ലോകമഹായുദ്ധത്തിന്റെയും കൊളോണിയല്‍ കാലത്തിന്റെയും കെടുതികളിലൂടെയാണ് ഞാന്‍ വളര്‍ന്നുവന്നത്. കെടുതികള്‍ അവകൊണ്ട് അവസാനിച്ചില്ല, ദുരന്തങ്ങള്‍ തുടര്‍ന്നു. വ്യക്തിപരമായി നേരിട്ടിട്ടുള്ളതും, മുന്‍പിലൂടെ കടന്നുപോയിട്ടുള്ളതും, കേട്ടിട്ടുള്ളതും. സംഭവങ്ങള്‍ ഏറെക്കുറെ എന്നെ അടിതെറ്റിക്കുകയോ അദ്ഭുതപ്പെടുത്തുകയോ ചെയ്യാതായിരിക്കുന്നുവെന്ന് പറയാം ഇപ്പോള്‍, എണ്‍പതുകള്‍ തരണംചെയ്തുകൊണ്ടിരിക്കുമ്പോള്‍. എങ്കിലും ഷോക്കും അദ്ഭുതവും ഏല്പിച്ചില്ലെങ്കിലും, എളുപ്പമായല്ല അവ വരുന്നതും പോകുന്നതും പോകാതിരിക്കുന്നതും. അപ്രധാനമായതുകൊണ്ടല്ല ചില സംഭവങ്ങള്‍ ഞെട്ടലേല്പിക്കാതാകുന്നത്, അവ സാധാരണമായിത്തീരുമ്പോഴാണ്. മാനവചേതനയുടെ സംവേദനക്ഷമത എളുപ്പം നഷ്ടമാകുന്നില്ല. മുറിവുകള്‍ ഏല്‍ക്കുകതന്നെ ചെയ്യുന്നുണ്ട്. കടന്നുപോകുന്ന ദുരന്തങ്ങളുടെ പാടുകളും നിഴലുകളും ജീവനുള്ളതുപോലെ നിലനില്ക്കുന്നുണ്ട്, ഭാവിയിലേക്ക് നീളുന്നുമുണ്ട്. കൊറോണപോലുള്ള പ്രാകൃതിക രോഗങ്ങളെയല്ല വിവക്ഷിക്കുന്നത്. മനുഷ്യനിര്‍മിതമായ രോഗങ്ങളുണ്ട്, മാനവസംസ്‌കാരത്തെ ബാധിക്കുന്നവ. മാനവനിര്‍മിതമാണല്ലോ സംസ്‌കാരം എന്ന പ്രതിഭാസംതന്നെയും.

മാനവസംസ്‌കാരത്തില്‍നിന്ന് നമ്മുടെ കാലം പ്രതീക്ഷിക്കുന്നതെന്താണ്? നമ്മുടെ കാലത്തിന്റെ Zietgeist (യുഗചേതന?) അതിനെ മനസ്സിലാക്കുന്നതെങ്ങനെയാണ്? ഒരുപക്ഷേ, വളര്‍ന്നുകൊണ്ടിരിക്കുന്ന സാമൂഹികബോധവും തുടര്‍ന്നുകൊണ്ടിരിക്കുന്ന മൂല്യങ്ങളുടെ സൃഷ്ടിയുമാണ് സംസ്‌കാരം എന്ന് പറയാം. നീതി, സമത്വം, സ്വാതന്ത്ര്യം, മനുഷ്യാവകാശങ്ങള്‍, ധാര്‍മികത, ഇങ്ങനെയിങ്ങനെ കാലത്തോടൊപ്പം വലുതായിക്കൊണ്ടിരിക്കുന്ന ഒരു ക്ഷേത്രം. സംസ്‌കാരത്തിന്റെ പുരോഗതിക്കൊപ്പം മൂല്യങ്ങള്‍ വളരുകയും വികസിക്കുകയും ചെയ്യുന്നുവെങ്കിലും ഓരോ കാലത്തിന്റെയും ചേതന, Zietgeist, നിര്‍വചിക്കുന്ന മൂല്യബോധത്തിനും യഥാര്‍ഥത്തില്‍ മനുഷ്യര്‍ക്ക് ലഭ്യമാകുന്ന നീതിക്കും ഇടയില്‍ ഒരു വിടവ് നിലനില്‍ക്കുന്നുണ്ടാകും. ഈ വിടവിനുമീതെ പാലം പണിയുകയാണ് ഉദ്ബുദ്ധമതികളും സംസ്‌കാരം വിനിയോഗിക്കുന്ന ഉപകരണങ്ങളും സ്ഥാപനങ്ങളും ചെയ്യുന്നത്. പക്ഷേ, ആ പ്രയത്‌നത്തെ പ്രതികൂലമായി ബാധിക്കുന്നു രോഗങ്ങള്‍, മനുഷ്യനിര്‍മിതമെന്ന് നാം സൂചിപ്പിച്ച, മനുഷ്യന്റെതന്നെ ലബോറട്ടറികളില്‍നിന്ന് പുറത്തുവരുന്ന അണുക്കള്‍ പരത്തുന്ന രോഗങ്ങള്‍.

മൂല്യങ്ങളെ സൃഷ്ടിക്കാനും വളര്‍ത്താനും വികസിപ്പിക്കാനുമുള്ള പ്രയത്‌നങ്ങള്‍ ഉണ്ടായില്ലെന്നല്ല. രണ്ടാംലോകമഹായുദ്ധം അവശേഷിപ്പിച്ച തരിശുഭൂമിയില്‍നിന്നും വിഷണ്ണതയില്‍നിന്നും നിരര്‍ഥകതാബോധത്തില്‍നിന്നും പതുക്കെപ്പതുക്കെ എഴുന്നേറ്റ് മനുഷ്യര്‍ പുനര്‍നിര്‍മാണത്തിലും സാംസ്‌കാരിക സ്ഥാപനങ്ങള്‍ കെട്ടിപ്പടുക്കുന്നതിലും മുഴുകുകയുണ്ടായി. യുണൈറ്റഡ് നേഷന്‍സ് അതിന്റെ പ്രവര്‍ത്തനങ്ങള്‍ വിവിധ മേഖലകളിലേക്ക് വികസിപ്പിച്ചു. മനുഷ്യാവകാശ സംഘടനകള്‍ ഒന്നൊന്നായി പൊന്തിവന്നു. പ്രതീക്ഷകള്‍ എല്ലായിടത്തുനിന്നും ഉയര്‍ന്നു. പക്ഷേ, പ്രതീക്ഷകള്‍ക്കൊപ്പം പിടിച്ചെത്തിയില്ല അനുഭവങ്ങള്‍.

Weekly
ആഴ്ചപ്പതിപ്പ് വാങ്ങാം

ഹിറ്റ്‌ലറും മുസ്സോളിനിയും ടോജോവും മാത്രമേ പോയുള്ളൂ. സ്റ്റാലിന്‍ തുടര്‍ന്നു. കൂടുതല്‍പേര്‍ വന്നു, മാവോ, പോള്‍ പോട്ട്... യുദ്ധങ്ങള്‍ തുടര്‍ന്നു. വന്‍ശക്തികള്‍ക്ക് മാത്രമേ അത് 'ശീത'മായിരുന്നുള്ളൂ. പടക്കളങ്ങളായ രാജ്യങ്ങളില്‍ അത് 'ഹോട്ട്' തന്നെയായിരുന്നു. കൂടുതല്‍ പൈശാചികവും. കൊറിയ, വിയറ്റ്‌നാം... ആയുധമത്സരം കൂടുതല്‍ തീക്ഷ്ണമായി, വൈചിത്ര്യമാര്‍ന്നതും- ബയോളജിക്കല്‍, കെമിക്കല്‍, കാലാവസ്ഥ ആയുധം, ഭക്ഷണ ആയുധം.... ആണവായുധ നിരോധനം എങ്ങും എത്തിയില്ല. കൂടുതല്‍പേര്‍ പങ്കാളികളായി, ഏറ്റവും മുന്‍പിലെ പ്രചാരകനായിരുന്ന ഇന്ത്യപോലും. സോവിയറ്റ് യൂണിയന്റെ വേര്‍പിരിയലായിരുന്നു സാമ്രാജ്യത്വത്തിനുണ്ടായ ഒരു തിരിച്ചടി. പക്ഷേ, സ്വതന്ത്രമായ ഒരു രാജ്യത്തും ജനാധിപത്യം നിലവില്‍ വന്നില്ല, റഷ്യയിലടക്കം.

പുതിയലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എഴുതിയ ലേഖനത്തില്‍ നിന്നും

ലേഖനത്തിന്റെ പൂര്‍ണരൂപം വായിക്കാം

Content Highlights: Anand, Mathrubhumi weekly