പ്രതീകാത്മക ചിത്രം
നമ്മുടെ മനോഭാവവും അഭിരുചിയും ജീവിതത്തെ നിര്‍വചിക്കുന്നത് ഏതുതരത്തിലാണെന്ന് ഏറ്റവും സരസമായും ലളിതമായും അവതരിപ്പിച്ച പുസ്തകമാണ് ജെഫ് കെല്ലര്‍ എഴുതിയ Attitude is Everything. അനേകം ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുകയും വായനക്കാര്‍ക്കിടയില്‍ വന്‍ സ്വീകാര്യത നേടുകയും ചെയ്ത പുസ്തകത്തിന്റെ മലയാളം പരിഭാഷ 'മനോഭാവം അതല്ലേ എല്ലാം' ശ്രീരാജ് കൊളേല്‍ നിര്‍വഹിച്ച് മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്നു. പുസ്തകത്തില്‍ നിന്നും ഒരു അധ്യായം വായിക്കാം.
'നിങ്ങള്‍ക്ക് സുഖമാണോ? എന്തൊക്കെയുണ്ട് വിശേഷങ്ങള്‍? കാര്യങ്ങള്‍ എങ്ങനെ പോകുന്നു?' ഇത്തരം ചോദ്യങ്ങളോട് നാം സ്വാഭാവികമായി ഏതു രീതിയിലായിരിക്കും പ്രതികരിക്കുക? ഇതൊരു നിസ്സാരകാര്യമല്ലേ എന്ന് നിങ്ങള്‍ ചിലപ്പോള്‍ ചിന്തിക്കുന്നുണ്ടാകാം. പക്ഷേ, ദിവസവും ഏറ്റവും ചുരുങ്ങിയത് പത്തു തവണയെങ്കിലും ഇത്തരം ചോദ്യങ്ങള്‍ക്ക് നാം ഉത്തരം നല്‍കാറുണ്ട്. അതുകൊണ്ടുതന്നെ ഇത് തീരെ നിസ്സാരമായ ഒരു കാര്യമല്ല. ദൈനംദിനജീവിതത്തില്‍ നാം ഏര്‍പ്പെടുന്ന സംഭാഷണങ്ങളിലെ വളരെ നിര്‍ണ്ണായകമായ ഭാഗമാണ് ഇത്തരം ചോദ്യങ്ങളും അതിനുള്ള മറുപടിയും.
എന്തൊക്കെയുണ്ട് വിശേഷങ്ങള്‍ എന്ന് ആരെങ്കിലും ചോദിച്ചാല്‍ നിങ്ങള്‍ എന്തു പറയും? സാധാരണ കുറച്ചു മാത്രം വാക്കുകളില്‍ നിങ്ങള്‍ മറുപടിയൊതുക്കും. പക്ഷേ, ആ വളരെക്കുറഞ്ഞ പ്രതികരണത്തിന് നിങ്ങളെക്കുറിച്ച്, നിങ്ങളുടെ മനോഭാവത്തെക്കുറിച്ച് വളരെയധികം കാര്യങ്ങള്‍ പറയുവാനുണ്ടാകും. നിങ്ങളുടെ പ്രതികരണം അക്ഷരാര്‍ത്ഥത്തില്‍ നിങ്ങളുടെ മനോഭാവത്തിനു രൂപം നല്‍കുന്നു എന്നതാണ് വാസ്തവം.
'എന്തൊക്കെയുണ്ട് വിശേഷങ്ങള്‍' എന്ന ചോദ്യത്തിനു ലഭിക്കുന്ന വ്യത്യസ്ത പ്രതികരണങ്ങളെ നിരീക്ഷിക്കുവാന്‍ എനിക്കു ധാരാളം അവസരം ലഭിച്ചിട്ടുണ്ട്. ആ പ്രതികരണങ്ങളെ നമുക്ക് മൂന്നു വിഭാഗങ്ങളിലായി ഉള്‍പ്പെടുത്താവുന്നതാണ്; നിഷേധാത്മകം, സാധാരണം, അനുകൂലം. ഓരോ വിഭാഗത്തിലും വരുന്ന പ്രതികരണങ്ങളെ നമുക്കൊന്നു പരിശോധിക്കാം.
നിഷേധാത്മക പ്രതികരണങ്ങള്‍
'എന്തൊക്കെയുണ്ട് വിശേഷങ്ങള്‍' എന്നതിന് സ്വാഭാവികമായി ലഭിക്കുന്ന പ്രതികരണങ്ങളില്‍ കടന്നുവരുന്ന വാക്കുകളെയും പ്രയോഗങ്ങളെയും ഒന്ന് ശ്രദ്ധിക്കൂ.
'മൊത്തം ലക്ഷണക്കേടാണ്.'
'വളരെ ദയനീയം.'
'എനിക്ക് തീരെ വയ്യ.'
'ഇതെന്റെ ദിവസമാണെന്നു തോന്നുന്നില്ല.'
'ഭാഗ്യം! ഇന്ന് വെള്ളിയാഴ്ച ആയല്ലോ.'
'ഒരു ദിവസം കൂടി പോയിക്കിട്ടി, ഒപ്പം കുറച്ച് കാശും.'
'ദയവുചെയ്ത് അതൊന്നും ചോദിക്കരുത്.'
'ദയവുചെയ്ത് അതൊന്നും ചോദിക്കരുത്' എന്നാരെങ്കിലും മറുപടി പറയുവാന്‍ തുടങ്ങുമ്പോള്‍ എനിക്കുമനസ്സിലാകും ഞാന്‍ ചോദിച്ചു കുടുങ്ങി എന്ന്. ആ ചോദ്യം ചോദിക്കുവാന്‍ എനിക്കു തോന്നിയ നിമിഷത്തെ സ്വയം ശപിക്കത്തക്കരീതിയില്‍ പരാതിയുടെ വലിയൊരു ഭാണ്ഡക്കെട്ട് അഴിക്കുവാന്‍ തുടങ്ങിയിരിക്കും ആ മനുഷ്യന്‍.
'ദൈവമേ വളരെ നന്ദി ഇന്ന് വെള്ളിയാഴ്ച ആയല്ലോ' എന്ന മനോഭാവത്തോടെ ജീവിതത്തെ സമീപിക്കുന്നവരോട് എനിക്കു ശരിക്കും സഹതാപമാണ് തോന്നാറ്. എന്താണവര്‍ പറഞ്ഞുകൊണ്ടുവരുന്നത് എന്നു ചിന്തിച്ചിട്ടുണ്ടോ?
ഓരോ ആഴ്ചയിലെയും ഈ ദിനങ്ങളൊക്കെ അവര്‍ക്ക് മോശപ്പെട്ട ദിനങ്ങളായി അനുഭവപ്പെടുന്നു.തങ്ങള്‍ അദ്ധ്വാനിക്കേണ്ട അഞ്ചില്‍ നാലു ദിവസങ്ങളും ഇത്തരക്കാരെ സംബന്ധിച്ചിടത്തോളം ലക്ഷണംകെട്ടതാണ്. 'അഞ്ചാം ദിവസമായ വെള്ളിയാഴ്ചയെ ഒരുവിധത്തില്‍ സഹിക്കാം.' കാരണം അടുത്ത രണ്ടു ദിനങ്ങളും അവധി ദിവസങ്ങളാണെന്ന് അവര്‍ക്കറിയാം.
ഒരു വ്യക്തി സ്വന്തം ജീവിതം നയിക്കേണ്ട രീതി ഇതാണോ? അത്തരം നിഷേധാത്മകതയ്ക്ക് നമ്മുടെതന്നെ മനോഭാവങ്ങളില്‍ വിഷം പുരട്ടുവാനുള്ള ശക്തി ഉണ്ടെന്ന് നിങ്ങള്‍ക്ക് മനസ്സിലാകുന്നുണ്ടോ? മറ്റുള്ളവരുടെ ഉത്സാഹം കെടുത്തുവാന്‍ അതെങ്ങനെ കാരണമാകുന്നു എന്ന് നിങ്ങള്‍ക്ക് തിരിച്ചറിയുവാന്‍ സാധിക്കുന്നില്ലേ?
ഇടത്തരം അല്ലെങ്കില്‍ സാധാരണ പ്രതികരണങ്ങള്‍ നിഷേധാത്മകമായ പ്രതികരണ വിഭാഗത്തെക്കാള്‍ ഒരുപടി മുന്നില്‍ നില്‍ക്കുന്നവരാണ് ഇടത്തരം രീതിയില്‍ പ്രതികരിക്കുന്നവര്‍. പക്ഷേ, അവര്‍ക്കും ഒരുപാട് കാര്യങ്ങള്‍ മെച്ചപ്പെടുത്താവുന്നതാണ്. ഇടത്തരക്കാര്‍ പ്രതികരിക്കുന്ന ചില രീതികള്‍ ഇവയൊക്കെയാണ്.
'ഞാന്‍ ഓക്കെ ആണ്.'
'മോശമില്ല.'
'ഇപ്പോള്‍ വലിയ കുഴപ്പമില്ല, ഭാവിയില്‍ എന്താകും എന്നറിയില്ല.'
'കാര്യങ്ങള്‍ അങ്ങനെതന്നെ പോകുന്നു.'
'ഒരു മാറ്റവുമില്ല.'
'നല്ലതുതന്നെ.'
'ജീവിതം മോശമില്ല' എന്നു ചിന്തിക്കുന്ന ഒരാളുടെകൂടെ ഏറെനേരം ചെലവഴിക്കുവാന്‍ വാസ്തവത്തില്‍ താങ്കള്‍ ആഗ്രഹിക്കുന്നുണ്ടോ? ആ വ്യക്തിയുടെ കൂടെയാണോ താങ്കള്‍ക്ക് ബിസിനസ് തുടങ്ങേണ്ടത്? അത്തരം വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ വാസ്തവത്തില്‍ നാം നമ്മുടെ ഊര്‍ജ്ജത്തെയും ഉത്സാഹത്തെയും കുറയ്ക്കുകയാണ് ചെയ്യുന്നത്. ഒരാള്‍ വളരെ ആത്മവിശ്വാസത്തിലും ഉത്സാഹത്തിലും നിവര്‍ന്നുനിന്നുകൊണ്ട് 'നാളെ കാര്യങ്ങള്‍ വഷളാകുവാന്‍ സാദ്ധ്യതയുണ്ട്' എന്നു പറയുന്നതായി നമുക്കു സങ്കല്‍പ്പിക്കുവാന്‍ സാധിക്കുമോ? ഒരിക്കലും ഇല്ല. താന്‍ ഉറങ്ങിയിട്ട് രണ്ടുദിവസമായി എന്ന ഭാവത്തിലാണ് അവര്‍ സംസാരിക്കുക.
ഇത്തരക്കാര്‍ക്കും പ്രതീക്ഷയ്ക്ക് വകയൊന്നും ഇല്ല. ഇടത്തരം വാക്കുകള്‍ ഉപയോഗിക്കുന്നവര്‍ പതിയെ ഇടത്തരം മനോഭാവം വളര്‍ത്തിയെടുക്കുകയും അവസാനം വളരെ സാധാരണമായ ഫലങ്ങള്‍ മാത്രം നേടുകയും ചെയ്യും. നിങ്ങള്‍ അതാഗ്രഹിക്കുന്നില്ല എന്നെനിക്കറിയാം.
അനുകൂല പ്രതികരണങ്ങള്‍
ഏറ്റവും പോസിറ്റീവായ സമീപനമാണിത്. ഉത്സാഹഭരിതരായ ആ വ്യക്തികള്‍ ഉപയോഗിക്കുന്ന ചില വാക്കുകള്‍ ഇതാ.
'ഉഗ്രന്‍.'
'ഒന്നാന്തരം.'
'മഹത്തരം.'
'ഗംഭീരം.'
'ലോകം എന്റെ കാല്‍ച്ചുവട്ടിലാണ്.'
'ഇതിലും മികച്ച മറ്റൊന്ന് വരാനില്ല.'
പോസിറ്റീവായ ഇത്തരം വാക്കുകള്‍ ഉപയോഗിക്കുന്നവരുടെ ഓരോ ചുവടുവെപ്പും ഒരു കുതിപ്പായിട്ടായിരിക്കും മറ്റുള്ളവര്‍ക്ക് അനുഭവപ്പെടുക. ഇത്തരക്കാരെ ചുറ്റിപ്പറ്റി അല്‍പ്പസമയം നിന്നാല്‍ത്തന്നെ നമുക്കും ഉന്മേഷം അനുഭവപ്പെടുവാന്‍ തോന്നും. പോസിറ്റീവായ ആ വാക്കുകളുടെ ലിസ്റ്റ് വായിച്ചപ്പോള്‍ നിങ്ങള്‍ക്കെങ്ങനെയാണ് അനുഭവപ്പെട്ടത്? സത്യസന്ധമായി പറയൂ. ഓരോ പ്രാവശ്യവും ആ വാക്കുകളില്‍കൂടി കടന്നുപോകുമ്പോള്‍ എന്തെന്നില്ലാത്ത ഉന്മേഷവും അനുഭൂതിയും ആണ് എനിക്കനുഭവപ്പെടുന്നത്. ഇത്തരം ആള്‍ക്കാരെ കാണുവാനാണ് എനിക്കെപ്പോഴും താത്പര്യം. ഞാനുമായി ഏതെങ്കിലും തരത്തിലുള്ള ബിസിനസ് ചെയ്യുവാന്‍ സാദ്ധ്യത കൂടുതലും ഇക്കൂട്ടര്‍ക്കായിരിക്കും. നിഷേധാത്മകവും ഇടത്തരവുമായ പ്രതികരണങ്ങളിലൂടെ നമുക്ക് വീണ്ടും ഒന്നു കണ്ണോടിച്ചാലോ? അത് ഉറക്കെ ഒന്നു വായിക്കുവാന്‍ ശ്രമിച്ചുനോക്കൂ. നിരാശ എന്ന ഒരൊറ്റ വികാരം മാത്രമേ അതു നിങ്ങളില്‍ ഉണ്ടാക്കൂ, തീര്‍ച്ച.
ആരുടെകൂടെ സമയം ചെലവഴിക്കുവാനാണ് താത്പര്യം എന്ന് എന്നോടാരെങ്കിലും ചോദിച്ചാല്‍ നിഷേധാത്മക പ്രതികരണക്കാരെയും ഇടത്തരം പ്രതികരണക്കാരെയും തഴഞ്ഞുകൊണ്ട് അനുകൂലമായി പ്രതികരിക്കുന്നവരെ ആയിരിക്കും ഞാനെപ്പോഴും തിരഞ്ഞെടുക്കുക. പഴയ ഒരു ചൊല്ലുപോലാണത്. കേട്ടിട്ടില്ലേ, 'ഒരു മുറിയിലുള്ള വ്യക്തികളൊക്കെ അതില്‍ പ്രകാശം നിറയ്ക്കുന്നു.' മുറിയിലേക്കു കടന്നുവരുമ്പോള്‍ പ്രകാശം പരത്തുന്നവരാണ് ചില വ്യക്തികളെങ്കില്‍, മറ്റു ചിലര്‍ മുറിയില്‍നിന്നും ഇറങ്ങിപ്പോകുമ്പോഴാണ് അവിടം പ്രകാശിക്കുവാന്‍ തുടങ്ങുക. താന്‍ കടന്നുചെല്ലുന്ന മുറികളിലൊക്കെ പ്രകാശം പരത്തുന്ന ഒരു വ്യക്തിയാകുവാനല്ലേ നിങ്ങളും ആഗ്രഹിക്കുന്നത്.
'എന്തൊക്കെയുണ്ട് വിശേഷങ്ങള്‍' എന്ന് എന്നോടാരെങ്കിലും ചോദിച്ചാല്‍ 'ബഹുകേമം' എന്നായിരിക്കും എന്റെ മറുപടി. വളരെ പോസിറ്റീവായ ഒരു മനോഭാവം അങ്ങേത്തലയ്ക്കല്‍ നില്‍ക്കുന്ന വ്യക്തിയിലേക്ക് എത്തിക്കുവാനുള്ള ഒരു കഴിവ് ആ പ്രതികരണത്തിനുണ്ട്. ഒരുപാട് തവണ അതേ രീതിയില്‍ പ്രതികരിക്കുമ്പോള്‍ കാര്യങ്ങള്‍ ശരിക്കും ബഹുകേമമായിത്തന്നെ എനിക്കനുഭവപ്പെടാറുണ്ട്.
നമുക്കും പോസിറ്റീവായ വ്യക്തികളുടെ കൂടെക്കൂടാം വ്യത്യസ്ത വിഭാഗങ്ങളില്‍പ്പെടുന്ന വ്യക്തികളുടെ തനതായ പ്രതികരണശൈലികള്‍ നാം കണ്ടുകഴിഞ്ഞു'നിഷേധാത്മകം, ഇടത്തരം, അനുകൂലം.' താങ്കള്‍ നിത്യേന ഉപയോഗിക്കുന്ന വാചകങ്ങള്‍ ഇതില്‍ ഏതു വിഭാഗത്തിലാണ് ഉള്‍പ്പെടുക? താങ്കളുടെ സുഹൃത്തുക്കളും ബന്ധുക്കളും ഉപയോഗിച്ചുവരുന്ന ശൈലി എന്താണ്?
താങ്കള്‍ ഇപ്പോഴുള്ളത് ഇടത്തരം അല്ലെങ്കില്‍ നിഷേധാത്മകപ്രതികരണക്കാരുടെ സംഘത്തിലാണോ? എങ്കില്‍ എത്രയും പെട്ടെന്ന് താങ്കളുടെ പ്രതികരണശൈലി പുനഃപരിശോധനയ്ക്കു വിധേയമാക്കി അനുകൂല മനോഭാവക്കാരുടെ കൂട്ടത്തിലേക്കു മാറുവാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. അതിനൊരു കാരണം ഉണ്ട്. എന്തൊക്കെയുണ്ട് വിശേഷങ്ങള്‍ എന്ന ആരുടെയെങ്കിലും കുശലാന്വേഷണത്തിന് 'പരമദയനീയം' അല്ലെങ്കില്‍ 'കുഴപ്പമില്ല' എന്ന് നിങ്ങള്‍ മറുപടി പറയുമ്പോള്‍ അതു മൊത്തത്തില്‍ നിങ്ങളുടെ ശാരീരികാവസ്ഥയെ മോശമായി ബാധിക്കുന്നു. ഇടിഞ്ഞുതൂങ്ങിയ ശിരസ്സും തോളുകളുമായി വളരെ നിരാശാജനകമായ ഒരവസ്ഥയിലേക്ക് നിങ്ങളുടെ ശരീരം നീങ്ങുന്നു. എന്തായിരിക്കും ആ സമയത്ത് നിങ്ങളുടെ വൈകാരികാവസ്ഥ? സ്വന്തം സ്ഥിതിയെ പരമദയനീയം എന്ന് സ്വയം വിശേഷിപ്പിച്ചാല്‍ പിന്നെ എന്തെങ്കിലും നിങ്ങള്‍ക്ക് നല്ലതായി അനുഭവപ്പെടുമോ? ഒരിക്കലും ഇല്ല. നിങ്ങളുടെ മനസ്സ് കൂടുതല്‍ ഇടിയുന്നു. കാരണം നിഷേധാത്മകമായ വാക്കുകളും ചിന്തകളും ഒരു വ്യക്തിയില്‍ നിഷേധാത്മകവികാരങ്ങള്‍ നിറയ്ക്കുന്നതോടൊപ്പം അയാള്‍ക്ക് വളരെ നിഷേധാത്മകമായ ഫലങ്ങള്‍ സമ്മാനിക്കുകയും ചെയ്യുന്നു.
ആ ഒരവസ്ഥ വേണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് നിങ്ങള്‍തന്നെയാണ്. ജീവിതസാഹചര്യങ്ങള്‍ യഥാര്‍ത്ഥത്തില്‍ നിങ്ങളെക്കൊണ്ട് സ്വന്തം അവസ്ഥ പരമദയനീയം എന്നു പറയിപ്പിക്കുകയാണെങ്കില്‍ ഒരുപക്ഷേ, നിങ്ങളുടെ ബിസിനസ് നഷ്ടത്തില്‍ കലാശിച്ചതാവാം, അല്ലെങ്കില്‍ നിങ്ങളുടെ കുട്ടിക്ക് പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതാകാം. മ്ലാനത നിറഞ്ഞ നിങ്ങളുടെ മനോഭാവത്തിന് ആ സാഹചര്യത്തെ ഒരു രീതിയിലും മെച്ചപ്പെടുത്തുവാന്‍ സാദ്ധ്യമല്ല. കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കിക്കൊണ്ട് നിങ്ങളുടെ നിഷേധാത്മകമായ മറുപടി നിങ്ങളോട് കുശലാന്വേഷണം നടത്തിയ വ്യക്തിയുടെ ഉന്മേഷത്തെയും ഇല്ലാതാക്കുന്നു. നിങ്ങളുടെ അടുത്തുവന്ന് സംസാരിച്ചു എന്ന ഒറ്റക്കാരണത്താല്‍ അവരുടെ ശുഭാപ്തിവിശ്വാസവും ഇല്ലാതാവുകയാണ്.
ഒരു പുതിയ ശീലം സ്വന്തമാക്കാം സ്വന്തം വാക്കുകളുടെ അനന്തരഫലം മേല്‍പ്പറഞ്ഞ നിഷേധാത്മകമായ കാര്യങ്ങളാണെങ്കില്‍ പിന്നെ നിങ്ങള്‍ എന്തിന് അവ ആവര്‍ത്തിക്കണം? താന്‍ ഉപയോഗിക്കുന്ന വാക്കുകളെ തിരഞ്ഞെടുക്കുവാനുള്ള ഒരു അവസരം നിങ്ങള്‍ക്കെല്ലായ്‌പോഴും ഉണ്ട് എന്ന് സ്വയം തിരിച്ചറിയുവാന്‍ സാധിക്കാത്തതായിരിക്കാം കാരണം. വര്‍ഷങ്ങള്‍ക്കു മുമ്പ് നിങ്ങള്‍ ഉണ്ടാക്കിയെടുത്ത ഒരു ശീലം, നിങ്ങള്‍ക്ക് ഒട്ടും ഗുണകരമല്ലാത്ത ഒരു ശീലം, ആ ശീലത്തെ അറിയാതെ നിങ്ങള്‍ ഇപ്പോഴും പിന്തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.
നിങ്ങള്‍ ഉപയോഗിക്കുന്ന വാക്കുകള്‍ ആത്യന്തികമായി സ്വയം യാഥാര്‍ത്ഥ്യവത്കരിക്കപ്പെടുന്ന പ്രവചനങ്ങളായി മാറുന്നു.
കാര്യങ്ങളൊക്കെയും പരമദയനീയം എന്ന് നിങ്ങള്‍ പ്രസ്താവിക്കുമ്പോള്‍ അത് യാഥാര്‍ത്ഥ്യത്തിലേക്കു കൊണ്ടുവരാന്‍ കഴിവുള്ള വ്യക്തികളെയും സാഹചര്യങ്ങളെയുമായിരിക്കും നിങ്ങളുടെ മനസ്സ് ആകര്‍ഷിച്ചുകൊണ്ടിരിക്കുക. പകരം ജീവിതം അതിഗംഭീരം എന്ന് പലയാവര്‍ത്തി നിങ്ങള്‍ പറയുമ്പോള്‍ സ്വന്തം മനസ്സ് നിങ്ങളെ തികച്ചും അനുകൂലമായ ഒരു ദിശയിലേക്കു നയിക്കുവാന്‍ ആരംഭിക്കുകയായി.
'കാര്യങ്ങള്‍ വളരെ ഉഷാറായി നീങ്ങുന്നു' എന്ന് നിങ്ങള്‍ പ്രതികരിക്കുമ്പോള്‍ സംഭവിക്കുന്ന കാര്യങ്ങളെ നമുക്കൊന്നു നോക്കിക്കാണാം. ശുഭാപ്തിവിശ്വാസം നിറഞ്ഞ നിങ്ങളുടെ വാക്കുകള്‍ക്ക് അനുയോജ്യമായി നിങ്ങളുടെ ശാരീരികാവസ്ഥ മാറുന്നു. നട്ടെല്ല് ഒന്നുകൂടി നിവര്‍ത്തിയാണ് നിങ്ങളിപ്പോള്‍ നില്‍ക്കുന്നത്. നിങ്ങളുടെ വാക്കുകളില്‍നിന്നും പ്രസരിക്കുന്ന ഊര്‍ജ്ജവും ഓജസ്സും മറ്റുള്ളവരെ നിങ്ങളിലേക്കാകര്‍ഷിക്കുന്നു. നിങ്ങളുടെ ബിസിനസ്സും വ്യക്തിബന്ധങ്ങളും കൂടുതല്‍ പുരോഗതിയിലേക്കു നീങ്ങുന്നു. നിങ്ങളുടെ ജീവിതപ്രശ്‌നങ്ങള്‍ ഒക്കെയും അത്യദ്ഭുതകരമായ രീതിയില്‍ ഒറ്റയടിക്ക് ഇല്ലാതാകും എന്നല്ല ഞാന്‍ പറഞ്ഞുവരുന്നത്. പക്ഷേ, 'ജീവിതത്തില്‍നിന്ന് നാം എന്തു പ്രതീക്ഷിക്കുന്നുവോ അതു മാത്രമേ നമുക്കു ലഭിക്കുകയുള്ളൂ' എന്ന നിര്‍ണ്ണായക സത്യത്തിനെ തിരിച്ചറിഞ്ഞ നിങ്ങള്‍ ഇതാ അതിന് ചലനസ്വാതന്ത്ര്യം നല്‍കിയിരിക്കയാണ്.
ഇത്തരം ചെറിയ ചെറിയ ചുവടുവെപ്പുകളാണ് ജീവിതത്തില്‍ വളരെ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കുന്നത് എന്ന് സ്വന്തം അനുഭവം മുന്‍നിര്‍ത്തിക്കൊണ്ട് എനിക്ക് നിങ്ങളോടു പറയുവാന്‍ സാധിക്കും. എന്തൊക്കെയുണ്ട് വിശേഷങ്ങള്‍ എന്ന് 25 വര്‍ഷങ്ങള്‍ക്കുമുമ്പ് ആരെങ്കിലും എന്നോടു ചോദിക്കുമ്പോഴൊക്കെയും പ്രത്യേകിച്ച് ഉത്സാഹമൊന്നും പ്രകടിപ്പിക്കാതെ 'കുഴപ്പമില്ല' എന്നൊരു മറുപടിയാണ് ഞാന്‍ നല്‍കിക്കൊണ്ടിരുന്നത്. ഞാനെന്താണ് ചെയ്തുകൊണ്ടിരുന്നത് എന്ന് മനസ്സിലായോ? മറ്റുള്ളവരുമായി വെറും 'കുഴപ്പങ്ങളില്ലാത്ത' ഒരു ബന്ധം സ്ഥാപിക്കുവാനായി, കുഴപ്പങ്ങളൊന്നുമില്ലാത്ത ഒരു വിജയത്തിനായി, കുഴപ്പങ്ങളൊന്നുമില്ലാത്ത ഒരു മനോഭാവത്തിനായി, ഒടുവില്‍ കുഴപ്പങ്ങളൊന്നുംതന്നെയില്ലാത്ത വെറുമൊരു സാധാരണ ജീവിതം നേടിയെടുക്കുന്നതിനായി മനസ്സിനെ പ്രോഗ്രാം ചെയ്ത് ഒരുക്കുകയായിരുന്നു.
കുഴപ്പങ്ങളൊന്നുമില്ലാത്ത വെറുമൊരു സാധാരണ ജീവിതത്തില്‍ അടിഞ്ഞുകൂടേണ്ട ഒരു വ്യക്തിയല്ല ഞാന്‍ എന്നത് ഭാഗ്യവശാല്‍ അന്നെനിക്ക് മനസ്സിലാക്കുവാന്‍ സാധിച്ചിരുന്നു. അതുകൊണ്ടുതന്നെ ഞാനെന്റെ പ്രതികരണങ്ങളെ, അവയുടെ ചാലുകള്‍ കീറി പരിശോധിച്ച്, അതില്‍ 'ഗംഭീരം, ഒന്നാന്തരം, മഹത്തരം, ഉഗ്രന്‍' തുടങ്ങിയ വാക്കുകളെ തിരുകിവെച്ചു. ഒരല്‍പ്പം ഊര്‍ജ്ജം നിറച്ചാണ് ഞാനവയെ തൊടുത്തുവിട്ടത്. തീര്‍ച്ചയായും ആദ്യമൊന്നും അതത്ര എളുപ്പമായിരുന്നില്ല. ഞാനങ്ങനെ പ്രതികരിച്ചപ്പോള്‍ 'ഇവനെന്താ വട്ടായോ' എന്ന രീതിയില്‍ ആളുകള്‍ എന്നെ നോക്കിയിരുന്നു. പക്ഷേ, ആഴ്ച ഒന്ന് കഴിഞ്ഞപ്പോള്‍ ആ വാക്കുകള്‍ എന്നില്‍നിന്നും സ്വാഭാവികമായി ഒഴുകിവരുവാന്‍ ആരംഭിച്ചു. അതെന്റെ മാനസികാവസ്ഥയില്‍ കൊണ്ടുവന്ന നല്ല മാറ്റങ്ങള്‍ മനസ്സിലാക്കിയപ്പോള്‍, എന്നോട് ഇടപഴകുവാന്‍ മറ്റുള്ളവര്‍ കൂടുതല്‍ താത്പര്യം കാണിക്കുന്നതു കണ്ടപ്പോള്‍ എനിക്ക് എന്നെ വിശ്വസിക്കുവാനായില്ല.
ഇതൊരു റോക്കറ്റ് സയന്‍സ് അല്ല. പക്ഷേ, എന്നെ വിശ്വസിക്കൂ, മഹത്തായ ഒരു മനോഭാവം ഉണ്ടാക്കിയെടുക്കുവാന്‍ പണത്തിന്റെയോ ഭാഗ്യത്തിന്റെയോ കൂട്ടുപിടിക്കേണ്ട ആവശ്യം നിങ്ങള്‍ക്കില്ല. ഊര്‍ജ്ജസ്വലതയോടെ വളരെ പോസിറ്റീവായി പ്രതികരിക്കുവാനുള്ള ഒരു ശീലം സ്വയം ഉണ്ടാക്കിയെടുത്താല്‍ മാത്രം മതി. എനിക്കുണ്ടായ അദ്ഭുതാവഹമായ ഫലങ്ങള്‍ നിങ്ങള്‍ക്കും ഉണ്ടാകും.
കാര്യങ്ങള്‍ അത്ര ഗംഭീരമല്ലെങ്കിലോ?
'എന്തൊക്കെയുണ്ട് വിശേഷം?' എന്ന ചോദ്യത്തിന് ഉറച്ച സ്വരത്തില്‍ ആത്മവിശ്വാസത്തോടെ മറുപടി പറയണം എന്ന് എന്റെ പരിപാടികളില്‍ പങ്കെടുക്കുന്നവരോട് ഞാന്‍ നിര്‍ദ്ദേശിക്കുന്ന ഒരു കാര്യമാണ്. എല്ലാ പരിപാടികള്‍ക്കു ശേഷവും കുറച്ചുപേരെങ്കിലും എന്നെ വന്നുകണ്ട് ചോദിക്കുന്ന ഒരു കാര്യമാണ് കാര്യങ്ങള്‍ അത്ര പന്തിയല്ലെങ്കില്‍ എന്തു പറയണം എന്ന്. കാര്യങ്ങള്‍ ഒന്നുംതന്നെ നല്ല രീതിയില്‍ നടക്കുന്നില്ല എങ്കില്‍ പിന്നെ താനെന്തിന് വെറുതെ സുഹൃത്തുക്കളോടും സഹപ്രവര്‍ത്തകരോടും കള്ളം പറയണം എന്നതാണ് അവരുടെ വാദം.
എന്നെ തെറ്റിദ്ധരിക്കരുത്. ആത്മാര്‍ത്ഥതയ്ക്കും സത്യസന്ധതയ്ക്കും വളരെ ഉയര്‍ന്ന മൂല്യം കല്‍പ്പിക്കുന്ന ഒരാളാണ് ഞാന്‍. എന്നാല്‍ സത്യസന്ധതയോ കളവോ അല്ല ഇവിടത്തെ പ്രശ്‌നം. ഞാനൊന്ന് വിശദീകരിക്കാം.
സാലി വളരെ ക്ഷീണിതയാണ് എന്നിരിക്കട്ടെ. കൂടെ ജോലിചെയ്യുന്ന ആരെങ്കിലും സാലിയോട് ആ ദിവസത്തെ വിശേഷങ്ങള്‍ തിരക്കുകയാണ്. സത്യസന്ധമായി പ്രതികരിക്കുവാനാണ് സാലിക്ക് താത്പര്യം. അതുകൊണ്ടുതന്നെ താന്‍ വളരെ ക്ഷീണിതയാണ് എന്നവര്‍ മറുപടി പറയുന്നു. ഇനി എന്തു സംഭവിക്കും? തനിക്ക് ക്ഷീണമുണ്ട് എന്ന സ്വന്തം വിശ്വാസത്തെ ആ മറുപടിയില്‍ക്കൂടി സാലി വീണ്ടും ബലപ്പെടുത്തി. ഇപ്പോഴവര്‍ക്ക് കൂടുതല്‍ തളര്‍ച്ച അനുഭവപ്പെടാന്‍ തുടങ്ങുന്നു. ചുമലുകള്‍ താഴ്ത്തി അവര്‍ നെടുവീര്‍പ്പിടാന്‍ തുടങ്ങുന്നു. ക്രിയാത്മകമായ ഒരു ജോലിയിലും ഏര്‍പ്പെടാന്‍ സാധിക്കാത്ത ലക്ഷണക്കേടു പിടിച്ച ഒരു പ്രവൃത്തിദിവസമായിരിക്കും സാലിക്ക് അന്ന്.
ഇനി നമുക്ക് സാലിയോട് വിശേഷം തിരക്കിയ ആ വ്യക്തിയുടെ അവസ്ഥ ഒന്ന് പരിഗണിക്കാം. വിശേഷം തിരക്കുവാന്‍ തനിക്കു തോന്നിയ സമയത്തെ മിക്കവാറും അയാളിപ്പോള്‍ പഴിക്കുന്നുണ്ടാകും. എന്തൊക്കെയോ അസ്വസ്ഥതകള്‍ അയാള്‍ക്കും അനുഭവപ്പെടാന്‍ തുടങ്ങും. 'ഞാന്‍ വളരെ കഷ്ടത്തിലാണ്' എന്ന് നമ്മളോടാരെങ്കിലും പറഞ്ഞാല്‍ നമുക്ക് ഉന്മേഷം തോന്നാറില്ലല്ലോ. 'ക്ഷീണം' എന്ന വാക്ക് കേള്‍ക്കുമ്പോഴേ നാം കോട്ടുവാ ഇടാന്‍ തുടങ്ങും. സാലി ക്ഷീണിപ്പിച്ചത് തന്നെ മാത്രമല്ല, തന്റെ സഹപ്രവര്‍ത്തകനെക്കൂടിയാണ്.
കഠിനമായ ആ ദിവസത്തിനൊടുവില്‍ പരിക്ഷീണയായി സാലി വീട്ടില്‍ മടങ്ങിയെത്തുന്നു. ഒരു കസേരയില്‍ ചടഞ്ഞിരുന്ന് അലക്ഷ്യമായി അന്നത്തെ പത്രത്തിലൂടെ കണ്ണോടിക്കവേ തലേദിവസം നടന്ന ഭാഗ്യക്കുറി നറുക്കെടുപ്പില്‍ സമ്മാനാര്‍ഹമായ നമ്പറുകള്‍ അവരുടെ കണ്ണില്‍പ്പെടുന്നു. തന്റെ കൈയിലുള്ള ഭാഗ്യക്കുറി ടിക്കറ്റിലെ നമ്പറുമായി ഒത്തുനോക്കിയപ്പോഴാണ് താന്‍ പിടിച്ചിരിക്കുന്നത് ഒന്നാം സമ്മാനാര്‍ഹമായ ഭാഗ്യക്കുറി ടിക്കറ്റാണ് എന്ന് സാലി തിരിച്ചറിയുന്നത്. 10 ലക്ഷം ഡോളറിന്റെ ഒന്നാം സമ്മാനം സാലിക്ക്!
എന്തായിരിക്കും സാലിയുടെ അടുത്ത നീക്കം? ഓര്‍മ്മിക്കുക, അവര്‍ വളരെയധികം ക്ഷീണിതയാണ്.
ഇരുന്ന കസേരയില്‍നിന്നും കുതിച്ചെഴുന്നേറ്റ് ഇരു കൈകളും ആഞ്ഞ് വീശി, തുള്ളിച്ചാടിക്കൊണ്ട് സാലി ഇപ്പോള്‍ അലറിവിളിക്കുവാന്‍ തുടങ്ങും എന്നുള്ള കാര്യം നിങ്ങള്‍ക്കും എനിക്കും അറിയാം. അവര്‍ എയറോബിക് ഡാന്‍സാണോ കളിക്കുന്നതെന്ന് ചിലപ്പോള്‍ നിങ്ങള്‍ക്കു തോന്നിയേക്കാം. ഓടിച്ചെന്ന് ഫോണെടുത്ത് തന്റെ ബന്ധുക്കളെയും സുഹൃത്തുക്കളെയും വിളിച്ച് ഈ വിശേഷം അറിയിച്ചതിനുശേഷം സമ്മാനം കിട്ടുന്ന തുകകൊണ്ട് എന്തൊക്കെ ചെയ്യണം എന്ന് മനക്കോട്ട കെട്ടലാണ് അടുത്തതായി സാലി ചെയ്യുവാന്‍ പോകുന്ന കാര്യം. അനിയന്ത്രിതമായ ഊര്‍ജ്ജപ്രവാഹത്തിന്റെ ഒരു പ്രഭവകേന്ദ്രമായി സ്വയം മാറി, സാലി എന്ന വ്യക്തി സ്വന്തം മുറിയെ ഒരു പൂരപ്പറമ്പാക്കി മാറ്റി ആ രാവിനെ ആഘോഷിക്കും.
ഒരു സെക്കന്‍ഡ്, പത്തു നിമിഷം മുമ്പ് വളരെ പരീക്ഷീണയായി നമ്മള്‍ കണ്ടത് ഇതേ വ്യക്തിയെത്തന്നെ അല്ലേ? പക്ഷേ, പിക്‌നിക്കിനു പോകുവാനുള്ള സ്‌കൂള്‍ കുട്ടികളുടെ ലീഡറായി തന്നെ തിരഞ്ഞടുത്തു എന്നറിഞ്ഞ ഒരു പതിനഞ്ചു വയസ്സുകാരിയുടെ ഊര്‍ജ്ജമാണ് സാലിയുടെ സിരകളില്‍ക്കൂടി ഇപ്പോള്‍ പ്രവഹിച്ചുകൊണ്ടിരിക്കുന്നത്. തീര്‍ത്തും പരിക്ഷീണയായ ഒരുവളെ പ്രസരിപ്പിന്റെ ഉത്തുംഗശൃംഗങ്ങളിലേക്കെത്തിക്കുവാന്‍ മാത്രം എന്ത് മറിമായമാണ് ആ പത്തു നിമിഷത്തില്‍ സംഭവിച്ചത്? സാലി വൈറ്റമിന്‍ ബി12 ഇന്‍ജക്ഷന്റെ കുത്തിവെപ്പിനു വിധേയമായോ അതോ ആരെങ്കിലും അവരുടെ തലയില്‍ ഐസ് വെള്ളം നിറച്ച ബക്കറ്റ് കമഴ്ത്തിയോ?
അതൊന്നുമല്ല കാര്യം. നമ്മള്‍ അവിടെ സാലിയില്‍ കണ്ട മാറ്റം പൂര്‍ണ്ണമായും മാനസികം ആയിരുന്നു.
അവര്‍ക്ക് അനുഭവപ്പെട്ട ക്ഷീണം ഒരു യാഥാര്‍ത്ഥ്യം തന്നെ ആയിരുന്നു. പക്ഷേ, അതു ബാധിച്ചത് ശരീരത്തെക്കാള്‍ ഏറെ അവരുടെ മനസ്സിനെ ആയിരുന്നു. താന്‍ ക്ഷീണിതയാണ് എന്ന സാലിയുടെ പ്രസ്താവനയില്‍ സത്യത്തിന്റെ ചെറിയ ഒരംശം മാത്രമേ ഉള്ളൂ. തന്റെ ശ്രദ്ധ പതിയേണ്ട വസ്തുത എന്തായിരിക്കണം എന്ന സാലിയുടെ തീരുമാനവുമായാണ് സത്യം ബന്ധപ്പെട്ടിരിക്കുന്നത്. 'ക്ഷീണം' എന്ന വികാരത്തിലാണ് അവര്‍ തന്റെ ശ്രദ്ധ കേന്ദ്രീകരിക്കുവാന്‍ തീരുമാനിച്ചത്. പക്ഷേ, അതു തിരഞ്ഞെടുക്കുവാനായി സാലിയുടെ മുന്നിലുണ്ടായിരുന്ന പല കാര്യങ്ങളില്‍ ഒന്നു മാത്രമായിരുന്നു. വേണമെങ്കില്‍ ജീവിതം തനിക്കു നല്‍കിയ സൗഭാഗ്യങ്ങളെ സ്മരിച്ചുകൊണ്ട് അവര്‍ക്ക് സ്വയം ഊര്‍ജ്ജം പകരാമായിരുന്നു.
കാര്യങ്ങള്‍ ഒരാളില്‍ എന്തൊക്കെ വികാരങ്ങള്‍ ഉണ്ടാക്കുന്നു എന്നത് ഓരോ വ്യക്തിയുമായും അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്ന ഒരു വസ്തുതയാണ്. 'എനിക്ക് ക്ഷീണമാണ്' എന്ന് നിങ്ങള്‍ സ്വയം പറയുകയാണെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ക്ക് ക്ഷീണം അനുഭവപ്പെടുകതന്നെ ചെയ്യും. 'സംഗതികളൊക്കെ ഗംഭീരം' എന്ന് നിങ്ങള്‍ സ്വയം പറയുകയാണെങ്കില്‍ അതു നിങ്ങളില്‍ വലിയ ഊര്‍ജ്ജം നിറയ്ക്കും. 'നാം എന്തു ചിന്തിക്കുന്നുവോ, ഒടുവില്‍ അതായി മാറും' എന്ന് രണ്ടാം അദ്ധ്യായത്തില്‍ നാം ചര്‍ച്ച ചെയ്ത ആ വലിയ സത്യത്തിലേക്ക് ഒരിക്കല്‍ക്കൂടി നിങ്ങളുടെ ശ്രദ്ധയെ ഞാന്‍ ക്ഷണിക്കുന്നു.
ആകാംക്ഷയോടെ പ്രതികരിക്കുക അടുത്ത ഒരു മാസത്തേക്ക് ഇതൊന്ന് പരീക്ഷിച്ചുനോക്കൂ. 'എന്തൊക്കെയുണ്ട് വിശേഷങ്ങള്‍?' എന്നാരെങ്കിലും നിങ്ങളോടു ചോദിക്കുകയാണെങ്കില്‍ (ഒരുമിച്ചു ജോലി ചെയ്യുന്നവരോ, സാധനങ്ങള്‍ വാങ്ങുവാന്‍ പോകുന്ന കടയിലെ ആളോ, ആരുമാകട്ടെ) 'ഗംഭീരം' അല്ലെങ്കില്‍ 'മഹത്തരം' എന്ന് വളരെ ഊര്‍ജ്ജസ്വലതയോടും ഉത്സാഹത്തോടുംകൂടി പറയൂ. തിളങ്ങുന്ന കണ്ണുകളോടെ പുഞ്ചിരിച്ചുകൊണ്ടു വേണം അതു പറയുവാന്‍. അതിന് കാര്യങ്ങള്‍ ശരിക്കും ഗംഭീരമാകണം എന്ന് നിര്‍ബ്ബന്ധം ഒന്നുംതന്നെയില്ല. 'ആ ഒരവസ്ഥയിലാണുള്ളത്' എന്ന തത്ത്വമാണ് ഇവിടെ പ്രയോഗിക്കേണ്ടത്. വളരെ പോസിറ്റീവായ ഒരു മാനസികാവസ്ഥ കൈവരിക്കണം എന്നുണ്ടെങ്കില്‍ നിങ്ങള്‍ ഇപ്പോഴേ ആ മാനസികാവസ്ഥയിലേക്കെത്തിയതുപോലെ പെരുമാറുക. നിങ്ങള്‍ കൂടുതല്‍ പോസിറ്റീവായ ഒരു മാനസികാവസ്ഥയിലേക്കു നീങ്ങുന്നതായി മനസ്സിലാക്കുവാന്‍ സാധിക്കും.
തുടക്കത്തില്‍ അത്തരം വാക്കുകള്‍ ഉപയോഗിക്കാന്‍ അല്‍പ്പം മടിയും വിഷമവുമൊക്കെ അനുഭവപ്പെടുക സാധാരണമാണ്. അത് കാര്യമാക്കാതെ ആവര്‍ത്തനം ഒരു ശീലമാക്കുക. പതിയെ അത് നിങ്ങളുടെ സ്വഭാവത്തിന്റെ ഒരു ഭാഗമായി മാറും. വളരെ പോസിറ്റീവായ മാനസികാവസ്ഥ ഉണ്ടാകുന്നതായി, മറ്റുള്ളവര്‍ നിങ്ങളെ ചുറ്റിപ്പറ്റി നില്‍ക്കുവാന്‍ ശ്രമിക്കുന്നതായി, വളരെ പോസിറ്റീവായ ഫലങ്ങള്‍ നിങ്ങളെ തേടിവരുന്നതായി വൈകാതെ നിങ്ങള്‍ മനസ്സിലാക്കുവാന്‍ തുടങ്ങും.
അതിരിക്കട്ടെ, 'എന്തൊക്കെയുണ്ട് വിശേഷങ്ങള്‍?'
'ഗംഭീരം' എന്ന് നിങ്ങള്‍ പറയുന്നത് എനിക്കിവിടെ കേള്‍ക്കാം.
Content Highlights: Attitude is Everything Jeff Keller,Malayalam Translation, Sreeraj Kolel, Mathrubhumi Books
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..