-
വയനാടന്‍ മലനിരകളുടെ താഴ്നിഴലിലെ കുറ്റ്യാടി പ്രദേശത്തെ മരുതോങ്കര എന്ന ഗ്രാമമാണ് എന്റെ ജന്മനാട്. ചെറിയപുഴയെന്നും വലിയപുഴയെന്നും ഞങ്ങള്‍ വിളിച്ചിരുന്ന രണ്ട് പുഴകള്‍ എന്റെ ജീവിതത്തിലൂടെ എന്നും ഒഴുകുന്നു. ഈ രണ്ടുപുഴകളും കുറ്റ്യാടി അങ്ങാടിക്കടുത്ത്വെച്ച് സംഗമിച്ച് കുറ്റ്യാടിപ്പുഴയായി ചേര്‍ന്നൊഴുകുന്നു.
എന്റെ ബാല്യകൗമാരങ്ങള്‍ ഈ പുഴയിലും പുഴത്തീരത്തുമായി തിമിര്‍ത്തു. മണല്‍ക്കൊള്ളയും മലിനീകരണവും കൊണ്ട് പുഴ അന്ന് ഇത്ര വികൃതമായിരുന്നില്ല. പുഴയ്ക്ക് കുറുകേ രണ്ട് വലിയ പുഴമരങ്ങളില് വലിച്ചുകെട്ടിയ 'കമ്പിപ്പാല'ത്തിലൂടെ എന്റെ ബാല്യം കൗമാരത്തിലേക്ക് കടന്നു. ഞാന്‍ കുറ്റ്യാടി ഗവ. ഹൈസ്കൂളില്‍ എട്ടാം ക്ലാസില്‍ ചേര്‍ന്നു.
ഒളിച്ചും പൊത്തിയും കണ്ട സിനിമകള്‍, ഗാനമേളകള്‍, ഉത്സവങ്ങള്‍, നോമ്പ്, പെരുന്നാള്‍, ഓണം, വിഷു, നാട്ടിലെ കല്യാണങ്ങള്‍, അങ്ങാടിക്കൗതുകങ്ങള് അങ്ങനെ ആഹ്ലാദകരമായ ഒരു കൗമാരജീവിതം ജീവിക്കുകയായിരുന്നു. അന്ന് ഗള്‍ഫിലെ ജോലിനിര്‍ത്തി മടങ്ങിവന്ന എന്റെ ജ്യേഷ്ഠന് കുറ്റ്യാടി അങ്ങാടിയില്‍ ഒരു ചെറുകിട ഹവായ് ചെരിപ്പുനിര്‍മാണ കേന്ദ്രം നടത്തിയിരുന്നു. ഒരു 'ഒറ്റമുറിക്കമ്പനി'. കോഴിക്കോടുനിന്നും കോട്ടയത്തുനിന്നും മറ്റും വരുത്തിക്കുന്ന ചെരിപ്പുഷീറ്റുകള് അച്ചുകളില്‍ മുറിച്ച് തുളച്ച് സ്ട്രാപ്പ് (വള്ളി) ചേര്‍ത്ത് സ്റ്റിക്കറുകള്‍ ഒട്ടിച്ച് നാട്ടിലും പരിസരങ്ങളിലുമുള്ള കടകളില്‍ വിതരണം ചെയ്യും. ഹൈസ്കൂള്‍ പഠനകാലത്ത് അതിരാവിലെയും ഒഴിവുദിവസങ്ങളിലും ഞാനും ചെരിപ്പ് നിര്‍മാണത്തില്‍ പങ്കെടുത്തു. കോളേജ് പഠനകാലത്തും ഇത് തുടര്‍ന്നു. വട്ടച്ചെലവിനുള്ള 'പൈസ' സ്വയം ഉണ്ടാക്കി.
സപ്ലി പരീക്ഷ കഴിഞ്ഞുള്ള എന്റെ ഒഴിവുകാലം ഞാന്‍ ചെരിപ്പ് നിര്‍മാണത്തിലും വായനയിലും ചെലവഴിച്ചു. സാഹിത്യവായന എന്നില്‍ ഗൗരവമേറിയ ഒരുതരം ആഹ്ലാദം നിറച്ചു. നാട്ടില്‍ സാധ്യമായ പുസ്തകങ്ങള്‍ ഓരോന്നായി വായിക്കാന്‍ തുടങ്ങി. ഇതിനിടയ്ക്ക് എന്റെ ജീവിതത്തിലേക്ക് വിഷാദത്തിന്റെ ഇരുട്ടുപരത്തിയ ഒരു സംഭവമുണ്ടായി. അന്ന് തണുത്ത ഒരു പാതിരയ്ക്ക് നാട്ടില്‍ ഒരു കൊലപാതകം നടന്നു. കൊലപാതകങ്ങളെ ഇന്നത്തെപ്പോലെ അത്ര സ്വാഭാവികമായും നിസ്സംഗമായും കണ്ടിരുന്ന ഒരു കാലമായിരുന്നില്ല അത്. പാതിരയ്ക്ക് തണുപ്പ് തുളച്ച് കയറ്റം കയറിപ്പോയ ഒരു പൊലീസ് ജീപ്പാണ് 'വിവരം' തരുന്നത്. പിറ്റേന്ന് രാവിലെ നാട്ടുകാരെല്ലാം ഒരു മൂകനാടകത്തിലെ കഥാപാത്രങ്ങളെപ്പോലെ കൊല നടന്ന ഇടം സന്ദര്‍ശിക്കാനായി പോയി. കൂട്ടത്തില്‍ ഞാനും ചേര്‍ന്നു. അത് വര്‍ഗീയസ്വഭാവമുള്ള ഒരു ഒറ്റപ്പെട്ട കൊലപാതകമായിരുന്നു. നാടാകെ അന്ന് സൂര്യഗ്രഹണംപോലെ ഭീതി നിഴലിച്ചുകിടന്നു.
കൊല നടന്ന സ്ഥലത്ത് ഞങ്ങളെത്തി. ഒരു ഇടറോഡില്‍ ലേശം ഇരുണ്ട മനുഷ്യച്ചോര. ഒന്നുരണ്ട് ചെരിപ്പുകള്‍. ബോംബെറിഞ്ഞതിന്റെ അടയാളങ്ങള്‍. ഇര പിടച്ചതിന്റെ മണ്പാടുകള്. വടിവാളിന്റെയോ നെഞ്ചക്കിന്റെയോ ചോരപുരണ്ട മരപ്പിടി, ചോരപുരണ്ട കല്ലുകള്‍; അത്രമാത്രം!
'മൂകനാടകസംഘം' പിന്നീട് തല താഴ്ത്തി മോര്‍ച്ചറിയിലേക്ക് പോയി. അവിടെ ജാലകത്തിലൂടെ നോക്കുമ്പോള്‍ ചോര തുടച്ച് വൃത്തിയാക്കിയ ആഴമേറിയ മുറിവുകളുമായി ഒരു മനുഷ്യശരീരം കിടക്കുന്നതുകണ്ടു. കുറേനേരം അത് നോക്കിനിന്നപ്പോള്‍ അതുവരെയില്ലാത്ത ഒരു വിഷാദവും നിരാശയും എന്നെ ശ്വാസംമുട്ടിച്ചു.
അടുത്ത ഡിസംബറില്‍ ബാബ്രി മസ്ജിദ് തകര്‍ത്തു. നീണ്ട വാളുകള്‍ രാജ്യത്തെ വീണ്ടും വീണ്ടും മുറിച്ചുകൊണ്ടിരുന്നു. ആകാശത്ത് ഇരുണ്ട പുകയുയര്‍ന്നു. ഓടയിലൂടെ മനുഷ്യന്റെ രക്തം ഒഴുകി. എന്റെ കൗമാരമനസ്സ് എറിഞ്ഞുടയ്ക്കപ്പെട്ടു. തല താഴ്ത്തി ഞാന്‍ യൗവനത്തിലേക്ക് പ്രവേശിച്ചു. മടപ്പള്ളി ഗവ. കോളേജില്‍ ബി.എ.യ്ക്ക് ചേര്‍ന്നു. കോളേജ് ലൈബ്രറിയില്‍നിന്നും നാട്ടിലെ വായനശാലയില്‍നിന്നും പുസ്തകങ്ങള്‍ കൊണ്ടുപോയി വായിച്ചു. പാട്ടുകേട്ടു. അക്കാലത്ത് 'ഉള്ളില്‍' ഒരു മുറിവ് രൂപപ്പെടുന്നതായി തോന്നി. വായനയും സംഗീതവും അതിന്റെ ആഴം കൂട്ടുന്നതായും. ഞാന്‍ എഴുതാന്‍ തുടങ്ങി. ചിതറിയ മഷിയില്‍ മുക്കി എഴുതുന്ന കുറിപ്പുകള്‍, കവിതകള്‍ അങ്ങനെ. ഇതിനിടെ മാഗസിനുകളിലും പത്രങ്ങളുടെ ഞായറാഴ്ചത്താളുകളിലും മറ്റും വന്ന ചിത്രകലാലേഖനങ്ങളും ചിത്രങ്ങളും എന്നെ സ്വാധീനിച്ചു. മനസ്സിനെ കൂടുതല്‍ ശക്തമായി ആവിഷ്കരിക്കാന്‍ പറ്റിയ നല്ല മാധ്യമം വരയാണെന്ന് ഒരു ബോധ്യമുണ്ടായി. ഓര്‍ക്കാപ്പുറത്ത് ഞാനും വരയ്ക്കാന്‍ തുടങ്ങി. അതുവരെ ശീലമില്ലാത്ത, പരിചയമില്ലാത്ത ഒന്ന്. അര്‍ധ-അമൂര്‍ത്ത രീതിയിലുള്ള പെയിന്റിങ്ങുകളായിരുന്നു അന്ന് വരച്ചത്. പേപ്പറില്‍ കടുംനിറങ്ങളില്‍. കറുപ്പും ചോപ്പും ഉറഞ്ഞുകൂടിയ ചിത്രങ്ങളായിരുന്നു അവ.
Content Highlights: Artist K Shereef life story Mathrubhumi Weekly
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..