മാതൃഭൂമി ഓണപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തില്‍ നിന്നും ഒരു ഭാഗം വായിക്കാം

കൈകസി വി.എസ്‌: താങ്കളുടെ ആദ്യത്തെ നോവല്‍ പ്രസിദ്ധീകരിച്ചപ്പോള്‍ മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവായ ഇ.എം.എസിനെക്കുറിച്ച് ആക്ഷേപഹാസ്യപരമായ പരാമര്‍ശങ്ങള്‍ നടത്തിയതിനെ പലരും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ആ മുഴുവന്‍ അധ്യായത്തിന്റെ കാര്യത്തിലും അവര്‍ തൃപ്തരായിരുന്നില്ല. കാലങ്ങള്‍ കഴിഞ്ഞ് ഇന്ന് അതിനെ എങ്ങനെയാണ് വിലയിരുത്തുന്നത്? അതുപോലെ കേരളത്തിലെ പുതിയ ്‌രാഷ്ട്രീയ സംഭവവികാസങ്ങളെക്കുറിച്ചുള്ള നിരീക്ഷണം എന്താണ്? പ്രത്യേകിച്ചും യാഥാസ്ഥിതിക ഭരണത്തിനെതിരേ ശക്തമായ പ്രതിരോധം തീര്‍ത്ത, Asterix സീരീസിലെ Gaul എന്ന ഇതിഹാസഗ്രാമംപോലെ കേരളം നിലകൊള്ളുന്ന ഈ കാലത്ത്?

അരുന്ധതി റോയ്: അതെ, ഒരുപാട് ദേഷ്യം ഉണ്ടായിരുന്നു പലര്‍ക്കും. കൂടുതലും ആ പുസ്തകത്തില്‍ ഉണ്ടെന്ന് ആളുകള്‍ സങ്കല്പിച്ച പലതിന്റെയും അടിസ്ഥാനത്തിലായിരുന്നു. 'The God of Small Things' ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയെ ഞാന്‍ വിമര്‍ശിച്ചത് ജാതിപരമായ പ്രശ്‌നങ്ങളെ നേരിടുന്നതിനുള്ള അതിന്റെ കഴിവില്ലായ്മകൊണ്ടാണ്. എനിക്കതില്‍ ഒട്ടും പശ്ചാത്താപമില്ല. ആ പാപത്തിന്, ഞാന്‍ കമ്യൂണിസ്റ്റ് വിരുദ്ധ ആണെന്നൊക്കെ പറഞ്ഞ് അപമാനിക്കാന്‍ വായില്‍തോന്നിയതൊക്കെ പറയുകയും ചെയ്തു. അത് തികച്ചും അസംബന്ധമാണ്. എനിക്ക് തോന്നുന്നത് നമ്മള്‍ നമ്മളെ രാജ്യത്തെ മറ്റ് ഭാഗങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ക്രിസ്ത്യന്‍ സ്‌കൂളുകളില്‍നിന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്നും നേട്ടമുണ്ടായതുപോലെ, മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ സാന്നിധ്യംകൊണ്ടും അതിന്റെ പ്രവര്‍ത്തനങ്ങള്‍കൊണ്ടും വളരെയധികം നേട്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതെന്തായാലും, സി.പി.എമ്മിന് ഒരുതരത്തിലുള്ള വിമര്‍ശനങ്ങളെയും സഹിക്കാന്‍ കഴിയാത്ത തരത്തിലുള്ള സ്റ്റാലിനിസത്തിന്റെ ഒരു പ്രവണതയുണ്ട്. ഇന്ന്, ഇത്രയും വര്‍ഷങ്ങള്‍ക്കുശേഷവും ജാതിചിന്തകളെ ചോദ്യം ചെയ്യാന്‍ കഴിയാത്തത് ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ഒരു ദുരന്തമാണ്. പശ്ചിമബംഗാളിലേതുപോലെ കേരളത്തില്‍ സി.പി.എം പുറത്തുപോകാത്തത് കേരളത്തിലെ ജനങ്ങള്‍ അവരെ അതിനനുവദിച്ചില്ല എന്നതുകൊണ്ട് മാത്രമാണ്. ഓരോ അഞ്ചുവര്‍ഷം കഴിയുമ്പോഴും അധികാരത്തിലിരിക്കുന്നവരെ പുറത്താക്കി, ഭരണകൂടത്തെ അച്ചടക്കം പഠിപ്പിച്ച് നേര്‍വരയില്‍ നിര്‍ത്തുകയായിരുന്നു ജനങ്ങള്‍ ഇതുവരെ. അങ്ങനെത്തന്നെയാണ് ചെയ്യേണ്ടതും. പക്ഷേ, ഇപ്രാവശ്യം, ആ ചാക്രികമായ മാറ്റം മുറിഞ്ഞിരിക്കുന്നു. അതെന്നെ കുറച്ച് അസ്വസ്ഥപ്പെടുത്തുന്നുണ്ട്. വേറൊന്നിനുമല്ല, സി.പി.എമ്മിന്റെ ഗുണത്തെക്കരുതിത്തന്നെ. 

തുടര്‍ച്ചയായി അധികാരത്തില്‍ ഇരിക്കുക എന്നത് തീര്‍ച്ചയായും സ്വയം നശിപ്പിക്കപ്പെടുന്നതിനുള്ള ഒരു വഴിയാണ്. കേരളം സംഘപരിവാറിനും അതിന്റെ ഹിന്ദുരാഷ്ട്ര പ്രോജക്ടിനുമെതിരേ ശക്തമായി നിലകൊള്ളുന്നുണ്ട്. പക്ഷേ, പല സ്ഥാപനങ്ങളും, ക്രിസ്ത്യന്‍ പള്ളികളുടെ പല വിഭാഗങ്ങളും സി.പി.എമ്മിലെതന്നെ ചില വിഭാഗങ്ങളും ഉള്‍പ്പെടെ, ഇസ്ലാമോഫോബിയയുടെ അസ്വസ്ഥകരമായ അടയാളങ്ങള്‍ കാണിക്കുന്നുണ്ട്. ദളിതരോടും ആദിവാസികളോടുമുള്ള മനോഭാവത്തെക്കുറിച്ച് ഞാന്‍ വിശദമായിത്തന്നെ പറഞ്ഞിട്ടുള്ളതാണ്. 

weekly
ഓണപ്പതിപ്പ് വാങ്ങാം

മാത്രമല്ല, എന്റെ സിസ്റ്റര്‍ ഇന്‍ ലോ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ബി.ജെ.പി. = ആനമുട്ട എന്ന മെസ്സേജ് അയച്ചപ്പോള്‍ മലയാളി എന്നതില്‍ എനിക്ക് അഭിമാനം തോന്നി. പിന്നെ ഒരു ബി.ജെ.പി. നേതാവ്, ഞാന്‍ അയാളുടെ പേര് മറന്നുപോയി, മലയാളികള്‍ സമര്‍ഥരും വിദ്യാഭ്യാസമുള്ളവരും ആണ്, അതുകൊണ്ട് ഇവിടെ വെറുതെ സമയം പാഴാക്കണ്ട എന്ന് പറഞ്ഞത് കേട്ടപ്പോഴും മലയാളിയായതില്‍ അഭിമാനം തോന്നിയിട്ടുണ്ട്. അതുപോലെ പകുതി ബംഗാളിയായതിലും എനിക്ക് അഭിമാനമുണ്ട്. കാരണം അവിടെ നടന്ന തിരഞ്ഞെടുപ്പിലും ബി.ജെ.പി.യും മോദിയും നാണംകെടുകയാണല്ലോ ഉണ്ടായത്. എന്റെ മലയാളിത്തത്തിന് എന്തോ ഒരു ആഴമുണ്ട്. ഞാന്‍ പ്രദീപിന്റെകൂടെ ആദ്യമായി ജീവിക്കാന്‍ തുടങ്ങിയപ്പോള്‍, ഞങ്ങളുടെ ഇളയ മകള്‍ മിത്വാ, അഞ്ചാമത്തെ വയസ്സില്‍ ക്ലാസില്‍ എഴുന്നേറ്റുനിന്ന് താനൊരു മലയാളിയാണെന്ന് ഉറപ്പിച്ചുപറഞ്ഞു. അത് വളരെ മധുരമായ ഒരു അനുഭവമായിരുന്നു. പക്ഷേ, സത്യസന്ധമായി പറഞ്ഞാല്‍ കേരളവുമായുള്ള എന്റെ ബന്ധം സങ്കീര്‍ണമായതും ഏതെങ്കിലും ഒരു ലളിതമായ വിഭാഗത്തില്‍ ഉള്‍ക്കൊള്ളിക്കാന്‍ കഴിയാത്തതുമാണ്. ചെറുപ്പത്തില്‍, അതും ടീനേജ് പ്രായത്തില്‍ ഞാന്‍ അവിടെനിന്ന് രക്ഷപ്പെട്ടു എന്നത് മറക്കരുത്. ഞാന്‍ സമ്പാദിച്ചതെല്ലാം, യഥാര്‍ഥത്തില്‍ അങ്ങനെ പറയത്തക്ക ഒന്നുമില്ല, ഉപേക്ഷിച്ചാണ് ഞാന്‍ അവിടം വിട്ടത്. സിറിയന്‍ ക്രിസ്ത്യന്‍ വിഭാഗത്തിന്റെ അടഞ്ഞതും ജാതിപരവും, വിഭാഗപരവും, ലൈംഗികപരവും ഒക്കെ ആയ സങ്കുചിതമായ വിചാരണകളില്‍നിന്നുമാണ് ഞാന്‍ ഓടി രക്ഷപ്പെട്ടത്. The God of Small Things- ലെ ഭീകരതകള്‍ എല്ലാം യഥാര്‍ഥമാണ്, അവ എന്റെ അനുഭവങ്ങളാണ്. എന്റെ 'വലിയ രക്ഷപ്പെടല്‍', അതിനെക്കുറിച്ച് എനിക്ക് യാതൊരു പശ്ചാത്താപവുമില്ല. പക്ഷേ, അതിനര്‍ഥം ഞാന്‍ ഇഷ്ടപ്പെടുന്ന എന്റെ നാട്ടിലേക്ക് ഇനി ഒരു മടക്കം ഉണ്ടാവില്ല എന്നല്ല, ആര്‍ക്കറിയാം! 

(വിശദമായ അഭിമുഖം മാതൃഭൂമി ഓണപ്പതിപ്പിൽ വായിക്കാം)

Content Highlights: Arundhati Roy interview Mathrubhumi weekly Onappathippu