ബ്രേക്കല്ല, ടേക്കെടുക്കാമെന്ന് പറഞ്ഞ് മരണത്തെ തേടിപ്പോയ നടന്‍ ജഗന്‍


ചിത്രീകരണം: ബാലു

അന്‍വര്‍ അബ്ദുള്ളയുടെ ഏറ്റവും പുതിയ കുറ്റാന്വേഷണ നോവല്‍ '1980' ലെ ഒരു ഭാഗം വായിക്കാം...

ചിറകുതെറ്റിയ കിളിയെപ്പോലെ, ചരിഞ്ഞു താഴേക്കു വട്ടംവീശിക്കുതിച്ച കോപ്റ്ററില്‍ നടന്‍ ജഗന്‍.
ഭാസുരേന്ദ്രന് കോപ്ടറിലെ സംഘട്ടനത്തിന് ഡ്യൂപ്പുണ്ട്. ജഗനും ഡ്യൂപ്പിനെ ഏര്‍പ്പാടു ചെയ്തിട്ടുണ്ട്. അതും ജഗന്റെയൊരു പതിവാണ്. അഭ്യാസം താന്‍ തന്നെ ചെയ്താലും ഡ്യൂപ്പിനെ ഏര്‍പ്പാടു ചെയ്യിക്കും. അല്ലെങ്കില്‍, താന്‍ മൂലം ഒരാളുടെ അര്‍ഹിക്കുന്ന ജോലിയും പ്രതിഫലവും നഷ്ടമാകുമെന്നാണ് അതെപ്പറ്റി ജഗന്‍ പറയാറുള്ളത്. അതുമൂലം ഡ്യൂപ്പുകള്‍ക്കും ജഗനെ വളരെ കാര്യമായിരുന്നു.
മൂന്നു ക്യാമറകള്‍ സെറ്റു ചെയ്ത് രംഗമാകെ ഒന്നു ഷൂട്ടുചെയ്യും. മാസ്റ്റര്‍ ഷോട്ടുകളായി അവയെടുക്കും. ഒരു വൈഡും ഒരു ക്ലോസും ഒരു മിഡ്ഡും. മിഡ് എടുക്കുന്ന ക്യാമറയ്ക്കു ട്രാക്ക് ഇട്ടിട്ടുണ്ട്.

സംവിധായകന്‍ വിജയചന്ദ്രന്‍ ജഗനെയും കൂട്ടി, സ്റ്റണ്ടുമാസ്റ്ററുടെ സാന്നിദ്ധ്യത്തില്‍ പൈലറ്റുമായി ചര്‍ച്ച ചെയ്തു. സ്റ്റണ്ട് മാസ്റ്റര്‍ ലല്ലു ലോഖണ്ഡ്വാല ഫൈറ്റിന്റെ രൂപരേഖ പറഞ്ഞു. പൈലറ്റ് ഹിന്ദിയില്‍ ലല്ലുവിനോടായി പറഞ്ഞു.

കോപ്ടര്‍ ബൈക്കില്‍ നില്‍ക്കുന്ന ജഗനു പിടിക്കാന്‍ പാകത്തില്‍ നിര്‍ത്തിക്കൊടുക്കാം. അപ്പോള്‍ പിടിച്ചുതൂങ്ങുക. ഒരഭ്യാസവും അപ്പോള്‍ കാണിക്കരുത്. ജഗന്‍ പിടിച്ചു തൂങ്ങിക്കഴിഞ്ഞാല്‍, കോപ്ടര്‍ പൈലറ്റ് മുകളിലേക്കു പറത്തും. ഒരു പ്രത്യേക ഉയരത്തിലെത്തിയാല്‍ അവിടെ കോപ്ടര്‍ പറത്താതെ, വായുവില്‍ സ്തബ്ദ്ധമാക്കി നിര്‍ത്തും. അപ്പോള്‍, അഭ്യാസങ്ങള്‍ തുടങ്ങാം. അപ്പോള്‍, കാലിട്ട് പാഡിന്റെ മേലേക്ക് പിടിച്ചുകയറുകയോ, ഉള്ളിലിരിക്കുന്ന വില്ലനെ ഇടിക്കുകയോ ഒക്കെച്ചെയ്യാം. വില്ലന്‍ കാലുവെച്ച് ചവിട്ടി ജഗനെ താഴെയിടാനും നോക്കും. ഒടുവില്‍, വില്ലനെ എടുത്തെറിഞ്ഞിട്ട് ജഗനു ചാടാം. എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കില്‍ മുന്‍കുട്ടി പറഞ്ഞിരിക്കണം. താന്‍ കോപ്ടര്‍ നിയന്ത്രിക്കാന്‍ തയ്യാറായിരിക്കും. തന്റെ അനുവാദവും മുന്‍കൂര്‍ അറിവുമില്ലാതെ ആരുംതന്നെ ഒന്നുംതന്നെ ചെയ്യാന്‍ പാടില്ല. ഇത്രയും പറയുമ്പോള്‍, ലല്ലു എല്ലാം തലയാട്ടി. ജഗന്‍ എല്ലാം കേട്ട് ശൂന്യഭാവനായി നില്‍ക്കുകയായിരുന്നു. ഹിന്ദി അറിയാവുന്ന അസിസ്റ്റന്റ് എല്ലാം സംവിധായകന് തമിഴില്‍ പറഞ്ഞുകൊടുത്തു. ജഗന്‍ അതേ ഭാവത്തില്‍ കേട്ടുനിന്നു. പൈലറ്റ് സ്റ്റണ്ട് മാസ്റ്ററോട് ജഗനോടും ഒന്നു വിശദമായി പറഞ്ഞുകൊടുക്കാന്‍ ആംഗ്യം കാട്ടി. തമിഴിലെ ചൊല്ലിയാച്ചില്ലയൈ... അവനു തെരിയുമപ്പാ... എന്നുമാത്രം പറഞ്ഞ് വിജയചന്ദ്രന്‍ അതുവിട്ടു. പതിനെട്ടു വര്‍ഷത്തോളം ഇന്ത്യന്‍ സൈനികസേവനമനുഷ്ഠിച്ച്, രാജ്യം മുഴുവന്‍ കറങ്ങുകയും തങ്ങുകയും ചെയ്ത മനുഷ്യനാണ്, ഹിന്ദി വൃത്തിയായി അറിയാവുന്ന ആളാണ്, ഭാവശൂന്യനായി വിവരണം കേട്ടുനിന്നതെന്ന് ലല്ലുവോ പൈലറ്റോ അറിഞ്ഞില്ല. വിജയചന്ദ്രനപ്പോഴതോര്‍ത്തതുമില്ല. എന്നാല്‍, തന്റെ വരുതിയിലേ കാര്യങ്ങള്‍ നടക്കാവൂ എന്നു പൈലറ്റ് കട്ടായം പറഞ്ഞപ്പോള്‍ മാത്രം, ജഗന്റെ കണ്ണുകളില്‍ ഒരഗ്നികണം മിന്നാടിയത്, അല്‍പ്പമകലെ നിന്നിരുന്ന നന്ദഗോപാല്‍ മാത്രം കണ്ടു. അതയാള്‍ മനസ്സില്‍ സൂക്ഷിക്കുകയും ചെയ്തു.

ഹെലിപ്പാഡെന്നു വിശേഷിപ്പിക്കാവുന്ന കോണ്‍ക്രീറ്റ് വൃത്തത്തിനപ്പുറമാകെ, ഞാങ്ങണപ്പുല്ലുകള്‍ കനത്തുവളര്‍ന്നുനിന്നിരുന്നു. തറയില്‍ വൈക്കോല്‍ നിറച്ച വലിയ ചാക്കുകള്‍ അട്ടിക്കിട്ടാണ് സീന്‍ സുരക്ഷിതമായി എടുക്കാവുന്നത്. എന്നാല്‍, വൈഡ് ആംഗിള്‍ ക്യാമറയില്‍, ആ ചാക്കുകള്‍ വരുമെന്നതിനാല്‍, അതു പ്രയാസമാണ്. ഷോട്ടുകള്‍ മൂന്നായി സംവിധായകന്‍ പ്ലാന്‍ ചെയ്തു. ആദ്യം അദ്ദേഹം ജഗന്റെ നേരേ തിരിഞ്ഞുചോദിച്ചു.
ജഗനു ഡ്യൂപ്പിടാന്‍ പറയട്ടെ?

ജഗന്റെ മുഖം പാളി. വിജയചന്ദ്രനെ തറപ്പിച്ചു നോക്കി, ജഗന്‍ കനത്തില്‍ മുറുമുറുക്കുംപോലെ പറഞ്ഞു. എങ്കില്‍ കുട്ടിക്കാനത്തുനിന്ന് ഞാനിത്ര കഷ്ടപ്പെട്ടു വരേണ്ടിയിരുന്നില്ലല്ലോ...

അതു കേട്ടതോടെ, അദ്ദേഹം ജഗന്റെ ഇഷ്ടത്തിനു കാര്യങ്ങള്‍ വിട്ടുകൊടുത്തു. എന്നാലും ഷോട്ടുകള്‍ താന്‍ പ്ലാന്‍ ചെയ്യുന്നതുപോലെ വേണമെന്നും പറഞ്ഞു. ആദ്യം ഭാസുരേന്ദ്രനെ ഇരുത്തി, പ്രധാന ഷോട്ട് എടുക്കുന്നു. പക്ഷേ, ഈ ഘട്ടത്തില്‍ സാഹസപ്രവൃത്തിയൊന്നുംതന്നെ പാടില്ല. മുകളിലെത്തി നിശ്ചലമായാല്‍, ഭാസുരേന്ദ്രനുമായി ഇടിയുടെ രണ്ടോ മൂന്നോ സൂചനകള്‍ മാത്രം നല്‍കിയാല്‍ മതിയാകും. പിന്നെ, നേരത്തേ പറഞ്ഞതുപോലെ വിമാനം താഴ്ത്തുന്നു. ജഗന്‍ ഫീല്‍ഡിനു പുറത്തിട്ടിരിക്കുന്ന വൈക്കോല്‍ച്ചാക്കുകളിലേക്കു ചാടുന്നു. ലാന്‍ഡിങ്ങിനുശേഷം, ഭാസുരേന്ദ്രന്‍ ഇറങ്ങുന്നു.
പിന്നെ, വില്ലന്റെ ഡ്യൂപ്പിനെ ഇരുത്തി, കോപ്ടര്‍ വായുവില്‍ നിര്‍ത്തുന്നു. ജഗന്‍ അതില്‍ പിടിക്കുന്നു. കോപ്ടര്‍ ഉയരുന്നു. ഒരുയരത്തിലെത്തി താനം ശരിയാക്കി നിശ്ചലമാക്കിയതിനുശേഷം ഫൈറ്റും സാഹസരംഗങ്ങളും നടത്തുന്നു. വില്ലനെ പിടിച്ചെറിയുന്നതിന്റെ സൂചന മാത്രം അപ്പോള്‍ കൊടുത്താല്‍ മതിയാകും. അതിനുശേഷം ജഗന്‍ പെട്ടിയെടുത്തെറിയുന്നു. പിന്നെ, ചാടുന്നതിന്റെ സൂചന അഭിനയിക്കുന്നു. പിന്നെ, സാഹസമൊന്നും കാണിക്കാതെ അനങ്ങാതെ, തൂങ്ങിപ്പിടിച്ചുകിടക്കുന്നു. കോപ്ടര്‍ പൈലറ്റ് താഴേക്കു കൊണ്ടുവരുന്നു. ജഗന് കാല്‍കുത്തിയിറങ്ങാന്‍ പാകത്തില്‍, അല്ലെങ്കില്‍, വീണുരുളാന്‍ പാകത്തില്‍, ഫീല്‍ഡില്‍ വരാത്ത സ്ഥലത്ത് വൈക്കോല്‍ ചാക്കുകള്‍ ഇട്ടിട്ടുണ്ട്. അവിടെത്തി, താഴ്ത്തിനിര്‍ത്തുമ്പോള്‍, ജഗന്‍ ഇറങ്ങുകയോ ചാടുകയോ ചെയ്യുന്നു.

മൂന്നാമത്, വിമാനം താഴ്ത്തിനിര്‍ത്തുന്നു. ജഗന്‍ ചാടുന്നതിന്റെ ഇമോഷന്‍ ആന്‍ഡ് ആക്ഷന്‍ ക്ലോസുകള്‍ എടുക്കുന്നു. നാലാമത്, ഡ്യൂപ്പ് ചാടുന്നതിന്റെ ഇമോഷന്‍ ആന്‍ഡ് ആക്ഷന്‍ ക്ലോസുകളും മിഡ്ഡും ഒന്നിച്ചെടുക്കുന്നു. ഇത്രയും മതി. എല്ലാം കഴിഞ്ഞു. കോപ്ടര്‍ ഫൈറ്റ് സീന്‍ ഭംഗിയായി പരിസമാപിക്കും.

ജഗന്‍ സ്വയം കഥാപാത്രമായി മാറിയത് പെട്ടെന്നാണ്. വേഷം മാറ്റുകയും ഒരു ടച്ചിങ് നടത്തുകയും ചെയ്തതോടെ, അയാള്‍ പൂര്‍ണ്ണസജ്ജനായി. വിഗ്ഗ് ധരിച്ച്, മുഖക്കണ്ണാടി വാങ്ങി നോക്കുന്നതിനിടെ, അതു കൈയില്‍നിന്നു താഴെവീണുടഞ്ഞു. ആ കാഴ്ചയുടെ നിമിത്തം സിനിമാക്കാര്‍ക്കിടയിലെ അന്ധവിശ്വാസത്തെ സംബന്ധിച്ചിടത്തോളം നല്ലതായിരുന്നില്ല. മേക്കപ്പ്മാനും ഹെയര്‍ ഡ്രെസ്സറും വിഷമത്തോടെ നിന്നപ്പോള്‍, ജഗന്‍ അവരോടു പറഞ്ഞത്, ഇത്തരം അന്ധവിശ്വാസമൊന്നും തനിക്കില്ല, പട്ടാളത്തില്‍ ജോലി ചെയ്തവനാണു ഞാന്‍. നിമിത്തം നോക്കി പ്രവൃത്തിച്ചല്ല ശീലം; യുദ്ധത്തിനു ശകുനമില്ല എന്നാണ്. അതവിടെക്കഴിഞ്ഞു.

അന്‍വര്‍ അബ്ദുള്ള

ഭാസുരേന്ദ്രന്‍ മേക്കപ്പ് കഴിഞ്ഞെത്തുന്നതിനിടയില്‍, അദ്ദേഹത്തിന്റെ ഡ്യൂപ്പിനെവെച്ച് ജഗന്‍ തൂങ്ങിക്കയറി ഒരു റൗണ്ട് കോപ്ടര്‍ പറന്നുവന്നു. ചില ഷോട്ടുകള്‍ കട്ടു ചെയ്‌തെടുക്കാന്‍ അതും ഷൂട്ടു ചെയ്തുവെച്ചു. ജഗന്‍ പൈലറ്റ് പറഞ്ഞതനുസരിച്ച്, കോപ്ടര്‍ പറന്നു തിരിച്ചെത്തുന്നതുവരെ അനങ്ങാതെ തൂങ്ങിക്കിടന്നു. പിന്നെ, ഭാസുരേന്ദ്രനെ കയറ്റി, അതേ പറക്കല്‍ ആവര്‍ത്തിച്ചു. ഭാസുരേന്ദ്രനുമായി ആകാശത്തുവെച്ച് സംഘട്ടനത്തിന്റെയും മറ്റും ചില സൂചനകള്‍മാത്രം ജഗന്‍ നല്കി. ചില പ്രതികരണങ്ങള്‍ ഭാസുരേന്ദ്രനും നല്കി. ചാടുന്ന ഷോട്ടുകള്‍ ഭംഗിയായിക്കിട്ടിയതിനാല്‍, അവ വേണ്ടെന്നുവെച്ചു. ഇനിയെടുക്കാനുള്ളത് പ്രധാനപ്പെട്ട ഫൈറ്റാണ്. അതിന് ഭാസുരേന്ദ്രന്റെ ഡ്യൂപ്പാണ് കയറുന്നത്.

ആ ഷോട്ട് ആരംഭിച്ചു. ജഗന്‍, ഉയരത്തിലെത്തുന്നതുവരെ, അനങ്ങാതെ പിടിച്ചുകിടക്കുകയും, ഉയരത്തിലെത്തിയശേഷം, കാലുയര്‍ത്തി സ്റ്റാന്റിങ് പാഡിലേക്കു കയറുകയും അവിടെ പിടിച്ചിരുന്നുകൊണ്ട്, ഡ്യൂപ്പുമായി സംഘട്ടനത്തിലേര്‍പ്പെടുകയും ചെയ്തു. അതിനുശേഷം അനങ്ങാതെ തൂങ്ങിക്കിടന്ന്, താഴെയെത്തുകയും ചെയ്തു. ഫൈറ്റ് ഷൂട്ട് പരിസമാപ്തിയിലെത്തിച്ചേര്‍ന്നു. ഷൂട്ടിങ് യൂണിറ്റൊന്നടങ്കം എഴുന്നേറ്റു നിന്നു കൈയടിച്ചു. ജഗന്‍ പക്ഷേ, പതിവിനുവിരുദ്ധമായി കൈവീശിയില്ല. സാധാരണ, ഇത്തരം സാഹസരംഗങ്ങള്‍ കഴിഞ്ഞാല്‍ കൈയടിയും അതിനു ജഗന്റെ മനോഹരപുഞ്ചിരിയോടുകൂടിയ കൈവീശലും ഉള്ളതാണ്. അതുണ്ടായില്ല. അത് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നന്ദഗോപാലിന്റെ മനസ്സില്‍ ഒരു മിന്നലുണ്ടാക്കി. മൂന്നു ക്യാമറകളും നിശ്ചലമായി. മുഖ്യഛായാഗ്രാഹകന്‍ ജെയിംസ് സൂപ്പര്‍ എന്ന വിളിയോടെ, കൈകളുയര്‍ത്തി.

അപ്പോഴേക്കും സമയം ഉച്ച ഒരുമണിയോടടുത്തിരുന്നു. വിജയചന്ദ്രന്‍ സന്തുഷ്ടനായെണീറ്റ് ബ്രേക്കു പറയാമെന്നു കരുതി. അങ്ങനെങ്കില്‍, ഉച്ചയ്ക്കുതന്നെ, കോപ്ടര്‍ പിരിച്ചയയ്ക്കാം. ഒപ്പം, ഉച്ച കഴിഞ്ഞുള്ള ജഗന്റെ രണ്ടു ഷോട്ടുകളുമെടുത്ത്, മൂന്നരയോടെ ജഗനെ വിടാം. സന്ധ്യയ്ക്കു മുന്നേ ഫുള്‍ പായ്ക്കപ്പ് പറയാം. ബ്രേക്ക് എന്നുച്ചരിക്കാന്‍ അദ്ദേഹം ആരംഭിക്കുകയും ജഗന്‍ നോ സര്‍ എന്നു പറഞ്ഞുകൊണ്ട് ഓടി അദ്ദേഹത്തിന്റെയരികിലെത്തി. ജഗന്‍ പറഞ്ഞു.
പ്ലീസ് സര്‍... ലാസ്റ്റ് ഷോട്ട് ഒന്നൂടിയെടുക്കണം... ഇറ്റ്‌സ് മൈ റിക്വസ്റ്റ്... ഇതു ഞാനുദ്ദേശിച്ചതുപോലെയായിട്ടില്ല...
വിജയചന്ദ്രന്‍ അമ്പരപ്പോടെ പ്രതികരിച്ചു.

പുസ്തകത്തിന്റെ കവര്‍

ജഗന്‍... ഇതു വേണ്ടതിലുമധികമാണ്. മൂന്നു ക്യാമറകളില്‍ മൂന്ന് ആംഗിളുകളില്‍, മൂന്നു റേഞ്ചുകളില്‍ ആവശ്യമായതെല്ലാം കിട്ടിക്കഴിഞ്ഞു. മൂന്നേഗുണംമൂന്ന് ഒന്‍പത് മാസ്റ്റര്‍ ഷോട്ടുകള്‍. അതില്‍ എത്ര കട്ടുകള്‍ വേണമെങ്കിലും എടുത്തു മൊണ്ടാഷ് ചെയ്യാവുന്ന വിധത്തില്‍ പെര്‍ഫക്ട് ഷൂട്ടിങ്. എല്ലാം ദൈവാധീനം കൊണ്ട് ഓക്കേ ഷോട്ടുകള്‍. ഇനിയെടുക്കുന്നത് അനാവശ്യമാണ്...
ജഗന്‍ പറഞ്ഞു.

ഇല്ല സാര്‍. ഒറ്റത്തവണ... ഞാനെന്തുകൊണ്ടാണതു പറയുന്നതെന്ന്, സാറിന് റഷസ് പ്രോസസ് ചെയ്തു കാണുമ്പോള്‍ മനസ്സിലാകും. ഇപ്പോഴത്തെ നിലയിലാണെങ്കില്‍, നിങ്ങളെല്ലാം സംതൃപ്തരായിരിക്കും. ഞാനൊഴിച്ച് എല്ലാവരും സംതൃപ്തരായിരിക്കും. പക്ഷേ, എന്നെ സംബന്ധിച്ചിടത്തോളം, ഞാനീ കഷ്ടപ്പെട്ടതു മുഴുവന്‍ വെറുതെയാകും. സിനിമയില്‍ അത് ആര്‍ക്കും ചെയ്യാവുന്ന അഭ്യാസം മാത്രമായിത്തീരും...
ഇല്ല ജഗന്‍... ഇറ്റ്‌സ് പെര്‍ഫക്ട്. ജഗനെന്നെക്കാണിച്ച രണ്ടു ഹിന്ദിപ്പടങ്ങളെക്കാളും ഗംഭീരം... ബിലീവ് മീ...

അതു ശരിയാണെന്നെനിക്കറിയാം. പക്ഷേ, ഉരുക്കുമുഷ്ടിയുടെ സെറ്റില്‍ ഞാനെടുത്ത റിസ്‌ക് മുഴുവന്‍ പടം വന്നപ്പോള്‍ നിസ്സാരമായിപ്പോയി. ഞാനപ്പോഴേ ക്യാമറാമാനോടും സംവിധായകനോടും പറഞ്ഞിരുന്നു, സൂമിട്ടു റേഞ്ചും ഫോക്കസും മാറ്റണമെന്ന്. അത് സൂപ്പര്‍താരത്തിന്റെ അഹങ്കാരമെന്നവര്‍ കരുതിക്കാണും. അതിന്റെ ഫലം, എന്റെ അദ്ധ്വാനം പാഴിലായിപ്പോയി. ഇപ്പോഴും ഞാന്‍ അഹങ്കാരം കൊണ്ടല്ല പറയുന്നത്. ഒറ്റത്തവണ മാത്രം. എഡിറ്റിങ്ങില്‍ നിങ്ങള്‍ക്കതിന്റെ വ്യത്യാസം മനസ്സിലാകും...

വിജയചന്ദ്രന്‍ വിഷമത്തോടെ, ക്യാമറാമാന്‍ ജെയിംസിനെ നോക്കി. ജെയിംസ് ചുറ്റോടുചുറ്റും നോക്കി. ബ്രേക്ക് പറഞ്ഞോ ഇല്ലയോ എന്നു സന്ദേഹിച്ചുനില്‍ക്കുന്ന മെസ് ജീവനക്കാരും പ്രൊഡക്ഷന്‍ പയ്യന്മാരും. അതിനപ്പുറം, മഴ പൊടിയാന്‍ തുടങ്ങുന്നതുപോലെ. അദ്ദേഹം ക്യാമറയുടെ വ്യൂ ഫൈന്‍ഡറിലൂടെ നോക്കി. അകലെ ചെടിത്തലപ്പുകള്‍ കാറ്റിലാടുകയും നനഞ്ഞുതുടങ്ങുകയും ചെയ്യുന്നു. ജെയിംസ് തലയുയര്‍ത്തിപ്പറഞ്ഞു.
അതു റിസ്‌കാണു ജഗന്‍...

റിസ്‌ക് എനിക്കല്ലേ ജെയിംസ്.., ഇതായിരുന്നു ജഗന്റെ മറുപടി. ജെയിംസ് പിന്നെ ഇത്രമാത്രം പറഞ്ഞു.
വേണമെങ്കില്‍ ഇനി താമസിപ്പിക്കണ്ട. മഴ പൊടിയുന്നു. വേണ്ടെന്നാണ് എന്റെ അഭിപ്രായം...
ജഗന്‍ ജെയിംസിന്റെയടുത്തു ചെന്ന് എന്തോ സംസാരിച്ചു. ജെയിംസ് തലയാട്ടി. പിന്നെ, മന്ദഹാസത്തോടെ ജഗന്റെ തോളില്‍ത്തട്ടി. പിന്നെ, തന്റെ കസേരയിലമര്‍ന്നുകൊണ്ട്, സംവിധായകനോടു വിളിച്ചുപറഞ്ഞു.
ഓക്കേ സാര്‍. അയാം റെഡി.

ഭാസുരേന്ദ്രന്റെ ഡ്യൂപ്പ് വീണ്ടും കോപ്ടറില്‍ കയറാന്‍ തയ്യാറായി. ജഗന്‍ അയാളോടു നീ തല്‍ക്കാലം വിശ്രമിക്ക് എന്നു പറഞ്ഞിട്ട് ഭാസുരേന്ദ്രന്റെയടുത്തേക്കു ചെന്ന് എന്തോ സംസാരിച്ചു. അപ്പോള്‍ ഭാസുരേന്ദ്രനും ചിരിച്ചുകൊണ്ട് ജഗന്റെ തോളില്‍ പിടിച്ചു. പിന്നെ, താന്‍ തന്നെ കയറാം എന്നു വിജയചന്ദ്രനോടു വിളിച്ചുപറഞ്ഞു. ജഗന്‍ വിജയചന്ദ്രന്റെയടുത്തു ചെന്നു പറഞ്ഞു.
സര്‍ ക്ഷമിക്കണം. ഇതേ ഷോട്ടുതന്നെ. ചെറിയൊരു വ്യത്യാസം മാത്രം. ജെയിംസ് അതു കൈകാര്യം ചെയ്യും. സാറിന് എഡിറ്റിങ് ടേബിളില്‍വെച്ച് ഇഷ്ടപ്പെട്ടില്ലെങ്കില്‍ വെട്ടി ചവറ്റുകുട്ടയിലിട്ടേക്കണം സര്‍... എന്റെ അപേക്ഷയാണ്...

തന്നെ പദവിയെ മറികടന്നുകൊണ്ട് ജഗന്‍ ഒരു തീരുമാനമെടുക്കുന്നതുപോലെ വിജയചന്ദ്രനു തോന്നി. അതയാളെ ചൊടിപ്പിച്ചു. രോഷനീരസങ്ങള്‍ പുറത്തുകാട്ടാതെ അയാള്‍ മൃദുസ്വരത്തില്‍ പറഞ്ഞു.
എടുത്തത് എടുത്തതുതന്നെ. അതു ധാരാളമായി മതിയെന്നു ഞാന്‍ തീരുമാനിച്ചും കഴിഞ്ഞു. ഇതില്‍ ഇനി ഷോട്ടു വേണ്ട. അതിനിടെ, കോപ്ടര്‍ ഡിസംബ്ള്‍ ചെയ്‌തോട്ടെ എന്നാരായാന്‍ പൈലറ്റ് വിജയചന്ദ്രനോടടുത്തിരുന്നു. വിജയചന്ദ്രന്‍ അതിനനുമതി നല്‍കുന്ന സന്ദര്‍ഭത്തിലാണ് ജഗന്‍ വന്നത്. അതോടെ, അയാള്‍ പോകാതെ, അവരുടെ സംഭാഷണം കേട്ടുനിന്നു. അതു കഴിഞ്ഞപ്പോള്‍ അയാള്‍ ചോദിച്ചു.
തോ മേ ശുരൂ കരേം?...

ഹിന്ദി അറിയില്ലെങ്കിലും അസിസ്റ്റന്റിന്റെ സഹായമില്ലാതെ തന്നെ, അദ്ദേഹം മറുപടിയായി ശരിയെന്നു തലയാട്ടി. പിന്നെ, ഉറക്കെ വിളിച്ചുപറഞ്ഞു.
ബ്രേക്ക്...

ജഗന്റെ മുഖം കണ്ടപ്പോള്‍, വിജയചന്ദ്രനു ദേഷ്യമെല്ലാം പോയി. ഇപ്പോള്‍ കരയും എന്നമട്ടില്‍ നില്‍ക്കുന്ന ഒരു കുട്ടിയെയാണ് അയാള്‍ തന്റെ മുന്നില്‍ കണ്ടത്. അയാള്‍ ചിരിച്ചുകൊണ്ടു ക്ഷണിച്ചു.
വരൂ ജഗന്‍, നമുക്കൂണു കഴിക്കാം...
എനിക്കു വേണ്ട... ഞാന്‍ ഊണു കഴിക്കാനല്ല സര്‍, കുട്ടിക്കാനത്തുനിന്ന് കഷ്ടപ്പെട്ടു വന്നത്. എനിക്കു വേണമെങ്കില്‍ വരാതിരിക്കാമായിരുന്നു. പക്ഷേ... സാറിനു തോന്നിക്കാണും ഞാന്‍ സാറിനെ ധിക്കരിച്ച്, സ്റ്റാര്‍ കളിക്കുകയാണെന്ന്. അങ്ങനെയല്ലെന്നു തെളിയിക്കാന്‍ ഈ ഷോട്ട് കഴിഞ്ഞു ഞാന്‍ വന്ന് എല്ലാവരും കാണ്‍കെ സാറിനെ കാലുതടവിത്തരാം...

വിജയചന്ദ്രന്‍ അന്ധാളിച്ചുപോയി. അയാള്‍ ജഗനെ കൈപിടിച്ചുതടഞ്ഞു.
ച്ഛെ! എന്തായീപ്പറയുന്നത് ജഗന്‍? നിനക്കുവേണ്ടി, നിന്റെ കൂടി താത്പര്യത്തിലാണ് ഇതെല്ലാം ഒരുക്കിയത്. അല്ലായിരുന്നെങ്കില്‍, നമ്മുടെ ഷൂട്ടിങ് എപ്പഴേ കഴിഞ്ഞാണ്. ഇനിയിപ്പോള്‍ നിന്നെ വിഷമിപ്പിച്ചുകൊണ്ട്, എനിക്കൊന്നും വേണ്ട. നീ പറഞ്ഞതുപോലെയാകട്ടെ...
പിന്നെ, മെസ് മൂലയിലേക്കു നടന്നുതുടങ്ങിയവരോട് അദ്ദേഹം വിളിച്ചുപറഞ്ഞു.
ബ്രേക്ക് ക്യാന്‍സല്‍ഡ്...

എല്ലാവരും അമ്പരപ്പോടെ തിരിഞ്ഞുനിന്നു. മെഗാഫോണെടുത്ത് വിജയചന്ദ്രന്‍ കോപ്ടറിനടുത്തേക്ക് തന്റെ രണ്ടു സഹായികളുമായി നടക്കുന്ന പൈലറ്റു കേള്‍ക്കാന്‍ വിളിച്ചുപറഞ്ഞു.
കോപ്ടര്‍ ഷോട്ട് എഗൈന്‍... കോപ്ടര്‍ ഷോട്ട് എഗൈന്‍...
പൈലറ്റ് തിരിഞ്ഞുനിന്നു. അയാളുടെ മുഖത്ത് ആശ്ചര്യം വിരിഞ്ഞുനിന്നിരുന്നു.

മിനിറ്റുകള്‍ക്കകം കോപ്ടര്‍ ഷോട്ട് ആരംഭിച്ചു. ജഗനു ബൈക്കില്‍നിന്നു തൂങ്ങിക്കയറാന്‍ പാകത്തില്‍, പൈലറ്റ് കോപ്ടര്‍ താഴ്ത്തിനിര്‍ത്തിക്കൊടുത്തു. അകത്ത് ഭാസുരേന്ദ്രന്‍ സീറ്റുബെല്‍റ്റിട്ട്, തയ്യാറായി ഇരുന്നു. ജഗന്‍ തൂങ്ങിപ്പിടിച്ച് നില ശരിയാക്കിയ ഉടനെ കോപ്ടര്‍ പറന്നുപൊന്തുകയും താഴെനിന്ന് ബൈക്ക് ഓടിച്ചുമാറ്റുകയും ചെയ്തു. ജെയിംസിന്റെ ക്യാമറ കാഴ്ചകളെ അടുത്തുവീക്ഷിച്ചുകൊണ്ടു നീങ്ങി. കോപ്ടര്‍ പൊങ്ങുന്നതിനിടയില്‍, മുന്‍ഷോട്ടില്‍നിന്നു വ്യത്യസ്തമായി, ജഗന്‍ കാലുകള്‍ പൊന്തിച്ചു ലാന്റിങ് പാഡിലേക്കു പിണയ്ക്കുകയും, മേലോട്ടുപിടിച്ചുകയറാന്‍ ശ്രമിക്കുകയും ചെയ്തു. അപ്പോള്‍, ഭാസുരേന്ദ്രന്‍, സീറ്റ് ബെല്‍റ്റഴിച്ച്, അരികിലേക്കു നീങ്ങി, ജഗനെ ആക്രമിക്കുന്ന നാട്യം തുടങ്ങി.

പക്ഷേ, അതിനുള്ള അവസരം വന്നില്ല. അപ്പോഴേക്കും, കോപ്ടര്‍ ചരിഞ്ഞതുപോലെ തോന്നി. ജഗന്‍ മേലത്തെ പിടിവിട്ട്, പഴയപടുതിയില്‍ താഴത്തെ പിടിയിലേക്കുതന്നെ കെണിയുകയും ചെയ്തു. താഴെനിന്നു കാണുന്നവരെ ഭയവിഹ്വലരാക്കിക്കൊണ്ട്, സെക്കന്റുകള്‍ക്കകം കോപ്ടര്‍ ചിറകുതെറ്റിയ കിളിയെപ്പോലെ, മഹാഹുങ്കാരത്തോടെ ചരിഞ്ഞു താഴേക്കു വട്ടംവീശിക്കുതിക്കാന്‍ തുടങ്ങി. പൈലറ്റ് അത് നിയന്ത്രണത്തിലാക്കാന്‍ കിണഞ്ഞുശ്രമിക്കുന്നതുപോലെ ഒരുനിമിഷം തോന്നിച്ചു. താഴേക്കു കുമിഞ്ഞ മുന്‍ഭാഗം ഒരുനിമിഷം ചരിവുമാറ്റി, വട്ടംകറങ്ങി, പ്രദക്ഷിണവഴി ശരിയാക്കാന്‍ നോക്കുന്നതുപോലെ തോന്നി. അടുത്ത നിമിഷം, കോപ്ടര്‍ പൂര്‍വാധികം ഭീകരതയില്‍, മറുവശത്തേക്കു പാളി. വിജയചന്ദ്രന്‍ ചങ്കുതകരുന്നപോലെ, തനിക്കാകെ ചെയ്യാവുന്ന നിര്‍ദ്ദേശം നല്കി.
കട്ട് ഇറ്റ്...

ഷോട്ട് വിട്ട്, ജെയിംസ് കസേരവിട്ടിറങ്ങി, മുന്നോട്ടോടിക്കൊണ്ട് അമ്പരന്നുനിന്നു. നന്ദഗോപാലന്‍ നോക്കുമ്പോള്‍, ആകാശപ്പറവ കൂപ്പുകുത്തുകയാണ്. ജഗന്‍ പിടിവിടാതെ, പിണച്ച കാലുകളുമായി അങ്ങനെതന്നെ കിടക്കുന്നു. നന്ദഗോപാല്‍ വിളിച്ചുകൂവി.
ചാടിക്കോ ജഗന്‍ സാറേ... ചാടിക്കോ...

ജഗന്‍ ആ വിളി കേട്ടോ എന്നു നിശ്ചയമില്ല. പക്ഷേ, തന്റെ കാലുകളുടെ പിണച്ചില്‍ അഴിച്ചെടുത്തു. പക്ഷേ, ആ കാലുകള്‍ തൂങ്ങുകയും പിടിവിടാന്‍ കഴിയുകയും ചെയ്യുംമുമ്പ് പൈലറ്റ് ഇടതുവശത്തെ വാതില്‍ വഴി എടുത്തുചാടുന്നത് നന്ദഗോപാല്‍ കണ്ടു. ഭാസുരേന്ദ്രന്‍ വലതുവശം വഴി തെറിച്ചുവീഴുന്നതു കണ്ടുതീരുംമുമ്പേ, ജഗനെയും ചേര്‍ത്ത് കോപ്ടര്‍ സിമിന്റുതറയില്‍ വന്നുകുത്തുന്നതു നന്ദഗോപാല്‍ കണ്ടു. അയാള്‍ അയ്യോ എന്നലറിക്കൊണ്ട്, അങ്ങോട്ടോടുമ്പോള്‍, പിന്നില്‍നിന്ന് ആരൊക്കെയോ പോകല്ലേ, തീപിടിക്കും... കോപ്ടറു കത്തും എന്നെല്ലാം വിളിച്ചുപറയുന്നതു കേട്ടു. ആ വിളി കേട്ടാണ് സ്റ്റില്‍ ക്യാമറയുമായി ഓടുകയായിരുന്ന കീഴാറ്റൂര്‍ കുമാരവര്‍മ്മയും പാതിവഴിയില്‍ സ്തംഭിച്ചുനിന്നുപോയത്. പക്ഷേ, ഒന്നും നോക്കാതെ ഓടിയടുത്ത നന്ദഗോപാല്‍, ജഗനെ വാരിയെടുത്തു. അയാള്‍ക്കൊറ്റയ്ക്ക് ആ അതികായനെ താങ്ങിയെടുക്കാനാവുമായിരുന്നില്ല.

പൈലറ്റും ഭാസുരേന്ദ്രനും എഴുന്നേല്‍ക്കാന്‍ ആവാത്തമട്ടില്‍ കിടക്കുകയായിരുന്നു. നന്ദഗോപാല്‍ ദൂരേക്കു നോക്കി വീണ്ടും ആരെങ്കിലും ഓടിവായോ എന്നു വിളിച്ചുകൂവി. ഭയന്നുനിന്നിരുന്നവര്‍ക്കിടയില്‍നിന്ന്, മെസ് ബോയിയായ ഒരു ശ്രീലങ്കന്‍ പയ്യന്‍ ഓടിവന്നു. പിന്നാലെ, ജഗന്‍ ആ അപകടത്തില്‍നിന്നു മാറ്റിനിര്‍ത്തിയ ഡ്യൂപ്പ് ജംബോ മുത്തയ്യന്‍ ഓടിവന്നു. ചോരയില്‍ക്കുളിച്ചുകിടന്ന ജഗന്‍ തന്നെ നോക്കി പുഞ്ചിരിച്ചെന്നും എഴുന്നേറ്റുനിന്നെന്നും അപ്പോള്‍തന്നെ വീണുപോയെന്നും നന്ദഗോപാല്‍ ഓര്‍ക്കുന്നുണ്ട്. അതുപക്ഷേ, അയാള്‍ക്കു തന്റെ തോന്നല്‍ മാത്രമാണോയെന്നും സംശയമുണ്ട്. ഒരു ഞരക്കം മാത്രം ജഗനില്‍നിന്നു പുറപ്പെടുന്നുണ്ടായിരുന്നു. മഴ അല്‍പ്പംകൂടി ശക്തമായി തൂളിത്തുടങ്ങി. പുല്ലുകളില്‍ കാറ്റുപിടിച്ച് അവ ഉലഞ്ഞുതുടങ്ങി. ജഗന്റെ ചോരയില്‍ മഴത്തുള്ളികള്‍ ചാലിതമാവുകയും ആ ചോരച്ചായക്കൂട്ട് തറയില്‍ വരഞ്ഞുതുടങ്ങുകയും ചെയ്തു. ജംബോയെ നോക്കി നന്ദഗോപാല്‍ കാറു വരുത്തെടാ എന്നലറി. ജംബോ എഴുന്നേറ്റെങ്ങോട്ടോ ഓടി. പിന്നെ, തിരിച്ചോടി. അയാള്‍ കാര്‍... കാര്‍...എന്നലറുന്നുണ്ടായിരുന്നു. അപ്പോഴേക്കും സ്ട്രിപ്പിന്റെ മറുവശത്തു പാര്‍ക്കു ചെയ്തിരുന്ന ജഗന്റെ തന്നെ പ്രീമിയര്‍ പത്മിനിക്കാറുമായി ചന്ദ്രപ്പന്‍ ഹെലിപ്പാഡിലേക്കെത്തിയിരുന്നു. അയാള്‍, ആകാശത്തിലെ കത്തിപ്പൊരി അവിടെനിന്നു കാണാനിടയായിരുന്നു. നന്ദഗോപാലും ജംബോയും ശ്രീലങ്കന്‍ പയ്യനുംകൂടി ജഗനെ കാറില്‍ കയറ്റി. മുന്‍സീറ്റില്‍ നന്ദഗോപാല്‍ കയറി. ജംബോയോടും ശ്രീലങ്കന്‍ പയ്യനോടും അയാള്‍ പറഞ്ഞു.

നീങ്ക ഭാസുരന്‍ സാറെപ്പാത്തുക്കോ... ഇതു നാന്‍ മട്ടും പോവേന്‍...
വണ്ടി പുറത്തേക്കതിവേഗം പാഞ്ഞു. അപ്പോഴേക്കും സ്ട്രിപ്പിലാകെ മഴ കോരിച്ചൊരിഞ്ഞുതുടങ്ങി. മഴ കനത്തതോടെ, ഇനി തീപ്പിടിത്തമുണ്ടാവില്ലെന്നുറപ്പിച്ച മറ്റുള്ളവര്‍ ഓടിയെത്തി, ഭാസുരേന്ദ്രനെയും പൈലറ്റിനെയും എണീല്‍പ്പിച്ചു. പൈലറ്റിന് ബോധമുണ്ടായിരുന്നു. പക്ഷേ, പരിസരബോധമറ്റനിലയിലാണയാള്‍ പെരുമാറിയത്. മാത്രമല്ല, കാലുകള്‍ ഉയര്‍ത്താന്‍ പറ്റുന്നുമുണ്ടായിരുന്നില്ല. ഭാസുരേന്ദ്രന് ബോധമറ്റിരുന്നു. അയാള്‍ മരിച്ചെന്നാണ് ആദ്യം എല്ലാവരും കരുതിയത്. എന്നാല്‍, മഴ മുഖത്തേറ്റപ്പോള്‍, അയാളൊന്നു ഞരങ്ങി. ഏതായാലും എല്ലാവരും കൂടി രണ്ടാളെയും മറ്റു കാറുകളിറക്കി, അതില്‍ക്കയറ്റി പുറത്തേക്കു പാഞ്ഞു. എയര്‍ സ്ട്രിപ്പിന്റെ വാതില്‍ കടന്നപ്പോള്‍, ഇരുവശങ്ങളിലേക്കും പാഞ്ഞുപോകുന്ന റോഡില്‍ എങ്ങും ഒരു വണ്ടിയും കാണാനുണ്ടായിരുന്നില്ല. ജഗനെയും കൊണ്ട് നന്ദഗോപാല്‍ എങ്ങോട്ടുപോയെന്നവര്‍ക്കു മനസ്സിലായതേയില്ല. അവര്‍, വലത്തോട്ട്, മദ്രാസിലേക്കു നീങ്ങുന്ന വഴിയിലേക്കു തിരിഞ്ഞു. മുപ്പതോളം കിലോമീറ്റര്‍ അകലെയാണു നഗരം. അവിടെയേ ആശുപത്രികളുള്ളൂ. അവിടെയെത്തുംവരെ ജഗന്‍ ജീവിച്ചിരിക്കുമോ? ഭാസുരേന്ദ്രന്‍ ജീവിച്ചിരിക്കുമോ? ആശങ്കയുടെ മിടിമിടുപ്പുടക്കിക്കൊളുത്തിവലിക്കുന്ന ഹൃദയങ്ങളുമായി അവരുടെ കാറുകള്‍ ആ വീഥിയിലൂടെ കുതിച്ചു.

അതേസമയം, നന്ദഗോപാല്‍ ചന്ദ്രപ്പനോടു പറഞ്ഞു കാര്‍ തിരിച്ചത് ഇടത്തേക്കുള്ള വഴിയിലായിരുന്നു. അവിടെ, അഞ്ചു കിലോമീറ്റര്‍ പിന്നിട്ടാല്‍ ഒരു സര്‍ക്കാര്‍ ഡിസ്‌പെന്‍സറിയോ പോളി ക്ലിനിക്കോ മറ്റോ ഉണ്ടെന്നയാള്‍ക്കറിയാമായിരുന്നു. വലത്തോട്ടു പോയാല്‍ മദ്രാസ് നഗരമെത്താതെ ആശുപത്രിയുണ്ടോ ഇല്ലയോ എന്നയാള്‍ക്കറിയില്ലായിരുന്നു. കഴിഞ്ഞ മാസം, പടയൊരുക്കത്തിന്റെ ഫൈറ്റും മറ്റും എടുക്കാന്‍ ഇവിടെ വന്നപ്പോള്‍, ശിവാ സാറിന് ജലദോഷത്തിന് മരുന്നുവാങ്ങാന്‍ പോയ ഓര്‍മ്മയിലാണ് ആ ഡിസ്‌പെന്‍സറി അയാളപ്പോള്‍ തിരഞ്ഞെടുത്തത്. അവിടെച്ചെന്നാല്‍ പരിഹരിക്കാവുന്ന കാര്യങ്ങളല്ല ജഗന്‍സാറിന്റേതെന്നെറിയാഞ്ഞിട്ടല്ല, എങ്കിലും, അവിടെയെത്തിയാല്‍, ഡോക്ടര്‍ വല്ല അത്യാവശ്യപ്രഥമശുശ്രൂഷകളോ ഓക്‌സിജനോ മറ്റോ തന്നുവിട്ടാലോ. അല്ലെങ്കില്‍ പരിസരത്തുള്ള അടുത്ത ആശുപത്രിയെക്കുറിച്ചു വിവരവും കിട്ടുമല്ലോ. അങ്ങനെ വണ്ടി ആ ഡിസ്‌പെന്‍സറിയില്‍ ചെന്നു. അവിടത്തെ ഡോക്ടര്‍ അയാളുടെ പടുതി കാണുകയും വിവരം കേള്‍ക്കുകയും ചെയ്തതോടെ, ഓടിയിറങ്ങിവന്നു. അപ്പോഴേക്കും ജഗന്റെ തലയിലെ പരുക്ക് വീക്കം വെച്ചിരുന്നു. കാറിലാകെ ചോര. നന്ദഗോപാല്‍ നോക്കുമ്പോള്‍, മുട്ടുചിരിട്ടകളുടെ സ്ഥാനത്ത് രണ്ടു വലിയ ദ്വാരം മാത്രം. പരിശോധിച്ചശേഷം, അദ്ദേഹം പറഞ്ഞു, ഒരു മിനിറ്റു വൈകാനുമില്ല, ഇവിടെയൊന്നും തന്നെ ചെയ്യാനുമില്ല. നിമിഷം കളയാതെ, ജനറല്‍ ഹോസ്പിറ്റലിലെത്തിക്കണം. ഇതേവഴി നേരേ പോകുക. സ്‌ട്രെയിറ്റ് നാല്പതുകിലോമീറ്റര്‍. അവിടാകുമ്പോള്‍, ഏറ്റവും പ്രധാനപ്പെട്ട ന്യൂറോ സര്‍ജനുണ്ട്. എനിക്കു ചെയ്യാവുന്ന കാര്യം, ഞാനിവിടത്തെ ഫോണുപയോഗിച്ച് ജനറല്‍ ഹോസ്പിറ്റലില്‍ വിളിച്ചുപറയാം, ഇങ്ങനൊരു കേസ് വരുന്നുണ്ടെന്നും, മലയാളത്തിലെ സൂപ്പര്‍ താരമാണെന്നും ന്യൂറോ സര്‍ജനെ വിളിച്ചുവരുത്താനും ഓപ്പറേഷന്‍ തിയേറ്റര്‍ സജ്ജമാക്കാനും...

അദ്ദേഹത്തോടു നന്ദി പറഞ്ഞുകൊണ്ട്, നന്ദഗോപാല്‍ വീണ്ടും കാറില്‍ കയറി. അപ്പോഴേക്കും നഴ്‌സ് കുറേയധികം ചുറ്റുതുണി കൊണ്ടുവന്നുകൊടുത്തിരുന്നു. ചോര വാരുന്ന മുറിവുകളില്‍ നന്ദഗോപാല്‍ യാത്രയ്ക്കിടെ, അതു ചുറ്റിച്ചുറ്റിയൊതുക്കി. വണ്ടി പറന്നു. ചന്ദ്രപ്പന്‍ ഒന്നും കാണുന്നുണ്ടായിരുന്നില്ല. മഴയിലൂടെ അത് പായുന്നതു കണ്ടാല്‍, ആരും ഭയന്നുപോകുമായിരുന്നു. പക്ഷേ, ആ പാച്ചിലിനും ഫലമുണ്ടായില്ല. മഴ പെയ്ത് വെള്ളക്കെട്ടുകള്‍ വഴിയില്‍ രൂപംകൊള്ളാന്‍ തുടങ്ങിയിരുന്നു. ഒന്നുരണ്ടു വെള്ളക്കെട്ടുകള്‍ ആ കുഞ്ഞുകാര്‍ കുതിച്ചിറങ്ങിക്കയറി. പക്ഷേ, ഒരു ചപ്പാത്തിലേക്കു കേറിക്കിടന്ന വെള്ളം ഇറങ്ങിക്കയറിക്കടക്കാന്‍ അതിനു പ്രാണനുണ്ടായിരുന്നില്ല. ചന്ദ്രപ്പന്‍ ഇറക്കാന്‍ പോയതാണ്. പക്ഷേ, അവിടെ കാത്തുനിന്നിരുന്ന നാട്ടുകാര്‍ തടഞ്ഞു. ആപത്ത് എന്നവര്‍ ആര്‍ത്തുവിളിച്ചു. പിന്നെ, അവര്‍ പറഞ്ഞുകൊടുത്ത ഒരു വഴിയിലൂടെ ചുറ്റിത്തിരിഞ്ഞ് മറ്റൊരു വഴിയിലൂടെ കാര്‍ ഹൈവേയില്‍ പുനഃപ്രവേശിച്ച് ഹോസ്പിറ്റലിലേക്കു പാഞ്ഞെത്തുമ്പോള്‍, ജഗനിലെ ശ്വാസഞരക്കം നേര്‍ത്തിരുന്നു. പക്ഷേ, ആ കണ്ണുകള്‍ ആദ്യമെന്നപോലെ, പാതി തുറന്നിരിക്കുകയും ചന്ദ്രപ്പനെയും നന്ദഗോപാലിനെയും ആര്‍ദ്രമായി നോക്കുകയും ചെയ്തു. ഹോസ്പിറ്റലിലേക്ക് ഒരു ഫോണും വന്നിരുന്നില്ല.

നന്ദഗോപാലിന് എല്ലാം വീണ്ടും പറയേണ്ടിവന്നു. ആശുപത്രിക്കാര്‍ തിടുക്കത്തില്‍ എല്ലാം ചെയ്തു. ഡോക്ടര്‍ക്കു ഫോണ്‍ പോയി. പ്രഥമശുശ്രൂഷകള്‍ ആരംഭിച്ചു. ഓപ്പറേഷന്‍ തിയേറ്റര്‍ സജ്ജമാക്കാനാരംഭിച്ചു. പ്രീ ഓപ്പറേഷന്‍ മുറിയിലേക്കു ജഗനെക്കൊണ്ടുപോയി. നന്ദഗോപാലിനെയും ചന്ദ്രപ്പനെയും അവിടേക്കു കൊണ്ടുപോയി. അവരാണ് നഴ്‌സുമാര്‍ക്കു പോലും മുറിക്കാനാകാതിരുന്ന ടൈറ്റ് ജീന്‍സ് അഴിച്ച് ജഗനെ തയ്യാറാക്കിയത്. ആ ദേഹം മുട്ടുചിരട്ടകള്‍ കുഴിഞ്ഞുപോയതും തല വീക്കംവെച്ചുനില്‍ക്കുന്നതുമൊഴിച്ചാല്‍ കടഞ്ഞെടുത്തതുപോലെയിരുന്നു. നഗ്നതയില്‍, ആ നിലയില്‍, ജഗന്റെ മോഹനശരീരം ശൈശവകാന്തിയാര്‍ന്നിരുന്നു. ജഗന്റെ നഗ്നതയെ നഴ്‌സുമാര്‍ പച്ചത്തുണി കൊണ്ടുമൂടി. കരഞ്ഞുകൊണ്ട്, അവര്‍ രണ്ടാളും അവിടെനിന്നു പുറത്തേക്കിറങ്ങുമ്പോഴേക്കും ഡോക്ടര്‍ എത്തിയിരുന്നു. ജഗന്റെ ശരീരത്തിനു പിന്നാലേ, ഡോക്ടറും ഓപ്പറേഷന്‍ തിയേറ്ററിലേക്കു കയറി, ആ വാതില്‍ അടയുന്നത് അവര്‍ കണ്ടുനിന്നു.

പിന്നെ, നന്ദഗോപാല്‍ പോയി, ആരോമല്‍ പിക്‌ചേഴ്‌സിന്റെ ഓഫീസിലേക്കു ഫോണ്‍ ചെയ്ത് വിവരങ്ങള്‍ പറഞ്ഞു. ഒന്നേകാല്‍ മണിക്കൂര്‍ കഴിഞ്ഞപ്പോള്‍, തിരക്കഥാകൃത്ത് മാടമ്പള്ളി ജോസും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സുധീന്ദ്രനും വന്നു. അഞ്ചു മിനിറ്റുകൂടി കഴിഞ്ഞപ്പോള്‍ പ്രമുഖനിര്‍മ്മാതാവ് ജിജോ ഫിലിംസിന്റെ ജിജോ കുര്യച്ചന്‍ എത്തി. പിന്നെല്ലാക്കാര്യങ്ങളും കുര്യച്ചന്‍ ഏറ്റെടുത്തു. മറ്റുള്ളവര്‍ പോയിരുന്നത് ജി.കെ. ഹോസ്പിറ്റലിലായിരുന്നു. അതു തിരക്കിയറിഞ്ഞ്, അവിടെ ഇവിടത്തെ കാര്യം കുര്യച്ചന്‍ അറിയിച്ചു. ഭാസുരേന്ദ്രന് ബോധം വന്നെന്നും മള്‍ട്ടിപ്പിള്‍ ഫ്രാക്ചറുണ്ടെന്നുമുള്ള വിവരം ഇവിടെയും അറിയിച്ചു. പൈലറ്റിന് നിസ്സാരപരുക്കുകളേയുള്ളൂ എന്നും പക്ഷേ, പിച്ചും പേയുംപോലെ പറയുന്നതുകൊണ്ട്, തലയ്ക്കടിപ്പെട്ടിട്ടുണ്ടോ എന്നു പരിശോധിക്കാന്‍ അവിടെ നിരീക്ഷണത്തിലാണെന്നും ഭാസുരേന്ദ്രന്‍ ജഗനെവിടെ, അവനെക്കാണണം എന്നു പറഞ്ഞു ബഹളമാണെന്നും പറഞ്ഞു. എന്തു പറയണം എന്നു ജിജോ കുര്യച്ചന്‍ മറ്റുള്ളവരോടു ചോദിക്കുന്ന നിമിഷത്തിലാണ്, ഡോക്ടര്‍ പുറത്തു വന്നത്. അദ്ദേഹം എല്ലാവരെയും നോക്കി ഒരല്‍പ്പനേരം നിന്നു. പിന്നെ, തലതാഴ്ത്തി വിഷമത്തോടെ പറഞ്ഞു.

കഴിയുന്നത്ര ഞങ്ങള്‍ പരിശ്രമിച്ചു. ബട്ട് ദ ഡിസിഷന്‍ ഓഫ് ദ ഓള്‍മൈറ്റി ഈസ്...
അവിടെ, വാക്യം അവസാനിപ്പിച്ച്, ഡോക്ടര്‍ ദീക്ഷിച്ച മൗനം അനുനിമിഷം അവിടമാകെ പടര്‍ന്നുപന്തലിച്ചു. എല്ലാവരും അവനവനിലേക്കുതന്നെ ആഴ്ന്നിറങ്ങിയതുപോലെ നിലകൊണ്ടു. ഡോക്ടര്‍ വല്ലാത്തൊരു കുറ്റബോധലാഞ്ഛനയോടെ അവരെ വിട്ടുനീങ്ങി. അപ്പോഴേക്കും, എന്താവശ്യം സിനിമക്കാര്‍ക്കുണ്ടായാലും അതറിഞ്ഞാല്‍, അവിടെ പറന്നെത്തുന്ന, സകലരുടെയും ഒരസ്മാദി എന്നു പറയാവുന്ന ഡാന്‍സര്‍ തമ്പാന്‍ അവിടെത്തിച്ചേര്‍ന്നു. പിന്നെ, കുര്യച്ചന്റെ നിര്‍ദ്ദേശപ്രകാരം തമ്പാന്‍ ബാക്കിക്കാര്യങ്ങള്‍ക്കുവേണ്ടി ഓടിനടന്നു.

വലിയ പിടിപാടുള്ള ആളായിരുന്നു കുര്യച്ചന്‍. അപ്പോഴേക്കും എയര്‍ സ്ട്രിപ്പില്‍ പോലീസ് വരികയും കേസ് രജിസ്ട്രര്‍ ചെയ്യുകയും ചെയ്തിരുന്നു. അതിനു വേണ്ട കാര്യങ്ങള്‍ നീക്കാന്‍ ആളെ ഏര്‍പ്പാടു ചെയ്തശേഷം, കുര്യച്ചന്‍ ചില ഫോണ്‍കോളുകള്‍ ചെയ്തു. ബോഡി പോസ്റ്റുമോര്‍ട്ടം നടക്കണം. കേരളത്തിലേക്കു കൊണ്ടുപോകണം. ജഗന് ഭാര്യയും മക്കളുമില്ല. ഉള്ളത്, കൊട്ടാരക്കരയിലെ മാതൃകുടുംബമാണ്. അച്ഛനും അമ്മയും ജീവിച്ചിരിപ്പില്ല. ഒരു സഹോദരന്‍ മാത്രം. ഇളയ അനുജന്‍ ജഗന്മോഹന്‍ നായര്‍. അദ്ദേഹം ഭാര്യയും കുട്ടികളുമായി തറവാട്ടില്‍ താമസിക്കുന്നു. സിനിമയുമായും സിനിമാക്കാരുമായും ഒരു ബന്ധവുമില്ല. ജഗന്‍ അവരുടെ അടുത്തു സന്ദര്‍ശാനാര്‍ത്ഥം പോകുന്നതല്ലാതെ, സിനിമാലോകത്തേക്ക് അവരാരും വരുന്ന പതിവുമുണ്ടായിരുന്നില്ല.

പക്ഷേ, കുറച്ചുകാലം മുമ്പ്, അനുജന്റെ വിവാഹം നടന്നത്, ജഗന്‍ സിനിമാക്കാരനായ ശേഷമാണ്. അതു നിന്നു നടത്തിച്ചത് ജഗനാണ്. അനുജനെയും കുടുംബത്തെയും ഇഷ്ടമാണ്. പക്ഷേ, ചെറുപ്പത്തിലേ കുടുംബം രക്ഷിക്കാന്‍, ആഗ്രഹിച്ച വിദ്യാഭ്യാസം നേടാന്‍ പോലുമാകാതെ സൈന്യത്തില്‍ ചേര്‍ന്നു കഷ്ടപ്പെട്ട ജഗന്, കുടുംബത്തിനു വേണ്ടതു ചെയ്യുക എന്നതിലപ്പുറം നിരന്തരസമ്പര്‍ക്കമുണ്ടായിരുന്നില്ല. അതിനാല്‍, സിനിമാക്കാര്‍ക്ക് സത്യത്തില്‍ ജഗന്റെ കുടുംബക്കാരുമായി വലിയ അടുത്തുപരിചയമുണ്ടായിരുന്നില്ല. സിനിമ തന്നെയായിരുന്നു ജഗന്റെ കുടുംബം.

കുര്യച്ചന്‍ നിഗൂഢരഹസ്യത്തിന്റെ കുട്ടിക്കാനത്തെ സെറ്റിനടുത്തുള്ള ഒരു വീട്ടിലെ ഫോണ്‍ നമ്പര്‍ സംഘടിപ്പിച്ച് പ്രേം ഫിറോസിനെ വിവരം അറിയിച്ചു. വാര്‍ത്ത കേട്ട പ്രേം ഫിറോസ് ഫോണ്‍ വലിച്ചെറിയുകയും, നാലഞ്ചുമിനിറ്റോളം എന്തൊക്കെയോ ഭ്രാന്തുപോലെ പെരുമാറുകയും ചെയ്തതിനുശേഷമാണ്, അടുത്തുണ്ടായിരുന്നവരോട് ജഗന്‍ പോയി എന്നു കരഞ്ഞുകൊണ്ടു പറഞ്ഞത്.

പിന്നെ, പ്രേം ഫിറോസിന്റെ നേതൃത്വത്തില്‍ കാര്യങ്ങള്‍ പലയിടത്തും വിളിച്ചുപറഞ്ഞ്, ആളുപോയി, കുടുംബക്കാരെ അറിയിച്ചു. അവരുടെ താത്പര്യപ്രകാരം ബോഡി കൊട്ടാരക്കരയിലെ തറവാട്ടിലെത്തിച്ചു സംസ്‌കരിക്കാന്‍ തീരുമാനിച്ചു. അതിന് കേസു നില്‌ക്കെ, ബോഡി വിട്ടുകിട്ടുകയെന്നതും പ്രയാസമായി. അതുപോലെ, ബോഡി വിമാനത്തില്‍ക്കൊണ്ടുവരുന്നതും പ്രതിസന്ധിയായി. എല്ലാം പരിഹരിച്ചത് പ്രേം ഫിറോസിന്റെയും കുര്യച്ചന്റെയും ബന്ധങ്ങളാണ്. തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന എം.വി.ആറിനെ, അദ്ദേഹം സിനിമാനടനായിരുന്ന കാലത്ത് കൂടെ അഭിനയിച്ച കാലം മുതല്‍ പരിചയമുണ്ടായിരുന്ന പ്രേം ഫിറോസ് നേരിട്ടു വിളിച്ചു. അതോടെ, തമിഴ്‌നാട്ടിലെ കുരുക്കുകള്‍ അഴിഞ്ഞു. കേരള മുഖ്യമന്ത്രിയായിരുന്ന ഇ.കെ. നമ്പ്യാരെയും അദ്ദേഹം വിവരമറിയിച്ചു. രണ്ടു സംസ്ഥാനസര്‍ക്കാരുകളും അകമഴിഞ്ഞു സഹായിച്ചു. വിമാനക്കമ്പനിയുമായി കുര്യച്ചന്‍ സംസാരിച്ചു. പില്‍ക്കാലത്ത് പ്രേം ഫിറോസിന്റെ മൃതദേഹം പോലും മദിരാശിയില്‍നിന്ന് കേരളത്തിലേക്കു വന്നത് കാര്‍ഗോയിലാണെങ്കില്‍, ജഗന്റെ ബോഡി യാത്രാവിമാനത്തില്‍ത്തന്നെ വരുന്ന വിധത്തിലേക്കു കാര്യങ്ങള്‍ നീങ്ങി.

പക്ഷേ, മരണം സംഭവിച്ച രാത്രി ആ ഹോസ്പിറ്റലിലെ തണുത്തുവിറങ്ങലിച്ച മോര്‍ച്ചറിയില്‍ ജഗന്‍ എന്ന അതിശയതാരം ആരോരുമില്ലാതെ കിടക്കുന്ന ദയനീയചിത്രം ഡാന്‍സര്‍ തമ്പാന്‍ വിവരിക്കുന്നത് വേദനാജനകമാണ്. ഞങ്ങള്‍ക്കു ജഗനെക്കാണണം എന്നു ബഹളമുണ്ടാക്കി, മദ്യപിച്ചു വന്ന ശിവാ സാറെയും ശ്യാം കിഷോറിനെയും അവര്‍ ബോഡി കാണിക്കുകപോലും ചെയ്തില്ല. വന്ന വണ്ടി വഴിയില്‍ പഞ്ചറായിട്ട്, ആ രാത്രിയില്‍, അപ്പോഴും പെയ്ത മഴയില്‍ നനഞ്ഞ്, രണ്ടു കിലോമീറ്റര്‍ നടന്നാണവര്‍ വന്നിരുന്നത്. അതിന്റെ വിവരണം, അവരെ കൊണ്ടുവന്ന മാടമ്പള്ളി ജോസ് പറയുന്നതും സങ്കടനിര്‍ഭരശബ്ദത്തില്‍. പിറ്റേന്ന്, ഒരു വിമാനത്തില്‍, ധാരാളം ചലച്ചിത്രപ്രവര്‍ത്തകരുടെയൊപ്പം, ജഗന്റെ നിശ്ചേഷ്ടശരീരം മദിരാശിയില്‍നിന്നു തിരുവനന്തപുരം വിമാനത്താവളത്തിലേക്കു വന്നു. അവിടെനിന്ന് ജഗന്റെ തുള്ളിത്തെറിക്കുന്ന ചേതനയുറ്റ ജീവശരീരത്തെ തല്‍ത്തലേദിവസം അങ്ങോട്ടു പറത്തിക്കൊണ്ടുപോയ അതേ വിമാനമായിരുന്നു അതെന്ന് അതിന്റെ നമ്പര്‍ പറയുന്നതു കേട്ട് നന്ദഗോപാല്‍ മാത്രം വിചാരിച്ചു. തൊഴിലാളികള്‍ക്കുവേണ്ടി തന്റെ കഥാപാത്രങ്ങളെയും കഥകളെയും മിനുക്കിയ ജഗന്റെ ബോഡി പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ ആശുപത്രിത്തൊഴിലാളികള്‍ മദ്യത്തിനു വാശിപിടിച്ചതും, മദ്യവും പോസ്റ്റുമോര്‍ട്ടത്തിനാവശ്യമായ വസ്തുക്കളും തേടി താന്‍ അലഞ്ഞതും ഓര്‍ത്ത് ഡാന്‍സര്‍ തമ്പാനും വിതുമ്പി.

തിരുവനന്തപുരത്തുനിന്ന് കൊട്ടാരക്കരവരെ വിലാപയാത്ര. കൊട്ടാരക്കരയില്‍ പൂഴിവാരിയിട്ടാല്‍ നിലത്തുവീഴാത്തത്ര വലിയ ജനസഞ്ചയത്തിന്റെ സാന്നിദ്ധ്യത്തില്‍ ആചാരനിര്‍വിശേഷം, അന്ന്, അതായത്, 1980 ഫെബ്രുവരി പതിനെട്ടിന് സന്ധ്യയ്ക്ക് ജഗന്റെ ചിത കത്തിയെരിഞ്ഞു. സൂര്യന്‍ ആ ചിതയിലെ തീവെളിച്ചത്തിലേക്ക് അസ്തമയപ്രഭയയച്ച് ഇരുസ്ഫുലിംഗങ്ങളും ഇഴുകിച്ചേര്‍ന്ന്, അവിടമാകെ അരുണാഭ കലര്‍ന്ന ഒരന്തരീക്ഷമായിത്തീര്‍ന്നു. കരിമൂര്‍ഖന്‍, അഗ്നിവലയം, പടയൊരുക്കം തുടങ്ങിയ സിനിമകളുടെ സംഘങ്ങള്‍ ആ അന്ത്യയാത്ര തങ്ങളുടെ സിനിമകളോടൊപ്പം പ്രദര്‍ശിപ്പിക്കാനായി പകര്‍ത്തുന്നുണ്ടായിരുന്നു. സന്ധ്യമറയുകയും അഗ്നിനാമ്പുകള്‍ അടങ്ങുകയും ആള്‍ക്കൂട്ടം അഴിഞ്ഞുപോയിത്തുടങ്ങുകയും ചെയ്തതോടെ അവരുടെ ക്യാമറകള്‍ കണ്ണടച്ചു. ചാരം മൂടിയ കനലുകള്‍ ജ്വലനത്തിന്റെ മറവാണ്ട മുനകളായി അവശേഷിച്ചു.

ആ രാത്രി, അപകടശേഷം ജീവിച്ചിരുന്നെങ്കില്‍, തന്റെ കാണപ്പെട്ട ദൈവമായ ജഗന്‍ രണ്ടു കാലുകള്‍ക്കും ശേഷിയില്ലാതെ ഇഴഞ്ഞുജീവിക്കേണ്ടിവരുമായിരുന്നെന്നും അതിനു ദൈവം വഴിവെക്കാത്തതു നന്നായെന്നും പറഞ്ഞ്, മദിരാശിയില്‍, ജഗന്റെ കാറിലിരുന്ന്, ചന്ദ്രപ്പന്‍ തേങ്ങുകയായിരുന്നു. ഇനിയെന്താണു താന്‍ ചെയ്യേണ്ടത് അയാള്‍ക്ക് ഒരു പിടിയുമുണ്ടായിരുന്നില്ല. ആ കാര്‍ ജഗന് ജീവനായിരുന്നു. അതില്‍ ഒരു ചെളിപ്പാടു കണ്ടാല്‍ അദ്ദേഹം സങ്കടത്തോടെ നോക്കുമായിരുന്നു. അതുകൊണ്ടാണ്, അന്നു പകല്‍, ചന്ദ്രപ്പന്‍ ആ കാര്‍ കൊണ്ടുപോയി, സര്‍വീസ് ചെയ്ത് സുന്ദരമാക്കിയെടുത്തത്. ഇപ്പോഴതില്‍ ചോരയുടെ അണുപോലുമില്ല. ഇനി കാര്‍ എന്തു ചെയ്യണമെന്നയാള്‍ ആലോചിച്ചു. ജഗന്‍ സാര്‍ കേരളത്തില്‍, കൊച്ചിയില്‍ താമസിക്കുന്ന കാലത്ത്, സിനിമയില്‍ വരുന്നതിനു മുമ്പു വാങ്ങിയ കാറാണത്.

സിനിമാനടനായപ്പോള്‍ കാറു വാങ്ങിയതല്ല, മറിച്ച്, ഈ കാറിലാണ് ഇപ്പോള്‍ അദ്ദേഹത്തിന്റേതെന്നു പറയുന്ന ആ വേഷവിധാനത്തോടും ശൈലിയോടും കൂടി അദ്ദേഹം വേഷമന്വേഷിച്ചു നടന്നിരുന്നത്. മദിരാശി സ്ഥിരം താവളമായപ്പോള്‍ വണ്ടി ഇങ്ങോട്ടു കൊണ്ടുവന്നു. കേരളത്തില്‍ പോകുന്നത് കുറവാണ്. അപ്പോള്‍, വണ്ടിയിടുന്നത് മെല്ലിശൈ സ്റ്റുഡിയോയുടെ വളപ്പിലാണ്. വിമാനത്താവളത്തിലേക്കും റെയില്‍വേ സ്റ്റേഷനിലേക്കും അവിടെനിന്ന് എത്താനെളുപ്പമാണ്. ചന്ദ്രപ്പന്‍ പതിവുപോലെ, മെല്ലിശൈ സ്റ്റുഡിയോയുടെ വളപ്പില്‍ പതിവുമരച്ചുവട്ടില്‍, ഇരുട്ടില്‍, നിലാവ് മരച്ചില്ലകളിലൂടെ നൂറ്റ തണലില്‍ ആ വണ്ടിയെ ഉറക്കിക്കിടത്തി. പിന്നെ, അയാള്‍ ആ ഇരുട്ടിലൂടെ തന്റെ വീട്ടിലേക്കു നടന്നു. ഇനിയാരെക്കൂട്ടാനാണ് ഇവിടെനിന്ന് താന്‍ വിമാനത്താവളത്തിലേക്കോ റെയില്‍വേ സ്റ്റേഷനിലേക്കോ വണ്ടിയെടുക്കാന്‍ വരേണ്ടത് എന്ന ചോദ്യം അയാളില്‍ ചൂഴ്ന്നിറങ്ങി.

അതേസമയം, കൊട്ടാരക്കരയില്‍നിന്നു മടങ്ങുന്ന യൂണിറ്റുവണ്ടിയിലിരുന്ന് ജഗന്റെ പേഴ്‌സണല്‍ മേക്കപ്പ്മാന്‍ ശിവദാസന്‍ വിതുമ്പലോടെ ആലോചിക്കുകയായിരുന്നു. എനിക്കിഷ്ടപ്പെടുന്നൊരു വര്‍ത്തമാനവുമായി വരാമെന്നു പറഞ്ഞ ജഗന്‍ചേട്ടാ... ഈ വര്‍ത്തമാനം എനിക്കു താങ്ങാനാവുന്നില്ലല്ലോ എന്നയാള്‍ തേങ്ങി. ഒപ്പം, ഒരു പഴയ സംഭവമയാളോര്‍ത്തു. ഒരുദിവസം ഷൂട്ടിങ് കഴിഞ്ഞ് രാത്രി രണ്ടരയ്ക്കു മദിരാശി മാംഗ്രോവില്‍ താനും ജഗന്‍ചേട്ടനും കൂടി യൂണിറ്റുവണ്ടിയിലെത്തി. അവിടെത്തിക്കഴിഞ്ഞ് മേക്കപ്പ് അഴിക്കേണ്ടതുകൊണ്ടും, വേറേ ആളെ വിടാനുള്ളതുകൊണ്ടും യൂണിറ്റുവണ്ടി പോയി. അരമണിക്കൂര്‍ കൂടി കഴിഞ്ഞ് താന്‍ പോകാനിറങ്ങിയപ്പോള്‍ ജഗന്‍ചേട്ടന്‍ പറഞ്ഞു, താന്‍ കൊണ്ടുവിടാമെന്ന്. ചന്ദ്രപ്പന്‍ പോയെങ്കിലും വണ്ടി താഴെയുണ്ടെന്നും പറഞ്ഞു. താന്‍ സമ്മതിച്ചില്ല. ആ സമയത്ത് ജഗന്‍ ചേട്ടന്‍ തനിക്കു വേണ്ടി വണ്ടിയോടിക്കാനോ. അങ്ങനെ ഒരോട്ടോ പിടിച്ചു താന്‍ പോയി. കാലത്തു ഷൂട്ടിങ്ങുണ്ടെന്നും ആറരയ്ക്ക് മേക്കപ്പിനെത്തണമെന്നും പറഞ്ഞിരുന്നു. അതു പതിവാണ്. പിറ്റേന്ന് തന്റെ വാടകമുറിയില്‍ താനുണരുമ്പോള്‍, സമയം ആറര. നടുങ്ങിപ്പോയി. അഞ്ചുമിനിറ്റുകൊണ്ടൊരുങ്ങിയിറങ്ങി. പാഞ്ഞുപിടിച്ച് ഹോട്ടലില്‍ ജഗന്‍ചേട്ടന്റെ മുറിയിലെത്തുമ്പോള്‍, സമയം ഏഴാകുന്നു. ചാരിയിരുന്ന മുറി തുറന്നുകയറുമ്പോള്‍, ജഗന്‍ ചേട്ടന്‍ മേക്കപ്പിടാനിരിക്കുന്ന കസേരയില്‍ത്തന്നെയിരിക്കുന്നുണ്ട്. ഉരുകിപ്പോയ സന്ദര്‍ഭം. ഓടിച്ചെന്നു മേക്കപ്പിടാന്‍ തുടങ്ങി. ജഗന്‍ചേട്ടന്‍ ഒന്നും മിണ്ടുന്നില്ല. ഒന്നു ചീത്തവിളിച്ചെങ്കില്‍ എന്നാലോചിച്ചുപോയി. താനും മിണ്ടാന്‍ അശക്തനായിരുന്നു. മിണ്ടിയാല്‍ അദ്ദേഹം പൊട്ടിത്തെറിക്കുമോയെന്നും അടിക്കുമോയെന്നും ഭയമുണ്ടായിരുന്നു. മുമ്പ് താന്‍ ജോലി ചെയ്തിരുന്നത് തെലുഗു സിനിമയിലായിരുന്നു. അവിടെ അത്തരം അനുഭവങ്ങള്‍ ഇഷ്ടംപോലെയുണ്ടായിരുന്നു. മേക്കപ്പ് കഴിഞ്ഞു. സമസ്താപരാധമെന്നു നിലവിളിച്ചു കാലില്‍ വീഴണമെന്നായിരുന്നു ആലോചന. പക്ഷേ, മേക്കപ്പ് കഴിഞ്ഞ് എഴുന്നേറ്റ ജഗന്‍ ചേട്ടന്‍ എന്റെ കൈകള്‍ കൂപ്പിയെടുത്തു തന്റെ കൈകളോടു ചേര്‍ത്തു തൊഴുതുകൊണ്ടു പറഞ്ഞു.

എന്നോടു ക്ഷമിക്കണം ശിവദാസന്‍... നീ രാത്രി അത്രയും വൈകുന്നതുവരെ പണിയെടുത്തു തളര്‍ന്ന്, എങ്ങനൊക്കെയോ വീടുപറ്റി തളര്‍ന്നുറങ്ങുന്ന ആ അനുഭവം ഞാനോര്‍ത്തില്ലെടാ. നിന്നോടൊരിക്കലും ഞാന്‍ കാലത്ത് ആറരയ്‌ക്കെത്താന്‍ പറയാന്‍ പാടില്ലായിരുന്നു. എന്നോടൊന്നും തോന്നല്ലേടാ...
വാവിട്ടുള്ള നിലവിളിയുടെ കൂടെ, എന്റെ ജഗന്‍ചേട്ടാന്നു വിളിച്ച് ആ ദേഹത്തേക്കു ചാരുകയുമായിരുന്നു താന്‍. മേക്കപ്പിളകിയാല്‍ നിനക്കുതന്നെയാണു പണി... എന്നു ചിരിച്ചുപറഞ്ഞുകൊണ്ട്, അദ്ദേഹം തന്നെ ചേര്‍ത്തുപിടിച്ച ആ നിമിഷമോര്‍ത്തപ്പോള്‍, ശിവദാസിനു ദേഹം കുളിരുകോരി. മദിരാശിയില്‍ ജഗന്റെ കാര്‍ വിശ്രമിച്ചിരുന്ന മരച്ചുവട്ടില്‍, കാറിനുമീതേ കരിഞ്ചിത്രക്കമ്പളം വിരിച്ച അതേ ചന്ദ്രന്‍, ദൂരെ, കൊട്ടാരക്കരയില്‍നിന്നു കുട്ടിക്കാനത്തേക്കു പോകുകയായിരുന്ന ആ വണ്ടിയില്‍, ശിവദാസന്റെ വിലാപചിത്രം പതറിയോടുന്ന നിലയില്‍ പാതയില്‍ വരച്ചുപായിക്കുകയായിരുന്നു. തനിക്ക് ജഗന്‍ സമ്മാനിച്ച വിലകൂടിയ വാച്ച്, ശിവദാസന്‍ ആ നിഴല്‍ച്ചിത്രസഞ്ചാരത്തിലേക്കു നീക്കിപ്പിടിച്ചു. നിഴലിന്റെ കൈത്തണ്ടയില്‍, വാച്ചിന്റെ ഇരുളുരുവം കാണപ്പെട്ടു. തമോവൃത്തത്തില്‍ കാലത്തിന്റെ സ്പന്ദസൂചികള്‍ കാണാത്തതിനാല്‍, അതില്‍ സമയം വായിക്കാനാവുന്നുണ്ടായിരുന്നില്ല.


Content Highlights: anvar abdullah,1980 novel, mathrubhumi books, detective novel, malayalam


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
State Car

1 min

പുതിയ 8 ഇന്നോവ ക്രിസ്റ്റ കാറുകള്‍ വാങ്ങി സര്‍ക്കാര്‍: മന്ത്രി റിയാസിന് പഴയ കാറിനൊപ്പം പുതിയ കാറും

Feb 1, 2023


Gautam adani

1 min

'നാല് പതിറ്റാണ്ടിലെ വിനീതമായ യാത്ര, വിജയത്തില്‍ കടപ്പാട് അവരോട്'; വിശദീകരണവുമായി അദാനി

Feb 2, 2023


Pinarayi Vijayan

3 min

എയിംസ് ഇല്ല, റെയില്‍വേ വികസനമില്ല; ബജറ്റ് കേരളത്തിന് നിരാശാജനകമെന്ന് മുഖ്യമന്ത്രി

Feb 1, 2023

Most Commented