അവര്‍ ഹോംസും വാട്‌സണുമായി; എനിക്ക് എന്റെ പാവകളെ കിട്ടി, ഞാന്‍ സ്റ്റഡി ഇന്‍ സ്‌കാര്‍ലെറ്റ് എഴുതി


എനിക്കറിയാമായിരുന്നു, എനിക്ക് എഴുതാന്‍ പറ്റുന്നതില്‍വെച്ച് ഏറ്റവും നല്ല പുസ്തകമാണതെന്ന്. എനിക്ക് ഉയര്‍ന്ന പ്രതീക്ഷകളുണ്ടായിരുന്നു. ഒരു വീട്ടുപ്രാവിനെപ്പോലെ 'ഗേഡ്ല്‍ സ്റ്റോണ്‍' തിരിച്ചുവന്നപ്പോള്‍ എനിക്കു ദുഃഖം തോന്നി. പക്ഷേ, അദ്ഭുതം തോന്നിയില്ല. ആ തീരുമാനത്തിന് ഞാന്‍ വഴങ്ങുകയായിരുന്നു. എന്നാല്‍, എന്റെ കൊച്ചു ഹോംസ് പുസ്തകവും വട്ടംകറങ്ങി തിരിച്ചുവന്നപ്പോള്‍ എനിക്ക് വേദനിച്ചു.

സർ ആർതർ കോനൻ ഡോയൽ

വിശ്വസാഹിത്യത്തിലെ ക്ലാസിക് രചനകളാണ് ഷെര്‍ലക് ഹോംസ്‌കൃതികള്‍. ഷെര്‍ലക് ഹോംസ് എന്ന കുറ്റാന്വേഷകന്‍ പിറവി കൊണ്ട് 138 വര്‍ഷത്തിന് ശേഷവും പരിഭാഷയായും സിനിമയായും വെബ് സീരിയിലായും ലോകമെങ്ങും ഇന്നും കൊണ്ടാടപ്പെടുന്ന നിത്യവിസ്മയമായ കഥാപാത്രം. ഹോംസിന്റെ സൃഷ്ടാവായ സര്‍ ആര്‍തര്‍ കോനന്‍ ഡോയലിന്റെ ചരമ വാര്‍ഷിക ദിനമാണ് ജൂലൈ ഏഴ്. അദ്ദേഹത്തിന്റെ ആത്മകഥയില്‍ നിന്നും ഒരു ഭാഗം വായിക്കാം.

ന്റെ വിവാഹത്തിന് വര്‍ഷങ്ങള്‍ക്കു മുന്‍പ്, വളരെ കുറഞ്ഞ വിലയ്ക്ക്, ശരാശരി നാലു പൗണ്ടിനും മറ്റും നന്നായി വില്ക്കപ്പെടാന്‍ സാധ്യതയുള്ള ചെറുകഥകള്‍ ഞാന്‍ അതതു കാലങ്ങളിലായി എഴുതാറുണ്ടായിരുന്നു. എന്നാല്‍, പുനഃപ്രസാധനത്തിനു കൊള്ളാത്തവയായിരുന്നു അവ. ലണ്ടന്‍ സൊസൈറ്റി, ടെംപിള്‍ ബാര്‍, ദ ബോയ്‌സ് ഓണ്‍ പേപ്പര്‍, ഓള്‍ ദ ഇയര്‍ റൗണ്ട് തുടങ്ങിയ ജേണലുകളുടെ പേജുകളില്‍ അവ പരന്നുകിടന്നു. എപ്പോഴും എന്നെ ഞെരുക്കിക്കൊണ്ടിരുന്ന സാമ്പത്തികബാധ്യതകളില്‍നിന്ന് ചെറിയൊരാശ്വാസം തന്നുകൊണ്ട് അവ തങ്ങളുടെ കടമ നിറവേറ്റിയിരുന്നു. അതവിടെയിരിക്കട്ടെ. വര്‍ഷത്തില്‍ പത്തോ പതിനഞ്ചോ പൗണ്ടില്‍ക്കൂടുതല്‍ ഇതില്‍നിന്ന് സമ്പാദിക്കാനാവാറില്ല. അതുകൊണ്ട് ഇതിലൂടെ ജീവിക്കാമെന്ന തോന്നല്‍ എനിക്കൊരിക്കലും ഉണ്ടായിട്ടില്ല. എന്നാലും ഞാന്‍ എഴുതുന്നതത്രയും പ്രസിദ്ധീകരണത്തിനയയ്ക്കാറില്ല. അക്കാലത്തു ഞാന്‍ ആര്‍ജിച്ചെടുത്ത വ്യത്യസ്ത തരത്തിലുള്ള അറിവുകളടങ്ങിയ നോട്ടുപുസ്തകങ്ങള്‍ ഇപ്പോഴും എന്റെ കൈവശമുണ്ട്. കപ്പലില്‍ ചരക്കു കയറ്റാന്‍ തുടങ്ങുന്നതിനു മുന്‍പ് അതു പുറത്തെടുത്തു നിരത്തുന്നത് വലിയൊരബദ്ധമാണ്. എന്റെതന്നെ തണുപ്പന്‍രീതികളും സ്വാഭാവികമായ പരിമിതികളുമാണ് ഈ അപകടത്തില്‍നിന്ന് എന്നെ രക്ഷപ്പെടുത്തിയത്.

വിവാഹത്തിനുശേഷം എന്റെ തലച്ചോറിന്റെ പ്രവര്‍ത്തനം ത്വരിതമായതായി കാണപ്പെട്ടു. കൂടാതെ, ഭാവനയും ആവിഷ്‌കാരവൈവിധ്യവും വളരെയധികം മെച്ചപ്പെട്ടു. ക്യാപ്റ്റന്‍ ഓഫ് ദ പോള്‍സ്റ്റാറില്‍ പ്രത്യക്ഷപ്പെട്ട എന്റെ മിക്ക ചെറുകഥകളും 1885നും 1890നും ഇടയില്‍ എഴുതപ്പെട്ടവയാണ്. ഒരുപക്ഷേ, അതിലെ ചിലതൊക്കെ ഞാന്‍ എഴുതിയ ഏതൊന്നുപോലെയും സത്യസന്ധവും മികച്ചതുമാണ്. എന്താണ് എനിക്ക് ഏറ്റവും സന്തോഷം തരുന്നത് എന്നുവെച്ചാല്‍, ഞാനൊരു പൈങ്കിളി എഴുത്തുകാരന്‍ എന്ന നിലയില്‍നിന്ന് മാറി എന്ന തിരിച്ചറിവാണ്. കൂടാതെ, ജെയിംസ് പായ്ന്‍ 'ഹബാകുക് ജെഫ്‌സണ്‍സ് സ്റ്റേറ്റ്‌മെന്റ്' എന്ന ചെറുകഥ കോണ്‍ഹില്ലിനുവേണ്ടി സ്വീകരിച്ചതോടെ ഞാന്‍ മികച്ച ചങ്ങാത്തത്തില്‍ എത്തിപ്പെടുകയായിരുന്നു. ഈ ഗംഭീരമായ മാഗസിനോട് എനിക്ക് ഒരു ഭയഭക്തിബഹുമാനംതന്നെ ഉണ്ടായിരുന്നു; താക്കറെ തൊട്ടു സ്റ്റീവന്‍സണ്‍ വരെയുള്ള അതിന്റെ പാരമ്പര്യംകൊണ്ട്. മാത്രമല്ല, തക്കസമയത്തു ലഭിച്ച മുപ്പതു പൗണ്ടിനെക്കാള്‍ എന്നെ ആഹ്ലാദിപ്പിച്ചത്, ഞാന്‍ ഇതിലേക്ക് എത്തിച്ചേര്‍ന്നു എന്ന ചിന്തയാണ്. തീര്‍ച്ചയായും മാഗസിന്റെ നിയമങ്ങള്‍ അങ്ങനെയുള്ളതാണ്. അത് അജ്ഞാതമാണ്. അത് എഴുത്തുകാരനെ ആക്ഷേപങ്ങളില്‍നിന്ന് സംരക്ഷിക്കുന്നതുപോലെത്തന്നെ പ്രശസ്തി നേടിയെടുക്കുന്നതില്‍നിന്ന് തടയുകയും ചെയ്യും.

ഒരു പേപ്പര്‍ അതിന്റെ റിവ്യൂ ആരംഭിച്ചത് ഇങ്ങനെയാണ്: ഒരു കഥയിലൂടെ കോണ്‍ഹില്‍ അതിന്റെ പുതിയ നമ്പര്‍ തുടങ്ങിയിരിക്കുന്നു; താക്കറെയെ ഞെട്ടിപ്പിക്കാവുന്ന ഒന്ന്. എന്നെ അറിയാമായിരുന്ന ഒരു മാന്യന്‍ ഈ സന്തോഷവാര്‍ത്ത കാണിക്കാനായി പേപ്പറുമായി തിരക്കുപിടിച്ച് റോഡ് മുറിച്ചുകടന്നുവന്നു. കൂടുതല്‍ സ്‌നേഹമുള്ള മറ്റൊരാള്‍ പറഞ്ഞു: കോണ്‍ഹില്‍, ഈ പുതുവര്‍ഷം അതിശക്തമായ ഒരു കഥയുമായാണ് തുടങ്ങുന്നത്; 'ദ ന്യൂ അറേബ്യന്‍ നൈറ്റ്‌സി'ന്റെ കഥാകാരന്റെ കൈകളാണിതിലെന്ന് ഞങ്ങള്‍ കണ്ടെത്തിയിരിക്കുന്നു. അതൊരു നല്ല പ്രശംസയായിരുന്നു; എന്നാല്‍ അത്രയൊന്നും ഊഷ്മളമല്ലാത്തത്. അത് എന്റെ മേല്‍വിലാസത്തിലേക്ക് നേരേ വന്നിരുന്നെങ്കില്‍ അതെന്നെ കുറച്ചുകൂടി സന്തോഷിപ്പിച്ചേനേ.

കോണ്‍ഹില്ലില്‍ എന്റെ രണ്ടു കഥകള്‍കൂടി വന്നു. 'ജോണ്‍ ഹക്‌സ്‌ഫോര്‍ഡ്‌സ് ഹയാറ്റസും' 'ദ റിങ് ഓഫ് തോത്തും'. ഹെന്റി ജെയിംസിന്റെ സ്വാധീനത്തിലായിരിക്കുമ്പോള്‍ എഴുതിയ ഫിസിയോളജിസ്റ്റ്‌സ് വൈഫ് എന്ന കഥയിലൂടെ ബ്ലാക്‌വുഡിന്റെ കനത്ത സ്‌കോട്ടിഷ് പ്രതിരോധത്തെ ഞാന്‍ മറികടന്നു. എന്നാല്‍, കൊച്ചു കൊച്ചു കാര്യങ്ങളുടെ ദിനങ്ങളിലായിരുന്നു ഞാനപ്പോഴും. വളരെ കൊച്ചു കാര്യങ്ങളുടെ; അതായത് ഒരു പേപ്പര്‍, ഒരു വുഡ് കട്ട് എനിക്ക് അയച്ചുതന്നിട്ട് അതിന് അനുരൂപമായ ഒരു കഥ എഴുതുകയാണെങ്കില്‍ നാലു ഗിനിയ വാഗ്ദാനം ചെയ്തു. അതു സ്വീകരിക്കാന്‍ മാത്രം അഭിമാനിയായിരുന്നില്ല ഞാന്‍. അതൊരു മോശം വുഡ് കട്ടായിരുന്നു. അതുകൊണ്ട് ഞാന്‍ കരുതി, അതിന് അനുരൂപമായ കഥയും അങ്ങനെതന്നെ ആയിരിക്കുമെന്ന്. ഒരു ന്യൂസിലന്‍ഡുകഥ എഴുതിയത് ഓര്‍ക്കുന്നു, എനിക്ക് ഒന്നും അറിയാത്ത ഒരു സ്ഥലത്തെക്കുറിച്ച് ഞാന്‍ എങ്ങനെയാണ് എഴുതിയത്, എനിക്കു സങ്കല്പിക്കാനാവുന്നില്ല. ചില ന്യൂസിലന്‍ഡ് നിരൂപകര്‍ ചൂണ്ടിക്കാണിക്കുന്നത്, നെല്‍സണിന്റെ ടൗണില്‍നിന്ന് 90 മൈല്‍ കിഴക്കോ പടിഞ്ഞാറോ മാറിയുള്ള കൃഷിയിടങ്ങളുടെ യഥാര്‍ഥ സ്ഥിതിയാണ് ഞാന്‍ നല്കിയിരിക്കുന്നതെന്നാണ്. ഇവിടെ ഈ കേസില്‍ പസഫിക് സമുദ്രതീരത്തുനിന്ന് 20 മൈല്‍ അപ്പുറത്താണ് ഇതു സ്ഥിതിചെയ്യുന്നത്. ഇത്തരം ചെറിയ കാര്യങ്ങള്‍ സംഭവിച്ചിരിക്കും. ചില സമയങ്ങളുണ്ട്. അവിടെ കൃത്യത അത്യാവശ്യമാണ്. മറ്റു ചിലപ്പോള്‍ ആശയങ്ങളാണ് എല്ലാം; സ്ഥലം തീര്‍ത്തും വിഷയമല്ല.

വിവാഹശേഷം ഒരു വര്‍ഷം കഴിഞ്ഞാണ് ഞാന്‍ മനസ്സിലാക്കിയത്, ഇങ്ങനെ ചെറുകഥകളെഴുതിക്കൊണ്ടേയിരിക്കുന്നതുകൊണ്ട് ഒരു കാര്യവുമില്ല. എന്താണ് അത്യാവശ്യമെന്നുവെച്ചാല്‍, നിങ്ങളുടെ പേര് പുസ്തകത്തിന്റെ പിറകുവശത്ത് ഉണ്ടായിരിക്കണം. എങ്കില്‍ മാത്രമേ നിങ്ങള്‍ക്ക് നിങ്ങളുടെ വ്യക്തിത്വത്തെ സ്ഥാപിച്ചെടുക്കാനും നിങ്ങളുടെ നേട്ടത്തിന്റെ കീര്‍ത്തിയെയോ അപകീര്‍ത്തിയെയോ മുഴുവനായും നേടിയെടുക്കാനും ആവുകയുള്ളൂ. 1884 തൊട്ട് കുറച്ചു കാലം ഞാന്‍ സാഹസികതയെക്കുറിച്ചുള്ള ഒരു സെന്‍സേഷണല്‍ ബുക്കില്‍ ഞാന്‍ അതിനെ 'ദ ഫേം ഓഫ് ഗേഡില്‍ സ്റ്റോണ്‍' എന്നാണ് വിളിച്ചിരുന്നത് വ്യാപൃതനായിരുന്നു. അതാണ് തുടരാഖ്യാനങ്ങളിലെ എന്റെ ആദ്യ ഉദ്യമം. സാന്ദര്‍ഭികമായ വെച്ചുകെട്ടുകളൊഴിവാക്കിയാല്‍ അത് ഒന്നിനും കൊള്ളാത്ത ഒരു പുസ്തകമാണ്; എല്ലാവരുടെയും ആദ്യപുസ്തകങ്ങള്‍പോലെ. അല്ലെങ്കില്‍ അയാളൊരു വലിയ ജീനിയസ്സായിരിക്കണം. എന്നാല്‍പ്പോലും അത് മറ്റുള്ളവരുടെ കൃതികളുമായി സാമ്യതയുള്ളതായിരിക്കും. പിന്നെ എനിക്കതു കാണാന്‍ കഴിഞ്ഞിട്ടുണ്ട്. വളരെ വ്യക്തമായി പിന്നീടും കാണാന്‍ കഴിഞ്ഞിട്ടുണ്ട്. പ്രസാധകര്‍ക്ക് അത് അയച്ചുകൊടുക്കുമ്പോള്‍ അവര്‍ പുച്ഛിക്കും. ടൗണിലേക്കും തിരിച്ച് മേശവലിപ്പിലേക്കുമുള്ള കൈയെഴുത്തുപ്രതികളുടെ കൂമ്പാരത്തിന്റെ കാലാകാലങ്ങളായുള്ള സഞ്ചാരങ്ങള്‍ക്കുശേഷം കാര്യങ്ങള്‍ ഒത്തുതീര്‍പ്പിലെത്തിക്കാന്‍വേണ്ടി അവരുടെ തീരുമാനത്തെ എനിക്ക് അംഗീകരിക്കേണ്ടിവന്നിട്ടുണ്ട്. എനിക്കിപ്പോള്‍ തോന്നുന്നു, നവവും ചുറുചുറുക്കുള്ളതുമായ ഒന്നിന് ഞാന്‍ കഴിവുള്ളവനായിരുന്നു. അയാളുടെ പ്ലോട്ടുകള്‍ യോജിപ്പിക്കുന്നതിലുള്ള അടുക്കും ചിട്ടയിലും ഗബോറിയോ എന്നെ ആകര്‍ഷിച്ചിരുന്നു. പോയുടെ ഡിറ്റക്ടീവ് എം. ഡ്യൂപിന്‍ ബാല്യകാലംമുതലേ എന്നെ ആകര്‍ഷിച്ചിരുന്നു. എന്റെതായ ഒരു ഓഹരി എനിക്കു കൊണ്ടുവരാന്‍ പറ്റുമോ? ഞാന്‍ എന്റെ പഴയ അധ്യാപകനെക്കുറിച്ച് ഓര്‍ത്തു; അയാളുടെ കഴുകന്‍മുഖം, അയാളുടെ ഉത്കണ്ഠയുണ്ടാക്കുന്ന രീതികള്‍, കാര്യങ്ങളുടെ വിശദാംശങ്ങള്‍ കണ്ടെത്താനുള്ള അയാളുടെ ഭയപ്പെടുത്തുന്ന സൂത്രങ്ങള്‍. അയാള്‍ ഒരു ഡിറ്റക്ടീവ് ആയിരുന്നെങ്കില്‍ അദ്ദേഹം തീര്‍ച്ചയായും ഈ ആകര്‍ഷണീയമായ, എന്നാല്‍ അസംഘടിതമായ ബിസിനസ്സിനെ ചുരുക്കി യഥാര്‍ഥ സയന്‍സിനോടടുത്തെത്തിക്കുമായിരുന്നു. എനിക്ക് ഈയൊരു പ്രഭാവമുണ്ടാക്കാന്‍ പറ്റുമായിരുന്നെങ്കില്‍ ഞാന്‍ ശ്രമിച്ചുനോക്കുമായിരുന്നു. യഥാര്‍ഥജീവിതത്തില്‍ ഇതൊക്കെ സാധ്യമാണെങ്കില്‍ എന്തുകൊണ്ട് കഥകളില്‍ എനിക്കിത് ഉപയോഗിച്ചുകൂടാ? നമുക്ക് ഒരാള്‍ ബുദ്ധിമാനാണെന്നു പറയാം. എന്നാല്‍, വായനക്കാരന് അതിന്റെ ഉദാഹരണങ്ങള്‍ കാണണം. ഉദാഹരണത്തിന്, എല്ലാ ദിവസവും വാര്‍ഡ്‌സില്‍ ബെല്‍ നമ്മള്‍ക്കു തന്നിരുന്നതുപോലെ. ആ ആശയം എന്നെ വിസ്മയഭരിതനാക്കി. ആ ആളെ ഞാനെന്താണ് വിളിക്കുക? പല പേരുകളെഴുതിയ ഒരു പുസ്തകത്താള്‍ ഇപ്പോഴും എന്റെ കൈയിലുണ്ട്. അതിലൊന്ന് കഥാപാത്രത്തിനെപ്പറ്റി സൂചന തരുന്ന ഒരു പേര് എന്ന പ്രാഥമികകലയ്ക്ക് എതിരായുള്ളതാണ്. മിസ്റ്റര്‍ ഷാര്‍പ്പ് എന്നോ ഫെറെറ്റ് എന്നോ മറ്റോ. ആദ്യം അത് ഷെറിങ് ഫോഡ് ഹോംസ് എന്നായിരുന്നു. പിന്നീട് അത് ഷെര്‍ലക് ഹോംസ് എന്നായി. അയാള്‍ക്ക് തന്റെ വീരസാഹസികതകളെക്കുറിച്ച് സ്വയം പറയാനാവില്ല, അതിനാല്‍ സന്തതസഹചാരിയായി ഒരാളുണ്ടാകും; വിദ്യാസമ്പന്നനായ ഒരു കര്‍മധീരന്‍. അയാള്‍ക്ക് സാഹസികതകളില്‍ പങ്കാളിയാവാനും അതിനെ വിശദമാക്കാനും കഴിവുണ്ട്. ഈ സാധാരണമനുഷ്യന് നിറപ്പകിട്ടൊന്നുമില്ലാത്ത ഒരു പേര് 'വാട്‌സന്‍' മതിയാകും. അങ്ങനെ എനിക്ക് എന്റെ പാവകളെ കിട്ടി. ഞാന്‍ സ്റ്റഡി ഇന്‍ സ്‌കാര്‍ലെറ്റ് എഴുതി.

എനിക്കറിയാമായിരുന്നു, എനിക്ക് എഴുതാന്‍ പറ്റുന്നതില്‍വെച്ച് ഏറ്റവും നല്ല പുസ്തകമാണതെന്ന്. എനിക്ക് ഉയര്‍ന്ന പ്രതീക്ഷകളുണ്ടായിരുന്നു. ഒരു വീട്ടുപ്രാവിനെപ്പോലെ 'ഗേഡ്ല്‍ സ്റ്റോണ്‍' തിരിച്ചുവന്നപ്പോള്‍ എനിക്കു ദുഃഖം തോന്നി. പക്ഷേ, അദ്ഭുതം തോന്നിയില്ല. ആ തീരുമാനത്തിന് ഞാന്‍ വഴങ്ങുകയായിരുന്നു. എന്നാല്‍, എന്റെ കൊച്ചു ഹോംസ് പുസ്തകവും വട്ടംകറങ്ങി തിരിച്ചുവന്നപ്പോള്‍ എനിക്ക് വേദനിച്ചു. എനിക്ക് തോന്നിയിരുന്നു; കുറച്ചുകൂടി മെച്ചപ്പെട്ട ഒരു വിധി അതര്‍ഹിക്കുന്നുണ്ടെന്ന്. ജെയിംസ് പായെന്‍ അതിനെ കരഘോഷത്തോടെ എതിരേറ്റെങ്കിലും അതു വളരെ ചെറുതും ഒപ്പം വളരെ നീണ്ടതുമാണെന്ന് കണ്ടെത്തി. അതു വേണ്ടത്ര സത്യവുമായിരുന്നു. 1886 മേയില്‍ ആരോസ്മിത്തിന് അതു കിട്ടി. ജൂലായില്‍ വായിക്കാതെ തിരിച്ചുതരികയും ചെയ്തു. മറ്റുള്ള രണ്ടോ മൂന്നോ പേര്‍ എത്തിനോക്കി തിരിച്ചുപോയി. ഒടുവില്‍ വാഡിന്റെ ലോക്ക് & കമ്പനിക്കു ഇവരുടെ പ്രത്യേകത വളരെ തരംതാഴ്ന്ന ഉദ്വേഗജനകമായ സാഹിത്യമാണ് ഞാന്‍ അത് അയച്ചുകൊടുത്തു.

'പ്രിയപ്പെട്ട സാര്‍,' അവര്‍ പറഞ്ഞു, 'ഞങ്ങള്‍ താങ്കളുടെ കഥ വായിച്ചു. ഞങ്ങള്‍ അതില്‍ തൃപ്തരാണ്. ഈ വര്‍ഷം ഞങ്ങള്‍ക്ക് അത് പ്രസിദ്ധീകരിക്കാന്‍ കഴിയുകയുണ്ടാവില്ല. കാരണം, ഇപ്പോള്‍ മാര്‍ക്കറ്റ് തരംതാഴ്ന്ന കഥകളാല്‍ നിറഞ്ഞിരിക്കുകയാണ്. അടുത്ത കൊല്ലംവരെ അതിനെ പിടിച്ചുവെക്കുന്നതില്‍ താങ്കള്‍ക്ക് വിരോധമില്ലെങ്കില്‍ കോപ്പിറൈറ്റ് വകയില്‍ ഞങ്ങള്‍ താങ്കള്‍ക്ക് 25 പൗണ്ട് നല്കാം.
വിശ്വസ്തതയോടെ
വാഡ്, ലോക്ക് & കമ്പനി
ഒക്ടോബര്‍ 30, 1886

അതൊരു പ്രകോപിപ്പിക്കുന്ന വാഗ്ദാനമൊന്നുമായിരുന്നില്ല; എന്നെപ്പോലൊരു പാവപ്പെട്ട എഴുത്തുകാരന്‍ പോലും അതു സ്വീകരിക്കാന്‍ ഒന്നു മടിക്കും. ചെറിയൊരു തുക വാഗ്ദാനം ചെയ്തതുകൊണ്ടു മാത്രമല്ല അത്; ഇതിനെടുക്കുന്ന കാലതാമസംകൊണ്ടായിരുന്നു. ഈ പുസ്തകം എനിക്ക് ഒരു പുതിയ പാത തുറന്നുതരാന്‍ സാധ്യതയുള്ളതായിരുന്നു. എനിക്ക് വലിയ വിഷമം തോന്നി. എന്നിരുന്നാലും ആവര്‍ത്തിച്ചാവര്‍ത്തിച്ചുള്ള നിരാശയ്ക്കുശേഷം എനിക്കു തോന്നി, പബ്ലിസിറ്റി ഉറപ്പാക്കുക എന്നതാണ് ശരിയായ ബുദ്ധി; വൈകിയാണെങ്കിലും. അതുകൊണ്ട് ഞാനതു സ്വീകരിച്ചു. ആ പുസ്തകം 1887ല്‍ ബീറ്റണിന്റെ ക്രിസ്മസ് വാര്‍ഷികപ്പതിപ്പായി മാറി. അതിനു ശേഷം പിന്നീടൊരിക്കല്‍പ്പോലും ഒരു പെനിപോലും ഞാന്‍ അതിന്റെ പേരില്‍ സ്വീകരിച്ചിട്ടില്ല.
ഈ പുസ്തകം പ്രത്യക്ഷപ്പെടുന്നതിനു മുന്‍പ് എന്റെ മുന്‍പില്‍ ഒരു നീണ്ട കാത്തിരിപ്പുണ്ടായിരുന്നു. എന്റെയുള്ളില്‍ ഒരുപാടു ചിന്തകള്‍ പൊന്തിവന്നു. ഞാന്‍ എന്റെ കഴിവുകളെ മുഴുവനായും പരിശോധിക്കാന്‍ തീരുമാനിച്ചു. ഇതിനായി ഒടുവില്‍ ഞാന്‍ ഒരു ചരിത്രനോവല്‍ തിരഞ്ഞെടുത്തു.

എന്തുകൊണ്ടെന്നാല്‍, എന്നിലെ സാഹിത്യാഭിരുചിയെ എന്റെ യൗവനയുക്തവും ഊര്‍ജസ്വലവുമായ മനസ്സിനു ചേരുന്ന സംഭവപശ്ചാത്തലങ്ങളോടും സാഹസികതയോടും കൂട്ടിക്കലര്‍ത്താനുള്ള ഒരു വഴിയായിരുന്നു ഒരളവോളം എനിക്കത്. എനിക്ക് എല്ലായ്‌പോഴും പ്യൂരിറ്റന്‍സിനോടു വലിയ സഹാനുഭൂതി തോന്നിയിരുന്നു. എല്ലാറ്റിനുമുപരി അവര്‍, തങ്ങളുടെ പ്രത്യേകതകള്‍ എന്തൊക്കെയായാലും രാഷ്ട്രീയസ്വാതന്ത്ര്യത്തെയും മതത്തിലെ ആത്മാര്‍ഥതയെയും പ്രതിനിധാനം ചെയ്തിരുന്നു. കഥകളിലും കലകളിലും അവര്‍ കാരിക്കേച്ചര്‍ ചെയ്യപ്പെട്ടിരുന്നു. സ്‌കോട്ടുപോലും അവരെ അവരായി വരഞ്ഞിട്ടില്ല. എന്നെ ഏറ്റവും സ്വാധീനിച്ചവരില്‍ ഒരാളായ മെക്കോളെ മാത്രമാണ് അവരെ വിശദമായി വരച്ചത്; ബൈബിളും വീതിയേറിയ വാളുമായി നില്ക്കുന്ന കറുത്ത പോരാളികളെയും മറ്റുമായി. അദ്ദേഹത്തിന്റെതായി മഹത്തായ ഒരു ഖണ്ഡികയുണ്ട്. എനിക്ക് അത് വാക്കുകളാല്‍ ഉദ്ധരിക്കാനാവില്ല. അതില്‍ അദ്ദേഹം പറയുന്നുണ്ട്; പുനഃസ്ഥാപനത്തിനുശേഷം ഒരു വണ്ടിക്കാരന്‍ അയാളുടെ സഹചാരികളെക്കാള്‍ മിടുക്കനായി മാറിയത്, അല്ലെങ്കില്‍ ഒരു കര്‍ഷകന്‍ അയാളുടെ നിലം പഴയതിലും നന്നായി ഉഴുതത്, നിങ്ങള്‍ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടെങ്കില്‍, അതു ക്രോംവെല്ലിന്റെ കുന്തക്കാരനിലാകാന്‍ ഇടയുണ്ട്. ഇനി മികാ ക്ലാര്‍ക്കിലുണ്ടായിരുന്ന എന്റെ പ്രചോദനത്തെക്കുറിച്ച്; അവിടെ സാഹസികതയുടെ വീതിയേറിയ രാജപാതയില്‍ ഞാനെന്നെ അലയാന്‍ വിട്ടു. എനിക്ക് ചരിത്രത്തെക്കുറിച്ച് നന്നായറിയാമെങ്കിലും വിശദവിവരങ്ങള്‍ക്കായി ഞാന്‍ കുറെ മാസങ്ങള്‍തന്നെ ചെലവിട്ടു. എന്നിട്ട് വളരെ വേഗത്തില്‍ ഞാന്‍ ആ പുസ്തകം എഴുതി. പ്യൂരിറ്റന്‍ ഗൃഹാന്തരീക്ഷത്തിലും ജഡ്ജ് ജെഫ്രിയുടെ ചിത്രീകരണത്തിലും അതിന്റെ അംശങ്ങളുണ്ട്; അതില്‍ ഞാനൊരിക്കലും മാറ്റം വരുത്തിയിട്ടില്ല. 1888ന്റെ ആദ്യത്തില്‍ അത് പൂര്‍ത്തിയായപ്പോള്‍, എന്റെ പ്രതീക്ഷകള്‍ ഉയര്‍ന്നുപൊങ്ങി അതിന്റെ പ്രയാണം തുടങ്ങിയിരുന്നു.

എന്നാല്‍ അദ്ഭുതംതന്നെ! എന്റെ ഹോംസിന്റെ പുസ്തകം പുറത്തുവന്നെങ്കിലും, ചില അനുകൂലാഭിപ്രായങ്ങള്‍ ലഭിച്ചുവെങ്കിലും ആ വാതില്‍ അടഞ്ഞുതന്നെ കിടന്നു. ജെയിംസ് പായ്ന്‍ ആണ് ആദ്യം എത്തിയത്, അയാള്‍ തന്റെ തിരസ്‌കാരമറിയിച്ചുകൊണ്ടുള്ള കത്ത് ഈ വാചകത്തില്‍ ആരംഭിച്ചു: 'എങ്ങനെയാണ് നിനക്കിതു പറ്റുന്നത്. നിന്റെ സമയവും നര്‍മബോധവും ചരിത്രനോവലുകളെഴുതി വിഫലമാക്കുകയാണോ നീ?' ഒരു വര്‍ഷത്തെ അധ്വാനത്തിനുശേഷം നിരാശപ്പെടുത്തുന്ന ഒന്നായിരുന്നു അത്. പിന്നീട് ബെന്റ്‌ലിയുടെ വിധി വന്നു: 'ഞങ്ങളുടെ അഭിപ്രായത്തില്‍, കഥയ്ക്കു വേണ്ട പ്രധാനപ്പെട്ട ഒന്നിന്റെ അഭാവമുണ്ട് ഇതില്‍; അതായത് അഭിരുചി. ലൈബ്രറികളിലോ പൊതുസമൂഹത്തിനിടയിലോ ജനപ്രീതിയാര്‍ജിക്കാന്‍ കഴിയുമെന്ന് ഞങ്ങള്‍ക്കു കരുതാന്‍ പറ്റാത്ത ഒരു കേസാണിത്. പിന്നെ ബ്ലാക്ക് വുഡിന്റെ പറച്ചില്‍ ഇങ്ങനെയായിരുന്നു: ചില പോരായ്മകളുണ്ട്, അത് വിജയത്തിന് എതിരായി പ്രവര്‍ത്തിക്കും. വന്‍വിജയമാകാനുള്ള ഒരു പുസ്തകത്തിന്റെ സാധ്യത, അത് പ്രസിദ്ധീകരിക്കാന്‍തക്ക ശക്തമായ വാറന്റി തരുന്നതായി ഞങ്ങള്‍ക്കു തോന്നുന്നില്ല. ഇതിലും നിരാശപ്പെടുത്തുന്ന മറ്റു ചിലതുണ്ടായിരുന്നു. അവശനിലയിലായ ആ മാനുസ്‌ക്രിപ്റ്റിനെ, ഛിന്നഭിന്നമായ അതിന്റെ സഹോദരന്‍ 'ഗേഡ്ല്‍ സ്‌റ്റോണി'നോടൊപ്പം ആശുപത്രിയിലെത്തിക്കേണ്ട അവസ്ഥയിലായി ഞാന്‍; അവസാനത്തെ ആശ്രയം എന്ന നിലയില്‍ ഞാനത് ലോങ്മാന്‍സിനയച്ചിരുന്നു. അതിന്റെ വായനക്കാരന്‍ ആന്‍ഡ്രൂ ലാങ് അത് ഇഷ്ടപ്പെടുകയുണ്ടായി. കൂടാതെ, അതു സ്വീകരിച്ചതായി അറിയിക്കുകയും ചെയ്തു. സ്റ്റീവന്‍സണ്‍ വിളിക്കാറുള്ളതുപോലെ 'വര്‍ണത്തലമുടിയുള്ള ആന്‍ഡ്രൂ' വിനോടാണ് ഞാനെന്റെ പ്രഥമ കാല്‍വെപ്പിനു കടപ്പെട്ടിരിക്കുന്നത്. ഞാനതൊരിക്കലും മറക്കില്ല. ഫെബ്രുവരി 1889ല്‍ പുസ്തകം പ്രത്യക്ഷപ്പെട്ടു. അതൊരു തരംഗമുണ്ടാക്കിയ പുസ്തകമൊന്നുമല്ലായിരുന്നെങ്കിലും അസാധാരണമായ നല്ല റിവ്യൂകള്‍ അതിനു ലഭിച്ചിരുന്നു; നയന്റീന്‍ത് സെഞ്ച്വറിയില്‍ മി. പ്രോതെറോ എഴുതിയ വിശേഷപ്പെട്ട ഒന്നടക്കം. അതുമുതല്‍ യാതൊരു തടസ്സവുമില്ലാതെ അതു വിറ്റഴിയപ്പെട്ടുകൊണ്ടിരുന്നു. സാഹിത്യാംഗീകാരത്തിനുവേണ്ടി സ്ഥാപിക്കപ്പെട്ട ആദ്യത്തെ മൂലക്കല്ലായിരുന്നു അത്.

ബ്രിട്ടീഷ് സാഹിത്യത്തിന് യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍ ചില കീഴ്‌വഴക്കങ്ങളൊക്കെയുണ്ടായിരുന്നു; പ്രധാന കാരണം അതിന് കോപ്പിറൈറ്റ് ഉണ്ടായിരുന്നില്ല. അവര്‍ക്കതിന് പണം മുടക്കേണ്ടതില്ലായിരുന്നു. ബ്രിട്ടീഷ് എഴുത്തുകാര്‍ക്കുമേല്‍ ഇത് കഠിനമായാണ് അനുഭവപ്പെട്ടത്. അമേരിക്കക്കാര്‍ക്കാകട്ടെ, ഇത് കഠിനതരവുമാണ്. കാരണം, അവര്‍ കടുത്ത മത്സരത്തിന് വിധേയരാണ്. എല്ലാ ദേശീയപാപങ്ങളെപ്പോലെയും അത് അതിന്റെതന്നെ ശിക്ഷയുമായാണെത്തിയത്; തെറ്റൊന്നും ചെയ്യാത്ത അമേരിക്കക്കാര്‍ക്കു മാത്രമല്ല, പ്രസാധകര്‍ക്കുതന്നെയും. എന്തെന്നാല്‍, എന്താണോ എല്ലാവര്‍ക്കുമുള്ളത്, യഥാര്‍ഥത്തില്‍ അതാര്‍ക്കുമുള്ളതല്ല. കുറഞ്ഞ വിലയ്ക്ക് വിറ്റഴിക്കാതെ അവര്‍ക്ക് ഒരിക്കലും നല്ല ഒരു പതിപ്പിറക്കാന്‍ കഴിയാറില്ല. എന്റെ ചില പുസ്തകങ്ങളുടെ അമേരിക്കന്‍ പതിപ്പ് ഞാന്‍ കണ്ടിട്ടുണ്ട്; കടക്കാര്‍ പാര്‍സലുകള്‍ പൊതിയാനെടുക്കുന്ന പേപ്പറുകളിലാണെന്നു തോന്നുന്നു അതച്ചടിച്ചത്. എന്റെ കാഴ്ചപ്പാടില്‍ ഒരു നല്ല കാര്യമെന്തായിരുന്നുവെന്നു വെച്ചാല്‍ ഒരു ബ്രിട്ടീഷ് എഴുത്തുകാരന്, അവനില്‍ എന്തെങ്കിലുമുണ്ടെങ്കില്‍ അത് അംഗീകരിക്കപ്പെടുകതന്നെ ചെയ്യും. കോപ്പിറൈറ്റ് ആക്ട് പാസായതിനുശേഷവും അവനുണ്ടായിരുന്ന ആസ്വാദകവൃന്ദം അവനുണ്ടാവുകതന്നെ ചെയ്യും. എന്റെ ഹോംസ് പുസ്തകം അമേരിക്കയില്‍ ചില വിജയങ്ങളൊക്കെയുണ്ടാക്കി. ഇപ്പോള്‍ ഞാന്‍ ഓര്‍ക്കുന്നു, ലിപ്പിന്‍കോട്ടിന്റെ ഒരു ഏജന്റ് ലണ്ടനിലുണ്ടായിരുന്നു. ഒരു പുസ്തകത്തിനു വേണ്ടി എന്നെക്കാണാന്‍ അയാള്‍ ആഗ്രഹിച്ചിരുന്നു. എന്തിനേറെ, ഞാന്‍ എന്റെ ക്ഷമയ്ക്ക് ഒരു ദിവസത്തെ അവധി കൊടുത്തിട്ട് ആ കൂടിക്കാഴ്ചയ്ക്കു വേണ്ടി കാത്തിരുന്നു.

ഒരിക്കല്‍ സാഹിത്യസമൂഹത്തിലേക്ക് ഞാനെത്തുന്നതിനു മുന്‍പായിരുന്നു. കോണ്‍ഹില്‍ ഒരു മുഴുവന്‍ ഇലസ്‌ട്രേറ്റഡ് ജേണലായി മാറിയപ്പോള്‍ അതൊരു പരീക്ഷണമായിരുന്നു; പരാജയപ്പെടുകയും ചെയ്തു ഗ്രീന്‍വിച്ചിലെ ഒരു കപ്പലില്‍വെച്ച് ഒരു ഡിന്നര്‍ നല്കി അത് ആഘോഷിക്കപ്പെട്ടപ്പോള്‍ എന്റെ കൊച്ചുകൊച്ചു സംഭാവനകളുടെ പേരില്‍ ഞാനും ക്ഷണിക്കപ്പെട്ടു. എല്ലാ എഴുത്തുകാരും കലാകാരന്മാരും അവിടെയുണ്ടായിരുന്നു. ഞാന്‍ ഓര്‍ക്കുന്നു, ജെയിംസ് പായ്‌ന്റെ അരികിലേക്ക് എത്ര ബഹുമാനത്തോടെയാണ് ഞാന്‍ സമീപിച്ചതെന്ന്; എന്നെ സംബന്ധിച്ചിടത്തോളം വിശുദ്ധമായ സാഹിത്യകവാടത്തിന്റെ വാര്‍ഡനായിരുന്നു അദ്ദേഹം. ആദ്യം അവിടെ എത്തിപ്പെട്ടവരില്‍ ഒരാളായിരുന്നു ഞാന്‍. മി. സ്മിത്ത് എന്നെ അഭിവാദ്യംചെയ്തു. അദ്ദേഹമായിരുന്നു സ്ഥാപനത്തിന്റെ തലവന്‍. എന്നിട്ട് എന്നെ പായ്‌ന് പരിചയപ്പെടുത്തി. അയാളുടെ കൃതികളെയെല്ലാം ഞാനിഷ്ടപ്പെട്ടിരുന്നു. അയാളുടെ ചുണ്ടുകളില്‍നിന്ന് അടര്‍ന്നുവീഴാന്‍ പോകുന്ന വിലപ്പെട്ട അഭിപ്രായങ്ങള്‍ക്കായി ഞാന്‍ ഭയഭക്തിയോടെ കാത്തിരുന്നു. എന്നാല്‍ ജനലിന് ഒരു വിടവുണ്ടായിരുന്നതിനാല്‍ ഒരു പിശാച് ഇവിടെ കയറിക്കൂടി എന്ന് അദ്ഭുതപ്പെടുന്നതുപോലെയായിരുന്നു അയാള്‍. എന്തായാലും ഞാന്‍ കൂട്ടിച്ചേര്‍ക്കട്ടെ, എന്റെ പിന്നീടുള്ള അനുഭവങ്ങള്‍ കാണിക്കുന്നത് ഇത്രയും രസികനും ആനന്ദദായകനുമായ മറ്റൊരു സഹചാരി ലോകത്തില്‍ വേറേയുണ്ടാകില്ല എന്നാണ്. ആന്റ്‌സ്‌ലിയുടെ അടുത്തായിരുന്നു അന്നു രാത്രി ഞാനിരുന്നത്. അദ്ദേഹം വൈസ്‌വേഴ്‌സയിലൂടെ ജനസമ്മതി നേടിയ സമയമായിരുന്നു അത്. അദ്ദേഹം മറ്റു പ്രസിദ്ധര്‍ക്കും എന്നെ പരിചയപ്പെടുത്തുകയുണ്ടായി. വായുവില്‍ സഞ്ചരിക്കുന്നതുപോലെയാണ് ഞാന്‍ തിരിച്ചുപോന്നത്.

ഷെര്‍ലക് ഹോംസ് സമ്പൂര്‍ണ കൃതികള്‍ വാങ്ങാം

സര്‍ ആര്‍തര്‍ കോനന്‍ ഡോയലിന്റെ പുസ്തകങ്ങള്‍ വാങ്ങാം

Content Highlights: sherlock holmes sir arthur conan doyle mathrubhumi books

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


AKHIL

1 min

വിവാഹിതയായ വീട്ടമ്മ ഒപ്പം വരാത്തതില്‍ പ്രതികാരം, വെട്ടുകത്തിയുമായി വീട്ടിലെത്തി ആക്രമിച്ചു

Aug 10, 2022


higher secondary exam

1 min

ഗുജറാത്ത് കലാപം പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കില്ല; കേന്ദ്രനിർദ്ദേശം കേരളത്തിൽ അതേപടി നടപ്പാക്കില്ല

Aug 10, 2022

Most Commented