സേതുരാമയ്യരും ഓഗസ്റ്റ് ഒന്നിലെ പെരുമാളും ചേര്‍ന്നാണ് ഡിറ്റക്ടീവ് ശിവശങ്കര്‍ പെരുമാളുണ്ടാകുന്നത്‌


അന്‍വര്‍ അബ്ദുള്ളസ്ഥിരജോലിയില്ലാത്തവനും പത്രപ്പണിചെയ്തു നരകിച്ചവനുമായ എനിക്ക് അക്ഷരവേലകൊണ്ട് അന്നമുണ്ണാനുള്ള പൂതിയായിരുന്നു. ഞാന്‍ കരുതിയത്, ഡിറ്റക്ടീവ് നോവലുകള്‍ ചൂടപ്പം പോലെ വില്‍ക്കുന്നു. ഞാന്‍ വീട്ടിലിരുന്ന് എഴുതുന്നു; പണം വീട്ടില്‍വന്നു കുമിയുന്നു എന്നായിരുന്നു.

മാതൃഭൂമി ബുക്‌സ്‌

2005-06 കാലത്ത് ഒരു യാദൃച്ഛികസാഹചര്യത്തിലാണ് നൗഷാദ് പാപ്പിയോണ്‍ എന്നോടു ഡിറ്റക്ടീവ് നോവല്‍പരമ്പര എഴുതാമോ എന്നു ചോദിക്കുന്നത്. വലിയ ആലോചനകൂടാതെയാണ് ഞാനതേല്‍ക്കുന്നതും. അങ്ങനെ പെരുമാളുണ്ടായി. തമിഴില്‍ അര്‍ജുന്‍ നായകനാകുന്ന പടത്തിന് സേവിങ് പ്രൈവറ്റ് റയാന്‍ പോലൊരു കഥയൊരുക്കാന്‍ സംവിധായകന്‍ ജയരാജ് എന്നോടു പറയുന്നത് 2005ലാണ്. ഞാന്‍ സേവിംഗ് പ്രൈവറ്റ് റയാന്‍ പോലൊരു കഥയുണ്ടാക്കി. രണ്ടു സഹോദരങ്ങള്‍ മിസ്സിംഗാകുമ്പോള്‍, ഇളയ സഹോദരന്‍ രംഗത്തിറങ്ങി, അന്വേഷിക്കുന്നതാണു കഥ. അതു തയ്യാറായി ജയരാജുമായി ചര്‍ച്ചയാരംഭിച്ചു. കോട്ടയത്തെ അദ്ദേഹത്തിന്റെ വീട്ടിലെ ചര്‍ച്ചയ്‌ക്കെത്തി. ഒരു തമിഴ് സിനിമായെഴുത്തുകാരനുമുണ്ട് കൂടെ. ഞാന്‍ കഥയുടെ പൂര്‍ണ്ണവിവരണത്തിലേക്കു കടക്കേണ്ടിയേ വന്നില്ല. കാരണം, തമിഴ്കക്ഷി, നാടകീയമായി കഥ പറയുകയായിരുന്നു ഉച്ചവരെ. അത് ഞാന്‍ ജയരാജുമായി ചര്‍ച്ച ചെയ്തു രൂപംകൊടുത്ത കഥയേയായിരുന്നില്ല.

തമിഴ് എഴുത്തുകാരന്‍ ഓരോ സീനായി, വിവരിക്കുകയാണ്. ടെലിഫോണ്‍ മണിയടിക്കുന്നതുമുതല്‍, ഒരു കൈപ്പടംവന്നതെടുക്കുന്നതടക്കം ഇഞ്ചോടിഞ്ചു വിവരണമാണ്. ഇടയ്ക്കിടയ്ക്ക് അദ്ദേഹം ഷാക്ക്... ഷാക്ക്... എന്നു പറയുന്നുണ്ട്. ആദ്യമൊന്നും എനിക്കു സംഗതി തിരിഞ്ഞില്ല. പിന്നെ, മനസ്സിലായി, ആ ഇടങ്ങളിലൊക്കെ പ്രേക്ഷകര്‍ കഥാഗതിയിലെ വന്‍ട്വിസ്റ്റ് കണ്ടു ഷോക്ക് (ആഘാതം) അനുഭവിക്കുന്നുവെന്നാണുദ്ദേശ്യം. കഥയില്‍ പാതിയില്‍, സഹോദരന്‍ (ഇവിടെ ജ്യേഷ്ഠനാണു കഥാപാത്രം) അനിയനെ കണ്ടെത്താനാകാതെ ഹതാശനായി ഒരു റെയില്‍വേ ക്രോസില്‍ ഇരിക്കുന്നു. അപ്പോള്‍ ഒരു തീവണ്ടി കടന്നുപോകുന്നു. അതിന്റെ അവസാനബോഗിയില്‍ ഒട്ടിച്ചിരിക്കുന്ന സര്‍ക്കാര്‍ പരസ്യം; അനിയന്റെ പടം കൂടെ അറിയിപ്പും:
വാണ്ടഡ് ഡെഡ് ഓര്‍ എലൈവ്!
തീവണ്ടി കടന്നുപോകുകയും തലയുയര്‍ത്തുന്ന ഏട്ടനതു കാണുന്നു. പിന്നെ, ചേസാണ്. ഓടിയോടി തീവണ്ടിയില്‍നിന്നാ പടം കീറിയെടുക്കുന്നു. തമിഴ് തിരൈക്കഥാകാരന്‍ പറഞ്ഞു:
'അങ്കെത്താന്‍ സാര്‍, നടുഷാക്ക്! ഇന്റര്‍വെല്‍ പഞ്ച്!!'

ഉച്ച കത്തിക്കാളുന്നതോടെ കഥയദ്ദേഹം പറഞ്ഞൊടുക്കി. ജയരാജിന് സംഗതി നന്നേ ഇഷ്ടമായി. ഇനി മറ്റൊന്നാലോചിക്കാനില്ല. ഊണുകഴിച്ചുവരാമെന്നുപറഞ്ഞ് ഞാന്‍ അവിടന്നുമുങ്ങി. ഊണുകഴിച്ചു; പക്ഷേ, തിരിച്ചുപോയില്ല. പിറ്റേന്ന് ജയരാജ് ഹൈദരാബാദിനുപോയി. അവിടെ, അര്‍ജുന്‍ അഭിനയിക്കുന്നുണ്ടായിരുന്നു. അവിടെത്തി കഥ പറഞ്ഞശേഷം, കുറച്ചുദിവസം കഴിഞ്ഞു ഞാന്‍ ഫോണ്‍ചെയ്തു വിവരം തിരക്കിയപ്പോള്‍ ജയരാജ് പറഞ്ഞു.
അര്‍ജുന്‍ പറഞ്ഞത്, ഈ കഥ തന്നെയാണ് ഞാന്‍ കഴിഞ്ഞ മൂന്നു പടങ്ങളായി അഭിനയിച്ചുകൊണ്ടിരിക്കുന്നതെന്നാണ്. ഇപ്പോഴഭിനയിക്കുന്നതും ഇതേ കഥയാണ്. ഇനിയും വയ്യ എന്ന്...
ഞാന്‍ കൂടുതലൊന്നും സംസാരിച്ചില്ല. പക്ഷേ, അര്‍ജുന്‍ എന്ന നടനെ മനസ്സാ തൊഴുതു.

നൗഷാദ് പാപ്പിയോണിന്റെ ചോദ്യം ആ പഴയ സിനിമാക്കഥയെ ഇളക്കിവിട്ടു. പിന്നൊന്നും ആലോചിച്ചില്ല. അന്വേഷണത്തിനിറങ്ങുന്ന സഹോദരന്റെ സ്ഥാനത്ത് പെരുമാളിനെ അവരോധിച്ചു. അഞ്ചുദിവസം കൊണ്ട് ടൈപ്പെഴുത്ത് തീര്‍ന്നു. തൊട്ടുപിന്നാലേ, രണ്ടാമത്തെ നോവലായ മരണത്തിന്റെ തിരക്കഥയും തീര്‍ത്ത്, നൗഷാദ് പാപ്പിയോണിനെ ഏല്‍പ്പിച്ചു. അതിനെടുത്തതും അഞ്ചുദിവസങ്ങള്‍. ദിവസം പന്ത്രണ്ടുമുതല്‍ പതിനാറു മണിക്കൂര്‍ വരെ ടൈപ്പിംഗ്. ചില സാങ്കേതികസാഹചര്യപ്പിഴവുകളുടെ ഫലമായി ഒലിവിന്റെ ഇംപ്രിന്റായ തനിമ ബുക്‌സില്‍നിന്നു പുറത്തുവന്നത് രണ്ടാമത്തെ കൃതിയാണ്. ആദ്യത്തെ നോവല്‍ അച്ചടിക്കപ്പെട്ടേയില്ല. അതിനുശേഷം, 2010ലാണ് മാതൃഭൂമി ബുക്‌സിലൂടെ ആ നോവല്‍ സിറ്റി ഓഫ് എം എന്ന പേരില്‍ പുറത്തിറങ്ങി, വായനക്കാരുടെ പക്കലെത്തുന്നത്. യഥാര്‍ത്ഥത്തില്‍ എഴുതിക്കഴിഞ്ഞ് അഞ്ചുകൊല്ലങ്ങളോളം കഴിഞ്ഞ്.

സത്യത്തില്‍, ഈ അനുഭവപരിക്ഷീണതയാലാണ്, എന്റെ ഡിറ്റക്ടീവ് നോവലെഴുത്തു നിന്നുപോയത്. ഇല്ലായിരുന്നെങ്കില്‍, 2005ല്‍ പെരുമാളിന്റെ പിറവി നടന്നതിനും, ആദ്യരചന 2010ല്‍ മാതൃഭൂമി വഴി വായനക്കാരുടെ പക്കലെത്തുന്നതിനും ഇടയിലെ അഞ്ചുവര്‍ഷങ്ങള്‍ക്കിടയില്‍, അഹങ്കാരലേശമില്ലാതെ പറയട്ടെ, അന്‍പതു പെരുമാള്‍ നോവലെങ്കിലും എഴുതാനായിരുന്നു എന്റെ പദ്ധതി. അതു സാദ്ധ്യമോ എന്നു ചോദിച്ചാല്‍, ചെയ്തുകാണിക്കാമായിരുന്നു എന്നേ ഇന്നു പറയാനാകൂ. ആര്‍ക്കും താല്പര്യമില്ലാത്ത ഒരു കേസ് എന്ന് പരമ്പരയിലെ ആദ്യപുസ്തകത്തിനു തന്നെ പേരിട്ടാല്‍ സംഭവം ആര്‍ക്കും താല്പര്യമില്ലാത്ത കേസായല്ലോ എന്ന നൗഷാദ് പാപ്പിയോണിന്റെ ചോദ്യത്തിനു കാരണമായ സ്‌നേഹബുദ്ധികൊണ്ടാണാ പേരു മാറ്റിയത്. എന്നിട്ടും സംഗതി അങ്ങനെയായിത്തീര്‍ന്നു. അഞ്ചുകൊല്ലം രചന വായനക്കാരിലെത്തിയില്ല.

സ്ഥിരജോലിയില്ലാത്തവനും പത്രപ്പണിചെയ്തു നരകിച്ചവനുമായ എനിക്ക് അക്ഷരവേലകൊണ്ട് അന്നമുണ്ണാനുള്ള പൂതിയായിരുന്നു. ഞാന്‍ കരുതിയത്, ഡിറ്റക്ടീവ് നോവലുകള്‍ ചൂടപ്പം പോലെ വില്‍ക്കുന്നു. ഞാന്‍ വീട്ടിലിരുന്ന് എഴുതുന്നു; പണം വീട്ടില്‍വന്നു കുമിയുന്നു എന്നായിരുന്നു. ഏറ്റുകഴിഞ്ഞാണ് ഇതിന്റെ നൂലാമാല ആലോചിക്കുന്നത്. പരമ്പരയെഴുതണമെങ്കില്‍, ഡിറ്റക്ടീവ് വേണം. നിരന്തരമായി പ്ലോട്ട് വേണം. അതുതന്നെ ആലോചനയായി. എനിക്ക് മമ്മൂട്ടിയെന്ന നടനെ വലിയ ഇഷ്ടമായിരുന്നു. മമ്മൂട്ടിയുടെ സേതുരാമയ്യരാണല്ലോ മലയാളത്തിലെ കൊള്ളാവുന്ന ഒരു ഡിറ്റക്ടീവ്. സേതുരാമയ്യര്‍ മനസ്സില്‍ക്കിടന്നു കളിച്ചു. പക്ഷേ, സേതുരാമയ്യരെക്കാള്‍ എനിക്കിഷ്ടമുള്ള ഒരു ക്യാരക്ടര്‍ ഓഗസ്റ്റ് ഒന്നിലെ പെരുമാളാണ്. ആ കഥാപാത്രത്തിന്റെ ശരീരഘടനയും സേതുരാമയ്യരുടെ മനോനിലയും ഇരുവരുടെയും മാനറിസങ്ങളും പേരിലെ പെരുമയും കൂട്ടിച്ചേര്‍ത്ത്, എന്റേതായ പുതിയ അനേകം അഴകളവുകളും അറിവളവുകളും ചേര്‍ത്ത്, ജീവിതപ്രതലം സൃഷ്ടിച്ച്, ഞാന്‍ പുതിയൊരു കഥാപാത്രത്തെ രൂപപ്പെടുത്തി; ശിവശങ്കര്‍ പെരുമാള്‍. സി.ബി.ഐ.യില്‍നിന്നു രാജിവച്ച, പാലക്കാട്ട് ക്രോണിക്ക് ബാച്ചിലറായി താമസിക്കുന്ന, ഔഷധക്കൃഷിയും സംഗീതതാല്പര്യവുമായി ജീവിക്കുന്ന സുഭഗനായ മദ്ധ്യവയസ്‌കന്‍. അദ്ദേഹം യാദൃച്ഛികമായി പ്രൈവറ്റ് ഡിറ്റക്ടീവ് പണിയിലേക്കു വരുന്നു; അല്ലാതെയിവിടെ ഒരു ഹോംസിനോ പൊയ്‌റോട്ടിനോ സ്‌പെയ്‌സില്ലല്ലോ.

ഒരുനോവലിന് നൂറുരൂപ വിലവന്നാല്‍, റോയല്‍റ്റി കിട്ടുക പതിനായിരം രൂപയാണ്. ഒരുപതിപ്പ് വേഗം വിറ്റുപോകും. അങ്ങനെങ്കില്‍, മാസം രണ്ടു നോവലെഴുതാന്‍ പറ്റിയാല്‍ അല്ലലില്ലാതെ ജീവിച്ചുപോകാം. അങ്ങനെ അഞ്ചുകൊല്ലംകൊണ്ട് ചുരുങ്ങിയത്, അന്‍പതു പെരുമാള്‍ നോവലുകള്‍. ഇതായിരുന്നു എന്റെ മനക്കോട്ട. രണ്ടാഴ്ചയ്ക്കുള്ളില്‍ രണ്ടു നോവലുകള്‍ തീര്‍ത്തു. മനസ്സില്‍ നൂറ്റുക്കണക്കിനു പ്ലോട്ടുകള്‍ നടനമാടി.
സേതുരാമയ്യര്‍ പദ്ധതി നൗഷാദിക്ക പറഞ്ഞപ്പോള്‍ ഞാന്‍ അതും സമ്മതിച്ചത് അതുകൊണ്ടാണ്. ഞാനും നൗഷാദുംകൂടി കൈയൊപ്പ് എന്ന ചിത്രത്തിന്റെ സെറ്റില്‍, കോഴിക്കോട്ട് ചാലപ്പുറത്തുപോയി അദ്ദേഹത്തെക്കണ്ടു. കഥ പറഞ്ഞു. കഥ മമ്മൂട്ടിക്കു പെരുത്തിഷ്ടപ്പെട്ടു. എഴുതാനുള്ള അനുമതിയേകി. ഞാന്‍ പോയിരുന്ന് എഴുത്തുംതുടങ്ങി. എഴുതിത്തീര്‍ക്കാന്‍, ടൈപ്പുചെയ്യാന്‍, എടുത്ത ദിവസങ്ങള്‍ ആറ്. ഇക്കാര്യം ഇന്നും ആ ഫയലിന്റെ മേലേ ഉണ്ട്, ഇങ്ങനെ: സ്റ്റാര്‍ട്ടഡ് ഓണ്‍ ഒക്‌ടോബര്‍ 31, കംപ്ലീറ്റഡ് ഓണ്‍ 2006 നവംബര്‍ 5 സണ്‍ഡേ, നൈറ്റ് 10.30...

എഴുതിത്തീര്‍ത്തയുടന്‍ ഞാന്‍ ബോധംകെട്ടുവീണു. കോട്ടയത്തെ പഴയ വീട്ടില്‍ (ഇന്നാ വീടില്ല) ഒരു കുടുസ്സുമുറിയില്‍, കമ്പ്യൂട്ടറിനുമുന്നില്‍, കാലത്ത് അഞ്ചഞ്ചരമുതല്‍ രാത്രി പത്തുപന്ത്രണ്ടുമണിവരെ ഒരേ കൊട്ടലായിരുന്നു ആറുദിവസമായി. അതാണു ബോധംകെട്ടുവീഴാന്‍ കാരണമെന്ന്, പരിശോധിച്ച്, ഇപ്പോള്‍ ലിസിയില്‍ സീനിയര്‍ കാര്‍ഡിയോളജിസ്റ്റായി ജോലിനോക്കുന്ന മൂത്ത സഹോദരന്‍ ജാബി പറഞ്ഞു. ഇതിവിടെപ്പറയുന്നത്, എഴുത്തിന്റെ യാതന എങ്ങനെയാണ് ഞാന്‍ അനുഭവിച്ചതെന്നു വെറുതെ വായനക്കാരെ ഒന്നു ബോധ്യപ്പെടുത്താന്‍ മാത്രം. എഴുത്തുകൊണ്ടു ജീവിക്കാന്‍ പറ്റുമോ എന്നാലോചിക്കുന്ന ഒരു മലയാളിയെഴുത്തുകാരന്‍ കടന്നുപോയ നാരകീയതയുടെ സ്വഭാവം വായനക്കാരുമറിയട്ടെ (ഇന്നു ഞാന്‍ യു.ജി.സി. വിലയിട്ട സര്‍വ്വകലാശാലാ അദ്ധ്യാപഹയനാണ്).

ഒന്നുപറയാന്‍ വിട്ടു. അതുവരെയുള്ള രണ്ടുനോവലുകളും ഒരു കള്ളപ്പേരിലായിരുന്നു എഴുതിയത്; ശ്യാം നരേന്ദ്രന്‍. എന്തുപറഞ്ഞാലും ഡിറ്റക്ടീവ് നോവലല്ലേ; അതിനില്ലേ ഒരു പതിത്വം? അതിനാല്‍, ഇപ്പുറത്ത് ഉന്നതസാഹിത്യം പടയ്ക്കുന്ന എന്നെയതു പ്രതികൂലമായി ബാധിച്ചാലോ എന്നുകരുതിയാണ് കള്ളപ്പേര്. പക്ഷേ, സേതുരാമയ്യര്‍ നായകനാകുമ്പോള്‍ കള്ളപ്പേരു പറ്റില്ല. അതിനാല്‍, അന്‍വര്‍ അബ്ദുള്ളയാകാന്‍തന്നെ തീരുമാനിച്ചു. നോവലുമായി മായാവി എന്ന സിനിമയുടെ സെറ്റില്‍പ്പോയി മമ്മൂട്ടിയെക്കണ്ടു. കുറേഭാഗം വായിച്ചുകേള്‍പ്പിച്ചു. മമ്മൂട്ടി സംപ്രീതനായി. സോ ഇറ്റ്‌സ് ദ റ്റൈം റ്റു വൈന്‍ഡ് അപ് എന്നാണു നോവല്‍ തുടങ്ങുന്നത്. ആ വരി നിഷേധാത്മകമല്ലേ അതു മാറ്റണമെന്നതു മാത്രമാണു മമ്മൂട്ടി അഭിപ്രായം പറഞ്ഞത്. അങ്ങനെ, അതുമാറ്റി (പിന്നീട്, നോവല്‍ പെരുമാളിന്റേതായി ഞാന്‍ മാറ്റി പ്രസിദ്ധീകരിച്ചപ്പോള്‍ സോ, ഇറ്റ്‌സ് ദ റ്റൈം റ്റു വൈന്‍ഡ് അപ് എന്ന തുടക്കം ഞാന്‍ തിരിച്ചുകൊണ്ടുവന്നു). നോവലുമായി കോഴിക്കോട്ടെത്തി. രാത്രി നൗഷാദിക്കയുടെ വീട്ടില്‍ത്തങ്ങി. ഞാനുറങ്ങാന്‍പോകുമ്പോഴും പുലര്‍കാലേ ഉണരുമ്പോഴും നൗഷാദിക്ക നോവല്‍ വായിച്ചുകൊണ്ടേയിരിക്കുകയായിരുന്നു. രാത്രി മുഴുവന്‍ മഴ ചീറിയടിച്ചു. വായിച്ചുതീര്‍ത്ത്, എന്നെവന്നു വിളിച്ചുണര്‍ത്തി നൗഷാദിക്ക പറഞ്ഞു: അത്യുഗ്രന്‍! അതിഗംഭീരം!! പുറത്ത് കഠിനതമസ്സില്‍ മഴ പടക്കംപൊട്ടിച്ചു.

പുസ്തകം പുറത്തുവന്നശേഷം, കോപ്പി റൈറ്റുമായി ബന്ധപ്പെട്ട എന്തോ വിചിന്തനമുണ്ടായതായി നൗഷാദിക്ക പറഞ്ഞറിയാമെന്നല്ലാതെ, തുടര്‍ന്ന്, സേതുരാമയ്യര്‍ പരമ്പരയോ ഒന്നാം സാക്ഷി സേതുരാമയ്യര്‍ എന്ന നോവലിന്റെ പതിപ്പുകളോ ഉണ്ടായില്ല. അങ്ങനെ, അതവിടെയവസാനിച്ചു.
പിന്നീട്, നൗഷാദിക്ക മാതൃഭൂമിയിലേക്കു മാറിയശേഷം, പെരുമാള്‍ മാതൃഭൂമിയുടേതായി. 2010-11 സമയത്ത് അത് അവസാനിച്ചു. പിന്നീടുള്ള ഒരു ദശകം ഒന്നുമില്ല. 2020 കാലത്ത് കുറ്റാന്വേഷണനോവലുകള്‍ക്ക് ഒരു പുതിയ വായനക്കൂട്ടം മലയാളത്തില്‍ ഉണ്ടായതോടെ, എന്റെ നോവലുകള്‍ക്ക് അന്വേഷണമുണ്ടായെന്നു കരുതണം. ആ വഴി വെട്ടിത്തെളിച്ച ലാജോ ജോസും ശ്രീപാര്‍വതിയും പിന്നാലേ, നിഖിലേഷ് മേനോനും പിന്‍ഗാമികളുടെയും പരിശ്രമങ്ങള്‍ക്കു നന്ദി!

ഞാന്‍ എഴുത്തേ നിര്‍ത്തിയിട്ട് അപ്പോള്‍ എട്ടുകൊല്ലമായിരുന്നു. അന്നുവരെ പരിചിതമല്ലാത്ത ഡോണ്‍ ബുക്‌സ് രണ്ടു നോവലുകള്‍ പ്രസിദ്ധീകരിച്ചു. അതാണ് തിരിച്ചുവരവിനു തുടക്കമായത്. പെരുമാള്‍ പരമ്പര മാതൃഭൂമി വീണ്ടും അച്ചടിക്കാന്‍ തുടങ്ങി. അപ്പോള്‍, ഉള്ള പുസ്തകങ്ങള്‍ക്കു പുറമേ, ഒന്നാംസാക്ഷി സേതുരാമയ്യര്‍ പെരുമാളാക്കി മാറ്റിയിറക്കി. പത്തുകൊല്ലത്തെ നിശ്ശബ്ദയ്ക്കുശേഷം, 2020 മുതല്‍ എല്ലാ നോവലിന്റെയും തുടര്‍ച്ചയായ പുതിയ പതിപ്പുകള്‍. അക്ഷരാര്‍ത്ഥത്തില്‍, പെരുമാളിന്റെ പുനര്‍ജ്ജനനം. എഴുത്തുകഴിഞ്ഞ് പത്തുപതിനാറാണ്ടു പിന്നിട്ടിട്ടും ഇന്നും ആളുകള്‍ ഇവ വായിക്കുകയും വലിയ സ്‌നേഹം നല്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ, പെരുമാളിന്റെ പിറവിയും പുനപ്പിറവിയും എന്റെ ആത്മകഥയിലെ അതിഗംഭീരമായ ഒരദ്ധ്യായമായിത്തീര്‍ന്നു. ശിവശങ്കര്‍ പെരുമാളിനെ എനിക്കും ജീവനാണ്. അതിനാല്‍, പുതിയ പരിതസ്ഥിതിയില്‍ പെരുമാളിനെ നായകനാക്കി വീണ്ടും എഴുതാന്‍ ഞാന്‍ തീരുമാനിച്ചു. അങ്ങനെ 2021ല്‍ അഞ്ചാമത്തെ പെരുമാള്‍ നോവല്‍ എഴുതിത്തീര്‍ത്തു. അത് അടുത്തമാസം വായനക്കാരുടെ കൈകളിലേക്കെത്തുകയാണ്.

അന്‍വര്‍ അബ്ദുള്ളയുടെ പുസ്തകങ്ങള്‍ വാങ്ങാം

ക്രൈം ഫിക്ഷന്‍ പുസ്തകങ്ങള്‍ വിലക്കിഴിവില്‍ വാങ്ങാം

Content Highlights: anwar abdulla detective novels mathrubhumi books

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
pinarayi

'എന്തും പറയാമെന്നോ, മനസ്സില്‍ വെച്ചാ മതി, മകളെ പറഞ്ഞാല്‍ കിടുങ്ങുമെന്ന് കരുതിയോ'

Jun 28, 2022


r b sreekumar
EXCLUSIVE

7 min

'മോദി വീണ്ടും ജയിക്കും,എനിക്ക് പേടിയില്ല'; അറസ്റ്റിന് തൊട്ടുമുമ്പ് ആര്‍.ബി ശ്രീകുമാറുമായുള്ള അഭിമുഖം

Jun 28, 2022


India vs Ireland 2nd t20 Dublin

2 min

അയര്‍ലന്‍ഡ് വിറപ്പിച്ചുവീണു, രണ്ടാം ട്വന്റി 20 യിലും വിജയിച്ച് പരമ്പര നേടി ഇന്ത്യ

Jun 28, 2022

Most Commented