കോഴിക്കോട്-വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ആനക്കാംപൊയില്‍-മേപ്പാടി തുരങ്കപാതയുടെ ഉദ്ഘാടനം 2020 ഒക്ടോബര്‍ അഞ്ചിന് കേരളമുഖ്യമന്ത്രി നിര്‍വഹിക്കുകയുണ്ടായി. കോഴിക്കോടുനിന്ന് വയനാട്ടിലേക്കുള്ള യാത്രാദൈര്‍ഘ്യം കുറയ്ക്കാനും വയനാടിനെ പുറംലോകവുമായി എളുപ്പത്തില്‍ ബന്ധിപ്പിക്കാനും ഉദ്ദേശിച്ചുകൊണ്ടുള്ളതാണ് ഈ തുരങ്കപാതയെന്നും അടുത്ത മൂന്നുവര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തീകരിക്കുമെന്നുമാണ് മുഖ്യമന്ത്രി  ഉദ്ഘാടനസമയത്ത് വ്യക്തമാക്കിയത്. 7500 അടി ഉയരമുള്ള, കോഴിക്കോട് ജില്ലയിലെ വാവുല്‍ മല, വയനാട്ടിലെ ചെമ്പ്ര പീക്ക് എന്നിവയടക്കം പാരിസ്ഥിതികപ്രാധാന്യമുള്ള നിരവധി മേഖലകളുള്‍പ്പെടുന്ന പ്രദേശങ്ങളിലൂടെയാണ് 6.8 കിലോമീറ്റര്‍ നീളം വരുന്ന തുരങ്കപാത കടന്നുപോകുന്നത്. പശ്ചിമഘട്ടസംരക്ഷണത്തിനായുള്ള പ്രത്യേക സമിതികളും അവയുടെ നിര്‍ദേശങ്ങളും ബഫര്‍സോണ്‍ പ്രഖ്യാപനങ്ങളുമൊക്കെ നിലനില്‍ക്കുന്ന അവസരത്തിലാണ് പശ്ചിമഘട്ടത്തെ തുരന്നുകടന്നുപോകുന്ന, ഇന്ത്യയിലെത്തന്നെ മൂന്നാമത്തെ വലിയ തുരങ്കപാത, വ്യക്തമായ പഠനങ്ങളൊന്നും കൂടാതെ നടപ്പിലാക്കാന്‍ പോകുന്നത്! 

പശ്ചിമഘട്ടമലനിരകളില്‍നിന്ന് ചാലിയാറിലേക്കൊഴുകിയെത്തുന്ന നിരവധി നീരുറവകളുടെയും കൈത്തോടുകളുടെയും നിലനില്‍പ്പിനെ തുരങ്കപാത പ്രതികൂലമായി ബാധിക്കുന്നതെങ്ങനെയെന്നോ തുരങ്കപാത സൃഷ്ടിക്കുന്ന പാരിസ്ഥിതികവും സാമൂഹികവുമായ പ്രത്യാഘാതങ്ങളെന്തെന്നോ വ്യക്തമാക്കാതെയാണ് പദ്ധതിയുമായി മുന്നോട്ടുപോകാന്‍ സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്നത്. ''വികസനത്തിന് തടയിടാന്‍ ആരെയും അനുവദിക്കില്ല'' എന്ന് മുഖ്യമന്ത്രി പദ്ധതി ഉദ്ഘാടനവേളയില്‍ത്തന്നെ വ്യക്തമാക്കിയിരുന്നതാണ്. അതേസമയം ഒരു ജനതയുടെ പാരിസ്ഥിതികസുസ്ഥിരതയ്ക്ക് തടയിടാന്‍, പരിസ്ഥിതിക്കുമേല്‍ ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്ന പദ്ധതികള്‍ നിശ്ചയിക്കാന്‍, അഞ്ചുകൊല്ലം മാത്രം അധികാരകാലയളവുള്ള ഒരു മന്ത്രിസഭയ്ക്ക് എന്തധികാരമാണുള്ളതെന്ന ?കാലാനുസൃതചോദ്യം ഉയര്‍ത്തപ്പെടേണ്ടത് അനിവാര്യമാണ്. കാരണം, ഉരുള്‍പൊട്ടല്‍സാധ്യതകളും 'സോയില്‍ പൈപ്പിങ്' പോലുള്ള പ്രതിഭാസങ്ങളും ശക്തമായി നിലനില്‍ക്കുന്ന ഈ മേഖലയിലെ തുരങ്കനിര്‍മാണം വ്യക്തമായ പഠനത്തിന്റെയും തുറന്ന സംവാദത്തിന്റെയും വെളിച്ചത്തിലായിരിക്കണം നടപ്പിലാക്കപ്പെടേണ്ടത്. നിര്‍ഭാഗ്യവശാല്‍ അത്തരം നടപടികളൊന്നുംതന്നെ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നില്ലെന്നത് വസ്തുതയാണ്.  

കാവേരീജലം കബനിയിലെത്തുമ്പോള്‍

വയനാട് ജില്ലയിലെ മാനന്തവാടി താലൂക്കിലെ തൊണ്ടര്‍നാട്, വെള്ളമുണ്ട, എടവക പഞ്ചായത്തുകള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് കബനീനദിയില്‍ അണകെട്ടാനുള്ള ഒരു പദ്ധതിക്ക് സംസ്ഥാന ജലവിഭവവകുപ്പ് രൂപരേഖ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. കാവേരി നദീജലതര്‍ക്കവുമായി ബന്ധപ്പെട്ട കാവേരി ജലതര്‍ക്ക ട്രിബ്യൂണല്‍ സംബന്ധിച്ച് സുപ്രീംകോടതിയുടെ വിധിയുടെ പശ്ചാത്തലത്തില്‍ കേരളത്തിനനുവദിക്കപ്പെട്ട 30 ടി.എം.സി. ജലം കബനി, ഭവാനി, പാമ്പാര്‍ എന്നീ സബ് ബേസിനുകളിലേക്ക് ഒഴുക്കിവിടുന്നത് ഉപയോഗപ്പെടുത്തിക്കൊണ്ട് കേരളത്തിന്റെ ജലപ്രശ്‌നത്തിന് ചെറിയതോതിലുള്ള പരിഹാരം കാണാമെന്നുള്ള പദ്ധതിയാണ് ജലവിഭവവകുപ്പ് ആസൂത്രണംചെയ്തിരിക്കുന്നത്. ഇതനുസരിച്ച്, കബനിയിലേക്ക് ഒഴുക്കിവിടുന്ന 21 ടി.എം.സി. ജലത്തില്‍നിന്ന് 0.3 ടി.എം.സി. ജലം സംഭരിച്ച് താലൂക്കിലെ നെല്ല്, വാഴ, കാപ്പി തുടങ്ങിയ കാര്‍ഷികവിളകള്‍ക്ക് ഉപയോഗപ്പെടുത്താമെന്ന് ആസൂത്രകര്‍ കണക്കുകൂട്ടുന്നു.

weekly
ആഴ്ചപ്പതിപ്പ് വാങ്ങാം

തൊണ്ടര്‍നാട് പഞ്ചായത്തിലുള്‍പ്പെടുന്ന ആയിലമൂലയില്‍ 11.5 മീറ്റര്‍ ഉയരത്തിലും 205 മീറ്റര്‍ നീളത്തിലും അണക്കെട്ട് നിര്‍മിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട് കേരള ജലവിഭവവകുപ്പ് തയ്യാറാക്കിയിരിക്കുന്ന പ്രാഥമിക സാധ്യതാപഠന റിപ്പോര്‍ട്ടിലെ സൂചനകളനുസരിച്ച്, 148.35 ഹെക്ടര്‍ ഭൂമി പദ്ധതിയുടെ ഭാഗമായി വെള്ളത്തിനടിയിലാകും. പദ്ധതി വിഭാവനംചെയ്യുന്നതനുസരിച്ച് 1411 ഹെക്ടര്‍ കൃഷിഭൂമിക്കാവശ്യമായ ജലസേചനസൗകര്യമൊരുക്കാന്‍ ഈ പദ്ധതി ഉപകാരപ്പെടുമെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്.

പുതിയലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ നിന്നും

ലേഖനത്തിന്റെ പൂര്‍ണരൂപം വായിക്കാം

Content Highlights: Anakkampoyil-Kalladi-Meppadi corridor project