ജിസ ജോസ്
നോവലുകള്‍ വായിക്കാനേറെ ഇഷ്ടമായിരുന്നു. മറ്റു വിനോദോപാധികളൊന്നും കാര്യമായില്ലാതിരുന്ന കുട്ടിക്കാലത്ത് വായനയായിരുന്നു ലഹരി. കൈയ്യില്‍ കിട്ടുന്നതെന്തും വായിക്കുന്ന ഒരു കാലം! നോവലുകള്‍ താരതമ്യേന വലുതായതു കൊണ്ട് കൂടുതല്‍ സന്തോഷമാവും. പെട്ടന്നു വായിച്ചുതീര്‍ന്നു പോവില്ലല്ലോ.. മുതിര്‍ന്നപ്പോഴും ആ ഇഷ്ടം വിട്ടു പോയില്ല. പക്ഷേ സ്വന്തമായൊരു നോവലെഴുതുകയെന്നത് വിദൂരമായ സ്വപ്നം പോലുമായിരുന്നില്ല. കഥകളെഴുതിയിരുന്ന കോളേജ് കാലത്തും നീണ്ടൊരിടവേളയ്ക്കു ശേഷം എഴുത്തിലേക്കു തിരിച്ചു വന്ന സമയത്തും നോവല്‍ എഴുതാന്‍ സാധിക്കുമെന്ന് ആലോചിച്ചിട്ടുമില്ല. കഥകളെഴുതാനായിരുന്നു ആഗ്രഹം. മറ്റുള്ളവരെഴുതിയ നോവലുകള്‍ വായിക്കാനും. ഇഷ്ടപ്പെട്ട നോവലുകള്‍ വായിക്കുമ്പോഴൊക്കെ എങ്ങനെ ഇത്രയും വായനാക്ഷമത നിലനിര്‍ത്തി, വലിയ കാന്‍വാസില്‍ ഇടര്‍ച്ചകളും പാളിച്ചകളുമില്ലാതെ നീണ്ടൊരു കാലം ആവിഷ്‌കരിക്കുന്നു എന്നതിശയിച്ചിട്ടുണ്ട്.
നോവലെഴുതാനുള്ള പദ്ധതി മനസ്സിലെങ്ങുമില്ലാതിരുന്നിട്ടും മുദ്രിത എന്ന നോവല്‍ രൂപപ്പെട്ടു വന്നു. കഥയായിത്തുടങ്ങി നോവലിന്റെ രൂപത്തിലേക്കു വളര്‍ന്നതായിരുന്നു മുദ്രിത. ആ ധൈര്യത്തിലാണ് ആനന്ദഭാരം എഴുതിത്തുടങ്ങിയത്. ഓര്‍മ്മകള്‍ മാഞ്ഞു പോയ, രോഗിണിയായ ഒരു സ്ത്രീയും അവരെ ശുശ്രൂഷിക്കേണ്ടി വരുന്ന, അവരോട് ഉള്ളലിഞ്ഞ ബന്ധമൊന്നുമില്ലാത്ത മറ്റൊരു സ്ത്രീയും. ഇവര്‍ക്കു രണ്ടു പേര്‍ക്കുമിടയില്‍ തന്റെ നിസ്സഹായതകളും ഭീതിയും മറച്ചുവെക്കാന്‍ ക്രൂരമായി പെരുമാറുന്ന ഒരു പുരുഷനും ആയിരുന്നു തുടക്കത്തിലുണ്ടായിരുന്നത്. സങ്കീര്‍ണ്ണമായ മനുഷ്യാവസ്ഥകളും ബന്ധങ്ങളിലെ മമതാരാഹിത്യവും സ്വാര്‍ത്ഥതയുമൊക്കെ ആവിഷ്‌കരിക്കാനുതകുന്ന കഥാപാത്രങ്ങള്‍ കൂടുതലായി വന്നു ചേര്‍ന്നു. എല്ലാക്കാലത്തും വിസ്മയിപ്പിച്ചിട്ടുള്ള സെന്‍ തത്വചിന്തയും കവിതകളും അവരുടെ ചിന്തകളെ, പ്രവൃത്തികളെ സ്വാധീനിച്ചതും അറിയാതെയായിരുന്നു.
റെയില്‍വേ ക്വാര്‍ട്ടേഴ്‌സുകളിലായിരുന്നു കുട്ടിക്കാലം ചെലവഴിച്ചത്. പുതിയൊരു സ്ഥലത്ത് വേരുപിടിക്കുമ്പോഴേക്ക് പൂര്‍ണ്ണമായും അവിടെ നിന്ന് തീര്‍ത്തും വ്യത്യസ്തമായ വേറൊരിടത്തേക്ക് പറിച്ചുനടപ്പെടും. ജീവിതം പെട്ടന്നു അടിമുടി പുതുമയുള്ളതായി മാറും. ഇത്തരം വീടുമാറ്റങ്ങള്‍, നാടുകടക്കലുകള്‍ വളരെ ആസ്വാദ്യമായിരുന്നു അക്കാലത്ത്. ഗുഡ്‌സ് ഷെഡ്ഡും ധാരാളം ക്വാര്‍ട്ടേഴ്‌സുകളുമുള്ള നഗരമധ്യത്തിലെ റെയില്‍വേ കോളനിയില്‍ വളരെക്കാലം താമസിച്ചിട്ടുണ്ട്. കൗമാരത്തിന്റെ അവസാനമാണ് അവിടെയെത്തിയത്. ആ ദൃശ്യങ്ങള്‍, അവിടത്തെ അനുഭവങ്ങള്‍ മനസ്സില്‍ പതിഞ്ഞു കിടന്നതു കൊണ്ടാവാം ആനന്ദഭാരത്തിന്റെ പശ്ചാത്തലവും അവിടെയായത്. ഇടുങ്ങിയതും ഒട്ടിച്ചേര്‍ന്നതുമായ ക്വാര്‍ട്ടേഴ്‌സുകള്‍, അതിനുള്ളിലെ തണുത്ത ഇരുട്ട്, ഇത്തിരി മുറ്റങ്ങളില്‍ വസന്തം തന്നെ വിരിയിക്കുന്ന സ്ത്രീകള്‍, കൂട്ടുചേരലുകള്‍, പിണക്കങ്ങള്‍, പരിഭവങ്ങള്‍... ഇതൊക്കെ എത്രയോ പരിചിതവും പ്രിയങ്കരവുമാണ്. ഗുഡ്‌സ് ഷെഡ്ഡില്‍ ചരക്കുകളുമായി എപ്പോഴും ഗുഡ്‌സ്‌ട്രെയിനുകളുണ്ടാവും. കയറ്റിറക്കു തൊഴിലാളികളും ലോറികളുമൊക്കെയായി കോലാഹലം നിറഞ്ഞ ഇടം! പക്ഷേ അപ്രതീക്ഷിതമായി ചില ദിവസങ്ങളില്‍ ഒച്ചയനക്കങ്ങളില്ലാതെ അവിടം നിശ്ചലമാവുന്നു. ആ നിശ്ശബ്ദത അസഹനീയമായിപ്പോലും തോന്നാറുണ്ട്.
അതുപോലെയായിരുന്നു വിനോദിനിയുടെ ജീവിതം. പെട്ടന്നൊരു ദിവസം ഓര്‍മ്മകളും ശരീരവും നിലച്ചുപോകുന്നു. അവരുടെ പ്രിയപ്പെട്ട സ്മൃതികള്‍, മോഹങ്ങള്‍.. ഒന്നും ആരുമറിയാതെ മാഞ്ഞു മാഞ്ഞില്ലാതാവുന്നു. എന്നിട്ടും പ്രിയപ്പെട്ട ഓര്‍മ്മകളെയും, ആ നിശ്ചലാവസ്ഥയില്‍ നിന്ന് തന്നെത്തന്നെയും വീണ്ടെടുക്കാന്‍ അവര്‍ തീവ്രമായി പ്രയത്‌നിക്കുന്നുണ്ടാവാം. ആ ശ്രമങ്ങളെല്ലാം വിഫലമായിപ്പോവുന്നതുകൊണ്ട് ആരുമതിനെപ്പറ്റി തിരിച്ചറിയുന്നില്ല. ഏറ്റവും പ്രിയങ്കരമായൊരു നിമിഷത്തിലേക്ക്, പ്രിയപ്പെട്ട ഓര്‍മ്മയിലേക്ക് തിരിച്ചു ചെല്ലാനുള്ള അക്ഷീണ ശ്രമത്തിലായിരുന്നു വിനോദിനി എന്നു സങ്കല്പിക്കാനാണിഷ്ടം. അവരെക്കുറിച്ചെഴുതുമ്പോഴൊക്കെ അവരൊരു ദിവസം എഴുന്നേറ്റു വരുമെന്നു പ്രതീക്ഷിച്ചു കൊണ്ടേയിരുന്നു. അതു സംഭവിക്കില്ലെന്നറിയാം. ആറു വര്‍ഷങ്ങളോളം സമാനമായ അവസ്ഥയില്‍ തുടര്‍ന്ന ഏറ്റവുമടുത്ത കുടുംബാംഗത്തെ നിരീക്ഷിക്കുമ്പോഴായിരിക്കണം വിനോദിനി മനസ്സില്‍ രൂപപ്പെട്ടത്.
വിനോദിനിയുടെയും രത്‌നമേഖലയുടെയും വിപിനന്റെയും ജീവിതത്തില്‍ നിന്ന് പരിമളത്തിലേക്കും മരതകത്തിലേക്കുമൊക്കെ കഥ വളര്‍ന്നു. അടുത്തടുത്തുള്ള ക്വാര്‍ട്ടേഴ്‌സുകളില്‍ ഒറ്റപ്പെട്ടതോ ഒറ്റയ്ക്കു നില്‍ക്കുന്നതോ ആയ സംഭവങ്ങളില്ല. നിത്യസഹായം വിപിനന്റെ വീട്ടിലേക്കു വരുന്നത്, മേരിപ്രീത നിത്യസഹായത്തിന്റെ ഓഫീസിലിരിക്കുന്നത് ഒക്കെ ജീവിതത്തിലെ ഒറ്റപ്പെടലിന്റെയും ദൈന്യതയുടെയും അങ്ങേയറ്റമായി അനുഭവിച്ചാണെഴുതിയത്. അപരിഹാര്യമായ നഷ്ടം സംഭവിച്ചു കഴിഞ്ഞ ദമ്പതിമാര്‍ പരസ്പരം ചേര്‍ന്നു നില്‍ക്കുന്നതിനു പകരം വിരുദ്ധ ദിശകളിലേക്കകന്നു മാറിയത്, അത്രയുമത്രയും അകലെ നിന്നു കൊണ്ട് ഒന്നിക്കാന്‍ കഴിയാത്തതോര്‍ത്തു നീറുന്നത്... വളരെ അസ്വസ്ഥതയുണ്ടാക്കിയ ജീവിതങ്ങളായിരുന്നു അവരുടേത്. ചിലപ്പോഴൊക്കെ മനുഷ്യര്‍ ഇവ്വിധം അപരിചിതമായ വിധത്തില്‍ പെരുമാറുന്നു. ആനന്ദഭാരം രത്‌നമേഖലയുടെയും വിനോദിനിയുടെയും കഥയാകുന്നത്രയും തന്നെ നിത്യസഹായത്തിന്റെയും മേരിപ്രീതയുടെയും കൂടി കഥയാണ്. പരിമളവും മരതകവും കൂടി അവര്‍ക്കൊപ്പമുണ്ട്.
രത്‌നമേഖല അവളുടെ ക്വാര്‍ട്ടേഴ്‌സിന്റെ വാതില്‍ തുറക്കുമ്പോഴെല്ലാം പുറത്ത് കണ്ണഞ്ചിപ്പിക്കുന്ന വെയിലാണ്. ആ വെയിലത്തേക്ക് നിസ്സഹായതയോടെ, ചിലപ്പോള്‍ മനസ്സുറപ്പോടെ നോക്കി നില്‍ക്കുന്നത് ഞാന്‍ തന്നെയാണ്. വെയിലത്ത് കൊണ്ടാട്ടമുണക്കുന്ന ഭാവത്തില്‍ ജീവിതം ഉണക്കിക്കൊണ്ടിരിക്കുന്ന പരിമളത്തെയും നേരിട്ടറിയാം. മല്ലി മൊട്ടുകളും കനകാംബരവുമൊക്കെ വാടാതിരിക്കാന്‍ വെള്ളം തളിച്ചു വെക്കുന്നെങ്കിലും ജീവിതം വാടിക്കരിഞ്ഞു പോയ മരതകവും പരിചയക്കാരിയാണ്. ചില സ്ത്രീകളുടെ ജീവിതത്തില്‍ വെയില്‍ മാത്രമേയുള്ളു. പക്ഷേ ആ വെയിലൊന്നും അവരെ കരിച്ചു കളയില്ലെന്ന പ്രതീക്ഷയാണ് ആനന്ദഭാരം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..