെപ്പോലും സ്പര്‍ശിക്കാനാവില്ലെന്നിരിക്കേ ബിംബത്തെ സ്പര്‍ശിക്കുന്നതെങ്ങനെ?
സ്‌ക്രീനിലെ പിശാച് തന്നെ പിടിച്ചുതിന്നുമോ എന്ന ഭയം സാമാന്യമായി ആരിലുമുണ്ടാവില്ല. അതുപോലെ ആത്മജ്ഞാനിക്ക് വെറും നിഴലാട്ടം മാത്രമാണീ അനുഭവലോകങ്ങള്‍ എന്നതിനാല്‍ അദ്ദേഹത്തിന്റെ സ്വാഭാവികമായ പരിശുദ്ധി ഒരിക്കലും മലീമസമാകുന്നില്ല. 

സ്വഭാവനിര്‍മലഃ എന്നു പറഞ്ഞശേഷം ശുദ്ധഃ എന്ന പ്രയോഗം പ്രബുദ്ധഃ എന്ന അര്‍ഥത്തില്‍ എടുക്കാവുന്നതാണ്. സ്വതഃസിദ്ധമായ ശുദ്ധബോധം ആണ് ആരുടെയും സ്വരൂപം. അതിന് മങ്ങലേല്പിക്കാനോ മറയ്ക്കാനോ ഒന്നിനുമാവില്ല. എന്നിട്ടും അജ്ഞാനതിമിരത്താല്‍ നാം അതെപ്പറ്റി ബോധവാന്മാരല്ല. വാസ്തവത്തില്‍ അജ്ഞാനത്തിന് ഉണ്മ ലഭിക്കുന്നതും ബോധപ്രകാശത്തിലാണ്. എന്നിട്ടും നാമതറിയുന്നില്ല. ഈ വിലക്ഷണത ആചാര്യഭഗവാന്‍ ഒരുദാഹരണത്തിലൂടെ വിവേകചൂഡാമണിയില്‍ പറയുന്നത്.

'സൂര്യകിരണത്താല്‍ ഉണ്ടാവുന്ന മേഘം സൂര്യനെ മറച്ച് കാണപ്പെടുന്നതുപോലെ ആത്മാവിലുയരുന്നതായിത്തോന്നുന്ന 'അഹങ്കാരം' ആത്മാവിനെ മറച്ച് തെളിയുന്നു എന്നാണ്. 13,84,000 കിലോമീറ്റര്‍ വ്യാസമുള്ള സൂര്യനെ ഏതാനും മീറ്റര്‍ നീളമുള്ള മഴക്കാര്‍ മറയ്ക്കുകയില്ല. വാനില്‍ കാറുണ്ടെന്ന് പറയാനാവുന്നതുപോലും സൂര്യപ്രകാശത്തിലാണ്. എന്നിട്ടും നമ്മുടെ കണ്ണിനു പര്‍ദയിട്ട് സൂര്യനെ മൂടാന്‍ മേഘത്തിനാവുന്നു. അതുപോലെയാണ് അപ്രമേയവൈഭവമുള്ള ആത്മാവിന്റെ പ്രകാശത്തില്‍ ഉള്ളതുപോലെ തോന്നിപ്പിക്കുന്ന വെറും ഓര്‍മയായ അഹങ്കാരം ആത്മാവിനെ മൂടിയതായി തോന്നുന്നത്. ഈ തോന്നലും ആത്മാശ്രിതമാണെന്ന കാരണത്താല്‍ വാസ്തവത്തില്‍ ആത്മാവ് മറയ്ക്കപ്പെടുന്നില്ല. വെറും വാക്കുകളിലാണ് ഈ അജ്ഞാനമറ. അതൊന്നുമേശാത്ത അപാരവൈഭവമാര്‍ന്ന സദാപ്രബുദ്ധമാണ് 

ബോധസ്വരൂപനായ ഞാന്‍!
അഹമേവാവ്യയോങ്കനന്തഃ
ശുദ്ധ വിജ്ഞാന വിഗ്രഹഃ
സുഖം ദുഃഖം ന ജാനാമി
കഥം കസ്യാപി വര്‍ത്തതെ