ടെലിവിഷനിലെ വെറും കാഴ്ചയില്‍ നിന്നും പൊങ്കാലയിലേക്കിറങ്ങിച്ചെല്ലുമ്പോള്‍..' ഗിരിജ വാര്യര്‍ എഴുതുന്നു


ഗിരിജ വാര്യര്‍

മാതൃഭൂമി ബുക്‌സ് ഉടന്‍ പ്രസിദ്ധീകരിക്കുന്ന, ഗിരിജ വാര്യരുടെ 'നിലാവെട്ടം' എന്ന പുസ്തകത്തിലെ ആറ്റുകാല്‍ പൊങ്കാലയെക്കുറിച്ചുള്ള അധ്യായം.

ഗിരിജ വാര്യർ | ഫോട്ടോ: മാതൃഭൂമി

തിരുവനന്തപുരത്തെ ശരിക്കും ജനസമുദ്രമാക്കുന്ന, സ്ത്രീജനങ്ങളുടെ ആവേശമാകുന്ന, ജനകീയോത്സവം... ആറ്റുകാല്‍ പൊങ്കാല. കൊറോണക്കാലത്ത് അത് ഓരോരോ നാടുകളിലും അവനവന്റെ വീടുകളിലും മാത്രമായി ഒതുങ്ങി. ഒറ്റപ്പെട്ട് ഒരു പൊങ്കാല ഇടുന്നതില്‍ ഒരു രസവും ഇല്ലെങ്കിലും എനിക്കുമത് ചെയ്യാതിരിക്കാനായില്ല.

പല ക്ഷേത്രങ്ങളില്‍നിന്നും ഉയരുന്ന, കാതടപ്പിക്കുന്ന ഭക്തിഗാനങ്ങളുടെ ശീലുകളില്ല. രാത്രിമുഴുവന്‍ ഓടിത്തളര്‍ന്ന്, നേരം നന്നേ വെളുത്തപ്പോള്‍ ഓട്ടം മതിയാക്കിയ മാലബള്‍ബുകളില്ല. പാതയോരങ്ങളില്‍ കയര്‍കെട്ടി വേര്‍തിരിച്ച്, അതിനു കീഴെ ഇഷ്ടിക വെച്ചു സ്ഥാനം പിടിച്ച നാട്ടുകാരുമില്ല. ഇഷ്ടംപോലെ എവിടെ വേണമെങ്കിലും പൊങ്കാലയിടാം. ബഹളം വെച്ച് അങ്ങോട്ടുമിങ്ങോട്ടും സഹായിച്ച് വിവിധയിനം പൊങ്കാല പാചകവൈഭവങ്ങള്‍ പങ്കുവെക്കുന്ന കൂട്ടുകാരും ഒപ്പമില്ല.

കൊറോണക്കാലത്ത് പൊങ്കാലയിടാനായി ആരും അങ്ങോട്ട് ചെല്ലേണ്ടതില്ലെന്ന് ആറ്റുകാല്‍ദേവി പറഞ്ഞിട്ടുണ്ടത്രേ. എല്ലാവരുടെയും വീടുകളിലേക്ക്, കൊറോണപ്പിശാചിനെ മാറ്റിനിര്‍ത്തി ദേവി എഴുന്നള്ളും എന്നാണ് സര്‍ക്കാര്‍ സമാധാനിപ്പിച്ചിരിക്കുന്നത്.

പണ്ടൊക്കെ ആറ്റുകാല്‍ പൊങ്കാല ടെലിവിഷനിലെ ഒരു വെറും കാഴ്ച മാത്രമായിരുന്നു. കാക്കയ്ക്കുപോലും ഇരിക്കാന്‍ തണലില്ലാത്ത പൊങ്കാലപ്പറമ്പില്‍നിന്ന് ഉയര്‍ന്നുപൊങ്ങുന്ന പുകയും ദേവിയുടെ ദര്‍ശനത്തിനായി കടലലപോലെ ഒഴുകിനീങ്ങുന്ന സ്ത്രീജനങ്ങളും. പൊങ്കാല തളിച്ചതിനുശേഷം ബിഗ്ഷോപ്പറുകളില്‍ പ്രസാദം തലച്ചുമടായിക്കൊണ്ടുപോകുന്ന അമ്മമാരും ഒക്കെ വെറും നിഴല്‍രൂപങ്ങളായിരുന്നു. വര്‍ഷങ്ങളോളം നാഗര്‍കോവിലില്‍ താമസിച്ചിട്ടും ഒരിക്കല്‍പ്പോലും ആറ്റുകാലില്‍ ചെന്ന് പൊങ്കാലയിടുന്ന കാര്യം ചിന്തിച്ചിട്ടുപോലുമില്ല എന്നതാണ് സത്യം.

വര: മദനന്‍

നാഗര്‍കോവിലില്‍നിന്ന് പോന്ന് നാട്ടില്‍ താമസമാക്കിയതിനുശേഷം ഒരിക്കല്‍ തിരുവനന്തപുരത്ത് കുറച്ചുകാലത്തെ ചികിത്സയ്ക്കുശേഷം ബന്ധുക്കളെ കണ്ട് യാത്രപറയാന്‍ ചെന്നു. അപ്പോഴാണ് വല്യമ്മയുടെ മകള്‍ സരോജിന്യേട്ത്തി പറഞ്ഞത്: 'കുട്ടി രണ്ടീസംകൂടി കഴിഞ്ഞിട്ടു പോയാല്‍ മതി. മറ്റന്നാള്‍ ആറ്റുകാല്‍ പൊങ്കാലയായി. പൊങ്കാല ഇട്ടിട്ട് പൊയ്ക്കോളൂ'ന്ന്. പക്ഷേ, അന്ന് അതിലൊന്നും ഒരു വിശ്വാസമോ താത്പര്യമോ ഒന്നും തോന്നിയിരുന്നില്ല. കഴിയുന്നതും വേഗം വീട്ടില്‍ എത്താനുള്ള തത്രപ്പാടായിരുന്നു. പക്ഷേ, വീട്ടില്‍ എത്തിയ നിമിഷം മുതല്‍ മനസ്സിന് ഒരു സമാധാനക്കേടായിരുന്നു. അതിന്റെ അടുത്തവര്‍ഷം ആദ്യമായി ആറ്റുകാല്‍ദേവിക്ക് ഒരു ശര്‍ക്കരപ്പൊങ്കാല അര്‍പ്പിക്കുന്നതുവരെ.

അന്ന് രാഗിണിച്ചേച്ചിയുടെ വീട്ടുമുറ്റത്ത് അടുപ്പുകൂട്ടിയതും പണ്ടാര അടുപ്പില്‍നിന്നുള്ള തീയുമായി പോറ്റിമാര്‍ വന്നതും പൊങ്കാലനിവേദ്യം തളിക്കുമ്പോള്‍ മേലെക്കൂടി കറങ്ങിപ്പറന്ന ഹെലികോപ്റ്ററില്‍നിന്നുള്ള പുഷ്പവൃഷ്ടിയും അതില്‍ ഒരു പുഷ്പം കറങ്ങിത്തിരിഞ്ഞ് ഞാനിട്ട പൊങ്കാലക്കലത്തില്‍ സൂക്ഷ്മമായി വന്നുവീണതുമെല്ലാം എനിക്ക് അതിശയമായിരുന്നു.

അതിനുശേഷം, ഞങ്ങളെ സംബന്ധിച്ചിടത്തോളം, ആറ്റുകാല്‍ പൊങ്കാല ശരിക്കും ഒരു ഉത്സവംതന്നെ ആയിരുന്നു. നാഗര്‍കോവിലില്‍നിന്ന് പുള്ളില്‍ വന്ന് താമസമാക്കിയതിനുശേഷം ഒരു വര്‍ഷംപോലും വിടാതെ എല്ലാ വര്‍ഷവും ആഘോഷിക്കുന്ന ഒരു ഉത്സവം. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഒരാഴ്ചയെങ്കിലും നീണ്ടുനില്‍ക്കുന്ന ഒരു ഉത്സവകാലം.

മാധേട്ടന്‍ ഓഫീസില്‍നിന്ന് ഒരാഴ്ച മുമ്പേ ലീവെടുത്ത് വണ്ടിയും ഡ്രൈവറുമായി ഇറങ്ങും. നേരെ തിരുവനന്തപുരം വഴി നാഗര്‍കോവിലിലേക്ക്. തിരുവനന്തപുരത്താണ് ആറ്റുകാല്‍ എങ്കിലും നാഗര്‍കോവിലില്‍ പോകുകയാണ് ആദ്യലക്ഷ്യം. ഞങ്ങളുടെ എല്ലാ സുഹൃത്തുക്കളും ആ ഒരാഴ്ചയ്ക്കുവേണ്ടി കാത്തിരിപ്പുണ്ടാവും അവിടെ. ഉഷയുടെ വീട്ടില്‍ത്തന്നെയാവും മിക്കവാറും താമസം. കന്യാകുമാരിയിലും ശുചീന്ദ്രത്തും തിരുനെല്‍വേലിയിലും ഒക്കെ അങ്ങനെ അടിച്ചുപൊളിച്ച് ഒരാഴ്ച ആവുമ്പോഴേക്ക് ആറ്റുകാല്‍ പൊങ്കാല വന്നുചേരും.

ആറ്റുകാല്‍ പൊങ്കാലയില്‍നിന്ന് | ഫോട്ടോ: പ്രവീണ്‍ എം.

പൊങ്കാലത്തലേന്ന് ഉഷയുടെ വീട് ജനനിബിഡമായിരിക്കും. എന്നെയും മാധേട്ടനെയും കൂടാതെ ഉഷയുടെ ചേച്ചിയുടെ മക്കള്‍ ശ്രീയും ദീപ്തിയും, പിന്നെ ദിവ്യയും കുടുംബവും ഒക്കെ എത്തിയിരിക്കും. എല്ലാവര്‍ക്കും വേണ്ട പൊങ്കാലക്കലങ്ങളും സാമഗ്രികളും ഒക്കെ തയ്യാറാക്കാന്‍ ഉഷയ്ക്ക് നല്ല മിടുക്കാണ്. എനിക്കൊന്നും പൊങ്കാലയിട്ട് വലിയ പരിചയമില്ലാത്തതുകൊണ്ട്, എന്റെ പൊങ്കാലച്ചുമതല മുഴുവന്‍ ഉഷയുടെ തലയില്‍ത്തന്നെ ആയിരിക്കും. പുള്ളിലെ പറമ്പില്‍നിന്ന് ശേഖരിച്ച കുറെ ചൂട്ടും കൊതുമ്പും ഞങ്ങളുടെ വീട്ടില്‍ത്തന്നെ തയ്യാറാക്കുന്ന നല്ല ശുദ്ധമായ പശുവിന്‍നെയ്യും, പുള്ളിലെ പാടത്തു വിളയുന്ന നല്ല ഉണക്കനെല്ലിന്റെ അരിയും തയ്യാറാക്കിയാല്‍ എന്റെ ചുമതല തീര്‍ന്നമാതിരിയാണ്. ബാക്കിയെല്ലാം ഉഷ സന്തോഷപൂര്‍വ്വം സ്വയം ഏറ്റെടുക്കും.

എന്തായാലും അന്ന് രാത്രി മുഴുവന്‍ ഉഷയുടെ വീട്ടിലെ കിടപ്പുമുറികളിലും സ്വീകരണമുറിയിലും ഒക്കെയായി ഞങ്ങളെല്ലാം ഉറങ്ങിയും ഉറങ്ങാതെയും അലാറം അടിക്കാന്‍ വേണ്ടി കാത്തുകിടക്കും. അലാറം അടിച്ചയുടനെ ഊഴമിട്ടുള്ള കുളിയും തേവാരവും കഴിഞ്ഞ് കോടിയുമുടുത്ത് ടെമ്പോയുടെ ഇരമ്പലിനു കാതോര്‍ത്ത് വരാന്തയില്‍ കാവല്‍. ഉറക്കംതൂങ്ങുന്ന കണ്ണുകളില്‍ പുളിപ്പ് അനുഭവപ്പെടുമ്പോള്‍ അകത്ത് മാധേട്ടന്റെയും സുരേന്ദ്രന്‍ സാറിന്റെയും കൂര്‍ക്കംവലി ഉയര്‍ന്നുപൊങ്ങുന്നുണ്ടാവും. ഉഷ താമസിക്കുന്ന കോളനിയിലെ സ്ത്രീജനങ്ങളെല്ലാം ആറ്റുകാലിലേക്കു പോകാനുള്ള ടെമ്പോ വരുന്നതുവരെ ഉഷയുടെ വീട്ടുമുറ്റത്താണ് പൊങ്കാലവട്ടങ്ങളുമായി ഒത്തുകൂടുക.

പൊങ്കാലയുടെ അന്ന് പുലര്‍ച്ചെ നാഗര്‍കോവിലില്‍നിന്ന്, വാടകയ്ക്കെടുത്ത ടെമ്പോയില്‍ സ്ത്രീജനങ്ങള്‍ മാത്രമായി ആറ്റുകാലിലേക്ക് ഒരു ഉല്ലാസപ്രയാണം. ഉഷതന്നെയായിരിക്കും ആ യാത്രയിലെ 'സ്രാങ്ക്'. വിരിഞ്ഞുതുടങ്ങിയ പിച്ചിപ്പൂവിന്റെയും ചന്ദനത്തിരിയുടെയും ഇടകലര്‍ന്ന തമിഴ്സുഗന്ധം ടെമ്പോയില്‍ അങ്ങനെ നിറഞ്ഞുനില്‍ക്കും.

ടെമ്പോയില്‍ എല്ലാവരും പൊങ്കാലസാമഗ്രികളും കേറി എന്നുറപ്പുവരുത്തി എന്റെ തൊട്ടടുത്ത സീറ്റില്‍ വന്നിരുന്നാലേ ഉഷയ്ക്ക് ശ്വാസം നേരെ വീഴൂ. ആ യാത്രയില്‍ ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും പങ്കുവെക്കാന്‍ ഒത്തിരി രഹസ്യങ്ങളും വിശേഷങ്ങളും ഒക്കെ ഉണ്ടാവും. ഒന്നും ചെയ്യാനില്ലാതെ വീണുകിട്ടുന്ന അപൂര്‍വ്വം സന്ദര്‍ഭങ്ങളാണല്ലോ അത്.

ടെമ്പോയില്‍ ചിരിയും ബഹളവും ഭക്തിയും ഒക്കെ അരങ്ങുതകര്‍ക്കുമ്പോള്‍ ഡ്രൈവര്‍ സ്വന്തം സീറ്റിനു പിന്നിലുള്ള ടിവിയില്‍ ഏതെങ്കിലും തമിഴ് ഭക്തി പടം ഇടും. വാഹനത്തിലെ അരണ്ട വെളിച്ചത്തില്‍ ഉറങ്ങിത്തീരാത്ത കണ്ണുകള്‍ മെല്ലെ അടഞ്ഞുതുടങ്ങും. ആറ്റുകാലിലേക്കുള്ള ഇടറോഡുകളിലെ പലവിധ പ്രകാശങ്ങളും കാതടപ്പിക്കുന്ന ഭക്തിഗാനങ്ങളും കണ്ടും കേട്ടുമാണ് കണ്ണു തുറക്കുക. അപ്പോഴും ഉത്സവനഗരിയിലെ പ്രഭാപൂരങ്ങള്‍ കണ്ട് ലജ്ജിതനായതുപോലെ സൂര്യഭഗവാന്‍ കിഴക്കന്‍ ചക്രവാളത്തില്‍ ഉദിക്കാന്‍ മടിച്ചുമടിച്ചങ്ങനെ നില്‍ക്കുകയാവും.

വണ്ടിയില്‍നിന്നിറങ്ങി നേരെ രാഗിണിച്ചേച്ചിയുടെ വീട്ടുമുറ്റത്തേക്ക്. എല്ലാം ഉഷയുടെ ഏര്‍പ്പാടാണ്. അവിടെ രാഗിണിച്ചേച്ചി പതിവുകാരായ ഞങ്ങളെ കാത്തുനില്‍ക്കുന്നുണ്ടാവും. കുളിച്ചു കുറിയിട്ട രാഗിണിച്ചേച്ചിയുടെ അടുക്കളയില്‍നിന്ന് അപ്പോള്‍ വെന്തുവിടരുന്ന ഇഡ്ഡലിയുടെയും സാമ്പാറിന്റെയും ഒക്കെ മണം ഉയര്‍ന്നുപൊങ്ങുന്നുണ്ടാവും. തിരുവനന്തപുരത്തുകാര്‍ പൊതുവേ അങ്ങനെയാണ്. സല്‍ക്കാരപ്രിയരായ അവര്‍ അന്നത്തെ ദിവസം വീട്ടുമുറ്റത്ത് പൊങ്കാല ഇടാനെത്തുന്നവരെ വിഭവസമൃദ്ധമായ സദ്യയൂട്ടിയാണ് സ്വീകരിക്കുക. ഞങ്ങള്‍ സ്ഥിരക്കാരായതുകൊണ്ട് പറയുകയും വേണ്ട. പൊങ്കാല വെന്തുകഴിഞ്ഞാല്‍ പൊങ്കാലക്കലം മൂടിവെച്ച വാഴയില വാടിത്തുടങ്ങുന്നതിനു മുമ്പേ അവിടെ രാഗിണിച്ചേച്ചിയുടെ വക സല്‍ക്കാരം തുടങ്ങും.

രാഗിണിച്ചേച്ചി മാത്രമല്ല, തിരുവനന്തപുരത്തെ ആതിഥേയരായ എല്ലാ സ്ത്രീജനങ്ങളും അന്നത്തെ ദിവസം ആറ്റുകാലമ്മയുടെ പ്രതിരൂപം തന്നെ ആയിരിക്കും എന്നാണെനിക്കു തോന്നുന്നത്. രാഗിണിച്ചേച്ചി ഒറ്റയ്ക്കാണ് എല്ലാ ജോലികളും ചെയ്യുക. ഒരു കൈ സഹായം അങ്ങോട്ട് കൊടുക്കാമെന്നുവെച്ചാലും രാഗിണിച്ചേച്ചി അത് സ്നേഹപൂര്‍വ്വം നിരസിക്കും. പിന്നെ ഉച്ചയൂണും ഊണിനുശേഷം ഒരു ഉച്ചമയക്കവും കഴിയുമ്പോഴാവും പോറ്റിമാര്‍ തളിക്കാനെത്തുന്നത്. അതിനുശേഷം രാഗിണിച്ചേച്ചിയുടെ വക ഒരു ചായസല്‍ക്കാരം. എന്നിട്ടാണ് ദേവിയുടെ ദര്‍ശനത്തിനായി പുറപ്പെടുക.

ഫോട്ടോ: പ്രവീണ്‍ എം.

ക്ഷേത്രത്തിനുള്ളിലെ ജനപ്രളയത്തില്‍ അങ്ങനെ വെറുതേ നിന്നുകൊടുത്താല്‍ മതി, ഒരു ചവിട്ടിത്തിരുമ്മലൊക്കെ കഴിഞ്ഞ നവോന്മേഷത്തോടെ നല്ലൊരു ദര്‍ശനവും കഴിഞ്ഞ് പുറത്തിറങ്ങാം. അത്രയും തിരക്കാണെങ്കിലും ആ ഒരു തള്ളലും ദര്‍ശനവും ഒക്കെ ഒരു രസംതന്നെ ആയിരുന്നു. ദര്‍ശനം കഴിഞ്ഞ് തിരിച്ചെത്തുമ്പോഴേക്ക് അമ്പലവഴിയിലുള്ള പൊങ്കാലയടുപ്പുകളെല്ലാം കോര്‍പ്പറേഷന്‍കാര്‍ നീക്കം ചെയ്തു കഴിഞ്ഞിരിക്കും.

എവിടെനിന്നൊക്കെയോ വന്ന് കണ്ടുമുട്ടിയ പൊങ്കാലയടുപ്പിലെ ചൂടാറിയിട്ടില്ലാത്ത ചെങ്കല്ലിന്‍കട്ടകള്‍ കുശലം പറഞ്ഞു മുഴുമിപ്പിക്കുമ്പോഴേക്കും തട്ടിനീക്കപ്പെട്ട് മുനിസിപ്പാലിറ്റിവണ്ടിയിലെ അഗതികളാവുന്നത് കണ്‍മുന്നില്‍ കാണുമ്പോള്‍ വെറുതേ വിഷമം തോന്നും. തിരിച്ച് രാഗിണിച്ചേച്ചിയുടെ വീട്ടില്‍ എത്തുമ്പോഴേക്ക് റോഡുകളിലൊക്കെ തടസ്സം നീങ്ങിയതുകൊണ്ട്, പൊങ്കാലക്കാരുടെ വാഹനങ്ങള്‍ തലങ്ങും വിലങ്ങും ഓടിത്തുടങ്ങിയിട്ടുണ്ടാവും.

രാഗിണിച്ചേച്ചിയോട് നന്ദിപൂര്‍വ്വം യാത്രപറഞ്ഞ് കരിപിടിച്ച പൊങ്കാലക്കലങ്ങള്‍ ബിഗ്ഷോപ്പറുകളില്‍ ഇറക്കിവെച്ച് പാപഭാരങ്ങളെല്ലാം ആറ്റുകാല്‍ദേവിക്ക് സമര്‍പ്പിച്ച് തിരികെ ടെമ്പോയില്‍ കേറുമ്പോള്‍, മനസ്സിലും ഒരു പൊങ്കാല ഉത്സവത്തിന്റെ കൊടിയിറക്കം ആരംഭിക്കുകയായി. അസ്തമയസൂര്യന്‍ തൂകുന്ന പൊന്‍കിരണങ്ങള്‍ ടെമ്പോയ്ക്കുള്ളില്‍ നീളന്‍ചിത്രങ്ങള്‍ വരച്ചുണ്ടാക്കും.

യാത്രയ്ക്കൊടുവില്‍, ടെമ്പോയ്ക്കകത്തും പുറത്തും ഇരുട്ട് പരന്നുവീഴുമ്പോള്‍ തമിഴ്നാടിന്റെ മുഖമുദ്രപോലെ വഴിയരികിലെ കടകളില്‍നിന്നുള്ള ചന്ദനത്തിരികളുടെയും പിച്ചിപ്പൂക്കളുടെയും സുഗന്ധം ഉയര്‍ന്നുപൊങ്ങും. അതിനും പുറമേ കാതിന് ഇമ്പമേകി പൊറോട്ടക്കടകളില്‍നിന്ന് പൊറോട്ടയും ചിക്കനും ചേര്‍ത്ത് കൊത്തിനുറുക്കുന്ന താളാത്മകമായ ശബ്ദവും ചെവികളില്‍ അലയടിക്കും.

വീണ്ടും നാഗര്‍കോവിലിലേക്ക്. അങ്ങോട്ടു പോയ അതേ ഇരുട്ടിലേക്ക് തിരിച്ച് ഇറങ്ങുമ്പോള്‍ ഉലഞ്ഞ് കരിപറ്റിയ കോടിവസ്ത്രങ്ങള്‍ക്കും പൊങ്കാലനിവേദ്യം നിറഞ്ഞിരിക്കുന്ന ബിഗ്ഷോപ്പറുകളിലെ കരിപിടിച്ച പുത്തന്‍ കലങ്ങള്‍ക്കും ഒക്കെ പൊങ്കാലസായൂജ്യത്തിന്റെ കഥകളാണ് പറയാനുണ്ടാവുക. ഞങ്ങള്‍ സ്ത്രീകളാരും വീട്ടിലില്ലാതെ ബോറടിച്ച് സുഹൃത്തുക്കളുടെ കൂടെ പകല്‍മുഴുവന്‍ ചുറ്റിയടിച്ച് തിരിച്ചെത്തി ഉഷയുടെ വീടിന്റെ വരാന്തയില്‍ കാത്തിരിപ്പുണ്ടാവും സുരേന്ദ്രന്‍ സാറും മാധേട്ടനും, ഇരുട്ടിനെ കീറിമുറിച്ചെത്തുന്ന ടെമ്പോയുടെ ഇരമ്പത്തിനുവേണ്ടി കാതോര്‍ത്ത്.

ആറ്റുകാല്‍ പൊങ്കാലയും ഞങ്ങളുടെ നാട്ടിലെ ചിനക്കത്തൂര്‍പൂരവും ഒരേ ദിവസമാണ് കൊണ്ടാടുക. ഞാന്‍ ഒരിക്കലും കണ്ടിട്ടില്ലാത്ത ചിനക്കത്തൂര്‍ പൂരം. കാളകളിയും തോല്‍പ്പാവക്കൂത്തും 'അയ്യയ്യോ' വിളികളും കാതടപ്പിക്കുന്ന വെടിക്കെട്ടും ഒക്കെയായി ഇരമ്പുന്ന ഒരു പൂരം.

കുട്ടിക്കാലത്ത് ആദ്യമായി പൂരത്തിന് ആന ഇടഞ്ഞ കഥ കേള്‍ക്കുന്നത് ചിനക്കത്തൂര്‍ക്കാവിലെ പൂരത്തിനാണ്. പൂരപ്പറമ്പില്‍ ആനയിടഞ്ഞത് നേരിട്ടുകണ്ട ബന്ധുവായ വിശ്വേട്ടന്റെ വിവരണം കേട്ട്, അന്ന് മൂപ്പരുടെ ആരാധികയായിപ്പോയി ഞാന്‍. ആന ഇടഞ്ഞപ്പോള്‍ ആനയ്ക്ക് ഓടിയെത്താന്‍ പറ്റാത്ത ഊടുവഴികളിലൂടെയൊക്കെ ഓടി ഭാരതപ്പുഴ കടന്ന് ഇക്കരെയെത്തിയ വീരകഥ കേള്‍ക്കാന്‍ ഞങ്ങള്‍ കുട്ടികള്‍ ചുറ്റുമുണ്ടായിരുന്നു.

ചിനക്കത്തൂര്‍ പൂരത്തിന്റെയന്ന് വാര്യേത്തുനിന്ന് തങ്കവും കുഞ്ഞീഷ്ണന്‍ നായരും ഒക്കെ ഭാരതപ്പുഴയില്‍ പോകും. ഇടവറ്റിത്തുടങ്ങിയ പുഴയുടെ മാറില്‍ അടുപ്പുകൂട്ടി പുത്തന്‍കലത്തില്‍ ചിനക്കത്തൂരമ്മയ്ക്ക് ശര്‍ക്കരപ്പായസവും നെയ്യപ്പവും ഒക്കെ നിവേദ്യമായി സമര്‍പ്പിക്കും. ഒരുതരത്തില്‍ പറഞ്ഞാല്‍ പൊങ്കാലതന്നെ. തിരിച്ചു വീട്ടിലേക്ക് പോകുംവഴി തന്നെ ഒരു വാട്ടിയ ഇലക്കീറില്‍ പൊതിഞ്ഞ് പ്രസാദത്തിന്റെ ഒരു വിഹിതം തങ്കം വാര്യേത്ത് എത്തിക്കും.

ചിനക്കത്തൂര്‍പൂരത്തിന്റെ മറ്റൊരു മുഖം മണിയമ്മയുടെ വീട്ടിലാണ് കാണാറ്. വീട്ടില്‍ വളര്‍ത്തുന്ന നല്ലൊരു പൂവനെ കൊന്ന് കറിവെച്ച് ചിനക്കത്തൂരമ്മയ്ക്ക് സമര്‍പ്പിക്കും മണിയമ്മ. എന്നെ അന്ന് അവിടെ വിശിഷ്ടാതിഥിയായി ക്ഷണിക്കുകയും ചെയ്യും അവര്‍. നല്ലെണ്ണയില്‍ വേവുന്ന ദോശയും ചുവന്നു തിളങ്ങുന്ന കോഴിക്കറിയുമാവും അന്നത്തെ അവിടുത്തെ പൂരവിഭവം. മണിയമ്മയും മക്കള്‍ നാരായണന്‍കുട്ടിയും രമയും വസന്തയും ഒക്കെ കോഴിക്കറി സ്വാദുനോക്കാനെങ്കിലും എന്നെ ഒരുപാട് നിര്‍ബ്ബന്ധിക്കുമെങ്കിലും ഞാന്‍ ഒഴിഞ്ഞുമാറും. ഒടുക്കം, മണിയമ്മ എനിക്കുവേണ്ടിമാത്രം അമ്മിക്കല്ലില്‍ നല്ല ചുവന്ന ഉള്ളിച്ചമ്മന്തി അരച്ചുതരും. അന്ന്, ആ വിറകടുപ്പില്‍ ഇരുമ്പുദോശക്കല്ലില്‍ മണിയമ്മ ഉണ്ടാക്കിത്തന്ന ദോശയുടെയും ഉള്ളിച്ചമ്മന്തിയുടെയും സ്വാദ് എത്ര ശ്രമിച്ചിട്ടും എനിക്ക് സ്വായത്തമാക്കാന്‍ കഴിഞ്ഞിട്ടില്ല.

ചിനക്കത്തൂര്‍പ്പൂരത്തിന്റെ മറ്റൊരു സവിശേഷത അവിടത്തെ നേരവും കാലവും നോക്കാതെയുള്ള 'അയ്യയ്യോ' വിളിതന്നെ. തികച്ചും പ്രാകൃതമെന്ന് തോന്നുമെങ്കിലും, ചിനക്കത്തൂരമ്മയ്ക്ക് ആ വിളി വല്യ ഇഷ്ടമാണത്രേ. പൂരത്തിനു കൊടിയേറിക്കഴിഞ്ഞാല്‍ പൂരം കഴിയുന്നതുവരെ ചിനക്കത്തൂര്‍ ദേശത്ത് ആ വിളി അവിടുന്നും ഇവിടുന്നുമൊക്കെ ഉയര്‍ന്നുപൊങ്ങും. ആരും അത് കാര്യമാക്കാറുതന്നെ ഇല്ല. എനിക്കാണെങ്കില്‍ പണ്ടേ തനിച്ചുള്ള യാത്രകള്‍ വലിയ ഇഷ്ടമാണ്. കോളേജില്‍ പ്രാക്ടിക്കല്‍ ക്ലാസുള്ള ദിവസങ്ങളില്‍ രാവിലെ നേരത്തെയായിരിക്കും ക്ലാസ്. ആ സമയത്ത് ബസ് സൗകര്യമില്ലാത്തതുകൊണ്ട് രാമന്‍ചിറ വഴി ഇറങ്ങി നേരെ നടക്കും. പ്രീഡിഗ്രി കഴിഞ്ഞപ്പോള്‍ കൂട്ടുകാരി നിര്‍മ്മല വേറെ കോളജില്‍ പോയതുകൊണ്ട് തനിച്ചുതന്നെയാവും എന്നും യാത്ര. അതില്‍ ഒരു ഗൂഢാനന്ദം ഞാന്‍ അനുഭവിച്ചിരുന്നുതാനും.

ബസ് സമരമുള്ള ദിവസങ്ങളില്‍ രുഗ്മിണിയും വത്സലേട്ത്തിയും അംബികേട്ത്തിയും ഒക്കെക്കൂടി കോളേജിലേക്ക്, ആ വഴി ധാരാളം യാത്ര ചെയ്തിട്ടുള്ളതുകൊണ്ട്, വഴിയൊക്കെ നല്ല ഹൃദിസ്ഥമാണ്. വിജനമായ നാട്ടുവഴികളിലൂടെ, ഭാരതപ്പുഴയും റെയില്‍പ്പാളവും ഒക്കെ കേറിയിറങ്ങി അങ്ങനെ ഒരു ഏകാന്തയാത്ര. എന്തുകൊണ്ടോ. ഞാന്‍ അത് വല്ലാതെ ഇഷ്ടപ്പെട്ടിരുന്നു. കോളേജുപരിസരത്ത് എത്താറാവുമ്പോള്‍ ചിനക്കത്തൂരില്‍ പൂരക്കാലമാണെങ്കില്‍ 'അയ്യയ്യോ' വിളി പലപ്പോഴും കേള്‍ക്കാറുണ്ട്. ആദ്യമൊക്കെ ഉള്ളില്‍ ഒരു ഭീതി തോന്നിയിരുന്നുവെങ്കിലും പിന്നീട് അതൊക്കെ ഒരു തമാശയായി.

ഇന്നത്തെ കാലമാണെങ്കില്‍ എന്റെ അമ്മ ഒരിക്കലും അങ്ങനെയൊരു ഏകാന്തയാത്രയ്ക്ക് അനുമതി തരുമായിരുന്നില്ല എന്നത് മൂന്നരത്തരം. ഇന്നത്തെപ്പോലെ കണ്ണില്‍ച്ചോരയില്ലാത്ത നരാധമന്മാരുടെ അക്രമങ്ങള്‍ അന്ന് കേട്ടുകേള്‍വിപോലുമില്ലായിരുന്നു എന്നത് വേറൊരു സത്യം. എന്തായാലും ചിനക്കത്തൂര്‍പൂരം ഇപ്പോഴും മനസ്സിലെ ഒരു മോഹമായി അവശേഷിക്കുന്നു.

എന്തായാലും ആറ്റുകാല്‍ പൊങ്കാലയാത്ര ഇപ്പോഴും, മാധേട്ടന്‍ കൂടെ ഇല്ലെങ്കിലും മുടക്കാറില്ല. ഉഷ പന്തളത്ത് സ്ഥിരതാമസമാക്കിയതില്‍പ്പിന്നെ പൊങ്കാലയ്ക്കുവേണ്ടി നാഗര്‍കോവിലില്‍ പോകാറില്ലെന്നുമാത്രം. ആ യാത്ര പന്തളത്തേക്കും അവിടുന്ന് തിരുവനന്തപുരത്തേക്കും ആയി ചുരുങ്ങി. ദിവ്യ ഇപ്പോള്‍ തിരുവനന്തപുരത്തായതുകൊണ്ട് പൊങ്കാലയിടാന്‍ രാഗിണിച്ചേച്ചിയുടെ വീട്ടുമുറ്റത്തും എത്താറില്ല. ദിവ്യയുടെ ബന്ധു അംബികാമ്മയുടെയോ അതുമല്ലെങ്കില്‍ ദിവ്യയുടെയോതന്നെ വീട്ടുമുറ്റങ്ങളിലായി അടുത്തകാലങ്ങളിലെ പൊങ്കാലയിടല്‍. നാഗര്‍കോവിലിലെ സുഹൃത്തുക്കളില്‍ പലരും സ്വന്തം നാടുകളിലേക്ക് ചേക്കേറിയപ്പോള്‍ നാഗര്‍കോവില്‍ യാത്രയുടെയും എണ്ണം ഗണ്യമായി കുറഞ്ഞിരിക്കുന്നു.

Content Highlights: Attukal pongala, Girija Warrier, Nilavettam book excerpts, Mathrubhumi books

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ജോസഫ് പാംപ്ലാനി

2 min

'റബ്ബറിന്റെ വില എം.വി ഗോവിന്ദനു നിസാരമായിരിക്കും,BJP കര്‍ഷകരെ സഹായിച്ചാല്‍ അവര്‍ക്കൊപ്പം നില്‍ക്കും'

Mar 19, 2023


M B Rajesh

1 min

കുറുക്കന് കോഴിയെസംരക്ഷിച്ച ചരിത്രമില്ല; തലശ്ശേരി ആര്‍ച്ച് ബിഷപ്പിന്റെ പരാമര്‍ശത്തില്‍ മന്ത്രി രാജേഷ്

Mar 19, 2023


kn balagopal

1 min

കേന്ദ്രം അനുമതി നല്‍കി; തുര്‍ക്കിക്ക് കേരളത്തിന്റെ സഹായമായ 10 കോടി രൂപ അനുവദിച്ചു

Mar 18, 2023

Most Commented