ഗിരീഷ് പുത്തഞ്ചേരി
ചോദിക്കട്ടെ, നിങ്ങള്‍ മുറുക്കുമോ? വൈലോപ്പിള്ളി എഴുതിയതുപോലെ വെറ്റിലത്തരി നുണയുമോ?
മറുപടി ഉവ്വെന്നാണെങ്കില്, നാലുംകൂട്ടി ആസ്വാദ്യതയോടെ മുറുക്കുന്ന നേരത്ത് ഒരു സുന്ദരവിഡ്ഢി അടുത്തേക്കു വന്ന് പരോപകാരതത്പരത്വത്തോടെ ഉപദേശിക്കുകയാണെന്നുവെക്കുക: നിങ്ങള്‍ക്കെന്തു തോന്നും? നിങ്ങള്‍ എന്തു പറയും?
ഒരിക്കല്‍ ഒരു സിനിമയുടെ ചിത്രീകരണസ്ഥലത്തിരുന്ന് ഗിരീഷ് പുത്തഞ്ചേരി ആരെയും കൊതിപ്പിക്കാന്‍പോന്ന മട്ടില്‍ അഴകോടെ മുറുക്കുമ്പോള്‍ നിര്‍മാതാവിന്റെ ഒരു കൈയാള്‍ ഇടപെട്ടു: 'മുറുക്കും, അല്ലേ?'
'ഓ.'
'എപ്പഴും മുറുക്ക്വോ?'
'അങ്ങനെയില്ല,'
'പിന്നെ?'
'തോന്നുമ്പോ.'
'കഷ്ടാണ് ട്ടോ.'
'എന്തേ?'
'ഇത്രേം മോശായിട്ട് വേറൊര് ശീലംണ്ടാവില്ല. ആളെക്കൊല്ലിയാ. വെറ്തെ മരണത്തെ വിളിച്ചുവരുത്തണോ?'
ഗിരീഷിന് അയാളുടെ രോഗം പെട്ടെന്ന് പിടികിട്ടി. വൈദ്യനല്ലെങ്കിലും വൈദ്യന്റെ മകനാണല്ലോ. ഒന്നു നീട്ടിത്തുപ്പിയശേഷം ഉപദേശിയുടെ നേര്‍ക്ക് സാരവത്തായ ഒരു ചോദ്യമെറിഞ്ഞു. 'ഗാന്ധിജി മരിച്ചതെങ്ങന്യാ, മുറുക്കിയിട്ടാണോ?' കൈയാള്‍ വിരണ്ടുപോയി. ചുണകെട്ട് മുഖം വിളറി. വേണ്ടീര്ന്നില്ല! ഗിരീഷിന് സുഹൃദ്സദസ്സുകളില്‍ അവതരിപ്പിക്കാന്‍ മറ്റൊരു അനുഭവകഥകൂടിയായി. ഇമ്മാതിരി എത്രയെത്ര കഥകള്‍!
ഹൃദയംഗമങ്ങളായ ചലച്ചിത്രഗാനങ്ങളിലൂടെ ഗിരീഷ് ജനപ്രീതി കൈവരിക്കുന്നതിനു മുന്‍പായിരുന്നു ഞങ്ങളുടെ കണ്ടുമുട്ടല്‍. ഞാനപ്പോള്‍ ജയില്‍ പശ്ചാത്തലമായുള്ള ഒരു തിരക്കഥ എഴുതിക്കൊണ്ട് സംവിധായകനായ പി.എന്‍. മേനോനൊപ്പം മാവൂര്‍ റോഡിനടുത്തുള്ള മെട്രോ ടൂറിസ്റ്റ് ഹോമില്‍ താമസിക്കുകയായിരുന്നു. ഞങ്ങള്‍ പൊറുതി തുടങ്ങിയിട്ട് ഏതാനും നാളുകളായി. രണ്ടു മുറികളിലാണ്. അവയിലൊന്നിലിരുന്ന് ചര്‍ച്ച. മറ്റേതില്‍ എഴുത്ത്. സന്ദര്‍ശകര്‍ വരാറുണ്ടായിരുന്നത് മേനോന്‍ചേട്ടന്റെ മുറിയിലേക്കു മാത്രം. ഒരുദിവസം ഉച്ചയ്ക്കുമുന്‍പായി ഞാന്‍ ഗോവണിയിറങ്ങിച്ചെല്ലുമ്പോള് റിസെപ്ഷന് കൗണ്ടറിനു മുന്നിലുള്ള ഇരിപ്പിടങ്ങളിലൊന്നിലിരുന്ന് അപരിചിതനായ ഒരു ചെറുപ്പക്കാരന് എന്തോ എഴുതുകയാണ്. എന്നെക്കണ്ടതും വളരെ പരിചയമുള്ളതുപോലെ പ്രസാദാത്മകമായ ചിരിയോടെ എഴുന്നേറ്റു. പേരെന്തെന്നു പറഞ്ഞത് ഹസ്തദാനത്തിനുശേഷമാണ്. അത് ഞാന്‍ മുന്‍പ് കേട്ടതല്ല. പക്ഷേ, ആ നിമിഷംമുതല്‍ ഞങ്ങള്‍ സൗഹൃദത്തിലായി. അതു പിന്നെ ക്രമശഃ പ്രവൃദ്ധമായി.
ഗിരീഷ് അക്കാലത്ത് എഴുതിയിരുന്നത് ആകാശവാണിയുടെ കോഴിക്കോട് നിലയത്തിനുവേണ്ടിയുള്ള ലളിതഗാനങ്ങളാണ്. സിനിമയിലെ പാട്ടെഴുത്തു തുടങ്ങിയിട്ടില്ല. ഞാന്‍ ആദ്യം കാണുമ്പോള്‍ റിസെപ്ഷന് കൗണ്ടറിനടുത്തിരുന്ന് ഒരു ഗാനം രചിക്കുകയാണ്. എഴുത്തിനിണങ്ങിയ സാഹചര്യമല്ല അവിടെ. പലരും വന്നുപോകുന്നുണ്ട്. റിസെപ്ഷനിസ്റ്റായ സേതു അവരോടൊക്കെ വിനിമയം നടത്തുന്നുണ്ട്. റൂം ബോയ്സ് ഓരോ കാര്യത്തിനായി ഇറങ്ങിവരുന്നുണ്ട്. നേരേ മുന്നിലെ നിരത്തിലൂടെ വാഹനങ്ങള്‍ ഇരമ്പിക്കടന്നുപോകുന്നുണ്ട്. നിരത്തരികിലെ രൂപക്കൂടിനു മുന്നില്‍ വിശ്വാസികള്‍ മെഴുകുതിരികള്‍ കത്തിച്ചുവെച്ച് പ്രാര്ഥിക്കുന്നുണ്ട്. നടപ്പാതയില്‍ പദാതികരുണ്ട്. എന്നാല്‍, അതൊന്നും ശ്രദ്ധിക്കാതെ ഗിരീഷിന്റെ തരുണമാനസം, ഒരു കിളിയെപ്പോലെ, പാട്ടു മൂളുകയാണ്.
കൊയിലാണ്ടി താലൂക്കിലെ ഉള്ളിയേരി ഗ്രാമത്തിനടുത്തുള്ള പുത്തഞ്ചേരിയില്‍ ജ്യോതിഷം, വൈദ്യം, വ്യാകരണം തുടങ്ങിയ വിഷയങ്ങളില്‍ പണ്ഡിതനായ പുളിക്കൂല്‍ കൃഷ്ണന് പണിക്കരുടെയും കര്‍ണാടകസംഗീതത്തില്‍ വിദുഷിയായ മീനാക്ഷിയമ്മയുടെയും മകനായി അറുപത്തിയൊന്നിലെ മേയ്ദിനത്തില്‍ പിറന്ന ഗിരീഷിന് അച്ഛന്റെ പാണ്ഡിത്യത്തെക്കാളും പ്രയോജനപ്പെട്ടത് അമ്മയുടെ സംഗീതപാരമ്പര്യമാണ്. ഗിരീഷ് സാമാന്യം നന്നായി പാടുമായിരുന്നു. കോഴിക്കോട് മഹാറാണി ഹോട്ടലിലെ ഒരു മുറിയില്‍ ഒരു പകലന്തിയോളം ഞങ്ങള്‍ ഒട്ടേറെ പഴയ പാട്ടുകള്‍ ഓര്‍മിച്ചെടുത്തു. അതൊക്കെയും ശ്രീകുമാരന്‍തമ്പിയുടെ പാട്ടുകളായിരുന്നു. തമ്പിച്ചേട്ടനോട് പിന്നീടു കണ്ടപ്പോള്‍ ഞാന്‍ ഈ കാര്യം പറഞ്ഞു. 'അതൊരു വലിയ ട്രിബ്യൂട്ടാണല്ലോ' എന്നായിരുന്നു പ്രതികരണം.
ആകാശവാണിക്കായി ലളിതഗാനങ്ങള്‍ എഴുതിക്കൊണ്ട് ഗാനസപര്യ തുടങ്ങിയ ഗിരീഷിന് മലയാളത്തിലെ ഏതാണ്ടെല്ലാ പാട്ടുകളും ഒരു വാക്കു തെറ്റാതെ ഹൃദിസ്ഥമായിരുന്നു. ഭാസ്കരന് മാഷിനോടും വയലാറിനോടും ഒ.എന്‍.വിയോടും ശ്രീകുമാരന്‍ തമ്പിയോടും യൂസഫലി കേച്ചേരിയോടുമൊക്കെ കടുത്ത ആരാധന. എഴുതേണ്ടത് അവരുടെ പാട്ടുകള്‍ക്കു മുന്നിലിരുന്നാണെന്ന ഉറച്ച ബോധ്യമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ വാക്കുകളെ അതിയായ സ്നേഹത്തോടെ പരിചരിച്ചു.
ഈ വരികള്‍ നോക്കുക:
തരളമാംസന്ധ്യകള് നറുമലര്ത്തിങ്കളിന്
നെറുകയില്‍ ചന്ദനം തൊട്ടതാവാം
കുയിലുകള്‍ പാടുന്ന തൊടിയിലെ തുമ്പികള്‍
കുസൃതിയാല്‍ മൂളിപ്പറന്നതാവാം
അണിനിലാത്തിരിയിട്ട മണിവിളക്കായ് മനം
അഴകോടെ മിന്നിത്തുടിച്ചതാവാം
ആരും കൊതിക്കുന്നൊരാള്‍ വന്നുചേരുമെ-
ന്നാരോ സ്വകാര്യം പറഞ്ഞതാവാം...
ഒരിക്കല്‍ ഞാന്‍ കാണുമ്പോള്‍ ഗിരീഷ് ചെന്നൈ നഗരത്തില്‍ സിനിമക്കാര്‍ക്കു പരിചിതമായ ഈരാളി ഫഌറ്റിലെ മുറിയില്‍ കട്ടിലില്‍ കമിഴ്ന്നുകിടന്ന് എഴുതുകയാണ്. അരികില്‍ പുസ്തകങ്ങള്‍.
'ഒന്നിരിക്ക്ട്ടോ. ഞാനിതൊന്ന് തീര്‍ത്തോട്ടെ. ഉച്ചയ്ക്ക് റെക്കോഡിങ്ങാ.'
ഗിരീഷ് എഴുത്തു തുടര്‍ന്നു. ഞാന്‍ അതും നോക്കി ഇരുന്നു. ഏതാനും നിമിഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ഗിരീഷ് വിജയഭാവത്തില്‍ നിവര്‍ന്നു.
'പണി കഴിഞ്ഞു. ഇനി ഉത്സവവേള.'
പിന്നെ ഉത്സവമായി. ചെന്നൈ നഗരമാകെ ഉത്സവത്തിന്റെ അരങ്ങായി. കടലും കാറ്റുകളും ഞങ്ങളോടൊപ്പം ചേര്‍ന്നു.
കോഴിക്കോട്ടു നടന്ന ചില പുസ്തകപ്രകാശനച്ചടങ്ങുകളില്‍ ഞങ്ങള്‍ ഒരുമിച്ചുണ്ടായിരുന്നു. അവയിലൊന്ന് ഗിരീഷിന്റെതന്നെ തനിച്ചല്ല എന്ന കവിതാസമാഹാരത്തിന്റെ പ്രകാശനമാണ്. മഹാറാണി ഹോട്ടലില്‍ നടന്ന ചടങ്ങില്‍ പ്രകാശനകര്‍മം നിര്‍വഹിച്ചത് എം.ടി. വാസുദേവന്‍ നായരായിരുന്നു. ഗിരീഷിന് എന്തൊരു ആഹ്ലാദമായിരുന്നെന്നോ, അന്ന്. കവിതയും പാട്ടും കഥകളുമായി നേരം കടന്നുപോയി. നര്‍മകഥകളുടെ അതിവിപുലമായ ഒരു ശേഖരം ഗിരീഷ് തന്റെ മനസ്സില്‍ സൂക്ഷിച്ചിരുന്നു. കഥപറച്ചിലിലാകട്ടെ, അസാമാന്യവൈഭവം.
തിരുവനന്തപുരത്തെ ഒരു 'കണ്ട്രാക്കി'ന്റെ (കരാറുകാരന്) കഥയുണ്ട്. കരാര്‍പണി അംഗീകരിച്ചുനല്‍കാന്‍ ചുമതലപ്പെട്ട എന്‍ജിനീയര്‍ ഇത്തിരിശ്ശ എഴുതും. അയാളെ പ്രസാദിപ്പിക്കാനായി കണ്ട്രാക്ക് താനൊരു സാഹിത്യാസ്വാദകനാണെന്ന് വരുത്തിത്തീര്‍ത്തു.
'സാറേ, സാറ് എഴുതിയതൊക്കെ കൊള്ളാം. പക്ഷേ, അത്രേം പോരാ. സാറ് മഹാഭാരതം വെച്ചോണ്ട് ഒരു നോവലെഴുതണം. എം.ടി. എഴുതിയില്ലേ. അതിന്റെ പേരെന്തുവാ?'
'രണ്ടാമൂഴം.'
'തന്നെതന്നെ. അതുപോലൊരെണ്ണം സാറും എഴുതണം.'
'എം.ടി. മഹാഭാരതത്തിലെ മൗനങ്ങള്‍ പൂരിപ്പിച്ചതാ.'
'അതിനെന്നാ സാറേ. മഹാഭാരതത്തില്‍ മൗനങ്ങള്‍ ഇനീം കെടക്കുകല്യോ. സാറ് ധൈര്യമായിട്ട് പൂരിപ്പിക്കണം.'
രാജസേനന്റെ ജനപ്രിയചിത്രമായ മേലേപ്പറമ്പില്‍ ആണ്‍വീടിന്റെ കഥ ഗിരീഷ് സങ്കല്പിച്ചതാണ്. മികച്ച ഒരു തിരക്കഥാകൃത്തുകൂടിയാണെന്ന്, പ്രേക്ഷകര്‍ കൊണ്ടാടിയ വടക്കുംനാഥന് തെളിയിച്ചു. തളിക്ഷേത്രത്തിനടുത്തുള്ള ജയ ലോഡ്ജില്‍വെച്ച് പൂര്‍ണരൂപത്തിലുള്ള തിരക്കഥ ഗിരീഷ് എന്നെ കാട്ടുകയുണ്ടായി. അതിന്റെ രചനയില്‍ പുലര്‍ത്തിയ നിഷ്ഠയും സൂക്ഷ്മതയും പ്രശംസനീയമായിരുന്നു. രവീന്ദ്രന്മാഷ് ഈണം പകര്‍ന്ന 'ഗംഗേ...', 'കളഭം തരാം..', 'ഒരു കിളി പാട്ടു മൂളവേ...' തുടങ്ങിയ ഗാനങ്ങള്‍ പിന്നീടതിനു മിഴിവേറ്റി. എന്റെ വീടിനടുത്തുള്ള ഒരു പുഴയോര റിസോര്‍ട്ടിലായിരുന്നു അവയുടെ സ്വരവിന്യാസം.
അടുപ്പമുണ്ടായിരുന്നവര്‍ക്കൊക്കെ അറിയാം ഗിരീഷിന്റെ സ്വഭാവവൈചിത്ര്യം. ഇണങ്ങാനെന്നതുപോലെ പിണങ്ങാനും വേണ്ടാ അധികനേരം. ചങ്ങാത്തം മറന്ന് വാശിപിടിച്ചെന്നും ശുണ്ഠിയെടുത്തെന്നും കലഹിച്ചെന്നും വരും. അത് വ്യക്തിപരമായി തനിക്കു വരുത്തുന്ന നഷ്ടങ്ങളെക്കുറിച്ച് ഓര്‍ക്കുകയേയില്ല. കൊച്ചിയിലെ ഒരു ഹോട്ടലിന്റെ ലിഫ്റ്റ് താഴേയെത്തുന്നതിനിടയില് ഒരു സിനിമ ഇല്ലാതായ അനുഭവമുണ്ട്. മുറിയിലിരുന്ന് പറഞ്ഞുകേള്‍പ്പിച്ച കഥ സംവിധായകനെയും നിര്‍മാതാവിനെയും നായകനടനെയും സന്തോഷിപ്പിച്ചു. തിരക്കഥയും സംഭാഷണവും ഗിരീഷ്തന്നെ എഴുതിയാല്‍ മതിയെന്ന് തീരുമാനമായി. മുറി വിട്ടിറങ്ങി ആഘോഷപൂര്‍വം ലിഫ്റ്റില്‍ കയറി. ലിഫ്റ്റ് താഴോട്ടു നീങ്ങിത്തുടങ്ങിയപ്പോള്‍ നായകന് പറഞ്ഞു: 'കഥയില്‍ കുറച്ചു മാറ്റങ്ങള്‍ നിര്‍ദേശിക്കാനുണ്ട്. സ്ക്രിപ്റ്റ് എഴുതുംമുന്‍പ് നമുക്കൊന്നിരിക്കാം. എന്റെ ചില ഫ്രെന്‍ഡ്സും ഉണ്ടാകും. അവരുടേം സജഷന്‍സ് കേള്‍ക്കാമല്ലോ.' അപ്പോഴേക്കും ഗിരീഷിന്റെ ഭാവം പകര്‍ന്നു. 'നീയും നിന്റെ ശിങ്കിടികളും പറയുന്നതു കേട്ട് എഴുതാന്‍ എന്നെ കിട്ടില്ല. അതിന് വേറെ ആളെ നോക്ക്.' അങ്ങനെ ലിഫ്റ്റ് താഴേയെത്തുന്ന നേരംകൊണ്ട് ഒരു പ്രോജക്ട് ഇല്ലാതായി. അതും പറഞ്ഞുള്ള ഗിരീഷിന്റെ ചിരി! അത്തരം നഷ്ടങ്ങള്‍ അവനെ സങ്കടപ്പെടുത്തിയിരുന്നില്ല, ഒട്ടും.
നമുക്കു വളരെ ഇഷ്ടം തോന്നുന്ന എന്തൊക്കെയോ ഗിരീഷിലുണ്ടായിരുന്നു. അവയിലൊന്ന് പുസ്തകങ്ങളോടുള്ള അകളങ്കമായ സ്നേഹമാണ്. നൂര്‍ കോംപ്ലെക്സിലെ ഒരു പുസ്തകക്കടയില്‍ ഒരു തവണ ഞാനവനെ കാണുന്നത് വാങ്ങിക്കൂട്ടിയ ഒട്ടേറെ പുസ്തകങ്ങള്‍ക്കൊപ്പമാണ്. ഒരു അത്യുത്സുകവായനക്കാരനായിരുന്നു ഗിരീഷ്. വായനയുടെ ഉന്നതസംസ്കാരം അവനു ലഭിച്ചിരുന്നു. എഴുത്തുകാരെയൊക്കെ ഗിരീഷ് തന്റെ ഉറ്റ ബന്ധുക്കളായിക്കണ്ടു. ഓരോ കൃതി ചേര്‍ത്തുപിടിക്കുമ്പോഴും അതിന്റെ രചയിതാവിനെയാണ് ചേര്‍ത്തുപിടിക്കുന്നതെന്ന് ഗിരീഷിനറിയാമായിരുന്നു. മസ്തിഷ്കരക്തസ്രാവത്തെത്തുടര്‍ന്ന് കോഴിക്കോട്ടെ ഒരു സ്വകാര്യാശുപത്രിയില്‍ മരണത്തിനു കീഴടങ്ങുമ്പോള്‍ (10 ഫെബ്രുവരി 2010) ഗിരീഷിന് അന്‍പതു തികഞ്ഞിരുന്നില്ല. 'സ്വച്ഛമാം നിലാവിന്റെ പിച്ചകക്കൊമ്പില്, രാത്രി രത്നകമ്പളം നീര്‍ത്തും കൂടു വെടിഞ്ഞ്' അവന് പോയി. തനിച്ചല്ല; കൂടെ ഇരുട്ടുണ്ട്, വെളിച്ചമുണ്ട്, തണുപ്പുണ്ട്, താന്തമായ വേനലും തകര്‍ക്കുന്ന വര്‍ഷവുമുണ്ട്. അല്ല, തനിച്ചല്ല.
സി.വി. ബാലകൃഷ്ണന്റെ ഓര്‍മ്മകളുടെ സമാഹാരമായ ആത്മാവിനോട് ചേരുന്നത് എന്ന പുസ്തകത്തില്‍ നിന്നും
Content Highlights: athmavinod cherunnath cv balakrishnan mathrubhumi books girish puthenchery
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..