ഡോ എ.പി.ജെ അബ്ദുൾ കലാം | Photo: PTI
മുന്‍ ഇന്ത്യന്‍ രാഷ്ട്രപതി ഡോ എ.പി.ജെ അബ്ദുള്‍ കലാം നമ്മോട് വിടവാങ്ങിയിട്ട് 7 വര്‍ഷം പിന്നിടുകയാണ്. 2002 ജൂലായ് 25 ന് ഇന്ത്യയുടെ രാഷ്ട്രപതിസ്ഥാനമേറ്റെടുത്ത സന്ദര്‍ഭത്തില്‍ അദ്ദേഹം നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണരൂപം വായിക്കാം
ആദരണീയനായ നാരായണ്‍ജി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ഉപപ്രധാനമന്ത്രി, ചീഫ് ജസ്റ്റിസ്, ലോകസഭാ സ്പീക്കര്‍, കേന്ദ്രമന്ത്രിസഭാംഗങ്ങള്‍, ഗവര്‍ണര്‍മാര്‍, മുഖ്യമന്ത്രിമാര്‍, രാജ്യസഭാ ഉപാധ്യക്ഷന്‍, ലോകസഭാ ഡെപ്യൂട്ടി സ്പീക്കര്‍, പാര്‍ലമെന്റംഗങ്ങള്‍, സംപൂജ്യരായ വിശിഷ്ടവ്യക്തികള്‍, സുഹൃത്തുക്കള്‍, കുട്ടികള്‍ നിങ്ങള്‍ക്കേവര്‍ക്കും എന്റെ അഭിവാദ്യങ്ങള്‍. സ്വന്തം രാജ്യത്തെ പ്രതിനിധാനം ചെയ്യുന്ന നിരവധി മുതിര്‍ന്ന നയതന്ത്രജ്ഞരും മറ്റു പ്രഗല്ഭവ്യക്തിത്വങ്ങളുമുള്പ്പെടെ ശ്രദ്ധേയരായ ശ്രേഷ്ഠവ്യക്തികളെ മുന്നില്‍ കാണുമ്പോള്‍ എന്റെ ഹൃദയത്തില്‍നിന്നും മനോഹരമായ ഒരു ത്യാഗരാജകീര്‍ത്തനം തുടിക്കുന്നു 'എന്തരോ മഹാനുഭാവുലു അന്തരിഗീ വന്ദനമുലു'. എല്ലാ മഹാനുഭാവന്മാരെയും ഞാന്‍ വന്ദിക്കുന്നു എന്നാണ് ഇതിനര്‍ഥം.
എന്നെ തിരഞ്ഞെടുത്തതിന് പാര്‍ലമെന്റിലെയും സംസ്ഥാന നിയമസഭകളിലെയും സാമാജികരോടു ഞാന്‍ നന്ദി പ്രകടിപ്പിക്കുന്നു. രാഷ്ട്രത്തില്‍നിന്നും ലഭിച്ച അഗീകാരം ക്ഷേമവും ഐക്യവും ശക്തിയുമുള്ള ഇന്ത്യയെന്ന നാം പങ്കിടുന്ന സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ എനിക്കു നല്കുന്ന ഉത്തരവാദിത്വം ശരിക്കും അമിതഭാരമുള്ളതാണ്. പത്തു ശ്രേഷ്ഠവ്യക്തികള്‍ ഈ പ്രസിഡന്റ്പദവി അലങ്കരിക്കുകയും തങ്ങളുടെ ശ്രദ്ധേയമായ വ്യക്തിത്വഗുണങ്ങളാല് രാഷ്ട്രനിര്‍മാണത്തില്‍ പങ്കാളികളാകുകയും ചെയ്തു. അവരെ എല്ലാവരെയും ഞാന്‍ നമിക്കുന്നു. രാജ്യത്തെ ജനങ്ങളും രാഷ്ട്രീയസംവിധാനവും എന്നിലര്‍പ്പിച്ചിരിക്കുന്ന സീമാതീതമായ വിശ്വാസം വിനയത്തോടെയും നന്ദിയോടെയും തിരിച്ചറിഞ്ഞുകൊണ്ട് ഇന്ത്യാ റിപ്പബ്ലിക്കിന്റെ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുമ്പോള്‍ നമ്മുടെ ജനങ്ങളുടെ അഭിലാഷങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ പ്രയത്നിക്കുമെന്ന് ഞാന്‍ ഉറപ്പു നല്കുന്നു. വിശ്വചേതനയില് പടുത്തുയര്‍ത്തിയിട്ടുള്ളതാണ് ഇന്ത്യയുടെ സാംസ്കാരികപൈതൃകം. എന്നും സൗഹൃദത്തിനുവേണ്ടി നിലകൊണ്ട ഇന്ത്യ മുഴുവന്‍ ലോകത്തോടും നല്ല ബന്ധമുണ്ടാക്കാന്‍ പരിശ്രമിക്കുന്നു.
ഭക്ഷ്യോത്പാദനം, ആരോഗ്യമേഖല, ഉന്നതവിദ്യാഭ്യാസം, മാധ്യമരംഗം, വ്യാവസായിക അടിത്തറ, വിവരസാങ്കേതികവിദ്യ, ശാസ്ത്രസാങ്കേതികത, പ്രതിരോധം എന്നീ രംഗങ്ങളില്‍ കഴിഞ്ഞ അന്‍പതു വര്‍ഷം നാം ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിക്കുകയുണ്ടായി. പ്രകൃതിവിഭവങ്ങള്‍, ഊര്‍ജസ്വലരായ ജനത, പരമ്പരാഗതമായ മൂല്യവ്യവസ്ഥ എന്നിവയാല്‍ നമ്മുടെ രാജ്യം അനുഗൃഹീതമാണ്. ഈ സ്വത്തുക്കളെല്ലാമുണ്ടായിട്ടും അസംഖ്യമാളുകള്‍ ദാരിദ്ര്യരേഖയ്ക്കു താഴേ അല്പാഹാരികളായി, അടിസ്ഥാനവിദ്യാഭ്യാസംപോലുമില്ലാതെ ജീവിക്കുന്നുണ്ട്. അവരെ ദാരിദ്ര്യമുക്തരും ആരോഗ്യമുള്ളവരും സാക്ഷരരുമാകാന് കരുത്തുള്ളവരാക്കുകയെന്നതാണ് നമ്മുടെ ലക്ഷ്യം. രണ്ടായിരത്തില്‍പ്പരം വര്‍ഷങ്ങള്‍ക്കു മുന്‍പ് രചിക്കപ്പെട്ട തിരുക്കുറളില്‍ പറഞ്ഞിട്ടുള്ളതുപോലെയുള്ള സവിശേഷതകള്‍ ഒരു രാജ്യത്തിനാവശ്യമുണ്ട്.
പിണി ഇന്‍മൈ സെല്‍വം വിളൈവിമ്പം ഇമം
അനിയെമ്പ നാട്ടിര്ക്കിവ് വൈന്തു.
അതായത്, 'ഒരു രാജ്യത്തിനു രൂപം കൊടുക്കുന്ന പ്രധാന ഘടകങ്ങള്‍ രോഗമുക്തി, സമ്പത്ത്, ഉയര്‍ന്ന ഉത്പാദനക്ഷമത, ഐക്യത്തോടെയുള്ള ജീവിതം, സുശക്തമായ പ്രതിരോധസംവിധാനം എന്നിവയാണ്.' അനുരൂപവും സംയോജിതവുമായ രീതിയില്‍, വിവിധ തലങ്ങളില്‍ ഈ അഞ്ചു ഘടകങ്ങളും നിര്‍മിക്കുകയെന്ന ലക്ഷ്യത്തില്‍ ഊന്നുന്നതാവണം നമ്മുടെ എല്ലാ ശ്രമങ്ങളും. ഈ ഘടകങ്ങള്‍ യാഥാര്‍ഥ്യമാക്കുന്നതില്‍ ഭാഗഭാക്കാകാന്‍ ശക്തിയും ഉത്സാഹവും നൂറു കോടിയിലേറെ ജനങ്ങളുമുള്ള നമ്മുടെ രാജ്യത്തിനു സാധിക്കുമെന്ന് എനിക്കു ബോധ്യമുണ്ട്. അതിര്‍ത്തി കടന്നുള്ള തീവ്രവാദം, ചെറിയ ആഭ്യന്തരസംഘര്‍ഷങ്ങള്‍, തൊഴിലില്ലായ്മ തുടങ്ങി ചില വെല്ലുവിളികള്‍ നമ്മുടെ രാജ്യം ഇന്ന് നേരിടുന്നുണ്ട്. ഈ വെല്ലുവിളികളെ നേരിടുന്നതിന്, വ്യത്യസ്ത ശേഷികളുള്ള ഈ മഹത്തായ രാജ്യത്തെ നൂറു കോടി പൗരന്മാരുടെ സുവ്യക്തമായ ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനം ഉറപ്പുവരുത്തുന്ന ഒരു സ്വപ്നദര്‍ശനം തീര്‍ച്ചയായും ഉണ്ടാവണം. എന്തായിരിക്കണം ആ ദര്‍ശനം? ഇന്ത്യയെ ഒരു 'വികസിതരാഷ്ട്ര'മാക്കി പരിവര്‍ത്തിപ്പിക്കുക എന്നതു മാത്രമായിരിക്കണം അത്. ഗവണ്മെന്റിന് തനിയേ ഈ സ്വപ്നം സാക്ഷാത്ക്കരിക്കാന്‍ സാധിക്കുമോ? നമുക്ക് ഇപ്പോള്‍ രാജ്യത്ത് ഒരു മുന്നേറ്റം ആവശ്യമായിരിക്കുന്നു. ഈ പ്രസ്ഥാനത്തിനുവേണ്ടി ജനമനസ്സുകളെ ജ്വലിപ്പിക്കാനുള്ള സമയമാണിത്. നാം അതിനുവേണ്ടി പ്രയത്നിക്കും. വേഗത്തിനൊത്തു പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ ഒരു വികസിതരാഷ്ട്രമായി ഉയര്‍ന്നുവരാന്‍ നമുക്കു സാധിക്കുകയില്ല. ഋഷിതുല്യനായ കവി കബീര്‍ നമ്മോടു പറയുന്ന മഹത്തായ വചനങ്ങള്‍ ഞാന്‍ ഓര്‍മിക്കുകയാണ്:
കല് കരേ സോ ആജ് കര്
ആജ് കരേ സോ അബ്.
'നാളെ ചെയ്യാനാഗ്രഹിക്കുന്നതെന്തോ, അത് ഇന്നു ചെയ്യുക; ഇന്ന് ചെയ്യാനാഗ്രഹിക്കുന്നത് ഇപ്പോള്‍ ചെയ്യുക' ഇതാണ് അതിന്റെ അര്‍ഥം.
വികസിതരാഷ്ട്രമെന്ന ഈ സ്വപ്നം യാഥാര്‍ഥ്യമാക്കേണ്ടത് പാര്‍ലമെന്ററി ജനാധിപത്യത്തിലൂടെയാണ്. നമ്മുടെ ഭരണസംവിധാനത്തിന്റെ കാതലാണത്. നമ്മുടെ ഭരണഘടനയുടെ അടിസ്ഥാനരൂപം ഉത്തമവും ജനപ്രിയവുമാണെന്ന് ദീര്‍ഘകാലമായി തെളിയിച്ചിട്ടുണ്ട്. മാറുന്ന സാഹചര്യങ്ങളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് അത് ഫലദായകമായി തുടരുമെന്ന് എനിക്കു വിശ്വാസമുണ്ട്. നമ്മുടെ രാജ്യത്തിന്റെയും ജനങ്ങളുടെയും ഉത്തമതാത്പര്യം കണക്കിലെടുത്ത് ഭരണഘടനാപ്രക്രിയകളെ ആദരിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുക എന്നതാണ് സുപ്രധാനമായ കര്‍ത്തവ്യം ഭയരഹിതമായും പക്ഷപാതരഹിതമായും; ആര്‍ജവത്തോടെയും ധൈര്യത്തോടെയും. സഹകരണ ഫെഡറലിസത്തിന്റെ ചട്ടക്കൂടിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാനങ്ങളുടെ കൂട്ടമാണ് ഇന്ത്യ. സഹകരണത്തിന്റെ ചട്ടക്കൂടിനുള്ളില്‍ സംസ്ഥാനങ്ങള്‍ക്കു പരസ്പര മത്സരശേഷിയും വളര്‍ത്തിയെടുക്കേണ്ടതുണ്ട്. അങ്ങനെയായാല്‍ ദേശീയതലത്തിലും ആഗോളതലത്തിലും മുന്നിരയിലെത്താന് അവയ്ക്കു സാധിക്കും. സാമ്പത്തികവും ഭരണപരവുമായ സാമര്‍ഥ്യം ഉറപ്പുവരുത്താനും പുതിയ വെല്ലുവിളികളെ നേരിടുന്ന കാര്യത്തില്‍ സൃഷ്ടിപരമാവാനും മത്സരബുദ്ധി സഹായിക്കുന്നു. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഇന്നത്തെ ലോകത്ത് അതിജീവിക്കാനും അഭിവൃദ്ധിപ്രാപിക്കാനും ഇവ അത്യാവശ്യമാണ്. കൂടാതെ ജനാധിപത്യപ്രക്രിയയും ക്രമവും ശക്തിപ്പെടുത്തുന്നതിന്, നാമേവരും സ്വതന്ത്രമായ വികേന്ദ്രീകരണത്തിനുവേണ്ടി യഥാര്‍ഥത്തില്‍ പ്രയത്നിക്കുകയും വേണം.
മതനിരപേക്ഷതയെന്ന തത്ത്വത്തോട് എനിക്കുള്ള അചഞ്ചലമായ പ്രതിബദ്ധത ഊന്നിപ്പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നമ്മുടെ ദേശീയതയുടെ ആധാരശിലയും സാംസ്കാരികശക്തിയുടെ മുഖ്യ സവിശേഷതയുമാണത്. കഴിഞ്ഞ ഒരു വര്‍ഷക്കാലം എല്ലാ മതത്തിലും പെട്ട അനവധി ആത്മീയനേതാക്കളെ ഞാന്‍ സന്ദര്‍ശിച്ചു. അവരെല്ലാവരും ഒരു സന്ദേശമാണ് ആവര്‍ത്തിച്ചു പറഞ്ഞത്. നമ്മുടെ ജനങ്ങളുടെ മനസ്സുകളുടെയും ഹൃദയങ്ങളുടെയും ഐക്യം ഉടന്‍തന്നെ സംഭവിക്കുമെന്നും നമ്മുടെ നാടിന്റെ സുവര്‍ണകാലം നാം കാണുമെന്നുമുള്ളതാണത.് നമ്മുടെ രാജ്യത്തിന്റെ ഭിന്നമായ പാരമ്പര്യങ്ങള്ക്കിടയില് മനസ്സുകളുടെ ഐക്യം സാധ്യമാക്കുന്നതിനുവേണ്ടി പ്രയത്നിക്കാന്‍ ഞാനാഗ്രഹിക്കുന്നു. ദാരിദ്ര്യവും തൊഴിലില്ലായ്മയും ഉന്മൂലനം ചെയ്യുകയെന്ന ലക്ഷ്യത്തോടെയുള്ള അതിവേഗവികസനത്തോടൊപ്പം രാഷ്ട്രസുരക്ഷയെ ദേശീയപ്രാധാന്യമായി ഓരോ ഇന്ത്യക്കാരനും തിരിച്ചറിയേണ്ടതുണ്ട്. സാമ്പത്തിക സാമൂഹിക സൈനിക മേഖലകളില്‍ ഇന്ത്യയെ ശക്തവും സ്വാശ്രയവുമാക്കുകയെന്നത് നമ്മുടെ മാതൃഭൂമിയോടും നമ്മോടും ഭാവിതലമുറകളോടും ഉള്ള സര്വപ്രധാനചുമതലയാണ്.
വളര്‍ച്ചയുടെ വിവിധ ദശകളില്‍ ഒരു കുട്ടി മാതാപിതാക്കളാല്‍ ശക്തിയാര്ജിക്കപ്പെടുമ്പോള് അവന് ഒരു ഉത്തരവാദിത്വമുള്ള പൗരനായി പരിണമിക്കുന്നു. അധ്യാപകന് വിജ്ഞാനംകൊണ്ടും അനുഭവംകൊണ്ടും ശാക്തീകരിക്കുമ്പോള്‍ മൂല്യവ്യവസ്ഥയുള്ള നല്ല യുവജനങ്ങള്‍ രൂപംകൊള്ളുന്നു. ഒരു വ്യക്തിയോ വ്യക്തികള്‍ ചേര്‍ന്നുള്ള സംഘമോ സാങ്കേതികതയാല്‍ ശക്തിയുള്ളവരാകുമ്പോള് വിജയം കൈവരിക്കുന്നതിനുള്ള ഉയര്‍ന്ന ശേഷിയിലേക്കുള്ള പരിവര്‍ത്തനം ഉറപ്പാകുന്നു. ഏതൊരു സ്ഥാപനത്തിന്റെയും മേധാവി തന്റെ അനുയായികളെ ശാക്തീകരിക്കുന്ന വേളയില്‍ വ്യത്യസ്തരംഗങ്ങളില്‍ രാജ്യത്തെ മാറ്റിയെടുക്കാന്‍ ത്രാണിയുള്ള നേതാക്കള്‍ ജനിക്കുന്നു. സ്ത്രീകള്‍ ശക്തി കൈവരിക്കുമ്പോള്‍ സ്ഥിരതയാര്‍ന്ന ഒരു സമൂഹം ഉറപ്പാക്കപ്പെടുന്നു. ദീര്‍ഘവീക്ഷണമുള്ള നയങ്ങളിലൂടെ രാഷ്ട്രീയനേതാക്കന്മാര് ജനങ്ങളെ ശക്തിയുള്ളവരാക്കുമ്പോള് രാജ്യക്ഷേമം സുനിശ്ചിതമാകുന്നു. വികസിത ഇന്ത്യയിലേക്കുള്ള പരിവര്ത്തനമാധ്യമം വിജ്ഞാനശക്തിസഹിതം വിവിധ തലങ്ങളില്‍ ഉണ്ടാകുന്ന ശാക്തീകരണമാണ്. വികസിത ഇന്ത്യയെന്ന ഈ സ്വപ്നം സാക്ഷാത്ക്കരിക്കുന്നതിനു വേണ്ട അഭിപ്രായനിര്ദേശങ്ങള് നമ്മുടെ മുന്പിലുണ്ട്. ഉത്തരപൂര്വമേഖലയില്നിന്നുള്ള പ്രഗല്ഭ നേതാവായ ഡോ. ജി.ജി. സ്വെല്ലിന്റെ ഒരു മനോഹരമായ ചിന്ത ഈ ഘട്ടത്തില്‍ ഞാന്‍ ഓര്‍മിക്കുന്നു: 'നമുക്ക് മാനസികമായ അടിസ്ഥാനവ്യവസ്ഥയുണ്ടായിരിക്കണം. മാനസികമായ അടിസ്ഥാനവ്യവസ്ഥയെന്നാല് ലക്ഷ്യം, ദര്‍ശനം, ഹൃദയശുദ്ധി, മനഃശുദ്ധി എന്നിവയിലുള്ള ആര്‍ജവം എന്നാണ് അര്‍ഥം.'
Also Read
രാജ്യമെങ്ങും സഞ്ചരിക്കുമ്പോള്‍, എന്റെ രാഷ്ട്രത്തിന്റെ ചുറ്റുമുള്ള മൂന്നു സമുദ്രങ്ങളുടെ തരംഗശബ്ദം ശ്രവിക്കവേ, പ്രതാപമാര്‍ന്ന ഹിമാലയഗിരിനിരകളില്നിന്നും വരുന്ന ഇളംതെന്നലേല്ക്കവേ, ഉത്തരപൂര്വദേശങ്ങളിലെയും ദ്വീപുകളിലെയും ജൈവവൈവിധ്യം കാണുമ്പോള്‍, പശ്ചിമ മരുഭൂമികളില്നിന്നുള്ള താപമനുഭവിച്ചറിയുമ്പോള് 'എപ്പോഴാണ് എനിക്ക് ഇന്ത്യയുടെ ഗാനം പാടാനാവുക?' എന്ന യുവത്വത്തിന്റെ സ്വരം ഞാന്‍ കേള്‍ക്കുന്നു. എന്തായിരിക്കണം ഇതിനുള്ള ഉത്തരം? കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ അന്‍പതിനായിരത്തില്‍പ്പരം സ്കൂള്‍വിദ്യാര്‍ഥികളുമായി ഞാന്‍ ആശയവിനിമയം ചെയ്തു. ഈ കുട്ടികളുടെ വ്യഗ്രതയ്ക്കുള്ള ഉത്തരം നിങ്ങളോടു പങ്കുവെക്കാന്‍ ഞാനാഗ്രഹിക്കുകയാണ്. യുവജനസമൂഹം ഇന്ത്യയുടെ ഗാനം പാടാനിടയായാല് ഇന്ത്യ ഒരു വികസിതരാജ്യമായിത്തീരുകതന്നെ വേണം. അത് ദാരിദ്ര്യം, നിരക്ഷരത, തൊഴില്‍രാഹിത്യം എന്നിവയില്‍നിന്നു മുക്തവും സാമ്പത്തികാഭിവൃദ്ധി, ദേശീയസുരക്ഷ, ആഭ്യന്തരമായ ഐക്യം എന്നിവ തുളുമ്പുന്നതുമായിരിക്കും. ഈയവസരത്തില്‍, സ്കൂള്കുട്ടികളോടൊപ്പം ഞാന്‍ സാധാരണ ചൊല്ലാറുള്ള യുവതയുടെ ഗീതം ഇവിടെ പങ്കിടാനാഗ്രഹിക്കുന്നു. ഭാവിതലമുറയെ പ്രതിനിധാനം ചെയ്തുകൊണ്ട് ഇവിടെ വന്നിരിക്കുന്ന കുട്ടികളെ കാണുന്നതില്‍ ഞാന്‍ വളരെ സന്തോഷിക്കുന്നു. നമ്മുടെ രാജ്യത്തെ എല്ലാ കുട്ടികള്‍ക്കും ജനങ്ങള്‍ക്കുമായി യുവതയുടെ ഗീതം അവരിലൂടെ പകര്ന്നുതരാന് ഞാനാശിക്കുന്നു.
സാങ്കേതികതയും അറിവും സ്വരാജ്യസ്നേഹവുംകൊണ്ട് സജ്ജനായ ഒരു യുവ ഇന്ത്യന്‍പൗരനെന്ന നിലയില്‍, ചെറിയ ലക്ഷ്യമെന്നത് ഒരു കുറ്റമാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു. സാമ്പത്തികശേഷിയും മൂല്യവ്യവസ്ഥയുംകൊണ്ട് കരുത്താര്ജിക്കപ്പെട്ട ഒരു വികസിതരാഷ്ട്രമാക്കി ഇന്ത്യയെ പരിവര്‍ത്തിപ്പിക്കുകയെന്ന മഹാസ്വപ്നത്തിനുവേണ്ടി ഞാന്‍ പ്രവര്‍ത്തിക്കുകയും കഠിനമായി പ്രയത്നിക്കുകയും ചെയ്യും. കോടിക്കണക്കിനു പൗരന്മാരിലൊരാളാണ് ഞാന്‍, സ്വപ്നം മാത്രമേ കോടിക്കണക്കിനു മനസ്സുകളെ ജ്വലിപ്പിക്കുകയുള്ളൂ. അത് എന്റെ ഉള്ളില്‍ പ്രവേശിച്ചുകഴിഞ്ഞിരിക്കുന്നു; ഭൂമിയിലും ഭൂമിക്കു മുകളിലും താഴേയുമുള്ള ഏതൊരു വിഭവവുമായി താരതമ്യം ചെയ്താലും ഏറ്റവും ശക്തമായത് ജ്വലിക്കുന്ന മനസ്സാണ്. വികസിത ഇന്ത്യയെന്ന സ്വപ്നം സാക്ഷാത്ക്കരിക്കുവാന്‍ ഞാന്‍ വിജ്ഞാനദീപം കെടാതെ സൂക്ഷിക്കും. ജ്വലിക്കുന്ന മനസ്സുമായി, മഹത്തായ ലക്ഷ്യത്തിനുവേണ്ടി പ്രവര്‍ത്തിക്കുകയും കഠിനമായി പ്രയത്നിക്കുകയും ചെയ്താല്‍, ഊര്‍ജസ്വലവും വികസിതവുമായ ഇന്ത്യയുടെ പിറവിയിലേക്കു നയിക്കുന്ന പരിവര്‍ത്തനം സംഭവിക്കും. നമ്മുടെ സുന്ദരമായ ഭാഷകളില്‍ ആലപിക്കപ്പെടുമ്പോള്‍ കര്മോത്സുകരാകാന് നമ്മുടെ മനസ്സുകളെ ഈ ഗീതം ഏകോപിപ്പിക്കും.
ഞാന്‍ സര്‍വേശ്വരനോടു പ്രാര്‍ഥിക്കുന്നു: 'നമ്മുടെ ജനങ്ങളിലേക്ക് ദൈവികമായ ശാന്തിയും സൗന്ദര്യവും കടന്നുവരട്ടെ, നമ്മുടെ ശരീരങ്ങളിലും മനസ്സുകളിലും ഹൃദയങ്ങളിലും ആനന്ദവും ആരോഗ്യവും വിടര്‍ന്നു ശോഭിക്കട്ടെ.'
ജയ്ഹിന്ദ്
(മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച പ്രചോദിപ്പിക്കുന്ന പ്രഭാഷണങ്ങള്‍ എന്ന പുസ്തകത്തില്‍ നിന്നും)
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..