അനന്തവിചിത്രമായ പൂക്കളുടെ ലോകത്തിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകുന്ന പുസ്തകം- ഒ.എന്‍.വി


അതിശയരാഗം ഒരു ചരിത്രരേഖയാണ്. ധാരാളം കഥാപാത്രങ്ങള്‍ നമ്മുടെ മുന്നിലൂടെ കടന്നുപോകുന്ന ഒരു ആഖ്യായികപോലെയുമാണ്. അതിനുപറ്റിയ ഭാഷയും ഭാവനയും അതില്‍ തളിര്‍ത്തുനില്ക്കുന്നു.

-

രുഭൂമിയിലൂടെ ഒട്ടകം നടന്നുപോയ വഴി, അതിന്റെ കാല്പാടുകളിലൂടെ നാം വായിച്ചറിയുന്നു. കാറ്റുപോലും അതിന്റെ നിരന്തരസഞ്ചാരത്തിന്റെ കഥ ആ മണല്‍വിരിപ്പില്‍ ഏതോ സംഗീതത്തിന്റെ തരംഗങ്ങള്‍പോലെ കുറിച്ചിടുന്നു. മുറ്റത്തെ മാവിന്‍ചുവട്ടില്‍ വീണുകിടക്കുന്ന ഒരു കിളിത്തൂവല്‍, അവിടെ ഏതോ ഒരു പക്ഷി വന്നുപോയതിന്റെ വാര്‍ത്താക്കുറിപ്പാവുന്നു. എന്നാല്‍ തിരിച്ചറിയാനുള്ള അടയാളങ്ങളൊന്നും അവശേഷിപ്പിക്കാതെ കടന്നുപോകുന്നവരുണ്ട്. അവര്‍ നമ്മുടെ ഹൃദയത്തില്‍ നിക്ഷേപിച്ചു പോകുന്നതോ? വിലമതിക്കാനാവാത്ത നിധികള്‍!

കൗമാരക്കാലത്ത് എന്റെ ഹൃദയത്തില്‍ താനേ കടന്നിരുന്ന സോജാ രാജകുമാരി മുതല്‍ സുഹാനി രാത് വരെ എത്രയോ ചലച്ചിത്രഗാനങ്ങളുണ്ട്. കഷ്ടിച്ച് അതിന് ഹൃദയഹാരിയായ ശബ്ദം നല്കിയവരുടെ പേരറിയാമെന്നല്ലാതെ, അതിന് ഈണംകൊണ്ട് കാന്തികശക്തി പകര്‍ന്നവരെക്കുറിച്ചോ ഏത് ജീവിത കഥാസന്ദര്‍ഭത്തിനുവേണ്ടിയാണത് പിറവികൊണ്ടതെന്നതിനെപ്പറ്റിയോ ഒന്നും ശരിക്കറിയാനവസരമുണ്ടായിട്ടില്ല. പൂവിന്റെ സൗന്ദര്യവും സൗരഭ്യവുമൊക്കെ നാമാസ്വദിക്കുന്നു. ആസ്വാദനം ഒരു ലഹരിയായി മാറുന്നു. പക്ഷേ, ആ പൂവിനെ ഉയര്‍ത്തിക്കാട്ടിയ, അതിനു കാവല്‍ നിന്ന മുള്‍ത്തണ്ടിനെ നാമവഗണിക്കുന്നു. എന്നാല്‍ അനന്തവിചിത്രമായ പൂക്കളുടെ ലോകത്തിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോയി അവയെ സംബന്ധിക്കുന്നതെല്ലാം പറഞ്ഞുതരുന്ന- അതിനിടയില്‍ നമ്മെ അതിശയിപ്പിക്കുകയും അമ്പരപ്പിക്കുകയും നൊമ്പരപ്പെടുത്തുകയുമൊക്കെ ചെയ്യുന്ന ജീവിതസത്യങ്ങളെടുത്തുകാട്ടുന്ന- ഒരു നല്ല സുഹൃത്തിന്റെ നര്‍മമധുരമായ മൊഴികള്‍ കേള്‍ക്കുന്ന സുഖത്തോടെയാണ് രവിമേനോന്റെ ഈ പുസ്തകം വായിച്ചുതീര്‍ത്തത്.

മലയാള ചലച്ചിത്രസംഗീതത്തിന് ഇനിയും ഒരു നൂറ്റാണ്ടിന്റെപോലും ചരിത്രമില്ല. എന്നാല്‍ ഏതാനും ദശകങ്ങള്‍ക്കിടയില്‍ എല്ലാ ഋതുഭേദങ്ങളിലൂടെയും കടന്നുപോകാനും ഇന്ത്യന്‍ ചലച്ചിത്രസംഗീതത്തിന്റെ അതിവിശിഷ്ടമായൊരംശമാവാനും അതിനു കഴിഞ്ഞിരിക്കുന്നു. അതിനുത്തരവാദികളായ അതിപ്രശസ്തരായ പ്രതിഭാശാലികളെപ്പറ്റി നമുക്കറിയാമെന്ന് നാമഭിമാനിക്കുന്നു. ദേവരാജനെപ്പറ്റി, ബാബുരാജിനെപ്പറ്റി, കെ. രാഘവനെപ്പറ്റി, ദക്ഷിണാമൂര്‍ത്തിയെപ്പറ്റി- അവര്‍ക്കൊപ്പം പോയതലമുറയിലെ പി. ലീല മുതല്‍ സുശീല വരെയുള്ള ഗായകരെപ്പറ്റി- പി. ഭാസ്‌കരന്‍, വയലാര്‍ എന്നീ മുന്‍പേ പറന്ന പക്ഷികളെപ്പറ്റി- എല്ലാം നമുക്കറിയാമോ? രവിയുടെ പുസ്തകം വായിക്കുമ്പോള്‍ നമുക്കറിയാവുന്നതിനെക്കാള്‍, അറിയാത്തതിന്റെ വിസ്തൃതി നമ്മെ അതിശയിപ്പിക്കുന്നു.

അവരുടെ പാട്ടുകള്‍ നമുക്ക് പകര്‍ന്നുതന്ന സംഗീതസംസ്‌കാരത്തിന്റെ ഈടുവെപ്പ് ഇത്രമേല്‍ സമ്പന്നമായതെങ്ങനെ? ഓരോന്നിന്റെയും മൂലസ്രോതസ്സിലേക്കുള്ള അന്വേഷണം രവിക്കൊരു തീര്‍ഥാടനംതന്നെയാണ്. അതിനുവേണ്ട ഒരുക്കങ്ങളും ക്ഷമാപൂര്‍വമായി കാത്തിരുന്ന് സംഭരിക്കേണ്ട കാര്യങ്ങളുമൊക്കെ ഈ ഗ്രന്ഥരചനയുടെ പിന്നിലെ അധ്വാനത്തെ കഠിനതരമാക്കിയെന്നും വ്യക്തമാണ്. പലപ്പോഴായി എഴുതിയ ലേഖനങ്ങളുടെ സമാഹാരമാണിതെങ്കിലും ഇവയ്ക്ക് ഒരു നൈരന്തര്യത്തിന്റെ അടിച്ചരടുണ്ട്. അത് ആകസ്മികമല്ലെന്നതിനു തെളിവാണ് ഇതിലെ പതിനേഴ് പ്രബന്ധങ്ങളെ പല്ലവി, അനുപല്ലവി, ചരണം എന്നിങ്ങനെ സംഗീതാത്മകമായി തരംതിരിച്ചിട്ടുള്ളത്. സമഗ്രമായൊരു വീക്ഷണത്തോടെയാണ് രവി മലയാള സിനിമാസംഗീതത്തിന്റെ വളര്‍ച്ചയുടെ പടവുകളിലൂടെ നമ്മെ കൈപിടിച്ചു നടത്തുന്നത്.

തുടക്കത്തില്‍, മായാത്ത കാല്പാടുകള്‍ എന്ന പ്രബന്ധത്തിലെ രാമന്‍ നമ്പിയത്ത് എന്ന നിര്‍മാതാവിനെ അവതരിപ്പിക്കുമ്പോള്‍ ഇന്നത്തെ തലമുറ അറിയാതെ പോയതും എന്നാല്‍ അറിയേണ്ടതുമായ ഒരു വലിയ സത്യമാണ് നമ്മുടെ മുന്നില്‍ ഇതള്‍ വിരിയുന്നത്. 1961 നവംബര്‍ 14ന് ആദ്യത്തെ ഗാനം റെക്കോഡ് ചെയ്തതില്‍പ്പിന്നെ ഈ 2011ന്റെ മധ്യാഹ്നവേളയിലും മലയാളസിനിമയിലെ മാത്രമല്ല, ഹിന്ദി, തമിഴ് തുടങ്ങിയ മറ്റു സിനിമകളിലെയും സൗവര്‍ണമണിനാദമായി ശോഭിക്കുന്ന യേശുദാസിന്റെ ദീര്‍ഘവും പ്രതിസന്ധികളെ തരണംചെയ്യാന്‍പോന്ന പ്രതിഭയുടെ തിളക്കമുറ്റതുമായ സംഗീതയാത്രയെ രവി അനുയാത്ര ചെയ്യുന്നു. അതിനിടയില്‍ത്തന്നെ യേശുദാസിന്റെ വളര്‍ച്ചയില്‍ നിര്‍ണായകമായ പങ്കുവഹിച്ച എം.ബി. ശ്രീനിവാസന്‍, ദേവരാജന്‍, ബാബുരാജ്, ദക്ഷിണാമൂര്‍ത്തി, സലില്‍ ചൗധരി, രവീന്ദ്രജെയ്ന്‍ തുടങ്ങിയ പ്രമുഖ സംഗീതസംവിധായകരുടെ മിഴിവുറ്റ ചിത്രങ്ങളും രവി വാക്കുകള്‍കൊണ്ട് വരച്ചുകാട്ടുന്നു.

ഒരു ചരിത്രകാരന്റെ സത്യസന്ധതയോടെ, തെളിവുകളുടെ പിന്‍ബലമുള്ള വസ്തുനിഷ്ഠതയോടെ, ഓരോ സംഗീതസംവിധായകരുമായി യേശുദാസിന് പുലര്‍ത്തുവാന്‍ കഴിഞ്ഞ പാരസ്പര്യത്തിന്റെ പരമശോഭ ഉന്മീലനം ചെയ്തു കാട്ടുവാനും രവിക്ക് സാധിക്കുന്നു. സ്തുതിപാടലിലേക്ക് വഴുതിവീഴാവുന്ന ലോലമായ ഒറ്റയടിപ്പാതയിലൂടെ നടക്കേണ്ടിവരുമ്പോഴും നിര്‍മലമായ നിര്‍മമത്വത്തോടെ അദ്ദേഹം എല്ലാം കാണുകയും കണ്ടത് വിവരിക്കുകയും ചെയ്യുന്നു. അതിനിടയില്‍ ഇവിടെ അറിഞ്ഞോ അറിയാതെയോ പലരും പറഞ്ഞുപതിഞ്ഞുപോയ പല തെറ്റായ വസ്തുതകളും യുക്തിയുക്തമായി തിരുത്തപ്പെടുന്നു എന്നത് സന്തോഷകരമാണ്. ഉത്തരേന്ത്യന്‍ സിനിമാസംഗീതരംഗത്ത് ചിറ്റ്‌ചോറിലെ പാട്ടുകള്‍ക്കുശേഷം യേശുദാസ് എന്തുകൊണ്ട് തഴയപ്പെട്ടു? ഇത് ചോദിക്കുകയും സ്വന്തം അഭിമതമനുസരിച്ചുള്ള ഉത്തരങ്ങള്‍ 'കണ്ടെത്തുക'യും ചെയ്യുന്നവര്‍ക്ക് എവിടെയെല്ലാം തെറ്റുപറ്റിയെന്ന് രവി അന്വേഷിച്ച് കണ്ടെത്തുന്നു; അവ വിശ്വാസ്യതയോടെ നമ്മുടെ മുന്‍പാകെ വെക്കുകയും ചെയ്യുന്നു.

yesudas
പുസ്തകം വാങ്ങാം

സലില്‍ ചൗധരി, നൗഷാദ്, ഉഷാഖന്ന, രവീന്ദ്രജയ്ന്‍ തുടങ്ങി എത്രയോ വലിയ ഉത്തരേന്ത്യന്‍ സംഗീതസംവിധായകരുടെ എണ്ണംപറഞ്ഞ പാട്ടുകള്‍ പാടിയ ഒരു ഗായകന്‍, ഹിന്ദിയിലെ ഉച്ചാരണവൈകല്യംമൂലം തഴയപ്പെട്ടു എന്നത് ഒരര്‍ഥത്തില്‍ ചിരിക്കാനാണ് വക നല്കുന്നത്. ആത്യന്തികമായി താന്‍ മലയാളത്തിന്റെതാണ് എന്ന ദാസിന്റെ വിശ്വാസത്തെ മനസ്സിലാക്കാനും അത് രേഖപ്പെടുത്താനും കഴിഞ്ഞ രവി, പല സംശയങ്ങളുടെയും മൂടല്‍മഞ്ഞ് മായ്ച്ചുകളയുന്നു. ഈ പുസ്തകം വായിച്ചറിയേണ്ട കാര്യങ്ങള്‍ ഒന്നൊന്നായെടുത്ത് ചര്‍ച്ച ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ല.

ദേവരാജന്റെ സംഗീതത്തിന്റെ പിന്നില്‍ സ്വന്തം അനുഭവങ്ങളിലൂടെയും അനുശീലനങ്ങളിലൂടെയും ആര്‍ജിച്ച ഒരു ദര്‍ശനമുണ്ട്. പലരും കാണാതെ കടന്നുപോകുന്ന ആ ദര്‍ശനം മനസ്സിലാക്കുവാന്‍ ഗ്രന്ഥകാരന് കഴിഞ്ഞിട്ടുണ്ട്. മറ്റു സംഗീതസംവിധായകരുടെയും സഹജമായ ഗുണവിശേഷങ്ങള്‍ ഓരോരോ സന്ദര്‍ഭങ്ങളെയും അനുഭവങ്ങളെയും ആസ്പദമാക്കി എടുത്തുകാട്ടാന്‍ ഗ്രന്ഥകാരന് കഴിഞ്ഞിട്ടുണ്ട്.

ഈ ഗ്രന്ഥം ഇന്ത്യന്‍ ചലച്ചിത്രസംഗീതത്തിന്റെ ചരിത്രപശ്ചാത്തലത്തില്‍ മലയാള സിനിമാസംഗീതത്തിന്റെ പല കൈവഴികളിലൂടെയുള്ള സമഗ്രമായ വളര്‍ച്ച എടുത്തുകാട്ടുന്നു. അപ്പോള്‍ മഹാരഥന്മാരുടെ മാത്രം സംഭാവനയുടെ കണക്കെടുപ്പില്‍ ഒതുക്കാവുന്നതല്ല അതിലെ പ്രമേയം. മലയാളസിനിമയ്ക്കുവേണ്ടി ഒരേയൊരു പാട്ടെഴുതുകയോ ഒരു പാട്ടുമാത്രം പാടി വിസ്മൃതിയിലാളുകയോ ചെയ്തവരെപ്പറ്റിപ്പോലും അവരര്‍ഹിക്കുന്ന എല്ലാ ബഹുമാനത്തോടുംകൂടി രവി എഴുതുന്നു. തുടക്കത്തില്‍ പറഞ്ഞ നമ്പിയത്തുതന്നെ അത്തരമൊരാളാണ്. 'മരിച്ച പടങ്ങള്‍, മരിക്കാത്ത പാട്ടുകള്‍' എന്ന പ്രബന്ധം സാമാന്യവായനക്കാര്‍ അറിഞ്ഞിരിക്കേണ്ടതും അന്യഥാ അറിയാനിടയില്ലാത്തതുമായ പല കാര്യങ്ങളും നമുക്കു പറഞ്ഞുതരുന്നു.

ഗാനരചയിതാക്കളും സംഗീതസംവിധായകരുമല്ലാതെ നമ്മുടെ സിനിമാസംഗീതത്തെ രൂപപ്പെടുത്തുന്നതില്‍ അപ്രധാനമല്ലാത്ത ഒരു വിഭാഗമുണ്ട്. കോടീശ്വരറാവു മുതല്‍ തരംഗിണിയിലെ കരുണാകരന്‍ വരെയുള്ള ഒരു വിഭാഗത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ വളരെ വിലപ്പെട്ടവയാണ്. തരംഗിണി സ്റ്റുഡിയോയുടെ ഉദ്ഘാടനം നടന്ന 1980 നവംബറിലെ ആ സന്ധ്യ ഇന്നും ഞാനോര്‍ക്കുന്നു. തരംഗിണി ഓണപ്പാട്ടുകള്‍ ആദ്യത്തേതുമായി സഹകരിച്ചതിന്റെ ഓര്‍മകള്‍ എന്നില്‍ മായാതെ നില്ക്കുന്നു. തരംഗിണി ആദ്യമായി പുറത്തിറക്കിയ സിനിമാപ്പാട്ടിന്റെ കാസറ്റ് ചില്ലിലെ പാട്ടുകളുടെതായിരുന്നു. ഒരുവട്ടംകൂടി എന്ന പാട്ട് അവിടെയിരുന്നാദ്യം കേട്ടതും ആ കാസറ്റിന്റെ പ്രമുക്തികര്‍മവുമൊക്കെ തരംഗിണിയുടെ പൂക്കാലം എന്ന ഭാഗം എന്നെ ഓര്‍മിപ്പിച്ചു.

'ലോകം മുഴുവന്‍ മൂളിനടക്കുന്ന പാട്ടുകള്‍ക്കു പിന്നില്‍പ്പോലും അജ്ഞാതനായി മറഞ്ഞിരിക്കേണ്ടിവരിക- റെക്കോഡിസ്റ്റിന്റെ വിധി അതാണ്. പക്ഷേ, തെല്ലും നിരാശയില്ല കരുണാകരന്' എന്ന വാക്യം വായിച്ചപ്പോള്‍ അതെന്നെ വല്ലാതെ സ്പര്‍ശിച്ചു. കരുണാകരന്‍ എന്റെ ചില പാട്ടുകള്‍ റെക്കോഡ് ചെയ്ത സന്ദര്‍ഭമോര്‍ത്തുപോയി. ദേവരാജന്‍ പ്രത്യേകം നിര്‍ബന്ധിച്ചതുകൊണ്ടാണ് അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍ എന്ന പാട്ടിന്റെ റെക്കോഡിങ്ങിനു പോയത്. ഒരു പരിക്കുമേല്‍ക്കാതെ കുഞ്ഞിനെ അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിന്നെടുത്ത്, അതിന്റെ മാതാപിതാക്കളെ കാണിക്കുന്ന ഒരു വിദഗ്ധ ഡോക്ടറുടെ ശ്രദ്ധയും പ്രാര്‍ഥനയും പരിഭ്രമവുമെല്ലാം കരുണാകരന്റെ മുഖത്തുണ്ടായിരുന്നു. ഒടുവില്‍, ദേവരാജന്റെ പതിവില്ലാത്ത ഒരഭിനന്ദനം കേട്ടപ്പോള്‍ സംതൃപ്തിയുടെ നിലാവ് പരക്കുംപോലെ. തിയേറ്ററിലിരുന്ന് പാട്ടുകേള്‍ക്കുന്നവരുണ്ടോ ഇവരെയറിയുന്നു! എന്‍.വി.യുടെ കടല്‍ക്കാക്കയെ ആരറിയുന്നു! എന്ന കവിതയാണെനിക്കോര്‍മ വരുന്നത്.

ഇങ്ങനെ നിസ്വാര്‍ഥസേവനമനുഷ്ഠിച്ച് നമ്മുടെ സംഗീതശാഖയെ സമ്പന്നമാക്കിയിട്ട് നിശ്ശബ്ദതയില്‍ വിലയിച്ച സുകൃതജന്മങ്ങളെ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ അവതരിപ്പിച്ച രവിയെ ഞാനഭിനന്ദിക്കുന്നു. അതേസമയം ആ വനപുഷ്പങ്ങള്‍ക്കിടയില്‍ 'ഒരുനാളൊന്നു കേളിപ്പെടുന്നതിനെ' ആദരിക്കാനുള്ള അനസൂയ വിശുദ്ധമായ മനസ്സും അദ്ദേഹത്തിനുണ്ട്. അതിശയരാഗം ഒരു ചരിത്രരേഖയാണ്. ധാരാളം കഥാപാത്രങ്ങള്‍ നമ്മുടെ മുന്നിലൂടെ കടന്നുപോകുന്ന ഒരു ആഖ്യായികപോലെയുമാണ്. അതിനുപറ്റിയ ഭാഷയും ഭാവനയും അതില്‍ തളിര്‍ത്തുനില്ക്കുന്നു. രവിയുടെ ഈ പുസ്തകവുമായി ഇങ്ങനെയൊരു അവതാരികയിലൂടെ ബന്ധപ്പെടാന്‍ കഴിഞ്ഞതില്‍ എനിക്ക് കുറച്ചല്ല സന്തോഷം.

അതിശയരാഗം ഓണ്‍ലൈനില്‍ വാങ്ങാം

Content Highlights: Athishayaragam Malayalam Book, ONV, Ravi Menon, Yesudas

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


kn balagopal

1 min

'സ്വാഭാവികമായി കുറഞ്ഞതല്ല, സംസ്ഥാനം കുറച്ചതുതന്നെയാണ്'; ഇന്ധനവിലയില്‍ കെ. എന്‍. ബാലഗോപാല്‍

May 22, 2022

More from this section
Most Commented