പ്രസിദ്ധ പത്രപ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ അരുണ്‍ ഷൂരിയുടെ ഏറ്റവും പുതിയ പുസ്തകമാണ് 'PREPARING FOR DEATH'. മരണത്തെ നേരിടേണ്ടതെങ്ങനെ എന്ന്് മഹാന്മാരുടെ മരണാവസ്ഥകളും സ്വന്തം അനുഭവങ്ങളും ശാസ്ത്രനിരീക്ഷണങ്ങളുമെല്ലാം കലര്‍ത്തി അവതരിപ്പിക്കുകയാണ് അദ്ദേഹം. വര്‍ഷങ്ങളായി വീല്‍ച്ചെയറിലായ മകനെയും ഭാര്യയെയും പരിചരിച്ചുകൊണ്ടാണ് 78 വയസ്സുകാരനായ ഷൂരി ബൃഹത്തായ തന്റെ പുതിയ പുസ്തകം എഴുതിത്തീര്‍ത്തത്. പുസ്തകത്തില്‍നിന്നുള്ള ചില ഭാഗങ്ങളാണിവ

''ഹേ അരുണ്‍, നിങ്ങളൊരു കാര്യം ശ്രദ്ധിച്ചോ?'' -മറ്റൊരു അവിസ്മരണീയ കൂടിക്കാഴ്ചയ്ക്കിടെ അറുപതോ അതില്‍ക്കൂടുതലോ വയസ്സുള്ള എന്റെ സുഹൃത്ത് ചോദിച്ചു. ''അതിര്‍ത്തിക്കിപ്പുറമുള്ളവരെക്കാള്‍ കൂടുതല്‍ അപ്പുറത്തുള്ളവരെ (മരിച്ചുപോയവരെ) നമുക്കിപ്പോള്‍ അറിയാം.''

പ്രപഞ്ചത്തില്‍ ഒരുകാര്യം മാത്രം പ്രകാശത്തെക്കാള്‍ കൂടുതല്‍ വേഗത്തില്‍ സഞ്ചരിക്കുന്നു; അത് സമയമാണ്. എന്റെ അമ്മ 87 വയസ്സുവരെ ജീവിച്ചു. അച്ഛന്‍ 92 വരെയും. എല്ലാവരും പറയുന്നത്, അവരിരുവരും ഒരു മുഴുനീള ജീവിതം ജീവിച്ചുവെന്നാണ്. പക്ഷേ, ഞങ്ങളെ സംബന്ധിച്ച് ആ മഹത്തായ ജീവിതങ്ങള്‍ ഭൂതകാലത്തിലേക്ക് ഒരു മിന്നായംപോലെ പാഞ്ഞുപോയവയാണ്. അവര്‍ മണ്‍മറഞ്ഞ് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഞങ്ങളൊരുമിച്ചുണ്ടായിരുന്നത് ഇന്നലെയെന്നതുപോലെ തോന്നുന്നു. കാലാന്തരത്തില്‍ ഞങ്ങള്‍ക്ക് ഞങ്ങളുടെ മാതാപിതാക്കളുടെ വയസ്സായി. ഒരു ജാലകക്കണ്ണാടി കടന്നുപോകവേ ഞാന്‍ കണ്ടു, എന്റേതല്ല, എന്റെ അമ്മയുടെ കണ്ണുകള്‍ അഥവാ എന്റെ അച്ഛന്റെ നെറ്റി. അനിത1 പാര്‍ക്കിന്‍സന്‍സ് രോഗംമൂലം പലതരത്തിലും അശക്തയാവുകയും ആദിത്തിന്റെ2 ചക്രക്കസേരയിലൊന്നിനെ കൂടുതല്‍ക്കൂടുതല്‍ ആശ്രയിച്ചുകൊണ്ടിരിക്കുകയുമാണ്. ഒരിക്കല്‍ അവള്‍ ഹൃദയഭേദകമായൊരു കാര്യം പറഞ്ഞു: ''ആദിത്തിനെ എങ്ങനെയാണ് വണ്ടിയില്‍ സ്‌കൂളില്‍ (ഭിന്നശേഷിക്കാര്‍ക്കുള്ളത്) കൊണ്ടുപോയാക്കിയിരുന്നതെന്ന് ആലോചിക്കാന്‍പോലും എനിക്ക് കഴിയുന്നില്ല. കാര്‍ നിര്‍ത്തി ഞാനിറങ്ങി ആദിത്തിനെ കാറിനു പുറത്തേക്കെടുക്കും. ആരെങ്കിലും സഹായിക്കാനെത്തുന്നതുവരെ അവനെ ഞാന്‍ കൈയില്‍ പിടിച്ചുകൊണ്ടിരിക്കും...'' അതുപോലെ, അനിതയും ഞാനും ഞങ്ങളുടെ ചെറുപ്പത്തിലെടുത്ത ഒരു ഫോട്ടോ കാണാനിടയായപ്പോള്‍ അതു ഞങ്ങള്‍ തിരിച്ചറിഞ്ഞു. അതെടുത്ത സന്ദര്‍ഭംപോലും ഞങ്ങള്‍ക്ക് ഓര്‍മിക്കാനായി. പക്ഷേ, ആരാണ് ആ ചിത്രത്തിലുള്ള രണ്ടുപേര്‍? അവരെ ഞങ്ങള്‍ തിരിച്ചറിയുന്നുണ്ടോ? അവരെങ്ങനെയാണ്, അവരുടെ പ്രതീക്ഷകളെന്തായിരുന്നു, അവരുടെ ഭയാശങ്കകളെന്തായിരുന്നു...? ഞങ്ങള്‍ക്കു പറയാനാവും, 'ഞങ്ങളോര്‍മിക്കുന്നു, ഞങ്ങള്‍ വളരെ സന്തോഷത്തിലായിരുന്നു' പക്ഷേ, അവ വാക്കുകള്‍മാത്രമായിരുന്നു. ആ സമയം എന്തായിരുന്നു ഞങ്ങള്‍ക്ക് അനുഭവപ്പെട്ടതെന്ന് ഓര്‍ക്കാനാവുന്നില്ല. ഞങ്ങളുടെ ശരീരത്തിനും മനസ്സിനും അനുഭവപ്പെട്ടിരുന്ന വികാരം ഇന്ന് വാക്കുകള്‍മാത്രമാണ്.

ശാരീരിക പരിമിതികളുള്ള എല്ലാ കുട്ടികളുടെയും മാതാപിതാക്കളെ സംബന്ധിച്ച് ഭാവി ഒരു ചോദ്യചിഹ്നമായിരിക്കും. ഞങ്ങളുടെ കാലശേഷം ആദിത്തിനെ ആരുനോക്കും? ഞാന്‍ അനിതയ്ക്കുമുമ്പേ മരിക്കുകയാണെങ്കില്‍ പാര്‍ക്കിന്‍സന്‍സുള്ള അവള്‍ക്ക് ആദിത്തിനെ നോക്കാന്‍ മറ്റൊരാളുടെ സഹായം വേണ്ടിവരും. അത് ഒരു 'എക്‌സോ' 'വൈ'യോ ചെയ്യും. അനിത എനിക്കുമുമ്പേ മരിച്ചാല്‍... പക്ഷേ, ആരാണ് ആദ്യം പോകുകയെന്ന് ആര്‍ക്കറിയാം?

മരണം ക്യൂനിന്നൊന്നുമല്ല കടന്നുവരുന്നത്. എന്റെ അമ്മായിയമ്മ മാല്‍തിജി ശരിക്കും ഒരു ഉരുക്കുവനിതയായിരുന്നു. അവര്‍ അവരുടെ മുഴുവന്‍ ജീവിതവും ആദിത്തിനെ നോക്കാന്‍ ഞങ്ങളെ സഹായിക്കാനായി മാറ്റിവെച്ചു. അവര്‍ അവന്റെ ജീവനായി. അവര്‍ മരിച്ച് വര്‍ഷങ്ങളായെങ്കിലും ആദിത്തിന് ഇപ്പോഴും ദിവസം മൂന്നുനാലു തവണയെങ്കിലും അവരുടെ ടേപ്പുകള്‍ കേള്‍ക്കണം. കാലങ്ങളായുള്ള അവരുടെ സുഹൃത്തും ഒരു സൈനിക ഓഫീസറുടെ ഭാര്യയുമായ സ്ത്രീ കടുത്ത പക്ഷാഘാതംവന്ന തന്റെ ഭര്‍ത്താവിനെ പരിപാലിക്കുന്നുണ്ടായിരുന്നു. അയാളുടെ ആരോഗ്യസ്ഥിതി അതിമോശമായിരുന്നു. എല്ലാവരും കരുതിയിരുന്നത് അയാളുടെ ദിവസങ്ങള്‍ എണ്ണപ്പെട്ടുവെന്നാണ്. അവരൊരു പ്രായോഗികവാദിയായ സ്ത്രീയായിരുന്നു. തന്റെ ഭര്‍ത്താവ് മരിച്ചാല്‍ അറിയിക്കേണ്ടവരുടെ ഫോണ്‍നമ്പറുകളുടെ പട്ടിക അവര്‍ തയ്യാറാക്കി. പക്ഷേ, മരണം അവരെയാണ് ആദ്യം കൂട്ടിക്കൊണ്ടുപോയത്. അവര്‍ തയ്യാറാക്കിയ പട്ടികതന്നെ ഉപയോഗിച്ച് അവരുടെ മരണം അറിയിക്കേണ്ടിവന്നു. 

അത്തരം ദുരന്തങ്ങള്‍ എപ്പോള്‍ വേണമെങ്കിലും ആര്‍ക്കുവേണമെങ്കിലും സംഭവിക്കാം. ഭാഗ്യക്കേടുകൊണ്ട് ഒറ്റപ്പെടുന്ന നമ്മളൊക്കെ അതില്‍ സ്വയം പരിതപിക്കുന്നത് യഥാര്‍ഥത്തില്‍ മറ്റുള്ളവര്‍ക്ക് സംഭവിക്കുന്നതെന്തെന്ന് വേണ്ടവിധം അറിയാത്തതുകൊണ്ടാണ്. അതുകൊണ്ട്, എല്ലാവരും തിരിച്ചടികളാണ് കണക്കിലെടുക്കുന്നത്; പ്രത്യേകിച്ചും കഠിനമായവ. എന്നിരുന്നാലും ഒരു ബുദ്ധവചനം പറയുന്നതുപോലെ നമ്മളെല്ലാം വിശ്വസിക്കുന്നു- 'ഈ വര്‍ഷം ഞാന്‍ മരിക്കില്ല, എന്തുതന്നെയായാലും ഈ മാസം, തീര്‍ച്ചയായും ഇന്നില്ല.' 

അകലം പാലിക്കല്‍ 

പടിഞ്ഞാറന്‍ ദേശങ്ങളില്‍ എഴുതപ്പെട്ട പുസ്തകങ്ങളില്‍ പറയുന്നത് മരണത്തെ നാം വലിയ അകലത്തില്‍ നിര്‍ത്തിയിരിക്കുന്നുവെന്നതാണ്. എന്നാല്‍, യഥാര്‍ഥത്തില്‍ അത് നമുക്ക് ഏറെ അടുത്താണ്. അതിനെ അത്രത്തോളം അകലെയൊന്നും നിര്‍ത്താനാവില്ല. നമ്മുടെ ഗ്രാമങ്ങളിലും നഗരങ്ങളിലും ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്നു.  അതുകൊണ്ടുതന്നെ, സ്വന്തം ശരീരം മറവുചെയ്യാന്‍ മറ്റൊരാളാണ് എടുത്തുകൊണ്ടു പോകേണ്ടതെന്ന് എല്ലാവരും എപ്പോഴും ഓര്‍ക്കുന്നു. ഞങ്ങളുടെ വീട്ടില്‍നിന്ന് മൃതശരീരം എടുത്തുകൊണ്ടുപോകാന്‍ ആളുകളില്ല. കുടുംബത്തിലെ ഏതെങ്കിലുമൊരാളുടെ മരണം എല്ലാവരെയും ബാധിക്കുന്നതരത്തില്‍ ഞങ്ങളുടെ കുടുംബങ്ങള്‍ തമ്മില്‍ ഏറെ അടുപ്പമായിരുന്നു. പടിഞ്ഞാറന്‍ രാജ്യങ്ങളിലുള്ളതിനെക്കാള്‍ കൂടുതല്‍ മരണം പ്രകൃതിദുരന്തങ്ങളാലോ മനുഷ്യനിര്‍മിത ദുരന്തങ്ങളാലോ ഇവിടെ ഉണ്ടാകാറുണ്ട്. ചില ദിവസം പത്രങ്ങള്‍ കൊലപാതക, അത്യാഹിത വാര്‍ത്തകളാല്‍ നിറഞ്ഞിരിക്കും. 

മിക്കവാറും എല്ലാ ദിവസവും കബീര്‍ദാസിന്റെ വരികള്‍ ഞങ്ങള്‍ ചൊല്ലാറുണ്ട്:
'ഹാഡ് ജലെ ലകഡി ജലെ, ജലെ ജലാവന്‍ ഹാര്‍
കൌതിക്ഹാരാ ഭി ജലെ, കസോംന്‍ കരൂം പുകാര്‍'
(ദഹിപ്പിക്കുമ്പോള്‍ അസ്ഥികള്‍ കത്തുന്നു
അവ ദഹിപ്പിക്കുന്ന മരത്തടികളും കത്തുന്നു
അഗ്‌നി കൊളുത്തുന്നവനും ഒരുനാള്‍ കത്തിയമരും
കണ്ടുനില്‍ക്കുന്നവരും കത്തിയമരും
എല്ലാവരുടെയും അന്ത്യം ഇതാകുമ്പോള്‍ ആരെ വിളിക്കും?
ആരോടപേക്ഷിക്കും?
എല്ലാവരും ഒരേ നിയതിയില്‍ ബന്ധിതരാണ്
എല്ലാവരുടെയും അന്ത്യം ഒന്നാണ്)

എന്നിരുന്നാലും, ജീവിതത്തില്‍ നിശ്ചയമായും വന്നുചേരുന്ന മരണത്തെ ഞങ്ങള്‍ സ്വയം അകറ്റിനിര്‍ത്തുന്നു. പഞ്ചാബ്, തീവ്രവാദികളുടെ കൈപ്പിടിയിലായിരുന്ന ദിവസങ്ങള്‍ ഞാന്‍ നന്നായി ഓര്‍ക്കുന്നു. ഞങ്ങള്‍ പഞ്ചാബില്‍നിന്നുള്ളവരാണ്. ജീവിക്കുന്നതും ജോലിചെയ്യുന്നതും തൊട്ടടുത്തുതന്നെയുള്ള ഡല്‍ഹിയിലാണ്. ഞങ്ങളറിയുന്നവര്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ടു. പലരും കൊല്ലപ്പെടുകയോ കൊള്ളിവെക്കപ്പെടുകയോ ചെയ്തു. 'കണക്കിലെടുക്കേണ്ട'വരെക്കുറിച്ച് ജെര്‍ണെയ്ല്‍ സിങ് ഭിന്ദ്രന്‍വാല തയ്യാറാക്കിയ പട്ടികയില്‍ എന്റെ പേര് ഏതാണ്ട് മുകളില്‍ത്തന്നെയുണ്ടായിരുന്നു. എന്നിരുന്നാലും എല്ലാ കൊലപാതകവാര്‍ത്തകളില്‍നിന്നും നിറയൊഴിക്കപ്പെട്ടവരില്‍നിന്നും ഒഴിഞ്ഞുനില്‍ക്കാനായിരുന്നു ഞങ്ങളുടെ ശ്രമം. 'അയാള്‍ക്ക് ഒരു പത്രമുണ്ടായിരുന്നു, അവര്‍ക്ക് അത് ഇഷ്ടപ്പെട്ടില്ല... അയാളൊരു പത്രം എഡിറ്റുചെയ്തു, അതില്‍ അവര്‍ കൊടുത്തയച്ച ലേഖനം പ്രസിദ്ധീകരിച്ചില്ല... അവരൊരു ബസില്‍ യാത്രചെയ്യുകയായിരുന്നു... അവരൊരു ചന്തയിലായിരുന്നു... പക്ഷേ, അവര്‍ കരുതിയത് അവരുടെ കുടുംബത്തിലെ യുവാവ് ഒരു പോലീസ് ചാരനാണെന്നാണ്... പക്ഷേ, അതൊരു ഒറ്റപ്പെട്ട ഗ്രാമമായിരുന്നു...'

പക്ഷേ, എന്തുകൊണ്ട് അത്ര അകലെ കാണുന്നു? ഏറെ ഇഷ്ടപ്പെടുന്നവരില്‍നിന്നുപോലും ഞങ്ങള്‍ അകലംപാലിച്ചു. നമ്മുടെ മാതാപിതാക്കള്‍ക്ക് പ്രായമാകുമ്പോള്‍, അവരെക്കുറിച്ചു നാം കരുതുന്നത് അവര്‍ക്ക് ഏറെ പ്രായമായെന്നോ അവര്‍ രോഗാതുരരായെന്നോ ആണ്.  ഞങ്ങളുടെ അമ്മയ്ക്ക് രക്തയോട്ടം കുറവുള്ള രോഗമാണ്. അതെല്ലാം ഒരുതരത്തില്‍ അവരോട് ഞങ്ങളെ അടുപ്പിക്കുന്നതാണ്.  അവ ഞങ്ങളെ അവരില്‍നിന്ന് അകറ്റിനിര്‍ത്തുകയും ചെയ്യുന്നു. എങ്ങനെയെന്നാല്‍: അവര്‍ക്ക് ഇത്തരം അവസ്ഥകളുണ്ടെന്ന് ഓര്‍ക്കുമ്പോള്‍ത്തന്നെ ഞങ്ങളുടെ ഉപബോധമനസ്സില്‍ വരുന്നത്  ഞങ്ങള്‍ക്ക് ഈ അവസ്ഥയില്ലല്ലോയെന്നാണ്. 'ഞാന്‍ ഈ വര്‍ഷം മരിക്കില്ല, എന്തുവന്നാലും ഇന്നില്ല' എന്ന ആ സഹജവാസന, പ്രകടിപ്പിക്കാത്ത ആ വിശ്വാസം, നമ്മളില്‍ പ്രോഗ്രാം ചെയ്തുവെച്ചിരിക്കുകയാണ്. ഒരുപക്ഷേ, ഡാര്‍വിന്റെ സിദ്ധാന്തപ്രകാരമുള്ള അത് അതിജീവിക്കാന്‍ നമ്മളെ സഹായിക്കുന്നു. ഇന്ന് ആവശ്യമായ ശ്രമങ്ങളിലേര്‍പ്പെടാന്‍ നമ്മെ അത് പ്രാപ്തമാക്കുന്നു. എന്നിരുന്നാലും മൂലയിലുള്ളതിനുനേര്‍ക്ക് കണ്ണടയ്ക്കാനും അത് നമ്മെ പ്രേരിപ്പിക്കുന്നു.

ബുദ്ധന്‍ പറഞ്ഞു: ഇതിനു സംഭവിച്ചു, നിങ്ങള്‍ക്കും

അവസാന മണിക്കൂറുകളില്‍ നമ്മളോരോരുത്തരും കടന്നുപോകുന്ന അവസ്ഥകള്‍വെച്ച് നമുക്ക് തുടങ്ങാം. ഒരുപക്ഷേ, അത് തുടക്കത്തില്‍ത്തന്നെ കൂടുതല്‍ വിവരണാത്മകമായിരിക്കാം. അതുകൊണ്ടുതന്നെ അത് നീട്ടിവെക്കുന്നതാണു നല്ലത്. നമ്മുടെ ശരീരമറിയാതെ മരണത്തെ അറിയാനുള്ള വഴിയെന്താണ്? 

മഹാന്മാരായ ആളുകളുടെ, അവരില്‍ ചിലര്‍ ദൈവത്തിന്റെ അവതാരമെന്നുേപാലും വാഴ്ത്തപ്പെട്ടവരുടെ അവസാനദിവസങ്ങള്‍... അവരെത്രത്തോളം മഹാന്മാരായിരുന്നോ അതും അവര്‍ സ്വാഭാവികമായി കടന്നുപോയതുമായ വഴികളും വ്യത്യസ്തമായിരുന്നു. അവരെക്കുറിച്ചും അവരുടെ അവസാന നാളുകളെക്കുറിച്ചും വായിച്ച് നമുക്കതറിയാം. സംഭവിക്കുന്ന കാര്യങ്ങളില്‍നിന്ന് സ്വയം അകന്നുനില്‍ക്കാന്‍ പ്രത്യേകമായൊരു ശ്രമവും നടത്തേണ്ടതില്ല. പക്ഷേ, അവര്‍ മനുഷ്യരായിരുന്നു, നമ്മളെപ്പോലെത്തന്നെ. അവര്‍ കടന്നുപോയ വഴികള്‍ നമ്മള്‍ വായിച്ചറിഞ്ഞതുകൊണ്ട് നമ്മളെ എന്താണു കാത്തിരിക്കുന്നതെന്ന് നമ്മുടെ ഉപബോധമനസ്സിലുണ്ടാകും. 

അവരെക്കുറിച്ചു മനസ്സിലാക്കാന്‍ പല വഴികളുമുണ്ട്. അവരെക്കുറിച്ചു പഠിക്കുക എന്നതുതന്നെ വലിയ വെല്ലുവിളിയാണ്. ശ്രീബുദ്ധന് ദുരാരോപണങ്ങളോട് പടവെട്ടേണ്ടിവന്നതായി എത്രപേര്‍ക്കറിയാം? ഒരു യുവതിയുടെ മരണത്തിന് അദ്ദേഹം കാരണക്കാരനെന്ന് മുദ്രകുത്തപ്പെട്ട കാര്യം? ഒരു യുവതിക്ക് ഗര്‍ഭമുണ്ടാക്കിയതായ ആക്ഷേപം? ജീവിതത്തില്‍ ഒന്നല്ല, മൂന്നുവട്ടം ഇത്തരത്തില്‍ ആരോപണത്തെ നേരിട്ട കാര്യം? ഒരിക്കല്‍, നമ്മുടെ ശരീരത്തിലെ മാലിന്യങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രഭാഷണത്തിനുശേഷം അഞ്ഞൂറോളം സന്ന്യാസിമാര്‍ ആത്മഹത്യചെയ്തതായി ആക്ഷേപമുയര്‍ന്നു. എങ്ങനെയാണ് അങ്ങനെയൊരു കാര്യമുണ്ടായത്? തന്റെ പ്രഭാഷണത്തിന്റെ പ്രത്യാഘാതം മുന്‍കൂട്ടിക്കാണുന്നതില്‍ ബുദ്ധന്‍ പരാജയപ്പെട്ടുവോ? എല്ലാറ്റിനുമുപരി അദ്ദേഹം ത്രികാലജ്ഞാനിയാണ്. എങ്ങനെയാണ് അദ്ദേഹത്തിന്റെ വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെട്ടത്? അദ്ദേഹമൊരു ദീര്‍ഘദൃഷ്ടിയുള്ള ഗുരുവാണ്. തന്റെ കേള്‍വിക്കാരുടെ നിലവാരം അദ്ദേഹത്തിനറിയാനാവും. അവരുടെ നിലവാരത്തിനനുസരിച്ച് കാര്യങ്ങള്‍ അദ്ദേഹത്തിന് വിശദീകരിക്കാനാവും. അതോ ആ സംഭവത്തിന്റെ വിവരണങ്ങള്‍ വിശ്വാസയോഗ്യമല്ലാത്തതാണോ? പക്ഷേ, ഈ വിവരണങ്ങള്‍ വിശ്വാസയോഗ്യമല്ലെങ്കില്‍ അതേ ഭാഗങ്ങളില്‍ പറയുന്ന മറ്റു സംഭവങ്ങളുടെ കാര്യമോ?    ആ സംഭവങ്ങള്‍ ഗൗരവമുള്ളതാണോ? ബുദ്ധന്റെ ജീവിതത്തിന്റെ വിശദാംശങ്ങള്‍ പ്രാധാന്യമുള്ളതാണോ? അദ്ദേഹം ജീവിച്ചിരുന്നിട്ടേ ഇല്ലെങ്കിലോ? ആരാലുമോ മുന്നോട്ടുവെക്കപ്പെട്ട ആ അനുശാസനങ്ങള്‍ പ്രാധാന്യമുള്ളതല്ലേ? ആ സംഭവങ്ങള്‍ സാധൂകരിക്കുന്നത്, ആ അനുശാസനങ്ങളനുസരിച്ചു ജീവിക്കുന്നത്, അത് നമ്മുടെ അനുഭവങ്ങളുമായി ബന്ധപ്പെടുത്തി കണ്ടെത്തുന്നത് ഒരു ബുദ്ധിമുട്ടുള്ള കാര്യമാണോ? ഒറ്റവാക്കില്‍ പറഞ്ഞാല്‍, ആ സംഭവങ്ങള്‍ സ്വന്തംനിലയില്‍ മനോഹരങ്ങളല്ല. അതിനുചുറ്റും ചൂഴ്ന്നുനില്‍ക്കുന്ന വിവാദങ്ങളും അതിലടങ്ങിയിരിക്കുന്നു. അവ അനന്തമാണ്. 

പക്ഷേ, സംഭവങ്ങളിലേക്കു മടങ്ങിയാല്‍, അവ ഒരു സാന്ത്വനമാണ്. അവ നമ്മുടെ പ്രയാസങ്ങളെ ദര്‍ശനത്തിലേക്കു നയിക്കും. ബുദ്ധന്‍പോലും അത്തരം മുഷിപ്പിക്കുന്ന ബുദ്ധിമുട്ടുകളോടു പടവെട്ടിയിട്ടുണ്ടെങ്കില്‍ പരാതിപറയാന്‍ നമ്മളാരാണ്? ഏതര്‍ഥത്തിലും, ഈ മഹാത്മാക്കളുടെ ക്ഷണികമായ ഒരു മിന്നലൊളിപോലും എന്നെ എല്ലായ്പ്പോഴും വശീകരിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ, പലപ്പോഴും ഇത്തരം സംഭവങ്ങളിലെ ദീര്‍ഘവും സമകാലിക പ്രസക്തിയുമുള്ളവയും ഞാന്‍ ഉപയോഗിക്കാറുണ്ട്. അവ അതിന്റെ സ്വാഭാവികമായ രീതിയില്‍ത്തന്നെ നമുക്കു കാണാം, അവ സംസാരിക്കുന്നത് നമുക്കു കേള്‍ക്കാം, അവരുടെ സമയം ചെലവഴിക്കുന്നത് നമുക്കു കാണാം, അവര്‍ ഭക്ഷിക്കുന്നത്, ചിലപ്പോള്‍ അവര്‍ കാണപ്പെടുന്നതുപോലും. ഞങ്ങളുടെ ആദിത്തിന് ഇപ്പോള്‍ 44 വയസ്സായി. പക്ഷേ, പ്രായംവെച്ചുനോക്കിയാല്‍ അവന്‍ ചെറുതാണ്. ചക്രക്കസേരയിലുള്ള അവന് 50 കിലോയോളം ഭാരമേയുള്ളൂ. അതുകൊണ്ടുതന്നെ, പ്യാരേലാലിന്റെ 'ദി ലാസ്റ്റ് ഫേസ്' എന്ന കൃതി വായിക്കുമ്പോള്‍ ഞാന്‍ ആശ്ചര്യപ്പെട്ടു. വധിക്കപ്പെടുന്നതിനു ദിവസങ്ങള്‍ക്കുമുമ്പ് ഗാന്ധിജി തൂക്കം നോക്കിയപ്പോള്‍ അദ്ദേഹം 49 കിലോഗ്രാമോളമുണ്ടായിരുന്നു. ബ്രിട്ടീഷ് കമന്റേറ്റര്‍മാര്‍ പറയാറുള്ളതുപോലെ 'ചെറിയ മനുഷ്യന്‍'. ആ അഞ്ചടി നാലിഞ്ചുകാരന്‍ സാമ്രാജ്യത്വത്തിന്റെ കോട്ടകൊത്തളങ്ങള്‍ വലിച്ചുതാഴെയിട്ടു. അതുകൊണ്ട്, ഇത്തരം സംഭവങ്ങള്‍ ഞാന്‍ ഉള്‍പ്പെടുത്തി. വായനക്കാരുടെ മനസ്സിലേക്ക് കയറാന്‍ ഇവ സഹായിക്കുമെന്നു ഞാന്‍ കരുതുന്നു. പക്ഷേ, അതിന് മറ്റൊരു കാരണംകൂടിയുണ്ട്. 

നമ്മുടെ നിലവിലെ സാഹചര്യത്തില്‍, അത്തരം ആളുകളുടെ അവസാന ദിവസങ്ങള്‍ വായിക്കുന്നത് പ്രത്യേകിച്ചും വിജ്ഞാനപ്രദമാണ്. അവരുടെ മരണങ്ങളില്‍നിന്ന് പാഠംപഠിക്കുകയെന്നത് സ്വാഭാവികമാണ്. അവസാനത്തോടടുക്കുമ്പോള്‍ ബുദ്ധനും ശ്രീരാമകൃഷ്ണനും ശ്രീരമണയുമെല്ലാം ബോധപൂര്‍വം അവരുടെ ശിഷ്യരെയും പിന്‍ഗാമികളെയും അടുത്തുവിളിച്ചിരുത്തിയിരുന്നു. അവരുടെ ജീവിതത്തില്‍നിന്നുള്ള, മരണത്തില്‍നിന്നുള്ള അവസാന പാഠങ്ങള്‍ പഠിപ്പിക്കാന്‍വേണ്ടിയായിരുന്നു അത്. 

ബുദ്ധന്‍ തന്റെ ശിഷ്യനോട് തുണി നാലായി മടക്കാനും അത് രണ്ടു സാലവൃക്ഷങ്ങള്‍ക്കിടയിലൂടെ നിലത്ത് നിവര്‍ത്തിവിരിക്കാനും ആവശ്യപ്പെടുന്നുണ്ട്. ശിഷ്യന്‍ അതുപോലെ ചെയ്തു. ബുദ്ധന്‍ കൂടുതല്‍ ശിഷ്യരെ വിളിച്ചുവരുത്തി. അവര്‍ അദ്ദേഹത്തിനുചുറ്റും വന്നുനിന്നപ്പോള്‍ ബുദ്ധന്‍ മേല്‍വസ്ത്രം നീക്കി തന്റെ ശരീരം മറ്റുള്ളവര്‍ക്കു കാണാവുന്ന രീതിയിലാക്കി. കഴിഞ്ഞനൂറ്റാണ്ടിലെ പൂജനീയനായൊരു ടിബറ്റന്‍ സന്ന്യാസി, പബോങ്ക റിംപോച്ചെ അദ്ദേഹത്തെ ശ്രവിക്കുന്ന ആയിരങ്ങളോടായി പറഞ്ഞു: ''തഥാഗതന്റെ ശരീരം ദര്‍ശിക്കാനുള്ള അവസരം അപൂര്‍വമായി മാത്രമേ ലഭിക്കൂ.'' ബുദ്ധന്‍ ശിഷ്യരോടായി പറഞ്ഞു: ''ഇതിനു സംഭവിച്ചു, നിങ്ങള്‍ക്കും'' അതായത്, ബുദ്ധനും ഇതു സംഭവിച്ചു, ഇതു നിങ്ങള്‍ക്കും സംഭവിക്കും എന്ന്.  
  
 'ഭൂതകാല ബന്ധം, ഭൂതകാല ബന്ധം'

44-ാം വയസ്സിലും ഞങ്ങളുടെ ആദിത്തിന് നില്‍ക്കാനാവില്ല. നടക്കാനുമാവില്ല. അവന് ഇടതുകൈ മാത്രമേ ഉപയോഗിക്കാനാവൂ. കാരണം, വലതുകൈ പകുതി പൂട്ടിയിരിക്കുകയാണ്. ഇപ്പോഴും അക്ഷരങ്ങള്‍ പെറുക്കിപ്പെറുക്കിയേ അവന് സംസാരിക്കാനാവൂ. നല്ല സമയത്തുപോലും അവന് ഇടതുകണ്ണിന്റെ ഒരു ഭാഗംകൊണ്ടുമാത്രമേ കാണാനാവുമായിരുന്നുള്ളൂ. ആരെയെങ്കിലും, എന്തിനെയെങ്കിലും നോക്കുമ്പോള്‍ അവന്‍ തല പൂര്‍ണമായും വലതുവശത്തേക്കു ചെരിക്കും. പക്ഷേ, മൂന്നുവര്‍ഷംമുമ്പ് ഇടതുകണ്ണിന്റെ റെറ്റിനയുടെ താഴ്ഭാഗം വേര്‍പെട്ടു. റെറ്റിന പൂര്‍ണമായി വേര്‍പെടാതിരിക്കാന്‍ ശസ്ത്രക്രിയവഴി അവിടെ തടസ്സം സൃഷ്ടിച്ചു. അതേത്തുടര്‍ന്ന്, അവന് ഇപ്പോള്‍ കാഴ്ച കുറച്ചേയുള്ളൂ. എന്നിരുന്നാലും അവന്‍ സ്‌നേഹിക്കുന്നു, എല്ലാവരാലും സ്‌നേഹിക്കപ്പെടുന്നു. 

ഞങ്ങള്‍ ചെയ്യുന്ന എല്ലാറ്റിലും അവനൊരു അഭിമാനസ്ഥാനമുണ്ട്. എന്റെ പുസ്തകങ്ങള്‍ പ്രകാശനം ചെയ്യുന്ന ചടങ്ങുകളില്‍ മുഖ്യാതിഥി ആരായാലും അവന്‍ ആദ്യപ്രതി അനിതയ്ക്കു കൈമാറിയാണ് അതു ചെയ്യുക. പക്ഷേ, രണ്ടുവര്‍ഷംമുമ്പ് 'TWO SAINTS' എന്ന പുസ്തകം ഞാന്‍ പൂര്‍ത്തിയാക്കിയപ്പോള്‍ ദലൈലാമ അതു പ്രകാശനം ചെയ്യാമെന്നേറ്റു. മുഖ്യാതിഥി ദലൈലാമയായതുകൊണ്ടുതന്നെ ഇത്തവണ അനിതയ്ക്കു പകരം ആദിത് ദലൈലാമയ്ക്ക് ആദ്യപ്രതി നല്‍കി പുസ്തകം പ്രകാശനം ചെയ്യുന്നതാവും ഉചിതമെന്നു ഞങ്ങള്‍ കരുതി. ദലൈലാമ വരുന്നതുകൊണ്ടുതന്നെ ഹാള്‍ നിറഞ്ഞുകവിഞ്ഞിരുന്നു. ഇരിപ്പിടങ്ങള്‍ക്കിടയില്‍ കാലുകുത്താന്‍പോലും സ്ഥലമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ, ദലൈലാമയെ നേരെ വേദിയിലേക്ക് പിന്‍വാതില്‍വഴി ആനയിക്കേണ്ടിവന്നു. എല്ലാവരും ഇരുന്നശേഷം ആദിത്തിനെ ചക്രക്കസേര സഹിതം ഞങ്ങള്‍ വേദിയിലെത്തിച്ചു. ആദിത്തില്‍നിന്ന് ആദ്യപ്രതി ഏറ്റുവാങ്ങാന്‍ ഞാന്‍ ദലൈലാമയോട് അഭ്യര്‍ഥിച്ചു. ദലൈലാമ അവനുനേരെ നടന്നടുക്കുമ്പോള്‍ അവന്‍ സാധാരണ ചെയ്യാറുള്ളതുപോലെ തല വലതുഭാഗത്തേക്കു തിരിച്ചില്ല. പകരം, അവന്‍ ദലൈലാമയുടെ നേരെത്തന്നെ നോക്കി. എല്ലാവരെയും അദ്ഭുതപ്പെടുത്തിക്കൊണ്ട് അവന്‍ അനുഗ്രഹിക്കാനെന്നമട്ടില്‍ ദലൈലാമയുടെ തലയിലേക്ക് കൈ ഉയര്‍ത്തി. വിനയത്തിന്റെ മൂര്‍ത്തീഭാവമായ ദലൈലാമ അനുഗ്രഹം വാങ്ങാനെന്നമട്ടില്‍ തലകുനിച്ചു. ഇത്രയുംകാലം ആദിത് ഇത്തരത്തില്‍ പെരുമാറിയിട്ടേയില്ല. ആദിത്തിനു പുസ്തകം കൈമാറിക്കൊണ്ട് അത് ദലൈലാമയ്ക്കു കൊടുക്കാന്‍ ഞാനാവശ്യപ്പെട്ടു. അതുപോലെ ചെയ്തശേഷം അവന്‍ വീണ്ടും ദലൈലാമയുടെ തലയിലേക്ക് കൈ ഉയര്‍ത്തി. ഒരിക്കല്‍ക്കൂടി അവനു തലയില്‍ കൈവെക്കാനായി ദലൈലാമ കുനിഞ്ഞു. ഹാള്‍ കനത്ത നിശ്ശബ്ദതയിലാണ്ടു. ഏവരുടെയും കണ്ണുകള്‍ നിറഞ്ഞുതുളുമ്പി. ആ സംഭവത്തിലൂടെ തെളിഞ്ഞുനിന്നത് ദലൈലാമയുടെ വിനയവും ആദിത്തിന്റെ നിഷ്‌കളങ്കതയുമായിരുന്നു. ആ നിമിഷങ്ങളുടെ ഫോട്ടോകള്‍ ഇപ്പോള്‍ ഞങ്ങളുടെ കുടുംബത്തിന്റെ നിധിയാണ്. 

adityan
അരുൺ ഷൂരിയുടെ TWO SAINTS എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ
ദലൈലാമയെ അനുഗ്രഹിക്കുന്ന ആദിത്യൻ

 'ഭൂതകാല ബന്ധം, ഭൂതകാല ബന്ധം' എന്നാണ് ഒരു മുതിര്‍ന്ന ടിബറ്റന്‍ സന്ന്യാസി ആ ചടങ്ങിനുശേഷം എന്നോടു പറഞ്ഞത്. 
  ഒരു മുന്‍ സിവില്‍ സര്‍വീസുകാരന്‍ പറഞ്ഞത്, ഇത് തന്റെ തത്ത്വത്തെ സാധൂകരിക്കുന്നുവെന്നാണ്. അതായത്, ആദിത്തിനെപ്പോലുള്ളവര്‍ ഭൂതകാലത്തില്‍ വലിയ യോഗികളായിരിക്കും. വീണ്ടും ജന്മമെടുത്തത് അവരുടെ പ്രാരബ്ധകര്‍മം തീര്‍ക്കാന്‍വേണ്ടിമാത്രമാണ്. എന്നാല്‍, എന്തുകൊണ്ട് ആദിത് കടുത്ത അംഗപരിമിതനായി? കാരണം, ചില പ്രാരബ്ധകര്‍മങ്ങളുടെ തുടക്കം പഴംപോലെയായിരിക്കുമെങ്കിലും അത് ചെയ്തുതീരാന്‍ കൂടുതല്‍ സമയമെടുക്കും. ആ കര്‍മങ്ങളില്‍ ചിലത് ചെയ്തുതീരാറായെന്ന് എങ്ങനെയാണ് നമ്മളറിയുക? കാരണം, അവന് എല്ലാ പ്രയാസങ്ങളുമുണ്ടായിരുന്നു. 

അവിടെ കൃത്യതയൊന്നുമില്ലേ? 

വെറും പ്രാരബ്ധകര്‍മം മാത്രമല്ല. കര്‍മത്തിന്റെ 'തത്ത്വം' മുഴുവന്‍. അത് എല്ലായ്പ്പോഴും അവസാനിക്കുന്നത് ഇരയുടെ കുറ്റപ്പെടുത്തലിലാണ്. അത് അതിനുള്ളില്‍ത്തന്നെ കൃത്യതയാര്‍െന്നാരു വൃത്തമാണ്. എന്തുകൊണ്ടാണ് ആദിത്തിന് ഈ വിഷമങ്ങളൊക്കെയുണ്ടായത്? -'കാരണം, അവന്‍ അവന്റെ ഭൂതകാലജീവിതങ്ങളില്‍ എന്തെങ്കിലും ദുഷ്പ്രവൃത്തികള്‍ ചെയ്തിട്ടുണ്ടാകും.' എങ്ങനെയാണ് അവന്‍ ഭൂതകാലത്തില്‍ എന്തെങ്കിലും ദുഷ്പ്രവൃത്തികള്‍ ചെയ്തിട്ടുണ്ടെന്ന് അറിയാനാവുക? -'കാരണം, അവന് അംഗപരിമിതികളുള്ളതുതന്നെ. അവന്‍ ഭൂതകാലത്തില്‍ ദുഷ്പ്രവൃത്തികള്‍ ചെയ്തിട്ടില്ലായിരുന്നെങ്കില്‍ അവന് അംഗപരിമിതികളുണ്ടാവില്ലായിരുന്നു.' ഒരു എഴുത്തുകാരന്‍ പറഞ്ഞതുപോലെ, കര്‍മത്തിന്റെ 'തത്ത്വം' 'ഉചിതമായ കല്പിതകഥ' മാത്രമാണ്. 

അതിനൊരു അനുബന്ധമുണ്ട് -'ഭൂതകാല ജീവിതങ്ങള്‍.' നമ്മള്‍ കാണുന്നത്, ഇന്ന് ദുഷ്പ്രവൃത്തികള്‍ ചെയ്യുന്നവര്‍ അഭിവൃദ്ധിപ്രാപിക്കുന്നതാണ്; സത്യസന്ധമായി കഠിനാധ്വാനം ചെയ്യുന്നവര്‍ കഷ്ടപ്പെടുന്നതും. എന്തുകൊണ്ട്? -'ഭൂതകാല ജീവിതങ്ങളിലെ അവരുടെ പ്രവൃത്തികളാണു കാരണം.' അതുപോലെ, ഒരു കുഞ്ഞ് മരിക്കുമ്പോള്‍, അഥവാ ഒരു യുവാവ് അപകടത്തില്‍പ്പെട്ട് പെട്ടെന്നു മരിക്കുമ്പോള്‍ നമ്മളെന്തു പറയും? -'ദൈവം ഇഷ്ടപ്പെട്ടവരെ നേരത്തേ വിളിക്കും.' ദൈവം അവരെയാണ് ഏറ്റവും സ്‌നേഹിക്കുന്നതെന്ന് എങ്ങനെയാണ് നമ്മള്‍ അറിയുക? -'അങ്ങനെയല്ലെങ്കില്‍ അവര്‍ ചെറുപ്പത്തിലേ മരിക്കില്ലായിരുന്നു...' പക്ഷേ, എന്തുകൊണ്ട് മരണം? എന്തുകൊണ്ട് എല്ലാവരും എല്ലാതും മരണമില്ലാത്തതാകുന്നില്ല?

ഒരു വസ്തുവിന് സൗന്ദര്യം നല്‍കുന്ന അവസ്ഥ ക്ഷണികം മാത്രമാണോ? മരണമാണ് ജീവിതത്തിന് അര്‍ഥം പ്രദാനംചെയ്യുന്നത്. നമുക്കു മുകളിലുള്ള വായുമണ്ഡലം നോക്കുക. ക്ഷണികമായ നമ്മുടെ ജീവിതവുമായി താരതമ്യപ്പെടുത്തുമ്പോള്‍, നക്ഷത്രങ്ങളുടെയും ക്ഷീരപഥത്തിന്റെയും ചന്ദ്രന്റെയും എന്തിനു പറയുന്നു, ഹിമാലയത്തിന്റെവരെ ആയുസ്സ് അനന്തമാണ്. അതുകൊണ്ട് അവ സൗന്ദര്യം കുറഞ്ഞവയാണോ? ജീവന്‍തന്നെ കണക്കിലെടുക്കുക. ഒരു അപകടത്തില്‍നിന്നു രക്ഷപ്പെട്ട ഒരാളെക്കുറിച്ചോ, കടുത്ത മുറിവുള്ള ഒരാള്‍ അതില്‍നിന്ന് മുക്തനായതിനെക്കുറിച്ചോ, മരണത്തെ മുഖാമുഖംകണ്ട ഒരാള്‍ ആ നിമിഷംമുതല്‍ അയാളുടെ ജീവിതത്തിലെ ഓരോന്നും കൂടുതല്‍ വിലപ്പെട്ടതും അര്‍ഥപൂര്‍ണവും സൗന്ദര്യപൂര്‍ണവുമായി ആസ്വദിക്കുന്നതിനെക്കുറിച്ചോ നമ്മള്‍ എപ്പോഴെങ്കിലും വായിച്ചിട്ടുണ്ടോ? ജീവിച്ചിരിക്കുന്ന ഓരോ നിമിഷത്തോടും അവരിപ്പോള്‍ എത്ര കൂടുതല്‍ നന്ദിയുള്ളവരാണ്. 

അതെ, ആത്മനിഷ്ഠമായൊരു സത്യമുണ്ട്, ജീവന്‍ ഏതുനിമിഷവും അസ്തമിച്ചുപോകാമെന്ന തിരിച്ചറിവ്. അതുകൊണ്ട്, ഓരോ നിമിഷവും അവര്‍ നിധിപോലെ കാക്കുന്നു. പക്ഷേ, വസ്തുനിഷ്ഠമായ സത്യമെന്താണ്? അവരുടെ ജീവിതം വിലകുറഞ്ഞതാണോ? അതോ ഞെട്ടലൊന്നുമുണ്ടായില്ലെങ്കില്‍ അവ സൗന്ദര്യാത്മകമാണോ? അവരുടെ ജീവിതം കൂടുതല്‍ സൗന്ദര്യപൂര്‍ണമാകുമോ? കൂടുതല്‍ വിലപ്പെട്ടതാകുമോ? ആ ഞെട്ടലുകളില്‍നിന്ന് മോചിതരാവുന്നതിനു പകരം ജീവിതം അവിടെത്തന്നെയോ അതിനുശേഷമോ തീര്‍ന്നുപോകുമോ? കുറച്ചു വര്‍ഷങ്ങള്‍ കൂടുതലോ കുറവോ നമ്മള്‍ ജീവിക്കുന്നെങ്കിലും നമ്മുടെ ജീവിതമെല്ലാം വളരെ പെട്ടെന്നു തീര്‍ന്നുപോകുന്നതാണ്. അതുകൊണ്ട്, വസ്തുത ആവശ്യപ്പെടുന്നതനുസരിച്ച കാര്യങ്ങള്‍ ചെയ്യാന്‍ നമ്മള്‍ നമ്മളെത്തന്നെ സമര്‍പ്പിക്കണം. ആ കുറച്ചു വര്‍ഷങ്ങളെ കൂടുതല്‍ വിലപ്പെട്ടതും സൗന്ദര്യമാര്‍ന്നതും ആക്കുന്നതെന്തെന്നാല്‍, അവ കുറവാണ് എന്നതല്ല. മറിച്ച്, അവ കുറച്ചേ ഉണ്ടാകൂ എന്നു തിരിച്ചറിഞ്ഞ് നമ്മള്‍ നമ്മളെത്തന്നെ ചില ഉദ്യമങ്ങള്‍ക്കായി സമര്‍പ്പിക്കുകയെന്നാണ്. അല്ലാതെ മറ്റുള്ളവര്‍ക്കായല്ല. അന്ത്യമടുക്കുമ്പോള്‍, അതു നമുക്ക് കാണാനാവുമ്പോള്‍, ഈ മയക്കുവിദ്യകളൊന്നും ഫലിക്കില്ല; അല്ലെങ്കില്‍ ചിന്തകളപ്പാടേ നമ്മള്‍ ഉപേക്ഷിക്കണം. 

പരിഭാഷ: സന്തോഷ് വാസുദേവ്

1-അരുണ്‍ ഷൂരിയുടെ ഭാര്യ. വര്‍ഷങ്ങളായി പാര്‍ക്കിന്‍സന്‍സ് രോഗിയാണ്. 2-അരുണ്‍ ഷൂരിയുടെ മകന്‍ ആദിത്യന്‍. ആദിത് എന്ന് വിളിക്കുന്നു. ഇപ്പോള്‍ 44 വയസ്സായി. ചെറുപ്പത്തിലേ സെറിബ്രല്‍ പാള്‍സി ബാധിച്ച ആദിത് ഇക്കാലമത്രയും വീല്‍ച്ചെയറിലാണ്. സംസാരിക്കാനോ സ്വന്തമായി എന്തെങ്കിലും ചെയ്യാനോ സാധിക്കില്ല.

Content Highlights: Arun Shourie new Book preparing to death