കടപ്പാട്: വിക്കിപീഡിയ
അന്‍വര്‍ അബ്ദുള്ള എഴുതി മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ കുറ്റാന്വേഷണ നോവലാണ് 1980. ഹെലികോപ്റ്ററില്‍ ഒരു സാഹസികരംഗം ചിത്രീകരിക്കുന്നതിനിടെ മരണപ്പെട്ട മലയാളത്തിന്റെ സൂപ്പര്‍സ്റ്റാറിന്റെ മരണത്തിലേക്ക് മുപ്പത്തിയെട്ടുവര്‍ഷങ്ങള്‍ക്കുശേഷം അന്വേഷണവുമായെത്തുന്ന ശിവശങ്കര്‍ പെരുമാളിലൂടെ പുരോഗമിക്കുന്ന പ്രമേയം ഒരു കുറ്റാന്വേഷണ നോവലിന്റെ നിഗൂഢസൗന്ദര്യവും ഉദ്വേഗവും കാഴ്ചവെക്കുന്നു. തന്റെ പുതിയ നോവലിനെക്കുറിച്ച് അന്‍വര്‍ അബ്ദുള്ള എഴുതിയ കുറിപ്പ് വായിക്കാം.
മലയാളസിനിമയെക്കുറിച്ച് കാര്യമായി അഭിവീക്ഷണം ചെയ്തിട്ടുണ്ട് ഞാന്‍. അന്‍പതുകള്‍ മുതല്‍ എണ്‍പതുകള്‍ വരെയും എണ്‍പതുകള്‍ മുതല്‍ 2010 വരെയും അവിടംമുതല്‍ ഇങ്ങോട്ടുമായി ഞാനതിനെ ഘട്ടപ്പെടുത്തിയിട്ടുമുണ്ട്. ആദ്യം താരവ്യവസ്ഥ രൂപപ്പെടുന്ന ഘട്ടമാണ്. ഒന്നാം താരകാലം. അതിന്റെ തുടക്കത്തിലാണ് നസീറും സത്യനും മധുവും അടങ്ങുന്ന ആ വ്യവസ്ഥ ഉണ്ടാകുന്നത്. അതിന്റെ അന്തിമഘട്ടത്തില്‍, 1975-ലാണ് സൂപ്പര്‍ ഹീറോ പരിവേഷം ആ വ്യവസ്ഥയ്ക്കു കിരീടമാകുന്നത്. ക്രൗഡ് പുള്ളര്‍ എന്ന അര്‍ത്ഥത്തിലും മസ്കുലീന്‍ ഹീറോ എന്ന അര്‍ത്ഥത്തിലും ഒരു പുതിയ നടന് ഉദയം ചെയ്യുന്നു. അത് മലയാളിബോധത്തെത്തന്നെ ശാശ്വതമായി ഇളക്കിമറിക്കാന്‍ പോന്നവിധം വലുതാകുന്നു. രണ്ടാം താരകാലത്തിനു വഴിതുറന്നുകൊണ്ട്, ദുരന്താത്മകമായി അകാലത്തില്‍ അതു പൊലിയുകയും ചെയ്യുന്നു.
ആ മഹാനടന് എന്റെ ഹീറോ ആയിരുന്നില്ല. കാരണം, നടനായദ്ദേഹം ആവിര്‍ഭവിക്കുമ്പോള്‍, ഞാന്‍ ജനിക്കുന്നതേയുള്ളൂ. അദ്ദേഹം മരിക്കുമ്പോള്‍, എനിക്കു കേവലം അഞ്ചുവയസ്സുമാത്രം. അദ്ദേഹം മരിച്ചതൊന്നും ഞാന്‍ അറിഞ്ഞിട്ടുകൂടിയില്ല. എന്റെ ഓര്‍മ്മയില്‍ ആ നടന് സ്ഥാപിതമാകുന്നത്, തിരുവാറ്റാക്കവലയിലെ (ഞങ്ങളുടെ കവല) കൊല്ലത്തുകടയിലെ പടങ്ങളായിട്ടാണ്.
മരിച്ചുപോയ ഒരു മനുഷ്യനാണതെന്നു ഞാനറിഞ്ഞില്ല. കട നിറയെ പടങ്ങള്‍. ആ പടങ്ങള്ക്കടിയില് അതതു സിനിമകളുടെ കട്ടപ്പേരുകള്. അതെല്ലാം കടയുടമസ്ഥനായ ഗോപാലപിള്ളച്ചേട്ടന്റെ മകന്, കടനടത്തിപ്പുദ്യോഗംഭരിയായ കൃഷ്ണന്കുട്ടിച്ചേട്ടന്റേതാണെന്നു ഞാന്‍ പിന്നെ മനസ്സിലാക്കി. അക്ഷരം കൂട്ടിവായിക്കാനഭ്യസിക്കുന്നതില് കൃഷ്ണന്കുട്ടിച്ചേട്ടന്റെ ആ സിനിമാപ്പടങ്ങളും പേരുകളും എനിക്കു വഴികാട്ടിയിട്ടുണ്ട്.
പിന്നെ, ആ കടയിലെ പടങ്ങള്‍, കൃഷ്ണന്കുട്ടിച്ചേട്ടന്റെ പുതിയ ഹീറോയ്ക്കു വഴിമാറി. പടങ്ങള്‍ മോഹന്‍ലാലിന്റേതായി മാറി. അവയും ഇല്ലാതാക്കിക്കൊണ്ട് ആഗോളീകരണകാലത്ത് കൃഷ്ണന്കുട്ടിച്ചേട്ടന്റെ കടതന്നെ ഇല്ലാതായി. കൃഷ്ണന്കുട്ടിച്ചേട്ടന്മാരുടെ കടകള്‍ ഇല്ലാതാകാതിരിക്കാന്വേണ്ടിയാണ് ഞാന്‍ ഇന്നും സമീപത്തുള്ള കടകളില്‍നിന്നുതന്നെ സാധനം വാങ്ങുന്നത്.
എന്റെ ഓര്‍മ്മയില്‍ ആ നടന് വരുന്നത് അത്ര നല്ല ഓര്മ്മകളുമായിട്ടല്ല. ചെറുപ്പത്തില്‍ ഒരു കുടക്കീഴില് എന്ന സിനിമ കാണാന്‍ കുടയംപടി മേനകയില്‍ പോകുന്നതാണ് ഒരോര്‍മ്മ. നാടകനടനും കമ്യൂണിസ്റ്റുകാരനും കുടുംബത്തിലെ ബുദ്ധിജീവിയുമായ വല്യകൊച്ചാപ്പയുമുണ്ടു സിനിമ കാണാന്‍. നെടുമുടിയും വേണു നാഗവള്ളിയുമാണ് ആ സിനിമയില്‍. അവരൊക്കെ ബുദ്ധിജീവികളുടെയും നാടകക്കാരുടെയും ഇഷ്ടന്മാരാണ്. അതിനാലാണ് കൊച്ചാപ്പ വന്നത്. തിയേറ്ററില്‍ ടിക്കറ്റു മുറിച്ച് അകത്തുകടന്നു പടം തുടങ്ങിയപ്പോഴാണു മനസ്സിലാകുന്നത്, ഒരു കുടക്കീഴില് നാളെ മുതലേ ഉള്ളൂ. ഇന്നുകൂടി ദീപം എന്ന പടമാണ്. കൊച്ചാപ്പ അരിശത്തോടെ തിയേറ്ററിലിരുന്നത് ഞങ്ങളുടെ ഉത്സാഹം കെടുത്താതിരിക്കാന്‍ മാത്രമാണ്. കുതിരയില്‍ കെട്ടിവലിക്കുന്നതുപോലെയുള്ള അമാനുഷരംഗങ്ങളാണു പടം നിറയെ. ഒരു ബുദ്ധിജീവിയെ കുപിതനാക്കാന് വേറെന്തുവേണം? ഏതായാലും, അന്ന് എനിക്കു മനസ്സിലായത്, ഈ നടന് അത്ര ആദരണീയനല്ല എന്നുമാത്രമാണ്.
പിന്നീടും അദ്ദേഹത്തിന്റെ സിനിമകള്‍ കാര്യമായി ഞാന്‍ കണ്ടിട്ടില്ല. ചില പ്രമുഖസിനിമകള് കണ്ടതിന്റെ നേരിയ ഓര്‍മ്മ പാടപോലുണ്ടെന്നുമാത്രം. അതേസമയം, അദ്ദേഹത്തിന്റെ അപമൃത്യുവുമായി ബന്ധപ്പെട്ട അനേകം കഥകള്‍ ചെറുപ്പത്തില്‍ കേട്ടുമറന്നത് അബോധത്തില്‍ അടിഞ്ഞുകിടന്നിരുന്നു.
പെരുമാള്‍ നാലു നോവലുകളിലായി വന്നത് 2010-നു മുമ്പാണ്. ഒരു വ്യാഴവട്ടത്തിന്നിപ്പുറം, പെരുമാളിനെ പുനരുജ്ജീവിപ്പിക്കാനും അഞ്ചാം നോവലെഴുതാനും തീരുമാനിച്ചപ്പോള്‍, കുറെക്കാലമായി മനസ്സില്ക്കിടന്നിരുന്ന ഈ കേട്ടുകേള്‍വികള്‍ പൊന്തിവന്നു. എഴുതാന്‍ മാത്രം എന്തെങ്കിലുമുണ്ടോ എന്നറിയാന്‍ ഇന്റര്‍നെറ്റില്‍ വെറുതെ തിരഞ്ഞുതുടങ്ങി. അപ്പോഴാണ് മരിച്ചിട്ട് ഇത്രകാലം കഴിഞ്ഞിട്ടും ഈ മനുഷ്യന് എത്ര തിളങ്ങുന്ന ഓര്‍മ്മയായി, മലയാളി എവിടെല്ലാമുണ്ടോ അവിടെല്ലാം ജ്വലിച്ചുനില്ക്കുന്നു എന്നു മനസ്സിലായത്. മാത്രമല്ല, നടനെന്നതിലപ്പുറം, മനുഷ്യനെന്ന നിലയില്‍ എന്തൊരു തലപ്പൊക്കവും മഹത്ത്വവുമാണ് അദ്ദേഹം അണിഞ്ഞിരുന്നതെന്നും തോന്നിപ്പോയി. അങ്ങനെ, ആ മനുഷ്യനെയാണു ഞാന്‍ പഠിച്ചത്.
ധാരാളം കഥകള്‍. പരസ്പരം ഇണങ്ങുന്നതും പിണങ്ങുന്നതുമായ കഥകള്‍. അവയെല്ലാം കേട്ടിട്ട് ഞാന്‍ തികച്ചും ഭാവനാലോകത്തിരുന്ന് ഒരു കഥ നെയ്തു. അതിലൂടെ മലയാളസിനിമയുടെ ആ നിര്ണ്ണായകചരിത്രസന്ദര്ഭത്തിന്റെ കഥയും പറയാമെന്നു തീര്‍ച്ചപ്പെടുത്തി. അതു പക്ഷേ, ഭാഗികമായി ഇന്ത്യന്‍ ജനപ്രിയസിനിമയുടെ തന്നെ പശ്ചാത്തലത്തില്‍, തെന്നിന്ത്യന്‍ ജനപ്രിയചലച്ചിത്രമേഖലയുടെ പരിണാമദശയുടെ കഥയായിട്ടുണ്ടെന്നു ഞാന്‍ അഭിമാനിക്കുന്നു. ഒപ്പം അകാലത്തില്‍ അപമൃത്യുവിന്നിരയായ മഹാനടന്റെ മനുഷ്യത്വഭരിതമായ വ്യക്തിത്വത്തിനും ജീവിതത്തിനും ഉചിതമായൊരു പ്രണാമവും.
ഈ കഥ പൂര്‍ണ്ണമായും ഭാവനാവിരചിതമാണ്. ഇതിലെ കഥാപാത്രങ്ങള്‍ക്ക് തീര്‍ച്ചയായും ചില മാതൃകകളുണ്ട്. അവരില്‍ പലരെയും നിങ്ങള്‍ക്കു പരിചയവും തോന്നിയേക്കാം. പക്ഷേ, അവരെല്ലാം എന്റെ കല്പ്പനാസന്താനങ്ങള് മാത്രമാണ്. സാമ്യം തോന്നല്‍ യാദൃച്ഛികമെന്നേ പറയേണ്ടൂ.
നോവലെഴുതിയിരുന്ന കാലത്ത്, ഞാന്‍ കോട്ടയത്തുവെച്ച് കൃഷ്ണന്‍കുട്ടിച്ചേട്ടനെ കണ്ടു. എന്റെ നോവലില്‍ കൃഷ്ണന്കുട്ടിച്ചേട്ടന് കഥാപാത്രമാണെന്നു പറഞ്ഞു. അദ്ദേഹം കുസൃതിയോടെ മന്ദഹസിച്ചു.
നോവലിന്റെ ക്ലൈമാക്സില്‍ ഉള്ള കഥാഗുപ്തി യഥാര്‍ത്ഥത്തില്‍ എന്റെ വാപ്പിച്ച, 1995-ലോ മറ്റോ മലബാറില്‍നിന്നുള്ള ഒരു മടക്കയാത്രയില്‍, രാത്രിയിലോടുന്ന ഞങ്ങളുടെ കാറിലിരുന്നു പറഞ്ഞ ഒരു കേള്‍വിയെ ആധാരമാക്കിയുള്ളതാണ്. അതിന്, മരിച്ചുപോയ എന്റെ വാപ്പിച്ചയോടു ഞാന്‍ കടപ്പെട്ടിരിക്കുന്നു. ഈ നോവല്‍ ഞാന്‍ അദ്ദേഹത്തിന്റെ ആത്മാവിനു സമര്‍പ്പിക്കുകയും ചെയ്യുന്നു.
Content Highlights: Anvar Abdullah, Novel 1980, Mohanlal, Jayan,Mathrubhumi Books
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..